ഒരാളുടെ ഡയറ്റിൽ ആൻ്റിഇൻഫ്ലമേറ്ററി ഗുണമുള്ള ഭക്ഷണം ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷികമാണ്. അല്ലാത്തപക്ഷം പ്രമേഹം പോലുള്ള രോഗങ്ങൾക്ക് സാധ്യതകൾ ഏറെയാണ്. ആൻ്റിഇൻഫ്ലമേറ്ററി ഗുണമുള്ള ഭക്ഷണങ്ങളിൽ പ്രധാനമാണ് കൂൺ. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും കൂണുകൾ സഹായിക്കും. അന്നജം ഇല്ലാത്ത, ധാരാളം ഫൈബർ അടങ്ങിയ പച്ചക്കറിയെന്ന പ്രത്യേകതയും കൂണിനുണ്ട്. ശരീരഭാരം നിയന്ത്രിക്കാനും കൂൺ പോലുള്ള അന്നജമില്ലാത്ത പച്ചക്കറികൾ നല്ലതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. കുറഞ്ഞ കലോറിയും കൂടുതൽ ജലാംശവും നാരുകളും അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവയും ഇവയിൽ അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ കൂടുതൽ കൂൺ ഉൾപ്പെടുത്തുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിൻ്റെ അളവ് കുറക്കും. ഇങ്ങനെ ധാരാളം പോഷകങ്ങൾ അടങ്ങുന്ന കൂൺ അടുക്കളയിലെ താരമാകേണ്ടുന്ന ഒന്നാണ്. വ്യത്യസ്ത രുചികളിൽ വളരെ എളുപ്പത്തിൽ കൂൺ വിഭവങ്ങൾ തയ്യാറാക്കാൻ സാധിക്കും. കൂണും കുരുമുളകും ഉപയോഗിച്ചുള്ള ഒരു ഫ്രൈ റെസിപിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ചേരുവകൾകൂൺ - 200 ഗ്രാം
എണ്ണ - ആവശ്യത്തിന്
ഗ്രാമ്പൂ - 3 എണ്ണം
കറുവാപ്പട്ട - ഒരു കഷ്ണം
കറുവയില - ഒരെണ്ണം
വെളുത്തുള്ളി
സവാള
പച്ചമുളക് - 2 എണ്ണം
ജീരകം - കുറച്ച്
പെരുംജീരകം - ഒരു നുള്ള്
കുരുമുളക് - 5 - 6 എണ്ണം
മഞ്ഞൾ - കാൽ ടീസ്പൂൺ
ഉപ്പ് - അൽപ്പം
മല്ലിയില - അൽപ്പം
തയ്യാറാക്കുന്ന വിധം
അടികട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ച് മൂന്നു ഗ്രാമ്പൂ, ഒരു കറുവയില, കറുവാപ്പട്ട, വെളുത്തുള്ളി നുറുക്കിയത് എന്നിവ വറുക്കുക.
ഇതിലേക്ക് സവാള അരിഞ്ഞതും, രണ്ട് പച്ചമുളക്, കുറച്ച് കറിവേപ്പില, കൂൺ നടുവെ മുറിച്ചത് എന്നിവ ചേർത്തിളക്കുക.
അൽപ്പം മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കുക.
മറ്റൊരു പാൻ അടുപ്പിൽ വെച്ച് കുറച്ച് കുരുമുളകും, ചെറിയജീരകവും, പെരും ജീരകവും വറുത്ത് പൊടിക്കുക.
ഈ മസാലപ്പൊടി കൂണിലേക്ക് ചേർത്തിളക്കി അടുപ്പണക്കാം.
കൂൺ കുരുമുളക് ഫ്രൈ തയ്യാർ. ആവശ്യമെങ്കിൽ അൽപ്പം മല്ലിയില കൂടി ചേർക്കാം.
https://t.me/+jP-zSuZYWDYzN2I0