Saturday, March 31, 2012

നിങ്ങളറിയാതെ നിങ്ങളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നു

നമ്മളറിയാതെ നമ്മുടെ സ്മാര്‍ട്ട്‌ഫോണിലെ വിവരങ്ങള്‍ മുഴുവന്‍ പിന്തുടരപ്പെടുകയും ചോര്‍ത്തപെടുകയും ചെയ്യുന്ന കാര്യം ചിന്തിച്ചു നോക്കൂ. ട്രവര്‍ ഇക്ഹാര്‍ട്ട് എന്ന അമേരിക്കന്‍ ആന്‍ഡ്രോയിഡ് ആപ്പ് ഡെവലപ്പര്‍ പുറത്തുവിട്ട വിവരം ശരിയാണെങ്കില്‍, സ്മാര്‍ട്ട്‌ഫോണ്‍ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പിന് ഇരയായിരിക്കുകയാണ് ലക്ഷക്കണക്കിന് ആന്‍ഡ്രോയിഡ്, ഐഫോണ്‍, നോക്കിയ, ബ്ലാക്ക്ബറി ഉപയോക്താക്കള്‍.

കാരിയര്‍ ഐക്യു (Carrier IQ) എന്ന കമ്പനി നിര്‍മിച്ചിട്ടുള്ള ഒരു രഹസ്യ ആപ്ലിക്കേഷനാണത്രേ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്തക്കളുടെ ഓരോ നീക്കവും മനസിലാക്കി അത് രഹസ്യമായി കൈമാറുന്നത്. ടെക്‌സ്റ്റ് മെസേജുകള്‍, പാസ്‌വേഡുകള്‍, സെര്‍ച്ച് വിവരങ്ങള്‍ ഒക്കെ ഇത്തരത്തില്‍ ചോര്‍ത്തപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഫോണിലെ ആപ്ലിക്കേഷനുകള്‍ക്കും യൂസര്‍ക്കുമിടയിലാണ് കാരിയര്‍ ഐക്യുവിന്റെ സോഫ്ട്‌വേര്‍ പ്രവര്‍ത്തിക്കുന്നത്. ആപ്ലിക്കേഷനുകള്‍ എത്ര സുരക്ഷിതമാണെങ്കിലും, നിങ്ങള്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തനും ട്രാക്ക് ചെയ്യാന്‍ ആ രഹസ്യ സോഫ്ട്‌വേറിനാകുമെന്നാണ് ഇക്ഹാര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്.

കാരിയര്‍ ഐക്യുവിന്റെ സോഫ്ട്‌വേര്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുന്ന ഒരു യൂട്യൂബ് വീഡിയോ ഇക്ഹാര്‍ട്ട് പോസ്റ്റു ചെയ്തതോടെയാണ് ഇത് വലിയ വിവാദമായത്. എന്നാല്‍, മൊബൈല്‍ ഫോണുകളില്‍ ചാരപ്രവര്‍ത്തനം നടത്തുന്നതായുള്ള ആരോപണം കാരിയര്‍ ഐക്യു നിഷേധിച്ചു. ഇക്ഹാര്‍ട്ടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കമ്പനി ആദ്യം ഭീഷണി മുഴക്കിയെങ്കിലും പിന്നീട് പിന്‍മാറി.

ഒരാള്‍ എവിടെയെല്ലാം സന്ദര്‍ശിക്കുന്നു, ഫോണില്‍ യൂസറിന്റെ വിലല്‍സ്പര്‍ശം ഏല്‍ക്കുന്നത് എവിടെയെല്ലാം,.... തുടങ്ങിയ സംഗതികളെല്ലാം കാരിയര്‍ ഐക്യുവിന്റെ ട്രാക്കിങിന് വിധേയമാകുന്നതെങ്ങനെയെന്ന് യുട്യൂബ് വീഡിയോ വ്യക്തമായി കാട്ടിത്തരുന്നു.

ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രമാണ് കാരിയര്‍ ഐക്യുവിന്റെ രഹസ്യ ആപ്പ് പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു പ്രാരംഭ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ആപ്പിളിന്റെ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിലും (ഐഒഎസ്) ഈ ചാരസോഫ്ട്‌വേറുണ്ടെന്ന് പിന്നീട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഐഒഎസ് 3 മുതല്‍ എല്ലാ ഐഫോണ്‍ ഒഎസ് വേര്‍ഷനുകളിലും ഈ സോഫ്ട്‌വേര്‍ ഉണ്ടത്രേ. ഏറ്റവും ഒടുവിലത്തെ വേര്‍ഷനായ ഐഒഎസ് 5 ലും ഈ സോഫ്ട്‌വേര്‍ ഉണ്ട്. നോക്കിയ ഫോണുകളിലും ബ്ലാക്ക്ബറി ഫോണുകളിലും ഈ സോഫ്ട്‌വേറുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു

No comments:

Post a Comment