Thursday, January 30, 2025

ഷവർമ

 

നല്ല ചൂടൻ ഷവർമ കഴിക്കാൻ കൊതി തോന്നുന്നുണ്ടോ?  ഇത്തരം ഭക്ഷണങ്ങൾ വീട്ടിൽ തന്നെ രുചികരവും ഹെൽത്തിയുമായി തയ്യാറാക്കാവുന്നതേയുള്ളൂ. എല്ലില്ലാത്ത ചിക്കൻ കഷ്ണങ്ങളും വളരെ കുറച്ചു പച്ചക്കറികളും ഉണ്ടെങ്കിൽ വീട്ടിൽ തന്നെ തയ്യാറാക്കാം. അതിന് ആവശ്യമായ ചേരുവകൾ പരിചയപ്പെടാം.

ചേരുവകൾ

ചിക്കൻ- 20 ഗ്രാം

കുരുമുളക് പൊടി- ആവശ്യത്തിന്

മഞ്ഞൾപ്പൊടി- 1/4  ടീസ്പൂൺ

മുളകുപൊടി- 1/2 ടീസ്പൂൺ

ഉപ്പ്- 1/2 ടീസ്പൂൺ

സവാള- 1 എണ്ണം

കാബോജ്- 1/2 കപ്പ്

തക്കാളി- 1/2 കപ്പ്

കാരറ്റ്- 1/2 കപ്പ്

മയോണൈസ്- 3 ടേബിൾസ്പൂൺ

കുബൂസ്- 2 എണ്ണം

ടൊമാറ്റോ കെച്ചപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

എല്ലില്ലാത്ത ചിക്കൻ​ കഷ്ണങ്ങൾ കഴുകി വൃത്തിയാക്കിയെടുക്കാം.

അത് ചെറുതായി അരിയാം.

ഒരു പാൻ അടുപ്പിൽ വച്ച് രണ്ട് ടേബിൾസ്പൂൺ ഒലിവ് എണ്ണ അല്ലങ്കിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം. ഇതിലേക്ക് ചിക്കൻ ചേർക്കാം.

ചിക്കൻ വെന്തു വരുമ്പോൾ ഒരു ടീസ്പൂൺ കുരുമുളകുപൊടിയും, അര ടീസ്പൂൺ ഉപ്പും, അര ടീസ്പൂൺ​ മുളകുപൊടിയും ചേർത്തിളക്കി യോജിപ്പിക്കാം.

വെള്ളം വറ്റി ചിക്കൻ നന്നായി വെന്തു എന്ന് ഉറപ്പായി കഴിഞ്ഞാൽ അടുപ്പണക്കാം.

ഒരു ബൗളിൽ തക്കാളി, കാബോജ്, സവാള, വെള്ളരി എന്നിവ ചെറുതായി അരിഞ്ഞെടുക്കാം.

അതിലേക്ക് വെന്ത ചിക്കനും ചേർത്തിളക്കാം.

ഇനി ഒരു ചപ്പാത്തി അല്ലെങ്കിൽ കുബ്ബൂസ് എടുത്ത് മുകളിൽ മയോണൈസ് പുരട്ടാം. അതിനുള്ളിലേക്ക് ചിക്കൻ വച്ച് മടക്കാം.

പാൻ ചൂടാക്കി അൽപം ഒലിവ് എണ്ണ ചേർത്ത് റോൾ അതിനു മുകളിൽ വച്ച് ചെറുതായി വേവിക്കാം.

ശേഷം ടൊമാറ്റോ കെച്ചപ്പിനൊപ്പം കഴിക്കാം.

മുട്ടയില്ലാതെ മയോണൈസ്

ഷവർമ, കുഴിമന്തി പോലെയുള്ള ഭക്ഷണങ്ങളാണ് ഭക്ഷ്യ വിഷബാധയെ കുറിച്ചുള്ള വാർത്തകളിൽ ഇടംപിടിക്കാറുള്ളത്. അതിനൊപ്പം കഴിക്കുന്ന മയോണൈസാണ് ഇതിനും കാരണം. പച്ച മുട്ട ചേർത്താണ് സാധാരണ മയോണൈസ് തയ്യാറാക്കാറുള്ളത്. എന്നാൽ ഇത് അധിക സമയം സൂക്ഷിക്കാൻ പാടില്ല. തയ്യാറാക്കി ഉടൻ തന്നെ കഴിക്കേണ്ടതാണ്. എന്നാൽ മുട്ടയില്ലാതെയും മയോണൈസ് ഈസിയായി തയ്യാറാക്കിയാലോ?

ചേരുവകൾ

എണ്ണ- 1 കപ്പ്

തണുത്ത പാൽ- 1/4 കപ്പ്

വിനാഗിരി അല്ലെങ്കിൽ നാരങ്ങ നീര്- 1 1/2 ടീസ്പൂൺ

കടുക് പൊടി- 1/2 ടീസ്പൂൺ

ഉപ്പ്- ആവശ്യത്തിന്

പഞ്ചസാര- 2 ടീസ്പൂൺ പൊടിച്ചത്

തയ്യാറാക്കുന്ന വിധം

കാൽ കപ്പ് തണുത്ത പാലിലേക്ക് ഒരു കപ്പ് എണ്ണ, ഒന്നര ടീസ്പൂൺ വിനാഗിരി, അര ടീസ്പൂൺ കടുക്പൊടി, രണ്ട് ടീസ്പൂൺ പഞ്ചസാര പൊടിച്ചത്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ബ്ലെൻഡ് ചെയ്യാം.

ക്രീമിയായി വരുന്നതു വരെ അത് തുടരുക. ശേഷം വൃത്തിയുള്ള ഒരു പാത്രത്തിലേക്കു മാറ്റാം.

https://t.me/+jP-zSuZYWDYzN2I0

Tuesday, January 14, 2025

ഓട്ട്സ് പുട്ട്

രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് ഹെൽത്തിയാകണം എന്ന് ആഗ്രഹിക്കാത്തവർ ആരാണുള്ളത്?. ഒരു ദിവസത്തേക്കു വേണ്ട ഊർജ്ജം  നിങ്ങൾക്ക് ലഭിക്കുന്നത് അതിൽ നിന്നാണ്. അതിന് സ്പെഷ്യലായി എന്ത് തയ്യാറാക്കും എന്ന് ആലോചിച്ച് സമയം കളയേണ്ട, പുട്ട് തന്നെ ട്രൈ ചെയ്തോളൂ. അതിന് അരിപ്പൊടി, റവ, ഗോതമ്പ് ഇതൊന്നും ആവശ്യമില്ല. മതിവരുവോളം കഴിക്കാൻ രുചികരവും അത്രതന്നെ ഹെൽത്തിയുമായ പുട്ട് തയ്യാറാക്കാൻ ഓട്സ് ഉപയോഗിച്ചു നോക്കൂ.

ചേരുവകൾ

ഓട്സ്- 2 കപ്പ്
                          
വെള്ളം- ആവശ്യത്തിന്
                          
ഉപ്പ്- ആവശ്യത്തിന്
                              
തേങ്ങ ചിരകിയത്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് എണ്ണയോ വെള്ളമോ ചേർക്കാതെ ഓട്സ് വറുക്കാം.

അത് ചൂടാറിയതിനു ശേഷം നന്നായി പൊടിച്ചെടുക്കാം.

ആവശ്യത്തിന് വെള്ളമെടുത്ത് ഉപ്പ് ചേർക്കാം.

പൊടിച്ച ഓട്സിലേക്ക് ആ വെള്ളം അൽപം വീതം ചേർത്തു നനച്ചെടുക്കാം.

പുട്ടുകുടത്തിൽ വെള്ളമെടുത്ത് അടുപ്പിൽ വച്ച് ചൂടാക്കാം.

ഓട്സ് പൊടിയിൽ നിന്നും ആവശ്യത്തിന് എടുത്ത് പുട്ടുകുറ്റി നിറക്കാം.

മുകളിലായി തേങ്ങ ചിരകിയതും ചേർക്കാം.

ഇത് ആവിയിൽ വേവിച്ച് കഴിച്ചു നോക്കൂ.

കടലക്കറിക്കൊപ്പവും കഴിക്കാവുന്നതാണ്.
https://t.me/+jP-zSuZYWDYzN2I0

Thursday, January 9, 2025

താറാവ് മപ്പാസ്

നല്ല താറാവ് മപ്പാസ്  കറി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം

ചേരുവകൾ

താറാവിറച്ചി -400 ഗ്രാം

വലിയ ഉള്ളി -ആറെണ്ണം

നാളികേരം -രണ്ടെണ്ണം

പച്ചമുളക് -രണ്ടെണ്ണം

കറിവേപ്പില -ഒരു തണ്ട്

മഞ്ഞള്‍പൊടി -അര ടീസ്പൂൺ

മല്ലിപ്പൊടി -രണ്ട് ടേസ്പൂൺ

കുരുമുളകുപൊടി -ഒരു ടീസ്പൂൺ

ഇഞ്ചി -ചെറിയ കഷണം

വെളിച്ചെണ്ണ - ആറ് ടേസ്പൂൺ

ഉപ്പ് -പാകത്തിന്

തയാറാക്കുന്ന വിധം

പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് അരിഞ്ഞ ഉള്ളിയും മുളകുപൊടിയും മഞ്ഞള്‍പൊടിയും മല്ലിപ്പൊടിയും കുരുമുളകു പൊടിയും നീളത്തിലരിഞ്ഞ പച്ചമുളകും കറിവേപ്പിലയും ചേര്‍ത്തിളക്കുക.

നല്ല പോലെ കഴുകി വൃത്തിയാക്കിയ താറാവിറച്ചി അതിലേക്കു ചേര്‍ത്ത് അഞ്ച് മിനിറ്റ് നേരം വഴറ്റുക.

ഉപ്പും നാളികേരത്തിന്‍റെ മൂന്നാം പാലും ചേര്‍ത്ത് തിളക്കുന്നതു വരെ ചൂടാക്കുക.

താറാവിറച്ചി വെന്തുവെന്ന് കണ്ടാല്‍ നാളികേരത്തിന്‍റെ രണ്ടാം പാല്‍ ചേര്‍ത്ത് അഞ്ച് മിനിറ്റ് നേരം കൂടി ചെറുതീയില്‍ പാകംചെയ്യുക.

തുടര്‍ന്ന് ഒന്നാംപാല്‍ ചേര്‍ത്തിളക്കി അടുപ്പില്‍ നിന്ന് മാറ്റിവെക്കാം.

അപ്പം, പുട്ട്, ചപ്പാത്തി എന്നിവയോടൊപ്പം താറാവ് മപ്പാസ് കേമമാണ്.
https://t.me/+jP-zSuZYWDYzN2I0

Sunday, January 5, 2025

മട്ടൻ സ്റ്റൂ

 

മട്ടൺ ഉപയോഗിച്ച് ഇന്ന് നമുക്ക് സ്റ്റ്യൂ തയ്യാർ ആക്കിയാലോ ?. പരിചിതമായ ചേരുവകൾ തന്നെയാണിതിനും ഉപയോഗിക്കുന്നത് മട്ടൺ വേവ് കുറവായതിനാൽ തയ്യാറാക്കാൻ അധികം സമയം വേണ്ടി വരില്ല. തേങ്ങാപ്പാൽ ചേർക്കുന്നത് സ്റ്റ്യൂവിൻ്റെ രുചി വർധിപ്പിക്കും. തേങ്ങാപ്പാൽ പിഴിഞ്ഞെടുക്കാൻ സമയമില്ലെങ്കിൽ പായ്ക്കറ്റിൽ ലഭിക്കുന്ന തേങ്ങാപ്പാൽപ്പൊടി ചെറുചൂടു വെള്ളത്തിൽ കലർത്തി ഉപയോഗിച്ചാലും മതിയാകും.

ചേരുവകൾ

_മട്ടൺ - 600 ഗ്രാം

_സവാള - 2 എണ്ണം

_പച്ചമുളക് - 5-6 എണ്ണം

_കറിവേപ്പില- ആവശ്യത്തിന്

_ഉപ്പ്- ആവശ്യത്തിന്

_ഇഞ്ചി- ആവശ്യത്തിന്

_വെളുത്തുള്ളി - 3 എണ്ണം

_കുരുമുളകുപൊടി- ആവശ്യത്തിന്

_തേങ്ങാപ്പാൽ- ആവശ്യത്തിന്

_ഉരുളക്കിഴങ്ങ്- ആവശ്യത്തിന്

_കാരറ്റ്- ആവശ്യത്തിന്

_ഗരംമസാല- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം.

അതിലേക്ക് അഞ്ച് ഏലക്ക, 15 ഗ്രാമ്പൂ, രണ്ട് കറുവാപ്പട്ട, രണ്ട് തക്കോലം, ഒരു ടീസ്പൂൺ പെരുംജീരകം എന്നിവ ചേർത്തു വറുത്ത് പൊടിച്ച് ഗരംമസാല തയ്യാറാക്കാം.

600 ഗ്രാം മട്ടൺ ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കാം.
അതിലേക്ക് രണ്ട് സവാള ചെറുതായി അരിഞ്ഞതു ചേർക്കാം.

അഞ്ചോ ആറോ പച്ചമുളക് ചെറുതായി അരിഞ്ഞത്, ഒരു പിടി കറിവേപ്പില, ആവശ്യത്തിന് ഉപ്പ്, കുരുമുളകുപൊടി, ഗരംമസാല എന്നിവ ചേർത്തിളക്കാം.

15 മിനിറ്റിനു ശേഷം അതിലേക്ക് വെള്ളം ഒഴിച്ച് അടച്ചു വച്ച് വേവിക്കാം.

ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.

അതിലേക്ക് ഉരുളക്കിഴങ്ങ്, കാരറ്റ് എന്നിവ ചേർത്ത് വഴറ്റാം. അതിലേക്കു സവാള ചേർക്കാം.

അവ വെന്തു വരുമ്പോൾ പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞതും ചേർത്തിളക്കി  വഴറ്റാം.
ഇതിലേക്ക് വേവിച്ച മട്ടൺ ചേർത്തിളക്കി യോജിപ്പിക്കാം.

തേങ്ങയുടെ രണ്ടാം പാൽ ഒഴിച്ച് തിളപ്പിക്കാം.

കറി കുറുകി വരുമ്പോൾ തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് തിളപ്പിക്കാം.

ശേഷം അടുപ്പണച്ച് ആവശ്യാനുസരണം വിളമ്പാം.
https://t.me/+jP-zSuZYWDYzN2I0