Sunday, November 5, 2023

ചിക്കന്‍ ബ്രോത്ത്

ചിക്കന്‍  ബ്രോത്ത്

ഓരോ കാലാവസ്ഥക്കും അനുസരിച്ചായിരിക്കണം സത്യത്തില്‍ നമ്മുടെ ഭക്ഷണവും ചിട്ടപ്പെടുത്തേണ്ടത്. ഇത്തരത്തില്‍ മഞ്ഞുകാലത്തിന് ഏറ്റവുമധികം യോജിക്കുന്നൊരു വിഭവമാണ് ബ്രോത്ത്.

ഇവിടെയിപ്പോള്‍ നല്ല കിടിലനൊരു ചിക്കന്‍ ബ്രോത്തിന്‍റെ റെസിപിയാണ് പങ്കുവയ്ക്കുന്നത്.

ബ്രോത്തിനെ കുറിച്ച്‌ നിങ്ങളില്‍ മിക്കവരും നേരത്തെ തന്നെ കേട്ടിരിക്കും. രുചിയെക്കാളുപരി ഇതിന്‍റെ ആരോഗ്യഗുണങ്ങളെ കുറിച്ച്‌ തന്നെയായിരിക്കും അധികപേരും കേട്ടിരിക്കുക. ചിക്കന്‍ ബ്രോത്ത് ആണെങ്കില്‍ എല്ലുകളുടെയും പേശികളുടെയും ബലത്തിനും, ചര്‍മ്മാരോഗ്യം മെച്ചപ്പെടുത്തുന്നതിനും രക്തകോശങ്ങള്‍ക്കുമെല്ലാം ഒരുപോലെ ഗുണകരമാണ്.

ചിക്കന്‍ മാംസവും എല്ലുകളും സഹിതം മറ്റ് പച്ചക്കറികളും സ്പൈസുകളുമെല്ലാം കൂട്ടി വേവിച്ചെടുക്കുന്നതിന്‍റെ വെള്ളമാണ് ലളിതമായി പറയുകയാണെങ്കില്‍ ബ്രോത്ത്. ചിക്കന്‍ സ്റ്റോക്കില്‍ നിന്ന് നേരിയ വ്യത്യാസമേ ബ്രോത്തിനുള്ളൂ. പക്ഷേ പലരും ചിക്കന്‍ സ്റ്റോക്കും ബ്രോത്തും ഒന്നാണെന്നാണ് ധരിച്ചിരിക്കുന്നത്. സ്റ്റോക്ക് ആകുമ്പോള്‍ അത് എല്ലാണ് തിളപ്പിക്കുന്നത്. ബ്രോത്ത് നേരത്തേ സൂചിപ്പിച്ചത് പോലെ എല്ലാം കൂടി ചേര്‍ത്ത് വേവിക്കുന്നതിന്‍റെ വെള്ളമാണ്. ഇതിന് കുറെക്കൂടി രുചി കൂടുതലായിരിക്കുകയും ചെയ്യും.

ചിക്കന്‍ ബ്രോത്ത് തയ്യാറാക്കാന്‍

ചിക്കന്‍ ബ്രോത്ത് തയ്യാറാക്കാന്‍ വളരെ എളുപ്പമാണ്. ഇതിന് അല്‍പം ചിക്കന്‍ കഷ്ണങ്ങള്‍ (എല്ലോട് കൂടിയത്), ക്യാരറ്റ്, ഉള്ളി, സ്പൈസുകള്‍ (ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം), ഇലകള്‍ (ബേ ലീഫ്, റോസ്മേരി, ഡ്രൈഡ് തൈം, പെപ്പര്‍കോണ്‍) എന്നിവ മാത്രം മതി.

ഒരു സൂപ്പ് കെറ്റിലില്‍ എല്ലാ ചേരുവകളും ചേര്‍ത്ത് വെള്ളവും ഒഴിച്ച്‌ പതിയെ തിളപ്പിച്ചെടുക്കാം. തിളച്ചുകഴിയുമ്പോള്‍ തീ ചെറുതാക്കി വയ്ക്കാം. ഇതുപോലെ 1-2 മണിക്കൂര്‍ ഇങ്ങനെ തന്നെ വയ്ക്കണം. മൂടിവക്കേണ്ടതില്ല. പത വരികയാണെങ്കില്‍ ഇത് കോരി മാറ്റാവുന്നതുമാണ്. ഇത്രയും സമയത്തിന് ശേഷം ഇത് വാങ്ങി വയ്ക്കാം.

തണുത്ത ശേഷം ചിക്കന്‍റെ മാംസം എല്ലില്‍ നിന്ന് മാറ്റി ഇത് മറ്റെന്തെങ്കിലും ഉപയോഗത്തിനായി മാറ്റിവക്കാം. എല്ലുകള്‍ കളയുകയോ മറ്റുപയോഗങ്ങള്‍ക്ക് എടുക്കുകയോ ചെയ്യാം. ഇനി ഉള്ളി ക്യാരറ്റ് പോലുള്ള പച്ചക്കറികളോ സ്പൈസുകളോ ഇലകളോ ഇങ്ങനെ ബാക്കി കിടക്കുന്ന ചേരുവകളെല്ലാം ഇതില്‍ നിന്ന് മാറ്റുക.

ഇനി ബ്രോത്ത് 4-5 മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കാം. അല്ലെങ്കിൽ രാത്രി മുഴുവനായി വയ്ക്കാം. ഇതിന് ശേഷം മുകളില്‍ വരുന്ന കൊഴുപ്പ് ഒരു സ്പൂണുപയോഗിച്ച്‌ മാറ്റി ബ്രോത്ത് ഉപയോഗിക്കാവുന്നതാണ്. ഫ്രിഡ്ജില്‍ സൂക്ഷിച്ചാലും അഞ്ച് ദിവസത്തില്‍ കൂടുതല്‍ ഇത് വയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ ചൂടാക്കി വീണ്ടും ഫ്രിഡ്ജില്‍ വയ്ക്കാതിരിക്കാനും ശ്രദ്ധിക്കുക.

     ആരോഗ്യഗുണങ്ങള്‍.

ചിക്കന്‍ ബ്രോത്തിന് പല ആരോഗ്യഗുണങ്ങളുമുണ്ട്. ഇത് നേരത്തേ സൂചിപ്പിച്ചുവല്ലോ. ദഹനം എളുപ്പത്തിലാക്കുന്നതിന്- പ്രത്യേകിച്ച്‌ ദഹനപ്രശ്നങ്ങള്‍ പതിവായവരില്‍, പല രോഗങ്ങളെയും ചെറുക്കുന്നതിന്, സന്ധികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്, വണ്ണം കുറയ്ക്കാന്‍, ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് എല്ലാം സഹായകമാണ്  ബ്രോത്ത്.
https://t.me/+jP-zSuZYWDYzN2I0

Saturday, November 4, 2023

പുതിന ചിക്കന്‍ കറി

പുതിന ചിക്കന്‍ കറി

ചിക്കന്‍ കറി വ്യത്യസ്തമായ രുചികളില്‍ തയ്യാറാക്കാവുന്നതാണ്.  മസാലക്കൂട്ടുകളില്‍ മണം വിതറുന്ന ചിക്കന്‍ കറിയാണ് എല്ലാവര്‍ക്കും ഓര്‍മ്മ വരിക പെട്ടെന്ന്.

എന്നാല്‍ സാധാരണ ചിക്കന്‍ കറികളില്‍ നിന്നും അല്‍പം വ്യത്യസ്തമായി പുതിനയില ചിക്കന്‍ കറി നിങ്ങള്‍ക്ക് പരീക്ഷിച്ച് നോക്കാം. ഇതൊന്നു തയ്യാറാക്കി നോക്കൂ. അധികം എരിവ് ഇല്ലാത്തതിനാൽ കുട്ടികള്‍ക്കും ഇത് പ്രിയപ്പെട്ട ഒരു വിഭവം ആകും

  ആവശ്യമുള്ള സാധനങ്ങള്‍

ചിക്കന്‍ -1 കിലോ

സവോള - വലുത് ഒന്ന്.

തക്കാളി - ഒന്ന് വലുത്

പച്ചമുളക് - 4

കറിവേപ്പില - ഒരു തണ്ട്

പുതീന - അര കപ്പ്

മല്ലിയില അരിഞ്ഞത് - അരകപ്പ്

ഇഞ്ചി ചെറുത് -  ഒരെണ്ണം

വെളുത്തുള്ളി - രണ്ട് അല്ലി

ചിക്കന്‍ മസാലപ്പൊടി - രണ്ട് ടേബിള്‍ സ്പൂണ്‍

ഗരം മസാല - 1 ടീസ്പൂണ്‍

തൈര് - അര കപ്പ്

നാരങ്ങ നീര് -1 ടേബിള്‍ സ്പൂണ്‍

എണ്ണ - രണ്ട് ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പ്പൊടി -  കാല്‍ ടീസ്പൂണ്‍

ചിക്കന്‍മസാലപ്പൊടി - 1 ടേബിള്‍ സ്പൂണ്‍

കാശ്മീരി മുളക്‌പൊടി -  1 ടീസ്പൂണ്‍

കുരുമുളക് പൊടി - അര ടീസ്പൂണ്‍

മല്ലിപ്പൊടി - 1 ടേബിള്‍ സ്പൂണ്‍

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്  - 1 ടേബിള്‍ സ്പൂണ്‍

ഉപ്പ്  - ആവശ്യത്തിന്

   തയ്യാറാക്കുന്ന വിധം

ചിക്കന്‍ നല്ലതു പോലെ കഴുകി വൃത്തിയാക്കി ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് ചേര്‍ത്ത് വെള്ളത്തില്‍ 10 മിനിട്ട് മുക്കി വെക്കാം.

ശേഷം വെള്ളം കളഞ്ഞ് മാറ്റി വെക്കുക. ഇതിലേക്ക് ചിക്കനില്‍ പുരട്ടി വെക്കാന്‍ വേണ്ടി മാറ്റി വെച്ച മസാലകളെല്ലാം ചേര്‍ക്കാം.

ശേഷം പുതിന, മല്ലിയില, ഇഞ്ചി, വെളുത്തുള്ളി എന്നിവ അരച്ച് പേസ്റ്റ് രൂപത്തിലാക്കാം.

നോണ്‍സ്റ്റിക് പാന്‍ ചൂടാക്കി രണ്ട് ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിക്കാം. ഇതിലേക്ക് പച്ചമുളക്, സവാള, കറിവേപ്പില എന്നിവ ചേര്‍ത്ത് നല്ലതു പോലെ വഴറ്റാം.

പിന്നീട് അരച്ച് വെച്ച പുതീന ചേര്‍ത്ത് വഴറ്റാം. ശേഷം അരിഞ്ഞ് വെച്ച തക്കാളി ചേര്‍ത്ത് നല്ലതു പോലെ വഴറ്റാവുന്നതാണ്.

പിന്നീട് ചിക്കന്‍ മസാല ചേര്‍ക്കാം. ഇതിലേക്ക് അല്‍പം തൈരും, വെള്ളവും ഉപ്പും ചേര്‍ത്ത് ഇളക്കുക.

അല്‍പസമയത്തിനു ശേഷം ചിക്കന്‍ മസാല ചേര്‍ക്കാം. ചെറുചൂടില്‍ അടച്ച് വെച്ച് 25 മിനിട്ടോളം വേവിക്കാം. അവസാനമായി ഇതിലേക്ക് ഗരം മസാലപ്പൊടി ചേര്‍ത്ത് പാകത്തിന് വെള്ളം ചേര്‍ത്ത് ചാറ് കുറുകുന്നത് വരെ വേവിക്കാം.
https://t.me/+jP-zSuZYWDYzN2I0

Friday, November 3, 2023

പടവലങ്ങ ബജ്ജി

ചൂടുചോറിനൊപ്പം പടവലങ്ങ കൊണ്ട് ഒരു​ഗ്രൻ ബജ്ജി; കൊങ്കണി റെസിപ്പി

പടവലങ്ങ ബജ്ജി
ചായക്കൊപ്പമാണ് മിക്കവാറും ബജ്ജികളുടെ സ്ഥാനം. അതിപ്പോ ഉള്ളിവട, പച്ചക്കായ ബജ്ജി തുടങ്ങിയവയൊക്കെ അങ്ങനെ കഴിക്കാനുമാണ് രസം. എന്നാൽ കൊങ്കണി പാചകത്തിൽ ഇവയ്ക്ക് ചോറിനൊപ്പം വിളമ്പാവുന്ന ഒരു വിഭവം എന്ന സ്ഥാനവുമുണ്ട്. ഇന്നത്തെ കുറിപ്പ് ബജ്ജികൾക്ക് വേണ്ടിയാവട്ടെ.

വിശേഷ ദിവസങ്ങളിലെ സദ്യകളിൽ അച്ചാർ, ഉപ്പേരി, പച്ചടി പോലുള്ള കറികൾക്കൊപ്പം തന്നെ ഇലയിൽ അത്യന്തം പ്രാധാന്യത്തോടെ വിളമ്പുന്നവയാണ് ബജ്ജികൾ. " ബജ്ജോ " എന്ന് കൊങ്കണിയിൽ വിളിക്കും. എണ്ണയിൽ വറുത്തെടുക്കുന്ന ഏതെങ്കിലും "ബജ്ജോ" ഉണ്ടെങ്കിൽ മാത്രമേ ആ സദ്യ പൂർണമാവൂ എന്നപോലെ.

കടലമാവാണ് ഇവിടെയും താരം. എന്നാൽ ഇതിലുപയോഗിക്കുന്ന പച്ചക്കറികളാണ് ഒരുപക്ഷെ കൊങ്കണി ബജ്ജോയ്കളെ സവിശേഷമാക്കുന്നത്. പച്ചക്കായ, ക്യാപ്‌സിക്കം, കോളിഫ്ലവർ തുടങ്ങിയവയൊക്കെ ഏവരും ഏറെ ഇഷ്ടപ്പെടുന്നവയാണ്. ഇതുകൂടാതെ കടച്ചക്ക സീസൺ തുടങ്ങിയാൽ അന്ന് നിർബന്ധമായും തയ്യാറാക്കുന്ന വിഭവമാണ് കടച്ചക്ക ബജ്ജി. ബജ്ജികളിലെ രാജാവ് എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാം. കൂടാതെ കാബേജ്, വാഴക്കൂമ്പ്, കൂൺ പോലുള്ളവ കൊണ്ടും വൈവിധ്യമാർന്ന ബജ്ജികൾ ഉണ്ടാക്കാവുന്നതാണ്.

ഇത്തരത്തിൽ രുചികരമായ ഒരു ബജ്ജിയാണ് പടവലങ്ങ കൊണ്ടുണ്ടാക്കാറുള്ളത്. പടവലങ്ങ കൊണ്ട് പലതരം കറികളൊക്കെ ഉണ്ടാക്കുമെങ്കിലും ബജ്ജിയുടെ രുചി ഒന്നുവേറെതന്നെ. പടവലങ്ങ പ്രേമികൾ തീർച്ചയായും കഴിച്ച് നോക്കേണ്ട ഈ സ്പെഷ്യൽ ബജ്ജിയുടെ രുചിക്കൂട്ടിലേക്ക്

   ചേരുവകൾ

പടവലങ്ങ - 1 ചെറുത്

കടലമാവ് - 3/4 കപ്പ്‌

മുളകുപൊടി - ഒന്നര ടീസ്പൂൺ

കായപ്പൊടി - 1/2 ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്
വറുക്കാനുള്ള എണ്ണ

   തയ്യാറാക്കുന്ന വിധം

പടവലങ്ങ കഴുകി പുറംഭാഗം ചീവി വട്ടത്തിൽ അരിയുക. അധികം കനംഇല്ലാതെ എന്നാൽ തീരെ നേർത്തു പോവാതെ അരിഞ്ഞെടുക്കുക. കടലമാവ്, മുളകുപൊടി, കായപ്പൊടി, ഉപ്പ് എന്നിവ യോജിപ്പിച്ചു അതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് അത്യാവശ്യം നല്ല കട്ടിയായി മാവ് കലക്കുക. ഇനി പടവലങ്ങ വട്ടങ്ങൾ ഓരോന്നായി എടുത്തു മാവിൽ മുക്കി ചൂടായ എണ്ണയിൽ പാകമാകും വരെ വറുത്തു കോരുക. ചൂടോടെ ചോറിനൊപ്പം വിളമ്പാവുന്നതാണ്.
https://t.me/+jP-zSuZYWDYzN2I0

Thursday, November 2, 2023

ചിക്കന്‍ മുളക് ബജി

മുളകു ബജി കഴിക്കാത്തവർ വിരളമായിരിക്കും . എന്നാൽ അല്‍പം വ്യത്യസ്തമായ ഒരു ബജി  കഴിക്കാന്‍ ആഗ്രഹമുണ്ടോ? എന്നാല്‍ ഇനി മടിക്കേണ്ട, നിങ്ങള്‍ക്ക് നല്ല കിടിലന്‍ സ്വാദില്‍  ചിക്കന്‍ മുളക് ബജി തയ്യാറാക്കാം.

ചേരുവകൾ

ചിക്കന്‍ മാരിനേറ്റ് ചെയ്യാൻ

ചിക്കന്‍ എല്ലില്ലാതെ ചെറുതായി അരിഞ്ഞത്- കാല്‍ക്കപ്പ്

മുളകുപൊടി - അര ടീസ്പൂൺ

മഞ്ഞള്‍ പൊടി - കാല്‍ ടീസ്പൂണ്‍

മല്ലിപ്പൊടി - കാല്‍ ടീസ്പൂണ്‍

ഉപ്പ് - പാകത്തിന്

ചിക്കന്‍ മസാല ഉണ്ടാക്കാന്‍

എണ്ണ - പാകത്തിന്

സവാള ചെറുതായി അരിഞ്ഞത് - 1 എണ്ണം

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - ½ ടീസ്പൂണ്‍

പച്ചമുളക് - 1 എണ്ണം

ഗരം മസാല - ½ ടീസ്പൂണ്‍

ഉപ്പ് - പാകത്തിന്

    മാവ് തയ്യാറാക്കാന്‍

കടലമാവ് - മുളകുപൊടി

മുളകുപൊടി - എരിവ് അനുസരിച്ച്

ജീരകം പൊടിച്ചത് - ½ ടീസ്പൂണ്‍

മഞ്ഞള്‍ പൊടി - ഒരു നുള്ള്

ഉപ്പ് - പാകത്തിന്

വെള്ളം - ആവശ്യത്തിന്

ബജി മുളക് - 5 എണ്ണം

    തയ്യാറാക്കുന്ന വിധം

ഒരു പാന്‍ അടുപ്പില്‍ വെച്ച് അല്‍പം എണ്ണ ഒഴിച്ച് ഇതിലേക്ക് ചിക്കന്‍ നല്ലതുപോലെ ഇളക്കി ഇടുക.

ഇതിലേക്ക് പിന്നെ കുറച്ച് വെള്ളം ഒഴിച്ച് നല്ലതുപോലെ വെള്ളം വറ്റുന്ന പരുവത്തില്‍ വേവിച്ചെടുക്കുക. ഇത് നല്ലതുപോലെ തണുക്കുന്നതിനായി മാറ്റി വെക്കുക.

അതേ സമയം തന്നെ മറ്റൊരു പാന്‍ എടുത്ത് എണ്ണ ഒഴിച്ച് ഉള്ളി അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക.

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും പച്ചമുളകും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് സവാള ബ്രൗണ്‍ നിറമാവുന്നത് വരെ വഴറ്റിയെടുക്കുക.

ഇതിലേക്ക് ഗരം മസാല ചേര്‍ത്ത് നമ്മള്‍ വേവിച്ച് വെച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ക്കുക.

ഇത് രണ്ടും മിക്‌സ് ചെയ്ത് നല്ലതുപോലെ ഡ്രൈ ആക്കി എടുക്കുക. ഇത്  നല്ലതുപോലെ വേവിച്ച് മിക്‌സ് ചെയ്ത് പരുവമാക്കി മാറ്റിവെക്കുക.

▪️  ഒരു വലിയ പാത്രത്തില്‍ മാവ് തയ്യാറാക്കുന്നതിനുള്ള എല്ലാ ചേരുവകളും യോജിപ്പിക്കുക.

ഇഡ്ഡലി മാവിന്റെ കനത്തില്‍ ചെയ്‌തെടുക്കുക.

ഇതിന് ശേഷം ബജിമുളകിന്റെ നെടുകേ കീറി ഇതിന്റെ അകത്തെ എല്ലാ കുരുവും പുറത്തേക്ക് കളയുക.

അതിന് ശേഷം ഇതിന് അകത്തേക്ക് നമ്മള്‍ തയ്യാറാക്കി വെച്ചിരിക്കുന്ന ചിക്കന്‍ മസാല ചേര്‍ക്കുക.

ചേര്‍ത്ത ശേഷം ഇത് എണ്ണയില്‍ വറുത്ത് കോരുക. ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാവുന്നത് വരെ വറുത്തെടുക്കണം.

ശേഷം നല്ല ചൂടുചായക്കൊപ്പം കഴിക്കാം.
https://t.me/+jP-zSuZYWDYzN2I0