Friday, November 3, 2023

പടവലങ്ങ ബജ്ജി

ചൂടുചോറിനൊപ്പം പടവലങ്ങ കൊണ്ട് ഒരു​ഗ്രൻ ബജ്ജി; കൊങ്കണി റെസിപ്പി

പടവലങ്ങ ബജ്ജി
ചായക്കൊപ്പമാണ് മിക്കവാറും ബജ്ജികളുടെ സ്ഥാനം. അതിപ്പോ ഉള്ളിവട, പച്ചക്കായ ബജ്ജി തുടങ്ങിയവയൊക്കെ അങ്ങനെ കഴിക്കാനുമാണ് രസം. എന്നാൽ കൊങ്കണി പാചകത്തിൽ ഇവയ്ക്ക് ചോറിനൊപ്പം വിളമ്പാവുന്ന ഒരു വിഭവം എന്ന സ്ഥാനവുമുണ്ട്. ഇന്നത്തെ കുറിപ്പ് ബജ്ജികൾക്ക് വേണ്ടിയാവട്ടെ.

വിശേഷ ദിവസങ്ങളിലെ സദ്യകളിൽ അച്ചാർ, ഉപ്പേരി, പച്ചടി പോലുള്ള കറികൾക്കൊപ്പം തന്നെ ഇലയിൽ അത്യന്തം പ്രാധാന്യത്തോടെ വിളമ്പുന്നവയാണ് ബജ്ജികൾ. " ബജ്ജോ " എന്ന് കൊങ്കണിയിൽ വിളിക്കും. എണ്ണയിൽ വറുത്തെടുക്കുന്ന ഏതെങ്കിലും "ബജ്ജോ" ഉണ്ടെങ്കിൽ മാത്രമേ ആ സദ്യ പൂർണമാവൂ എന്നപോലെ.

കടലമാവാണ് ഇവിടെയും താരം. എന്നാൽ ഇതിലുപയോഗിക്കുന്ന പച്ചക്കറികളാണ് ഒരുപക്ഷെ കൊങ്കണി ബജ്ജോയ്കളെ സവിശേഷമാക്കുന്നത്. പച്ചക്കായ, ക്യാപ്‌സിക്കം, കോളിഫ്ലവർ തുടങ്ങിയവയൊക്കെ ഏവരും ഏറെ ഇഷ്ടപ്പെടുന്നവയാണ്. ഇതുകൂടാതെ കടച്ചക്ക സീസൺ തുടങ്ങിയാൽ അന്ന് നിർബന്ധമായും തയ്യാറാക്കുന്ന വിഭവമാണ് കടച്ചക്ക ബജ്ജി. ബജ്ജികളിലെ രാജാവ് എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാം. കൂടാതെ കാബേജ്, വാഴക്കൂമ്പ്, കൂൺ പോലുള്ളവ കൊണ്ടും വൈവിധ്യമാർന്ന ബജ്ജികൾ ഉണ്ടാക്കാവുന്നതാണ്.

ഇത്തരത്തിൽ രുചികരമായ ഒരു ബജ്ജിയാണ് പടവലങ്ങ കൊണ്ടുണ്ടാക്കാറുള്ളത്. പടവലങ്ങ കൊണ്ട് പലതരം കറികളൊക്കെ ഉണ്ടാക്കുമെങ്കിലും ബജ്ജിയുടെ രുചി ഒന്നുവേറെതന്നെ. പടവലങ്ങ പ്രേമികൾ തീർച്ചയായും കഴിച്ച് നോക്കേണ്ട ഈ സ്പെഷ്യൽ ബജ്ജിയുടെ രുചിക്കൂട്ടിലേക്ക്

   ചേരുവകൾ

പടവലങ്ങ - 1 ചെറുത്

കടലമാവ് - 3/4 കപ്പ്‌

മുളകുപൊടി - ഒന്നര ടീസ്പൂൺ

കായപ്പൊടി - 1/2 ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്
വറുക്കാനുള്ള എണ്ണ

   തയ്യാറാക്കുന്ന വിധം

പടവലങ്ങ കഴുകി പുറംഭാഗം ചീവി വട്ടത്തിൽ അരിയുക. അധികം കനംഇല്ലാതെ എന്നാൽ തീരെ നേർത്തു പോവാതെ അരിഞ്ഞെടുക്കുക. കടലമാവ്, മുളകുപൊടി, കായപ്പൊടി, ഉപ്പ് എന്നിവ യോജിപ്പിച്ചു അതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് അത്യാവശ്യം നല്ല കട്ടിയായി മാവ് കലക്കുക. ഇനി പടവലങ്ങ വട്ടങ്ങൾ ഓരോന്നായി എടുത്തു മാവിൽ മുക്കി ചൂടായ എണ്ണയിൽ പാകമാകും വരെ വറുത്തു കോരുക. ചൂടോടെ ചോറിനൊപ്പം വിളമ്പാവുന്നതാണ്.
https://t.me/+jP-zSuZYWDYzN2I0

No comments:

Post a Comment