Saturday, January 1, 2011

ദാമ്പത്യത്തില്‍ സംഘര്‍ഷങ്ങള്‍ എന്തുകൊണ്ട്‌

.

പെട്ടെന്നുള്ള ദേഷ്യവും ജീവിതപങ്കാളിയോടും സുഹൃത്തുക്കളോടും ഇടക്കിടെ വഴക്കിടുന്നതും ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വത്തിന്റെ ഭാഗമാണ്. ചികിത്സയിലൂടെ ഈ അവസ്ഥയില്‍നിന്ന് മോചനം നേടാം.
പെട്ടെന്ന് ദേഷ്യപ്പെടുന്ന മനുഷ്യരുണ്ട്. ചിലപ്പോള്‍ ദേഷ്യം പിടിച്ചാല്‍ കിട്ടില്ലെന്നു മാത്രമല്ല വസ്തുക്കള്‍ക്കും, മനുഷ്യര്‍ക്കു തന്നെയും ക്ഷതം വരുത്തിവെക്കുന്ന രീതിയിലായിരിക്കും അതു പ്രകടിപ്പിക്കുക. ദേഷ്യം സാര്‍വത്രികമായ മനുഷ്യവികാരമാണ്. മിക്ക അവസരങ്ങളിലും അത് മാനസിക രോഗത്തിന്റെയോ മറ്റു വൈകല്യങ്ങളുടെയോ ഭാഗമായിട്ടല്ല ഉണ്ടാകുന്നത്. എന്നാല്‍ ചിലരില്‍ അത് 'ബോര്‍ഡര്‍ലൈന്‍' വ്യക്തിത്വ വൈകല്യത്തിന്റെ ഭാഗമായി കാണപ്പെടുന്നു. നിയന്ത്രിക്കാനാകാത്തതും പെട്ടെന്നുണ്ടാകുന്നതുമായ ദേഷ്യം മാത്രമല്ല ഈ വ്യക്തിത്വ വൈകല്യത്തിന്റെ ലക്ഷണങ്ങള്‍.
1930 കളിലും 40 കളിലും സ്‌കിസോഫ്രിനിയ പോലുള്ള കഠിനമായ ചിത്തഭ്രമം (Psychosis) ഇല്ലാത്ത രോഗികള്‍ക്ക് ലഘുവായ ചിത്തഭ്രമത്തിനു (Neurosis) നല്‍കിയിരുന്ന മാനസികാപഗ്രഥന ചികിത്സ (Psychoanalysis) ഫലിക്കുന്നില്ലെന്ന് ചിലര്‍ മനസ്സിലാക്കി. കാഠിന്യമേറിയ സ്‌കിസോഫ്രിനിയക്കും വിഭ്രാന്തിപോലുള്ള ലഘു ചിത്തഭ്രമത്തിനും ഇടയിലുള്ള (Borderline) വേറൊരു തരത്തില്‍ പറഞ്ഞാല്‍ രണ്ടിന്റെയും ചില ലക്ഷണങ്ങള്‍ മാത്രമുള്ള ഒരു വ്യക്തിത്വ വൈകല്യമായി 'ബോര്‍ഡര്‍ലൈന്‍' വ്യക്തിത്വ വൈകല്യത്തെ മനഃശാസ്ത്രജ്ഞന്മാര്‍ അടയാളപ്പെടുത്താന്‍ തുടങ്ങി. ഓട്ടോ കെണ്‍ബര്‍ഗ് എന്ന മനഃശാസ്ത്രജ്ഞന്‍ ഇതിനെക്കുറിച്ച് വിപുലമായ സങ്കല്പങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

ലക്ഷണങ്ങള്‍
1. മുകളില്‍ സൂചിപ്പിച്ചതുപോലെ നിയന്ത്രിക്കാനാകാത്തതും പെട്ടെന്നുണ്ടാകുന്നതുമായ ദേഷ്യം. ഇങ്ങനെ ദേഷ്യമുണ്ടാകുമ്പോള്‍ കയ്യില്‍ കിട്ടുന്നതെല്ലാം വലിച്ചെറിയുക, കൂടെയുള്ളവര്‍ക്കു നേരെ ആക്രോശിക്കുക തുടങ്ങിയവയും ദേഷ്യത്തിന്റെ ഭാഗമായി സാധാരണ ഉണ്ടാകാറുണ്ട്.
2. അസ്ഥിരമായ വൈകാരികഭാവം 'ബോര്‍ഡര്‍ലൈന്‍' വ്യക്തിത്വമുള്ളവരുടെ വികാരങ്ങള്‍ പെട്ടെന്നു മാറിക്കൊണ്ടിരിക്കും. അത് സങ്കടത്തില്‍ നിന്നു ദേഷ്യത്തിലേക്കും പിന്നീട് സന്തോഷത്തിലേയ്ക്കും പൊടുന്നനെ ദേഷ്യത്തിലേക്കും വഴുതി മാറും. മണിക്കൂറുകള്‍ക്കകം ഇത് സംഭവിക്കുന്നു.

3. അസ്ഥിരമായ ദാമ്പത്യബന്ധവും സുഹൃദ്ബന്ധങ്ങളും. കൂടെയുള്ളവരുമായി സ്ഥിരതയുള്ള ഒരു ബന്ധം സ്ഥാപിക്കാന്‍ ഈ വ്യക്തിത്വമുള്ളവര്‍ക്കു പലപ്പോഴും സാധിക്കാറില്ല. ജീവിതപങ്കാളിക്ക് 'ബോര്‍ഡര്‍ലൈന്‍' വ്യക്തിത്വ വൈകല്യം ഉണ്ടായിരുന്നതുമൂലം സംഭവിച്ചിട്ടുള്ള വിവാഹ മോചനങ്ങള്‍ നിരവധിയാണ് കേരളത്തില്‍. ഭൂരിഭാഗം സന്ദര്‍ഭങ്ങളിലും ഈ വ്യക്തിത്വത്തെ പലര്‍ക്കും തിരിച്ചറിയാന്‍ സാധിക്കാറില്ല. 'ബോര്‍ഡര്‍ലൈന്‍' വ്യക്തിത്വമുള്ളവര്‍ കൂടെയുള്ളവരെ ഒരു നിമിഷം ഗാഢമായി സ്‌നേഹിക്കും.
തൊട്ടടുത്ത നിമിഷം അതുപോലെ വെറുക്കും. കൂടെയുള്ള ഒരാള്‍ തന്നെ ഒരു നിമിഷം എല്ലാ നന്മകളും നിറഞ്ഞ, എല്ലാ തികഞ്ഞ മനുഷ്യന്‍; അടുത്ത നിമിഷം ഒന്നിനും കൊള്ളാത്ത ശപിക്കപ്പെട്ടയാള്‍. ഒന്നുകില്‍ എല്ലാം തികഞ്ഞത് അല്ലെങ്കില്‍ ഒന്നിനും കൊള്ളാത്തത്' - ഇത്തരത്തില്‍ വേര്‍പെടുത്തി (splitting) മാത്രമാണ് ഈ വ്യക്തിത്വമുള്ളവര്‍ കൂടെയുള്ളവരെ കാണുന്നത്.

ദാമ്പത്യബന്ധത്തിലും ഇത്തരത്തിലുള്ള വിള്ളലുകള്‍ ഉണ്ടാവുകയും കൊടുങ്കാറ്റുപോലെ വന്യസ്വഭാവം 'ബോര്‍ഡര്‍ലൈന്‍' വ്യക്തിത്വത്തിന്റെ ഭാഗമാവുകയും ചെയ്യുമ്പോള്‍ ബന്ധങ്ങള്‍ ഉലയുന്നത് സ്വാഭാവികം

No comments:

Post a Comment