Thursday, April 28, 2022

മസാല ഫിഷ് ഫ്രൈ

എങ്ങനെ മസാല ഫിഷ്‌ഫ്രൈ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം.. ഈ  ഫിഷ് ഫ്രൈ ഗ്രില്‍ അല്ലെങ്കില്‍ ഫ്രൈയിംങ് പാനില്‍ ഫ്രൈ ചെയ്യാവുന്നതാണ്. വേണമെങ്കില്‍ അല്‍പം മൈദയും ചേർക്കാം..    മസാല ഫിഷ് ഫ്രൈ

             ആവശ്യമുള്ള വസ്തുക്കള്‍

മീന്‍ - ഒരു കിലോ

കശ്മീരി മുളക് പൊടി - മൂന്ന് ടേബിള്‍ സ്പൂണ്‍

കുരുമുളക് പൊടി - അര ടീസ്പൂണ്‍

ഗരംമസാല - കാല്‍ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍

ഉപ്പ്- ആവശ്യത്തിന്

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - രണ്ട് സ്പൂണ്‍

കറിവേപ്പില - ഒരു തണ്ട്

അല്‍പം നാരങ്ങ നീര്

വെളിച്ചെണ്ണ - ആവശ്യത്തിന

           തയ്യാറാക്കുന്ന വിധം

ആദ്യം മത്സ്യം നല്ലതു പോലെ വൃത്തിയാക്കി ഇതിലേക്ക് വീണ്ടും അല്‍പം ഉപ്പും വിനാഗിരിയും മിക്‌സ് ചെയ്ത് ഒന്നുകൂടി കഴുകിയെടുക്കേണ്ടതാണ്.

അതിന് ശേഷം ഇതിലേക്ക് എല്ലാ മസാലകളും വെളിച്ചെണ്ണയില്‍ കുഴച്ചെടുത്ത് തേച്ച് പിടിപ്പിക്കുക. പതിനഞ്ച് മിനിറ്റോളം ഇത് വെക്കാവുന്നതാണ്.

അതിന് ശേഷം ഒരു പാനില്‍ വാഴയില വെച്ച് അതിന് മുകളില്‍ വെളിച്ചെണ്ണ ഒഴിച്ച് എണ്ണ നല്ലതുപോലെ ചൂടായിക്കഴിഞ്ഞാല്‍ മീന്‍ കഷ്ണങ്ങള്‍ ഓരോന്നായി ഇട്ട് വറുത്തെടുക്കാവുന്നതാണ്.

 നല്ല മസാലഫിഷ് 🐟 ഫ്രൈ റെഡി. https://noufalhabeeb.blogspot.com/?m=1


Wednesday, April 20, 2022

ആഗ്ര പേഡ

ആഗ്ര പേഡ 'എന്ന് കേട്ടിട്ടില്ലെ... ഇന്ന് നാം ഉണ്ടാക്കുന്നത്‌ അതാണ്‌. . ഉണ്ടാക്കാൻ വളരെ എളുപ്പം...എന്നാൽ ഈ വിഭവത്തിന്‌ പിന്നിൽ നൂറ്റാണ്ടുകൾ നീണ്ട്‌ നിൽക്കുന്ന ഒരു ചരിത്രമുണ്ട്‌. ചരിത്രമെല്ലാം നമുക്ക്‌ അവസാനം പറയാം . ആദ്യം ആഗ്ര പേഡ ഉണ്ടാക്കുന്ന വിധം എങ്ങനെ എന്ന് നോക്കാം .

             ആവശ്യമുള്ള സാധനങ്ങള്‍ 

കുമ്പളങ്ങ - അരക്കിലോ

പഞ്ചസാര- 400 ഗ്രാം

ചുണ്ണാമ്പ്‌-1/2 ടീസ്പൂണ്‍

ഏലക്കായ് -3 എണ്ണം

                ഉണ്ടാക്കുന്ന വിധം

കുമ്പളങ്ങ തൊലി കളഞ്ഞ് വലുപ്പത്തില്‍ മുറിച്ചെടുക്കുക. പച്ചനിറം അശേഷം ബാക്കിയുണ്ടാവരുത്. മുറിച്ചു വച്ച കുമ്പള കഷണത്തില്‍ ഫോര്‍ക്ക് കൊണ്ട് ചെറിയ ദ്വാരങ്ങള്‍ ഉണ്ടാക്കുക. അരല‌ീറ്റര്‍ വെള്ളത്തില്‍  ചുണ്ണാമ്പു കലക്കി 12 മണിക്കൂര്‍ കുമ്പളം മുക്കി വയ്ക്കണം. ചുണ്ണാമ്പു വെള്ളത്തില്‍ കിടന്ന കുമ്പളത്തിന് കൂടുതല്‍ വെള്ളനിറം വരികയും ഉറപ്പു കൂടുകയും ചെയ്യും. പിന്നീട് ഈ കഷണങ്ങള്‍ പച്ചവെള്ളത്തില്‍ നന്നായി കഴുകി  ചുണ്ണാമ്പു കളഞ്ഞതിനു ശേഷം അരല‌ീറ്റര്‍ വെള്ളത്തില്‍ നന്നായി വേവിക്കുക. വെന്ത് മൃദുവായ കുമ്പളക്കഷണങ്ങള്‍ പഞ്ചസാരപ്പാനിയിലിട്ട‌ു വയ്ക്കാം. പഞ്ചസാരപ്പാനിയുണ്ടാക്കുമ്പോൾത്തന്നെ ഏലക്കാ ചേര്‍ത്തുകൊടുക്കണം. പേഡയ്ക്കു നിറം വേണമെങ്കില്‍ കുങ്കുമപ്പൂവോ അംഗീകൃത ഫുഡ് കളറോ ഉപയോഗിക്കാം.

മൂന്നോ നാലോ മണിക്കൂര്‍ പഞ്ചസാരപ്പാനിയില്‍ മുക്കിവച്ച കുമ്പളങ്ങ ക്കഷണങ്ങള്‍ പുറത്തെടുത്തു വച്ച്‌ കട്ടിയായ ശേഷം ഉപയോഗിക്കാം.

         ചരിത്രം

ഇനി സമയം ഉണ്ടെങ്കിൽ ആഗ്ര പേഡയുടെ പിന്നിലെ ചരിത്രം കൂടി  വായിച്ച്‌ മനസ്സിൽ ആക്കിക്കോളു.,.

ഷാജഹാന്റെ പ്രണയ പുഷ്പം താജ്മഹൽ വിരിയിച്ചെടുക്കാൻ വന്ന  തൊഴിലാളികൾക്ക് സുൽത്താൻ നൽകിയ മധുര സമ്മാനം ഇന്ന് ഭൗമ സൂചികയിൽ ഇടം പിടിച്ചിരിക്കുന്നു. സംതൃപ്തരായ  ആരോഗ്യമുള്ള തൊഴിലാളികൾക്കേ മനോഹരമായ നിർമ്മാണങ്ങൾ സാധ്യമാകൂ, സുഭിക്ഷ ഭക്ഷണം ആരോഗ്യവും തൃപ്തിയും നൽകും എന്ന ശിൽപി ഉസ്താദ് ഈസയുടെ ബുദ്ധിയായിൽ ഉരുത്തിരിഞ്ഞതാണ് ആഗ്ര പേഡ എന്ന മധുര വിഭവം. താജ്മഹൽ നിർമിച്ചപ്പോഴും അതിന് ശേഷം ഷാജഹാന്റെ കാലത്തെ മറ്റ് നിർമ്മാണ സ്ഥലങ്ങളിലെ തൊഴിലാളികൾക്കും ആഗ്ര പേഡ നൽകിയിരുന്നത്രെ.

ആർക്കും വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന പാചക രീതി ആണ് ആഗ്ര പേഡയുടേത്.  കുമ്പളങ്ങയും പഞ്ചസാരയും കൊണ്ട് ഉണ്ടാക്കുന്ന എണ്ണയൊന്നും ഉപയോഗിക്കാത്ത ആഗ്ര പേഡ ഭൗമ സൂചികയിൽ ഇടം പിടിച്ചിട്ട് കുറച്ചുകാലമായി. ആഗ്രയിൽ ഇതിന്റെ നിർമ്മാണം തുടങ്ങിയിട്ട് മൂന്നര നൂറ്റാണ്ട് കഴിഞ്ഞു. നിർമ്മാണാവശ്യത്തിന് കൽക്കരി കത്തിക്കുന്നത് അന്തരീക്ഷ മലിനീകരണത്തിനും അത് വഴി താജിന്റെ നാശത്തിനും കാരണമാകുന്നതിനാൽ അവിടെ നിന്നും പേഡ നിർമ്മാണ സ്ഥാപനങ്ങൾ മാറ്റാൻ ശ്രമിച്ചിരുന്നു എങ്കിലും വിജയിച്ചിരുന്നില്ല.

    ആഗ്ര പേഡയുടെ മലപ്പുറം ബന്ധം

മലപ്പുറം നഗരത്തിൽ നിന്നും കോട്ടക്കൽ റോഡിൽ ഏതാനും കിലോമീറ്റർ വന്നാൽ പണ്ട് കുമ്പളങ്ങാ കോഡൂർ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ കോഡൂരും ,  വരിക്കോടും,  ഉർദുനഗറും എത്തും. ആഗ്ര പേഡയെന്ന പ്രശസ്തമായ മധുര വിഭവം ഉണ്ടാക്കാൻ ഏറ്റവും അനുയോജ്യമായ കുമ്പളങ്ങ കോഡൂരിലെ മണ്ണിൽ നിന്നും കിട്ടുമെന്നത് മനസ്സിലായ ഉത്തരേന്ത്യൻ കച്ചവടക്കാർ പണ്ട് നേരിട്ട് വന്ന് കുമ്പളങ്ങ  കച്ചവടം ചെയ്തത്‌  ചുറ്റുവട്ടത്തുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് കോഡൂരിന്റെ സാംസ്കാരിക, സാമ്പത്തിക മേഖലകളിൽ വലിയ മാറ്റം വരുത്തി

അന്യ സംസ്ഥാന കച്ചവടക്കാരുമായി നേരിട്ട് ഇടപാടുകൾ നടത്തുന്നതിന് വേണ്ടി കോഡൂരിൽ ഒരു ക്ലബ്ബിന്റെ കീഴിൽ നാട്ടുകാർ ഉർദു പഠിച്ചു, പിന്നീട് ഇവരുടെ പിന്മുറക്കാർ ആയിരുന്നു മലപ്പുറം ജില്ലയിലെ മിക്ക സ്കൂളുകളിലും ഉർദു അധ്യാപകർ. മിക്കവാറും ആളുകൾക്കും ഉർദു അറിയുന്നതിനാൽ ആ സമയത്ത് മലപ്പുറത്ത് ജോലി ചെയ്തിരുന്ന ഒരു പ്രശസ്ത ഉർദു കവി ആണ്  ഈ പ്രദേശത്തെ ഉർദു നഗർ എന്ന് ആദ്യമായി വിളിച്ചത്.

എൺപതുകളിൽ കുമ്പളങ്ങക്ക് വന്ന അസുഖങ്ങൾ കാരണം കൃഷി ഇല്ലാതെയായി... കുമ്പളങ്ങ കോഡൂർ, ഉർദു നഗർ എന്നീ പേരുകൾ മാത്രം ബാക്കിയായി.

ഇപ്പോൾ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് ആണ് ആഗ്ര പേഡക്ക് വേണ്ട കുമ്പളങ്ങ ശേഖരിക്കുന്നത്.   https://noufalhabeeb.blogspot.com/?m=1

Thursday, April 14, 2022

ഒണിയൻ കച്ചോരി

ഇന്ന് നമുക്ക്‌ സവാള കൊണ്ട് ഇതാ ഒരു പുതുപുത്തൻ പലഹാരം ഉണ്ടാക്കി നോക്കാം. 
മാവിനുള്ള  ചേരുവകൾ 

മൈദ - രണ്ട് കപ്പ്

ഉപ്പ്  - ആവശ്യത്തിന്

വെള്ളം - കുഴച്ച് എടുക്കാൻ ആവശ്യത്തിന്

നെയ്യ് - രണ്ട് ടേബിൾ സ്പൂൺ

അയമോദകം - കാൽ ടീസ്പൂൺ

                 മാവ്‌ തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേക്ക് എല്ലാ ചേരുവകളും ചേർത്ത് നല്ലപോലെ മിക്സ് ആക്കുക..

അതിനു ശേഷം ചപ്പാത്തിക്ക് മാവ് കുഴക്കുന്ന പോലെ കുഴച്ചെടുത്ത് അരമണിക്കൂർ  മാറ്റിവെക്കുക.

               മസാലക്ക്‌ വേണ്ട ചേരുവകൾ

ഓയിൽ - രണ്ട് ടേബിൾ സ്പൂൺ

കടുക് - ഒരു ടീസ്പൂൺ

മല്ലി ചതച്ചത് - ഒരു ടീസ്പൂൺ

കായപ്പൊടി - കാൽ ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

സവാള - അര കിലോ ചെറുതായി അരിഞ്ഞത്

പച്ചമുളക് - രണ്ടെണ്ണം ചെറുതായി അരിഞ്ഞത്

മുളകുപൊടി  - ഒരു ടീസ്പൂൺ

മഞ്ഞൾപ്പൊടി - അര ടീസ്പൂൺ

ഗരംമസാല - അര ടീസ്പൂൺ

ചാട്ട് മസാല - ഒരു ടീസ്പൂൺ

മല്ലിയില - കാൽ കപ്പ്

ലൈം ജ്യൂസ് - ഒരു നാരങ്ങയുടെ പകുതി

ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചത് -  ഒന്ന്

                  മസാല തയ്യാറാക്കുന്ന വിധം

ഒരു പാനിലേക്ക് ഓയിൽ ഒഴിച്ചു കൊടുക്കുക.  ചൂടാകുമ്പോൾ കടുക് ഇട്ടു കൊടുക്കാം .

ശേഷം മല്ലി ,കായപ്പൊടി ,ഉപ്പ് പച്ചമുളക് ,എന്നിവ ചേർത്ത് വഴറ്റിയെടുക്കുക .

ഇതിലേക്ക് സവാള ചേർത്ത് വഴറ്റി എടുക്കുക .അതിനു ശേഷം മുളകുപൊടി, മഞ്ഞൾപ്പൊടി ,ഗരം മസാല, ചാട്ട് മസാല ,മല്ലിയില ,ലൈം ജ്യൂസ്, ഉരുളക്കിഴങ്ങ് വേവിച്ചത് എന്നിവയെല്ലാം ചേർത്ത് നല്ലപോലെ മിക്സ് ആക്കി രണ്ടുമിനിറ്റ് കൂടി വഴറ്റി എടുക്കുക.

അതിനു ശേഷം വഴറ്റി എടുത്തിട്ടുള്ള മസാല ചൂടാറാൻ ആയി മാറ്റിവയ്ക്കാം.

         ഇനി ഒണിയൻ കച്ചോരി തയ്യാറാക്കാം

നേരത്തെ തയ്യാറാക്കിവച്ച  മാവിൽ നിന്ന് അരമണിക്കൂറിനു ശേഷം  ചെറിയ കഷണങ്ങൾ എടുത്ത് കയ്യിൽ വെച്ച് ഒന്ന് പരത്തിയെടുക്കുക.

ഇതിലേക്ക് തയ്യാറാക്കി വെച്ചിട്ടുള്ള സവാളയുടെ മിക്സ് ഒരു നാരങ്ങ വലിപ്പത്തിൽ എടുത്ത് ഉള്ളിൽ വച്ചു കൊടുത്തു കവർ ചെയ്ത് എടുക്കാം.

അതിനുശേഷം കൈകൊണ്ട് ഒന്നുകൂടെ പരത്തുക. ഓയിൽ  ചൂടാകുമ്പോൾ ഓരോന്നായി ഇട്ടുകൊടുത്ത മീഡിയം തീയിൽ വച്ച് ഫ്രൈ ചെയ്ത് മാറ്റുക.

ഒണിയൻ കച്ചോരി തയ്യാർ.    https://noufalhabeeb.blogspot.com/?m=1

Tuesday, April 12, 2022

സൗജന്യ യാത്രകൾ

ഇനി നിങ്ങളുടെ വീട്ടിലിരുന്നു കൊണ്ടുതന്നെ  ഫോണിലൂടെ ലോകത്തിന്റെ വിവിധ കോണുകളിലേക്ക് സൗജന്യമായി യാത്രകൾ ചെയ്യാം.

കാലിഫോർണിയയിലെ ഏകാന്തമായ കടൽത്തീര റോഡുകളിലൂടെ ഒരു വൈകുന്നേരം റേഡിയോ സംഗീതം ശ്രവിച്ചുകൊണ്ട് കാറോടിക്കുന്ന അനുഭവം എങ്ങനെയായിരിക്കും?

അല്ലെങ്കിൽ ടോക്കിയോയിലെ നഗരപ്രാന്തങ്ങളിലെ തിരക്കിനിടയിലൂടെ സൈക്കിളിൽ സഞ്ചരിക്കുന്ന  ഒരാൾ കാണുന്നതും കേൾക്കുന്നതും എന്തെല്ലാമായിരിക്കും?

അതുമല്ലെങ്കിൽ മഞ്ഞുമൂടിയ ഇറ്റലിയിലെ മലനിരകൾക്ക് മുകളിലൂടെ ഭീമൻ ബലൂണിൽ സഞ്ചരിച്ചാൽ എങ്ങനെയിരിക്കും?  ശാന്തസമുദ്രത്തിൽ കൂടിയുള്ള കപ്പൽയാത്രയോ?

കോവിഡ് വ്യാപനം മൂലം നാട്ടിലുള്ള  യാത്രകൾ കൂടി പരിമിതപ്പെട്ട നമുക്കിന്ന് ലോകത്തിന്റെ വിവിധ കോണുകളിലെ വെർച്ച്വൽ യാത്രാനുഭവങ്ങൾ മൊബൈലിലൂടെ ലഭ്യമാക്കുന്ന Drive and Listen വെബ്സൈറ്റിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.

ഇതിനായി ആപ്പുകൾ ഒന്നും തന്നെ ഡൗൺലോഡ് ചെയ്യേണ്ടതില്ല. സൗജന്യമായിത്തന്നെ Drive and Listen നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.

ജർമ്മനിയിൽ പഠിക്കുന്ന ഇസ്താംബൂൾ സ്വദേശിയായ ഒരു വിദ്യാർത്ഥിയുടെ ഗൃഹാതുരതയിൽ നിന്നാണ് ഈ വെബ്സൈറ്റ് പിറവികൊണ്ടത്.ലോകമെമ്പാടുമുള്ള അൻപതോളം നഗരങ്ങളിലൂടെയുള്ള ഡ്രൈവിംഗ് അനുഭവം  ഓരോ രാജ്യത്തെയും പ്രാദേശിക റേഡിയോ സ്റ്റേഷനുകളും തെരുവ് ജീവിതത്തിന്റെ അലയൊലികളും ശ്രവിച്ചുകൊണ്ടുതന്നെ ആസ്വദിക്കുവാൻ ഈ സൈറ്റിലൂടെ കഴിയുന്നു.

കാർ,ബൈക്ക്,സൈക്കിൾ,ട്രെയിൻ, കാൽനട  എന്നീ പരിചിത യാത്രാ മാർഗങ്ങൾക്ക് പുറമേ ഫ്ലൈറ്റ്, കപ്പൽ, എയർ ബലൂൺ യാത്രകളും കടലിനടിയിലൂടെയുള്ള സഞ്ചാരങ്ങളും  Drive and Listen സൈറ്റിലൂടെ അനുഭവിക്കാനാകും.

സഞ്ചരിക്കുവാൻ ആഗ്രഹിക്കുന്ന സ്ഥലവും വാഹനത്തിന്റെ സ്പീഡും നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

ക്രിസ്റ്റൽ ക്ലിയർ 4K വീഡിയോ ഫോർമാറ്റിലാണ് വെബ്സൈറ്റ് സജ്ജീകരിച്ചിരിക്കുന്നത്.എത്ര വേഗത്തിൽ പോകണമെന്ന് പോലും നിങ്ങൾക്ക് തീരുമാനിക്കാം.ഇതെല്ലാം മൊബൈൽ സ്ക്രീനിലാണ് കാണുന്നതെങ്കിലും കാണുന്ന വാഹനത്തിനുള്ളിലെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന പ്രതീതി നിങ്ങൾക്കുണ്ടാകുന്നു.

മുകളിൽ വിവരിച്ചതിനു പുറമേ ഒരുപാട് ഫീച്ചറുകൾ ഈ വെബ്സൈറ്റ് പ്രദാനം ചെയ്യുന്നുണ്ട്.

Drive and listen അനുഭവം വാക്കുകൾ കൊണ്ട് വിവരിക്കാനാകുന്നതല്ല. അത് സ്വയം അറിയേണ്ടതു തന്നെയാണ്. അതിനായി  താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക. 👇       

 https://drivenlisten.com/#    എന്നെ തുറക്കൂ


ബനാന കട്ലറ്റ്

ഇന്ന് നമുക്ക്‌ ഏത്തപ്പഴം ഉപയോഗിച്ച്‌ കട്‌ലറ്റ്‌ തയ്യാറാക്കുന്നത്‌ എങ്ങനെ  എന്ന് നോക്കാം

              ചേരുവകൾ  

ഏത്തപ്പഴം -2 എണ്ണം

നെയ്യ് - 2 ടീസ്പൂൺ

കറുത്ത എള്ള് - 1 ടീസ്പൂൺ

കശുവണ്ടി - 1/4 കപ്പ്‌ മുതൽ 1/2 കപ്പ്‌ വരെ

തേങ്ങ - 3/4 കപ്പ്‌

എലക്കപ്പൊടി - 1/2 ടീസ്പൂൺ

ബ്രെഡ് ക്രമ്പ് - ആവശ്യത്തിന്

മൈദ - 1/4 കപ്പ്‌

എണ്ണ - ആവശ്യത്തിന്

               തയ്യാറാക്കുന്ന  വിധം

ഏത്തപ്പഴം പുഴുങ്ങി ഉടച്ചു എടുക്കുക.

ഒരു പാനിൽ നെയ്യ് ചൂടാക്കി അതിലേക്ക് എള്ള് ഇട്ട് മൂപ്പിക്കുക. ശേഷം ഇതിലേക്ക് കശുവണ്ടി ചേർത്ത് മൂത്തു വരുമ്പോൾ  തേങ്ങ ചേർക്കുക . വെള്ളമയം ഒക്കെ മാറി വരുമ്പോൾ  നേരത്തെ പുഴുങ്ങി ഉടച്ചു വച്ച ഏത്തപ്പഴം കൂടി ചേർത്ത് നന്നായി ഇളക്കുക. പാത്രത്തിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ തീ ഓഫ് ചെയ്യാം.

ചെറുചൂടോടെ ഇഷ്ടമുള്ള ഷേപ്പിൽ ഉരുട്ടിയെടുക്കുക. മൈദ ആവശ്യത്തിന് വെള്ളത്തില് കട്ടയില്ലാതെ കലക്കി എടുക്കാം. കട്ലറ്റ് ഓരോന്നും മൈദയിൽ മുക്കി അതിനുശേഷം ബ്രഡ് ക്രമ്പ്‌സിൽ   മുക്കി എണ്ണയിൽ വറുത്തെടുക്കുക.   https://noufalhabeeb.blogspot.com/?m=1

Sunday, April 3, 2022

അവല്‍ പ്രഥമന്‍

ധാരാളം വൈറ്റമിന്‍സും മിനറല്‍സും അടങ്ങിയ ഭക്ഷണമാണ് അവല്‍ 

എല്ലിനും പല്ലിനും ബലം നല്‍കുന്നു.അവലില്‍ ധാരാളം  ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ പ്രാതലിനൊപ്പം അവല്‍ ഉള്‍പ്പെടുത്തുന്നത്,ആരോഗ്യത്തിന് നല്ലതാണ്.ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ദീര്‍ഘനേരം വിശപ്പില്ലാതാക്കും..മറ്റു ധാന്യങ്ങളേക്കാള്‍ കലോറി കുറവായ അവിലിനെ ഡയറ്റിങ്ങില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്...ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്ന തിന് സഹായിക്കുന്ന ഒന്നാണ് അവല്‍...പോഷക സമ്പുഷ്ടമായ അവല്‍ കൊണ്ട് ഒരുപാട് വിഭവങ്ങള്‍ തയ്യാറാക്കാം

            അവല്‍ പ്രഥമന്‍

           ചേരുവകള്‍

അവല്‍-200ഗ്രാം

നാളികേരം-1 വലുത്

ശര്‍ക്കര-100ഗ്രാം

ഉപ്പ്-ഒരു നുള്ള്

നെയ്യ്-2ടീസ്പൂണ്‍

അണ്ടിപരിപ്പ്-10എണ്ണം

മുന്തിരി-10എണ്ണം

ചുക്ക്പൊടി-1/4ടീസ്പൂണ്

ഏലക്ക -4എണ്ണം

പഞ്ചസാര-1ടീസ്പൂണ്‍

എള്ള്-1/4ടീസ്പൂണ്‍

                തയ്യാറാക്കുന്ന വിധം

തേങ്ങ ചിരവിയെടുത്ത് അതില്‍ നിന്ന് മൂന്ന് സ്റ്റെപ്പ്  ആയിട്ട് പാല്‍ എടുക്കുക...(തമ്പാല്‍,ഒന്നാം പാല്‍,രണ്ടാം പാല്‍)

ശര്‍ക്കര ഉരുക്കി അരിച്ച് വെക്കുക.

ഏലക്കയും  പഞ്ചസാരയും കൂടി നല്ലതു പോലെ പൊടിച്ചെടുക്കുക...

പാന്‍ ചൂടാകുമ്പോള്‍ എള്ള് ചൂടാക്കിയെടുക്കുക,ഇതിലേക്ക്  നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ അണ്ടിപരിപ്പും മുന്തിരിയും വറുത്തെടുക്കുക...ഇതേ നെയ്യിലേക്ക് അവല്‍ ചേര്‍ത്ത് മീഡിയം ചൂടില്‍ അവല്‍ വറുത്തെടുക്കുക...

ചുവടു കട്ടിയുള്ള പാത്രത്തില്‍ അവലും രണ്ടാം പാലും കൂടി ചേര്‍ത്തിളക്കി,നല്ലതുപോലെ തിളപ്പിക്കുക...

കുറുകി വറ്റി  വരുമ്പോള്‍ ശര്‍ക്കര നീര് ഒഴിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക...ഇതിലേക്ക് ഒന്നാം പാല്‍ ചേര്‍ത്ത് തിളപ്പിക്കുക...

ഇനി ഇതിലേക്ക് ഉപ്പ് ചേര്‍ത്ത് കൊടുത്ത്,ഇളക്കിയതിന് ശേഷം തമ്പാല്‍ ചേര്‍ത്തിളക്കി,ചുക്ക് പൊടിയും  ഏലക്ക പൊടിയും എള്ളും  തൂവി കൊടുത്ത് ഇറക്കി വെക്കാം...വറുത്തെടുത്ത അണ്ടിപരിപ്പും മുന്തിരിയും കൂടി ചേര്‍ത്താല്‍ സ്വാദിഷ്ടമായ അവല്‍ പായസം റെഡി...

{തേങ്ങ ചിരവിയത് വെള്ളം ചേര്‍ക്കാതെ കൈ കൊണ്ട് നല്ലതു പോലെ തിരുമ്മിയെടുക്കുന്ന  പാല്‍ ആണ്  തമ്പാല്‍}

https://noufalhabeeb.blogspot.com/?m=1