ആഗ്ര പേഡ 'എന്ന് കേട്ടിട്ടില്ലെ... ഇന്ന് നാം ഉണ്ടാക്കുന്നത് അതാണ്. . ഉണ്ടാക്കാൻ വളരെ എളുപ്പം...എന്നാൽ ഈ വിഭവത്തിന് പിന്നിൽ നൂറ്റാണ്ടുകൾ നീണ്ട് നിൽക്കുന്ന ഒരു ചരിത്രമുണ്ട്. ചരിത്രമെല്ലാം നമുക്ക് അവസാനം പറയാം . ആദ്യം ആഗ്ര പേഡ ഉണ്ടാക്കുന്ന വിധം എങ്ങനെ എന്ന് നോക്കാം .
ആവശ്യമുള്ള സാധനങ്ങള്‍
കുമ്പളങ്ങ - അരക്കിലോ
പഞ്ചസാര- 400 ഗ്രാം
ചുണ്ണാമ്പ്-1/2 ടീസ്പൂണ്‍
ഏലക്കായ് -3 എണ്ണം
ഉണ്ടാക്കുന്ന വിധം
കുമ്പളങ്ങ തൊലി കളഞ്ഞ് വലുപ്പത്തില്‍ മുറിച്ചെടുക്കുക. പച്ചനിറം അശേഷം ബാക്കിയുണ്ടാവരുത്. മുറിച്ചു വച്ച കുമ്പള കഷണത്തില്‍ ഫോര്‍ക്ക് കൊണ്ട് ചെറിയ ദ്വാരങ്ങള്‍ ഉണ്ടാക്കുക. അരലീറ്റര്‍ വെള്ളത്തില്‍ ചുണ്ണാമ്പു കലക്കി 12 മണിക്കൂര്‍ കുമ്പളം മുക്കി വയ്ക്കണം. ചുണ്ണാമ്പു വെള്ളത്തില്‍ കിടന്ന കുമ്പളത്തിന് കൂടുതല്‍ വെള്ളനിറം വരികയും ഉറപ്പു കൂടുകയും ചെയ്യും. പിന്നീട് ഈ കഷണങ്ങള്‍ പച്ചവെള്ളത്തില്‍ നന്നായി കഴുകി ചുണ്ണാമ്പു കളഞ്ഞതിനു ശേഷം അരലീറ്റര്‍ വെള്ളത്തില്‍ നന്നായി വേവിക്കുക. വെന്ത് മൃദുവായ കുമ്പളക്കഷണങ്ങള്‍ പഞ്ചസാരപ്പാനിയിലിട്ടു വയ്ക്കാം. പഞ്ചസാരപ്പാനിയുണ്ടാക്കുമ്പോൾത്തന്നെ ഏലക്കാ ചേര്‍ത്തുകൊടുക്കണം. പേഡയ്ക്കു നിറം വേണമെങ്കില്‍ കുങ്കുമപ്പൂവോ അംഗീകൃത ഫുഡ് കളറോ ഉപയോഗിക്കാം.
മൂന്നോ നാലോ മണിക്കൂര്‍ പഞ്ചസാരപ്പാനിയില്‍ മുക്കിവച്ച കുമ്പളങ്ങ ക്കഷണങ്ങള്‍ പുറത്തെടുത്തു വച്ച് കട്ടിയായ ശേഷം ഉപയോഗിക്കാം.
ചരിത്രം
ഇനി സമയം ഉണ്ടെങ്കിൽ ആഗ്ര പേഡയുടെ പിന്നിലെ ചരിത്രം കൂടി വായിച്ച് മനസ്സിൽ ആക്കിക്കോളു.,.
ഷാജഹാന്റെ പ്രണയ പുഷ്പം താജ്മഹൽ വിരിയിച്ചെടുക്കാൻ വന്ന തൊഴിലാളികൾക്ക് സുൽത്താൻ നൽകിയ മധുര സമ്മാനം ഇന്ന് ഭൗമ സൂചികയിൽ ഇടം പിടിച്ചിരിക്കുന്നു. സംതൃപ്തരായ ആരോഗ്യമുള്ള തൊഴിലാളികൾക്കേ മനോഹരമായ നിർമ്മാണങ്ങൾ സാധ്യമാകൂ, സുഭിക്ഷ ഭക്ഷണം ആരോഗ്യവും തൃപ്തിയും നൽകും എന്ന ശിൽപി ഉസ്താദ് ഈസയുടെ ബുദ്ധിയായിൽ ഉരുത്തിരിഞ്ഞതാണ് ആഗ്ര പേഡ എന്ന മധുര വിഭവം. താജ്മഹൽ നിർമിച്ചപ്പോഴും അതിന് ശേഷം ഷാജഹാന്റെ കാലത്തെ മറ്റ് നിർമ്മാണ സ്ഥലങ്ങളിലെ തൊഴിലാളികൾക്കും ആഗ്ര പേഡ നൽകിയിരുന്നത്രെ.
ആർക്കും വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന പാചക രീതി ആണ് ആഗ്ര പേഡയുടേത്. കുമ്പളങ്ങയും പഞ്ചസാരയും കൊണ്ട് ഉണ്ടാക്കുന്ന എണ്ണയൊന്നും ഉപയോഗിക്കാത്ത ആഗ്ര പേഡ ഭൗമ സൂചികയിൽ ഇടം പിടിച്ചിട്ട് കുറച്ചുകാലമായി. ആഗ്രയിൽ ഇതിന്റെ നിർമ്മാണം തുടങ്ങിയിട്ട് മൂന്നര നൂറ്റാണ്ട് കഴിഞ്ഞു. നിർമ്മാണാവശ്യത്തിന് കൽക്കരി കത്തിക്കുന്നത് അന്തരീക്ഷ മലിനീകരണത്തിനും അത് വഴി താജിന്റെ നാശത്തിനും കാരണമാകുന്നതിനാൽ അവിടെ നിന്നും പേഡ നിർമ്മാണ സ്ഥാപനങ്ങൾ മാറ്റാൻ ശ്രമിച്ചിരുന്നു എങ്കിലും വിജയിച്ചിരുന്നില്ല.
ആഗ്ര പേഡയുടെ മലപ്പുറം ബന്ധം
മലപ്പുറം നഗരത്തിൽ നിന്നും കോട്ടക്കൽ റോഡിൽ ഏതാനും കിലോമീറ്റർ വന്നാൽ പണ്ട് കുമ്പളങ്ങാ കോഡൂർ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ കോഡൂരും , വരിക്കോടും, ഉർദുനഗറും എത്തും. ആഗ്ര പേഡയെന്ന പ്രശസ്തമായ മധുര വിഭവം ഉണ്ടാക്കാൻ ഏറ്റവും അനുയോജ്യമായ കുമ്പളങ്ങ കോഡൂരിലെ മണ്ണിൽ നിന്നും കിട്ടുമെന്നത് മനസ്സിലായ ഉത്തരേന്ത്യൻ കച്ചവടക്കാർ പണ്ട് നേരിട്ട് വന്ന് കുമ്പളങ്ങ കച്ചവടം ചെയ്തത് ചുറ്റുവട്ടത്തുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് കോഡൂരിന്റെ സാംസ്കാരിക, സാമ്പത്തിക മേഖലകളിൽ വലിയ മാറ്റം വരുത്തി
അന്യ സംസ്ഥാന കച്ചവടക്കാരുമായി നേരിട്ട് ഇടപാടുകൾ നടത്തുന്നതിന് വേണ്ടി കോഡൂരിൽ ഒരു ക്ലബ്ബിന്റെ കീഴിൽ നാട്ടുകാർ ഉർദു പഠിച്ചു, പിന്നീട് ഇവരുടെ പിന്മുറക്കാർ ആയിരുന്നു മലപ്പുറം ജില്ലയിലെ മിക്ക സ്കൂളുകളിലും ഉർദു അധ്യാപകർ. മിക്കവാറും ആളുകൾക്കും ഉർദു അറിയുന്നതിനാൽ ആ സമയത്ത് മലപ്പുറത്ത് ജോലി ചെയ്തിരുന്ന ഒരു പ്രശസ്ത ഉർദു കവി ആണ് ഈ പ്രദേശത്തെ ഉർദു നഗർ എന്ന് ആദ്യമായി വിളിച്ചത്.
എൺപതുകളിൽ കുമ്പളങ്ങക്ക് വന്ന അസുഖങ്ങൾ കാരണം കൃഷി ഇല്ലാതെയായി... കുമ്പളങ്ങ കോഡൂർ, ഉർദു നഗർ എന്നീ പേരുകൾ മാത്രം ബാക്കിയായി.
ഇപ്പോൾ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് ആണ് ആഗ്ര പേഡക്ക് വേണ്ട കുമ്പളങ്ങ ശേഖരിക്കുന്നത്. https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment