Tuesday, April 12, 2022

സൗജന്യ യാത്രകൾ

ഇനി നിങ്ങളുടെ വീട്ടിലിരുന്നു കൊണ്ടുതന്നെ  ഫോണിലൂടെ ലോകത്തിന്റെ വിവിധ കോണുകളിലേക്ക് സൗജന്യമായി യാത്രകൾ ചെയ്യാം.

കാലിഫോർണിയയിലെ ഏകാന്തമായ കടൽത്തീര റോഡുകളിലൂടെ ഒരു വൈകുന്നേരം റേഡിയോ സംഗീതം ശ്രവിച്ചുകൊണ്ട് കാറോടിക്കുന്ന അനുഭവം എങ്ങനെയായിരിക്കും?

അല്ലെങ്കിൽ ടോക്കിയോയിലെ നഗരപ്രാന്തങ്ങളിലെ തിരക്കിനിടയിലൂടെ സൈക്കിളിൽ സഞ്ചരിക്കുന്ന  ഒരാൾ കാണുന്നതും കേൾക്കുന്നതും എന്തെല്ലാമായിരിക്കും?

അതുമല്ലെങ്കിൽ മഞ്ഞുമൂടിയ ഇറ്റലിയിലെ മലനിരകൾക്ക് മുകളിലൂടെ ഭീമൻ ബലൂണിൽ സഞ്ചരിച്ചാൽ എങ്ങനെയിരിക്കും?  ശാന്തസമുദ്രത്തിൽ കൂടിയുള്ള കപ്പൽയാത്രയോ?

കോവിഡ് വ്യാപനം മൂലം നാട്ടിലുള്ള  യാത്രകൾ കൂടി പരിമിതപ്പെട്ട നമുക്കിന്ന് ലോകത്തിന്റെ വിവിധ കോണുകളിലെ വെർച്ച്വൽ യാത്രാനുഭവങ്ങൾ മൊബൈലിലൂടെ ലഭ്യമാക്കുന്ന Drive and Listen വെബ്സൈറ്റിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.

ഇതിനായി ആപ്പുകൾ ഒന്നും തന്നെ ഡൗൺലോഡ് ചെയ്യേണ്ടതില്ല. സൗജന്യമായിത്തന്നെ Drive and Listen നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.

ജർമ്മനിയിൽ പഠിക്കുന്ന ഇസ്താംബൂൾ സ്വദേശിയായ ഒരു വിദ്യാർത്ഥിയുടെ ഗൃഹാതുരതയിൽ നിന്നാണ് ഈ വെബ്സൈറ്റ് പിറവികൊണ്ടത്.ലോകമെമ്പാടുമുള്ള അൻപതോളം നഗരങ്ങളിലൂടെയുള്ള ഡ്രൈവിംഗ് അനുഭവം  ഓരോ രാജ്യത്തെയും പ്രാദേശിക റേഡിയോ സ്റ്റേഷനുകളും തെരുവ് ജീവിതത്തിന്റെ അലയൊലികളും ശ്രവിച്ചുകൊണ്ടുതന്നെ ആസ്വദിക്കുവാൻ ഈ സൈറ്റിലൂടെ കഴിയുന്നു.

കാർ,ബൈക്ക്,സൈക്കിൾ,ട്രെയിൻ, കാൽനട  എന്നീ പരിചിത യാത്രാ മാർഗങ്ങൾക്ക് പുറമേ ഫ്ലൈറ്റ്, കപ്പൽ, എയർ ബലൂൺ യാത്രകളും കടലിനടിയിലൂടെയുള്ള സഞ്ചാരങ്ങളും  Drive and Listen സൈറ്റിലൂടെ അനുഭവിക്കാനാകും.

സഞ്ചരിക്കുവാൻ ആഗ്രഹിക്കുന്ന സ്ഥലവും വാഹനത്തിന്റെ സ്പീഡും നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

ക്രിസ്റ്റൽ ക്ലിയർ 4K വീഡിയോ ഫോർമാറ്റിലാണ് വെബ്സൈറ്റ് സജ്ജീകരിച്ചിരിക്കുന്നത്.എത്ര വേഗത്തിൽ പോകണമെന്ന് പോലും നിങ്ങൾക്ക് തീരുമാനിക്കാം.ഇതെല്ലാം മൊബൈൽ സ്ക്രീനിലാണ് കാണുന്നതെങ്കിലും കാണുന്ന വാഹനത്തിനുള്ളിലെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന പ്രതീതി നിങ്ങൾക്കുണ്ടാകുന്നു.

മുകളിൽ വിവരിച്ചതിനു പുറമേ ഒരുപാട് ഫീച്ചറുകൾ ഈ വെബ്സൈറ്റ് പ്രദാനം ചെയ്യുന്നുണ്ട്.

Drive and listen അനുഭവം വാക്കുകൾ കൊണ്ട് വിവരിക്കാനാകുന്നതല്ല. അത് സ്വയം അറിയേണ്ടതു തന്നെയാണ്. അതിനായി  താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക. 👇       

 https://drivenlisten.com/#    എന്നെ തുറക്കൂ


No comments:

Post a Comment