Sunday, January 30, 2022

ചോറ് വട

വട ഉണ്ടാക്കുന്നത്‌ എങ്ങനെ എന്ന് നമുക്ക്‌ പലർക്കും അറിയാം . ഇന്ന് നമുക്ക്‌ ബാക്കിവന്ന ചോറുകൊണ്ട് നിമിഷനേരത്തിൽ നല്ല മൊരിഞ്ഞ വട എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

                   ചേരുവകൾ 

ചോറ് -11 /2 കപ്പ്

തൈര് -2 ടേബിൾസ്പൂൺ

വെള്ളം -1 /4 കപ്പ്

സവോള - 1എണ്ണം

കറിവേപ്പില -കുറച്ച്‌

പച്ചമുളക്-2 എണ്ണം

ഇഞ്ചി       - ചതച്ചത്‌ 1 ടേബിൾസ്പൂൺ

കുരുമുളക് -1 /4 ടീസ്പൂൺ

അരിപൊടി -4  ടേബിൾസ്പൂൺ

കായപ്പൊടി -1 /4 ടീസ്പൂൺ

ഉപ്പ്                 -1 /2 ടീസ്പൂൺ

                തയ്യാറാക്കുന്നവിധം

ഒരു മിക്സിയുടെ ജാറിലേക്കു ചോറും തൈരും വെള്ളവും ചേർത്ത് അരച്ചെടുക്കാം.

ഇതിലേക്ക് സവോള ,കറിവേപ്പില മല്ലിയില ,ഇഞ്ചി ,പച്ചമുളക് ,കുരുമുളക് ചതച്ചത് ,ഉപ്പ്,കായപ്പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്യാം.

ഇതിലേക്ക് കുറേശെ അരിപൊടി ചേർത്ത് മിക്സ് ചെയ്യാം

ഇനി കയ്യിൽ വെള്ളം തടവിയ ശേഷം ഒരു ഉരുളയാക്കാം.വിരലുവെച്ചു ചെറുതായി പരത്തി വടയുടെ രൂപത്തിലാക്കാം.

ഒരു വിരലൊന്നു വെള്ളത്തിൽ മുക്കിയതിനു ശേഷം കുഴിയിട്ടുകൊടുക്കാം.

ചൂടായ എണ്ണയിലിട്ട് മീഡിയം തീയിൽ വറുത്തെടുക്കാം.

നല്ല അടിപൊളി മൊരിഞ്ഞ വട റെഡി .  https://noufalhabeeb.blogspot.com/?m=1

Thursday, January 27, 2022

എനർജി ബാൾസ്

ഇന്ന് നമുക്ക്‌ ഈന്തപ്പഴം, ബദാം, ഉണക്ക മുന്തിരി, ചിയ സീഡ്സ്‌, പീനട്ട്‌ ബട്ടർ, തേങ്ങ എന്നിങ്ങനെ  ആരോഗ്യപ്രദമായ  ചില വിഭവങ്ങൾ ഉപയോഗിച്ച്‌ എനർജി ബാൾസ്‌  ഉണ്ടാക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം.

                  ചേരുവകൾ 

ഈന്തപ്പഴം ( ഡേറ്റ്സ് ) - 100 ഗ്രാം

ബദാം അരിഞ്ഞത് - കാൽ കപ്പ്‌

ഉണക്ക മുന്തിരി - കാൽ കപ്പ്‌

തേങ്ങ - കാൽ കപ്പ്‌

ചിയ സീഡ്‌സ് - 1 ടീസ്പൂൺ

നിലക്കടല  (Peanut ) ബട്ടർ - 1ടീസ്പൂൺ

                      തയ്യാറാക്കുന്ന വിധം

ഒരു പാനിൽ അര ടീസ്പൂൺ നെയ് ചൂടാക്കി ഈന്തപ്പഴം (കുരു  കളഞ്ഞത് )  ഒരു മിനിറ്റ് ഫ്രൈ ചെയ്തു മാറ്റി വയ്ക്കുക.

ബദാം ഒന്നു റോസ്റ്റ് ചെയ്തു മാറ്റി വയ്ക്കുക.

ശേഷം അര ടീസ്പൂൺ നെയ് ചേർത്ത് ഉണക്കമുന്തിരി ഒരു മിനിറ്റ് ഒന്ന് റോസ്റ്റ് ചെയ്യുക.

ശേഷം തേങ്ങ കാൽ കപ്പ്‌ മിക്സിയിൽ ഒന്ന് പൊടിച്ചത് ഒന്ന് ഒരു മിനിറ്റ് ചൂടാക്കുക നിറം മാറേണ്ട ആവശ്യമില്ല. അതും ഒരു പാത്രത്തിലേക്കു മാറ്റി വക്കുക.

ഇനി ഡേറ്റ്സ് ( ഈന്തപ്പഴം ) നന്നായി മിക്സി ഉപയോഗിച്ച് ഒന്ന് അരയ്ക്കുക വെള്ളം ചേർക്കേണ്ട.

ഇനി ഈ ഡേറ്റ്സ് ഒരു പാത്രത്തിലേക്ക്‌  മാറ്റി അതിൽ നേരത്തെ വറുത്തു വച്ചിരിക്കുന്ന ബദാം ഉണക്കമുന്തിരി എന്നിവ ചേർക്കുക ഒപ്പം ചിയ സീഡ്‌സും peanut ബട്ടറും ചേർത്ത് നന്നായി യോജിപ്പിക്കുക.

ഇനി അത് ചെറിയ ബാൾസ് ആക്കി വറുത്തു വച്ചിരിക്കുന്ന തേങ്ങയിൽ റോൾ ചെയ്യുക. ഇത് പോലെ എല്ലാം ബാൾസ് ആക്കി റോൾ ചെയ്ത് എടുക്കുക.    https://noufalhabeeb.blogspot.com/?m=1

Wednesday, January 26, 2022

അവൽ ഉണ്ട

ഇന്ന് നമുക്ക്‌ അവലും പഴവും ശർക്കരയും  മറ്റും ഉപയോഗിച്ച്‌ വീട്ടിൽ തന്നെ നല്ല ഹെൽത്തി ആയതും രുചികരം ആയതുമായ ഒരു പലഹാരം (അവൽ ഉണ്ട ) ഉണ്ടാക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം.

                      ചേരുവകൾ  

അവൽ  - 1 കപ്പ്‌

ഏത്തപ്പഴം  - 2 എണ്ണം

ശർക്കര  - 50 ഗ്രാം

വെള്ളം - 1/4 കപ്പ്‌

തേങ്ങ ചിരകിയത്  - 4 ടേബിൾ സ്പൂൺ

 നെയ്യ് - 1.5 ടേബിൾ സ്പൂൺ

                    ഉണ്ടാക്കുന്ന വിധം

1. ആദ്യം ശർക്കര വെള്ളത്തിൽ ഉരുക്കി എടുത്തു മാറ്റി വക്കുക

2. അവൽ 1 മിനിറ്റ് വറുത്തെടുത്തിനു ശേഷം മിക്സിയിൽ പൊടിച്ചെടുത്തു മാറ്റി വക്കുക

3. ഒരു പാനിൽ നെയ്യ് ഒഴിച്ച് അതിലേക്കു ചെറുതായി അരിഞ്ഞ പഴം കൂടെ ചേർത്ത് നന്നായിട്ട് വഴറ്റുക

4. പഴം വഴന്നു വരുമ്പോൾ അതിലേക്കു തേങ്ങാ കൂടെ ചേർത്ത് വഴറ്റാം . തേങ്ങ ചേർക്കണം എന്ന് നിർബന്ധം ഇല്ല്യ

5. ഇനി ഇതിലേക്ക് പൊടിച്ച അവൽ കൂടെ കൂടെ ചേർത്ത് ഇളക്കുക

6. അവസാനം ശർക്കര പാനിയും ഒഴിച്ച് ഇളക്കി യോജിപ്പിക്കുക

7. ശർക്കര മുഴുവൻ അവലിൽ പിടിച്ചു എല്ലാം നല്ലവണ്ണം യോജിച്ചു കഴിയുമ്പോൾ ഫ്ലെയിം ഓഫ് ചെയ്യാം

8. ഇനി ഇത് ചെറുതായി തണുക്കുമ്പോൾ ആവശ്യമെങ്കിൽ ലേശം നെയ്യ് കൂടി ചേർത്ത് ഉരുട്ടി എടുക്കുക.

സ്വാദിഷ്ടമായ അവൽ ഉണ്ട റെഡി !!   https://noufalhabeeb.blogspot.com/?m=1

Saturday, January 22, 2022

മസാല ബോണ്ട

ഇന്ന് നമുക്ക്‌ എങ്ങനെ നല്ല രുചികരമായ മസാല ബോണ്ട എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം...

                        ചേരുവകൾ 

ഉരുളക്കിഴങ്ങ് - 3(വലുത്)

സവാള - 2 എണ്ണം

ഇഞ്ചി - ഒരു കഷണം

പച്ചമുളക് - 4-6 എണ്ണം (എരിവ് അനുസരിച്ചു എടുക്കാം )

കറിവേപ്പില - കുറച്ച്

ഉപ്പ്‌ - ആവശ്യത്തിന്

എണ്ണ - വറുക്കാൻ ആവശ്യത്തിന്

മുളക് പൊടി - 1 സ്പൂൺ എരിവ് അനുസരിച്ചു

മഞ്ഞൾപൊടി- - കാൽ സ്പൂൺ

കായപ്പൊടി - 2 നുള്ള്

കടലമാവ്  - ഒന്നര കപ്പ്‌

                 തയ്യാറാക്കുന്ന വിധം

ഒന്നര കപ്പ് കടലമാവ് എടുത്തു മുക്കാൽ കപ്പ് വെള്ളത്തിൽ കലക്കിവെക്കുക.

ആദ്യം ഉരുളക്കിഴങ്ങ് വേവിച്ചു തൊലി കളഞ്ഞിട്ടു പൊടിച്ചു വെക്കുക (കുക്കറിൽ ആണെങ്കിൽ എളുപ്പമാണ്).

ഒരു പാത്രത്തിൽ കടലമാവ് , മഞ്ഞൾപൊടി, മുളകുപൊടി ,കായപ്പൊടി ,ഉപ്പ് എന്നിവ കുറച്ചു കുറച്ചായി വെള്ളം ചേർത്ത് കട്ടിയായി കലക്കി വെക്കുക .

ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള ഇഞ്ചി പച്ചമുളക് കറിവേപ്പില മഞ്ഞപ്പൊടി ഉപ്പ് എന്നിവ ചേർത്ത് വഴറ്റി ഉരുളക്കിഴങ്ങും ചേർത്ത് മിക്സ്‌ ചെയ്യുക

ഉരുളകൾ ആക്കി വെക്കാം

ഒരു പാനിൽ  എണ്ണ ( ഏത് ആയാലും കുഴപ്പമില്ല )  ഒഴിച്ച് നന്നായി ചൂടാക്കുക.തീ ചുരുക്കിവെച്ചു ഉണ്ടാക്കിയെടുക്കണം.

ഓരോ ഉരുളകൾ മാവിൽ മുക്കി എണ്ണയിൽ ഇട്ടു തിരിച്ചും മറിച്ചും ഇട്ടു വേവിച്ചെടുക്കാം.  https://noufalhabeeb.blogspot.com/?m=1

പഴം ഉണ്ട

നല്ല പഴുത്ത പഴം  ഉണ്ടെങ്കിൽ വളരെ കുറച്ച്‌ ചേരുവകൾ മാത്രം ഉപയോഗിച്ച്‌ നമുക്ക്‌  വളരെ ടേസ്റ്റി ആയ ഒരു നാലുമണി പലഹാരം ഉണ്ടാക്കാം.  

                     ചേരുവകൾ

പഴം - 3 എണ്ണം

അരിപ്പൊടി - അരക്കപ്പ്

തേങ്ങാ ചിരകിയത് - ഒരു കപ്പ്

നെയ്യ് - ഒരു ടേബിൾ സ്പൂൺ

പഞ്ചസാര - ഒരു ടേബിൾ സ്പൂൺ

കശുവണ്ടിയും  മുന്തിരിയും -  ചെറുതായി നുറുക്കിയത്  - കുറച്ച്‌

ഓയിൽ - ആവശ്യത്തിന് 

                  തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാനിൽ നെയ്യ് ചൂടാക്കി കശുവണ്ടിയും  മുന്തിരിയും വറുക്കുക.

അതിലേക്കു ചിരകിയ തേങ്ങാ ചേർക്കുക. നിറം മാറുന്നത് വരെ ഇളക്കുക. ശേഷം പഞ്ചസാരയും ചേർത്തു വീണ്ടും ഇളക്കുക. ഇനി അത് ചൂടാറാൻ വെക്കാം.

പഴം നന്നായി പുഴുങ്ങിയെടുക്കുക. ഇനി അരിപ്പൊടിയും ചേർത്ത്‌ പഴം  നല്ലപോലെ ഉടച്ചു കൊടുക്കാം.

ഇനി ആദ്യം ഉണ്ടാക്കിയ തേങ്ങാ മിക്സ് ഇതിലേക്ക് ചേർത്തു നന്നായി കൂട്ടി യോജിപ്പിക്കുക.

ഇനി ഇത്‌  കൈ വെള്ളയിൽ വച്ച് ഉരുട്ടി ഉണ്ടകളാക്കുക.

ഇനി പാനിൽ എണ്ണയൊഴിച്ചു ബോൾസ് എല്ലാം വറുത്തു കോരുക.

കുറച്ചു തേങ്ങ ചിരകിയതും വിതറി ചായയ്‌ക്കൊപ്പം കഴിക്കാം.  https://noufalhabeeb.blogspot.com/?m=1

Thursday, January 20, 2022

മുട്ട വട

വെറും 10 മിനിറ്റ്‌ കൊണ്ട്‌ നല്ല മൊരിഞ്ഞ മുട്ട വട എങ്ങനെ തയ്യാർ ആക്കാം എന്ന് നോക്കാം . വൈകിട്ടത്തെ ചായക്ക്‌ ബെസ്റ്റ്‌ ആണ്‌.

                    ചേരുവകൾ  

മുട്ട - 4 എണ്ണം

സവാള -1 എണ്ണം

മുളക് പൊടി -1 ടീസ്പൂൺ

ഗരം മസാല - അര ടീസ്പൂൺ

ഇഞ്ചി - ചെറിയ കഷ്ണം

പച്ചമുളക് - 1 എണ്ണം

കറിവേപ്പില - ആവശ്യത്തിന്‌

കടലമാവ് - 1 ടേബിൾസ്പൂൺ

അരിമാവ് - 1 ടേബിൾസ്പൂൺ

ഉപ്പ് - ആവശ്യത്തിന്‌

               തയ്യാറാക്കുന്ന വിധം

മൂന്ന് പുഴുങ്ങിയ മുട്ട നന്നായി ഗ്രേറ്റ് ചെയ്തു വെയ്ക്കുക. അതിൽ ഒരു സവാള പൊടിയായി അരിഞ്ഞത് ചേർക്കുക ഒപ്പം മുളക്പൊടി,  ഗരം മസാല , ഇഞ്ചി ,പച്ചമുളക് , കറിവേപ്പില , കടലമാവ് , അരിമാവ് എന്നിവ ചേർക്കുക.അതിലേക്ക്‌ പാകത്തിന് ഉപ്പും ചേർത്ത്  എല്ലാം കൂടി  നല്ല വണ്ണം മിക്സ്‌ ചെയ്യുക.

അതിൽ ഒരു മുട്ട പൊട്ടിച്ചത്  കൂടി ചേർത്ത് നന്നായി കുഴയ്ക്കുക.  ശേഷം നന്നായി ഉരുട്ടി ഷേപ്പ് ചെയ്ത ശേഷം ഓയിലിൽ ഫ്രൈ ചെയ്ത് അടുക്കുക.     https://noufalhabeeb.blogspot.com/?m=1

Monday, January 17, 2022

ചിക്കൻ മടക്ക്

മടക്ക്‌ കഴിക്കാത്തവർ കുറവായിരിക്കും  . സാധാരണ നാം ഫില്ലിംഗ്‌ ആയി ശർക്കര തേങ്ങ  എന്നിവയൊക്കെ ആണ്‌ വക്കാറ്‌ . ഇന്ന് നമുക്ക്‌ ചിക്കൻ വച്ച്‌ മടക്ക്‌ തയ്യാറാക്കി നോക്കാം. ഗോതമ്പ്‌ പൊടി കൊണ്ടാണ്‌ നാം മാവ്‌ തയ്യാറാക്കുന്നത്‌..

             ചേരുവകൾ  

ഗോതമ്പുപൊടി  -- 1 ½ കപ്പ്

വെളിച്ചെണ്ണ  -- 1 ടേബിൾസ്പൂൺ

ഉപ്പ് - ആവശ്യത്തിന്‌

വെള്ളം - ആവശ്യത്തിന്‌

ചിക്കൻ -- 250 ഗ്രാം

മഞ്ഞൾ പൊടി -- ¼ ടീസ്പൂൺ

കുരുമുളക് പൊടി - ഒരു നുള്ള്‌

ഉപ്പ് - ആവശ്യത്തിന്‌

ഇഞ്ചി -- 1 ടേബിൾസ്പൂൺ

വെളുത്തുള്ളി  --  1 ടേബിൾസ്പൂൺ

പച്ചമുളക് -- 3 എണ്ണം

സവാള -- 2 എണ്ണം

മഞ്ഞൾ പൊടി -- ¼ ടീസ്പൂൺ

മുളക് പൊടി -- 1 ടീസ്പൂൺ

ചിക്കൻ മസാല -- 1 ടീസ്പൂൺ

ഗരം മസാല --  ½ ടീസ്പൂൺ

കറി വേപ്പില - ആവശ്യത്തിന്‌

ഉപ്പ് - ആവശ്യത്തിന്‌

വെളിച്ചെണ്ണ - ആവശ്യത്തിന്‌

            തയ്യാറാക്കുന്ന വിധം

ചിക്കൻ  കുരുമുളക് പൊടിയും ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത്  വേവിച്ചെടുത്തു ചെറുതായി മുറിച്ചെടുക്കണം .

ഒരു ബൗളിലേക്കു ഗോതമ്പു പൊടിയും ഉപ്പും ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് മിക്സ് ചെയ്ത ശേഷം കുറേശേ വെള്ളം ചേർത്ത് ചപ്പാത്തി മാവു പോലെ കുഴച്ചെടുക്കുക .

ഇനി മസാല തയ്യാറാക്കാൻ ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം ഇഞ്ചി ,വെളുത്തുള്ളി ,സവാള ,പച്ചമുളക് ,കറി വേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക .(ഉപ്പും കൂടി ചേർത്താൽ വേഗം വഴന്നു കിട്ടും)

ഇതിലേക്ക് മഞ്ഞൾ പൊടി ,മുളക് പൊടി ,ചിക്കൻ മസാല  ,ഗരം മസാല എന്നിവ ചേർത്ത് ഒന്നുകൂടി വഴറ്റുക.

മസാല പൊടികൾ മൂത്തു കഴിഞ്ഞാൽ ചിക്കൻ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക .അപ്പോൾ ഫില്ലിംഗ് റെഡി ആയി .

ഇനി മാവിൽ നിന്നും കുറച്ചെടുത്തു ഒരു പപ്പടത്തിന്റെ വലുപ്പത്തിൽ പരത്തി   ഇതിന്റെ  നടുവിലായി ചിക്കൻറെ ഫില്ലിംഗ് വച്ചുകൊടുത്തു ഒന്ന് മടക്കി സൈഡ് നന്നായി പ്രസ് ചെയ്ത ശേഷം ഒരു ഫോർക് കൊണ്ട് ഒന്ന് കൂടി സൈഡ് അമർത്തി കൊടുക്കുക .അച്ചിൽ വച്ച്‌ പ്രസ്‌ ചെയ്താൽ പെർഫക്റ്റ്‌ ആയിരിക്കും.

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി സ്നാക്ക് ഫ്രൈ ചെയ്തു എടുക്കുക . https://noufalhabeeb.blogspot.com/?m=1

Friday, January 14, 2022

ദോശമാവ്‌ ഉണ്ണിയപ്പം

ഇന്ന് നമുക്ക്‌ ദോശ മാവ് വെച്ച് എളുപ്പത്തിൽ  ഉണ്ണിയപ്പം ഉണ്ടാക്കിയാലോ... എങ്ങനെ തയ്യാർ ആക്കാം എന്ന് നോക്കാം..

                      ചേരുവകൾ 

ദോശമാവ് - 1കപ്പ്‌

ഗോതമ്പു പൊടി - 1/2 കപ്പ്‌

ശർക്കര പാനി - 3/4 ഗ്ലാസ്‌

തേങ്ങ വറുത്തത് - 1ടേബിൾ സ്പൂൺ

ഉപ്പ് - ഒരു നുള്ള്

            തയ്യാറാക്കുന്ന വിധം

ദോശ മാവിൽ ഗോതമ്പു പൊടിയും ശർക്കര പാനിയും, തേങ്ങ വറുത്തതും  ഒരു നുള്ള് ഉപ്പ് കൂടി ചേർത്തു ഇളക്കി കൂട്ട് റെഡി ആക്കാം 

ഉണ്ണി അപ്പ ചട്ടിയിൽ ഓയിൽ ഒഴിച്ച് നന്നായി എണ്ണ ചൂടാകുമ്പോൾ മാവ് ഒഴിച്ച് ഉണ്ണി അപ്പം ചുട്ടു എടുക്കാം.

ചൂടോടെ  കഴിക്കാൻ നല്ല രുചി ആണ്.  https://noufalhabeeb.blogspot.com/?m=1

Sunday, January 9, 2022

റവയപ്പം

റവയും ശർക്കരയും പിന്നെ വീട്ടിലുള്ള വേറെ ചേരുവകളും വച്ച് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി പലഹാരം ആണിത്‌. ഇത്‌ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

                       ചേരുവകൾ 

റവ - 1 കപ്പ്

വെള്ളം - 1 കപ്പ്

ശർക്കര - 1 കപ്പ്

ഏലക്ക പൊടി - 1 ടീസ്പൂൺ

നെയ്യ് - 1 ടീസ്പൂൺ

ഉപ്പ്‌ - ഒരു നുള്ള്

                    ഉണ്ടാക്കുന്ന വിധം

1. ശർക്കര വെള്ളം ഒഴിച്ച് നന്നായിട്ട് ഉരുക്കി എടുത്തു ശർക്കര പാനി ഉണ്ടാക്കുക.

2. ആ ശർക്കര പാനിയിലെക്കു റവ ചേർത്ത് ഇളക്കുക . എന്നിട്ട് മൂടി വച്ച് വേവിക്കുക.

3. റവ ഒക്കെ വെന്ത് ശർക്കര പാനി ഒക്കെ വറ്റി  വരുമ്പോൾ ഏലക്കാപൊടിയും ഒരു നുള്ള് ഉപ്പും നെയ്യും ചേർത്ത് ഇളക്കി തീ കെടുത്തി തണുക്കാൻ മാറ്റി വക്കുക.

4. തണുത്തതിനു ശേഷം കൈ കൊണ്ട് നന്നായിട്ട് കുഴക്കുക . എന്നിട്ട് ഓരോ ഉരുളകൾ ആക്കി എടുത്തു വട്ടത്തിൽ ആക്കി എടുക്കുക.

5. നല്ല ചൂടായ എണ്ണയിലേക്ക് ഇട്ടു മീഡിയം തീയിൽ വറുത്തു എടുക്കുക.   https://noufalhabeeb.blogspot.com/?m=1

Saturday, January 8, 2022

പപ്പായ ഹൽവ

നമുക്കിന്ന് അൽപ്പം മധുരം ആയാലൊ... നാം ഇന്ന് പപ്പായ ഉപയോഗിച്ച്‌ ഒരു ഹൽവ ആണ്‌ തയ്യാറാക്കുന്നത്‌.

                         ചേരുവകൾ   

പപ്പായ -1/2 കിലോ (നന്നായി പഴുത്തത് )

പഞ്ചസാര -1/2 കപ്പ്

നെയ്യ് -3 ടേബിൾ സ്പൂൺ

ഏലക്കാപ്പൊടി -1/2 ടീസ്പൂൺ

കോൺഫ്ലോർ -2 ടേബിൾ സ്പൂൺ

പാൽ -1/2 കപ്പ്

                  ഉണ്ടാക്കുന്ന വിധം

പപ്പായ  കുരുവും തൊലിയും കളഞ്ഞു കഷണങ്ങളാക്കി മിക്സിയിൽ അരച്ചെടുക്കുക.

അതിനു ശേഷം ഒരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ നെയ്യൊഴിച്ചു ചൂടാകുമ്പോൾ അതിലേക്ക്‌ അരച്ച് വെച്ച പപ്പായ ചേർത്ത്  നന്നായി ഇളക്കുക.

അര ടീസ്പൂൺ ഏലക്കാപ്പൊടി ചേർത്ത് കൊടുക്കുക .വെള്ളം വറ്റി വരുമ്പോൾ ഒരു സ്പൂൺ നെയ്യും കൂടി ചേർക്കുക .അതിനു ശേഷം അര കപ്പ് പഞ്ചസാര ചേർത്ത് ഇളക്കി കൊടുക്കുക.

അതിന്‌ ശേഷം 2 ടേബിൾ സ്പൂൺ കോൺഫ്ലോർ അര കപ്പ് പാലിൽ ചേർത്ത് നന്നായി മിക്സ് ചെയ്‌തു പപ്പായ കൂട്ടിൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ഒരു സ്പൂൺ നെയ്യും കൂടി ചേർത്ത് യോജിപ്പിക്കുക.

പാത്രത്തിൽ നിന്നും വിട്ടു വരുന്ന പരുവമാകുമ്പോൾ നെയ്യ് പുരട്ടിയ പാത്രത്തിലേക്ക്‌ മാറ്റി വക്കാം .

ഇനി അണ്ടിപ്പരിപ്പും മുന്തിരിയും കൊണ്ട് അലങ്കരിച്ചു , തണുത്തതിനു ശേഷം മുറിച്ചുപയോഗിക്കാവുന്നതാണ് .    https://noufalhabeeb.blogspot.com/?m=1

Wednesday, January 5, 2022

അയല മീൻ തോരൻ

അയലമീൻ തോരൻ വച്ച്‌ കഴിച്ചിട്ടുണ്ടൊ..? നല്ല അടിപൊളി ടേസ്റ്റ്‌ ആണ്‌ ....നമുക്കിന്ന് അയല തോരൻ വക്കുന്ന രീതി ഒന്ന് നോക്കാം.

                 ചേരുവകൾ   

അയല മീൻ - 3 എണ്ണം

വെള്ളം - 1കപ്പ്‌

പുളി:1 എണ്ണം

മുളക്പൊടി - 1ടേബിൾ സ്പൂൺ

മഞ്ഞൾപൊടി - 3/4 ടേബിൾ സ്പൂൺ

ഉപ്പ് - പാകത്തിന്

ചിരവിയ തേങ്ങ- 1കപ്പ്‌

പച്ചമുളക്- 2 എണ്ണം

വെളുത്തുള്ളി - 4അല്ലി

ഇഞ്ചി - 1ചെറിയ കഷ്ണം

കറിവേപ്പില - 2 തണ്ട്‌

വെളിച്ചെണ്ണ  - 3 ടേബിൾ സ്പൂൺ

ചെറിയുള്ളി - 10, ചതച്ചത്‌

കടുക് - 1ടീസ്പൂൺ

ഉണക്ക മുളക് ചതച്ചത്- 1ടീസ്പൂൺ

              തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ചട്ടിയെടുത്ത് അതിലേക്ക് വെള്ളം ചേർക്കാം. ഇനി ഇതിലേക്ക് പുളിയും മുളക് പൊടിയും മഞ്ഞൾപൊടിയും ഉപ്പും ചേർത്തു നന്നായി തിളപ്പിക്കാം.

ഇനി ഇതിലേക്ക് കഴുകി വൃത്തിയാക്കിയ മീൻ ഇട്ട് വേവിച്ചു വെള്ളം മുക്കാൽ ഭാഗം വറ്റിച്ചെടുക്കാം.

ഇനി മീനിൽനിന്ന് മുള്ളുകൾ ഒഴിവാക്കാം. എന്നിട്ട് മീൻ പിച്ചിയെടുക്കാം.ഇതിൽ ബാക്കിയുള്ള ഗ്രേവി മാറ്റി വെക്കാം.

ഇനി തേങ്ങ ചിരവിയതെടുക്കാം. അതിലേക്ക് പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ ഇട്ട് വെള്ളം ചേർക്കാതെ ചതച്ചെടുക്കാം.

ഇനി ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാവുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച്‌ അതിലേക്ക് കടുക്, കറിവേപ്പില എന്നിവ ചേർത്തു പൊട്ടിച്ചെടുക്കാം. ഇനി ഇതിലേക്ക് ചെറിയുള്ളി ചതച്ചത് ഇട്ട് നന്നായി വഴറ്റാം.

ഇനി ഇതിലേക്ക്  നമ്മൾ നേരത്തെ എടുത്ത്‌ വച്ച ഗ്രേവി ചേർക്കാം. പുളി ചേർക്കേണ്ട.

എന്നിട്ട് നന്നായി വഴറ്റിയ ശേഷം ഇതിലേക്ക് മീൻ ചേർത്തു വഴറ്റാം.

ഇനി ഇതിലേക്ക് ചതച്ച തേങ്ങ കൂടി ചേർത്ത് നന്നായി വഴറ്റാം.

അവസാനം നമുക്ക്‌ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച്‌ നന്നായി മോരിയിച്ചെടുക്കാം.

നല്ല ടേസ്റ്റി ആയിട്ടുള്ള മീൻ തോരൻ തയ്യാർ.

 https://noufalhabeeb.blogspot.com/?m=1