ഒരു പറ ചോറുണ്ണാം ; പച്ചമാങ്ങ കൊണ്ട് കൊതിയൂറും അമ്പ്യാ ഗൊജ്ജു തയ്യാറാക്കാം
അമ്പ്യാ ഗൊജ്ജു
മാമ്പഴക്കാലം തുടങ്ങാന്‍ പോവുകയാണല്ലോ. പണ്ടൊക്കെ മാമ്പഴകാലമെന്നാല്‍ പറമ്പിലെ പല മാവുകളിലെ കണ്ണിമാങ്ങയും കുഞ്ഞു പച്ചമാങ്ങയും വിളഞ്ഞ പച്ചമാങ്ങയും കടന്ന് പഴുത്ത മാമ്പഴങ്ങള്‍ ഞെട്ടറ്റു വീഴും വരെ വിവിധ രുചികളുടെ ദിവസങ്ങള്‍ കൂടെ ആയിരുന്നു.
അച്ചാറും തൊടുകറികളും കൂട്ടുകറികളും ഒക്കെ കഴിഞ്ഞു പല തരം പഴമാങ്ങാ കറികളും ഉണ്ടാക്കി കഴിഞ്ഞാലും തീരാത്ത മാമ്പഴങ്ങള്‍ കുന്നു കൂടുമ്പോൾ മാമ്പഴചാറു പായയിലൊഴിച്ചു വെയിലത്തുണക്കിയും എടുക്കും. ആ വര്‍ഷം മുഴുവനും ഇടയ്‌ക്കെടുത്തു നുണയാന്‍.
കണ്ണിമാങ്ങപരുവം കഴിഞ്ഞു മാങ്ങ അല്പമൊന്നു വിളഞ്ഞു മാങ്ങാണ്ടിയൊക്കെ ഉറച്ചു തുടങ്ങുന്ന ആ പരുവത്തില്‍ എത്തുമ്പോഴുണ്ടാക്കുന്ന ഒരു സ്‌പെഷ്യല്‍ വിഭവമുണ്ട്, 'അമ്പ്യാ ഗൊജ്ജു '. 'അമ്പൊ ' എന്നാല്‍ പച്ചമാങ്ങാ. ഗൊജ്ജു എന്നാല്‍ ഉടച്ചു കറികള്‍ക്കുള്ള കൊങ്കണിയിലെ വിളിപ്പേര്.
എരിവും പുളിയും കൂടെ നടത്തുന്ന മാമാങ്കം തന്നെയാണ് ഈ പച്ചമാങ്ങാ ഗൊജ്ജു. ചോറിനൊപ്പം തൊടുകറി ആയാണ് വിളമ്പുക. ഒരുപാടൊന്നും വേണ്ട, ഒരിത്തിരി തളികയുടെ ഒരു മൂലയിൽ വിളമ്പിയാല്‍ ഒരു പറ ചോറുണ്ണാം.
പാചകരീതിയിലേക്ക്
ചേരുവകള്‍
1.പച്ചമാങ്ങാ - ഒരെണ്ണം വലുത്
2. വറ്റല്‍മുളക് - 3-4 എണ്ണം
3. പച്ചമുളക് - 3-4 എണ്ണം
4.കായപ്പൊടി - 1 ടീസ്പൂൺ
5.വെളിച്ചെണ്ണ - 2-3 ടീസ്പൂണ്‍
6. ഉപ്പ് ആവശ്യത്തിന്
പാചകരീതി
പച്ചമാങ്ങ പ്രഷര്‍ കുക്കറില്‍ ആവശ്യത്തിന് വെള്ളമൊഴിച്ചു മുഴുവനോടെ വേവിയ്ക്കുക ( തൊലി കളയാതെ).ഒരൊറ്റ വിസില്‍ മതിയാകും.വറ്റല്‍ മുളക് ഒരല്പം വെളിച്ചെണ്ണ ചൂടാക്കി ചെറുതായി ഒന്ന് വറുത്തെടുക്കുക.
മാങ്ങയുടെ ചൂടാറിയതിന് ശേഷം മാങ്ങയുടെ തൊലി കളഞ്ഞു അകത്തെ മാംസളമായ ഭാഗം എടുക്കുക.മാങ്ങയണ്ടിയും എടുക്കാം.
ഇനി മാങ്ങാ വേവിച്ച വെള്ളത്തില്‍ നിന്ന് ഒരു അരകപ്പ് വെള്ളമെടുത്തു അതില്‍ വറ്റല്‍മുളക് ചേര്‍ത്ത് കൈ കൊണ്ട് നന്നായി ഞെരടിയെടുക്കുക.( കൈ കൊണ്ടല്ലെങ്കില്‍ അടിഭാഗം നല്ല കട്ടിയുള്ള ഗ്ലാസ് വെച്ചോ ചെറിയ ഇടികല്ല് വെച്ചോ ഞെരടി എടുക്കാം).
ഇനി ഇതിലേക്ക് മാങ്ങാ ഉടച്ചതും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്‌തെടുക്കാം. വീണ്ടും പച്ചമുളക് വട്ടത്തില്‍ അരിഞ്ഞതും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക.
ഉപ്പു ചേര്‍ത്ത് ,കായവും ചേര്‍ത്ത്, വെള്ളം ആവശ്യമുണ്ടെങ്കില്‍ അതും ചേര്‍ത്ത് നല്ല കുറുകി നില്‍ക്കുന്ന പരുവത്തില്‍ എടുക്കുക. മീതെ പച്ചവെളിച്ചെണ്ണയും ഒഴിക്കാം . ഗൊജ്ജു റെഡി.
ശ്രദ്ധിക്കുക : എരിവിനുള്ള ചേരുവകള്‍ പച്ചമാങ്ങയുടെ പുളിപ്പിന് അനുസരിച്ചും അവനവന്റെ സ്വാദിനനുസരിച്ചും നിങ്ങള്‍ക്ക് മാറ്റം വരുത്താം . https://noufalhabeeb.blogspot.com/?m=1