Saturday, February 11, 2023

സന്നൺ

കുട്ടികള്‍ക്ക് നാലുമണി പലഹാരമായി മധുരമൂറും സന്നണ്‍...

കുട്ടികള്‍ക്ക് വൈകീട്ട് സ്‌കൂള്‍ വിട്ടു പോരുമ്പോള്‍ കഴിക്കാനുള്ള പലഹാരം എന്നും ആകര്‍ഷണീയമാകുന്നതിനൊപ്പം തന്നെ പോഷകഗുണമേറുന്നതുമായിരിക്കണം. രുചിക്കൊപ്പം ഗുണങ്ങളും കൂടെ ആകുമ്പോള്‍ അവരും ഇഷ്ടത്തോടെ കഴിക്കും. അത്തരം പലഹാരം തേടി പഴമേലോട്ട് പോയാല്‍ നമ്മള്‍ ചെന്നെത്തുക ആവിയില്‍ വേവിയ്ക്കുന്ന പലഹാരങ്ങളില്‍ ആയിരിക്കും. അതില്‍ തന്നെ നല്ല മധുരമുള്ള കിണ്ണത്തപ്പം ആയാലോ? പിന്നൊന്നും നോക്കണ്ട. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന രുചിയായി അത് മാറും.

അത്തരത്തിലുള്ള ഒരു കിണ്ണത്തപ്പമാണ് ഇന്ന് പരിചയപ്പെടുത്തുന്ന കൊങ്കണി രുചിയായ 'സന്നണ്‍ '. നുറുക്ക് ഗോതമ്പ് ആണിതിലെ പ്രധാന താരം. നുറുക്ക് ഗോതമ്പിന്റെ പോഷക ഗുണങ്ങള്‍ നമുക്ക് അറിയാവുന്നതാണല്ലോ. ശര്‍ക്കരയും തേങ്ങയും കൂടെ അരച്ച് ചേര്‍ത്ത് മാവ് തളികേലൊഴിച്ചു ആവിയില്‍ വേവിച്ചെടുക്കണം. മുറിച്ച് കഷ്ണങ്ങള്‍ ആക്കി ചൂട് ശര്‍ക്കര കാപ്പിയുടെ കൂടെ കഴിക്കണം. ഹാ! എന്ത് രുചിയാണെന്നോ!

പാചകരീതിയിലേക്ക് :

        ചേരുവകള്‍

1. നുറുക്ക് ഗോതമ്പ് - 2 കപ്പ്

2.തേങ്ങ തിരുമ്മിയത് - ഒന്നര കപ്പ്

3.ശര്‍ക്കര - 250 ഗ്രാം

4.ഏലയ്ക്ക - 4- 6 എണ്ണം

5.ഉപ്പ് - ഒരു നുള്ള്

നുറുക്ക് ഗോതമ്പ് കഴുകി മൂന്ന് മണിക്കൂറോളം വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കണം.

അതിനു ശേഷം തേങ്ങയും ശര്‍ക്കരയും ഏലയ്ക്കയും ഒരുമിച്ചു നന്നായി അരയ്ക്കണം.

ഇതിലേക്ക് നുറുക്ക് ഗോതമ്പു ചേര്‍ത്തു അരയ്ക്കണം .

എന്നാല്‍ ഗോതമ്പു കൂടുതല്‍ അരയരുത്.അല്പം തരുതരുപ്പായി വേണം അരയ്ക്കാന്‍ .

മാവ് നല്ല കട്ടിയായി ഇഡ്ഡലി മാവിന്റെ അയവിലായിരിക്കണം ഇരിക്കേണ്ടത് .

മാവിലേക്ക് ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക.ഇനി മാവ് ഒരു പാത്രത്തിലാക്കി ഒരു മണിക്കൂര്‍ നേരത്തേക്ക് അടച്ചു വെയ്ക്കണം.

ഒരു മണിക്കൂറിനു ശേഷം ഒരു കിണ്ണമെടുത്തു നെയ്മയം പുരട്ടി മാവ് അതിലേക്ക് ഒഴിച്ച് ഇഡ്ഡലി ചെമ്പില്‍ വെച്ച് ഒരു 20- 25 മിനിറ്റുകളോളം വേവിക്കാം.

അല്പം ചൂടാറിയതിന് ശേഷം ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചു കഴിക്കാം.

 ശ്രദ്ധിക്കുക :

ശര്‍ക്കരയില്‍ കരടുണ്ടെങ്കില്‍ അത് അല്പം വെള്ളമൊഴിച്ചു ചൂടാക്കി അരിച്ചെടുക്കാം. പാനിയാക്കേണ്ടതില്ല.  https://noufalhabeeb.blogspot.com/?m=1

No comments:

Post a Comment