Tuesday, May 30, 2023

ചെമ്മീന്‍ ബിരിയാണി

രുചിയൂറും ചെമ്മീന്‍ ബിരിയാണി എളുപ്പത്തിൽ ഉണ്ടാക്കാം

മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ടതാണ് ചെമ്മീന്‍. വിലയല്‍പ്പം കൂടിയാലും ചെമ്മീന്‍ വിഭവങ്ങള്‍ മലയാളിയുടെ ദൗര്‍ബ്ബല്യം ആണ്.

    ആവശ്യമുള്ള സാധനങ്ങള്‍

1. ചെമ്മീന്‍ 500 ഗ്രാം

2. ബസുമതി
അരി(ബിരിയാണി അരി) 3 കപ്പ്

3. നെയ്യ് 5 ടീസ്പൂണ്‍

4. സവാള 1 വലുത്

5. തക്കാളി 1 വലുത്

6. പച്ചമുളക് അഞ്ചെണ്ണം

7. ഇഞ്ചി ഒരു ചെറിയ കഷണം

8. വെളുത്തുള്ളി 4അല്ലി

9. മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍

10. മുളക് പൊടി ഒരു ടീസ്പൂണ്‍

11. കശുവണ്ടിപ്പരിപ്പ് 10എണ്ണം

12. തേങ്ങാപ്പാല്‍ 1 കപ്പ്

13. മല്ലിയില ആവശ്യത്തിന്

14. പുതിനയില ആവശ്യത്തിന്

15. വെള്ളം 5 കപ്പ്

16. ഏലയ്ക്ക 2എണ്ണം

17. കറുവപ്പട്ട രണ്ടു കഷണം

18. ഗ്രാമ്പൂ 3 എണ്ണം

       തയ്യാറാക്കുന്ന വിധം

ചെമ്മീന്‍ നന്നായി തൊലികളഞ്ഞ് കഴുകി വെള്ളം വാലാന്‍ വയ്ക്കുക. അരിയും നന്നായി കഴുകി വെള്ളം പോകാന്‍ വയ്ക്കണം. ചെമ്മീന്‍ അല്പം മുളക് പൊടിയും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് എണ്ണയില്‍ പകുതി വേവാകുന്നത് വരെ വറുക്കുക.

പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ അരച്ച് ഒരുമിച്ച് പേസ്റ്റാക്കുക. പ്രഷര്‍ കുക്കര്‍ ചൂടാകുമ്പോള്‍ 5 ടീസ്പൂണ്‍ നെയ്യ് ഒഴിയ്ക്കുക. ഇതിലേയ്ക്ക് ഏലയ്ക്ക , ഗ്രാമ്പൂ, കറുവപ്പട്ട കഷണങ്ങള്‍ എന്നിവ ഇട്ട്, കുറച്ച് നേരം വറുക്കുക. ഇതിലേയ്ക്ക് അരിഞ്ഞുവച്ച സവാളയിട്ട് വീണ്ടും നന്നായി ഇളക്കുക.
സവാള നന്നായി വഴന്നു ബ്രൌണ്‍ നിറമായാല്‍ അതിലേയ്ക്ക് തക്കാളി കഷണങ്ങള്‍ ചേര്‍ത്ത് ഉപ്പും ചേര്‍ത്ത് വീണ്ടും ഇളക്കുക. ഇവ നന്നായി വഴന്നുകഴിഞ്ഞാല്‍ അതിലേയ്ക്ക് വറുത്തു വച്ച ചെമ്മീനും തയ്യാറാക്കിവച്ച പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവയും ചേര്‍ക്കുക. നന്നായി ഇളക്കിക്കൊടുക്കുക.

പച്ചമണം മാറുമ്പോള്‍ ഇതിലേയ്ക്ക് അരി ചേര്‍ത്ത് നന്നായി ഇളക്കണം. പിന്നീട് തേങ്ങാപ്പാല്‍, വെള്ളം, മല്ലിയില, പുതിനയില എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി കുക്കര്‍ അടച്ച് വെയ്റ്റ് ഇട്ട് രണ്ട് വിസിലുകള്‍ വന്ന് കഴിയുമ്പോള്‍ മാറ്റിവച്ച് ചൂട് മാറിയശേഷം എടുത്ത് നന്നായി ഇളക്കി വിളമ്പുക. ബിരിയാണി ഉണ്ടാക്കാന്‍ നല്ല വലുപ്പമുള്ള ചെമ്മീന്‍ തിരഞ്ഞെടുക്കുക. ഇതിന് രുചി കൂടും.
https://t.me/+jP-zSuZYWDYzN2I0

Sunday, May 28, 2023

മീൻ തലക്കറി

ഷാപ്പിലെ കറിയെക്കാൾ അടിപൊളി! മീൻ തലക്കറി ഇങ്ങനെ ഉണ്ടാക്കി നോക്കൂ.

  കേരളീയർക്ക് മീൻ കറിയെക്കാളും കൂടുതൽ ഇഷ്ടം മീനിന്റെ തലക്കറി ആയിരിക്കും. ഇത് പലരും പറഞ്ഞു കേട്ടിട്ടുള്ളതാണ്. എങ്ങനെയാണ് ഷാപ്പിലെ മീൻ കറിയും ഹോട്ടലിലെ മീൻകറിയും ഇത്രയും സ്വാദ് ? ഈ മീൻ കറിയുടെ പേരിൽ അല്ലെങ്കിൽ തലക്കറിയുടെ പേരിൽ ഫേമസ് ആയിട്ടുള്ള സ്ഥലങ്ങൾ പോലും ഉണ്ട്. അങ്ങനെ അത് അത്രമാത്രം അറിയപ്പെടുന്നതെങ്കിൽ ആ കറിയിൽ ചേർക്കുന്ന ചേരുവകളുടെ പ്രത്യേകത കൊണ്ടായിരിക്കണം. ആ ഒരു പ്രത്യേകത എന്താണ് എന്നാണ് നമ്മൾ നോക്കേണ്ടത്.

ആദ്യമായി ഏതെങ്കിലും ഒരു വലിയ മീനിന്റെ തല മാത്രമായി മാറ്റി ക്ലീൻ ചെയ്ത് എടുത്തുവയ്ക്കുക. അതിനുശേഷം ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് പച്ച വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് പച്ചമുളക്, ചെറിയ ഉള്ളി, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി എന്നിവ നന്നായി വഴറ്റുക. ശേഷം ഇതിൽ തന്നെ, മഞ്ഞൾപ്പൊടിയും, ഉലുവപ്പൊടി, ജീരകത്തിന്റെ പൊടി, മുളക് പൊടി, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി ഇത്രയും ചേർത്ത് ഇത് നന്നായിട്ടൊന്ന് വഴറ്റിയെടുക്കുക. ഇത് നന്നായി വഴന്നു കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഉപ്പുകൂടെ ചേർത്തു കൊടുക്കണം.

നല്ലൊരു കളർ ആയി കഴിയുമ്പോൾ മാത്രം അതിലേക്ക് പുളി പിഴിഞ്ഞത് കൂടി ഒഴിച്ചു കൊടുക്കുക. ശേഷം ഇതൊന്നു ഇളക്കി യോജിപ്പിച്ച് തിളച്ചു കഴിഞ്ഞാൽ ഇതിലേക്ക് മീൻ തല വെച്ചുകൊടുത്ത് അതിനു മുകളിലായി കുറച്ച് തക്കാളി അരിഞ്ഞതും കുറച്ചു കറിവേപ്പിലയും ചേർത്തതിനു ശേഷം ചെറിയ തീയിൽ അടച്ചുവെച്ച് വേവിക്കുക. ഇടയ്ക്കിടെ ചട്ടി വട്ടം കറക്കി ഇളക്കുക. തവി ഇട്ട് ഇളക്കരുത്. ഒരു പുറം വെന്തു കഴിഞ്ഞാൽ മറ്റേ പുറവും തിരിച്ചു വെക്കുക. കറി വീണ്ടും മൂടി വെക്കുക. കറി വറ്റിയ ശേഷം കറിവേപ്പില തൂവി അൽപ്പം വെളിച്ചെണ്ണ കൂടി ഒഴിച്ച് ഇറക്കി വെക്കുക. അടിപൊളി മീൻ തലക്കറി റെഡിയായി. ചൂടോടെ ചോറിനൊപ്പവും കപ്പയുടെ ഒപ്പവും ഇത് കഴിക്കാം.
https://t.me/+jP-zSuZYWDYzN2I0

Saturday, May 27, 2023

ചമ്മന്തി

ബ്രേക്ക്ഫാസ്റ്റിന് മടുപ്പില്ലാതിരിക്കാൻ വെളുത്തുള്ളി ചമ്മന്തി മുതൽ ചുട്ടരച്ച ചമ്മന്തി വരെ 6 വെറൈറ്റി വിഭവം

മലയാളികളുടെ ഒരു പൊതുവികാരം തന്നെയാണ് ചമ്മന്തി. പാരമ്പര്യമായി നമ്മള്‍ പിന്തുടര്‍ന്നു വരുന്ന ഒരു കറിയുണ്ടെങ്കില്‍ അത് ചമ്മന്തി ആയിരിക്കും. കഞ്ഞി, ദോശ, ഇഡ്ഡലി, ബിരിയാണി ഇവയ്‌ക്കൊപ്പം മാത്രമല്ല എന്തിനും ഏതിനുമൊപ്പവും ഉപയോഗിക്കാം. കേരളത്തില്‍ പൊതുവേ കണ്ടുവരുന്ന കുറച്ച് ചമ്മന്തികളെ പരിചയപ്പെട്ടാലൊ…?

ഉള്ളി ചമ്മന്തി

          ചേരുവകള്‍:

ചെറിയ ഉള്ളി – 20 അല്ലി

ചുവന്ന മുളക് – 5 എണ്ണം

ഉപ്പ്, വെളിച്ചെണ്ണ – ആവശ്യത്തിന്

 തയാറാക്കുന്ന വിധം:

ചെറിയ ഉള്ളി, മുളക്, ഉപ്പ് എന്നിവ ചേര്‍ത്ത് അമ്മിയില്‍ത്തന്നെ അരച്ചെടുക്കണം. അതില്‍ വെളിച്ചെണ്ണ ചാലിച്ച് തൈരും ചേര്‍ത്ത് കുഴച്ചാല്‍ ഉള്ളിച്ചമ്മന്തിയായി.

ഉണക്കനെല്ലിക്ക കുരുമുളക് ചമന്തി

        ചേരുവകള്‍:

ഉണക്കനെല്ലിക്ക – എട്ടെണ്ണം

പച്ച കുരുമുളക് – ഒരു ടേബിള്‍സ്പൂണ്‍

തേങ്ങ – അരക്കപ്പ്

ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില – ആവശ്യത്തിന്

           തയാറാക്കുന്നവിധം:

ഉണക്കനെല്ലിക്ക വെള്ളത്തിലിട്ട് കുതിര്‍ത്തിയെടുക്കുക. ഉണക്കനെല്ലിക്കയും കുരുമുളകും മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. അതില്‍ നാളികേരം, ഉപ്പ്, കറിവേപ്പില എന്നിവ ചേര്‍ത്ത് ഒതുക്കിയെടുക്കുക. വെളിച്ചെണ്ണ ചാലിച്ച് ഉപയോഗിക്കാം

ഉണക്കച്ചെമ്മീന്‍പൊടി ചമ്മന്തി

          ചേരുവകള്‍:

ഉണക്കച്ചെമ്മീന്‍പൊടി -ഒരു കപ്പ്

ചിരകിയ നാളികേരം – ഒന്നര കപ്പ്

ചുവന്ന മുളക് – അഞ്ചെണ്ണം

കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ – ആവശ്യത്തിന്

വാളന്‍ പുളി – 10 ഗ്രാം

        തയാറാക്കുന്ന വിധം:

വെളിച്ചെണ്ണയില്‍ ചെമ്മീന്‍പൊടി വറുക്കുക. അതില്‍ ചുവന്ന മുളകും നാളികേരവും ചേര്‍ത്ത് ചൂടാക്കിയെടുക്കുക. വാളന്‍പുളിയും കറിവേപ്പിലയും ചേര്‍ത്ത് ചെമ്മീന്‍പൊടി നന്നായി ഒതുക്കിയെടുത്ത് അതില്‍ വെളിച്ചെണ്ണ ചേര്‍ത്ത് ചാലിച്ചാച്ചെടുക്കുക.

മാങ്ങാച്ചമ്മന്തി

        ചേരുവകള്‍:

പുളിയുള്ള പച്ചമാങ്ങ നുറുക്കിയത് – ഒരു കപ്പ്

ചിരകിയ നാളികേരം – ഒന്നരക്കപ്പ്

പച്ചമുളക് – 5 എണ്ണം

ഉപ്പ്, കറിവേപ്പില, വെളിച്ചെണ്ണ – ആവശ്യത്തിന്

ഇഞ്ചി – ഒരു കഷ്ണം

വെളുത്തുള്ളി – 3 അല്ലി

        തയാറാക്കുന്നവിധം:

നാളികേരം, പച്ചമാങ്ങ, പച്ചമുളക്, ഉപ്പ്, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് ഒതുക്കിയെടുക്കുക. നന്നായൊതുങ്ങിയ ചമ്മന്തിയില്‍ വെളിച്ചെണ്ണ ചേര്‍ത്താല്‍ നല്ല രുചിയേറും ചമ്മന്തി റെഡി.

തക്കാളി ചമ്മന്തി

          ചേരുവകള്‍:

പഴുത്ത തക്കാളി – രണ്ട് എണ്ണം

കുരുമുളക് – ഒരു ടീസ്പൂണ്‍

പച്ചമുളക് – രണ്ട് എണ്ണം

നാളികേരം – രണ്ട് കപ്പ്

കറിവേപ്പില – അര ടീസ്പൂണ്‍

വെളുത്തുള്ളി – നാല് അല്ലി

അരിഞ്ഞ മല്ലിയില – അര ടീസ്പൂണ്‍

ഉപ്പ്, വെളിച്ചെണ്ണ – ആവശ്യത്തിന്

        തയാറാക്കുന്ന വിധം:

തക്കാളി ചെറുതായി അരിയുക. നാളികേരം, തക്കാളി, പച്ചമുളക്, വെളുത്തുള്ളി, ഉപ്പ്, മല്ലിയില, കുരുമുളക് എന്നിവ നന്നായി അടിച്ചെടുക്കുക (നന്നായി അരഞ്ഞുപോകരുത്). കറിവേപ്പിലയും വെളിച്ചെണ്ണയും കുറച്ച് ചേര്‍ത്ത് ചാലിച്ചെടുത്താല്‍ തക്കാളിച്ചമ്മന്തി തൊട്ടുകൂട്ടാം.

വെളുത്തുള്ളി ചമ്മന്തി

       ചേരുവകള്‍:

വെളുത്തുള്ളി – 15 അല്ലി

പുളി – 20 ഗ്രാം

ചെറിയ ഉള്ളി – 10 ഗ്രാം

പച്ചമുളക് – 4 എണ്ണം

ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില – ആവശ്യത്തിന്

         തയാറാക്കുന്നവിധം:

വെളുത്തുള്ളി, പച്ചമുളക്, ഉള്ളി എന്നിവ ഉപ്പ് ചേര്‍ത്ത് ചതച്ചെടുക്കുക. കറിവേപ്പില, പുളി എന്നിവ ചേര്‍ത്ത് ചതച്ച ചമ്മന്തിയില്‍ വെളിച്ചെണ്ണ തൂവി ഉപയോഗിക്കാം.

ചുട്ടരച്ച ചമ്മന്തി

           ചേരുവകള്‍:

ചെറിയ ഉള്ളി – 20 അല്ലി

ചുവന്ന മുളക് – 5 എണ്ണം

ഉപ്പ്, വെളിച്ചെണ്ണ – ആവശ്യത്തിന്

         തയാറാക്കുന്ന വിധം:

ചെറിയ ഉള്ളി, മുളക്, ഉപ്പ് എന്നിവ ചേര്‍ത്ത് അമ്മിയില്‍ത്തന്നെ അരച്ചെടുക്കണം. അതില്‍ വെളിച്ചെണ്ണ ചാലിച്ച് തൈരും ചേര്‍ത്ത് കുഴച്ചാല്‍ ഉള്ളിച്ചമ്മന്തിയായി.

https://t.me/+jP-zSuZYWDYzN2I0

Wednesday, May 24, 2023

പ്രഭാത ഭക്ഷണം

സേമിയയും പാലും കൊണ്ട് അതീവ രുചികരമായ കിടിലൻ പ്രഭാത ഭക്ഷണം

സേമിയയും പാലും കൊണ്ട് തയ്യാറാക്കിയിട്ടുള്ള ഈ പലഹാരം വൈകുന്നേരങ്ങളിൽ സ്നാക്സായും രാവിലെ ബ്രേക്ക്ഫാസ്റ്റായും കഴിക്കാൻ വളരെ നല്ലതാണ്. കുട്ടികൾക്ക് ഏറെയിഷ്ടപ്പെടുന്ന ഈ ഭക്ഷണം ആരോഗ്യകരവുമാണ്.

     തയ്യാറാക്കുന്ന വിധം:

ഒരു കപ്പ് പാൽ അടുപ്പിൽ വെച്ച് തിളച്ചുവരുമ്പോൾ ഒരു കപ്പ് വറുക്കാത്ത സേമിയ ചേർത്ത് ഇളക്കുക. അതിനൊപ്പം മധുരത്തിന് ആവശ്യമായ പഞ്ചസാരയും കാൽ ടീസ്പൂൺ ഏലയ്ക്ക പൊടിച്ചതും ചേർത്ത് നല്ലപോലെ ഇളക്കുക. പാകത്തിന് വെന്ത് പാൽ വറ്റി വന്ന സേമിയ മാറ്റിവയ്ക്കുക. ശേഷം ഒരു പാത്രത്തിലേക്ക് 3 കോഴി മുട്ട പൊട്ടിച്ചൊഴിച്ച് അതിലേക്ക് മധുരത്തിന് ആവശ്യമായിട്ടുള്ള പഞ്ചസാര ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക. നേരത്തെ വേവിച്ചു വെച്ചിട്ടുള്ള സേമിയയെ അടിച്ചു വെച്ച മുട്ടയിലേക്ക് ചേർത്ത് കൊടുക്കുക.

പിന്നീട് കുറച്ച് നട്ട്സും,കിസ്മിസും കൂടി ചേർത്ത് നല്ലതു പോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു സോസ് പാൻ അടുപ്പിലേക്ക് വയ്ക്കുക. അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. ഇനി ഓയിൽ ചൂടായി വരുമ്പോൾ കലക്കി വെച്ചിട്ടുള്ള മുട്ട മിക്സിനെ പാനിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് അടച്ചുവെച്ച് 10 മിനിട്ടോളം ലോ ഫ്ളൈമിൽ വേവിച്ചെടുക്കുക.

പലഹാരത്തിൻ്റെ മുകൾ ഭാഗം കുറച്ചുകൂടി വെന്ത് വരേണ്ടതുണ്ട്. അതിനാൽ വേറൊരു പാൻ ചൂടാക്കിയശേഷം അതിലേക്ക് കുറച്ച് ഓയിൽ ചേർത്ത് കൊടുക്കുക. എന്നിട്ട് ഈ പലഹാരത്തിനെ അതിലേക്ക് മറിച്ചിട്ട് കൊടുക്കുക. എന്നിട്ട് രണ്ട് സൈഡും വേവിക്കുക. രണ്ടു ഭാഗവും നല്ലതു പോലെ വെന്തു മൊരിഞ്ഞു വരുമ്പോൾ ഫ്ലെയിം ഓഫ് ചെയ്ത് സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള മുട്ടയും പാലും കൊണ്ട് തയ്യാറാക്കിയ വളരെ രുചികരമായ ഈ പലഹാരം തയ്യാർ.
https://t.me/+jP-zSuZYWDYzN2I0

Tuesday, May 23, 2023

മട്ടണ്‍ രസം

മട്ടൺ സൂപ്പിന് സമയം ഏറെ എടുക്കുന്നോ? വിഷമിക്കേണ്ട, ആരോഗ്യത്തിന് അത്യുത്തമമായ മട്ടണ്‍ രസം എളുപ്പത്തിൽ തയ്യാറാക്കാം

തണുപ്പ് കാലത്തും മഴക്കാലത്തുമാണ് പലര്‍ക്കും ശരീര വേദനയും സന്ധിവേദനയും പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. ഇതിന്റെ പരിഹാരമായി പലരും മട്ടണ്‍ സൂപ്പ് ഉണ്ടാക്കി കഴിക്കാറുണ്ട്. എന്നാൽ ഇതിന് ഏറെ സമയമെടുക്കുമെന്നതിനാൽ, അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മട്ടണ്‍ രസം ശീലിക്കാം. ആഴ്ചയില്‍ ഒരു തവണ എന്ന തോതില്‍ മട്ടണ്‍ രസം കഴിക്കാം. ഇത് നിങ്ങള്‍ക്ക് മികച്ച ഗുണങ്ങള്‍ നല്‍കുന്നു.

വേദന കുറക്കുന്നതിനും ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും എല്ലാം നിങ്ങളെ ഈ മട്ടണ്‍ സൂപ്പ് സഹായിക്കുന്നു. അതുകൊണ്ട് തണുപ്പ് കാലത്ത് എല്ലാവരും നിര്‍ബന്ധമായും കഴിക്കേണ്ടതാണ് മട്ടണ്‍ സൂപ്പ്. ഇത് നിങ്ങളില്‍ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ഉണ്ടാക്കുന്ന വിധം:

      രസപ്പൊടി തയ്യാറാക്കാന്‍

1/2 ടീസ്പൂണ്‍ കുരുമുളക്
1/2 ടീസ്പൂണ്‍ ജീരകം
1/2 ടീസ്പൂണ്‍ മല്ലി
മുഴുവന്‍ 2 ഉണങ്ങിയ ചുവന്ന മുളക്. എല്ലാ ചേരുവകളും 4-5 മിനിറ്റ് കുറഞ്ഞ ചൂടില്‍ ചൂടാക്കുക. ശേഷം നല്ലതുപോലെ തണുപ്പിക്കുക. മസാലകള്‍ തണുക്കുമ്പോള്‍, ഒരു ബ്ലെന്‍ഡറില്‍ നല്ല പൊടിയായി പൊടിച്ച് മാറ്റി വെക്കണം.

        മട്ടണ്‍ സ്റ്റോക്കിന്:

300 ഗ്രാം മട്ടണ്‍ എല്ല്
4 കപ്പ് വെള്ളം
ഉപ്പ് പാകത്തിന്
1 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി. ഒരു പ്രഷര്‍ കുക്കറില്‍, മഞ്ഞള്‍, ഉപ്പ്, വെള്ളം എന്നിവ ഒഴിച്ച് 15-20 മിനിറ്റ് മട്ടണ്‍ എല്ലുകള്‍ വേവിക്കുക. തീ ഓഫ് ചെയ്ത് കുക്കറിലെ പ്രഷര്‍ സ്വാഭാവികമായി മാറിയതിന് ശേഷം ഇത് മാറ്റി വെക്കുക.

        താളിക്കാന്‍-

2 ടീസ്പൂണ്‍ എള്ളെണ്ണ

4-5 അല്ലി വെളുത്തുള്ളി അരിഞ്ഞത്

6-7 ചെറിയ ഉള്ളി അരിഞ്ഞത്

2 വലിയ തക്കാളി (അരിഞ്ഞത്)

ഉപ്പ് പാകത്തിന്

2 തണ്ട് മല്ലിയില.

ഒരു പാനില്‍ എള്ളെണ്ണ ചൂടാക്കി അരിഞ്ഞ വെളുത്തുള്ളി, ചെറിയ ഉള്ളി, കറിവേപ്പില എന്നിവ ചേര്‍ക്കുക. ഉള്ളി നല്ലതുപോലെ വഴറ്റിയ ശേഷം ഇതിലേക്ക് തക്കാളിയും ഉപ്പും ചേര്‍ത്ത് ഇളക്കുക. തക്കാളി വേവുന്നത് വരെ ഇളക്കുക. ശേഷം തയ്യാറാക്കിയ മസാല മിശ്രിതം ചേര്‍ത്ത് കുറച്ച് സമയം കൂടി വഴറ്റുക. എന്നിട്ട് മട്ടണ്‍ കൂടി ഇതിലേക്ക് ചേര്‍ത്ത് വെള്ളം ആവശ്യത്തിന് ഒഴിച്ച് മട്ടണില്‍ ധാരാളം വെള്ളം ചേര്‍ത്ത് എല്ലാ ചേരുവകളും സെറ്റ് ആവുന്നത് വരെ തിളപ്പിക്കുക. ശേഷം മല്ലിയില ചേര്‍ത്ത് തീ ഓഫ് ചെയ്യാം. മട്ടണ്‍ രസം തയ്യാര്‍.
https://t.me/+jP-zSuZYWDYzN2I0

Monday, May 22, 2023

പൊറോട്ട ഗ്രേവി

ഹോട്ടലുകളിൽ കയറി പൊറോട്ട കഴിച്ചാൽ അതിനൊപ്പം പല ഹോട്ടലുകാരും കൊടുക്കുന്ന ഗ്രേവി കഴിച്ചിട്ടില്ലേ ? എന്താ ടേസ്റ്റ്‌ അല്ലെ ? രണ്ട്‌ പൊറോട്ട കൂടി കഴിക്കാൻ തോന്നും ..


എന്നാൽ അതേ ഗ്രേവി നമുക്ക്‌ സ്വന്തമായി വീട്ടിൽ തന്നെ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം .

          വേണ്ട ചേരുവകൾ

സവാള - 1 എണ്ണം

തക്കാളി - 1 എണ്ണം

തേങ്ങാ - 1/2 കപ്പ്‌ അരിഞ്ഞത്‌

മഞ്ഞൾപൊടി - 1/2 ടീസ്പൂൺ

മല്ലിപൊടി - 1 ടീസ്പൂൺ

മുളകുപൊടി - 2 ടീസ്പൂൺ

ഗരം മസാല - 1 ടീസ്പൂൺ

പെരുംജീരകം - 1/2 ടീസ്പൂൺ

അണ്ടിപ്പരിപ്പ് - 1 എണ്ണം

പട്ട , ഗ്രാമ്പു - ആവശ്യത്തിന്‌

ഉപ്പു - ആവശ്യത്തിന്‌

എണ്ണ - ആവശ്യത്തിന്‌

         തയ്യാറാക്കുന്ന വിധം

ഒരു കുക്കറിൽ എണ്ണ ചൂടാക്കി bay leaf , പട്ട , ഗ്രാമ്പു എന്നിവ ഇടുക .
എന്നിട്ടു ഒരു സവാള നീളത്തിൽ അരിഞ്ഞതും കൂടി ഇട്ടു നന്നായി വഴറ്റുക

ഒരു പച്ചമുളക് ഇട്ടു വഴറ്റുക

ആവശ്യത്തിന് ഉപ്പും ഇട്ടു വഴറ്റുക .

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ടു നന്നായി വഴറ്റുക.

ഒരു തക്കാളി അരിഞ്ഞതും കൂടി ഇട്ടു വഴറ്റുക

തക്കാളി ഒന്ന് ഉടഞ്ഞാൽ അതിലേക്കു മഞ്ഞൾപൊടി,മല്ലിപൊടി,മുളകുപൊടി,ഗരം മസാല എന്നിവ ഇട്ടു പൊടിയുടെ പച്ച മണം പോവുന്നത് വരെ വഴറ്റുക .

എണ്ണ തെളിഞ്ഞു വരണം

എന്നിട്ടു അതിലേക്കു തേങ്ങാ , പെരുംജീരകം,അണ്ടിപ്പരിപ്പ് എന്നിവ ചേർത്തരച്ച പേസ്റ്റ് ഇടുക

ഒന്ന് വഴറ്റിയതിനു ശേഷം 2 കപ്പ് വെള്ളം ഒഴിക്കുക

അരിഞ്ഞ മല്ലി ഇല, പുതിന കൂടി ചേർത്ത് കുക്കർ അടച്ചു 3 വിസിൽ  വെക്കുക.
അടിപൊളി പൊറോട്ട ഗ്രേവി റെഡി.
https://t.me/+jP-zSuZYWDYzN2I0

Sunday, May 21, 2023

ഊത്തപ്പം

ഇന്ന് നമുക്ക്‌ ഊത്തപ്പം എങ്ങനെ ഉണ്ടാക്കാമെന്നും . അതിനെ കുറിച്ച്‌ ചില വിശദീകരണങ്ങളും നോക്കാം.

തെക്കെ ഇന്ത്യയിൽ പ്രധാനമായും തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു ഭക്ഷണവിഭവമാണ് ഊത്തപ്പം ദോശയുടെ പോലെ തന്നെ ഇരിക്കുന്ന ഒരു വിഭവമാണ് ഇത്. ഇതിന്റെ മാവ് ഉണ്ടാക്കുന്ന ഉഴുന്ന്, അരി 1:3 എന്ന അനുപാതത്തിൽ ചേർത്താണ് ഉണ്ടാക്കുന്നത്. . ഊത്തപ്പം ദോശയിൽ നിന്ന് വ്യത്യസ്തമായി നല്ല കട്ടിയിലാണ് ഉണ്ടാക്കുന്നത്. ദോശ ഉണ്ടാക്കുന്നതുപോലെ തട്ടിൽ മാവ് പരത്തിയാണ് ഉത്തപ്പവും ഉണ്ടാക്കുന്നത്. ഇതിന്റെ മുകളിൽ പിന്നീട് തക്കാളി, സവാള എന്നിവ ചെറുതായി അരിഞ്ഞ മിശ്രിതം രുചിക്ക് വേണ്ടി ചേർക്കുന്നു.

          തരങ്ങൾ

ഇതിന്റെ പല തരങ്ങളിൽ തക്കാളി, സവാള മിശ്രിതത്തിനു പകരം തേങ്ങയും ചേർക്കാറുണ്ട്. കൂടാതെ ചില തരങ്ങളിൽ പച്ചക്കറികളും മിശ്രിതമായി ചേർക്കുന്നു. വിദേശങ്ങളിൽ ഉത്തപ്പം ഇന്ത്യൻ പിറ്റ്‌സ എന്ന പേരിലും അറിയപ്പെടുന്നു.

മാവ് അരിയും ഉഴുന്നും മറ്റും തയ്യാറാക്കുന്നത് ഒഴിവാക്കി പെട്ടെന്നുണ്ടാക്കുന്ന രീതിയിൽ ഇതിന്റെ മാവ് മിശ്രിതം സാ‍ധാരണ ലഭ്യമാണ്. ഒരു സാധാരണ വലിപ്പമുള്ള ഉത്തപ്പത്തിൽ 180 കലോറി അടങ്ങുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിന്റെ കൂടെ സാധാരണ കഴിക്കാൻ കൂട്ടുന്നത് സാമ്പാർ, തേങ്ങ ചട്‌ണി എന്നിവയാണ്.

          ക്യാരറ്റ്‌ ഊത്തപ്പം

നമുക്ക്‌ ഇന്ന് ക്യാരറ്റ്‌ ഊത്തപ്പം ഉണ്ടാക്കുന്ന വിധം എങ്ങനെയെന്ന് നോക്കാം

              ചേരുവകൾ

1. കാരറ്റ് - ഒന്ന്

2. തക്കാളി - ഒന്ന്

3. പച്ചമുളക് - രണ്ട്

4. കറിവേപ്പില - ഒരു തണ്ട്

5. ഇഞ്ചി - ഒരു കഷണം

6. സവാള - ഒന്ന്

7. ക്യാപ്‌സിക്കം - ഒന്നിന്റെ പകുതി

           തയ്യാറാക്കുന്ന വിധം

രണ്ട് കപ്പ് അരിക്ക് ഒരു കപ്പ് ഉഴുന്ന് ചേര്‍ത്ത് ദോശമാവ് അരച്ചെടുക്കുന്ന പരുവത്തില്‍ അരച്ചെടുക്കുക. പച്ചക്കറികള്‍ പൊടിയായി അരിഞ്ഞ് മാറ്റിവെക്കുക. ദോശകല്ല് വെച്ച് ചൂടാകുമ്പോള്‍ നെയ്യ് പുരട്ടി ദോശ അല്‍പ്പം കനത്തില്‍ പരത്തുക. ഇതിന് മുകളില്‍ പച്ചക്കറി അരിഞ്ഞത് രണ്ട് സ്പൂണ്‍ വിതറുക. തിരിച്ചും മറിച്ചും ഇട്ട് മൊരിച്ചെടുക്കുക. ഏതാനും തുള്ളി നെയ്യോ എണ്ണയോ ഒഴിച്ചുകൊടുക്കുക. രുചിയൂറും ഊത്തപ്പം റെഡി. ചമ്മന്തി കൂട്ടി കഴിക്കാം.....
https://t.me/+jP-zSuZYWDYzN2I0

Saturday, May 20, 2023

വെജിറ്റബിൾ പനീർ പുലാവ്

വെജിറ്റബിൾ പനീർ പുലാവ്

        ചേരുവകൾ

1. പനീർ - 200 gm

2. ക്യാരറ്റ് - 1

3. ബീൻസ് - 6

4. ഉരുളക്കിഴങ് - 1

5. പീസ് കടല - 1/4 ഗ്ലാസ്‌

6. കോളിഫ്ലവർ / ബ്രോക്കോളി - 1/2 ( ചെറിയ പൂക്കൾ ആയി അടത്തി എടുത്തത് )

7. സവാള - 1

8. തക്കാളി - 1

9. പച്ചമുളക് - 6

10. ഇഞ്ചി - ഒരു കഷ്ണം

11. വെളുത്തുള്ളി - 5 അല്ലി

12.മല്ലി ഇല - 1/4 കപ്പ്‌

13.പുതിന ഇല - 1/4 കപ്പ്‌

14.കറിവേപ്പില - 1 തണ്ട്

15.ഉപ്പ് - ആവശ്യത്തിന്

16.എണ്ണ - 2 സ്പൂൺ

17. വെണ്ണ - 1 സ്പൂൺ

18.വെള്ളം - 2 ഗ്ലാസ്‌

19.തൈര് - 1 സ്പൂൺ

       പൊടികൾ

1.മല്ലിപൊടി - 2 സ്പൂൺ

2. മഞ്ഞൾപൊടി - 1/2 സ്പൂൺ

3.കുരുമുളക് പൊടി - 1/2 സ്പൂൺ

4.ഗരം മസാല - 2 സ്പൂൺ

         ചോറ് ഉണ്ടാക്കാൻ

1.ബസമതി അരി - 2 ഗ്ലാസ്‌

2.പട്ട -ഒരു ചെറിയ കഷ്ണം

3.ഏലക്ക - 2

4.ഗ്രാമ്പു -2

5. തക്കോലം -1

6.ചെറുനാരങ്ങ- 1/2 കഷ്ണം

7.വെള്ളം - 4 ഗ്ലാസ്‌

8. ഉപ്പ് - 1/2 സ്പൂൺ ( ആവശ്യത്തിന് )

പട്ട, ഏലക്ക, ഗ്രാമ്പു, തക്കോലം, ഉപ്പ്, ചെറുനാരങ്ങ നീര് ഇവ 4 ഗ്ലാസ്‌ വെള്ളത്തിൽ ഇട്ടു തിളപ്പിക്കുക. തിള വരുമ്പോൾ ബസമതി അരി ഇട്ടു കൊടുത്തു ചെറുതീയിൽ ചോറ് വേവിക്കുക. അരി വെന്തു പോകാതെ വെള്ളം വറ്റിച്ചു വേവിച്ചെടുക്കണം.
( ഇങ്ങനെ ചെയ്യാൻ ബുദ്ധിമുട്ട് ഉള്ളവർ 2 ലിറ്റർ വെള്ളം തിളപ്പിച്ച്‌ അതിൽ അരി, മസാല കൂട്ടുകൾ ഇട്ടു കൊടുത്തു വേവിച്ചു ഊറ്റി / വാർത്തു എടുത്താൽ മതി. )

         മറ്റു ചേരുവകൾ

1.അണ്ടിപ്പരിപ്പ് - 10 എണ്ണം

2.മുന്തിരി - 15 എണ്ണം

3.നെയ്യ് - 1 സ്പൂൺ

         പാകം ചെയ്യുന്ന വിധം

പനീർ കഷ്ണങ്ങൾ ഒരു സ്പൂൺ വെണ്ണ ഇട്ടിട്ടു 2 മിനിറ്റ് ഫ്രൈ ചെയ്തു മാറ്റി വക്കുക ക്യാരറ്റ്, ബീൻസ്, ഉരുളക്കിഴങ്, കോളിഫ്ലവർ / ബ്രോക്കോളി, തക്കാളി ഇവ ചെറിയ കഷണങ്ങൾ ആക്കി വക്കുക. പീസ് കടല കൂടെ ഇട്ടു കൊടുക്കണം. ഒരു സവാള പൊടി ആയി അരിഞ്ഞെടുക്കുക. പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലി ഇല, പുതിനയില, കറിവേപ്പില, ഉപ്പ് ഇവ മിക്സിയുടെ ജാറിൽ ഇട്ടു അലപ്പം വെള്ളം ഒഴിച്ച് അരച്ചെടുത്തു വക്കുക. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്തു വച്ചു എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന സവാള ഇട്ടു വഴറ്റുക. ഇതിലോട്ട് പൊടികൾ ( മല്ലിപൊടി, മഞ്ഞൾപൊടി, കുരുമുളക് പൊടി, ഗരം മസാല ) എല്ലാം ചേർത്തു കൊടുത്തു ഇളക്കി, ഇതിലോട്ട് അരച്ചു വച്ചിരിക്കുന്ന പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലി പുതിനയില പേസ്റ്റ് ഇട്ടു വഴറ്റുക. ഇവയുടെ പച്ചമണം മാറുമ്പോൾ തക്കാളി ചേർത്ത് വഴറ്റണം. ഒരു സ്പൂൺ തൈര് ചേർത്തു കൊടുക്കണം. ഇതിലോട്ട് 2 ഗ്ലാസ്‌ വെള്ളം ചേർത്ത് തിള വരുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന ബാക്കി പച്ചക്കറികൾ ( ക്യാരറ്റ്, ബീൻസ്, ഉരുളക്കിഴങ്, കോളിഫ്ലവർ, പീസ് ) ഇട്ടു മൂടി വച്ച് വേവിക്കുക. ഉപ്പ് പാകത്തിന് ചേർത്തു കൊടുക്കണം. ഇവ വെന്തു വെള്ളം വറ്റിവരുമ്പോൾ വറുത്തു മാറ്റി വച്ചിരിക്കുന്ന പനീർ കഷ്ണങ്ങൾ ഇട്ട് ഇളക്കി യോചിപ്പിക്കുക. പനീർ വെജിറ്റബിൾ മസാല തയ്യാറായി ഇതിലോട്ട് വേവിച്ചു വച്ചിരിക്കുന്നു ബസമതി ചോറ് ചേർത്ത് ചെറു തീയിൽ ഇട്ട് 4-5 മിനിറ്റ് മൂടി വക്കുക. സ്റ്റോവ് ഓഫ്‌ ചെയ്ത് ഇവ എല്ലാം കൂടി നല്ലതുപോലെ ഇളക്കി യോചിപ്പിക്കുക. (കുഴഞ്ഞു പോകാതെ ഇളക്കി കൊടുക്കണം. ) ഇതിലേക്ക് അണ്ടിപരിപ്പും മുന്തിരിയും ഒരു സ്പൂൺ നെയ്യിൽ വറുത്തു ചേർത്തു കൊടുക്കണം. ഇങ്ങനെ നല്ല രുചിയുള്ള പനീർ വെജിറ്റബിൾ പുലാവ് ഉണ്ടാക്കാം.
https://t.me/+jP-zSuZYWDYzN2I0

Friday, May 19, 2023

ഡ്രൈ ഫ്രൂട്ട്സ് ലഡ്ഡു

ഡ്രൈ ഫ്രൂട്ട്സ് ലഡ്ഡു തയ്യാറാക്കാം എളുപ്പത്തിൽ

ലഡ്ഡു ഇഷ്ടമില്ലാത്തവർ ആരാണുള്ളത്. ഡ്രൈ ഫ്രൂട്ട്സ് ലഡ്ഡു വീട്ടില്‍ തന്നെ തയ്യാറാക്കിയാലോ? ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം

       ചേരുവകൾ

കറുത്ത ഈന്തപ്പഴം – 500 ഗ്രാം

ബദാം -1 കപ്പ്

പിസ്താ – 3/4 കപ്പ്

കശുവണ്ടി – 1/2 കപ്പ്

തേങ്ങാപ്പൊടി -1 കപ്പ്

എള്ള് – 3 ടേബിള്‍സ്പൂണ്‍

ഉണക്കമുന്തിരി – 1/4 കപ്പ്

      തയ്യാറാക്കുന്ന വിധം

മിക്സിയുടെ ജാറില്‍ ബദാം, പിസ്ത, കശുവണ്ടി എന്നിവ ചേര്‍ത്ത് നന്നായി പൊടിച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റാം. കുരു നീക്കം ചെയ്ത ശേഷം ഈന്തപ്പഴം അരച്ചെടുക്കുക. ഇതും ഒരു പാത്രത്തിലേക്ക് മാറ്റാം.

അരച്ചെടുത്ത ഈന്തപ്പഴവും ഡ്രൈ ഫ്രൂട്സ് പൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക. രണ്ടും നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം.

ഇതില്‍ നിന്ന് ചെറിയ ഉരുള തയ്യാറാക്കാം. ആദ്യം ഒന്ന് പരത്തിയെടുത്ത ശേഷം അതില്‍ ഒരു ഉണക്കമുന്തിരി വെച്ച്‌ നന്നായി ഉരുട്ടിയെടുക്കാം. ഇത് ഇനി തേങ്ങയില്‍ കോട്ട് ചെയ്തെടുക്കാം, അതിന് ശേഷം എള്ളിലും. ഈ ലഡ്ഡു 2-3 ആഴ്ച വരെ വായു കടക്കാത്ത പാത്രത്തില്‍ കേടു കൂടാതെ സൂക്ഷിക്കാൻ സാധിക്കും.
https://t.me/+jP-zSuZYWDYzN2I0

Thursday, May 18, 2023

മുരിങ്ങ ഇല പൊറോട്ട

നമ്മുടെ സ്വന്തം മുരിങ്ങ ചില്ലറക്കാരനല്ല. വേരു മുതൽ തണ്ടു വരെ മുരിങ്ങയിൽ കളയാൻ ഒരു ഭാഗവുമില്ല. എല്ലാത്തിനും ഔഷധഗുണമുണ്ടുതാനും.

ഇന്ന് മുരിങ്ങയില പൊറോട്ട  മുട്ട കൂടി ചേർത്ത്‌ എങ്ങനെ തയ്യാർ ആക്കാം എന്ന് നോക്കാം.

           ചേരുവകൾ

ഗോതമ്പ്‌ പൊടി - 2 കപ്പ്‌

ഉപ്പ്‌ - ആവശ്യത്തിന്‌

സവാള - 1 എണ്ണം

ഇഞ്ചി - ചെറുത്‌ ഒരെണ്ണം

വെളുത്തുള്ളി - 2 എണ്ണം

മുരിങ്ങ ഇല - ഒന്നര കപ്പ്‌

കോഴി മുട്ട - 4 എണ്ണം

മഞ്ഞൾ പൊടി - ഒരു നുള്ള്‌

ഗരം മസാല - അര ടീസ്പൂൺ

മുളക്‌ പൊടി - മുക്കാൽ ടീസ്പൂൺ

മീറ്റ്‌ മസാല - 1 ടീസ്പൂൺ

          തയ്യാറാക്കുന്ന വിധം

ഗോതമ്പ്‌ പൊടി ആവശ്യത്തിന്‌ ഉപ്പും  കുഴക്കാൻ ആവശ്യമായ വെള്ളവും ചേർത്ത്‌ കുഴച്ച്‌ എടുക്കുക.. ചപ്പാത്തിക്ക്‌  കുഴക്കുന്ന അത്രയും സോഫ്റ്റ്‌ വേണ്ട.  അതിന്‌ ശേഷം അര മണിക്കൂർ റെസ്റ്റ്‌ ചെയ്യാൻ വക്കുക.

ഒരു സവാള തീരെ ചെറുതായി അരിഞ്ഞു വക്കുക. വെളുത്തുള്ളി അരിഞ്ഞ്‌ വക്കുക. ഇഞ്ചി ഗ്രേറ്റ്‌ ചെയ്ത്‌ വക്കുക.

ഇനി ഒന്നര കപ്പ്‌ മുരിങ്ങ ഇല തീരെ ചെറുതായി അരിഞ്ഞു വക്കുക.

കോഴിമുട്ട 4 എണ്ണം ഒരു പാത്രത്തിലേക്ക്‌ പൊട്ടിച്ച്‌ ഒഴിച്ച്‌ അൽപ്പം ഉപ്പും ചേർത്ത്‌ കലക്കി വക്കുക.

ഇനി നമുക്ക്‌ മസാല റെഡിയാക്കാം.. ഒരു പാൻ അടുപ്പിൽ വച്ച്‌ വെളിച്ചെണ്ണ ഒഴിച്ച്‌ സവാള,ഇഞ്ചി, വെളുത്തുള്ളി എന്നിവ വഴറ്റുക. അതിലേക്ക്‌ ഒരു നുള്ള്‌ മഞ്ഞൾ പൊടി ചേർക്കുക.

അതിലേക്ക്‌ അര ടീസ്പൂൺ ഗരം മസാലയും മുക്കാൽ ടീസ്പൂൺ മുളക്‌ പൊടിയും 1 ടീസ്പൂൺ മീറ്റ്‌ മസാലയും ചേർക്കുക. ഇതെല്ലാം നല്ല വണ്ണം ഇളക്കി യോജിപ്പിക്കുക.

ഇനി ഇതിലേക്ക്‌ മുട്ട്‌ പൊട്ടിച്ച്‌ വച്ചത്‌ ഒഴിച്ച്‌ മിക്സ്‌ ആക്കി ചിക്കി കൊടുക്കുക.

ഇനി അതിലേക്ക്‌ നമുക്ക്‌ മുരിങ്ങെയില അരിഞ്ഞു വച്ചത്‌ ചേർത്ത്‌  ഇളക്കി യോജിപ്പിക്കാം.. വെള്ളം അധികം ചേർക്കണ്ട.. ഇനി സ്റ്റൗ ഓഫ്‌ ചെയ്ത്‌ അത്‌ ചൂടാറാൻ വക്കാം.

ഇനി നമ്മൾ ആദ്യം കുഴച്ച്‌ വച്ച  ഗോതമ്പ്‌ പൊടി ഉരുളകളാക്കി ചെറുത്തായി ഒന്ന് വിടർത്തി  മുട്ട, മുരിങ്ങ ഇല കൂട്ട്‌ അതിലേക്ക്‌ വച്ച്‌  വീണ്ടും ബോൾ രൂപത്തിൽ ആക്കിയ ശേഷം  ഒന്ന് പരത്തി എടുക്കാം .

ഇനി ഒരു പാൻ ചൂടാക്കി  ചുട്ട്‌ എടുക്കാം.
https://t.me/+jP-zSuZYWDYzN2I0

Wednesday, May 17, 2023

തക്കാളി കറി.

ഉച്ചയൂണിന് തയ്യാറാക്കാം അടിപൊളി തക്കാളി കറി.

  ചോറിനും ചപ്പാത്തിക്കും അപ്പത്തിനുമൊക്കെ ചേരുന്ന ഒരു വ്യത്യസ്ത തക്കാളി കറി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

       ആവശ്യമായ ചേരുവകള്‍

സവാള -2 എണ്ണം (അരിഞ്ഞത് )

തക്കാളി -2 എണ്ണം (അരിഞ്ഞത് )

വെളുത്തുള്ളി -2 അല്ലി

കറിവേപ്പില -ആവശ്യത്തിന്

തേങ്ങ ചിരകിയത് -4 ടീസ്പൂണ്‍

ജീരകം -1/4 ടീസ്പൂണ്‍

പച്ചമുളക് -3 എണ്ണം

ഉപ്പ് -ആവശ്യത്തിന്

കടുക് -1/4 ടീസ്പൂണ്‍

കശ്മീരി മുളകുപൊടി -1/4 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി -1/4 ടീസ്പൂണ്‍

വെളിച്ചെണ്ണ -രണ്ടര ടീസ്പൂണ്‍

         തയ്യാറാക്കുന്ന വിധം

ഒരു പ്രഷര്‍ കുക്കറില്‍ തക്കാളി, സവാള, പച്ചമുളക്, മഞ്ഞള്‍പ്പൊടി, കറിവേപ്പില, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയും ആവശ്യത്തിന് വെള്ളവും ഒഴിച്ച്‌ രണ്ട് വിസില്‍ വരുന്നത് വരെ വേവിക്കുക.

ശേഷം തേങ്ങ, ജീരകം, വെളുത്തുള്ളി, കറിവേപ്പില എന്നിവ നന്നായി അരച്ചെടുക്കുക. കുക്കര്‍ തുറന്ന് ഗ്രേവി നന്നായി ഉടച്ച ശേഷം അരപ്പ് ഒഴിച്ച്‌ തിളപ്പിക്കുക. ശേഷം ഒരു പാനില്‍ ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടിക്കുക. ശേഷം അതിലേക്ക് കശ്മിരി മുളക് പൊടിയും ചേര്‍ത്ത് ഇളക്കി കറിയിലേക്ക് ഒഴിക്കുക. തക്കാളി കറി റെഡി.
https://t.me/+jP-zSuZYWDYzN2I0

Monday, May 15, 2023

ഗോതമ്പ്‌ ഇഡലി

അരിയും ഉഴുന്നും അരക്കാതെ  തന്നെ ഗോതമ്പ്‌ ഉപയോഗിച്ച്‌ നമുക്ക്‌  നല്ല സോഫ്റ്റ് ഇഡലി തയാറാക്കാം..

നാം ഇന്ന് ഇവിടെ  ഒരു മാവ് കൊണ്ട് തന്നെ രണ്ടു രീതിയിൽ ഇഡലി തയാറാക്കുന്നുണ്ട് . ഒന്ന് കുട്ടികൾക്ക് എല്ലാം ഇഷ്ടമാകുന്ന തരത്തിൽ മധുരമുള്ള ഒരു ഇഡലിയും , മറ്റൊന്ന് ഡയറ്റ് /ഡയബറ്റിക് ഫ്രണ്ട്‌ലി ആയിട്ടുള്ള ഗോതമ്പു ഇഡലിയും.

          ചേരുവകൾ

ഗോതമ്പുപൊടി  - 1.5 കപ്പ്‌

റവ -1/2 കപ്പ്‌

പാൽ -1 കപ്പ്‌

തൈര് -1 കപ്പ്‌

ബേക്കിംഗ് സോഡാ -1/4 ടീസ്പൂൺ

പഞ്ചസാര --ആവശ്യത്തിന്

സവോള -3 ടേബിൾ സ്പൂൺ

ഉഴുന്നുപരിപ്പ് -1 ടീസ്പൂൺ

ഇഞ്ചി -1 ടീസ്പൂൺ

കറി വേപ്പില -ആവശ്യത്തിന്

പച്ചമുളക് -1എണ്ണം

ഏലക്കാപ്പൊടി -2 നുള്ള്‌

ഉപ്പ് -ആവശ്യത്തിന്

നെയ്യ് /എണ്ണ - 2 ടേബിൾ സ്പൂൺ

           തയ്യാറാക്കുന്ന വിധം

ഗോതമ്പുപൊടി ഒരു പാനിൽ  ഇട്ടു ചെറുതായി ചൂടാക്കിയെടുക്കുക.

തണുത്ത ശേഷം ഇതിലേക്ക് ഉപ്പ്,തൈര് ,റവ ,പാൽ(പാൽ നു പകരം വെള്ളം ചേർത്താലും മതി) എന്നിവ ചേർക്കുക .ആവശ്യത്തിന് വെള്ളം ഒഴിച്ച് ഇഡലി മാവ് പരുവത്തിൽ ആക്കുക.

ഇതിലേക്ക് സോഡാപ്പൊടി ചേർത്ത് അര മണിക്കൂർ മാറ്റി വയ്ക്കുക.

ഈ മാവിൽ നിന്ന് പകുതി വേറൊരു പാത്രത്തിലേക്ക് ഒഴിച്ച് അതിലേക്കു പഞ്ചസാരയും ഏലക്കാപൊടിയും ചേർത്തിളക്കുക .ഇതാണ് മധുര ഇഡ്‌ലിക്കുള്ള കൂട്ട് .ഇത് കുട്ടികൾക്കൊക്കെ ഇഷ്ടമാകുന്ന ഇഡ്‌ലിയാണ് .

ഒരു പാനിൽ നെയ്യ്/ എണ്ണ ചൂടാക്കി ഉഴുന്ന് പരിപ്പിട്ടു മൂക്കുമ്പോൾ സവോള,ഇഞ്ചി,പച്ചമുളക്',കറിവേപ്പില എന്നിവ വഴറ്റി ബാക്കി പകുതി  മാവിലേക്കു ചേർക്കുക.രണ്ടാമത്തെ ഇഡ്‌ലിക്കുള്ള കൂട്ടും റെഡി .

രണ്ടു കൂട്ട് മാവും സാധാരണ ഇഡലി വേവിക്കുന്ന പോലെ വേവിച്ചെടുക്കുക .ഏതെങ്കിലും ചട്ട്ണി കൂട്ടി ചൂടോടെ കഴിക്കാം .
https://t.me/+jP-zSuZYWDYzN2I0

Sunday, May 14, 2023

ശർക്കര ജിലേബി

നല്ല മധുരം ഇഷ്ടപ്പെടുന്നവർക്ക്‌  ഉള്ള ഒരു റെസിപ്പി ആണ്‌ ശർക്കര ജിലേബി.   മധുരത്തോടൊപ്പം നല്ല ക്രിസ്പിയും ആയ ശർക്കര ജിലേബി തയ്യാറാക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം.

         ചേരുവകൾ

ചോർ -2 കപ്പ്

തൈര് -1/2 കപ്പ്

മൈദ -2 ടേബിൾ സ്പൂൺ

അരിപൊടി -1 കപ്പ്

ബേക്കിംഗ് സോഡാ -1 പിഞ്ച്‌

ഉപ്പ് -1 ടീസ്പൂൺ

ശർക്കര -250 ഗ്രാം

ഓയിൽ - ആവശ്യത്തിന്‌

           ഉണ്ടാക്കുന്ന വിധം

ശർക്കര , വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുത്ത് ഒരു പാനിൽ ഒഴിച്ച്‌ ചെറിയ തീയിൽ വെക്കണം ..

ഇനി മിക്സിയിൽ ചോറ് , മൈദ , തൈര് എന്നിവ ചേർത്ത് അടിച്ച്‌ കുഴമ്പ്‌ രൂപത്തിൽ ആക്കണം.

ഇനി ഒരു ബൗളിൽ ഇട്ട് ഇതിലേക്ക് ഉപ്പ് , അരിപൊടി എന്നിവ ഇട്ട് മിക്സ് ആക്കി ബാറ്റർ തയ്യാറാക്കണം

നല്ല തിക്ക്‌ ബാറ്റെർ ആയാൽ സോഡാ പൊടി ചേർത്ത് മിക്സ് ആക്കിയ ശേഷം പൈപ്പിങ് ബാഗിൽ ഒഴിച്ച്‌ , പാനിൽ  ഓയിൽ ഒഴിച്ച്‌ ചൂടാക്കി ജിലേബി രൂപത്തിൽ  ഫ്രൈ ചെയ്ത ശേഷം നേരെ  ശർക്കര പാനിയിൽ ഇട്ട് എടുക്കണം. ഒരു മിനിറ്റ്‌ കഴിഞ്ഞ്‌ പാത്രത്തിലേക്ക്‌ മാറ്റാം.

നല്ല ടേസ്റ്റി ആയ ശർക്കര ജിലേബി റെഡി.
https://t.me/+jP-zSuZYWDYzN2I0

തലപ്പാക്കട്ടി ബിരിയാണി

ചിക്കൻ, പച്ചമുളക്, വെളുത്തുള്ളി, സവാള, ഇഞ്ചി, ചെറിയ ഉള്ളി, ബിരിയാണി അരി, ബിരിയാണി മസാല നന്നായി പൊടിച്ചത്, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, കുരുമുളക് പൊടി തുടങ്ങിയവയാണ്

തലപ്പാക്കട്ടി ബിരിയാണി ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ.

ആദ്യ എട്ടോ പത്തോ പച്ചമുളക് നന്നായി ചതച്ചെടുക്കണം. ശേഷം നാലോ അഞ്ചോ ചെറിയ ഉള്ളി നന്നായി ചതച്ചെടുക്കണം. ബിരിയാണി അരി നന്നായി കഴുകി ആവശ്യത്തിന് ഉപ്പും വെളിച്ചെണ്ണയും ചേർത്ത് വേവിക്കണം. അടുത്തതായി പാൻ ചൂടാക്കി അതിൽ നെയ്യ് ഒഴിച്ച് വെളുത്തുള്ളി ചതച്ചത്, ഇഞ്ചി ചതച്ചത്, ഉള്ളി ചതച്ചത് എന്നിവ വഴറ്റിയെടുക്കണം.

വഴണ്ട് വരുമ്പോൾ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് പച്ചമുളക് ചതച്ചത് കൂടി ചേർത്തുവഴറ്റണം. ഇതിലേയ്ക്ക് ഒന്നര സ്‌പൂൺ മുളകുപൊടി, ഒന്നര സ്‌പൂൺ മല്ലിപ്പൊടി, ഒരു സ്‌പൂൺ ഗരംമസാല, ഒരു സ്‌പൂൺ കുരുമുളക് പൊടി, ഒരു സ്‌പൂൺ മഞ്ഞൾപ്പൊടി, ഒരു സ്‌പൂൺ ബിരിയാണി മസാല എന്നിവ ചേർത്ത് നന്നായി വഴറ്റണം. ഇതിലേയ്ക്ക് കഷ്ണങ്ങളാക്കിയ ചിക്കൻ ചേർത്ത് കൂട്ടുമായി നന്നായി യോജിപ്പിക്കണം. ചിക്കൻ വേവാൻ ആവശ്യമായ വെള്ളം ചേർത്ത് കുറച്ച് മല്ലിയിലയും പുതിനയിലയും ചേർത്ത് കുറച്ച് നേരം അടച്ചുവയ്ച്ച് വേവിക്കണം. ചിക്കനും അരിയും പകുതിവേവ് വെന്തുകഴിയുമ്പോൾ ഒരുമിച്ച് യോജിപ്പിച്ച് ബാക്കി വേവിക്കുകയാണ് ചെയ്യേണ്ടത്. പത്ത് മിനിട്ട് വേവിച്ചുകഴിഞ്ഞാൽ തലപ്പാക്കട്ടി ബിരിയാണി തയ്യാർ.
https://t.me/+jP-zSuZYWDYzN2I0

Friday, May 12, 2023

മുട്ട ബിരിയാണി

വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് മുട്ട ബിരിയാണി.

         ചേരുവകള്‍

ബസ്മതി അരി - 3 കപ്പ്

ചൂട് വെള്ളം – 6 കപ്പ്‌

നെയ്യ് ആവശ്യാനുസരണം

അരി വേവിയ്ക്കാന്‍ വേണ്ട സാധനങ്ങള്‍ : കറുകപ്പട്ട 2 , .ഗ്രാമ്പൂ – 4 വയണയില 1 .ഏലക്ക – 2 നാരങ്ങാ നീര്{ഒന്നിന്റെ} , ഉപ്പ് .

      മുട്ട മസാലയ്ക്ക് വേണ്ടത്

മുട്ട - 4 എണ്ണം

സവാള – 3 അരിഞ്ഞത്

വെളുത്തുള്ളി അരച്ചത്‌ ഒരു ടേബിള്‍ സ്പൂണ്‍

ഇഞ്ചി അരച്ചത്‌ ഒരു ടേബിള്‍ സ്പൂണ്‍

പച്ചമുളക് - 3

ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും കൂടി അരച്ച് പേസ്റ്റ് രൂപത്തിലാക്കി മാറ്റി വയ്ക്കുക

തക്കാളി - 2 അരിഞ്ഞത്

പുതിനയില കുറച്ച്

മല്ലിയില നുറുക്കിയത് ഒരു പിടി

നാരങ്ങാ നീര് – ഒന്നിന്റെി

മഞ്ഞള്പൊടി - 1/2 ടീസ്പൂണ്‍

കാശ്മീരി മുളക് പൊടി - 1/2 ടേബിള്‍ സ്പൂണ്‍

മല്ലിപൊടി - 1 ടേബിള്‍ സ്പൂണ്‍

ബിരിയാണി മസാല - ഒരു ടേബിള്‍ സ്പൂണ്‍.

ഈസ്റ്റെര്‍ന്‍ ബിരിയാണി മസാലയാണ് ഉപയോഗിച്ചത്.വേണമെങ്കില്‍ നമുക്ക് വീട്ടില്‍ തയ്യാറാക്കുകയും ചെയ്യാം.അതിനു വേണ്ടത് ഗ്രാമ്പൂ 4 , പെരുംജീരകം അര ടീസ്പൂണ്‍ , ഏലയ്ക്ക രണ്ടെണ്ണം ,കറുവപ്പട്ട ഒന്ന്, തക്കോലം ഒന്ന് ,ജാതിപത്രി 3,

കല്പൂവ് 3 എണ്ണം, വയണയില 1 ഇത്രയും വറത്തു പൊടിയ്ക്കണം.

എണ്ണ ആവശ്യത്തിന്‌

ഉപ്പ് പാകത്തിന്

അലങ്കരിക്കാന്‍ :

സവാള അരിഞ്ഞു വറത്തത്- 1

അണ്ടിപരിപ്പ് - .10

ഉണക്കമുന്തിരിങ്ങ - 10

പുതിനയില, മല്ലിയില

തയ്യാറാക്കുന്നതു എങ്ങനെ എന്ന് നോക്കാം ;

മുട്ട പുഴുങ്ങി എടുത്തു തോട് പൊളിച്ചു നടുവേ കീറി മാറ്റി വയ്ക്കുക

അരി കഴുകി വെള്ളം വാലാന്‍ വയ്ക്കുക.പതിനഞ്ചു മിനിറ്റ് കഴിഞ്ഞു വെള്ളം നന്നായി തോര്ന്നു് കഴിയുമ്പോള്‍ ഒരു വട്ട’ പാത്രത്തില്‍ ഒരു ടീസ്പൂണ്‍ നെയ്യ് ഒഴിച്ച് ഒരു സവാള അരിഞ്ഞതിന്റെ. പകുതി ചെറുതായി വറക്കുക,അതിലേക്കു കറുവപ്പട്ട,ഗ്രാമ്പൂ ,എലയക്ക, വയണയില എന്നിവ ഇട്ടു ആറു കപ്പ് വെള്ളം ഒഴിച്ച് ആവശ്യത്തിനു ഉപ്പും ചേര്ത്ത്ാ ഒരു നാരങ്ങാ നീര് കുരുവില്ലാതെ പിഴിഞ്ഞ് ഒഴിച്ച് വെള്ളം തിളയ്ക്കുമ്പോള്‍ അരി ഇടുക.\

നാരങ്ങാ നീര് ചേര്ത്താ ല്‍ അരി വെന്തു കിട്ടുമ്പോള്‍ ഒന്നിനൊന്നു തൊടാതെ കിട്ടും

അരി മുക്കാല്‍ വേവ് ആകുമ്പോള്‍ തീയ് അണയ്ക്കുക .വെള്ളം വറ്റുന്നതാണ് കണക്ക്.

ഇനി ഇപ്പോള്‍ അങ്ങനെ വെള്ളം വറ്റിച്ചു എടുക്കാന്‍ അറിയില്ല എങ്കില്‍ അരി മുക്കാല്‍ വേവ് ആകുമ്പോള്‍ വാര്താലും മതി, വറ്റിയ്ക്കുമ്പോള്‍ ചേര്ക്കുന്നതിലും കൂടുതല്‍ ഉപ്പ് ചേര്ക്ക്ണം എന്ന് മാത്രം.

ഇനി ഒരു പാന്‍ ചൂടാക്കി ഒരു സവാള അരിഞ്ഞത് നെയ്യില്‍ വറത്തു കോരി മാറ്റി വയ്ക്കുക.അണ്ടിപരിപ്പും ഉണക്കമുന്തിരിയും ഇതില്‍ തന്നെ വറത്തു എടുക്കണം.

          ഇനി മുട്ട മസാല ഉണ്ടാക്കണം

അതിനു ഒരു ചീനച്ചട്ടിയിലോ പാനിലോ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അരിഞ്ഞു വെച്ചിരിയ്ക്കുന്ന മൂന്നു സവാള ഇട്ടു വഴറ്റണം,നന്നായി വഴന്നു കഴിയുമ്പോള്‍ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ചേര്ത്പച്ചമണം മാറുന്ന വരെ വഴറ്റുക,തക്കാളി അരിഞ്ഞതും,പുതിനയിലയും മല്ലിയിലയും വഴറ്റി മുളക് പൊടിയും മല്ലിപൊടിയും ബിരിയാണി മസാലയും മഞ്ഞള്പൊടിയും വഴറ്റി മുട്ടയും ആവശ്യത്തിനു ഉപ്പും ചേര്ത്ത് ഇളക്കി മസാലയെല്ലാം നന്നായി മുട്ടയില്‍ യോജിപ്പിച്ച് അല്പം നാരങ്ങാ നീരും ചേര്ത്ത് അടച്ചു വയ്ക്കുക.രണ്ട്‌ മൂന്നു മിനിറ്റ് കഴിഞ്ഞു തീയ് അണയ്ക്കുക.മുട്ട മസാല തയ്യാര്‍

ഇനി ഒരു വട്ട പാത്രത്തില്‍ ഒരു ടീസ്പൂണ്‍ നെയ്യ ഒഴിയ്ക്കുക.എന്നിട്ട് മുക്കാല്‍ വേവ് ആയ ചോറ് നിരത്തിയിടുക,മുട്ട മസാല കൂട്ട് നിരത്തുക.വീണ്ടും ചോറ് ഇടുക , അല്പം നെയ്യ് മുകളിലായി തൂവുക.അരിഞ്ഞു വച്ചിരിയ്ക്കുന്ന പുതിനയില ,മല്ലിയില, അണ്ടിപരിപ്പ്,കിസ്മിസ് എന്നിവ ഇടയില്‍ വിതറാം,ഇനി വീണ്ടും ചോറ് വിതറാം..വീണ്ടും മുട്ട മസാല നിരത്തിയിടുക, ചോറും നിരത്തുക.ഏറ്റവും മുകളിലായി .ഒരു ടീ സ്പൂണ്‍ നെയ്യ് ഇതിനു മുകളില്‍ തൂവി വറുത്തു മാറ്റി വെച്ചിരിക്കുന്ന സവാള ,അണ്ടിപരിപ്പ്,മുന്തിരി ഇവ ചേര്ക്കു ക .മല്ലിയിലയും പുതിനയിലയും വിതറിയിട്ട് നല്ലത് പോലെ അടച്ചു ചെറിയ തീയില്‍ 8 മിനിട്ട് വേവിയ്ക്കുക... തീയ് അണച്ച് 5 മിനിറ്റ് അടച്ചു തന്നെ വെയ്ക്കുക..മുട്ട ബിരിയാണി തയ്യാര്‍. ...
https://t.me/+jP-zSuZYWDYzN2I0

പൊതി ബിരിയാണി

പൊതി ബിരിയാണി

         ചേരുവകൾ

ചിക്കെൻ - 1 കിലോ

കാശ്മീരി മുളകുപൊടി - മുക്കാൽ ടേബിൾസ്പൂൺ

മഞ്ഞൾപ്പൊടി - അര ടീസ്പൂൺ

ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ

കോൺഫ്ലോർ - 1 ടേബിൾസ്പൂൺ

ഉപ്പ്

ഉള്ളി - അര കിലോ

തക്കാളി - 4

പച്ചമുളക് - 8 - 10

ഇഞ്ചി പേസ്റ്റ് - ഒന്നര ടേബിൾസ്പൂൺ

വെളുത്തുള്ളി പേസ്റ്റ് - ഒന്നര ടേബിൾസ്പൂൺ

പൊതിനയില

മല്ലിയില

ഗരംമസാല - 1 ടീസ്പൂൺ

മഞ്ഞൾപ്പൊടി - അര ടീസ്പൂൺ

വെളിച്ചെണ്ണ -
ആവശ്യത്തിന്

പൈനാപ്പിൾ ചെറുതായി അരിഞ്ഞത് - കാൽകപ്പ്

ഉപ്പ്

അരി - 4 കപ്പ്

വെള്ളം - 6 കപ്പ്

നെയ്യ് - 6 റെബിൾസ്‌പൂൺ

നാരങ്ങാനീര് - ഒന്നര ടേബിൾസ്പൂൺ

ഏലക്ക - 2

പട്ട - 1 കഷ്ണം

ബെലീഫ് - 1

ഗ്രാമ്പു - 4

അണ്ടിപ്പരിപ്പ്

മുന്തിരി

വാഴയില

       തയ്യാറാക്കുന്ന വിധം

ചിക്കെൻ ചെറിയ കഷണങ്ങളാക്കി മുറിക്കുക. ശേഷം ഒന്നാമത്തെ മറ്റു ചേരുവകൾ എല്ലാം ചേർത്ത് നന്നായി യോജിപ്പിച്ചു, 1 - 2 മണിക്കൂർ വെക്കുക. ഒരു രാത്രി ഫ്രിഡ്ജിൽ വെക്കുന്നത്‌ കൂടുതൽ നന്നാവും.

ഉള്ളി നേര്മയായി അരിഞ്ഞെടുക്കുക. കാൽ കപ്പ് വെളിച്ചെണ്ണ ചൂടാക്കി, ഉള്ളിയുടെ കാൽഭാഗം ചേർത്ത്, ഗോൾഡൻ കളർ ആകുന്നതുവരെ ഫ്രൈ ചെയ്തു മാറ്റിവെക്കുക.

ഇനി ചിക്കെൻ ഫ്രൈ ചെയ്തെടുക്കണം. അതിനായി ഉള്ളി ഫ്രൈ ചെയ്തെടുത്ത ബാക്കി എണ്ണ ഉപയോഗിക്കാവുന്നതാണ്. ഇരുഭാഗവും നന്നായി ഫ്രൈ ചെയ്തെടുത്തു മാറ്റിവെക്കുക.

       ഇനി മസാല തയ്യാറാക്കാം.

2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി പച്ചമുളക് രണ്ടായി പിളർന്നത് ചേർത്ത്കൊടുക്കുക. നിറം മാറിവരുമ്പോൾ മുറിച്ചുവച്ചിരിക്കുന്ന ഉള്ളി ചേർത്ത് നന്നായി വഴറ്റുക.

ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. നന്നായി വഴന്നുവന്നാൽ, കാൽ കപ്പ് പൈനാപ്പിളിന്റെ പകുതിയും, തക്കാളി, പൊതിനയില എന്നിവയും ചേർത്തിളക്കുക.

തക്കാളി നന്നായി വെന്തുവന്നാൽ മഞ്ഞൾപ്പൊടി, ഗരംമസാല, ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക. ശേഷം ഫ്രൈ ചെയ്തുവച്ചിരിക്കുന്ന 2 ടേബിൾസ്‌പൂൺ മാറ്റിവച്ചതിന്ടെ (ദം ഇടാൻ വേണ്ടി ) ബാക്കിയും, മല്ലിയിലയും ചേർത്തിളക്കുക.

ശേഷം ഫ്രൈ ചെയ്തുവച്ചിരിക്കുന്ന ചിക്കെൻ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ചിക്കനും മസാലയും നന്നായി യോജിച്ചുവന്നാൽ അടുപ്പിൽനിന്നും ഇറക്കിവെക്കാം.

      ഇനി ചോറ് തയ്യാറാക്കാം.

6 ഗ്ലാസ് വെള്ളം തിളപ്പിക്കാൻ വെക്കുക. മറ്റൊരടുപ്പിൽ ചുവടുകട്ടിയുള്ള ഒരു പാത്രംവച്ച് നെയ്യ് ചേർക്കുക. ശേഷം ദം ഇടാൻ ആവശ്യമുള്ള അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ വറുത്തുകോരി വെക്കുക.

അതേ നെയ്യിലേക്ക് പട്ട, ഗ്രാമ്പു, ഏലക്ക, ബെലീഫ് എന്നിവ ചേർക്കുക. ശേഷം അരിചേർത്തു, ഒന്നോ രണ്ടോ മിനിറ്റ് വറുക്കുക. അതിലേക്ക് തിളയ്ക്കുന്ന വെള്ളം ഒഴിക്കുക.

നാരങ്ങാനീരും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കുക. നന്നായി തിളക്കാൻ തുടങ്ങിയാൽ അടച്ചുവച്ചു ചെറുതീയിൽ വെക്കുക. ഇടക്ക് ഒന്നോ രണ്ടോ തവണ ഇളക്കിക്കൊടുക്കണം.

ചോറിലെ വെള്ളമെല്ലാം വറ്റിവന്നാൽ തീ ഓഫ് ചെയ്യാം. 5 - 10 മിനിട്ടിനു ശേഷം അടപ്പുതുറന്നു, ചോറിന്റെ പകുതിഭാഗം കോരി മാറ്റിവെക്കുക. ബാക്കിയുള്ള ചോറ് ലെവൽ ചെയ്തശേഷം, അണ്ടിപ്പരിപ്പ്, മുന്തിരി, മാറ്റിവെച്ചിരിക്കുന്ന പൊരിച്ച ഉള്ളി, പൈനാപ്പിൾ എന്നിവയുടെയും പകുതിഭാഗം വിതറുക.

അതിനുമുകളിൽ ചിക്കെൻന്ടെ മസാല നിരത്തുക. ശേഷം കോരിവച്ചിരിക്കുന്ന ചോറ് നിരത്തുക. ബാക്കിവച്ച അണ്ടിപ്പരിപ്പ്, മുന്തിരി, പൊരിച്ചഉള്ളി, പൈനാപ്പിൾ എന്നിവകൂടി വിതറി അടച്ചുവെക്കുക.

വളരെ ചെറിയ തീയിൽ 5 മിനിറ്റ് വച്ചശേഷം തീ ഓഫ് ചെയ്തു, 15 മിനിട്ടിനു ശേഷം അടപ്പുതുറക്കാം.

വാഴയില ചെറുതായി വാട്ടിയെടുക്കണം. ശേഷം ദം ചെയ്തുവച്ചിരിക്കുന്ന ബിരിയാണി, ഇലകളിലേക്ക് മാറ്റി, പൊതികളാക്കിഎടുക്കുക. നന്നായി പൊതിഞ്ഞു, അതിനുമുകളിൽ ഫോയിൽപേപ്പറോ ന്യൂസ്പേപ്പറോ വച്ച് ഒന്നുകൂടി പൊതിഞ്ഞെടുക്കുക.

പൊതികളാക്കി ഒരു മണിക്കൂർ എങ്കിലും കഴിഞ്ഞേ വിളമ്പാൻ പാടുള്ളൂ. അച്ചാർ, കച്ചംബർ എന്നിവ ഇഷ്ടമുള്ളവർക്ക് ബിരിയാണി പൊതിയുമ്പോൾ അതും കൂടെ ചേർക്കാവുന്നതാണ്.
https://t.me/+jP-zSuZYWDYzN2I0

Thursday, May 11, 2023

കോഴി കാൽ ഫ്രൈ

"കോഴിയുടെ പാദങ്ങളും കാൽവിരലുകളും ചേർത്ത് ഫ്രൈ ചെയ്താലോ? അയ്യേന്ന് പറയാൻ വരട്ടെ, ഇതിലടങ്ങിയിട്ടുള്ള പോഷകങ്ങൾ എന്തൊക്കെയെന്ന് നോക്കൂ

കോഴിക്കാൽ കടിച്ചുപറിച്ച് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിക്കവാറും പേരും. ഫ്രൈ ചെയ്തതോ കറിവച്ചതോ ആയാലും കോഴിക്കാൽ മിക്കവർക്കും ഇഷ്ടമായിരിക്കും. എന്നാൽ കോഴിയുടെ കാൽവിരലുകളും കാൽപ്പാദവും ചേർത്ത് ഫ്രൈ ചെയ്താൽ എത്രപേർ കഴിക്കും. അയ്യേ എന്ന് പറയുന്നവർ കോഴിയുടെ കാലിന്റെ പോഷകഗുണങ്ങൾ ഒന്നറിയൂ. കോഴിക്കാൽ ഫ്രൈ ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം. ഒപ്പം കോഴിക്കാലിലുള്ള പോഷകങ്ങളും അറിയാം.
ആദ്യം ആവശ്യത്തിന് കോഴിക്കാലുകൾ എടുത്തതിന് ശേഷം തൂവലും മറ്റും കളഞ്ഞ് വെള്ളത്തിൽ കുറച്ചുനേരം ഇട്ടുവയ്ക്കണം. ഇത് പുറത്തെടുത്ത് തൊലി മുഴുവനും ഉരിച്ചെടുത്ത് കാലുകൾ വെള്ളത്തിലിട്ട് നന്നായി കഴുകി വീണ്ടും വൃത്തിയാക്കണം. ശേഷം കാൽവിരലുകളിലെ നഖങ്ങൾ മുറിച്ചുകളയണം.

ഇനി കഴുകിയെടുത്ത കോഴിക്കാലുകളിലേയ്ക്ക് കാശ്‌മീരി മുളകുപൊടി, കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ്, കറുവാപ്പട്ട- ഗ്രാംപൂ എന്നിവ പൊടിച്ചത്, കുറച്ച് ഗരംമസാല, മഞ്ഞൾപ്പൊടി, ചിക്കൻ മസാല, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, കുറച്ച് നാരങ്ങാ നീര്, ഒരു മുട്ട പൊട്ടിച്ചൊഴിച്ചത്, കുറച്ച് തൈര്, കുറച്ച് കോൺഫ്ളവർ എന്നിവയെല്ലാം ചേർത്ത് നന്നായി ഇളക്കിയെടുക്കണം. ഇനി ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാക്കി കോഴിക്കാലുകൾ ഓരോന്നായി ഇട്ട് പൊരിച്ചെടുക്കാം.

നൂറ് ഗ്രാം കോഴിക്കാലിൽ 215 ഗ്രാം കാലറി ഉണ്ടെന്നാണ് ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കുന്നത്. കൊഴുപ്പ് 15 ഗ്രാം, സാച്ചുറേറ്റഡ് ഫാറ്റ് 3.9 മില്ലി ഗ്രാം, കൊളസ്‌ട്രോൾ 84 മില്ലി ഗ്രാം, സോഡിയം 67 മില്ലിഗ്രാം, പൊട്ടാസ്യം 31 മില്ലി ഗ്രാം, കാർബോഹൈഡ്രേറ്റ് 0.2 ഗ്രാം, പ്രോട്ടീൻ 19 ഗ്രാം കൂടാതെ ഇവയിൽ അയൺ, മെഗ്നീഷ്യം, കാൽഷ്യം,വൈറ്റമിൻ ഡി
കൊബാലാമിൻ എന്നിവയും അടങ്ങിയിട്ടുണ്ട്.
https://t.me/+jP-zSuZYWDYzN2I0

Tuesday, May 9, 2023

ഉളളി മുട്ട വറവ്

വെറും അഞ്ചുമിനിട്ട് മതി ഉണ്ടാക്കാൻ; ഈ ഉള്ളി മുട്ട വറവ് മാത്രം മതി ഒരു പറ ചോറുണ്ണാൻ

ചോറിനൊപ്പം അധികം കറികളൊന്നുമില്ലെങ്കിൽ മിക്കവാറും പേരും ചമ്മന്തിയുണ്ടാക്കുകയോ മുട്ട പൊരിച്ച് കഴിക്കുകയോ ആയിരിക്കും ചെയ്യാറ്. എന്നാൽ ചമ്മന്തിയോ മുട്ടയോ മാത്രം ചോറിനൊപ്പം കഴിക്കാൻ ഇഷ്ടമില്ലാത്തവർക്ക് ഒരു കിടിലം വിഭവം തയ്യാറാക്കം. വളരെ കുറച്ച് ചേരുവകൾ കൊണ്ടുണ്ടാക്കുന്ന ഈ വിഭവമുണ്ടെങ്കിൽ എത്ര ചോറ് കഴിച്ചാലും മതിയാവില്ല.

ഉളളി മുട്ട വറവ് ഉണ്ടാക്കുന്നതിനായി ആദ്യം ഒരു മിക്‌സി ജാറിൽ പത്തോ പതിനഞ്ചോ ചുവന്നുള്ളി തൊലി കളഞ്ഞത്, നാല് വെളുത്തുള്ളിയുടെ അല്ലികൾ, ചെറിയ ഒരു കഷ്ണം പുളി, രണ്ട് ടീ സ്‌പൂൺ മുളകുപൊടി, മുക്കാൽ ടീ സ്‌പൂൺ ജീരകം പൊടിച്ചത്, കാൽ ടീ സ്‌പൂൺ അളവിൽ ഗരം മസാല എന്നിവ വെള്ളം ചേർക്കാതെ അടിച്ചെടുക്കണം.

ഇനി ഒരു ചീനച്ചട്ടി അടുപ്പിൽ വച്ചിട്ട് രണ്ട് ടീ സ്‌പൂൺ വെളിച്ചെണ്ണ ചേർക്കണം. എണ്ണ ചൂടാകുമ്പോൾ ആവശ്യത്തിന് മുട്ട ചേർത്ത് ഇളക്കിയെടുക്കാം. ശേഷം ഇതിലേയ്ക്ക് അര ടീ സ്‌പൂൺ കുരുമുളക് പൊടി, അൽപ്പം ഉപ്പ് എന്നിവ ചേർത്ത് ഇളക്കിയെടുക്കണം. ഇനി മുട്ട വറുത്തത് മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റിയിട്ട് ചീനച്ചട്ടിയിൽ അൽപ്പം എണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ ഒരു ടീ സ്‌പൂൺ കടുകും ജീരകും ചേർത്തിട്ട് കടുക് പൊട്ടിത്തുടങ്ങുമ്പോൾ കുറച്ച് വറ്റൽമുളകും കറിവേപ്പിലയും ചേർക്കണം.

അടുത്തതായി നേരത്തെ അരച്ചുവച്ചിരിക്കുന്ന മസാല ഇതിലേയ്ക്ക് ചേർത്ത് രണ്ട് മിനിട്ട് വഴറ്റിയെടുക്കണം. ഇനി ഇതിലേയ്ക്ക് കുറച്ച് വെള്ളവും അൽപ്പം ഉപ്പും ചേർത്ത് തിളപ്പിക്കണം. തിളച്ചുവരുമ്പോൾ വറുത്തുവച്ചിരിക്കുന്ന മുട്ട ചേർക്കാം. ഗ്രേവി വറ്റിക്കഴിയുമ്പോൾ ചോറിനൊപ്പവും ചപ്പാത്തിയോടൊപ്പവും
അപ്പത്തിനോടൊപ്പവും കഴിക്കാം.
https://t.me/+jP-zSuZYWDYzN2I0

മീൻ വറുത്തത്

എണ്ണ ഒരു തുള്ളി പോലും ചേർക്കാതെ മീൻ വറുത്താലോ? വീട്ടിലുള്ള ഒരേയൊരു സാധനം മാത്രം മതി; ഒടുക്കത്തെ ടേസ്റ്റ് ആണ് മോനേ

ചോറിനൊപ്പവും കപ്പ പുഴുങ്ങിയതോടൊപ്പവും മറ്റും മീൻ വറുത്തത് കഴിക്കാൻ ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും. എന്നാൽ മീൻ വറുക്കുന്നതിന് നിറയെ എണ്ണ ആവശ്യമായതിനാൽ മിക്ക വീടുകളിലും ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മാത്രമായിരിക്കും മീൻ വറുക്കുക. മാത്രമല്ല, വീട്ടിൽ എണ്ണ ഇല്ലെങ്കിൽ മീൻ വറുക്കൽ ഉപേക്ഷിക്കുകയേ തരമുള്ളൂ. എന്നാൽ എണ്ണ ഇല്ലെങ്കിലും മീൻ വറുക്കാൻ പറ്റിയാലോ. വീട്ടിൽ തേങ്ങ ഉണ്ടെങ്കിൽ എണ്ണയുടെ ആവശ്യമേ വരില്ല, നല്ല അസൽ മീൻ വറുത്തത് തയ്യാറാക്കാം.

ആദ്യം ഒരു കപ്പ് തേങ്ങ ചിരകിയതിലേയ്ക്ക് അൽപ്പം വെള്ളം ഒഴിച്ച് അരച്ചെടുക്കണം. ഈ തേങ്ങാപ്പാലിലേയ്ക്ക് മീൻ വറുക്കാൻ ആവശ്യമായ മസാലകൾ ചേർക്കാം. വെളുത്തുള്ളി പേസ്റ്റ്, കാൽ ടീ സ്‌പൂൺ മഞ്ഞൾപ്പൊടി അര ടീ സ്‌പൂൺ കാശ്മീരി മുളക് പൊടി, ആവശ്യത്തിന് കുരുമുളക് പൊടി, ഒരു ടീ സ്‌പൂൺ മല്ലിപ്പൊടി, ഒരു നുള്ള് കായപ്പൊടി, ഒരു നുള്ള് ഉലുവ പൊടി, ആവശ്യത്തിന് ഉപ്പ്, അര നാരങ്ങയുടെ നീര്, കുറച്ച് കറിവേപ്പില എന്നിവ തേങ്ങാപ്പാലിലേയ്ക്ക് ചേർക്കണം. ഇത് നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കിയ മീനിലേയ്ക്ക് മസാലക്കൂട്ട് ചേർത്തുകൊടുക്കാം. ഇനി ഇത് ഒരു മണിക്കൂർ മാറ്റിവയ്ക്കണം.

ശേഷം ഒരു ചീനച്ചട്ടിയിൽ മീൻ കഷ്ണങ്ങളിട്ട് എണ്ണ ഒരു തുള്ളി പോലും ചേർക്കാതെ വറുത്തെടുക്കാം. എണ്ണയിൽ വറുത്തതിനേക്കാൾ സ്വാദോടെ മീൻ വറുത്തത് ചോറിനൊപ്പവും മറ്റും കഴിക്കാം.
https://t.me/+jP-zSuZYWDYzN2I0

Monday, May 8, 2023

കിഴങ്ങ്‌ കറി

നാടന്‍ ചായക്കടകളില്‍ കിട്ടാറുള്ള ആ കിഴങ്ങ് കറിയുടെ രുചി ഒന്ന് വേറെ തന്നെയാണ്.... അധികം മസാലകള്‍ ചേര്‍ക്കാതെ ഇതാ നാടന്‍ രുചിയിലൊരു കിഴങ്ങ് കറി..


           ചേരുവകള്‍

ഉരുളക്കിഴങ്ങ് – 4

സവാള – 1

പച്ചമുളക് -3

ഇഞ്ചി – 1 ½ ടീസ്പൂണ്‍

കടുക് – ½ ടീസ്പൂണ്‍

കടലപരിപ്പ്‌ - ½ ടീസ്പൂണ്‍

മഞ്ഞള്‍പൊടി – ¼ ടീസ്പൂണ്‍

വറ്റല്‍മുളക് – 2

വെളിച്ചെണ്ണ – 1 ½ ടേബിള്‍സ്പൂണ്‍

ചൂട് വെള്ളം – ¾ കപ്പ്‌

കറിവേപ്പില

ഉപ്പ്

           തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് ചെറുതായി അരിഞ്ഞതിനുശേഷം അല്പം മഞ്ഞള്‍പൊടിയും, ഉപ്പും, ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കുക.

അതിനുശേഷം
ചൂടായ പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുക്, കടലപരിപ്പ്‌, വറ്റല്‍മുളക് എന്നിവ ചേര്‍ത്ത് താളിക്കുക.

അതിനുശേഷം സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പിലയും ചേര്‍ത്ത് നന്നായി വഴറ്റി എടുക്കുക.

ഇനി ഇതിലേക്ക് മഞ്ഞള്‍പൊടി ചേര്‍ത്ത് ഒന്ന് മൂപ്പിചെടുതതിനുശേഷ വേവിച്ചുവച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേര്‍ത്ത് കൊടുക്കുക.

അതിനുശേഷം ഗ്രേവിക്കാവശ്യമായ ചൂടുവെള്ളവും പാകത്തിന് ഉപ്പും കൂടിചേര്‍ത്ത് നന്നായി തിളപിച്ചാല്‍ രുചികരമായ കിഴങ്ങ് കറി തയ്യാര്‍.
https://t.me/+jP-zSuZYWDYzN2I0

Sunday, May 7, 2023

മുട്ട വട

വെറും 10 മിനിറ്റ്‌ കൊണ്ട്‌ നല്ല മൊരിഞ്ഞ മുട്ട വട എങ്ങനെ തയ്യാർ ആക്കാം എന്ന് നോക്കാം . വൈകിട്ടത്തെ ചായക്ക്‌ ബെസ്റ്റ്‌ ആണ്‌.

              ചേരുവകൾ

മുട്ട - 4 എണ്ണം

സവാള -1 എണ്ണം

മുളക് പൊടി -1 ടീസ്പൂൺ

ഗരം മസാല - അര ടീസ്പൂൺ

ഇഞ്ചി - ചെറിയ കഷ്ണം

പച്ചമുളക് - 1 എണ്ണം

കറിവേപ്പില - ആവശ്യത്തിന്‌

കടലമാവ് - 1 ടേബിൾസ്പൂൺ

അരിമാവ് - 1 ടേബിൾസ്പൂൺ

ഉപ്പ് - ആവശ്യത്തിന്‌

           തയ്യാറാക്കുന്ന വിധം

മൂന്ന് പുഴുങ്ങിയ മുട്ട നന്നായി ഗ്രേറ്റ് ചെയ്തു വെയ്ക്കുക. അതിൽ ഒരു സവാള പൊടിയായി അരിഞ്ഞത് ചേർക്കുക ഒപ്പം മുളക്പൊടി,  ഗരം മസാല , ഇഞ്ചി ,പച്ചമുളക് , കറിവേപ്പില , കടലമാവ് , അരിമാവ് എന്നിവ ചേർക്കുക.അതിലേക്ക്‌ പാകത്തിന് ഉപ്പും ചേർത്ത്  എല്ലാം കൂടി  നല്ല വണ്ണം മിക്സ്‌ ചെയ്യുക.

അതിൽ ഒരു മുട്ട പൊട്ടിച്ചത്  കൂടി ചേർത്ത് നന്നായി കുഴയ്ക്കുക.  ശേഷം നന്നായി ഉരുട്ടി ഷേപ്പ് ചെയ്ത ശേഷം ഓയിലിൽ ഫ്രൈ ചെയ്ത് അടുക്കുക.
https://t.me/+jP-zSuZYWDYzN2I0

Friday, May 5, 2023

ചിക്കൻ കേക്ക്

ചിക്കൻ കൊണ്ട് കൊതിയൂറും അടിപൊളി ഇറച്ചി കേക്ക്‌ ഉണ്ടാക്കുന്ന വിധം നോക്കാം.


         ചിക്കൻ മസാല തയ്യാറാക്കാം

ചിക്കൻ - 250 ഗ്രാം_
(ബോൺ ലെസ്സ്)

ചിക്കൻ അൽപ്പം മഞ്ഞൾ, കുരുമുളക് പൊടി,ഉപ്പ് എന്നിവ ഇട്ടു വേവിച്ച് എടുക്കുക. ചൂട് പോയാൽ പിച്ചി എടുത്ത് മാറ്റി വെക്കാം.

             ചിക്കൻ മസാലക്ക്‌

സവാള -3 എണ്ണം (മീഡിയം വലുപ്പം )

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്‌ -2 ടീസ്പൂൺ

ഉപ്പ് ആവശ്യത്തിന്

പച്ചമുളക് -2-3 എണ്ണം

മുളക് പൊടി -1/2 ടീസ്പൂൺ

മഞ്ഞൾ പൊടി -1/4 ടീ സ്പൂൺ

ഗരംമസാല പൊടി -1/4 ടീ സ്പൂൺ

പെപ്പർ പൗഡർ -1/4 ടീ സ്പൂൺ

ഓയിൽ - ആവശ്യത്തിന്‌

ഒരു  പാനിൽ അൽപം എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്‌, പച്ചമുളക് അരിഞ്ഞത് എന്നിവ ഇട്ട് ഒരു മിനുട്ട് വഴററുക.

അതിലേക്ക് പൊടിയായി അരിഞ്ഞ സവാള, ഉപ്പ്, കറിവേപ്പില എന്നിവ ഇട്ടു നല്ല പോലെ വഴറ്റി എടുക്കുക.

ഇനി പൊടികൾ ചേർത്ത് മൂപ്പിച്ചെടുകണം.

ഇതിലേക്ക് ചിക്കൻ,മല്ലിയില, ഗരം മസാലപ്പൊടി എന്നിവ ചേർത്ത് നല്ല പോലെ യോജിപ്പിച്ച് എടുക്കുക.

ഇനി മസാല മറ്റൊരു പാത്രത്തിലേക്ക് തണുക്കാനായി മാറ്റി വക്കാം

      മുട്ട മിക്സിന്

മുട്ട -6 എണ്ണം

പെപ്പർ പൗഡർ -1/4 ടീ സ്പൂൺ

ഉപ്പ് - ആവശ്യത്തിന്

ഒരു വലിയ ബൗളിൽ മുട്ട, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജി്പ്പിക്കുക.

ഇതിലേക്കു ചിക്കെൻ മസാല ചേർത്തു മിക്സ് ചെയത് എടുക്കാം.

ഇനി ഒരു സോസ് പാൻ ചൂടാക്കി അൽപം എണ്ണ ഒഴിച്ച് എല്ലാ ഭാഗത്തും ചുറ്റിച്ച്‌ എടുക്കുക.

ഇതിലേക്ക് തയാറാക്കിയ മിക്സ് ചേർത്ത് കൊടുക്കാം.ഒരു മിനിറ്റ് തീ
കൂട്ടി വച്ചതിന് ശേഷം ഒരു പാൻ ചൂടാക്കി അതിന്റെ  മുകളിൽ സോസ്‌ പാൻ വച്ച് കൊടുക്കാം. അതിൽ ചിക്കൻ മസാല ചേർത്ത്‌ കൊടുക്കാം. മീഡിയം തീയിൽ 15-20 മിനുട്ട് വച്ച് വേവിക്കം.

സോസ് പാനിന്‌  മുകളിൽ മറ്റൊരു പാൻ വച്ച് ഇത് തിരിച്ച്‌ ഇട്ട്‌  മുകൾ ഭാഗം ഒരു മിനുട്ട് വേവിക്കണം.

ചൂട് ചായയുടെ കൂടെ  തന്നെ കഴിക്കാം.
https://t.me/+jP-zSuZYWDYzN2I0

കല്ലുമ്മക്കായ അച്ചാര്

കല്ലുമ്മക്കായ അച്ചാര്

മഞ്ഞള്‍ പൊടി - ഒന്നര ടീസ്പൂണ്‍

മുളകുപൊടി - 3 ടീസ്പൂണ്‍

ഉപ്പ്് - പാകത്തിന്

വറ്റല്‍മുളക് - മുക്കാല്‍ കപ്പ്

ജീരകം - അര ടീസ്പൂണ്‍

ഉലുവ - അര ടീസ്പൂണ്‍

തക്കാളി നന്നായി

പഴുത്തത്് - 3 എണ്ണം

ഇഞ്ചി പൊടിയായി

അരിഞ്ഞത് - 1 ടീസ്പൂണ്‍

പച്ചമുളക് പൊടിയായി

അരിഞ്ഞത് - 12

കടുക് - അര ടീസ്പൂണ്‍

വെളുത്തുള്ളി

പൊടിയായി അരിഞ്ഞത് - 20 എണ്ണം

കറിവേപ്പില - ആവശ്യത്തിന്

ഉപ്പ് - ആവശ്യത്തിന്

വിനാഗിരി - 2 കപ്പ്

നല്ലെണ്ണ - 150 മില്ലി

               തയ്യാറാക്കുന്നവിധം:

കല്ലുമ്മക്കായ വൃത്തിയായി കഴുകിയതിനു ശേഷം കത്തി ഉപയോഗിച്ച് അതിന്റെ ഇറച്ചി വേര്‍പ്പെടുത്തുക. അതിന്റെ പാമ്പന്‍ എടുത്തു കളയാന്‍ ശ്രദ്ധിക്കണം.

നന്നായി കഴുകിയ കല്ലുമ്മക്കായ മുളകും അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും പുരട്ടി അല്‍പ്പനേരം വെയിലില്‍ വെച്ച് വാട്ടിയെടുക്കണം. അതിനു ശേഷം എണ്ണയില്‍ നന്നായി പൊരിച്ചെടുക്കുക.

വറ്റല്‍മുളകും ജീരകവും ഉലുവയും ശേഷിക്കുന്ന മഞ്ഞള്‍പ്പൊടിയും തക്കാളിയും കൂടി ഒട്ടും വെളളം തൊടാതെ അരച്ചെടുക്കുക. ചിലര്‍ അല്‍പ്പം വിനാഗിരി തളിച്ചും അരച്ചെടുക്കാറുണ്ട്്. നന്നായി അരച്ചെടുത്ത ഈ അരപ്പ് ഒരു പാത്രത്തിലേക്ക് മാറ്റിയതിനു ശേഷം അമ്മി വിനാഗിരി ഒഴിച്ച് കഴുകി അത് മറ്റൊരു പാത്രത്തില്‍ ശേഖരിച്ചുവെയ്ക്കുക.

ഇറച്ചി വറുത്ത എണ്ണയും ശേഷിക്കുന്ന എണ്ണയും കൂടി ഒരു ചീനച്ചട്ടിയില്‍ ഒഴിച്ച് ചൂടാക്കിയതിനു ശേഷം കടുക് പൊട്ടിക്കുക. അരിഞ്ഞുവെച്ച പച്ചമുളക്, ഇഞ്ചി, കറിവേപ്പില, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് തയ്യാറാക്കി വെച്ച അരപ്പു കൂടി ചേര്‍ത്ത് നന്നായി മൂപ്പിക്കുക. അരകല്ല് കഴുകി ശേഖരിച്ച വിനാഗിരി ഇതിലേക്ക് ഒഴിക്കുക.

വെള്ളം നന്നായി വലിഞ്ഞതിനു ശേഷം വറുത്തുവച്ച കല്ലുമ്മക്കായയും ബാക്കി വരുന്ന വിനാഗിരിയും ഉപ്പും ചേര്‍ത്ത് ഇളക്കി വേവിക്കുക.

തണുത്തശേഷം ഒട്ടും ജലാംശമില്ലാത്ത കുപ്പികളിലേക്ക് മാറ്റി സൂക്ഷിക്കാം.
https://t.me/+jP-zSuZYWDYzN2I0

Thursday, May 4, 2023

ക്രിസ്പി ഹണി ചിക്കൻ

ക്രിസ്പി ഹണി ചിക്കൻ

       ആവശ്യമായ ചേരുവകൾ

1- ചിക്കൻ - 250 ഗ്രാം

2- സോയാ സോസ് - 1/2 ടീസ്പൂൺ

3- മൈദ - 1 ടീസ്പൂൺ സ

4- കോൺഫ്ലോർ - 1 1/2 ടീസ്പൂൺ

5- മുട്ട - 1 എണ്ണം

6- ഓയിൽ - ആവശ്യത്തിന്

7-വെളുത്തുള്ളി - 4 എണ്ണം

8- ചില്ലി സോസ് - 1 ടേബിൾ സ്പൂൺ

(ഇഷ്ടാനുസരണം)

9- മുളക്പൊടി - 1 ടീസ്പൂൺ

10- വെള്ളം - 1/4 കപ്പ്

11- തേൻ - 1 ടേബിൾ സ്പൂൺ

12- വെളുത്ത എള്ള് - ആവശ്യത്തിന്

13- ഒനിയൻ ലീഫ് - ആവശ്യത്തിന്

14- ഉപ്പ് - ആവശ്യത്തിന്

15- കുരുമുളക് പൊടി - ആവശ്യത്തിന്

               തയ്യാറാക്കുന്ന വിധം

ചിക്കൻ ബ്രസ്റ്റ് പീസ് നീളത്തിൽ മുറിച്ച് അതിലേക്ക് ആവശ്യത്തിന് ഉപ്പ്, കുരുമുളക് പൊടി,

സോയാ സോസ്, മുട്ട, മൈദ, കോൺഫ്ലോർ എന്നിവ ചേർത്ത് നന്നായി മാരിനേറ്റ് ചെയ്ത ശേഷം

പാനിൽ ആവശ്യത്തിന് ഓയിൽ ഒഴിച്ച് ഫ്രൈ ചെയ്ത് എടുക്കാം. മറ്റൊരു പാനിൽ 2 ടീസ്പൂൺ ഓയിൽ ഒഴിച്ച് വെളുത്തുള്ളി ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ചില്ലി സോസ്,മുളക്പൊടി, വെള്ളം ചേർത്ത്

നന്നായി മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, തേൻ,ഫ്രൈ ചെയ്ത ചിക്കൻ ചേർത്ത്

നന്നായി മിക്സ് ചെയ്ത ശേഷം തീ ഓഫ് ചെയ്ത് സേർവ്വിംഗ് പ്ലേറ്റിലേക്ക് മാറ്റി മുകളിൽ വെളുത്ത എള്ള്,

ഒനിയൻ ലീഫ് ചേർത്ത് സേർവ്വ് ചെയ്യാം..
https://t.me/+jP-zSuZYWDYzN2I0

Wednesday, May 3, 2023

കല്ലുമ്മക്കായ റോസ്റ്റ്

രുചികരമായ കല്ലുമ്മക്കായ റോസ്റ്റ് ഉണ്ടാക്കാം

പല രീതിയില്‍ പാചകം ചെയ്യാമെങ്കിലും കല്ലുമ്മക്കായ റോസ്റ്റ് ഉണ്ടാക്കുന്നതാണ് കൂടുതൽ രുചികരം. കല്ലുമ്മക്കായ സുലഭമായി കിട്ടുന്നത് കായൽ പ്രദേശങ്ങളിലാണ്.

          ആവശ്യമുള്ള സാധനങ്ങള്‍

കല്ലുമ്മക്കായ- ഒരു കിലോ

മഞ്ഞള്‍പ്പൊടി- ഒരു ടേബിള്‍ സ്പൂണ്‍

കുരുമുളക് പൊടി-4 ടേബിള്‍ സ്പൂണ്‍

ഗരം മസാല- 4ടേബിള്‍ സ്പൂണ്‍

ഉലുവ -ഒരു നുള്ള്

ഇഞ്ചി ചതച്ചത്- ചെറിയ 2കഷ്ണം

ചുവന്നുള്ളി അരിഞ്ഞത്- 8എണ്ണം

വെളുത്തുള്ളി ചതച്ചത്- 12 എണ്ണം

പച്ചമുളക്- നാലെണ്ണം

കറിവേപ്പില – 
കുരുുളക്-
കടുക് –
എണ്ണ- ആവശ്യത്തിന്

കല്ലുമ്മക്കായ നല്ലതു പോലെ കഴുകി വൃത്തിയാക്കി ഉപ്പും ചുവന്നുള്ളിയും വെളുത്തുള്ളിയും ഇഞ്ചിയും മുളക് പൊടിയും മഞ്ഞള്‍പ്പൊടിയും അല്‍പം ഗരം മസാലയും ചേര്‍ത്ത് പാകത്തിന് ഉപ്പിട്ട് നല്ലതു പോലെ വേവിയ്ക്കാം. മൂടി വെച്ച് വേവിക്കുന്നതാണ് നല്ലത്.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച് അതില്‍ ഉലുവയിടുക. ഉലുവ ചുവന്നു തുടങ്ങുമ്പോള്‍ ഉള്ളിയും പച്ചമുളകും കൂടിയിട്ട് വഴറ്റുക.

ശേഷം വെളുത്തുള്ളിയും ഇഞ്ചിയും കൂടി ചേര്‍ത്ത് കുറച്ചു നേരം കൂടി വഴറ്റുക. അതിലേക്ക് മുളകുപൊടിയും മഞ്ഞള്‍പൊടിയും കൂടി ചേര്‍ത്ത് ഇളക്കിയ ശേഷം കല്ലുമ്മക്കായ ചേര്‍ക്കുക. ഇതിനോടൊപ്പം ബാക്കിയുള്ള ചേരുവകളും ചേര്‍ത്ത് നന്നായി ഇളക്കി ഇതിലേക്ക് കല്ലുമ്മക്കായ വേവിച്ച വെള്ളം ചേർക്കുക. ചാറ് വറ്റുന്നത് വരെ അടുപ്പിൽ വെച്ച് ചെറു തീയിൽ ഇളക്കുക. ശേഷം ചൂടോടെ ഉപയോഗിക്കാം.
https://t.me/+jP-zSuZYWDYzN2I0

Monday, May 1, 2023

സാൻഡ്‍വിച്ച്

പ്രമേഹം മുതൽ കൊളസ്‌ട്രോൾ വരെ കുറയ്ക്കും: എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ്

  നുറുക്ക് ഗോതമ്പ് ഇന്ന് കടകളിലെല്ലാം വാങ്ങിക്കാൻ കിട്ടുന്ന ഒന്നാണ്. നുറുക്ക് ഗോതമ്പ് കൊണ്ട് പലതും തയ്യാറാക്കാം. ഉപ്പുമാവായോ, പുട്ടായോ എല്ലാം നുറുക്ക് ഗോതമ്പ് ഉപയോഗപ്പെടുത്തുന്നവരുണ്ട്. അതല്ലെങ്കില്‍ കഞ്ഞി ആക്കിയും കഴിക്കുന്നവരുണ്ട്. ഇതിന് പുറമെ പല മധുരപലഹാരങ്ങളിലും മറ്റ് പലഹാരങ്ങളിലും ഇതുപയോഗിക്കാറുണ്ട്.

ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട് എന്നതിനാല്‍ തന്നെ മുൻകാലങ്ങളിലെല്ലാം വീടുകളില്‍ നുറുക്ക് ഗോതമ്പ് പതിവായി ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ പലരും ഇതങ്ങനെ കാര്യമായി ഉപയോഗിക്കാറില്ല.

എന്തായാലും നുറുക്ക് ഗോതമ്പ് വച്ച് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന, അതേസമയം രുചികരമായൊരു വിഭവമാണിന്ന് പരിചയപ്പെടുത്തുന്നത്. നുറുക്ക് ഗോതമ്പ് കൊണ്ട് സാൻഡ്‍വിച്ച് തയ്യാറാക്കുന്നതിനെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. ഇതുവച്ച് എങ്ങനെ സാൻഡ്‍വിച്ച് എന്ന് സംശയിക്കേണ്ട, ഇതുവച്ചും സാൻഡ്‍വിച്ച് തയ്യാറാക്കാവുന്നതാണ്. എങ്ങനെയെന്ന് ലളിതമായി വിശദീകരിക്കാം.

ഇതിന് നമ്മള്‍ സാധാരണ വീട്ടില്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന ചേരുവകളൊക്കെ തന്നെ മതി. നുറുക്ക് ഗോതമ്പിന് പുറമെ തൈര്, ക്യാപ്സിക്കം, തക്കാളി, സ്വീറ്റ് കോണ്‍, ഉള്ളി, ചില്ലി ഫ്ളേക്സ്, ഒറിഗാനോ, ഫ്രൂട്ട് സാള്‍ട്ട്, ഉപ്പ് എന്നിവയാണ് ആവശ്യമായി വരുന്ന ചേരുവകള്‍. ഇനിയിത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

ആദ്യം ചേരുവകളെല്ലാം കൂടി നന്നായി യോജിപ്പിച്ചെടുക്കണം. ഇതിനായി നുറുക്ക് ഗോതമ്പും തൈരും ആദ്യം ചേര്‍ക്കാം. അല്‍പം കട്ടിയായി വേണം ഇവ യോജിപ്പിച്ചെടുക്കാൻ. ഇനിയിതിലേക്ക് തക്കാളി, സ്വീറ്റ് കോണ്‍, ഉള്ളി, ക്യാപ്സിക്കം എന്നിവയെല്ലാം ചേര്‍ത്ത് വെള്ളവും ചേര്‍ത്ത് അധികം ലൂസാകാത്ത മാവായി കലക്കിയെടുക്കണം.

ഇനിയിതില്‍ ഉപ്പ്, ചില്ലി ഫ്ളേക്സ്, ഒറിഗാനോ എന്നിവ കൂടി ചേര്‍ത്തുകൊടുക്കുക. എല്ലാം നന്നായി യോജിപ്പിച്ച ശേഷം അഞ്ച് മിനുറ്റ് മാറ്റിവയ്ക്കുക. ശേഷം ഫ്രൂട്ട് സാള്‍ട്ട് കൂടി ചേര്‍ത്ത് യോജിപ്പിക്കണം.

ഇനിയൊരു പാൻ അടുപ്പത്ത് വച്ച് ചൂടാക്കി ഇതിലേക്ക് എണ്ണ പകര്‍ന്ന ശേഷം മാവ് ചതുരത്തില്‍ അല്‍പം കട്ടിയായി പരത്തിയെടുക്കണം. രണ്ട് ഭാഗവും നന്നായി വെന്ത് വരുമ്പോള്‍ വാങ്ങിയെടുത്ത് ക്രോസ് ആയി മുറിച്ചെടുക്കാം. നുറുക്ക് ഗോതമ്പ് കൊണ്ടുള്ള സാൻഡ്‍വിച്ച് റെഡി. നല്ലൊരു ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ് ആയും സ്നാക്ക് ആയുമെല്ലാം ഇത് തയ്യാറാക്കാവുന്നതാണ്. https://noufalhabeeb.blogspot.com/?m=1