പാലക്കാട്: കാറ്റാടി കമ്പനിക്ക് വേണ്ടി അട്ടപ്പാടിയില്‍ ഭൂമി വാങ്ങിക്കൂട്ടിയതില്‍ അരങ്ങേറിയ തട്ടിപ്പുമായി ബന്ധപ്പെട്ട് അഹാഡ്‌സിലെ ഫീല്‍ഡ് ഓഫിസര്‍ ഉള്‍പ്പടെ നാല്‌പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇടനിലക്കാരായ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അഹാഡ്‌സിലെ മുന്‍ ജീവനക്കാരനും ഭൂമി തട്ടപ്പിന്റെ പ്രാധാന ആസൂത്രകനുമായ ബിനു എസ്. നായരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പിടികിട്ടാനുള്ളവര്‍ക്കായി അഗളി പൊലീസ് തെരച്ചില്‍ നടത്തുകയാണ്.
ഭൂമി കച്ചവടത്തില്‍ ഇടനിലക്കാരനായ ആനക്കട്ടി സ്വദേശി പെരിയതമ്പി എന്നറിയപ്പെടുന്ന ശങ്കരനാരായണന്‍ (50) ആണ് അറസ്റ്റിലായത്. ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. അഹാഡ്‌സിലെ മുന്‍ ടൈപ്പിസ്റ്റും ഇടനിലക്കാരില്‍ പ്രധാനിയുമായ അഗളി സ്വദേശി ബിനു എസ്. നായര്‍, ഇപ്പോള്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന അഹാഡ്‌സിലെ ഫോറസ്ട്രി വിഭാഗം ഫീല്‍ഡ് ഓഫിസര്‍ പ്രേംഷമീര്‍, ഭൂമി വില്‍പ്പനയിലെ മറ്റൊരു ഇടനിലക്കാരനായ ഷോളയൂര്‍ സ്വദേശി കെ.എസ്. ജോയ് എന്നിവരാണ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മറ്റു പ്രതികള്‍. ശിക്ഷാനിയമത്തിലെ വ്യാജരേഖ ചമക്കല്‍, ഗൂഡാലോചന, വഞ്ചന തുടങ്ങിയ കുറ്റകൃത്യങ്ങള്‍ പ്രതികളുടെ മേല്‍ ചുമത്തിയിട്ടുണ്ട്.
അട്ടപ്പാടിയിലെ കോട്ടത്തറ വില്ലേജ് ഓഫിസ് പരിധിയിലെ നല്ലശിങ്കയില്‍ കാറ്റാടി കമ്പനിക്കായി ഭൂമി വാങ്ങിക്കൂട്ടിയതില്‍ വന്‍ക്രമക്കേട് നടന്നതായി കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല ഉദ്യോഗസ്ഥ സമിതിയുടെ അന്വേഷണം പുരോഗമിക്കുകയാണ്. എന്നാല്‍, പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍ നിര്‍ദേശിച്ചതു പ്രകാരമാണ് ഇപ്പോഴത്തെ പൊലീസ് നടപടി. ജില്ലാ പൊലീസ് സൂപ്രണ്ട് മുഖേന കലക്ടറുടെ ഉത്തരവ് ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് അഗളി പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്. ബിനു എസ്. നായരെ തേടി അഗളിയിലെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും പിടികൂടാനായില്ല. ഇയാള്‍ അട്ടപ്പാടിയില്‍ ഇല്ലെന്നാണ് സൂചന.
No comments:
Post a Comment