ചെറിയ പ്രായത്തില്‍ ഏതാണ്ടെല്ലാ കുട്ടികളുടെയും പല്ലുകള്‍ നിരയൊത്തവയായിരിക്കും. എന്നാല്‍ പാല്‍പ്പല്ലുകള്‍ പൊഴിഞ്ഞ് സ്ഥിരദന്തങ്ങള്‍ വരുമ്പോള്‍ അവ നിരതെറ്റി വരുന്നതായും തള്ളിവരുന്നതായും കാണുന്നത് സാധാരണയാണ്. കുഞ്ഞുങ്ങള്‍ക്ക് ഏതാണ്ട് പത്തു വയസ്സാകുമ്പോള്‍ മുതല്‍ നല്ലൊരു പങ്ക് മാതാപിതാക്കളും മക്കളുടെ ദന്തസൗന്ദര്യത്തെക്കുറിച്ച് വേവലാതിപ്പെടാന്‍ തുടങ്ങാറുണ്ട്. അതോടെ, ഏതു പ്രായത്തിലാണ് പല്ലുകള്‍ കമ്പിയിട്ട് ശരിയാക്കാന്‍ പറ്റുക എന്നതിനെക്കുറിച്ച് അച്ഛനമ്മമാര്‍ അന്വേഷിക്കാന്‍ തുടങ്ങുകയായി.
വളര്‍ന്നുവരുന്ന പ്രായത്തില്‍ കുട്ടികളുടെ പല്ലുകള്‍ക്ക് നിരതെറ്റിയിരിക്കുന്നതായി തോന്നുന്നത് പലപ്പോഴും ഒരു താല്‍ക്കാലിക പ്രതിഭാസം മാത്രമാണ്. 'അഗ്ലി ഡക്ലിങ് സ്റ്റേജ്' എന്നാണ് ഈ അവസ്ഥയ്ക്ക് പറയുക. 13-14 വയസ്സാകുമ്പോഴേക്ക് സ്ഥിരദന്തങ്ങള്‍ വന്നുകഴിയും. അതോടെ ഒരുവിധം കുട്ടികളുടെയൊക്കെ ദന്തനിരകളുടെ അഭംഗി മാറുകയും ചെയ്യും. 14 വയസ്സിനു ശേഷവും കുട്ടികളുടെ പല്ലുകള്‍ നിരതെറ്റി നില്‍ക്കുന്നതായോ പൊന്തിനില്‍ക്കുന്നതായോ കാണുന്നുവെങ്കിലേ ദന്തക്രമീകരണ ചികില്‍സ നടത്തേണ്ടതുള്ളൂ.
എന്നാല്‍ ചില കുട്ടികളുടെ കാര്യത്തില്‍ സ്ഥിതി ഇതായിരിക്കില്ല. സ്ഥിരദന്തങ്ങള്‍ വളര്‍ന്നുവരുന്ന 1-13 പ്രായത്തില്‍, പല്ലുകളുടെ വളര്‍ച്ചയിലുണ്ടാകുന്ന ചില അപാകതകള്‍ കൊണ്ടോ താടിയെല്ലുകളുടെ വളര്‍ച്ചയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ കൊണ്ടോ താടിയെല്ലുകളിലും സ്ഥിരദന്തങ്ങളിലും ചില വൈകല്യങ്ങള്‍ ഉണ്ടാകാറുണ്ട്. ഇവ യഥാസമയം കണ്ടെത്തുകയും ചികില്‍സിക്കുകയും വേണം. അതായത്, അത്തരം പ്രശ്‌നങ്ങള്‍ ചികില്‍സിക്കാന്‍ 13-14 വയസ്സുവരെ കാത്തിരിക്കരുത് എന്നര്‍ഥം. ഇത്തരം വൈകല്യങ്ങള്‍ യഥാസമയം തിരിച്ചറിഞ്ഞ് ചികില്‍സിച്ചില്ലെങ്കില്‍ വളര്‍ച്ചയിലുണ്ടാകുന്ന അപാകതകള്‍ പല്ലുകളുടെയും താടിയെല്ലിന്റെയും സ്വാഭാവിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. ഇത് പലപ്പോഴും സ്ഥായിയായ മുഖവൈകല്യത്തിനു തന്നെ കാരണമായേക്കാം.
കുട്ടികളുടെ പാല്‍പ്പല്ലുകള്‍ പൊഴിഞ്ഞ് സ്ഥിരദന്തങ്ങള്‍ വരുന്നത് 6-13 പ്രായത്തിലാണ്. താടിയെല്ലിനും മറ്റും ശരിയായ വളര്‍ച്ചയുണ്ടാകുന്നതും ഈ കാലഘട്ടത്തിലാണ്. സാധാരണഗതിയില്‍ കുഞ്ഞുങ്ങള്‍ക്ക് 20 പാല്‍പ്പല്ലുകളാണ് ഉണ്ടാവുക. സ്ഥിരദന്തങ്ങളാകട്ടെ 28 എണ്ണം വരും. പാല്‍പ്പല്ലുകള്‍ പൊഴിഞ്ഞ് സ്ഥിരദന്തങ്ങള്‍ വരുന്നത് ആറേഴു വര്‍ഷം കൊണ്ട് ക്രമാനുഗതമായി നടക്കുന്ന പ്രക്രിയയാണ്. ഓരോ സ്ഥിരദന്തത്തിനും മോണയില്‍ മുന്‍കൂട്ടി നിശ്ചയിച്ച ഒരു സ്ഥാനമുണ്ട്. ഓരോ വ്യക്തിയുടെയും പാരമ്പര്യം, ജനിതക സവിശേഷതകള്‍ തുടങ്ങിയവയാണ് ഈ സ്ഥാനങ്ങള്‍ നിര്‍ണയിക്കുന്നത്.
പലപ്പോഴും വായിലെ തന്നെ ചില കാരണങ്ങള്‍ കൊണ്ട് സ്ഥിരദന്തങ്ങള്‍ വഴിതെറ്റി മുടം പല്ലുകള്‍ വളരാറുണ്ട്. പാല്‍പ്പല്ലുകള്‍ നേരത്തേ കൊഴിഞ്ഞുപോവുക, കേടു മൂലം അവ എടുത്തുകളയേണ്ടി വരിക, സമയമായിട്ടും പാല്‍പ്പല്ലുകള്‍ പൊഴിഞ്ഞു പോകാത്തതിനാല്‍ സ്ഥിരദന്തങ്ങള്‍ വരാന്‍ സ്ഥലം കിട്ടാതിരിക്കുക തുടങ്ങിയവയാണ് മുടം പല്ലുകളുണ്ടാകുന്നതിന്റെ ചില കാരണങ്ങള്‍. വിരല്‍ കുടിക്കുക, നഖം കടിക്കുക, പേന, പെന്‍സില്‍ തുടങ്ങിയവ കടിച്ചുകൊണ്ടേയിരിക്കുക, വായ് തുറന്ന് ഉറങ്ങുക തുടങ്ങിയ ശീലങ്ങള്‍ മൂലം സ്ഥിരദന്തങ്ങളുടെ ശരിയായ സ്ഥാനം മാറിപ്പോകുന്നത് സാധാരണയാണ്. പല്ലിലോ മോണയിലോ ഉണ്ടാകുന്ന ക്ഷതങ്ങള്‍ മൂലവും സ്ഥിരദന്തങ്ങള്‍ക്ക് സ്ഥാനമാറ്റം സംഭവിക്കാം.
പുതുതായി വരുന്ന സ്ഥിരദന്തങ്ങള്‍ക്ക് സ്ഥാനമാറ്റമുണ്ടാകുന്നുവെങ്കില്‍ അതു കണ്ടുപിടിച്ച് ശരിയായ ദിശയിലേക്കു കൊണ്ടുവരണം. അല്ലെങ്കില്‍ തെറ്റായ സ്ഥാനങ്ങളില്‍ത്തന്നെ പല്ലുകള്‍ വളരുകയും ഇത് അഭംഗിയുണ്ടാക്കുകയും ചെയ്യും. മറ്റു പല്ലുകള്‍ വളര്‍ന്നുവരാന്‍ തടസ്സമുണ്ടാവുക, താടിയെല്ലിന്റെ ശരിയായ വളര്‍ച്ചയ്ക്ക് പ്രശ്‌നങ്ങളുണ്ടാവുക തുടങ്ങി ഒട്ടേറെ വൈഷമ്യങ്ങളും ഇതുകൊണ്ടുണ്ടാകാം. അതിനാല്‍ ചികില്‍സകള്‍ നേരത്തേ തന്നെ തുടങ്ങണം. ഏഴിനും 13 വയസ്സിനും ഇടയിലാണ് ഇത്തരം ചികില്‍സകള്‍ ഫലപ്രദമായി ചെയ്യാന്‍ കഴിയുക.
താരതമ്യേന ചെലവു കുറഞ്ഞതും ലളിതവുമായ ചികില്‍സകളേ വേണ്ടിവരാറുള്ളൂ. ശരിയായ സമയത്ത് ഈ ചികില്‍സകള്‍ ചെയ്യുന്നതിലൂടെ കുട്ടികളിലുണ്ടാകാവുന്ന ദന്ത വൈകല്യങ്ങളും മുഖ വൈകല്യങ്ങളും അതിന്റെ തുടക്കത്തില്‍ത്തന്നെ തടഞ്ഞ് താടിയെല്ലുകളുടെ ശരിയായ വളര്‍ച്ച ഉറപ്പാക്കാന്‍ കഴിയും. തുടക്കത്തില്‍ ചെയ്യുന്ന ഇത്തരം ചികില്‍സകളിലൂടെ വൈകല്യങ്ങള്‍ പൂര്‍ണമായി പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കുഴപ്പമില്ല. പിന്നീട്, അതായത് 14 വയസ്സിനു ശേഷം നടത്തുന്ന ദന്ത്രക്രമീകരണ ചികില്‍സ കൂടുതല്‍ എളുപ്പമുള്ളതാക്കാനും ഫലപ്രമാക്കാനും തുടക്കത്തിലേ നടത്തുന്ന ചികില്‍സകള്‍ ഗുണകരമാകാറുണ്ട്.
താടിയെല്ലുകളുടെ വളര്‍ച്ചയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും പല്ലുകളുടെ ക്രമീകരണത്തെയും സ്ഥാനത്തെയും ബാധിക്കാറുണ്ട്. മേല്‍ത്താടിയിലെ മോണ അമിതമായി വെളിയില്‍ കാണുക, കീഴ്ത്താടി ചെറുതായിരിക്കുക, താടിയെല്ലുകള്‍ക്ക് മറ്റു തരത്തിലുള്ള വൈകല്യങ്ങളുണ്ടാവുക തുടങ്ങിയവയാണ് സാധാരണ കാണാറുള്ള പ്രശ്‌നങ്ങള്‍. സൗന്ദര്യപരമായ പ്രശ്‌നങ്ങള്‍ മാത്രമല്ല ഇതു കൊണ്ടുണ്ടാകുന്നത്.
ശരിയായി സംസാരിക്കാന്‍ കഴിയാതെ വരിക, ഭക്ഷണം ചവച്ചരയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടാവുക തുടങ്ങിയ പ്രശ്‌നങ്ങളും സാധാരണമാണ്. ഇത്തരത്തിലുള്ള ഏതു പ്രശ്‌നവും കുട്ടിയുടെ ആത്മവിശ്വാസത്തെ ബാധിക്കും. 13 വയസ്സിനു മുമ്പു തന്നെയാണെങ്കില്‍ ലളിതമായ ചികില്‍സകളിലൂടെ നേരേയാക്കാന്‍ കഴിയുന്ന പല കാര്യങ്ങളും പിന്നീട് ശരിയാക്കണമെങ്കില്‍ ഓപ്പറേഷന്‍ തന്നെ വേണ്ടിവന്നേക്കും. മാതാപിതാക്കള്‍ മാത്രമല്ല ചില ചികില്‍സകരും ഇത്തരം കാര്യങ്ങളില്‍ അറിവില്ലായ്മ വെച്ചുപുലര്‍ത്തുന്നുണ്ട്.
കുട്ടികളുടെ ദന്തക്രമീകരണവുമായി ബന്ധപ്പെട്ട ഏതു ചികില്‍സയും 13 വയസ്സിനു ശേഷമേ പാടുള്ളൂ എന്ന തെറ്റിധാരണയാണ് പ്രശ്‌നമാവാറുള്ളത്. നേരത്തേ തിരുത്താനാവുന്ന പ്രശ്‌നങ്ങള്‍ ഏറ്റവും നേരത്തേ തിരുത്തുക തന്നെയാണ് വേണ്ടത്. ഏതേതു പ്രശ്‌നങ്ങള്‍ എപ്പോഴാണ് പരിഹരിക്കേണ്ടത് എന്നറിയാനും എങ്ങനെയാണ് ഏറ്റവും കുറഞ്ഞ ചെലവിലും ഏറ്റവും ലളിതമായ ചികില്‍സാ രീതികളിലൂടെയും പരിഹരിക്കാനാവുക എന്നും തിരിച്ചറിയാന്‍ യഥാസമയം പരിചയ സമ്പന്നരായ ദന്തരോഗ വിദഗ്ധരുടെ ഉപദേശം തേടണം
No comments:
Post a Comment