വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരില്‍ ചുരുങ്ങിയത് പത്തില്‍ രണ്ട് പേരെങ്കിലും ഭാര്യയെ ഉപേക്ഷിച്ചവരാണെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് ഇന്ത്യയില്‍ നിയമമില്ല. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരെ വിവാഹം ചെയ്യുന്ന സ്ത്രീകള്‍ക്ക് രണ്ട് പാസ്‌പോര്‍ട്ടുകള്‍ നല്‍കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനം ഇപ്പോഴത്തെ സാഹചര്യത്തില്‍ മാറ്റം വരുത്തുമോ?
2010 ജനവരിയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അസാധാരണമായൊരു തീരുമാനമെടുത്തു-വിദേശത്തുള്ള പുരുഷന്‍മാരെ വിവാഹം ചെയ്ത് അവരോടൊപ്പം താമസിക്കുന്നതിനായി ഇന്ത്യ വിടുന്ന സ്ത്രീകള്‍ക്ക് ഒരേസമയം സാധുവായ രണ്ട് പാസ്‌പോര്‍ട്ടുകള്‍ നല്‍കുക. അവര്‍ പോകുന്ന രാജ്യത്തെ ഇന്ത്യന്‍ എംബസിയില്‍ സൂക്ഷിക്കപ്പെടുന്ന രണ്ടാമത്തെ പാസ്‌പോര്‍ട്ടില്‍ വിദേശത്തുള്ള അവരുടെ ഭര്‍ത്താവിനെക്കുറിച്ചുള്ള വിവരങ്ങളുണ്ടായിരിക്കും. ഇത് അവരുടെ വിവാഹത്തിന്റെ തെളിവായിരിക്കും. വിദേശത്തുള്ള ഭര്‍ത്താക്കന്‍മാരാല്‍ ഉപേക്ഷിക്കപ്പെടുന്ന ഭാര്യമാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് അസാധാരണമായ ഈ നിയമം നിര്‍മിച്ചത്. ഭാര്യയെ ഒഴിവാക്കുന്ന ഭര്‍ത്താവ് പലപ്പോഴും അവരുടെ യാത്രാരേഖകള്‍ നശിപ്പിക്കുകയോ പിടിച്ചെടുക്കുകയോ ചെയ്യാറുണ്ട്്.
ഈ തീരുമാനം വിഷയത്തില്‍ സര്‍ക്കാരിനുള്ള ആശങ്ക വ്യക്തമാക്കുന്നതാണ്. എന്നാല്‍ ഭാര്യമാരെ ഉപേക്ഷിക്കുന്നു എന്നതുമാത്രമല്ല പ്രശ്‌നം. അത് വലിയൊരു പ്രശ്‌നത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ്്. വിദേശത്ത് താമസിക്കുന്ന പുരുഷന്‍മാരെ വിവാഹം ചെയ്യുന്ന അസംഖ്യം സ്ത്രീകളില്‍ ചിലര്‍ വിദേശത്തുവെച്ചും മറ്റു ചിലര്‍ ഇന്ത്യയിലായിരിക്കെത്തന്നെയും ഉപേക്ഷിക്കപ്പെടുന്നവരാണ്. ഒരിക്കലും വിദേശത്ത് താമസിക്കാത്തവരോ അല്ലെങ്കില്‍ വിദേശവാസത്തിനുശേഷം അവരുടെ ഭര്‍ത്താക്കന്‍മാര്‍ തെറ്റിദ്ധരിപ്പിച്ചോ ബലാല്‍ക്കാരമായോ ഇന്ത്യയില്‍ തിരിച്ചുകൊണ്ടാക്കുകയോ ചെയ്യുന്ന സ്ത്രീകളാണ് നിയമപരമല്ലാതെ ഉപേക്ഷിക്കപ്പെടുന്നവര്‍. ഇക്കൂട്ടര്‍ക്ക് യാതൊരുവിധ സാമ്പത്തികസഹായവും ലഭിക്കുകയുമില്ല.
വിദേശത്തുള്ള ഭര്‍ത്താക്കന്‍മാരാല്‍ സ്ത്രീകള്‍ ഉപേക്ഷിക്കപ്പെടുന്നത് മൂന്ന് വിധമാണ്. വിദേശത്ത് തന്നോടൊപ്പം താമസിക്കുന്ന ഭാര്യയെ അപ്രതീക്ഷിതമായി ഇരുട്ടിലാക്കി കടന്നുകളയുന്നവര്‍, വിദേശത്ത് തന്നോടൊപ്പം താമസിക്കുന്ന ഭാര്യയെ തെറ്റിദ്ധരിപ്പിച്ചോ ബലാല്‍ക്കാരമായോ ഇന്ത്യയില്‍ തിരിച്ചുകൊണ്ടാക്കി അവരുടെ പാസ്‌പോര്‍ട്ട്, വിസ, പണം എന്നിവയുമായി കടന്നുകളയുന്നവര്‍, വിദേശത്തേയ്ക്ക് കുടിയേറുന്നതിന് മുമ്പ് വിവാഹം കഴിച്ചവരില്‍ പിന്നീട് ഭാര്യയ്ക്ക് തന്നോടൊപ്പം ചേരുന്നതിന് വിസ അയച്ചുകൊടുക്കാത്തവര്‍ എന്നിവരാണ് ഈ മൂന്നുതരക്കാര്‍. ഇതുപോലെ നാട്ടിലെത്തി വിവാഹം കഴിച്ചശേഷം ഭാര്യയ്ക്ക് വാഗ്ദാനങ്ങള്‍ നല്‍കി വിദേശത്തേക്ക് മടങ്ങിപ്പോകുന്നവരുണ്ട്. ഇതിനുശേഷം ഇവര്‍ ഭാര്യയ്ക്ക് വിസ രേഖകളൊന്നും അയച്ചുകൊടുക്കില്ല. ഇത്തരം വിവാഹങ്ങള്‍ ഒരുപാട് ഇന്ത്യയില്‍ നടക്കുന്നുണ്ട്. വല്ലപ്പോഴും ഒരു സന്ദര്‍ശനത്തിനായി മാത്രം ഇവര്‍ ഭാര്യയുടെ അടുത്തെത്തുന്നു. ഈ സ്ത്രീകള്‍ 'അവധിക്കാല ഭാര്യമാര്‍' എന്ന പേരില്‍ കളിയാക്കപ്പെടുന്നു.
വിദേശത്ത് താമസിക്കുന്ന ഭര്‍ത്താക്കന്മാരാല്‍ സ്ത്രീകള്‍ ഉപേക്ഷിക്കപ്പെടുന്ന സംഭവങ്ങള്‍ കഴിഞ്ഞ ഒരു ദശകമായി വര്‍ദ്ധിച്ചുവരികയാണ്. മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലുമുള്ള സ്ത്രീകള്‍ ഇതിന് ഇരകളാണ്. കാനഡ, യു.കെ, യൂറോപ്പ്, മദ്ധ്യകിഴക്കന്‍ രാജ്യങ്ങള്‍, യു.എസ്.എ എന്നിവിടങ്ങളിലുള്ള ഇന്ത്യക്കാരാണ് ഇത്തരത്തില്‍ വഞ്ചിക്കുന്നത്.
ഈ വിഷയത്തില്‍ ആഴത്തിലുള്ള അന്വേഷണം വളരെയധികമൊന്നും നടന്നിട്ടില്ലെങ്കിലും മാധ്യമങ്ങളില്‍ വരുന്ന കണക്കുകള്‍ ഭയപ്പെടുത്തുന്നു. 2004ലെ ഒരു കണക്ക് പ്രകാരം 12,000 സ്ത്രീകള്‍ ഗുജറാത്തിലും 2007ലെ ഒരു കണക്ക് പ്രകാരം 25,000 സ്ത്രീകള്‍ പഞ്ചാബിലും വിദേശത്തുള്ള ഭര്‍ത്താക്കന്‍മാരാല്‍ ഉപേക്ഷിക്കപ്പെടുന്നു. പഞ്ചാബില്‍ മാത്രം 20,000ത്തോളം തീര്‍പ്പാകാത്ത കേസുകളാണ് വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ പുരുഷന്‍മാര്‍ക്കെതിരെയുള്ളതെന്ന് പ്രവാസികാര്യമന്ത്രി വയലാര്‍ രവി 2008ല്‍ പറഞ്ഞിരുന്നു. വിദേശത്തുള്ള ഇന്ത്യക്കാരുടെ പത്തില്‍ രണ്ട് വിവാഹങ്ങളെങ്കിലും മധുവിധുവിന് ശേഷം ഭാര്യ ഉപേക്ഷിക്കപ്പെടുന്നവയാണെന്ന് 2009ല്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ഗിരിജാ വ്യാസ് പറഞ്ഞിരുന്നു. കാനഡയില്‍ മാത്രം പതിനായിരത്തോളം പേരാണ് ഇത്തരത്തില്‍ ഭാര്യയെ ഉപേക്ഷിച്ചിരിക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ കണക്കുപ്രകാരം ഇങ്ങിനെ വിദേശത്ത് താമസിക്കുന്നവരാല്‍ ഉപേക്ഷിക്കപ്പെട്ട സ്ത്രീകളുടെ എണ്ണം മുപ്പതിനായിരത്തിലധികമാണ്.
വഞ്ചിക്കപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. ഇതില്‍ ഭൂരിഭാഗം സ്ത്രീകള്‍ക്കും ഭര്‍ത്താക്കന്‍മാരുടെ വഞ്ചനയെ നേരിടാന്‍ വഴിയില്ല. മിക്കവരും തെരുവാധാരമാകാതിരിക്കാന്‍ ഭര്‍തൃവീട്ടില്‍ വേലക്കാരിയ്ക്ക് തുല്യമായ ജീവിതം നയിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഇവര്‍ നിശബ്ദമായി പീഡനങ്ങള്‍ സഹിക്കുന്നു. ചിലര്‍ ഒരിക്കല്‍പ്പോലും അച്ഛനെ കാണാത്ത കുഞ്ഞുകളെ വളര്‍ത്തുന്നു. ചിലര്‍ അപമാനം ഭയന്ന് ആത്മഹത്യ ചെയ്യുന്നു. നീതിപീഠത്തെ സമീപിക്കുന്നതിന് സ്ത്രീകള്‍ക്ക് ആവശ്യമായ നിയമപരവും സാമ്പത്തികവുമായ സാധ്യതകളെ ബോധപൂര്‍വം ഇല്ലാതാക്കുന്നതിനാണ് പുരുഷന്‍മാര്‍ ശ്രമിക്കുന്നത്. നീണ്ടകാലം നിലനില്‍ക്കുന്ന പ്രത്യാഘാതങ്ങളാണ് ഉപേക്ഷിക്കപ്പെടുന്നതിലൂടെ സ്ത്രീകള്‍ നേരിടുന്നത്. അത് സാമ്പത്തികവും വൈകാരികവും ശാരീരികവും സാമൂഹികവുമായ പ്രശ്‌നങ്ങളാണ് ഒരു സ്ത്രീയുടെ ജീവിതത്തിലുണ്ടാക്കുന്നത്. അത് ജീവിതം അസാധ്യമാക്കുന്നു. രണ്ട് കുട്ടികളുടെ അമ്മയായ പ്രീതി സന്ധുവിനെ ഒരു അവധിക്കാലത്ത് ഭര്‍ത്താവ് ഇന്ത്യയിലെത്തിച്ച് ഡല്‍ഹി വിമാനത്താവളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. 'ഞാന്‍ എവിടേയ്ക്കാണ് പോകേണ്ടത്? എന്റെ സഹോദരന് ഒരു ഭാരമാകണോ ഞാന്‍...'പ്രീതി ചോദിക്കുന്നു.
ഇന്ത്യന്‍ സര്‍ക്കാരും ദക്ഷിണേഷ്യന്‍ വനിതാ സംഘടനകളും നിലവിലെ സാഹചര്യത്തെക്കുറിച്ച് പൂര്‍ണമായും ബോധ്യമുള്ളവരാണ്. ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകള്‍ കടുത്ത സാമൂഹിക അരക്ഷിതാവസ്ഥ അനുഭവിക്കുന്ന ഇന്ത്യന്‍ സമൂഹത്തില്‍ ഇവരുടെ പരീധീനതകള്‍ ഭയാനകമാണ്. സാമ്പത്തികമായും സാമൂഹികവുമായും ആശ്രയിക്കുന്ന വ്യക്തി യാതൊരു പരിരക്ഷയും നല്‍കാതെ സ്ത്രീകളെ വഴിയിലുപേക്ഷിക്കുന്നത് സ്ത്രീകള്‍ക്കെതിരായ അക്രമത്തിന്റെ ഏറ്റവും ക്രൂരമുഖമാണ്. സ്ത്രീ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടുന്നത് മിക്കപ്പോഴും സ്ത്രീപീഡനവും ലൈംഗികാതിക്രമവും സംബന്ധിച്ച പ്രാദേശികനിയമത്തിന്റെ പരിധിയില്‍ വരുന്നില്ല. എന്നാല്‍ സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കം വനിതാസംഘടനകളുടെ ആവശ്യം മുഖവിലയ്‌ക്കെടുക്കുന്നു എന്നതിന്റെ സൂചനയാണ്. യു.എസ്, യു.കെ., കാനഡ, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്ക് നിയമപരമായ മാര്‍ഗങ്ങള്‍ തേടുന്നതിന് 2006ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ആയിരം ഡോളര്‍ തൊട്ട് ആയിരത്തഞ്ഞൂറ് ഡോളര്‍ വരെ അനുവദിക്കുന്നതിന് ഒരു ഫണ്ട് രൂപവത്കരിച്ചിരുന്നു.
സ്ത്രീകള്‍ ഭര്‍ത്താക്കന്‍മാരാല്‍ ഉപേക്ഷിക്കപ്പെടുന്നത് ക്രൂരവും കടുത്ത മാനസിക പീഡനവുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ അമേരിക്കയില്‍ ഉപേക്ഷിക്കപ്പെടുമ്പോള്‍ സ്ത്രീകള്‍ക്ക് നിയമപരമായ മാര്‍ഗങ്ങള്‍ തേടാം. അമേരിക്കയിലെ മിക്ക സംസ്ഥാനങ്ങളിലും സര്‍ക്കാരിതര സംഘടനകളുടെ സഹായവും സൗജന്യ നിയമസഹായവും സ്ത്രീകള്‍ക്ക് ലഭ്യമാണ്. ഇതുമൂലം ഭര്‍ത്താക്കന്‍മാരുടെ സ്വത്തുക്കളില്‍ ഒരു ഭാഗം നിയമപരമായി ഇവര്‍ക്ക് അവകാശപ്പെടാനാവും. എന്നാല്‍ ഇന്ത്യയിലേയ്ക്ക് മടക്കി അയക്കപ്പെട്ടവരും ഉപേക്ഷിക്കപ്പെട്ടവരുമായ സ്ത്രീകള്‍ക്ക് നീതിപീഠങ്ങളെ സമീപിക്കുന്നതിന് ഏറെ പരിമിതികളുണ്ട്. അതിനാലാണ് ഇന്ത്യക്കാരായ പുരുഷന്‍മാര്‍ സ്ത്രീകളെ ഇവിടെ ഉപേക്ഷിക്കുന്നത്. ഇതിലൂടെ നീതിപീഠങ്ങളെ സമീപിക്കുന്നതിനും സാമ്പത്തിക അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുമുള്ള സ്ത്രീകളുടെ ശ്രമങ്ങളെ തകര്‍ക്കാന്‍ അവര്‍ക്ക് കഴിയുന്നു. ഇതോടൊപ്പം അമേരിക്കയില്‍ ഇവര്‍ക്ക് ലഭിക്കുമായിരുന്ന നിയമാവകാശങ്ങള്‍ നിഷേധിക്കാനും കഴിയുന്നു.
വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിന് ഭര്‍ത്താവ് തന്റെ നാട്ടിലെ കോടതിയെ ആണ് സമീപിക്കുക. ഇങ്ങനെ ചെയ്യുന്നത് അമേരിക്കയിലെ നിയമങ്ങളെ മറികടക്കുന്നതിനും ഇന്ത്യന്‍ നിയമങ്ങളിലുള്ള പഴുതുകള്‍ ചൂഷണം ചെയ്യുന്നതിനും വേണ്ടിയാണ്. ഇത്തരം കേസുകള്‍ പലപ്പോഴും സ്ത്രീകള്‍ക്ക് പ്രതികൂലമാവുകയാണ് പതിവ്. അവരുടെ ഭര്‍ത്താക്കന്‍മാരുടെ രാജ്യത്തിന് പുറത്തുവെച്ചാണ് അവര്‍ ഉപേക്ഷിക്കപ്പെടുന്നത് എന്നതാണ് ഇതിന് കാരണം. ഒട്ടുമിക്ക കേസുകളിലും ഭര്‍ത്താവ് ഫയല്‍ ചെയ്ത കേസിന്റെ ലീഗല്‍ നോട്ടീസോ, പരാതിയുടെ കോപ്പിയോ, കോടതിയില്‍ ഹാജരാകുന്നതിനുള്ള അറിയിപ്പുകളോ ഭാര്യയ്ക്ക് ലഭിക്കാറില്ല. ബന്ധം വേര്‍പ്പെടുത്തുന്നതിന് ഇത്തരം നോട്ടീസുകള്‍ അയയ്ക്കണമെന്ന് അമേരിക്കയില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ഇന്ത്യയില്‍ പുരുഷന്റെ കുടുംബമോ അയാള്‍ക്ക് വേണ്ടപ്പെട്ടവരോ ഇത് പൂഴ്ത്തുന്നു. അല്ലെങ്കില്‍ ബന്ധം വേര്‍പ്പെടുത്തുന്നതിന് നിയമപരമായി തയ്യാറാണെന്ന് കാണിക്കുന്നവിധം രേഖയില്‍ സ്ത്രീയുടെ കള്ളൊപ്പിടുന്നു.
നോട്ടീസ് അയച്ചുകൊടുത്താലും വളരെ വൈകി മാത്രമാണ് അത് ബന്ധപ്പെട്ട സ്ത്രീയുടെ കൈകളിലെത്തുക. ചിലപ്പോള്‍ ഒന്നോ രണ്ടോ ആഴ്ച മാത്രമായിരിക്കും ഇതിന് മറുപടി നല്‍കാനുള്ള സമയം ലഭിക്കുക. മിക്ക സ്ത്രീകളും അമേരിക്കയിലെ നിയമങ്ങളെക്കുറിച്ച് അജ്ഞരും ഇന്ത്യയില്‍ നിയമോപദേശം ലഭിക്കുന്നതിന് പരിമിതിയുള്ളവരുമാണ്. ഇന്ത്യയിലെ പ്രാദേശിക അഭിഭാഷകരും യു.എസ് കുടുംബ നിയമങ്ങളെക്കുറിച്ച് അജ്ഞരാണ്. അമേരിക്കന്‍ നിയമപ്രകാരം വിവാഹബന്ധം തകര്‍ന്നത് ഒരാളുടെ കുഴപ്പം കൊണ്ടാണെന്ന് തെളിയിക്കാന്‍ ഒരു സാക്ഷിയുടെയും ആവശ്യമില്ല. കോടതിയില്‍ ഹാജരാകാനുള്ള നോട്ടീസിനോട് പ്രതികരിച്ചില്ലെങ്കില്‍ ഏകപക്ഷീയമായി വിവാഹബന്ധം വേര്‍പ്പെടുത്താന്‍ അനുവദിക്കുകയും ചെയ്യും.
ഇന്ത്യയിലെ നിയമപ്രകാരം വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിനുള്ള നോട്ടീസ് ലഭിച്ചശേഷവും എതിര്‍കക്ഷിക്ക് വിവാഹബന്ധം വേര്‍പ്പെടുത്താനുള്ള നീക്കത്തെ ചോദ്യം ചെയ്യാവുന്നതാണ്. അമേരിക്കയില്‍ വിവാഹബന്ധം വേര്‍പ്പെടുത്താനുള്ള കേസില്‍ കോടതി അയയ്ക്കുന്ന നോട്ടീസ് കൈപ്പറ്റാതിരിക്കുകയോ പ്രതികരിക്കാതിരിക്കുകയോ ചെയ്താല്‍ വിവാഹബന്ധം വേര്‍പ്പെടുത്താം. കേസ്സില്‍ എക്‌സ് പാര്‍ട്ടി വിധി വരാം. ഇത് മനസ്സിലാക്കാന്‍ ഇന്ത്യയിലുള്ള ഭാര്യക്കോ അവരുടെ അഭിഭാഷകനോ മിക്കപ്പോഴും കഴിയാറില്ല. ഇന്ത്യന്‍ കോടതികളില്‍ ഓരോ കേസുകളിലുമെടുക്കുന്ന സമയദൈര്‍ഘ്യം മാത്രം കണ്ട് പരിചയമുള്ള അഭിഭാഷകര്‍ അമേരിക്കന്‍ കോടതികളില്‍ കേസുകള്‍ പെട്ടെന്ന് തീര്‍പ്പാകുന്ന കാര്യത്തെക്കുറിച്ച് ബോധവാന്‍മാരല്ല. അമേരിക്കയില്‍ കോടതി നോട്ടീസിനോട് പ്രതികരിക്കാതിരിക്കുകയോ, കോടതിയില്‍ ഹാജരാകാതിരിക്കുകയോ, വാദം കേള്‍ക്കുന്നത് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടുകയോ ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്ക് നഷ്ടമാവുന്നത് ജീവനാംശവും കുട്ടികളെ വളര്‍ത്തിക്കൊണ്ടുവരാനുള്ള സഹായവും ഭര്‍ത്താവിന്റെ സ്വത്തിന്‍മേലുള്ള അവകാശവുമാണ്.
ഇന്ത്യയില്‍ ഉപേക്ഷിക്കപ്പെട്ട സ്ത്രീ ഭര്‍ത്താവിന്റെ നിയമനോട്ടീസിന് മറുപടിയായോ അതിന് മുമ്പോ ഒദ്യോഗികമായി പരാതി നല്‍കുമെ ങ്കില്‍, അമേരിക്കയില്‍ കോടതികള്‍ ഇക്കാര്യത്തെക്കുറിച്ച് അറിയണമെന്നില്ല. അതുവഴി ഭര്‍ത്താക്കന്‍മാര്‍ക്ക് ഏകപക്ഷീയമായി വിവാഹബന്ധം വേര്‍പ്പെടുത്താനുള്ള അവസരം ലഭിക്കുന്നു. ഇതിനുപുറമെ കേസില്‍ ഉള്‍പ്പെടുന്ന ഇരുരാജ്യങ്ങളിലെയും കോടതികളിലെ നിയമങ്ങള്‍ വ്യത്യസ്തമാകാം. ഒരുരാജ്യത്തെ കോടതി മറ്റ് രാജ്യത്തെ കോടതിയുടെ വിധിയെ അവഗണിക്കാം. അതുകൊണ്ടുതന്നെ തീര്‍ത്തും വിരുദ്ധങ്ങളായ വിധികള്‍ ഇരു കോടതിയില്‍ നിന്നുമുണ്ടാകാം. ഉദാഹരണത്തിന്, വിവാഹസംബന്ധമായ അവകാശങ്ങളെക്കുറിച്ചുള്ള ഇന്ത്യന്‍ നിയമത്തിന് തുല്യമായ ഒന്ന് അമേരിക്കയിലില്ല. ഇത്തരത്തിലുള്ള വിപരീത നിയമങ്ങള്‍ സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവുമായ അവകാശങ്ങളെ അപകടത്തിലാക്കുന്നു. എന്തായാലും നിയമങ്ങള്‍ പരസ്പരവിരുദ്ധമല്ലെങ്കില്‍ വിവാഹബന്ധം വേര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കേസുകളില്‍ വിദേശ രാജ്യങ്ങളിലെ വിധി അംഗീകരിക്കാന്‍ തയ്യാറാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ യു.എസ് കോടതികള്‍ ഇതേ നിലപാട് സ്വീകരിക്കുമോ എന്ന് വ്യക്തമല്ല.
സാഹചര്യം ഇങ്ങിനെയായിരിക്കെ വിദേശ രാജ്യങ്ങളിലുള്ളവര്‍ ഇന്ത്യയിലെ സ്ത്രീകളെ ഉപേക്ഷിക്കുന്ന പ്രശ്‌നത്തോട് എങ്ങിനെയാണ് ഇന്ത്യ പ്രതികരിക്കുക? ആഗോളീകരണകാലത്തെ യാഥാര്‍ത്ഥ്യങ്ങള്‍ക്കൊപ്പമെത്താന്‍ ഇന്ത്യയിലെയും അമേരിക്കയിലെയും സര്‍ക്കാരുകളും നിയമസാമാജികരും ന്യായാധിപന്മാരും സാമൂഹിക പ്രവര്‍ത്തകരുമെല്ലാം ഇപ്പോഴും പെടാപ്പാടിലാണ്. മുന്‍കാലങ്ങളില്‍ ഭര്‍ത്താവും ഭാര്യയും ഒരേ വീട്ടിലും ഒരേ പ്രദേശത്തും താമസിക്കുന്നവരായിരിക്കും. എന്നാല്‍ ആഗോളതലത്തില്‍ തൊഴിലിനു വേണ്ടി വ്യാപകമായി പലയിടത്തേയ്ക്കും യാത്ര ചെയ്ത് തുടങ്ങിയതോടെ ദമ്പതികള്‍ താമസിക്കുന്നത് ഒരേ വീട്ടിലായിരിക്കണമെന്നില്ല, ഒരേ ഭൂഖണ്ഡത്തില്‍പ്പോലുമാകണമെന്നില്ല. ഇത്തരം സാഹചര്യത്തില്‍ ബന്ധങ്ങളും മനുഷ്യരുടെ പെരുമാറ്റവും നിയന്ത്രിക്കാന്‍ പുതിയ അന്താരാഷ്ട്ര നിയമങ്ങള്‍ രൂപവത്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
അന്താരാഷ്ട്ര വ്യക്തി നിയമങ്ങളുമായി ബന്ധപ്പെട്ട ഹേഗ് കോണ്‍ഫറന്‍സ് അന്താരാഷ്ട്ര കുടുംബ നിയമങ്ങളിലെ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കാറുണ്ട്. ഭര്‍ത്താക്കന്മാരാല്‍ ഉപേക്ഷിക്കപ്പെട്ട ഇന്ത്യയിലെ സ്ത്രീകള്‍ക്ക് സാമ്പത്തികസഹായവും മറ്റും ലഭ്യമാക്കുന്നതിനുള്ള നിയമപരിരക്ഷകള്‍ നിരവധി ഹേഗ് കണ്‍വന്‍ഷനുകള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. എന്നാല്‍ ഓരോ രാജ്യത്തെയും സര്‍ക്കാരുകള്‍ ഈ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്തിടത്തോളം മറ്റെല്ലാ അന്താരാഷ്ട്ര ഉടമ്പടികളെയും പോലെ ഹേഗ് കണ്‍വന്‍ഷനുകള്‍ക്കും പ്രസക്തിയില്ലാതാകും.
വിദേശത്തുള്ള ഭര്‍ത്താക്കന്‍മാരാല്‍ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളുടെ പ്രശ്‌നം പരിഹരിക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ അര്‍ദ്ധമനസ്സോടെയുള്ളതും പലപ്പോഴും പ്രയോജനരഹിതവുമാണ്. അമേരിക്കയില്‍ കേസ് നടത്തുന്നതിന് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ആയിരത്തഞ്ഞൂറ് ഡോളര്‍ തീരെ അപര്യാപ്തമാണ്. ഇതാകട്ടെ ഇന്ത്യയിലുള്ള സ്ത്രീകള്‍ക്ക് ലഭ്യവുമല്ല. വിദേശത്തുള്ളവരെ വിവാഹം ചെയ്യുന്ന സ്ത്രീകള്‍ക്ക് രണ്ട് പാസ്‌പോര്‍ട്ടുകള്‍ അനുവദിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം പോലും തിടുക്കത്തിലുള്ളതാണ്. കാരണം വിദേശത്തുവെച്ച് അത്തരം രേഖകള്‍ നഷ്ടപ്പെട്ടാലും അധികൃതരുടെ സഹായത്തോടെ അത് വീണ്ടെടുക്കുക എളുപ്പമാണ്. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്ക് കേസ് നടത്താന്‍ അനുവദിക്കുന്ന സാമ്പത്തികസഹായം, വിദേശത്ത് ലഭ്യമാകുന്ന നിയമപരിരക്ഷകളെക്കുറിച്ച് അവരെ ബോധവതികളാക്കുന്നതിനും അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താനും ഉപയോഗിച്ചിരുന്നെങ്കില്‍ കൂടുതല്‍ ഫലപ്രദമായേനേ. ഇതിനുപുറമെ പ്രശ്‌നപരിഹാരത്തിനായി മറ്റ് രാജ്യങ്ങളുമായി ഉഭയകക്ഷി കരാറുകള്‍ ഒപ്പിടുന്നതിനും പരസ്പരവിരുദ്ധ നിയമങ്ങളിലുള്ള ആശയക്കുഴപ്പങ്ങള്‍ തീര്‍ക്കാനും കേന്ദ്രസര്‍ക്കാരിന് നേതൃപരമായ പങ്ക് വഹിക്കാം.
വിദേശത്തുള്ള ഭര്‍ത്താക്കന്‍മാരാല്‍ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളുടെ നിയമപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി 2009ല്‍ കേന്ദ്രസര്‍ക്കാര്‍ കാലിഫോര്‍ണിയയില്‍ താമസിക്കുന്ന ഒരു അഭിഭാഷകനെ നിയോഗിച്ചു. എന്നാല്‍ അമേരിക്കയിലെ ഓരോ സംസ്ഥാനത്തും നിലനില്‍ക്കുന്ന നിയമങ്ങള്‍ വ്യത്യസ്തമായതിനാല്‍ ഏതെങ്കിലും ഒരു സ്ഥലത്ത് താമസിക്കുന്ന ഒരു അഭിഭാഷകന് മൊത്തം 50 സംസ്ഥാനങ്ങളിലെയും വ്യത്യസ്തമായ കേസുകള്‍ കൈകാര്യം ചെയ്യുക അസാധ്യമാണ്. ലഭ്യമായ ഫണ്ടുകള്‍ അമേരിക്കയിലെ മൊത്തം സംസ്ഥാനങ്ങളില്‍ നിന്നുമുള്ള അഭിഭാഷകരുടെ ഒരു നെറ്റ്‌വര്‍ക്ക് രൂപവത്കരിക്കാന്‍ ഉപയോഗിക്കുന്നതായിരിക്കും ഇതിലും ഭേദം. ഏതെങ്കിലും ഒന്നോ രണ്ടോ സംസ്ഥാനങ്ങളിലെ പരീക്ഷണ കേസുകള്‍ കൈകാര്യം ചെയ്ത് കൃത്യമായ ഒരു കേസ് ലോ ഉണ്ടാക്കാനും നീതിന്യായ വ്യവസ്ഥയെക്കുറിച്ച് കൃത്യമായ വിദ്യാഭ്യാസം നല്‍കാനും ശ്രമിക്കേണ്ടതുണ്ട്. ഇത്തരം കേസ് ലോകള്‍ മറ്റ് സംസ്ഥാനങ്ങളിലെ അഭിഭാഷകരെ അറിയിക്കുകയാണെങ്കില്‍ അവിടങ്ങളിലെ സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നതിനാവശ്യമായ നിയമപരമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയും.
പ്രശ്‌നത്തില്‍ വനിതാ സംഘടനകള്‍ സ്വതന്ത്രമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അമേരിക്കയിലെ സൗത്ത് ഏഷ്യന്‍ വുമണ്‍സ് ഓര്‍ഗനൈസേഷന്‍സും ഇന്ത്യയിലെ സര്‍ക്കാതിര സംഘടനകളും സംയുക്തമായി ചേര്‍ന്ന് 'അമന്‍: ഗ്ലോബല്‍ വോയ്‌സസ് ഫോര്‍ പീസ് ഇന്‍ ദ ഹോം' എന്ന പേരില്‍ 2006 ഡിസംബര്‍ ഏഴിന് ഒരു നെറ്റ്‌വര്‍ക്ക് രൂപവത്കരിച്ചു. പശ്ചിമബംഗാളിലെ 'സ്വയം' എന്ന സംഘടനയും ന്യൂജേഴ്‌സിയിലെ 'മാനവി' എന്ന സംഘടനയും നേതൃത്വം നല്‍കുന്ന അമനില്‍ 30 സംഘടനകള്‍ അംഗങ്ങളാണ്. എന്നാല്‍ സംഘടന പ്രവര്‍ത്തിച്ചുതുടങ്ങിയപ്പോഴാണ് വിവിധ ഭൂഖണ്ഡങ്ങളിലെ വ്യത്യസ്തമായ കേസുകളും നിയമങ്ങളും വലിയ വെല്ലുവിളിയാണെന്ന് മനസ്സിലാകുന്നത്. വിദേശത്തുള്ള ഭര്‍ത്താക്കന്‍മാരാല്‍ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളുടെ കേസുള്‍ മിക്കപ്പോഴും മൂന്നും നാലും നിയമവ്യവസ്ഥകളുടെ പരിധിയിലാണ് വരുന്നതെന്നതും വലിയ വെല്ലുവിളിയാണ്. ഇപ്പോള്‍ അമന്‍ കൂടുതല്‍ സംഘടനകളെ അതില്‍ അംഗങ്ങളാക്കാനും അതുവഴി നെറ്റ്‌വര്‍ക്ക് വിപുലപ്പെടുത്താനും ശ്രമിക്കുകയാണ്. ഇതോടൊപ്പം തന്നെ ഇരകളായ സ്ത്രീകള്‍ക്ക് ഒറ്റയ്‌ക്കൊറ്റയ്ക്കായി സഹായം നല്‍കാനും സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളില്‍ മാറ്റം വരുത്താനും ശ്രമിച്ചുപോരുന്നു.
ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളുടെ മറ്റൊരു ഗുരുതരമായ പ്രശ്‌നം അവരുടെ കുട്ടികള്‍ വിദേശത്തുതുടരുന്ന ഭര്‍ത്താവിന്റെ നിയന്ത്രണത്തിലാകുന്നതാണ്. അമേരിക്കയിലുള്ള ഭര്‍ത്താവ് ഭാര്യയെയും കുട്ടികളെയും സ്വന്തം രാജ്യത്തെത്തിച്ച് ഉപേക്ഷിച്ച ശേഷം ഏകപക്ഷീയമായി വിവാഹബന്ധം വേര്‍പ്പെടുത്തുകയും കുട്ടികളുടെ നിയന്ത്രണത്തിനുള്ള അധികാരം കോടതി വഴി നേടിയെടുക്കുകയും ചെയ്യുന്നു. ഇതിനുശേഷം, ഭാര്യ കുട്ടികളെ തട്ടിക്കൊണ്ടുപോയതായി കേസ്സുണ്ടാക്കുന്നു. ചിലപ്പോഴൊക്കെ ഭാര്യക്കെതിരെ വാറണ്ടുകള്‍ പുറപ്പെടുവിക്കുന്നു. ഈ സ്ത്രീക്ക് പിന്നെ അമേരിക്കയില്‍ കാലുകുത്താന്‍ കഴിയില്ല. വന്നാല്‍ അറസ്റ്റിലാകാം.
നിയമപരമായ സങ്കീര്‍ണതകള്‍, നീതിപൂര്‍വകമായ തീര്‍പ്പിനുള്ള പ്രയാസങ്ങള്‍, വ്യത്യസ്തരാഷ്ട്രങ്ങളുടെ വ്യത്യസ്ത നിയമ, സാംസ്‌കാരികതകള്‍ എന്നിവ കാരണം ഈ പ്രശ്‌നം വലിയ വെല്ലുവിളിയാവുന്നു. ഇന്ത്യയിലെ പുരുഷന്‍മാരും സ്ത്രീകളും തൊഴിലിനായി വിദേശത്തേയ്ക്ക് കുടിയേറുന്നത് വര്‍ദ്ധിച്ചതോടെ ഈ പ്രശ്‌നവും വര്‍ദ്ധിച്ചു. നിയമങ്ങള്‍ വ്യത്യസ്തങ്ങളാണ്, സാഹചര്യവും സംസ്‌കാരവുമെല്ലാം വ്യത്യസ്തങ്ങളാണ്. ഇത് കൈകാര്യം ചെയ്യുക വലിയ സ്ഥാപനങ്ങള്‍ക്കുപോലും പ്രയാസമാണ്. നിരാലംബരായ സ്ത്രീകളുടെ കാര്യം പറയാനുമില്ല.
സ്ത്രീകളുടെ ജീവിതം സുരക്ഷിതമാക്കാനും അവര്‍ക്ക് നീതി ലഭിക്കാനും അന്താരാഷ്ട്ര സമൂഹത്തിന്റെ കാഴ്ച്ചപ്പാടിലും നിയമങ്ങളിലും നയങ്ങളിലും മാറ്റം അനിവാര്യമാണ്.
No comments:
Post a Comment