Monday, September 20, 2010

കപ്പിത്താന്റെ തടവ് നീട്ടി; ചൈന-ജപ്പാന്‍ ബന്ധം ഉലയുന്നു

കിഴക്കന്‍ ചൈന കടലിലെ തര്‍ക്കത്തിലുള്ള ദ്വീപിനടുത്തുവെച്ച് പിടിയിലായ ചൈനീസ് കപ്പിത്താന്റെ തടവ് ജപ്പാന്‍ നീട്ടിയ സംഭവം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കി. ജപ്പാനുമായുള്ള എല്ലാ ഉന്നതതല ബന്ധങ്ങളും താല്‍ക്കാലികമായി പിന്‍വലിക്കുകയാണെന്ന് ചൈന വ്യക്തമാക്കി. ജപ്പാനില്‍ സെന്‍കാകു എന്ന പേരിലറിയപ്പെടുന്ന ദ്വീപിനുമേല്‍ ഇരു രാജ്യങ്ങളും അവകാശമുന്നയിക്കുന്നുണ്ട്. കഴിഞ്ഞ എട്ടാം തീയതിയാണ് പ്രശ്‌നത്തിനാധാരമായ സംഭവം നടക്കുന്നത്. ഇവിടെ മത്സ്യബന്ധനത്തിനെത്തിയ ചൈനീസ് ബോട്ട് ജപ്പാന്റെ കോസ്റ്റ് ഗാര്‍ഡ് ബോട്ടുമായി കൂട്ടിയിടിച്ചശേഷം ജപ്പാന്‍ കപ്പിത്താനെയും മറ്റും അറസ്റ്റു ചെയ്യുകയായിരുന്നു.
ബോട്ടും അതിലെ മറ്റ് തൊഴിലാളികളെയും ജപ്പാന്‍ വിട്ടുകൊടുത്തെങ്കിലും കപ്പിത്താനെ തടവിലാക്കി. പുതിയ കോടതി ഉത്തരവുപ്രകാരം ഇയാള്‍ ഈ മാസം 29 വരെ തടവില്‍ കഴിയേണ്ടിവരും.
തടവ് നീട്ടിയതിനോട് ചൈന രൂക്ഷമായി പ്രതികരിച്ചു. ജപ്പാന്‍ തെറ്റുകള്‍ക്കുമേല്‍ തെറ്റുകള്‍ ആവര്‍ത്തിച്ചാല്‍ അതുമൂലമുണ്ടാകുന്ന എല്ലാ സംഭവങ്ങള്‍ക്കും അവര്‍തന്നെയാകും ഉത്തരവാദികളെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് പറഞ്ഞു.

No comments:

Post a Comment