പാല് സമ്പൂര്‍ണാഹാരമാണെന്നാണ് പറയാറുള്ളത്. എന്നാല്‍ ചിലര്‍ക്കെങ്കിലും പാലിന്റെ ഗുണങ്ങളില്‍ സംശയമാണ്.
അമിതവണ്ണം കുറയ്ക്കാനും സ്ലിം ആയി ശരീരം നിലനിര്‍ത്താനും ശ്രമിക്കുന്നവരില്‍ പലരും വിശ്വസിക്കുന്നത് പാല്‍ തടികൂട്ടുന്ന പാനീയമാണെന്നാണ്.
എന്നാല്‍ അങ്ങനെയല്ലെന്നുമാത്രമല്ല പാല്‍ തടി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ഇസ്രയേലിലെ ഒരു സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
ദിവസവും പാല്‍ കുടിയ്ക്കുന്ന ശീലമുള്ളവര്‍ക്ക് ഈ ശീലമില്ലാത്തവരെ അപേക്ഷിച്ച് ശരീരഭാരം കുറവാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ദിവസം രണ്ടു ഗ്ലാസ് പാല്‍ കുടിയ്ക്കുന്ന പ്രായപൂര്‍ത്തിയായ ആളുകളുടെ ശരീരത്തില്‍ ആറുമാസത്തിനുള്ളില്‍ വിറ്റമിന്‍ ഡിയുടെ അളവ് കൂടും.
ഇവരില്‍ രണ്ടുവര്‍ഷം കൊണ്ട് ശരാശരി 6 കിലോഗ്രാം വരെ ഭാരം കുറയുകയും ചെയ്യും. 40നും 65നും ഇടയില്‍ പ്രായമുള്ള 300ല്‍ അധികം ആളുകളിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. കൊഴുപ്പു കുറഞ്ഞ മെഡിറ്ററേനിയന്‍ ഡയറ്റ് ആണ് ഇവര്‍ക്ക് രണ്ടുവര്‍ഷത്തേയ്ക്ക് നിര്‍ദ്ദേശിച്ചത്.
രണ്ടുവര്‍ഷത്തിന് ശേഷം പരിശോധന നടത്തിപ്പോള്‍ പാലില്‍ നിന്നുള്ള കാല്‍സ്യം ഇവരുടെ ശരീരത്തില്‍ ഉയര്‍ന്ന അളവില്‍ ശേഖരിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. മാത്രമല്ല രണ്ടുവര്‍ഷം മുമ്പുള്ള ശരീരഭാരം വച്ചുനോക്കുമ്പോള്‍ എല്ലാവരും ആറു കിലോഗ്രാം വരെ ഭാരം കുറയുകയും ചെയ്തിരുന്നു.
എന്നാല്‍ പാല് കൂടുതലായി ഉപയോഗിക്കാത്തവരില്‍ ഇതിന്റെ തോത് വളരെ കുറവായിരുന്നു. കാത്സ്യം കൂടാതെ വിറ്റാമിന്‍ ഡിയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പാലും പാലുല്‍പന്നങ്ങളും വിറ്റമിന്‍ ഡി വേണ്ടുവോളം ശരീരത്തിന് പ്രദാനം ചെയ്യും.
ഗര്‍ഭിണികള്‍ക്ക് സാധാരണ എല്ലായിടത്തും പ്രത്യേക പരിഗണനയാണ്. അവരുടെ ഭക്ഷണകാര്യം ഏറെ ശ്രദ്ധിക്കേണ്ടുന്ന ഒന്നാണ്. കൃത്യമായ രീതിയില്‍ പോഷകഘടകങ്ങള്‍ ശരീരത്തില്‍ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
അമ്മയുടെ ശരീരത്തിലെ പോഷകക്കുറവ് കുഞ്ഞിനെയും ബാധിയ്ക്കും. ഒപ്പം തന്നെ വാരിവലിച്ച് കഴിയ്ക്കുന്നതും ഗര്‍ഭിണികള്‍ക്ക് പറ്റിയ കാര്യമല്ല. പഴയ വിശ്വാസമനുസരിച്ച് ഗര്‍ഭിണിയായാല്‍ രണ്ടുപേര്‍ക്കുള്ളത് ഒരുമിച്ച് കഴിയ്ക്കണമെന്നാണ് പറയുക.
എന്നാല്‍ ഈ രീതി തെറ്റാണെന്നതാണ് യാഥാര്‍ത്ഥ്യം. ബ്രിട്ടനിലെ ഗവേഷകരാണ് ഗര്‍ഭിണികള്‍ രണ്ടുപേര്‍ക്കുള്ളത്് കഴിയ്ക്കുന്നത് ആരോഗ്യകരമല്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള ഭക്ഷണരീതി ഗര്‍ഭിണികളില്‍ പൊണ്ണത്തടിയുണ്ടാക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് ക്ലിനിക്കല്‍ എക്‌സലന്‍സ് ആണ് ഇക്കാര്യത്തില്‍ പഠനം നടത്തിയത്. ഗര്‍ഭിണികള്‍ പ്രസവം വരെ അനങ്ങാതിരിക്കുന്ന രീതിയും നല്ലതല്ലെന്ന് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
ദിവസം കുറഞ്ഞത് 30മിനിറ്റെങ്കിലും അനുവദനീയമായ വ്യായാമങ്ങള്‍ ചെയ്യണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ വ്യായാമമെന്ന രീതിയില്‍ അമിതമായ അധ്വാനവും പാടില്ല. വേഗത്തിലുള്ള നടത്തം. സൈക്കിള്‍ ചവിട്ടല്‍, നീന്തല്‍ എന്നിവയെല്ലാം ചെയ്യാവുന്നതാണ്.
ബ്രിട്ടനിലെ കണക്കുകള്‍ അനുസരിച്ച് ഗര്‍ഭിണികളില്‍ പകുതിയോളം പേരും അമിതഭാരവും, പൊണ്ണത്തടിയും ഉള്ളവരാണ്. ഇത്തരക്കാരില്‍ ഗര്‍ഭം അലസല്‍, രക്തസ്രാവം, പ്രസവത്തിലെ ബുദ്ധിമുട്ടുകള്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്.
നല്ല ആരോഗ്യകരമായ ഭക്ഷണമാണ് കഴിക്കുന്നതെന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടത്. കൃത്യമായ സമയത്ത് മിതമായ അളവില്‍ ഭക്ഷണം കഴിയ്ക്കുക. പ്രാതല്‍ ഒഴിവാക്കാതിരിക്കുക, ഉപ്പും എണ്ണയുടെ അംശവും കൂടുതലുള്ള ഭക്ഷണങ്ങള്‍ കുറയ്ക്കുക ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കണം.
ഗര്‍ഭധാരണത്തിന്റെ അവസാനത്തെ മൂന്നുമാസം അമിതമായി ഭക്ഷണം കഴിയ്ക്കുകയേ അരുതെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ സാധാരണ കാലത്തെ അപേക്ഷിച്ച് ഗര്‍ഭകാലത്ത് 200 കിലോകലോറിയെങ്കിലും അധികമായി ശരീരത്തിന് ലഭിയ്ക്കുകയും വേണം. ഇത് രണ്ട് ഏത്തപ്പഴങ്ങളില്‍ നിന്നും ലഭിക്കുന്നതിന് സമമാണ്.
No comments:
Post a Comment