Tuesday, October 12, 2010

വാഹന രജിസ്‌ട്രേഷന്‍

രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങള്‍ പൊതുനിരത്തുകളില്‍ ഉപയോഗിക്കുന്നത് 1988 ലെ മോട്ടോര്‍വാഹന നിയമം തടയുന്നു. വാഹനം സംബന്ധിച്ച വിവരങ്ങള്‍ അംഗീകൃത സര്‍ക്കാര്‍ അധികൃതര്‍ക്ക് ലഭ്യാമാക്കേണ്ടതുണ്ട്. ഓരോ വാഹനങ്ങളും മറ്റുള്ളവയില്‍നിന്ന് വ്യക്തമായി തിരിച്ചറിയപ്പെടണം. രജിസ്‌ട്രേഷന്‍ മാര്‍ക്കുകള്‍ നിശ്ചിത സ്ഥലങ്ങളില്‍ നിശ്ചിത രീതിയില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിയമം അനുശാസിക്കുന്നു.

പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍

പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ വാഹനം വാങ്ങി ഏഴു ദിവസത്തിനകം പ്രദേശത്തെ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോം 20 ലാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷയ്‌ക്കൊപ്പം നല്‍കേണ്ട രേഖകള്‍.

1. ഫോം 21 ല്‍ ഉള്ള വില്‍പ്പന സര്‍ട്ടിഫിക്കറ്റ്.
2. ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്.
3. ഫോം 22 ല്‍ വാഹന നിര്‍മ്മാതാവ് നല്‍കുന്ന ഉപയോഗക്ഷമതാ സര്‍ട്ടിഫിക്കറ്റ്.
4. ബോഡി നിര്‍മ്മിച്ച വാഹനമാണെങ്കില്‍ ഫോം 22 എ യില്‍ അതുസംബന്ധിച്ച സാക്ഷ്യപത്രം.
5. മേല്‍വിലാസം തെളിയിക്കുന്ന രേഖ.
6. പഴയ സൈനിക വാഹനം ആണെങ്കില്‍ ഫോം 21 ല്‍ അതുസംബന്ധിച്ച സാക്ഷ്യപത്രം.
7. താല്‍ക്കാലിക രജിസ്‌ട്രേഷന്‍.
8. ഷാസി നമ്പരിന്റെ പെന്‍സില്‍ പ്രിന്റ്.
9. ഇറക്കുമതി ചെയ്ത വാഹനമാണെങ്കില്‍ കസ്റ്റംസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്.
10. റൂള്‍ 81 പ്രകാരമുള്ള നിശ്ചിത ഫീസ്.

താല്‍ക്കാലിക രജിസ്‌ട്രേഷന്‍

പുതിയ വാഹനങ്ങള്‍ വാങ്ങുന്ന സ്ഥലത്തുനിന്ന് രജിസ്റ്റര്‍ ചെയ്യുന്ന സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ നല്‍കുന്ന രജിസ്‌ട്രേഷനാണിത്. ഏഴു ദിവസത്തേക്കാണ് താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നല്‍കുന്നത്. ബോഡി നിര്‍മ്മിയ്‌ക്കേണ്ട വാഹനങ്ങള്‍ക്ക് അനുവദിക്കുന്ന താല്‍ക്കാലിക രജിസ് ട്രേഷന് ഒരുമാസം കാലാവധി ഉണ്ടാകും. ഫോം നമ്പര്‍ 20 ലാണ് ഇതിനായി അപേക്ഷ നല്‍കേണ്ടത്. 50 രൂപയാണ് ഫീസ്.

താല്‍ക്കാലിക രജിസ്‌ട്രേഷന്‍ കാലാവധി നീട്ടാന്‍

ബോഡി നിര്‍മ്മിക്കേണ്ട വാഹനങ്ങള്‍ക്ക് അവശ്യ സന്ദര്‍ഭങ്ങളില്‍ താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നീട്ടിനല്‍കും. താല്‍ക്കാലിക രജിസ്‌ട്രേഷന്‍ കാലാവധി തീരുംമുന്‍പ് ഇതിനായി നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. 50 രൂപയാണ് അപേക്ഷാ ഫീസ്.
NOUFAL HABEEB

No comments:

Post a Comment