Tuesday, October 19, 2010

ഉറക്കക്കുറവ് പ്രമേഹസാധ്യത വര്‍ധിപ്പിക്കും?

മൂന്ന് ദിവസം തുടര്‍ച്ചയായി ഗാഢനിദ്ര നഷ്ടപ്പെടുന്നത് ശരീരത്തിന്റെ ഇന്‍സുലിന്‍ സന്തുലിതാവസ്ഥ തകരാറിലാക്കുമെന്ന് പ്രമേഹ ഗവേഷകര്‍ പറയുന്നു. 20-30 പൗണ്ട് തൂക്കം വര്‍ധിക്കുന്നതിന് തുല്യമായ ഇന്‍സുലിന്‍ വര്‍ധനയാണത്രെ ഇതുമൂലം ഉണ്ടാകുക.
ഗാഢനിദ്രയുടെ അഭാവത്തില്‍ യുവാക്കള്‍ക്ക് ടൈപ്പ്-രണ്ട് പ്രമേഹം വരാന്‍ സാധ്യതയേറെയാണെന്നാണ് പ്രൊസീഡിംഗ്‌സ് ഓഫ് ദ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. മൂന്ന് രാത്രികളില്‍ ഉറക്കം തടസ്സപ്പെട്ട 20 വയസ്സുകാരിലെ ഗ്ലൂക്കോസ്, ഇന്‍സുലിന്‍ ഉപാപചയ പ്രവര്‍ത്തനനിരക്ക് അതേ പ്രായക്കാരുടെതിന്റെ മൂന്നിരട്ടിയാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

വേണ്ടത്ര ഉറക്കം കിട്ടാത്തത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ ശേഷിയെ ബാധിക്കുന്നതായി നേരത്തെത്തന്നെ പഠനങ്ങളില്‍ വ്യക്തമായിരുന്നു. ഇത് പ്രമേഹത്തിനും പൊണ്ണത്തടിക്കുമുള്ള സാധ്യത വര്‍ധിപ്പിക്കും. ഗാഢനിദ്ര ലഭിക്കാത്ത അവസ്ഥ പ്രമേഹസാധ്യത കൂട്ടുന്നു എന്ന വാദത്തിന് ശക്തമായ തെളിവു നല്‍കുന്നതാണ് പുതിയ പഠനമെന്ന് ചിക്കാഗോ സര്‍വകലാശാലയിലെ മെഡിക്കല്‍ സെന്റര്‍ ഗവേഷകസംഘം പറയുന്നു. ഗ്ലൂക്കോസ് നിയന്ത്രിക്കുന്നതില്‍ ഉറക്കത്തിന്റെ പങ്ക് വ്യക്തമാക്കുന്നതാണ് പഠനമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. ഇസ്ര തസാലി പറഞ്ഞു. പ്രായമുള്ളവര്‍ക്കും പൊണ്ണത്തടിയന്മാര്‍ക്കും നല്ല ഉറക്കം കിട്ടുന്നത് ടൈപ്പ് രണ്ട് പ്രമേഹം വരുന്നതിനെ തടയുമെന്നും പഠനത്തില്‍ വ്യക്തമാക്കി.

20നും 31നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്മാരായ അഞ്ച് പുരുഷന്മാരിലും, നാല് സ്ത്രീകളിലുമാണ് പഠനം നടത്തിയത്. ആദ്യഘട്ടത്തില്‍ ഇവര്‍ക്ക് രണ്ട് രാത്രികളില്‍ എട്ടരമണിക്കൂര്‍ ഗാഢനിദ്രയ്ക്ക് അവസരം നല്‍കി. രണ്ടാം ഘട്ടത്തിലാകട്ടെ മൂന്ന് രാത്രി ഗാഢനിദ്ര തടസ്സപ്പെടുത്തിയും ഇവരെ പഠനവിധേയമാക്കി. പഠനത്തിന്റെ ഭാഗമായി പൂര്‍ണമായും ഉണര്‍ത്തുന്നതിന് പകരം, ഗാഢനിദ്രയ്ക്ക് ഭംഗം വരുന്ന രീതിയില്‍ ശബ്ദം ഉണ്ടാക്കുകയാണ് ചെയ്തത്. ഓരോരുത്തര്‍ക്കും 250-300 തവണ രാത്രി ഉറക്കം തടസ്സപ്പെട്ടു. കൂടുതല്‍ ഗാഢനിദ്ര ആവശ്യമാകുന്തോറും തടസ്സപ്പെടുത്തലും വര്‍ധിപ്പിച്ചിരുന്നു.

40 വയസ്സാകുമ്പോള്‍ ഉറക്കത്തിന്റെ രീതിക്ക് വരുന്ന മാറ്റത്തിന് സമാനമായിരുന്നു ഇവരുടെ ഗാഢനിദ്രയ്ക്ക് സംഭവിച്ച കുറവ്. യുവാക്കള്‍ 80-100 മിനിറ്റ് ഓരോ രാത്രിയും ഗാഢമായി ഉറങ്ങും. എന്നാല്‍, 60 കഴിഞ്ഞവര്‍ക 20 മിനിറ്റില്‍ കുറച്ചേ ഗാഢമായി ഉറങ്ങുകയുള്ളൂ. 60 വയസ്സുകാരുടെ ഉറക്കമാണ് പഠന കാലയളവില്‍ തങ്ങള്‍ 20 വയസ്സുകാര്‍ക്ക് നല്‍കിയതെന്ന് തസാലി പറഞ്ഞു.ഓരോ പഠനത്തിന് ശേഷവും ഓരോരുത്തരിലും ഗ്ലൂക്കോസ് കുത്തിവെച്ചിരുന്നു. അതിനുശേഷം രക്തത്തിലെ ഗ്ലൂക്കോസ്, ഇന്‍സുലിന്‍ അളവ് പരിശോധിക്കുകയും ചെയ്തു.

കിട്ടിയ വിവരങ്ങള്‍ വിശകലനം ചെയ്തപ്പോള്‍ വ്യക്തമായത് രാത്രി ഉറക്കം തടസ്സപ്പെട്ടവരില്‍ ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി 25 ശതമാനം കുറഞ്ഞതായാണ്. ഇതുമൂലം ഇവരില്‍ ഗ്ലൂക്കോസ് നിയന്ത്രണത്തിന് കൂടുതല്‍ ഇന്‍സുലിന്‍ ആവശ്യമായി വരുന്നതായും കണ്ടു. എന്നാല്‍, ശരീരം കൂടുതല്‍ ഇന്‍സുലിന്‍ ഉല്പാദിപ്പിച്ചതായാി കണ്ടെത്തിയതുമില്ല. ഇതുമൂലം 23 ശതമാനം രക്തത്തിലെ ഗ്ലൂക്കോസ് നില ഉയരുകയായിരുന്നു. ഇത് ഗ്ലൂക്കോസ് ക്ഷമത തകരാറിലായ വൃദ്ധന്മാരിലേതിന് സമാനമാണ്. ഗാഢനിദ്ര വളരെക്കൂടുതല്‍ നഷ്ടപ്പെട്ടവരില്‍ ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി വളരെ കുറഞ്ഞതായും പഠനത്തില്‍ വ്യക്തമായി.

No comments:

Post a Comment