Thursday, March 30, 2023

മസാല നിറച്ച ഇഡലി

ഇന്ന്  നമുക്ക്‌  വ്യത്യസ്തമായ ഒരു ഇഡലി ഉണ്ടാക്കി നോക്കാം.. മസാല നിറച്ച ഇഡലി

          ചേരുവകൾ

▪ ഇഡ്ഢലി മാവ്

▪ ഉരുളക്കിഴങ്ങ്

▪ സവാള

▪ പച്ചമുളക്

▪ വെളുത്തുള്ളി

▪ ഇഞ്ചി

▪ കടുക്

▪ മഞ്ഞൾപൊടി

▪ മുളക്പൊടി

▪ ചാട്ട് മസാല

▪ മല്ലിയില

▪ വെളിച്ചെണ്ണ

▪ ഉപ്പ്

            ഉണ്ടാക്കുന്ന വിധം

▪ ഇഡ്ലി മാവ് ഉണ്ടാക്കി വെക്കുക.

▪ ഒരു  ഇടത്തരം വലുപ്പമുള്ള ഉരുളക്കിഴങ്ങ് എടുത്തു വേവിച്ച് ഉടച്ചെടുക്കുക.

▪ ഒരു പാൻ ചൂടാക്കി അതിലേക്കു 2  ടേബിൾ സ്പൂൺ  വെളിച്ചെണ്ണ ചേർക്കുക.

▪ അതിലേക്കു 1/2 ടീസ്പൂൺ കടുക് ഇട്ടു പൊടിച്ചെടുക്കുക.

▪ അതിലേക്കു 3 ടേബിൾ സ്പൂൺ സവാള അരിഞ്ഞത്, 1 ടീസ്പൂൺ പച്ചമുളക് അരിഞ്ഞത് ഇട്ടു വഴറ്റുക ഇനി ഇതിലേക്ക് 1ചെറിയ വെളുത്തുള്ളി, ഇഞ്ചി ചെറിയ പീസ് ചതച്ചു ചേർക്കുക.

▪ അതിലേക്ക് 1/2  ടീസ്പൂൺ മഞ്ഞൾ പൊടി, ഉപ്പ്, 1/2 ടീസ്പൂൺ മുളക് പൊടി ഇട്ടു മൂപ്പിക്കുക.

▪ ഇനി ഉരുളക്കിഴങ്ങ് ഇട്ടുനന്നായി ഇളക്കി യോജിപ്പിക്കുക.

▪ 1 ടീസ്പൂൺ
മല്ലിയില അരിഞ്ഞതും 2നുള്ള് ചാട്ട് മസാല ചേർത്ത് ഇളക്കി ചൂടാറാൻ വെക്കുക..

▪ അത് കഴിഞ്ഞു ചെറിയ ഉരുളകൾ ആയി എടുത്തു കട്ലറ്റ് പോലെ പരത്തി എടുക്കുക..

▪ ഇനി ഇഡ്ഢലി തട്ട് എടുത്തു 2 ടേബിൾ സ്പൂൺ
മാവ് ഒഴിച്ച് അതിലേക്കു മസാല ഓരോ പീസ് വെച്ചു കൊടുത്തു മുകളിൽ 2 ടേബിൾ സ്പൂൺ
മാവ് ഒഴിച്ചു കൊടുക്കുക ( മാവ് മസാല യുടെ മുകളിൽ നിറഞ്ഞു ചെയണം.) 

▪ ശേഷം ആവിയിൽ വേവിച്ചെടുക്കുക.
https://noufalhabeeb.blogspot.com/?m=1

Wednesday, March 29, 2023

കിണ്ണപ്പത്തിരി

പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങളാണ‌ു പത്തിരിക്കു പങ്കുവയ്ക്കാനുള്ളത്. തനി മലബാറി വിഭവമായ പത്തിരിക്കു മാപ്പിളപ്പാട്ടിന്റെ ചേലാണ്. ലളിതമായ രുചി. തനിനാടൻ രുചിക്കൂട്ട്. പത്തിരിതന്നെ പത്തുനൂറായിരം തരത്തിലുണ്ട് എന്നത് പ്രസിദ്ധമാണല്ലോ. അതിലൊരു കിടിലൻ വിഭവമാണ് കിണ്ണപ്പത്തിരി. ഒരു നാടൻ നാലുമണിപ്പലഹാരമാണ് കിണ്ണപ്പത്തിരി. ജീരകത്തിന്റെയും ചെറിയുള്ളിയുടെയും സ്വാദ് നാവിൽ ഇടയ്ക്കിടക്ക് വന്നു കുത്തും. അതോടെ അരിയുടെ രുചിക്കൂട്ടിന് ഇത്തിരി തലക്കനം കൈവരും.


ഇതിന്‌ സിംപിൾ രുചിക്കൂട്ട് ആണുള്ളത്‌. ഒരു കപ്പ് പച്ചരിയും ഒരു കപ്പ് സാധാരണ അരിയും ഒന്നിച്ച് വെള്ളത്തിൽ മൂന്നു നാലു മണിക്കൂർ കുതിർത്ത് വയ്ക്കുക. അതിന് ശേഷം അരി നന്നായി കഴുകിയെടുത്ത്, ഒരു മുറി തേങ്ങ ചിരകിയത്, ഒരു സ്പൂൺ പെരും ജീരകം, ഒരു നുള്ള് സാദാ ജീരകം, അരക്കപ്പ് ചെറിയ ഉള്ളി അരിഞ്ഞത്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മിക്‌സിയിലിട്ട് ദോശമാവിന്റെ പാകത്തിൽ അരച്ചെടുക്കുക. ഇത് ഒരു പാത്രത്തിൽ ഒഴിച്ച് ആവിയിൽ വച്ച് വേവിക്കണം. തണുത്തതിന് ശേഷം  കഴിച്ചുനോക്കൂ.

     കിണ്ണപ്പത്തിരി

ഒരു  നാടന്‍ വിഭവമാണ് കിണ്ണപ്പത്തിരി. അരികൊണ്ടുള്ള രുചികമായ ഈ പലഹാരം നല്ലൊരു നാലുമണി പലഹാരം കൂടിയാണ്. ജീരകത്തിന്റേയും ചെറിയുള്ളിയുടേയും സ്വാദ് കൂടി ചേരുമ്പോള്‍ കിണ്ണ പത്തിരിക്ക് ഒരു പ്രത്യേക രുചി കൈവരുന്നു. ഇനി എങ്ങിനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

      ചേരുവകള്‍

പച്ചരി – ഒരു കപ്പ്

ചോറ്റരി- ഒരുകപ്പ്

തേങ്ങ ചിരകിയത് – ഒരു മുറി തേങ്ങയുടേത്.

പെരുംജീരകം – ഒരു ടീസ്പൂണ്‍

നല്ല ജീരകം – ഒരു നുള്ള്

ചെറിയ ഉള്ളി അരിഞ്ഞത്- അര കപ്പ്

ഉപ്പ് – പാകത്തിന്

     ഉണ്ടാക്കുന്നവിധം

പച്ചരിയും ചോറ്റരിയും ഒന്നിച്ച് വെള്ളത്തില്‍ മൂന്ന് നാല് മണിക്കൂര്‍ കുതിര്‍ത്ത് വെക്കുക. അതിന് ശേഷം അരി നന്നായി കഴുകിയെടുത്ത്, തേങ്ങ, പെരും ജീരകം,, നല്ല ജീരകം, ചെറിയ ഉള്ളി, ഉപ്പ് എന്നിവ ചേര്‍ത്ത് മിക്‌സിയിലിട്ട് ദോശമാവിന്റെ പാകത്തില്‍ അരച്ചെടുക്കുക. ഇത് ഒരു പാത്രത്തില്‍ ഒഴിച്ച് ആവിയില്‍ വെച്ച് വേവിക്കുക. തണുത്തതിന് ശേഷം ബീഫോ, ചിക്കനോ, വെജിറ്റബിൾ കറിയോ കൂട്ടി കഴിക്കാം.
https://noufalhabeeb.blogspot.com/?m=1

ഇറച്ചി പത്തിരി

 

‌ഇന്നത്തെ പാചകത്തിൽ നാം ഇന്ന് തയ്യാറാക്കുന്നത്‌ ഇറച്ചി പത്തിരിയാണ്‌ . എങ്ങനെയാണ്‌ അത്‌ തയ്യാറാക്കുന്നത്‌ എന്ന് നോക്കാം

രുചികരമായ ഇറച്ചിപ്പത്തിരി തയ്യാറാക്കാം

 മൈദമാവും ഗോതമ്പുമവുമാണ് നമുക്കിവിടെ ആവശ്യം. മൈദ ശരീരത്തിന് അത്ര നല്ലതല്ലാന്ന് എല്ലാവര്‍ക്കുമറിയാമല്ലൊ. രുചി കൂടുതല്‍ വേണമെങ്കില്‍ മൈദ ചേര്‍ത്തോളൂ... കുട്ടികള്‍ക്കു വേണ്ടി ഉണ്ടാക്കുമ്പോള്‍ ഗോതമ്പ് മാത്രം മതി. അവരുടെയെങ്കിലും ആരോഗ്യം നമുക്ക് കുട്ടിക്കാലത്ത് തന്നെ ശ്രദ്ധിക്കാം. അവര്‍ ആ ടേസ്റ്റ് അങ്ങ് ശീലിക്കട്ടെ!! അപ്പോള്‍ കാര്യത്തിലേക്ക് കടക്കാം.

      ആവശ്യമായ ചേരുവകള്‍

1) മൈദമാവ് - അര കപ്പ്

2) ഗോതമ്പ് മാവ് - അര കപ്പ്

3) ഉപ്പ് - ആവശ്യത്തിന്

4) വെള്ളം - ആവശ്യത്തിന്

ഫില്ലിങ്ങിന് ആവശ്യമായ ചേരുവകള്‍

1) സവാള കൊത്തിയരിഞ്ഞത് - ഒരെണ്ണം വലുത്

2 ) ഇഞ്ചി പച്ചമുളക് പേസ്റ്റ് - ഒരു ടേബിള്‍ സ്പൂണ്‍

3) മഞ്ഞള്‍ പൊടി - ഒരു നുള്ള്

4 ) മുളക് പൊടി - ഒരു ടീസ്പൂണ്‍

5 ) മല്ലിപൊടി - ഒരു ടേബിള്‍ സ്പൂണ്‍

6 ) ഗരം മസാല പൊടി - ഒരു ടീസ്പൂണ്‍

7) എണ്ണ - രണ്ട് ടേബിള്‍ സ്പൂണ്‍

8 ) മല്ലിയില, കറിവേപ്പില - ആവശ്യത്തിന്

9) ചിക്കന്‍, ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് കുക്കറില്‍ രണ്ടു വിസില്‍ വേവിച്ച് പിച്ചിയെടുത്തത് - ആവശ്യത്തിന്.(ചിക്കന്‍ കൂടുതല്‍ ചേര്‍ത്താല്‍ ടേസ്റ്റ് കൂടും. അവരവരുടെ യുക്തിക്കനുസരിച്ച് ചേര്‍ക്കുക)

      ഉണ്ടാക്കുന്ന വിധം

അപ്പോള്‍ ചേരുവകള്‍ എല്ലാം റെഡിയാണ്. നമുക്ക് തയ്യാറാക്കി തുടങ്ങാം...

ആദ്യം മാവ് കുഴച്ച് മാറ്റിവെയ്ക്കാം. ഉപ്പ്, ആവശ്യത്തിന് വെള്ളം ചേര്‍ത്ത് മൈദയും ഗോതമ്പും ഒന്നിച്ചാക്കി കുഴയ്ക്കുക. കുഴയ്ക്കുമ്പോള്‍ ഒരു ടീസ്‌പൂണ്‍ എണ്ണ കൂടി ചേര്‍ത്ത് കൊടുക്കുക. ചപ്പാത്തി പരുവത്തില്‍ നല്ല മയത്തില്‍ മാവ് കുഴച്ച് ഒരു പത്രം കൊണ്ട് മൂടിവെയ്ക്കുക.

ഇനി ഫില്ലിങ്ങ് തയ്യാറാക്കാം. ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ഇഞ്ചി പച്ചമുളക് പേസ്റ്റ് ചേര്‍ക്കുക. പച്ചമണം മാറുമ്പോള്‍ സവാളയും ആവശ്യത്തിന് ഉപ്പും ചേര്‍ക്കാം. സവാള ഒന്ന് വാടി വരുമ്പോള്‍ മഞ്ഞള്‍ പൊടി, മുളക് പൊടി, മല്ലിപ്പൊടി, ഗരം മസാല പൊടി ചേര്‍ത്തിളക്കുക.വെളളം ചേര്‍ക്കരുത്. തീ കുറച്ച് വെച്ചാല്‍ മതിയാകും. അഥവാ നല്ല ഡ്രൈ ആണെന്ന് തോന്നിയാല്‍ ഒരു സ്പൂണ്‍ വെള്ളം ചേര്‍ക്കാം. വേവിച്ച് വെച്ചിട്ടുള്ള ചിക്കന്‍ ചേര്‍ത്ത് യോജിപ്പിക്കാം. ഉപ്പ് പാകമാണോന്ന് നോക്കണം. അവസാനമായി മല്ലിയില, കറിവേപ്പില പൊടിയായി അരിഞ്ഞത് ചേര്‍ത്തിളക്കി യോജിപ്പിക്കുക. അപ്പോള്‍ ഫില്ലിങ്ങ് റെഡിയായിട്ടുണ്ട് കേട്ടോ.

ഇനി പത്തിരി ഉണ്ടാക്കാം... മാവ് ഉരുളകളാക്കി ചപ്പാത്തിക്ക് പരത്തുന്നതുപോലെ ഇടത്തരം വലുപ്പത്തില്‍ പരത്തുക. നല്ല റൗണ്ട് ഷെയ്പ്പ് കിട്ടാനായി ഏതെങ്കിലും പാത്രത്തിന്റെ അടപ്പ് കൊണ്ട് കട്ട് ചെയ്യാം. ആദ്യം രണ്ട് എണ്ണം പരത്തി വെയ്ക്കുക. ഒന്നിന്റെ നടുക്കായി ഇറച്ചി കൂട്ട് പരത്തി വെയ്ക്കുക. വശങ്ങളില്‍ ഇത്തിരി സ്ഥലം വിട്ടേക്കാം. രണ്ടാമത്തെ പത്തിരി മുകളില്‍ വെച്ച് വശങ്ങള്‍ പരസ്പരം അമര്‍ത്തി കൊടുക്കുക. അതിന് ശേഷം വശങ്ങള്‍ കയര്‍പിരിക്കുന്ന പോലെ ഷെയ്പില്‍ ആക്കുക.

ഇനി ചൂടായ എണ്ണയിലേക്ക് പത്തിരി ഇടാം. ആദ്യം തീ കൂട്ടി വെയ്ക്കുക. എണ്ണ നല്ല ചൂടായതിന് ശേഷമേ ഇറച്ചി പത്തിരി ഇടാന്‍ പാടുള്ളു. പത്തിരി ഇട്ടതിന് ശേഷം തീ കുറയ്ക്കുക. ഒരു സൈഡ് വെന്ത് കഴിയുമ്പോള്‍ മറിച്ചിടുക. ചൂടോടെ ടൊമാറ്റോസോസും കൂട്ടി കഴിച്ചോളൂ.

https://noufalhabeeb.blogspot.com/?m=1

Monday, March 27, 2023

കോഴി അട

 

ഇന്നത്തെ പാചകത്തിൽ സ്പെഷ്യൽ ഇഫ്താർ വിഭവമായി നാം ഉണ്ടാക്കാൻ പോകുന്നത്‌ കോഴി അട ആണ്‌.

മലബാറുകാരുടെ ഇഫ്താർ വിരുന്നിൽ കോഴി അട എന്ന വിഭവം മിക്കവാറും എല്ലാവരും കണ്ട് കാണും. പൂവട, പിരിയട, കോയട അങ്ങനെ പ്രാദേശികമായി ചെറിയ ചെറിയ മാറ്റങ്ങളും  ഇതിന്റെ പേരിൽ ഉണ്ടെങ്കിലും ഇതിന്റെ രുചി ഒരിക്കൽ എങ്കിലും അറിയാത്ത മലബർകാർ ഉണ്ടാകില്ല.

നമ്മുടെ വീടുകളിൽ എപ്പോളും ഉണ്ടാകുന്ന ചില സാധനങ്ങൾ മാത്രം മതി ഇത് ഉണ്ടാക്കി എടുക്കാൻ.
കോഴി അട ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

ചിക്കൻ ഫില്ലിംഗ് റെഡി ആക്കുവാൻ

എണ്ണ -  2 ടേബിൾസ്പൂൺ

വെളുത്തുള്ളി ചെറുതായി അരിഞ്ഞത് -  1ടീസ്പൂൺ

ഇഞ്ചി ചെറുതായി അരിഞ്ഞത് - 1 ടീസ്പൂൺ

പച്ചമുളക്-1

കറിവേപ്പില - 2 തണ്ട്

സവാള ചെറുതായി അരിഞ്ഞത് -  2 എണ്ണം

ഉപ്പ് - ആവശ്യത്തിന്

മഞ്ഞൾപൊടി - 1 ടീസ്പൂൺ

ഇറച്ചി മസാല - 1 ടീസ്പൂൺ

ഗരംമസാല - 1 ടീസ്പൂൺ

പരത്താനുള്ള മാവ് റെഡിയാക്കാൻ

മൈദ -1കപ്പ്

റവ - 1 ടേബിൾസ്പൂൺ

ഉപ്പ് - 1/2 ടീസ്പൂൺ

വെള്ളം - കുഴക്കാൻ ആവശ്യത്തിന്

എണ്ണ - വറുക്കാൻ ആവശ്യത്തിന്

   പാകം ചെയ്യുന്ന വിധം

ആദ്യംതന്നെ 150ഗ്രാം ചിക്കൻ മഞ്ഞൾപൊടി, മുളകുപൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് കുക്കറിൽ വേവിച്ചെടുക്കുക. ചൂടാറിയശേഷം മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക.

ഒരു പാനിൽ കുറച്ചു എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് വെളുത്തുള്ളി ഇഞ്ചി എന്നിവ ഇട്ട് നന്നായി മൂപ്പിക്കുക ഇതിലേക്ക് പച്ചമുളക് കരിവേപ്പില ചേർത്ത് നന്നായി ഇളക്കുക ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള കൂടെ ചേർത്ത് നന്നായി വഴറ്റുക അല്പം ഉപ്പും ചേർക്കുക സവാള നന്നായി സോഫ്റ്റ് ആയി വരുമ്പോൾ അതിലേക്ക് മഞ്ഞൾപൊടി ഇറച്ചിമസാല ഗരം മസാല എന്നിവ ചേർത്ത് നന്നായി പച്ചമണം മാറുന്നതുവരെ മൂപ്പിക്കുക. ഇതിലേക്ക് നേരത്തെ വേവിച്ച പൊടിച്ചു വെച്ചിരിക്കുന്ന ചിക്കൻ കൂടെ ചേർത്ത് നന്നായി യോജിപ്പിക്കുക അങ്ങനെ ചിക്കൻ ഫില്ലിംഗ് റെഡി ആയി. ഇത് മാറ്റി വയ്ക്കുക.

ഒരു ബൗളിൽ മൈദ,റവ, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് വെള്ളം കുറച്ച് കുറച്ച് ചേർത്ത് നന്നായി സോഫ്റ്റ് ആയ മാവ് കുഴച്ചെടുക്കുക. ഇത് തുല്യ വലുപ്പത്തിലുള്ള ഉരുളകൾ ആക്കി മാറ്റുക. ഇത് ചപ്പാത്തിക്കല്ലിൽ അല്പം മാവ് തൂകി ഇത് നന്നായി കനം കുറച്ച് പരത്തി എടുക്കുക. ഒരു കുപ്പിയുടെ മൂടിയോ അതോ ഗ്ലാസോ ഉപയോഗിച്ച് ഇത് വട്ടത്തിൽ മുറിച്ചെടുക്കുക. ഇതിൽ ഒരു സ്പൂൺ ചിക്കൻ ഫില്ലിംഗ് വച്ച് നേർപകുതിയായി മടക്കുക. അരിക് ഒട്ടിച്ച ശേഷം കുറച്ചു കുറച്ചായി പിരിച്ചു പിരിച്ച് എടുക്കുക

ചൂടായ എണ്ണയിൽ ഓരോ കൊഴിയടയും ഇട്ട്  ഗോൾഡൻ കളർ ആകുമ്പോൾ കോരിയെടുക്കുക.
അപ്പൊ കോഴി അട റെഡി ആയിട്ടുണ്ട്
https://noufalhabeeb.blogspot.com/?m=1

Saturday, March 25, 2023

ഹൈദരാബാദി ഹലീം

മരുഭൂമികളുടെ നാട്ടില്‍ നിന്ന് കപ്പലേറി വന്ന റംസാന്‍ രുചി, നാവില്‍ കപ്പലോടും ഹലീം


നോമ്പുതുറകള്‍ക്കായി പ്രത്യേകം തയ്യാറാക്കുന്ന എത്രയോ വിഭവങ്ങള്‍ നാം കേട്ടിട്ടുണ്ട്…

റംസാന്‍ ആകുമ്പോള്‍ പലര്‍ക്കും ഓര്‍മ്മയില്‍ വരുന്ന ഒരു രുചിയെ പറ്റിയാണ് ഇപ്പോള്‍ പറയുന്നത്. പലരും കേട്ടുകാണും, ഒരു തവണ കഴിച്ചവര്‍ പിന്നീടൊരിക്കലും മറന്നുപോകാന്‍ സാധ്യതയില്ലാത്ത ഈ വിഭവത്തെ പറ്റി.

അറേബ്യയില്‍ നിന്ന് മുഗള്‍ കാലഘട്ടത്തില്‍ കപ്പലേറി ഹൈദരാബാദില്‍ വന്നിറങ്ങിയ ‘ഹലീം’. ഇറച്ചിയും, ധാന്യങ്ങളും, നെയ്യുമാണ് ഇതിലെ മുഖ്യചേരുവകള്‍.

ഇന്ത്യയിലത്തിയപ്പോള്‍ സ്വാഭാവികമായും ഹലീമിന്റെ രൂപത്തില്‍ ചില മാറ്റങ്ങളൊക്കെ വന്നു. നമ്മള്‍ നമ്മുടെ തനത് മസാലകളും മറ്റ് സ്‌പൈസുകളുമെല്ലാം ഇതിലേക്ക് ചേര്‍ത്തു. അങ്ങനെ സാക്ഷാല്‍ ഹലീം ‘ഹൈദരാബാദി ഹലീം’ ആയി രൂപാന്തരപ്പെട്ടു.

തയ്യാറാക്കുന്ന വിധം

ഹലീം നിലവില്‍ പല രീതികളിലും തയ്യാറാക്കാറുണ്ട്. പ്രശസ്തമായ ഒരു രീതി മാത്രമാണ് ചുവടെ ചേര്‍ക്കുന്നത്. മട്ടണ്‍ ആണ് സാധാരണഗതിയില്‍ ഹലീം തയ്യാറാക്കാന്‍ തെരഞ്ഞെടുക്കുന്ന ഇറച്ചി. ഇതിനൊപ്പം ചേര്‍ക്കേണ്ട മറ്റ് ചേരുവകള്‍ നേക്കാം.

1. മട്ടണ്‍ (ഒരു കിലോഗ്രാം)

2. നുറുക്ക് ഗോതമ്പ് (മൂന്ന് കപ്പ്)

3. പരിപ്പ് (Urad Dal) (ഒരു കപ്പ്)

4. ചന പരിപ്പ് (ഒരു കപ്പ്)

5. സവാള (അരിഞ്ഞത് ഒരു കപ്പ്)

6. പച്ചമുളക് (ആറെണ്ണം)

7. ഇഞ്ചി (പേസ്റ്റ് പരുവത്തിലാക്കിയത് രണ്ട് ടീസ്പൂണ്‍)

8. വെളുത്തുള്ളി (പേസ്റ്റ് പരുവത്തിലാക്കിയത് രണ്ട് ടീസ്പൂണ്‍)

9. മുളകുപൊടി (ഒരു ടീസ്പൂണ്‍)

10. മഞ്ഞള്‍പ്പൊടി (അര ടീസ്പൂണ്‍)

11. ഗരം മസാലപ്പൊടി (ഒരു ടീസ്പൂണ്‍)

12. തൈര് (രണ്ട് കപ്പ്)

13. അണ്ടിപ്പരിപ്പ് ( അരക്കപ്പ്)

14. കുരുമുളക് (അര ടീസ്പൂണ്‍)

15. നെയ്യ് (അരക്കപ്പ്)

16. പുതിനയിലയും മല്ലിയിലയും (അരക്കപ്പ് വീതം)

17. പട്ട (ഒരിഞ്ച് വലിപ്പത്തില്‍ ഒരെണ്ണം)

നുറുക്ക് ഗോതമ്പ് കഴുകി, അരമണിക്കൂര്‍ നേരം വെള്ളത്തില്‍ മുക്കിവയ്ക്കുക. മട്ടണ്‍ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചുവയ്ക്കാം. ഇനി ഇറച്ചിയിലേക്ക് അര ടീസ്പൂണ്‍ വീതം ഇഞ്ചി- വെളുത്തുള്ളി പേസ്റ്റുകള്‍, ഉപ്പ്, മുളകുപൊടി, അര ടീസ്പൂണ്‍ ഗരം മസാലപ്പൊടി, ഒരു നുള്ള് മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് വേവിക്കാം. കുക്കറിലാണെങ്കില്‍ നാല് വിസില്‍ വരെയാകാം. തുടര്‍ന്ന് 15- 20 മിനിറ്റ് നേരം സ്ലിമ്മിലിടാം.

ഇതിനിടയില്‍ മുക്കിവച്ച ഗോതമ്പെടുത്ത് അതില്‍ പരിപ്പ്, ചന പരിപ്പ്, ഓരോ ടീസ്പൂണ്‍ വീതം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, നുള്ള് മഞ്ഞള്‍, രണ്ടോ മൂന്നോ പച്ചമുളക് കീറിയിട്ടത്, കുരുമുളക് എന്നിവ ചേര്‍ത്ത് 8-10 കപ്പ് വെള്ളം ചേര്‍ത്ത് വേവിക്കണം. വെന്ത് വരുമ്പോള്‍ വെള്ളം അധികമാകരുത്, പായസപ്പരുവത്തില്‍ വെള്ളം വറ്റിച്ചെടുക്കുക.

ഇനി, ഒരു വലിയ പാത്രത്തില്‍ അല്‍പം എണ്ണയോ നെയ്യോ ചൂടാക്കുക. ഇതിലേക്ക് സ്‌പൈസുകള്‍ ചേര്‍ക്കുക. ആദ്യം തയ്യാറാക്കിയ ഇറച്ചിക്കൂട്ട്, ബാക്കിയുള്ള പച്ചമുളക് നെടുകെ കീറിയത്, മല്ലിയില (അരക്കപ്പ്) എന്നിവ ചേര്‍ത്ത് രണ്ട് മിനുറ്റ് ഇളക്കുക. ശേഷം തൈര് ചേര്‍ക്കാം. രണ്ടോ മൂന്നോ കപ്പ് വെള്ളം കൂടി (ആവശ്യമെങ്കില്‍) ചേര്‍ത്ത്, ഒന്ന് ചിളച്ച ശേഷം ഇതിലേക്ക് ധാന്യങ്ങള്‍ വേവിച്ച കൂട്ട് ചേര്‍ക്കാം. ഇതിനൊപ്പം അല്‍പം നെയ്യും.

തുടര്‍ന്ന് ഇതിനെ ചെറിയ തീയില്‍ അരമണിക്കൂര്‍ നേരം വെറുതെ വേവാന്‍ വിടുക. വെന്തുകഴിയുമ്പോള്‍, മൂപ്പിച്ച സവാളയും മല്ലിയിലയും പുതിനയിലയും അണ്ടിപ്പരിപ്പും വിതറി ചൂടോടെ ഹലീം വിളമ്പാം.
https://noufalhabeeb.blogspot.com/?m=1

ജീരക കഞ്ഞി

ഇന്ന് നമുക്ക്‌ ജീരകകഞ്ഞി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. നോമ്പ്‌ വിഭവങ്ങളിൽ പ്രധാനപ്പെട്ട ഒരു വിഭവം ആണ്‌ ജീരകകഞ്ഞി.  ഔഷധ ഗുണങ്ങൾ നിറഞ്ഞ ഇത്‌ നോമ്പ്‌ തുറ സമയം പള്ളികളിലും വീടുകളിലും ഉണ്ടാക്കാറുണ്ട്‌...._ _വീടുകളിൽ ഇത്‌ ഇടയത്തായ ഭക്ഷണം ആയും ഉപയോഗിക്കാറുണ്ട്‌.


കേരളത്തിലെ ഒരു ഭക്ഷണ പദാർത്ഥമാണ് കഞ്ഞി. അരി വെന്ത വെള്ളത്തോട് കൂടി കഴിക്കുന്ന ഭക്ഷണമാണ് കഞ്ഞി. ഗ്രാമപ്രദേശങ്ങളിലെല്ലാം ഇന്നും ഒരു നേരമെങ്കിലും കഞ്ഞികുടിക്കൽ പലരുടെയും ശീലമാണ്. ഭക്ഷണ ദൗർലഭ്യം നേരിട്ടിരുന്ന കാലത്ത് കഞ്ഞി ആയിരുന്നു ദരിദ്രരുടെ മുഖ്യാഹാരം. മലയാളിയുടെ ആഢ്യമനോഭാവമാവാം ആ വാക്ക് പോലും മലയാളമനസ്സിൽ പഴഞ്ചൻ രീതികളുടെ മറുവാക്കായി മാറിയത്. അരി വേവിച്ചതിന് ശേഷം പൊതുവെ കളയാറുള്ള കഞ്ഞിവെള്ളം നല്ലൊരു പാനീയം കൂടിയാണ്. പനിയും മറ്റും ഉണ്ടാവുമ്പോൾ പൊതുവെ നിർദ്ദേശിക്കാറുള്ള ഭക്ഷണ പദാർത്ഥവും കഞ്ഞിയാണ്. വിശപ്പിനും ക്ഷീണത്തിനും ഉത്തമമായ കഞ്ഞി പലവിധ മരുന്നുകൂട്ടുകൾ ചേർത്ത് ഔഷധക്കഞ്ഞിയായും ഉപയോഗിക്കുന്നു.

കഞ്ഞിയിൽ കുറച്ച്‌ ഔഷധ ഗുണങ്ങൾ നിറഞ്ഞ സാധനങ്ങൾ ചേർത്ത്‌ പാകം ചെയ്യുന്ന ഒന്നാണ്‌ ജീരകകഞ്ഞി കഞ്ഞിയിൽ ഇടുന്ന സാധനങ്ങളുടെ വ്യത്യാസം കൊണ്ട്‌ തന്നെ കഞ്ഞി പല പേരുകളിൽ അറിയപ്പെടാറുണ്ട്‌. . 'ജീരകക്കഞ്ഞി, ഔഷധ കഞ്ഞി, കർക്കടക കഞ്ഞി,ഉലുവാക്കഞ്ഞി, പൂക്കഞ്ഞി , കഷായക്കഞ്ഞി എന്നിങ്ങനെ ..

നോമ്പ്‌ കാലത്ത്‌ പതിവായി ഉണ്ടാക്കാറുള്ള ജീരകക്കഞ്ഞി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം

രണ്ട്‌ രീതിയിൽ ഉണ്ടാക്കുന്ന വിധം നൽകിയിട്ടുണ്ട്‌.   ആദ്യം ജീരകശാല  അരി ഉപയോഗിച്ച്‌ കുക്കറിലും മറ്റൊന്ന് പൊടിയരി ഉപയോഗിച്ച്‌ തീയിലും

ജീരക കഞ്ഞി. ഇഫ്താർ സ്പെഷൽ

ചേരുവകൾ

ജീരകശാല അരി. 2 കപ്പ്

ബട്ടർ. 1 ടേബിൾസ്പൂൺ.

മഞ്ഞൾ പൊടി. 1/2 സ്പൂൺ.

ഉലുവ. 1 സ്പൂൺ.

മല്ലിപൊടി. 1 സ്പൂൺ

ഉപ്പ് - ആവശ്യത്തിന്

ചുവന്നുള്ളി - 5

നല്ല ജീരകം. 1 സ്പൂൺ

നാളികേരം 1 കപ്പ്

വെള്ളം -  ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

ഒരു കുക്കറിൽ 6 കപ്പ് വെള്ളവും അരിയും, മഞ്ഞൾ, മല്ലിപൊടികളും, ഉലുവയും, ബട്ടറും ചേർത്ത് 3 വിസിൽ വരുത്തുക. ആവിപോയി തുറന്നു, നാളികേരം, , നല്ലജീരകം, ചുവന്നുള്ളി, ഉപ്പ് എന്നിവ, ഒരു കപ്പ് വെള്ളത്തിൽ മയത്തിൽ അരച്ച് ചേർത്ത് പതച്ചാൽ തീയണക്കുക.
ജീരകക്കഞ്ഞി തയ്യാർ.

ഇനി പൊടിയരി ഉപയോഗിച്ച്‌  ജീരക കഞ്ഞി  ഉണ്ടാക്കുന്ന വിധം നോക്കാം

ആവശ്യമായ സാധനങ്ങള്‍

പൊടിയരി : 3 തവി

ചെറുപയര്‍ : 3 തവി

ഉലുവ : ഒരു നുള്ള്

തേങ്ങ ചിരവിയത് : അര മുറി

ചെറിയ ഉള്ളി : 7 എണ്ണം

ജീരകം : 1 ടീസ്പൂണ്‍

മഞ്ഞള്‍ പൊടി : അര ടീസ്പൂണ്‍

ഉപ്പ്  - പാകത്തിന്

തയ്യാറാക്കുന്ന വിധം

കഴുകിയെടുത്ത പൊടിയരിയും, പൊതിര്‍ത്തിയ ചെറുപയറും,ഉലുവയും ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക.ശേഷം തേങ്ങ,ചെറിയ ഉള്ളി,ജീരകം എന്നിവ മഞ്ഞള്‍ പൊടി ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.ഈ മിശ്രിതം വേവിച്ച് വെച്ച കഞ്ഞിയിലേക്കൊഴിച്ച് അല്പം തിളപ്പിക്കുക.ശേഷം പാകത്തിന് ഉപ്പ് ചേര്‍ത്ത് സ്വാദോടെ ഉപയോഗിക്കാം
https://noufalhabeeb.blogspot.com/?m=1

നോമ്പ് കഞ്ഞി

ശ്രീലങ്കൻ രീതിയിൽ സ്വാദിഷ്ടമായ റമദാൻ നോമ്പ് കഞ്ഞി തയ്യാറാക്കാം

റമദാൻ ഇറച്ചി അരി കഞ്ഞി

ചേരുവകൾ:

1 കപ്പ് ബസ്മതി അരി

1-2 ഇടത്തരം കാരറ്റ് – ചെറുതായി അരിഞ്ഞത്

1 ഇടത്തരം സവാള – അരിഞ്ഞത്

1 ഇടത്തരം തക്കാളി – അരിഞ്ഞത്

1-2 പച്ചമുളക് – കീറിയത് (മസാലയുടെ അളവ് അനുസരിച്ച്)

1/2 ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്

1/4 ടീസ്പൂൺ മഞ്ഞൾ

1 ടീസ്പൂൺ മല്ലിപ്പൊടി

ബീഫ് – 1/2 കിലോ

തേങ്ങാപ്പാൽ – 1/2-1 കപ്പ് (ആവശ്യമെങ്കിൽ കൂടുതൽ ചേർക്കുക)

ഉപ്പ് പാകത്തിന്

പാചക രീതി:

അരി കഴുകി കാരറ്റ് ഇട്ട് വേവിക്കുക. ഇതിനിടയിൽ, 3-8 വരെയുള്ള ചേരുവകൾ ചേർത്ത് ബീഫ് പ്രഷർ കുക്കറിൽ പാചകം ചെയ്യുക. അരി പാചകം ചെയ്തുകഴിഞ്ഞാൽ, അതിൽ വേവിച്ച ബീഫിനൊപ്പം മസാലകൾ ചേർക്കുക. നന്നായി ഇളക്കിയതിന് ശേഷം ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് തേങ്ങാപ്പാൽ ചേർത്ത് തിളപ്പിക്കുക. തിളച്ചുകഴിഞ്ഞാൽ, തീയിൽ നിന്ന് മാറ്റി ചൂടോടെ വിളമ്പുക.
https://noufalhabeeb.blogspot.com/?m=1

Friday, March 24, 2023

ചേമ്പപ്പം

വൈകിട്ടത്തെ ചായക്ക്‌ പറ്റിയ ഒരു നല്ല പലഹാരം ആണ്‌ .ഇത്‌. നമുക്ക്‌ വീട്ടിൽ തന്നെ  ലഭ്യമാവുന്ന സാധനങ്ങൾ മാത്രം ആണ്‌ ഇത്‌ ഉണ്ടാക്കാൻ ആവശ്യമായത്‌. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.


ചേരുവകൾ

1.നേർമ്മയായ അരിപ്പൊടി - 1 കപ്പ്

2.നല്ല കട്ടിക്ക് പിഴിഞ്ഞെടുത്ത തേങ്ങാ പാൽ. - 1 കപ്പ്

3.ഏലക്ക പൊടിച്ചത്  - 2 എണ്ണം

4.പഞ്ചസാര - 3 സ്പൂൺ

5.കോഴി മുട്ട: - 1 എണ്ണം

6.ഉപ്പ്  - ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

3,4,5 എന്നീ ചേരുവകൾ യോജിപ്പിക്കുക. ഇതിലേക്ക് അരിപ്പൊടിയും, ഉപ്പും, അല്പാല്പമായി തേങ്ങാ പാലും ഒഴിച്ച് കലക്കി എടുക്കുക. (തേങ്ങാ പാലിന് പകരം പശുവിന്റെ പാലായാലും  ഉപയോഗിക്കാം. ടേസ്റ്റ് തേങ്ങാ പാൽ തന്നെ ആണ് )

ഇത്, ചൂടായ വെളിച്ചെണ്ണയിൽ കൈ കൊണ്ട് കോരി ഒഴിച്ച് പൊരിച്ച് കോരുക.

ഉണ്ടാക്കാത്തവർ ഉണ്ടെങ്കിൽ ഉണ്ടാക്കി നോക്കൂ" സൂപ്പറാ" 👌🏻_
കാണാനൊരു ലുക്കില്ലന്നേയുള്ളു...ഒടുക്കത്തെ ടേസ്റ്റ് ആണ്.
https://noufalhabeeb.blogspot.com/?m=1

Thursday, March 23, 2023

ഇറച്ചിയും പത്തിരിയും

ഇറച്ചിയും പത്തിരിയും

            (റമദാൻ സ്പെഷ്യൽ)

ഇന്ന് റമദാൻ സ്പെഷ്യൽ 'ഇന്നത്തെ പാചകത്തിൽ' പത്തിരിയും ഇറച്ചിയും ഉണ്ടാക്കുന്ന വിധം ആണ്‌ പരിചയപ്പെടുത്തുന്നത്‌. ...  ഇറച്ചി ,ബീഫും ചിക്കനും വേറെ വേറെ റെസിപ്പി കൊടുത്തിട്ടുണ്ട്‌.

ആദ്യം നമുക്ക്‌ പത്തിരിയെ കുറിച്ച്‌ ചെറിയൊരു വിശദീകരണവും  പത്തിരി ഉണ്ടാക്കുന്ന വിധവും ഒന്ന് നോക്കാം

          പത്തിരി

അരിപ്പൊടി ഉപയോഗിച്ചുണ്ടാക്കുന്ന ഒരു പലഹാരമാണ് പത്തിരി. കേരളത്തിലെ മലബാർമേഖലയിലെ മുസ്ലീം സമുദായക്കാർ ഉണ്ടാക്കുന്ന പത്തിരി പ്രശസ്തമാണ്. "പത്തിരിയും കോഴി ഇറച്ചിയും" സൽക്കാരങ്ങളിലും നോമ്പ് തുറകളിലും മറ്റും വ്യാപകമായി ഉപയോഗിച്ചുവരുന്ന ഒരു വിഭവമാണ്. കാസർഗോഡ്‌ ഭാഗങ്ങളിൽ ഇത് പത്തൽ എന്ന പേരിലാണ് അറിയപ്പെടുന്നത്‌.

മലബാർ പ്രദേശത്തെ ചില സ്ഥലങ്ങളിൽ പത്തിരിയെ അരി പത്തിൽ എന്നും പത്തിൽ എന്നും വിളിക്കപ്പെടുന്നു. പേസ്ട്രി എന്നു അർഥം വരുന്ന അറബി വാക്കായ ഫതീരയിൽനിന്നുമാണ് പത്തിരി എന്ന വാക്കിൻറെ ഉത്ഭവം. മാത്രമല്ല മലബാറിൽ ഉണ്ടായിരുന്ന അറബികളിൽനിന്നാണ് പത്തിരി ഉത്ഭവിച്ചത് എന്നും വിശ്വസിക്കപ്പെടുന്നു.

കേരളത്തിലെ മുസ്ലിംങ്ങളുടെ ഇടയിൽ പത്തിരി വളരെ പ്രസിദ്ധമാണ്.  പ്രധാനമായും അത്താഴത്തിനു ഉണ്ടാക്കുന്ന പത്തിരിയുടെ കൂടെ ഇറച്ചിയോ മീനോ കഴിക്കും. കേരളം മുഴുവൻ  ഏതാണ്ട്‌ മുസ്ലിങ്ങളുടെ നോമ്പ് മാസമായ റമദാനിൽ ഇഫ്താർ സമയത്ത് പത്തിരി ഉണ്ടാകും.

പേരിനു പിന്നിൽ

പേർഷ്യൻ ഭാഷയിൽ ഫത്തീർ എന്നാൽ പരന്ന പലഹാരം എന്നർത്ഥം. പേർഷ്യയിൽ നിന്നാണ് ഫത്തീരി അഥവ പത്തിരി കേരളത്തിലെത്തുന്നത്. അറബിയിലും ഫത്തീറാഹ് എന്നാണ് എങ്കിലും ഇന്ന് ഫത്തീറ എന്നു വിളിക്കുന്ന പലഹാരം അറബിനാടുകളിൽ ഉണ്ടാക്കുന്നത് അരിപ്പൊടിയുപയോഗിച്ചല്ല.

ഉണ്ടാക്കുന്ന വിധം

തരിയില്ലാതെ പൊടിച്ചെടുത്ത അരിപ്പൊടി ഉപ്പിട്ട തിളച്ച വെള്ളവും വെണ്ണയും ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ച് ചെറിയ ഉരുളകളുണ്ടാക്കുന്നു. ഈ ഉരുളകൾ ചെറിയരീതിയിൽ അമർത്തുന്നു. അതിനുശേഷം ചപ്പാത്തിപോലെ കനം കുറച്ച് പരത്തിയെടുക്കുന്നു. പരത്തുമ്പോൾ; ഒട്ടിപ്പിടിക്കാതിരിക്കുന്നതിനായി അരിപ്പൊടി തൂകാറുണ്ട്. പരത്തിയെടുത്തവ ദോശക്കല്ലിൽ വെച്ച് തിരിച്ചു മറിച്ചും ചുട്ടെടുക്കുന്നു. ഇങ്ങനെ ചുട്ടെടുക്കുന്ന പത്തിരികൾ നിരത്തി വെച്ച് ചൂട് പോയ ശേഷം പാത്രങ്ങളിൽ അടുക്കി വച്ച് ഉപയോഗിക്കുന്നു.

പത്തിരി ഉണ്ടാക്കുന്ന രീതി

പത്തിരി ചേരുവകള്‍

നന്നായി വറുത്ത്‌ അരിപ്പൊടി- നാലര കപ്പ്‌

ഉപ്പ്‌ - പാകത്തിന്‌

വെള്ളം - നാലുകപ്പ്‌

നെയ്യ്‌- 1 ടീസ്‌പൂണ്‍

  ഉണ്ടാക്കുന്നവിധം

വെള്ളവും നെയ്യും ഉപ്പും ചേര്‍ത്ത്‌ തിളപ്പിക്കുക.തിളച്ച്‌ കഴിയുമ്പോള്‍ തീ കുറച്ച്‌ 4 കപ്പ്‌ അരിപ്പൊടി ചേര്‍ത്ത്‌ സ്‌പ്പൂണ്‍ കൊണ്ട്‌ തുടര്‍ച്ചയായി ഇളക്കുക.തീ അണച്ച ശേഷം 2-3 മിനിറ്റ്‌ മൂടി വയ്‌ക്കുക.

ചെറു ചൂടുള്ള മാവ്‌ കൈ കൊണ്ട്‌ നന്നായി കുഴച്ച്‌ മയം വരുത്തുക.മാവ്‌ ചെറു വലുപ്പത്തില്‍ ഉരുളകളാക്കിയതിനു ശേഷം പലകയില്‍ അരിപ്പൊടി തൂവി ചപ്പാത്തി പരത്തുന്നതു പോലെ പരത്തുക.പാന്‍ ചൂടാക്കി പത്തിരി ഇട്ട്‌ അലപനേരം കഴിഞ്ഞ്‌ മറിച്ചിടാം.പൊങ്ങി വരുമ്പോള്‍ പത്തിരി എടുക്കുക.എണ്ണ ഉപയോഗിക്കരുത്‌.

ഇനി നമുക്ക്‌ കോഴിക്കറിയും ബീഫും ഉണ്ടാക്കുന്ന വിധം നോക്കാം.
ആദ്യം കോഴിക്കറി

         കോഴിക്കറി

ആവശ്യമുള്ള സാധനങ്ങള്‍

ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കിയത്- 300 ഗ്രാം

ചെറിയ ഉള്ളി നീളത്തില്‍ അരിഞ്ഞത്- 250 ഗ്രാം

ഇഞ്ചി- വലിയ കഷ്ണം

വെളുത്തുള്ളി- 5 അല്ലി

പച്ചമുളക്- 2 എണ്ണം

കറിവേപ്പില-ആവശ്യത്തിന്

മുളക് പൊടി- ഒന്നര ടേബിള്‍ സ്പൂണ്‍

മല്ലിപ്പൊടി- ഒരു ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍

ഗരം മസാല- ഒരു ടാസ്പൂണ്‍

ഉപ്പ്- ആവശ്യത്തിന്

തേങ്ങ വറുത്തത്- അരക്കപ്പ്

   തയ്യാറാക്കുന്ന വിധം

ചിക്കനില്‍ പുരട്ടാനുള്ള മസാലകള്‍ ഒരു ചെറിയ കഷ്ണം ഇഞ്ചി, മൂന്ന് അല്ലി വെളുത്തുള്ളി ചതച്ചത്, ഉപ്പ് ആവശ്യത്തിന്, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടേബിള്‍ സ്പൂണ്‍ മുളക് പൊടി, അര ടീസ്പൂണ്‍ കുരുമുളക് പൊടി, അല്‍പം ഗരം മസാല ഇവയെല്ലാം കൂടി ചിക്കനില്‍ നല്ലതു പോലെ ചേര്‍ത്ത് പുരട്ടി മാറ്റി വെയ്ക്കുക.

ചട്ടിയില്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഒരു ടീസ്പൂണ്‍ കടുക്, ഉണക്കമുളക്, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി ചതച്ചത്, പച്ചമുളക് കീറിയത് എന്നിവ ചേര്‍ത്ത് വഴറ്റാം. ഇതിലേക്ക് ഉള്ളി അരിഞ്ഞത് ചേര്‍ക്കാം. ശേഷം കുഴമ്പ് രൂപത്തിലാകുമ്പോള്‍ മസാല ചേര്‍ക്കാം.
ശേഷം വേറൊരു പാത്രത്തില്‍ ചിക്കന്‍ തയ്യാറാക്കാം. മസാല പുരട്ടിയ ചിക്കന്‍ അല്‍പം എണ്ണ ഒഴിച്ച് വേവിച്ചെടുക്കാം.

ചിക്കന്‍ വെന്തു കഴിയുമ്പോള്‍ അല്‍പം വെള്ളം ആവശ്യമുണ്ടെങ്കില്‍ ചേര്‍ക്കാം. ഇതിലേക്ക് തേങ്ങ വറുത്തരച്ചതും ചേര്‍ക്കാം.

ഇനി നമുക്ക്‌ ബീഫ്‌ കറി ഉണ്ടാക്കുന്ന വിധം നോക്കാം

         ബീഫ് കറി

ബീഫ്-1 kg

സവാള-2 വലുത്,ചെറുതായി അരിഞ്ഞത്

ചെറിയ ഉള്ളി-1 പിടി

ഇഞ്ചി,വെളുത്തുള്ളി ചതച്ചത്-2 table spoon

പച്ചമുളക്-5 എണ്ണം

കറിവേപ്പില-ആവശ്യത്തിന്

ഉപ്പ്-ആവശ്യത്തിന്

മഞ്ഞൾ പൊടി-1 1/2  ടീസ്പൂണ്‍

മുളക്പൊടി-3 table spoon

മല്ലി പൊടി-2 table spoon

മീറ്റ് മസാല- 2 table spoon

ഗരം മസാല-1 table spoon

കുരുമുളക് പൊടി-1 table spoon

കായം പൊടി-3 നുള്ള്

   തയ്യാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ ബീഫ്,എടുത്തു വെച്ചിരിക്കുന്നതിൽ നിന്നു പകുതി സവാള,ഇഞ്ചി വെളുത്തുള്ളി paste എന്നിവ ഒരു cooker ലേക്ക് മാറ്റുക.അതിലേക്ക് മഞ്ഞൾ പൊടി 11/2ടീസ്പൂണ്, മുളക് പൊടി 2 table spoon, മല്ലി പൊടി 2 table spoon, മീറ്റ് മസാല 1 table spoon ,ഉപ്പ്,കറിവേപ്പില, പച്ചമുളക് 3 എണ്ണം,കായം എന്നിവ ഇട്ട് നന്നായ്  marinate ചെയ്‌ത് കുറഞ്ഞത് 20 minute വെക്കുക.ശേഷം cooker അടച്ചു  വെള്ളം ചേർക്കാതെ medium flame ഇൽ 5 whislte വരെ വേവിക്കുക.

ഇനി ഒരു പാൻ ചൂടാക്കി 2 ടേബിൾ സ്പൂണ് എണ്ണ ഒഴിച്ചു,കടുക് പൊട്ടിച്ചു ബാക്കി ഉള്ള_ സവാള,ചെറിയ ഉള്ളി, ഇഞ്ചി,വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക._ അതിലേക്ക് ബാക്കി ഉള്ള മുളക് പൊടിയും,മീറ്റ് മസാലയും എടുത്ത് വെച്ചിരിക്കുന്ന ഗരം മസാല യും ചേർത്ത് പച്ച മണം പോകുന്നത് വരെ നന്നായ് വഴറ്റുക.ശേഷം വേവിച്ചു വെച്ചിരിക്കുന്ന ബീഫ് ഇതിലേക്ക് ഇട്ട് ചാറു കുറുകുന്നത് വരെ തിളപ്പിക്കുക.അവസാനം കുറച്ച് പച്ച വെളിച്ചെണ്ണ, കറിവേപ്പില എന്നിവ ചേർത്ത വാങ്ങാം..വേണമെങ്കിൽ അവസാനം കുറച്ചു കുരുമുളക് പൊടി കൂടി ചേർക്കാവുന്നതാണ്.

അപ്പോ പത്തിരിയും ഇറച്ചിയും റെഡി ആയിട്ടുണ്ട്‌
https://noufalhabeeb.blogspot.com/?m=1

Monday, March 20, 2023

പച്ചപ്പപ്പായ മിൽക്ക്‌ ഷേക്ക്‌

പച്ചപ്പപ്പായ മിൽക്ക്‌ ഷേക്ക്‌

ഇന്ന് നമുക്ക്‌ പച്ചപപ്പായ (കപ്പങ്ങ) കൊണ്ടൊരു കിടിലം മിൽക്ക് ഷേക്ക് ഉണ്ടാക്കാം ._ _പപ്പായയുടെ ഗുണങ്ങൾ എല്ലാവർക്കും അറിയാമല്ലൊ.... അപ്പൊ ഇത്‌ ആരോഗ്യപരമായും നല്ലൊരു ചോയിസ്‌ ആണ്‌.

       ചേരുവകൾ

പച്ച പപ്പായ -2 കപ്പ്‌

പാൽ -1/ 2 ലിറ്റർ

പഞ്ചസാര -6 ടേബിൾ സ്പൂൺ

പാൽപ്പൊടി-2 ടേബിൾ സ്പൂൺ

കശുവണ്ടി -1/ 4 കപ്പ്‌

വാനില എസ്സൻസ്‌ -1/ 4 ടീസ്പൂൺ

കസ്കസ് -ആവശ്യത്തിന്

       തയാറാക്കുന്ന വിധം

ഒരു പപ്പായയുടെ പകുതി വൃത്തിയാക്കിയതിനു ശേഷം ചെറിയ കഷ്ണങ്ങളാക്കുക .ഇത്‌ ഒരു പാത്രത്തിലേക്ക് മാറ്റാം. അതിലേക്ക്‌ ഒരു 1/ 2 ഗ്ലാസ് വെള്ളം കൂടി ഒഴിച്ച് വേവിച്ചെടുക്കാം .ശേഷം ഫ്രിഡ്‌ജിൽ വെച്ച് തണുപ്പിച്ചെടുക്കാം.

ഇനി ഒരു മിക്സിയുടെ ജാറിലേക്കു പപ്പായയും 2 ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് ഒന്ന് അടിക്കാം.

ഇനി ഇതിലേക്ക് പാൽപ്പൊടി, വാനില എസ്സൻസ് ,കശുവണ്ടി ,പഞ്ചസാര എന്നിവ ചേർക്കാം.

ഇനി 1/ 2 ലിറ്റർ  പാൽ തിളപ്പിച്ചതിനുശേഷം ഫ്രീസറിൽ വെച്ച് തണുപ്പിച്ചത് കൂടി ചേർത്ത് നന്നായി ഒന്നുകൂടി മിക്സിയിൽ അടിക്കാം.

ഇനി ഒരു ഗ്ലാസിലേക്ക്‌ മാറ്റി കസ്കസും നട്ട്‌സും ഇട്ട്‌ കൊടുക്കാം.

പച്ചപപ്പായ മിൽക്ക് ഷേക്ക് റെഡി
https://noufalhabeeb.blogspot.com/?m=1

Sunday, March 19, 2023

ചോറ് വട

ചോറ് വട

വട ഉണ്ടാക്കുന്നത്‌ എങ്ങനെ എന്ന് നമുക്ക്‌ പലർക്കും അറിയാം . ഇന്ന് നമുക്ക്‌ ബാക്കിവന്ന ചോറുകൊണ്ട് നിമിഷനേരത്തിൽ നല്ല മൊരിഞ്ഞ വട എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

     ചേരുവകൾ

ചോറ് -11 /2 കപ്പ്

തൈര് -2 ടേബിൾസ്പൂൺ

വെള്ളം -1 /4 കപ്പ്

സവോള - 1എണ്ണം

കറിവേപ്പില -കുറച്ച്‌

പച്ചമുളക്-2 എണ്ണം

ഇഞ്ചി       - ചതച്ചത്‌ 1 ടേബിൾസ്പൂൺ

കുരുമുളക് -1 /4 ടീസ്പൂൺ

അരിപൊടി -4  ടേബിൾസ്പൂൺ

കായപ്പൊടി -1 /4 ടീസ്പൂൺ

ഉപ്പ്                 -1 /2 ടീസ്പൂൺ

       തയ്യാറാക്കുന്നവിധം

ഒരു മിക്സിയുടെ ജാറിലേക്കു ചോറും തൈരും വെള്ളവും ചേർത്ത് അരച്ചെടുക്കാം.

ഇതിലേക്ക് സവോള ,കറിവേപ്പില മല്ലിയില ,ഇഞ്ചി ,പച്ചമുളക് ,കുരുമുളക് ചതച്ചത് ,ഉപ്പ്,കായപ്പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്യാം.

ഇതിലേക്ക് കുറേശെ അരിപൊടി ചേർത്ത് മിക്സ് ചെയ്യാം

ഇനി കയ്യിൽ വെള്ളം തടവിയ ശേഷം ഒരു ഉരുളയാക്കാം.വിരലുവെച്ചു ചെറുതായി പരത്തി വടയുടെ രൂപത്തിലാക്കാം.

ഒരു വിരലൊന്നു വെള്ളത്തിൽ മുക്കിയതിനു ശേഷം കുഴിയിട്ടുകൊടുക്കാം.

ചൂടായ എണ്ണയിലിട്ട് മീഡിയം തീയിൽ വറുത്തെടുക്കാം.

നല്ല അടിപൊളി മൊരിഞ്ഞ വട റെഡി .
https://noufalhabeeb.blogspot.com/?m=1

റൈസ്‌ ബോൾസ്‌

റൈസ്‌ ബോൾസ്‌

വൈകിട്ടത്തെ  ചൂട് കട്ടൻ ചായക്കൊപ്പം കഴിക്കാൻ പറ്റിയ ഒരു സ്‌നാക്ക് ആണ്‌ ഇത്‌.  ഉണ്ടാക്കാൻ വളരെ എളുപ്പവും .

      ചേരുവകൾ

അരിപ്പൊടി - 1/2 കപ്പ്

കടല മാവ് - 2 ടേബിൾസ്പൂൺ

മൈദാ - 1 ടേബിൾസ്പൂൺ

വെള്ളം - 2 കപ്പ്

ഉപ്പു - ആവശ്യത്തിന്

മുളകുപൊടി - ആവശ്യത്തിന്

എണ്ണ - ആവശ്യത്തിന്

      ഉണ്ടാക്കുന്ന വിധം

1. ഒരു പാത്രത്തിലോട്ടു അരിപ്പൊടി , കടലപ്പൊടി , മൈദ , ഉപ്പ്‌ എന്നിവ ചേർത്ത് നന്നായിട്ട് ഇളക്കുക . അതിനുശേഷം അതിലേക്കു വെള്ളം ഒഴിച്ച് കട്ട ഇല്ലാതെ ഇളക്കി യോജിപ്പിക്കുക.

2. ഇനി അടുപ്പിൽ വച്ച്  ചെറിയ തീയിൽ കുക്ക് ചെയ്യുക . നിർത്താതെ ഇളക്കി കൊണ്ടിരിക്കുക .നന്നായിട്ട് കുറുകി വെള്ളമൊക്കെ വറ്റി ഒരു മാവ് പരുവം ആകുമ്പോൾ തീ കെടുത്താം . തീരെ വെള്ളത്തിന്റെ അംശം പാടില്ല . മാവ് നല്ല സോഫ്റ്റ് ആയിരിക്കണം .

3.ഇനി ചെറിയ ചൂടോടെ കൂടെ ഈ മാവ് കുഴച്ചു എടുക്കുക . എന്നിട്ട് ചെറിയ ഉരുളകൾ ആക്കുക .

4. നല്ല ചൂടായ എണ്ണയിലേക്ക് ഈ ഉരുളകൾ ഇടുക . എണ്ണയിലേക്ക് ഇട്ട ഉടനെ തീ കുറച്ചു ഒരു 5,6 മിനിറ്റ് ചെറിയ തീയിൽ വറുത്തെടുക്കുക .

5. അവസാനം ഇതിന്റെ മുകളിലോട്ടു കുറച്ച് ഉപ്പും മുളകുപൊടിയും കൂടെ ചേർത്ത് യൊജിപ്പിക്കുക .

7. ചൂടാറും മുൻപ് നല്ല ചൂട് ചായക്കൊപ്പം കഴിക്കാം
https://noufalhabeeb.blogspot.com/?m=1

Friday, March 17, 2023

പഴം ഉണ്ട

 പഴം ഉണ്ട

                      (banana balls)

നല്ല പഴുത്ത പഴം  ഉണ്ടെങ്കിൽ വളരെ കുറച്ച്‌ ചേരുവകൾ മാത്രം ഉപയോഗിച്ച്‌ നമുക്ക്‌  വളരെ ടേസ്റ്റി ആയ ഒരു നാലുമണി പലഹാരം ഉണ്ടാക്കാം.

ചേരുവകൾ

പഴം - 3 എണ്ണം

അരിപ്പൊടി - അരക്കപ്പ്

തേങ്ങാ ചിരകിയത് - ഒരു കപ്പ്

നെയ്യ് - ഒരു ടേബിൾ സ്പൂൺ

പഞ്ചസാര - ഒരു ടേബിൾ സ്പൂൺ

കശുവണ്ടിയും  മുന്തിരിയും -  ചെറുതായി നുറുക്കിയത്  - കുറച്ച്‌

ഓയിൽ - ആവശ്യത്തിന്‌

     തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാനിൽ നെയ്യ് ചൂടാക്കി കശുവണ്ടിയും  മുന്തിരിയും വറുക്കുക.

അതിലേക്കു ചിരകിയ തേങ്ങാ ചേർക്കുക. നിറം മാറുന്നത് വരെ ഇളക്കുക. ശേഷം പഞ്ചസാരയും ചേർത്തു വീണ്ടും ഇളക്കുക. ഇനി അത് ചൂടാറാൻ വെക്കാം.

പഴം നന്നായി പുഴുങ്ങിയെടുക്കുക. ഇനി അരിപ്പൊടിയും ചേർത്ത്‌ പഴം  നല്ലപോലെ ഉടച്ചു കൊടുക്കാം.

ഇനി ആദ്യം ഉണ്ടാക്കിയ തേങ്ങാ മിക്സ് ഇതിലേക്ക് ചേർത്തു നന്നായി കൂട്ടി യോജിപ്പിക്കുക.

ഇനി ഇത്‌  കൈ വെള്ളയിൽ വച്ച് ഉരുട്ടി ഉണ്ടകളാക്കുക.

ഇനി പാനിൽ എണ്ണയൊഴിച്ചു ബോൾസ് എല്ലാം വറുത്തു കോരുക.

കുറച്ചു തേങ്ങ ചിരകിയതും വിതറി ചായക്കൊപ്പം കഴിക്കാം.
https://noufalhabeeb.blogspot.com/?m=1

കപ്പ സ്നാക്ക്‌

കപ്പ ഉപയോഗിച്ച്‌ ഇന്ന് നമൂക്ക്‌ ഒരു ചായക്കടി ഉണ്ടാക്കി നോക്കാം.. ഉണ്ടാക്കാൻ ആണേൽ വളരെ എളുപ്പവും 


ചേരുവകൾ

കപ്പ ഗ്രേറ്റ് ചെയ്‌തത്‌ -- 2 കപ്പ്

ചെറിയ ഉള്ളി --- 15 എണ്ണം

പച്ചമുളക് -- 4 എണ്ണം

ഇഞ്ചി -- 1 ടീസ്പൂൺ

അരിപൊടി -- 2 ടേബിൾസ്പൂൺ

മഞ്ഞൾ പൊടി -- 1/ 4  ടീസ്പൂൺ

കറി വേപ്പില - ആവശ്യത്തിന്‌

ഉപ്പ് - ആവശ്യത്തിന്‌

വെളിച്ചെണ്ണ - ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേക്കു ഗ്രേറ്റ് ചെയ്ത കപ്പ , ചെറിയ ഉള്ളി മുറിച്ചത് ,പച്ചമുളക് , ഇഞ്ചി , കറിവേപ്പില , അരിപൊടി, മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക .

മിക്സ് ചെയ്തു വച്ച കപ്പ കൂട്ടിൽ നിന്നും കുറച്ചു എടുത്തു ഒന്ന് ഉരുട്ടിയ ശേഷം കയ്യിൽ വെച്ച് ഒന്ന് അമർത്തി ഷേപ്പ് ചെയ്തു എടുക്കുക .ശേഷം ചൂടായ വെളിച്ചെണ്ണയിലേക്ക് ഇട്ടു വറുത്തെടുക്കുക
നല്ല ടേസ്റ്റി കപ്പ സ്നാക്ക് റെഡി
https://noufalhabeeb.blogspot.com/?m=1

Tuesday, March 14, 2023

ബിസ്കറ്റ്‌ മിൽക്ക്‌ ഷേക്ക്‌

പാലും ബിസ്ക്കറ്റും കൊണ്ടൊരു കിടിലൻ ഡ്രിങ്ക്'_ , _നമ്മൾ പല തരം ഷേക്ക് കഴിച്ചിട്ടുണ്ട് . എന്നാൽ ഇവിടെ നമ്മൾ വീട്ടിലുള്ള ചില ചേരുവകൾ വച്ച് ഒരു അടിപൊളി ഷേക്ക് ആണ്‌ ഇവിടെ  ഉണ്ടാക്കുന്നത്‌ . അതും ഐസ് ക്രീം ഒന്നും ചേർക്കാതെ തന്നെ നല്ല കലക്കൻ ടേസ്റ്റിൽ...


       ചേരുവകൾ

ബിസ്കറ്റ്‌  ഏതെങ്കിലും  - 8 എണ്ണം ( മാരീ ഗോൾഡ്‌ ആണ്‌  ഇവിടെ ഉപയോഗിച്ചത്‌

തണുത്ത പാൽ - ഒരു വലിയ ഗ്ലാസ്‌

പഞ്ചസാര - 2 ടേബിൾ സ്പൂൺ

കോഫീ പൗഡർ - ഒന്നര ടീസ്പൂൺ , അല്ലെങ്കിൽ ഒരു ടീസ്പൂൺ വാനില എസൻസ്‌ ഉപയോഗിക്കാം

ഐസ്‌ ക്യൂബ്‌ - ആവശ്യത്തിന്‌

ചോക്കലേറ്റ്‌ സിറപ്പ്‌ -അലങ്കരിക്കാൻ

നട്ട്‌സ്‌ - ആവശ്യത്തിന്‌

ഉണ്ടാക്കുന്ന വിധം

1. പാൽ ഫ്രിഡ്ജിൽ വച്ച് നല്ല കട്ട ആയിട്ടെടുക്കുക .

2. ഒരു മിക്സിയിൽ പാലും , ബിസ്കറ്റും , കാപ്പി പൊടിയും , ആവശ്യത്തിന് മധുരവും , ഐസും  ഇട്ടു നന്നായിട്ട് അടിച്ചെടുക്കുക .

3. ഒരു ഗ്ലാസിൽ ചോക്ലേറ്റ് സിറപ്പ് ഒഴിച്ച് അതിലേക്കു മിൽക്ക് ഷേക്ക് ഒഴിച്ച് കൊടുക്കുക . ശേഷം നട്ട്‌സ്‌ , ചോക്ലേറ്റ് സിറപ്പ് എന്നിവ ഏറ്റവും മുകളിൽ ആയിട്ട് ഇട്ടു കൊടുക്കുക .

നമ്മളുടെ മിൽക്ക് ഷേക്ക് റെഡി
https://noufalhabeeb.blogspot.com/?m=1

Saturday, March 11, 2023

ഇടിച്ചക്ക തോരനും ചിക്കന്‍ മുളകിട്ടതും.

ഉച്ചയൂണിനൊപ്പം ഇടിച്ചക്ക തോരനും ചിക്കന്‍ മുളകിട്ടതും.


"ഇടിച്ചക്ക തോരന്‍ (പച്ചക്കുരുമുളക് ചേര്‍ത്തരച്ചത്)

ഇടിച്ചക്ക - 1

തേങ്ങ ചിരകിയത് - 1 കപ്പ്

ചുവന്നുള്ളി - 6-7

വെളുത്തുള്ളി - 4 അല്ലി

പച്ചക്കുരുമുളക് - 1 ടേബിള്‍സ്പൂണ്‍

പച്ചമുളക് - 1-2

ജീരകം - 1/2 ടീസപൂണ്‍

മഞ്ഞള്‍പ്പൊടി - 1/4 ടീസപൂണ്‍

കടുക് - 1 ടീസ്പൂണ്‍

കറിവേപ്പില - 2 തണ്ട്

വറ്റല്‍മുളക് - 2 എണ്ണം

വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍

ഉപ്പ് - പാകത്തിന്

ഇടിച്ചക്ക മുള്ള് ചെത്തി മാറ്റി മുറിച്ച ശേഷം ആവിയില്‍ വേവിച്ചെടുക്കുക. വെന്ത കഷ്ണങ്ങള്‍ ഇടികല്ല് കൊണ്ടോ തവി കൊണ്ടോ ചതച്ച് വെക്കുക.

തേങ്ങ, പച്ചക്കുരുമുളക്, ചുവന്നുള്ളി, വെളുത്തുള്ളി, ജീരകം, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക.
ഒരു ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു കറിവേപ്പില, വറ്റല്‍മുളക് ചേര്‍ത്ത ശേഷം ചതച്ച് വച്ച ചക്കയും പാകത്തിന് ഉപ്പും ചേര്‍ത്ത് യോജിപ്പിച്ച് ഒരു മിനുട്ട് വഴറ്റുക.

അതിലേക്ക് അരച്ച് വച്ച തേങ്ങാക്കൂട്ട് ചേര്‍ത്ത് യോജിപ്പിച്ച് പച്ചമണം മാറുന്ന വരെ ചെറുതീയില്‍ അടച്ച് വച്ച് വേവിക്കുക.
ഇടക്കിടെ ഇളക്കി കൊടുക്കുക.

ചിക്കന്‍ മുളകിട്ടത്

ചിക്കന്‍ - 1/2 കിലോ

സവാള - 2

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിള്‍സ്പൂണ്‍

പച്ചമുളക് - 1-2

തക്കാളി - 1

കാശ്മീരി മുളകുപൊടി - 1 ടേബിള്‍സ്പൂണ്‍

മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍

കറിവേപ്പില - 2 തണ്ട്

വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍

ഉപ്പ് - പാകത്തിന്

ചുവടുകട്ടിയുള്ള ഒരു പാത്രം ചൂടാക്കി അതിലേക്ക് എണ്ണയൊഴിച്ച് സവാള,. ഇഞ്ചി വെളത്തുള്ളി പേസ്റ്റ്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക .

ചുവന്നു പച്ചമണം മാറി വരുമ്പോള്‍ മുളകുപൊടി, മഞ്ഞള്‍പൊടി കൂടെ ചേര്‍ത്ത് മൂപ്പിക്കുക.
അരിഞ്ഞ തക്കാളി കൂടെ ചേര്‍ത്ത് വഴറ്റുക.

"അതിലേക്ക് കഴുകി വൃത്തിയാക്കി വച്ച ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് കൊടുക്കുക.
പാകത്തിന് ഉപ്പും ഒരു കപ്പ് വെള്ളവും ചേര്‍ത്ത് അടച്ച് വച്ച് വേവിക്കുക.

(പ്രഷര്‍ കുക്കറില്‍ ആണ് പാകം ചെയ്യുന്നതെങ്കില്‍ വെള്ളത്തിന്റെ അളവ് കുറച്ച് കൊടുക്കുക.)"
https://noufalhabeeb.blogspot.com/?m=1

Thursday, March 2, 2023

നീർദോശ

 

പൊന്നിയരിയും തേങ്ങയുമുപയോഗിച്ച് എളുപ്പത്തിൽ ഒരു നീർദോശ

 ദോശ ചുട്ടെടുക്കാൻ എളുപ്പമാണെങ്കിലും ദോശയ്ക്കുള്ള മാവ് തയ്യാറാക്കുന്ന പരിപാടികളൊക്കെ സാധാരണ തലേദിവസമേ ചെയ്തുവയ്ക്കണം. എന്നാൽ അധികം മുന്നൊരുക്കങ്ങളൊന്നുമില്ലാതെ ഇൻസ്റ്റന്റായി തയ്യാറാക്കാവുന്ന ഒരു ദോശ റെസിപ്പി പരിചയപ്പെടാം.

മൂന്നേ മൂന്നു ചേരുവകളാണ് ഈ ദോശ തയ്യാറാക്കാൻ ആവശ്യമുള്ളത്.

     ചേരുവകൾ

പൊന്നി അരി അല്ലെങ്കിൽ സോനാ മസൂരി റോ റൈസ് – 1 കപ്പ്

തേങ്ങ ചിരകിയത് – 1/4 കപ്പ

ഉപ്പ് – 1/2 ടീസ്പൂൺ

വെള്ളം – 2 കപ്പ് (ഏകദേശം)

     തയ്യാറാക്കുന്ന വിധം

അരി കഴുകി 4-5 മണിക്കൂർ കുതിർത്ത് വയ്ക്കുക.

കുതിർത്ത അരിയും തേങ്ങ ചിരകിയതും ചേർത്ത് അൽപ്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.

ഇത് ഒരു പാത്രത്തിലേക്ക് മാറ്റി ഏകദേശം 1 കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കുക. പാൽ പരുവമാണ് മാവിന്റെ പാകം.

ഒരു നോൺസ്റ്റിക് പാൻ ചൂടാക്കി എണ്ണ പുരട്ടുക. കൈ അൽപ്പം ഉയർത്തി ഉയരത്തിൽ നിന്നും വേണം പാനിലേക്ക് മാവ് ഒഴിക്കാൻ.

നേർത്ത തീയിൽ 30 സെക്കൻഡ് മൂടിവച്ച് വേവിക്കുക. ശേഷം പാത്രത്തിലേക്ക് മാറ്റാം.

ചട്ണി, സാമ്പാർ എന്നിവയ്‌ക്കൊപ്പം കഴിക്കാം   https://noufalhabeeb.blogspot.com/?m=1

Wednesday, March 1, 2023

വാളി അമ്പട്ട്

ബസല ചീര സ്‌പെഷ്യല്‍ ; സ്വാദിഷ്ടമായ വാളി അമ്പട്ട് തയ്യാറാക്കാം 

ഇലക്കറികളുടെ മേന്മ നമുക്കെല്ലാവര്‍ക്കും അറിയുന്നതാണല്ലോ. അതിപ്പോ പല തരം ചീരയും മുരിങ്ങയിലയും തൊടീലും പറമ്പിലും കാണുന്ന തഴുതാമയും തകരയും ഒക്കെ നമ്മള്‍ നമ്മുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തും. പോഷക സമ്പുഷ്ടമായ സമീകൃത ആഹാരത്തില്‍ ഇലക്കറികള്‍ക്കുള്ള സ്ഥാനം അത്രമേല്‍ പ്രാധാന്യം അര്‍ഹിക്കുന്നു.

ഇത്തരത്തില്‍ അത്യന്തം പോഷകഗുണം നിറഞ്ഞ ചീര വിഭാഗത്തില്‍ പെടുന്നതാണ് വള്ളി ചീര അല്ലെങ്കില്‍ മലബാര്‍ ചീര എന്നൊക്കെ അറിയപ്പെടുന്ന ബസല ചീര. വശല എന്നും ഇതിനു പേരുണ്ട്. പേരില്‍ സൂചിപ്പിക്കുന്ന പോലെ കാസറഗോഡ് ഭാഗത്ത് ഇത് ഏവരും ഇഷ്ടപ്പെടുന്ന ഇലക്കറിയാണ്. സാധാരണ ചീരയെ പോലല്ല കാണാനും മറ്റു വിശേഷതകളും.

വള്ളിയായി ആണ് ഇത് വളരുന്നത്. അടുക്കളയുടെ പിന്നമ്പുറത്ത് ബസലക്ക് വേണ്ടി മാത്രം ഒരു കുഞ്ഞു പന്തല്‍ കെട്ടി അതില്‍ ബസല വള്ളികള്‍ പടര്‍ത്തി വിടും. വട്ടത്തില്‍ പരന്നു കിടക്കുന്ന അല്പം കട്ടിയായ ഇലകളാണിവയ്ക്ക്. അതുകൊണ്ട് തന്നെ പപ്പട ചീര എന്നും രസകരമായ വിളിപ്പേരുണ്ടെത്രെ. ഇളം പച്ച നിറത്തിലാണ് തണ്ടുകള്‍. ചുവന്ന തണ്ടുകള്‍ ഉള്ള ബസല ചീരയുമുണ്ട്. ഇതിനു സ്വതസിദ്ധമായ ഒരു വഴുവഴുപ്പ് ഉണ്ട്. അതുകൊണ്ട് തന്നെ തോരന്‍ ഉണ്ടാക്കുന്നത് അത്രകണ്ടു പ്രചാരത്തിലില്ല.

"കൊങ്കണികള്‍ക്ക് ബസല ചീര ഒഴിച്ച് കൂടാന്‍ പറ്റാത്ത പച്ചക്കറിയാണ്. 'വാളി ' എന്നാണ് കൊങ്കണിയില്‍ ബസലയെ വിളിക്കുക. ' വാളി അമ്പട്ട് ' എന്ന കറിയാണ് പ്രധാനം. പരിപ്പും ബസലയും ചേര്‍ത്ത കറിയാണെങ്കിലും ഇതിലെ മറ്റു ചേരുവകള്‍ക്കാണ് കൗതുകം കൂടുതല്‍. പച്ച പപ്പായ, നേന്ത്രപ്പഴം, മധുരക്കിഴങ്ങ് കഷ്ണങ്ങളും കൂടെ ഇതില്‍ ചേര്‍ക്കും.

എരിവും ശകലം മധുരവും ഉള്ള ഈ കറി കൊങ്കണികള്‍ക്ക് ഏറെ പ്രിയം. എന്തിനേറെ ഗര്‍ഭിണികള്‍ക്ക് നടത്തുന്ന സീമന്തം എന്ന ചടങ്ങിനുള്ള സദ്യക്ക് 'വാളി അമ്പട്ട് ' നിര്‍ബന്ധമായും ഉണ്ടാക്കും. അങ്ങനെ രുചികരവും പോഷക സമ്പുഷ്ടവുമായ ഈ കറി തയ്യാറാക്കാനുള്ള രീതിയിലേക്ക് കടക്കാം.

ചേരുവകള്‍

1. ബസല ചീര - ഒരു കെട്ട്

2. മധുരക്കിഴങ് - ഒരെണ്ണം ഇടത്തരം വലുപ്പത്തില്‍

3. നേന്ത്രപ്പഴം - 1 എണ്ണം

4. സവാള - 1 വലുത്

5. ഉരുളക്കിഴങ്ങ് - 1 ചെറുത്

6. തുവരപ്പരിപ്പ് - 1/2 കപ്പ്

7. തേങ്ങാ തിരുമ്മിയത് - ഒന്നര കപ്പ്

8. വറ്റല്‍ മുളക് - 10- 12 എണ്ണം

9.വാളന്‍ പുളി - ഒരു ചെറിയ കഷ്ണം

10. ശര്‍ക്കര - 1 ടേബിള്‍ സ്പൂണ്‍

11. ചുവന്നുള്ളി - 5-7 എണ്ണം

12. വെളിച്ചെണ്ണ - 2-3 ടീസ്പൂണ്‍

13. ഉപ്പ് - ആവശ്യത്തിന്

തുവരപ്പരിപ്പ് കുക്കറില്‍ വേവിച്ചു മാറ്റിവെയ്ക്കുക .ബസല ചീരയുടെ ഇലകളും തണ്ടും അരിഞ്ഞു മധുരക്കിഴങ് ,നേന്ത്രപ്പഴം , ഉരുളക്കിഴങ്ങ് , സവാള എന്നിവ കഷ്ണങ്ങളാക്കിയതും കൂടെ ചേര്‍ത്തു ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്തു ഒരു വാവട്ടമുള്ള പാത്രത്തില്‍ വേവിയ്ക്കുക ."

"വറ്റല്‍ മുളക് അര ടീസ്പൂണ്‍ എണ്ണ ചേര്‍ത്ത് ചെറുതീയില്‍ വറുത്തു വെയ്ക്കുക.തേങ്ങയും ഈ വറ്റല്‍മുളകും പുളിയും നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക .ചീരയും മറ്റു കഷ്ണങ്ങളും വെന്തു വരുമ്പോള്‍ വേവിച്ചു വെച്ച തുവരപരിപ്പ് ചേര്‍ക്കാം.

ഇതിലേക്ക് അരപ്പ് ചേര്‍ത്തു നന്നായി തിളപ്പിക്കുക .ശര്‍ക്കരയും ചേര്‍ക്കാം .കറി തിളച്ചു പാകമായി ഒഴിച്ച് കറിക്കുള്ള പരുവമായി വരുമ്പോള്‍ വാങ്ങി വെയ്ക്കുക .ഇനി ഒരു ചെറിയ പാനില്‍ എണ്ണ ചൂടാക്കി കുഞ്ഞുള്ളി നല്ല വറുത്ത് മൂപ്പിച്ച് ഇളം ബ്രൗണ്‍ നിറം ആവുന്ന വരെ വറുക്കുക.ഇത് കറിയുടെ മീതെ താളിച്ചു ചേര്‍ക്കാം.

ശ്രദ്ധിക്കുക

1. ബസല ചീരയ്ക്ക് പുറമെ സാമ്പാര്‍ ചീര എന്ന ചീരയും ഇതേ രീതിയില്‍ അമ്പട്ട് വെയ്ക്കാം.

2. നല്ല വിളഞ്ഞ പഴുത്തു തുടങ്ങിയ നേന്ത്രപ്പഴം ആണ് ചേര്‍ക്കേണ്ടത്

3. മധുരക്കിഴങ്ങ് ചേര്‍ത്തില്ലെങ്കിലും കുഴപ്പമില്ല.

4.താളിച്ചു ചേര്‍ക്കുമ്പോള്‍ കടുക് , കറിവേപ്പില ഒന്നും തന്നെ ചേര്‍ക്കരുത്."
https://noufalhabeeb.blogspot.com/?m=1