Wednesday, March 1, 2023

വാളി അമ്പട്ട്

ബസല ചീര സ്‌പെഷ്യല്‍ ; സ്വാദിഷ്ടമായ വാളി അമ്പട്ട് തയ്യാറാക്കാം 

ഇലക്കറികളുടെ മേന്മ നമുക്കെല്ലാവര്‍ക്കും അറിയുന്നതാണല്ലോ. അതിപ്പോ പല തരം ചീരയും മുരിങ്ങയിലയും തൊടീലും പറമ്പിലും കാണുന്ന തഴുതാമയും തകരയും ഒക്കെ നമ്മള്‍ നമ്മുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തും. പോഷക സമ്പുഷ്ടമായ സമീകൃത ആഹാരത്തില്‍ ഇലക്കറികള്‍ക്കുള്ള സ്ഥാനം അത്രമേല്‍ പ്രാധാന്യം അര്‍ഹിക്കുന്നു.

ഇത്തരത്തില്‍ അത്യന്തം പോഷകഗുണം നിറഞ്ഞ ചീര വിഭാഗത്തില്‍ പെടുന്നതാണ് വള്ളി ചീര അല്ലെങ്കില്‍ മലബാര്‍ ചീര എന്നൊക്കെ അറിയപ്പെടുന്ന ബസല ചീര. വശല എന്നും ഇതിനു പേരുണ്ട്. പേരില്‍ സൂചിപ്പിക്കുന്ന പോലെ കാസറഗോഡ് ഭാഗത്ത് ഇത് ഏവരും ഇഷ്ടപ്പെടുന്ന ഇലക്കറിയാണ്. സാധാരണ ചീരയെ പോലല്ല കാണാനും മറ്റു വിശേഷതകളും.

വള്ളിയായി ആണ് ഇത് വളരുന്നത്. അടുക്കളയുടെ പിന്നമ്പുറത്ത് ബസലക്ക് വേണ്ടി മാത്രം ഒരു കുഞ്ഞു പന്തല്‍ കെട്ടി അതില്‍ ബസല വള്ളികള്‍ പടര്‍ത്തി വിടും. വട്ടത്തില്‍ പരന്നു കിടക്കുന്ന അല്പം കട്ടിയായ ഇലകളാണിവയ്ക്ക്. അതുകൊണ്ട് തന്നെ പപ്പട ചീര എന്നും രസകരമായ വിളിപ്പേരുണ്ടെത്രെ. ഇളം പച്ച നിറത്തിലാണ് തണ്ടുകള്‍. ചുവന്ന തണ്ടുകള്‍ ഉള്ള ബസല ചീരയുമുണ്ട്. ഇതിനു സ്വതസിദ്ധമായ ഒരു വഴുവഴുപ്പ് ഉണ്ട്. അതുകൊണ്ട് തന്നെ തോരന്‍ ഉണ്ടാക്കുന്നത് അത്രകണ്ടു പ്രചാരത്തിലില്ല.

"കൊങ്കണികള്‍ക്ക് ബസല ചീര ഒഴിച്ച് കൂടാന്‍ പറ്റാത്ത പച്ചക്കറിയാണ്. 'വാളി ' എന്നാണ് കൊങ്കണിയില്‍ ബസലയെ വിളിക്കുക. ' വാളി അമ്പട്ട് ' എന്ന കറിയാണ് പ്രധാനം. പരിപ്പും ബസലയും ചേര്‍ത്ത കറിയാണെങ്കിലും ഇതിലെ മറ്റു ചേരുവകള്‍ക്കാണ് കൗതുകം കൂടുതല്‍. പച്ച പപ്പായ, നേന്ത്രപ്പഴം, മധുരക്കിഴങ്ങ് കഷ്ണങ്ങളും കൂടെ ഇതില്‍ ചേര്‍ക്കും.

എരിവും ശകലം മധുരവും ഉള്ള ഈ കറി കൊങ്കണികള്‍ക്ക് ഏറെ പ്രിയം. എന്തിനേറെ ഗര്‍ഭിണികള്‍ക്ക് നടത്തുന്ന സീമന്തം എന്ന ചടങ്ങിനുള്ള സദ്യക്ക് 'വാളി അമ്പട്ട് ' നിര്‍ബന്ധമായും ഉണ്ടാക്കും. അങ്ങനെ രുചികരവും പോഷക സമ്പുഷ്ടവുമായ ഈ കറി തയ്യാറാക്കാനുള്ള രീതിയിലേക്ക് കടക്കാം.

ചേരുവകള്‍

1. ബസല ചീര - ഒരു കെട്ട്

2. മധുരക്കിഴങ് - ഒരെണ്ണം ഇടത്തരം വലുപ്പത്തില്‍

3. നേന്ത്രപ്പഴം - 1 എണ്ണം

4. സവാള - 1 വലുത്

5. ഉരുളക്കിഴങ്ങ് - 1 ചെറുത്

6. തുവരപ്പരിപ്പ് - 1/2 കപ്പ്

7. തേങ്ങാ തിരുമ്മിയത് - ഒന്നര കപ്പ്

8. വറ്റല്‍ മുളക് - 10- 12 എണ്ണം

9.വാളന്‍ പുളി - ഒരു ചെറിയ കഷ്ണം

10. ശര്‍ക്കര - 1 ടേബിള്‍ സ്പൂണ്‍

11. ചുവന്നുള്ളി - 5-7 എണ്ണം

12. വെളിച്ചെണ്ണ - 2-3 ടീസ്പൂണ്‍

13. ഉപ്പ് - ആവശ്യത്തിന്

തുവരപ്പരിപ്പ് കുക്കറില്‍ വേവിച്ചു മാറ്റിവെയ്ക്കുക .ബസല ചീരയുടെ ഇലകളും തണ്ടും അരിഞ്ഞു മധുരക്കിഴങ് ,നേന്ത്രപ്പഴം , ഉരുളക്കിഴങ്ങ് , സവാള എന്നിവ കഷ്ണങ്ങളാക്കിയതും കൂടെ ചേര്‍ത്തു ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്തു ഒരു വാവട്ടമുള്ള പാത്രത്തില്‍ വേവിയ്ക്കുക ."

"വറ്റല്‍ മുളക് അര ടീസ്പൂണ്‍ എണ്ണ ചേര്‍ത്ത് ചെറുതീയില്‍ വറുത്തു വെയ്ക്കുക.തേങ്ങയും ഈ വറ്റല്‍മുളകും പുളിയും നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക .ചീരയും മറ്റു കഷ്ണങ്ങളും വെന്തു വരുമ്പോള്‍ വേവിച്ചു വെച്ച തുവരപരിപ്പ് ചേര്‍ക്കാം.

ഇതിലേക്ക് അരപ്പ് ചേര്‍ത്തു നന്നായി തിളപ്പിക്കുക .ശര്‍ക്കരയും ചേര്‍ക്കാം .കറി തിളച്ചു പാകമായി ഒഴിച്ച് കറിക്കുള്ള പരുവമായി വരുമ്പോള്‍ വാങ്ങി വെയ്ക്കുക .ഇനി ഒരു ചെറിയ പാനില്‍ എണ്ണ ചൂടാക്കി കുഞ്ഞുള്ളി നല്ല വറുത്ത് മൂപ്പിച്ച് ഇളം ബ്രൗണ്‍ നിറം ആവുന്ന വരെ വറുക്കുക.ഇത് കറിയുടെ മീതെ താളിച്ചു ചേര്‍ക്കാം.

ശ്രദ്ധിക്കുക

1. ബസല ചീരയ്ക്ക് പുറമെ സാമ്പാര്‍ ചീര എന്ന ചീരയും ഇതേ രീതിയില്‍ അമ്പട്ട് വെയ്ക്കാം.

2. നല്ല വിളഞ്ഞ പഴുത്തു തുടങ്ങിയ നേന്ത്രപ്പഴം ആണ് ചേര്‍ക്കേണ്ടത്

3. മധുരക്കിഴങ്ങ് ചേര്‍ത്തില്ലെങ്കിലും കുഴപ്പമില്ല.

4.താളിച്ചു ചേര്‍ക്കുമ്പോള്‍ കടുക് , കറിവേപ്പില ഒന്നും തന്നെ ചേര്‍ക്കരുത്."
https://noufalhabeeb.blogspot.com/?m=1

No comments:

Post a Comment