മഞ്ഞളിലകളുടെ മണത്താൽ സ്വാദിഷ്ടമായ കൊങ്കണി ഖീരി
കൊങ്കണി ഖീരിഇലക്കറികൾ നമ്മുടെ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് അവയുടെ പോഷക പ്രാധാന്യം മുന്നിൽക്കണ്ടാണല്ലോ. മുരിങ്ങയിലയും പല തരം ചീരയും പാലക്കും ഒക്കെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ ഇക്കൂട്ടത്തിൽ അധികം ആരും ശ്രദ്ധിക്കാത്ത ഒരാളാണ് മഞ്ഞളില. അതേ "മണ്ണിനടിയിൽ കിടക്കുന്ന പൊന്നമ്മയെ" തേടി പോവുമ്പോൾ, മണ്ണിനു മീതെ തലയുയർത്തി നിൽക്കുന്ന മഞ്ഞളിലകളെ നമ്മൾ അത്ര കണ്ട് ശ്രദ്ധിക്കാറില്ല. എന്നാൽ കൊങ്കണി ഭക്ഷണരീതിയിൽ മഞ്ഞളിലകൾക്ക് വളരെ അധികം മുൻതൂക്കമുണ്ട്.
മഞ്ഞളില നേരിട്ടു കഴിക്കാറില്ലെങ്കിലും പല വിഭവങ്ങളിലും ഇവ ചേർക്കും. ഇവയുടെ പ്രധാന ആകർഷണം മഞ്ഞളില പേറുന്ന പ്രത്യേക മണം തന്നെയാണ്. ഈ മണം അതാത് വിഭവങ്ങളിൽ പകർന്നുകൊടുക്കുക കൂടി ചെയ്യുമ്പോൾ രുചിക്കൊപ്പം ഗുണവം മണവും കൂടും.
മഞ്ഞളിലകൾ ആൻറിഓക്സിഡന്റുകളുടെ കലവറ കൂടിയാണ്. ഇവയുടെ വിഷാണുനാശക കഴിവ് കൂടെയാകുമ്പോൾ അതീവ ഗുണകരമായ ഇലകൾ കൂടെയാകുന്നു.
കൊങ്കണികൾ പല വിശേഷ ദിവസങ്ങളിലും മഞ്ഞളില കൊണ്ടുള്ള പല പ്രത്യേക വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. ഇവയിൽ മുൻപന്തിയിൽ നിൽക്കുന്നത് മഞ്ഞളിലകളിൽ ഉണ്ടാക്കുന്ന ഇലയട തന്നെയാണ്. സാധാരണ വാഴയിലയിലും മറ്റുമുണ്ടാക്കുന്ന ഇലയപ്പം, മഞ്ഞളിലകളിൽ ഉണ്ടാക്കുന്നു. ഇലയടയിൽ ഈ മണം കൂടിചേരുമ്പോൾ പിന്നതൊരു സ്വർഗീയ രുചി തന്നെയാണ്. " പത്തോളി " എന്നാണിതിനു കൊങ്കണിയിൽ പേര്. മഞ്ഞളില കഷ്ണങ്ങൾ ഇഡ്ഡലി തട്ടിൽ വെച്ച് , ചീകിയ കക്കിരിക്കയും ശർക്കരയും അരിമാവിൽ ചേർത്തുണ്ടാക്കുന്ന മധുര ഇഡ്ഡലി ആണെങ്കിൽ മറ്റൊരു രുചി അനുഭവം തന്നെയാണ്.
അതേ മാവിൽ ശർക്കര ചേർക്കാതെ പച്ചമുളക് ഇഞ്ചിയൊക്കെ ചേർത്തുണ്ടാക്കുന്ന എരിവുള്ള ഇഡ്ഡലിയും ഉണ്ടാക്കും. രണ്ടിലും തീർച്ചയായും താരം മഞ്ഞളിലയുടെ മണം തന്നെയാണ്. കൂടാതെ ഉത്തര കർണാടകയിലെ കൊങ്കണികൾ ഉണ്ടാക്കുന്ന " ഹുഗ്ഗി " എന്ന കറിയിലും മഞ്ഞളിലകൾ ചേർക്കാറുണ്ട്. വെണ്ടയ്ക്കയും കോളിഫ്‌ളവറുമാണ് ഇതിലേ താരങ്ങൾ.
ഇന്ന് പരിചയപ്പെടുത്തുന്ന കൊങ്കണി വിഭവമാണ്, " ഖീരി ". തേങ്ങാപ്പാൽച്ചോറിനോട് സാമ്യമുള്ള ഈ വിഭവത്തിലും മഞ്ഞളിലയുടെ മണം നിർണായകമാണ്. നാഗപഞ്ചമി ആഘോഷിക്കുന്ന കൊങ്കണികൾ അന്നേ ദിവസം നിർബന്ധമായും ഖീരി ഉണ്ടാക്കും. ഉച്ചയ്ക്ക് ഊണിനൊപ്പം വിളമ്പുന്ന ഈ രുചിക്കൂട്ട് കറികൾ ചേർത്ത് കഴിക്കും. മധുരം ഇല്ലാതെയാണ് ഖീരി ഉണ്ടാക്കുന്നതെങ്കിലും പഞ്ചസാര ചേർത്ത് മധുരമുള്ള ഖീരിയാക്കി കഴിക്കുന്നവരും ഉണ്ട്.
ഇതിൽപ്പറഞ്ഞ ഏതു വിഭവങ്ങളായാലും അതിലെ മഞ്ഞളിലകളുടെ മണം തന്നെയാണ് പ്രധാനം. കഴിക്കാൻ നേരം മഞ്ഞളിലകൾ മാറ്റിവെയ്ക്കുകയും ചെയ്യും. എന്നാൽ എല്ലാവർക്കും ചിലപ്പോൾ ഈ മണം സ്വീകാര്യമായെന്നും വരില്ല എന്നുകൂടെ ഇതിൽ ചേർത്ത് വെയ്ക്കട്ടെ.
ഇനി ഖീരി ഉണ്ടാക്കേണ്ട വിധത്തിലേക്ക്
ചേരുവകൾ
1. പച്ചരി - 1/2 കപ്പ്
2. കട്ടി തേങ്ങാപ്പാൽ - 1 കപ്പ്
3. രണ്ടാം പാൽ - 2 കപ്പ്
4. മഞ്ഞളില - ഒന്നോ രണ്ടോ
തയ്യാറാക്കുന്നവിധം
പച്ചരി കഴുകി, മഞ്ഞളില മുഴുവനോടെ ചേർത്ത്, രണ്ടാം പാലിൽ വേവിച്ചു നല്ല മൃദുവായ ചോറാക്കുക. കുക്കറിലോ കലത്തിലൊ, നിങ്ങളുടെ ഇഷ്ടാനുസരണം ചോറുണ്ടാക്കാം. ഇനി ഈ ചോറിലേക്ക് ഒന്നാം പാൽ ചേർത്ത് നന്നായി ഇളക്കി അടുപ്പിൽ വെയ്ക്കുക. തിള വന്നു തുടങ്ങുമ്പോൾ മാറ്റി വെയ്ക്കാം. ഖീരി തയ്യാർ. ഇനി കറികൾക്കൊപ്പമോ പഞ്ചസാര ചേർത്തോ ഖീരി കഴിക്കാം.
https://t.me/+jP-zSuZYWDYzN2I0
No comments:
Post a Comment