Tuesday, August 29, 2023

ഇടിച്ചുപിഴിഞ്ഞ പായസം

ഓണം മധുരമുള്ളതാക്കാന്‍ ഇടിച്ചുപിഴിഞ്ഞ പായസം

ഇടിച്ചുപിഴിഞ്ഞ പായസം

പത്തനംതിട്ടയിലെ കലഞ്ഞൂര്‍ ദേശക്കാരും സമീപ ദേശക്കാരും ഓണമൊരുക്കുന്നതിന് തിരുവോണ നാളില്‍ രാവിലെ തന്നെ കലഞ്ഞൂര്‍ മഹാദേവര്‍ ക്ഷേത്രത്തിലെത്തും. പ്രത്യേകം തയ്യാറാക്കിയ ഇടിച്ചുപിഴിഞ്ഞ പായസം വാങ്ങുന്നതിനായിട്ടാണ് ഇവരെത്തുന്നത്. വര്‍ഷത്തില്‍ രണ്ടുനാള്‍ മാത്രമാണ് ക്ഷേത്രത്തില്‍ പ്രത്യേക ഇടിച്ചുപിഴിഞ്ഞ പായസം വഴിപാട് നടത്തുന്നത്.

ക്ഷേത്രത്തില്‍ തിരുനാള്‍ ഉത്സവം നടക്കുന്ന മീനമാസത്തിലെ രോഹിണി നാളും ചിങ്ങമാസത്തിലെ തിരുവോണ നാളിലുമാണ് ഈ പ്രത്യേക വഴിപാട് ഒരുക്കുന്നത്. കലഞ്ഞൂരിലും സമീപ ദേശങ്ങളിലും തിരുവോണനാളില്‍ തിരുവോണ സദ്യക്ക് ഒപ്പം ഈ പായസമാണ് വിളമ്പുന്നത്. വീട്ടില്‍ വിരുന്നുവരുന്നവര്‍ക്കും വിശേഷാല്‍ പ്രസാദമായി നല്‍കുന്നതും ഇടിച്ചുപിഴിഞ്ഞ പായസമാണ്.

ക്ഷേത്രത്തിലെ നാലമ്പലത്തിലായിട്ടാണ് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തുെവച്ച് പായസം തയ്യാറാക്കുന്നത്. ഉത്രാടംനാള്‍വരെ ക്ഷേത്രത്തില്‍ രസീത് എഴുതുന്നവര്‍ക്ക് മാത്രമായിട്ടാണ് ഇത് നല്‍കുന്നത്.

ഓണത്തിന് തയ്യാറാക്കാം പച്ചരിയും കദളിപ്പഴവും ചേര്‍ത്ത ഇടിച്ചുപിഴിഞ്ഞ പായസം

       ചേരുവകള്‍

പച്ചരി/ഒണക്കലരി: 250 ഗ്രാം
ശര്‍ക്കര: 750 ഗ്രാം
മൂന്ന് തേങ്ങയുടെ പാല്‍ (ഒന്നാം പാല്‍, രണ്ടാം പാല്‍, മൂന്നാം പാല്‍ എന്നിങ്ങനെ)
കദളിപ്പഴം: രണ്ടെണ്ണം
കല്‍ക്കണ്ടം/പഞ്ചസാര പൊടിച്ചത്-രണ്ട് സ്പൂണ്‍
ഏലയ്ക്ക, പച്ച കര്‍പ്പൂരം-ആവശ്യത്തിന്

         തയ്യാറാക്കുന്ന വിധം

"കഴുകി വൃത്തിയാക്കിയ അരി മൂന്നാംപാലില്‍ വേവിക്കുക. നന്നായി വെന്ത അരിയിലേക്ക് ശര്‍ക്കര ഉരുക്കി പാനിയാക്കി, കരടു കളഞ്ഞ് ഒഴിക്കുക. ഇതിലേക്ക് രണ്ടാംപാല്‍ ഒഴിക്കുക. ശര്‍ക്കരയുടെ പച്ചമണം മാറുന്നതുവരെ പത്തുമിനിറ്റോളം തിളപ്പിക്കുക. ഇത് തിളച്ച് കുഴമ്പു രൂപത്തിലാകുമ്പോള്‍ പൊടിച്ച കല്‍ക്കണ്ടമോ പഞ്ചസാരയോ ചേര്‍ക്കുക. തീ കുറച്ച് ഒന്നാം പാല്‍ ചേര്‍ക്കുക. ഒന്നാംപാല്‍ ചേര്‍ത്തശേഷം തിളപ്പിക്കരുത്. അരിഞ്ഞുവെച്ച കദളിപ്പഴം ചേര്‍ത്ത് ആവശ്യത്തിന് ഏലയ്ക്കപ്പൊടി, പച്ചകര്‍പ്പൂരം എന്നിവ ചേര്‍ത്തിളക്കുക."
https://t.me/+jP-zSuZYWDYzN2I0

No comments:

Post a Comment