Tuesday, October 12, 2010

ഗര്‍ഭധാരണം വൈകുമ്പോള്‍...........

സ്വാഭാവിക ഗര്‍ഭധാരണത്തിന് സ്ത്രീയിലും പുരുഷനിലുമുള്ള ജീവശ്ശാസ്ത്രപരമായ പല ഘടകങ്ങളുടെയും ശരിയായ പ്രവര്‍ത്തനം ആവശ്യമാണ്. സ്ത്രീകളില്‍ ഗര്‍ഭാശയം, അണ്ഡാശയം, അണ്ഡവാഹിനിക്കുഴല്‍ എന്നീ പ്രത്യുല്പാദന വ്യവസ്ഥകള്‍ അതിസങ്കീര്‍ണമാണ്. അണ്ഡാശയത്തിന്റെ പ്രവര്‍ത്തനങ്ങളായ അണ്ഡത്തിന്റെ വികാസം, അണ്ഡവിസര്‍ജനം തുടങ്ങിയവയിലുണ്ടാവുന്ന ചെറിയ താളപ്പിഴകള്‍പോലും വന്ധ്യതയ്ക്ക് കാരണമാവാറുണ്ട്.

അണ്ഡവളര്‍ച്ച
ഗര്‍ഭസ്ഥശിശുവായിരിക്കുമ്പോള്‍ പെണ്‍കുട്ടിയില്‍ എഴുപത് ലക്ഷത്തോളം അണ്ഡകോശങ്ങള്‍ ഉണ്ടാവുന്നു. ഇവയുടെ എണ്ണം കുറഞ്ഞുവരുന്നു. പെണ്‍കുഞ്ഞ് ജനിക്കുമ്പോള്‍ ഇവയുടെ എണ്ണം ഏകദേശം പത്തു ലക്ഷമായി കുറയുന്നു. കൗമാരമാവുമ്പോഴേക്കും വീണ്ടും എണ്ണം കുറയുന്നു. ആര്‍ത്താവാരംഭം മുതല്‍ ആര്‍ത്തവ വിരാമം വരെയുള്ള കാലഘട്ടത്തില്‍ ഏകദേശം 400 എണ്ണം മാത്രമേ ഗര്‍ഭധാരണശേഷി നേടുന്നുള്ളൂ. മറ്റുള്ളവെയെല്ലാം വളര്‍ച്ചയെത്താതെ നശിച്ചുപോകുന്നു. ഓരോ സ്ത്രീയിലും ഗര്‍ഭധാരണശക്തിയുള്ള അണ്ഡങ്ങളുടെ എണ്ണം നേരത്തെ തന്നെ നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ്. പുതിയ അണ്ഡം ഉണ്ടാകുന്നില്ല. ഉള്ളവ വളര്‍ന്ന് വികസിക്കുക മാത്രമേ ചെയ്യുന്നുള്ളൂ.

ഓരോ ആര്‍ത്തവചക്രത്തിലും ധാരാളം അണ്ഡകോശങ്ങള്‍ വളരാന്‍ തുടങ്ങുന്നു. ഇവയില്‍നിന്ന് ഒന്നുമാത്രം മറ്റുള്ളവയെ പിന്‍തള്ളി വളര്‍ച്ചയില്‍ മുന്നേറുന്നു. ഈ അണ്ഡംമാത്രം പൂര്‍ണവളര്‍ച്ചയെത്തി അണ്ഡവിസര്‍ജനം (ഓവുലേഷന്‍) നടക്കുന്നു. ഒരുകൂട്ടം അണ്ഡകോശങ്ങളില്‍നിന്ന് ഒന്നുമാത്രം എങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നു, അതിന്റെ വളര്‍ച്ച എങ്ങനെ ത്വരിതപ്പെടുന്നു, എങ്ങനെ പാകമെത്തി ശരിയായ സമയത്ത് ഓവുലേഷന്‍ നടക്കുന്നു എന്നതെല്ലാം അതിസങ്കീര്‍ണമായ രാസപ്രവര്‍ത്തനങ്ങളുടെയും ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളുടെയും പരിണത ഫലമാണ്. ധാരാളം ജീനുകളുടെ നിയന്ത്രണത്തിലാണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം നടക്കുന്നത്. ജീനുകളിലെ തകരാറുകള്‍ അണ്ഡത്തിന്റെ തിരഞ്ഞെടുപ്പ്, വളര്‍ച്ച, ഓവുലേഷന്‍ എന്നിവയെ എല്ലാം പ്രതികൂലമായി ബാധിച്ചേക്കും.

വ്യക്തമായ കാരണങ്ങള്‍ കണ്ടുപിടിക്കാനാവാത്ത പല വന്ധ്യതാ കേസുകളിലും ജനിതകപ്രശ്‌നങ്ങളുടെ പങ്ക് തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പലതും കണ്ടുപിടിക്കാനുള്ള മാര്‍ഗം നമ്മുടെ നാട്ടില്‍ ലഭ്യമല്ല. കൃത്യമായ ആര്‍ത്തവചക്രമുള്ളവരില്‍, ആര്‍ത്തവം തുടങ്ങുന്ന ദിവസത്തിനും 14 ദിവസത്തിനും മുന്‍പേ അണ്ഡവിസര്‍ജനം നടക്കുന്നു. അതു കഴിഞ്ഞാല്‍ 12 മുതല്‍ 24 മണിക്കൂര്‍ വരെ മാത്രമേ അണ്ഡത്തിന് ഗര്‍ഭധാരണശേഷി നിലനില്‍ക്കുകയുള്ളൂ.

പ്രധാന പ്രശ്‌നങ്ങള്‍
ശരിയായ അണ്ഡവളര്‍ച്ചയെ നിയന്ത്രിക്കുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തകരാറുകള്‍, തലച്ചോറിലെ ഗ്രന്ഥികളുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയവയും അണ്ഡത്തിന്റെ തിരഞ്ഞെടുപ്പിനെയും വളര്‍ച്ചയേയും ബാധിക്കും. അമിത വണ്ണമുള്ളവരിലും തീരെ മെലിഞ്ഞവരിലും ഹോര്‍മോണ്‍ തകരാറുകള്‍ ഉണ്ടാവുന്നു. അമിതമായി വ്യായാമം ചെയ്യുന്നവരിലും അത്‌ലറ്റുകളിലും ഹോര്‍മോണ്‍ വ്യതിയാനം മൂലം അണ്ഡവളര്‍ച്ച തടയപ്പെടാം.

ഇന്ന് വന്ധ്യതയുടെ ഒരു പ്രധാന കാരണമായി കണ്ടുവരുന്ന പി.സി.ഒ.ഡി. എന്ന രോഗാവസ്ഥ അണ്ഡവളര്‍ച്ചാ വൈകല്യങ്ങളുടെ പ്രധാന കാരണമാണ്. ഈ രോഗമുള്ളവരില്‍, അണ്ഡകോശങ്ങള്‍ വളരാന്‍ തുടങ്ങുന്നു. എങ്കിലും പാകമെത്തുന്നതിനുമുന്‍പേ വളര്‍ച്ച മുരടിച്ചു കുമിളകളായി മാറുന്നതുമൂലം അണ്ഡവിസര്‍ജനം നടക്കാതെ പോകുന്നു. തൈറോയ്ഡ് ഹോര്‍മോണിന്റെ ഏറ്റക്കുറച്ചിലും ശരിയായ അണ്ഡവളര്‍ച്ചയെ ബാധിക്കുന്നു.

സ്ത്രീയുടെ പ്രായം ഒരു പ്രധാന ഘടകമാണ്. പ്രായം കൂടുന്തോറും ഗര്‍ഭധാരണശേഷി കുറഞ്ഞ അണ്ഡങ്ങളാണ് വളരുന്നത്. 30 വയസ്സിനു മേല്‍ അണ്ഡത്തിന്റെ സ്വാഭാവിക കാര്യക്ഷമത കുറഞ്ഞുവരുന്നു. അത് ഗര്‍ഭധാരണസാധ്യത കുറയ്ക്കുകയും വൈകല്യങ്ങള്‍ ഉള്ള കുഞ്ഞുങ്ങള്‍ ജനിക്കാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു.

മറ്റു കാരണങ്ങള്‍ ഇല്ലാത്തവരില്‍ ജനിതക കാരണങ്ങള്‍ തള്ളിക്കളയാനാവില്ല. ഇത്തരം സ്ത്രീകളില്‍ അണ്ഡവളര്‍ച്ച കൃത്യസമയത്തിനു മുന്‍പേ തുടങ്ങുന്നു. ഇതുമൂലം ഹോര്‍മോണുകളുടെ താളാത്മക പ്രവര്‍ത്തനം സമയവുമായി പൊരുത്തപ്പെടാനാവാതെ വരുന്നു. തത്ഫലമായി അണ്ഡം ഉപയോഗശൂന്യമാവുന്നു.

തകരാര്‍ കണ്ടുപിടിക്കാം
കൗമാരത്തില്‍ ആദ്യത്തെ ഒന്നോ രണ്ടോ വര്‍ഷം ആര്‍ത്തവം ക്രമരഹിതമാവാം. അതിനുശേഷം ക്രമമില്ലാതെ വരുകയോ, ആര്‍ത്തവം മുടങ്ങുകയോ, അമിതരക്തസ്രാവമുണ്ടാവുകയോ ചെയ്താല്‍ അണ്ഡവിസര്‍ജന തകരാറിന്റെ ലക്ഷണമാണ്. കൗമാരക്കാരിലാണ് പി.സി.ഒ.ഡി. എന്ന രോഗം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. അമിതവണ്ണം, അനാവശ്യ സ്ഥാനങ്ങളിലുള്ള രോമവളര്‍ച്ച ഇവയെല്ലാം ഇതിന്റെ സൂചനകളാണ്.

ഫോളിക്കുലാര്‍ സ്റ്റഡി എന്ന പേരില്‍ ചെയ്യുന്ന ഈ സ്‌കാന്‍ പരിശോധനയിലൂടെ അണ്ഡത്തിന്റെ വളര്‍ച്ച, വികാസം, അണ്ഡവിസര്‍ജനം ഇവയെല്ലാം മനസ്സിലാക്കാനാവും. ഹോര്‍മോണിന്റെ അളവ് രക്തപരിശോധനയിലൂടെ നിര്‍ണയിക്കുന്നത് മറ്റൊരു മാര്‍ഗമാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ ജനിതകതകരാറുകള്‍ മൂലമുള്ള പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കാനുള്ള മാര്‍ഗങ്ങളും ലഭ്യമാണ്. ഉയര്‍ന്ന സാമ്പത്തിക ബാധ്യതയുള്ള ഈ പരിശോധനകള്‍ നമ്മുടെ നാട്ടില്‍ സുലഭമല്ല.

ചികിത്സ
അമിത വണ്ണമുള്ളവര്‍ ആഹാരരീതിയിലും ജീവിതശൈലിയിലും മാറ്റം വരുത്തിയാല്‍ സ്വാഭാവികമായി അണ്ഡോല്പാദനം നടക്കുന്നു. മറ്റു കാരണമുള്ളവരില്‍, ഗുളികകള്‍ നല്‍കുകയാണ് ആദ്യപടി. മൂന്നു മുതല്‍ ആറു മാസം വരെ ഗുളിക കഴിച്ചിട്ടും അണ്ഡോല്പാദനം നടന്നില്ലെങ്കില്‍ ഇന്‍ജെക്ഷന്‍ എടുക്കേണ്ടതായി വരുന്നു. വിശദമായ സ്‌കാന്‍ പരിശോധനയിലൂടെ യഥാര്‍ഥ ചിത്രം മനസ്സിലാക്കിയശേഷം ആര്‍ത്തവത്തിന്റെ രണ്ടാം ദിവസം മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍, പ്രത്യേകതരം ഹോര്‍മോണ്‍ കുത്തിവെപ്പ് നടത്തുന്നു. ഇത്തരം ചികിത്സ വില കൂടിയതും ചിലപ്പോള്‍ പല പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്നതുമാണ്. അതില്‍ ചിലത് ഗുരുതരമായ പ്രശ്‌നങ്ങളിലേക്കും വഴിവെക്കും. അതുകൊണ്ട് നല്ല അറിവും വൈദഗ്ധ്യവും ഉള്ളവര്‍മാത്രം കൈകാര്യം ചെയ്യേണ്ട മേഖലയാണിത്.

ഈ വഴികള്‍ പരാജയപ്പെടുന്നവര്‍ക്കും, ജനിതക വൈകല്യം ഉള്ളവര്‍ക്കും സ്വീകരിക്കാവുന്ന മറ്റൊരു മാര്‍ഗമാണ് അണ്ഡം സ്വീകരിക്കല്‍. ആരോഗ്യവതിയായ അണ്ഡദാതാവില്‍നിന്ന് എടുക്കുന്ന വളര്‍ച്ചയെത്തിയ അണ്ഡവും ഭര്‍ത്താവിന്റെ ബീജവും കൃത്രിമമാര്‍ഗത്തിലൂടെ കലര്‍ത്തി, ഗര്‍ഭധാരണം നടത്തി, സ്ത്രീയുടെ ഗര്‍ഭാശയത്തില്‍ നിക്ഷേപിക്കുന്നു. സ്ത്രീയുടെ 'സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞ്' ആവില്ല എന്നുമാത്രം. ജനിക്കുന്നതിനു മുന്‍പേ നടത്തുന്ന ഒരു പകുതി ദത്തെടുക്കലാണ് ഈ പ്രക്രിയ.

വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ അണ്ഡവളര്‍ച്ച തടസ്സപ്പെടുന്നവരില്‍ നൂതന ഗര്‍ഭധാരണ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സന്താനഭാഗ്യം ലഭിക്കാനുള്ള വിധത്തില്‍ ഇന്ന് വൈദ്യശാസ്ത്രം വളര്‍ന്നിട്ടുണ്ടെന്നുള്ളത് ഇത്തരം ദമ്പതികള്‍ക്ക് ആശ്വാസത്തിന് വകയേകുന്നു

2 comments:

  1. താങ്കളെ ബന്ധപ്പെടുവാനുള്ള നമ്പർ തരുമോ

    ReplyDelete