കുഴിമന്തിയും അൽഫാമും ഇനി പേടികൂടാതെ കഴിക്കാം; തയ്യാറാക്കാം ഒന്നല്ല, മൂന്ന്തരം മയൊണൈസുകൾ..
ദിവസങ്ങളായി പലരും ഒരന്വേഷണത്തിലാണ്. 'വെജ് മയൊണൈസ് എങ്ങനെ രുചികരമായും ആരോഗ്യപ്രദമായും തയ്യാറാക്കാം?' ഇതിന്റെ ചേരുവകളും തയ്യാറാക്കുന്ന വിധവും പലരോടും അന്വേഷിക്കുന്നവരും ഇന്റര്‍നെറ്റ് തപ്പുന്നവരും നിരവധി. വീട്ടമ്മമാരും പാചകക്കാരും ഭക്ഷണപ്രേമികളുമുണ്ട് കൂട്ടത്തില്‍. സംസ്ഥാനത്ത് പച്ചമുട്ട ഉപയോഗിച്ചുള്ള മയൊണൈസിന് നിരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ആരോഗ്യകരമായ രീതിയില്‍ വെജ് മയൊണൈസ് എങ്ങനെ തയ്യാറാക്കാം എന്ന അന്വേഷണത്തിന് ചൂടുപിടിച്ചത്. പാസ്ചറൈസ് ചെയ്ത മുട്ട ചേര്‍ത്ത മയോണൈസും ഉപയോഗിക്കാം
പ്രധാനമായും രണ്ടുതരത്തിലാണ് വെജ് മയൊണൈസുകള്‍ തയ്യാറാക്കുന്നത്. പാല്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന വെജ് മയൊണൈസിനാണ് ഇവിടെ കൂടുതല്‍ പ്രിയം. കട്ടത്തൈര് ഉപയോഗിച്ചുള്ള മയൊണൈസുമുണ്ട് പ്രചാരത്തില്‍. ഇത് കൂടുതല്‍ ആരോഗ്യപ്രദമാണെന്ന് പാചകവിദഗ്ധര്‍ പറയുന്നു
പാല്‍ ഉപയോഗിച്ചുള്ളത്
ചേരുവകള്‍
തണുത്ത പാല്‍-അര കപ്പ്
കടുകുപൊടി-അര ടീസ്പൂണ്‍
വെള്ള കുരുമുളകുപൊടി-കാല്‍ ടീസ്പൂണ്‍
ഉപ്പ്-അര ടീസ്പൂണ്‍
പഞ്ചസാര-അര ടീസ്പൂണ്‍
ഓയില്‍-മുക്കാല്‍ കപ്പ്
വിനാഗിരി-ഒരു ടേബിള്‍ സ്പൂണ്‍.
തയ്യാറാക്കുന്ന വിധം:
ഒരു മിക്‌സിയുടെ മീഡിയം ജാറില്‍ ഒന്നുമുതല്‍ അഞ്ചുവരെയുള്ള ചേരുവകളും അര കപ്പ് ഓയിലും ചേര്‍ത്ത് മീഡിയം സ്പീഡില്‍ ഒരു മിനിറ്റ് ബ്‌ളന്‍ഡ് ചെയ്യുക. ക്രീം പരുവത്തില്‍ കട്ടിയായി വരുമ്പോള്‍ രണ്ട് ടേബിള്‍ സ്പൂണ്‍ ഓയിലും ഒരു ടേബിള്‍ സ്പൂണ്‍ വിനാഗിരിയും ചേര്‍ത്ത് നന്നായി ബ്‌ളന്‍ഡ് ചെയ്യുക. നല്ലപോലെ പേസ്റ്റ് രൂപത്തിലാകുമ്പോള്‍ ബാക്കി ഓയിലും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്‌തെടുത്ത് സെര്‍വ് ചെയ്യാം.
കട്ടത്തൈര് ഉപയോഗിച്ചുള്ളത്
ചേരുവകള്‍
പുളിയില്ലാത്ത കട്ടത്തൈര് (Set curd)-ഒരു കപ്പ്
ഫ്രഷ് ക്രീം-മൂന്ന് ടേബിള്‍ സ്പൂണ്‍
ഒലിവ് ഓയില്‍-മൂന്ന് ടേബിള്‍ സ്പൂണ്‍
വിനാഗിരി-ഒരു ടേബിള്‍ സ്പൂണ്‍
പഞ്ചസാര-ഒരു ടീസ്പൂണ്‍
ഉപ്പ്-അര ടീസ്പൂണ്‍
വെള്ള കുരുമുളകുപൊടി-കാല്‍ ടീസ്പൂണ്‍
ഹെര്‍ബ്‌സ്-അല്പം
തയ്യാറാക്കുന്ന വിധം:
വിനാഗിരി ഒഴികെയുള്ള ചേരുവകളെല്ലാം ഒരുമിച്ചാക്കി മിക്‌സിയില്‍ മീഡിയം സ്പീഡില്‍ ബ്ലെന്‍ഡ് ചെയ്യുക. ക്രീം രൂപത്തിലാകുമ്പോള്‍ വിനാഗിരി ചേര്‍ത്ത് മിക്‌സ് ചെയ്‌തെടുക്കാം.
പാസ്ചറൈസ്ഡ് മയൊണൈസ്
കഴുകിവൃത്തിയാക്കി തിളക്കുന്ന വെള്ളത്തില്‍ രണ്ടുമിനിട്ട് മുക്കിവച്ച മുട്ടയുപയോഗിച്ചാണ് പാസ്ചറൈസ്ഡ് മയൊണൈസ് തയ്യാറാക്കുന്നത്. ചൂടുവെള്ളത്തില്‍ മുക്കിവെക്കുന്നതോടെ മുട്ടയുടെ പുറത്തുള്ള ബാക്ടീരിയകളെല്ലാം നശിക്കും. മുട്ട ക്ലോറിന്‍ ലായനിയില്‍ മുക്കിയും വൃത്തിയാക്കാം. കോഴിമുട്ട മിക്‌സിയുടെ ജാറിലിട്ട്
ആവശ്യത്തിന് എണ്ണയും ചേര്‍ത്ത് നന്നായി അടിച്ചെടുക്കാം. എണ്ണ മുഴുവനായി ഒഴിക്കാതെ അല്പാല്പമായാണ്
ഒഴിച്ചുകൊടുക്കേണ്ടത്. രുചിക്ക് വേണമെങ്കില്‍ വെളുത്തുള്ളിയോ ഉപ്പോ ചേര്‍ക്കുകയുമാകാം. പാസ്ചറൈസ്ഡ് മയോണൈസ് തയ്യാര്‍.. https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment