Friday, January 20, 2023

വട പാവ്

പാവ് എന്നാല്‍ ബണ്‍. പാവിന്റെ ഉള്ളില്‍ വട വച്ചാല്‍ വടപാവ് ആയി. ചുരുക്കത്തില്‍, ബര്‍ഗറിന്റെ ഇന്ത്യന്‍ രൂപമാണ് വടപാവ് എന്നു വേണമെങ്കില്‍ പറയാം. ബോബെയിലും മറ്റും വടപാവ് ചൂടോടെ ഉണ്ടാക്കിവില്‍ക്കുന്ന തെരുവോര കച്ചവടക്കാരെ ധാരാളം കാണാം. അതിശയകരമായ വേഗതയിലാണ് അവരിതുണ്ടാക്കുക. രാവിലെ ജോലിക്കും മറ്റും പോകാനിറങ്ങുന്നവര്‍ വടപാവ് വാങ്ങി ധൃതിയിലകത്താക്കി റെയില്‍വേസ്‌റ്റേഷനിലേക്കോടുന്നത് ബോബെയില്‍ സ്ഥിരം കാഴ്ചയാണ്. നല്ല കനപ്പെട്ട ആഹാരമാണിത്. ഒരെണ്ണം കഴിച്ചാല്‍ മതി; ഉച്ചവരെ അവിടെ കിടന്നോളും.


വടപാവ് ഉണ്ടാക്കുന്നതിനുമുമ്പ് ഇതിലുപയോഗിക്കുന്ന മൂന്നുതരം ചട്ണികള്‍ നേരത്തേ തയാറാക്കിവയ്ക്കണം.

➊. തേങ്ങകപ്പലണ്ടി ചട്ണിപ്പൊടി (Peanut-coconut chutney powder)

❷. ഗ്രീന്‍ ചട്ണി (green chutney)

❸. മീഠാ ചട്ണി (Meeta chutney)

ഇതില്‍ ഗ്രീന്‍ ച്ട്ണി ഒഴിച്ചുള്ള മറ്റു രണ്ടു ചട്ണികളും ഫ്രിഡ്ജില്‍ എത്രനാള്‍ വേണമെങ്കിലും സ്‌റ്റോക്ക് ചെയ്യാവുന്നതാണ്.

തേങ്ങകപ്പലണ്ടി ചട്ണിപ്പൊടി:

ഒരു ഗ്ലാസ് തേങ്ങ ചിരകിയത്, അര ഗ്ലാസ് കപ്പലണ്ടി, കാല്‍ ഗ്ലാസ് എള്ള് എന്നിവ വെവ്വേറെ വറുത്തെടുക്കുക. 810 വെളുത്തുള്ളിയല്ലി പച്ചമണം മാറുന്നതുവരെ ഒന്നു ചൂടാക്കുക. എല്ലാം കൂടി പാകത്തിന് മുളകുപൊടിയും ഉപ്പും ചേര്‍ത്ത് തരുതരുപ്പായി പൊടിച്ചെടുക്കുക.

ഗ്രീന്‍ ചട്ണി:

രണ്ടു പിടി മല്ലിയില, ഒരു പിടി പുതിനയില, ഒരു സവാളയുടെ പകുതി, ഒരു സ്പൂണ്‍ ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്, 23 പച്ചമുളക്, ഒരു നുള്ള് ജീരകപ്പൊടി, ഒരു സ്പൂണ്‍ ചെറുനാരങ്ങാനീര് എന്നിവ പാകത്തിന് ഉപ്പു ചേര്‍ത്ത് അരച്ചെടുക്കുക.

മീഠാ ചട്ണി:

കുറച്ച് പുളി പിഴിഞ്ഞെടുത്ത ചാറില്‍, പുളിയുടെ പകുതിയോളം (കുരു കളഞ്ഞ) ഈന്തപ്പഴവും ഇത്തിരി ശര്‍ക്കരയും ചേര്‍ത്ത് അടുപ്പത്തു വയ്ക്കുക. ഈന്തപ്പഴം ഒന്നു മൃദുവായാല്‍ വാങ്ങാം. ഇതില്‍ ഒരു സ്പൂണ്‍ ജീരകപ്പൊടിയും പാകത്തിന് ഉപ്പും മുളകുപൊടിയും ചേര്‍ത്ത് അരച്ചെടുക്കുക.

ഇപ്പോള്‍ നമ്മുടെ നാട്ടിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും വടപാവിനുള്ള ബണ്ണ് കിട്ടാറുണ്ട്. സാധാരണ ബണ്ണിനേക്കാള്‍ ചെറുതും, എതാണ്ടൊരു ചതുരാകൃതിയുമായിരിക്കും പാവിന്. മിക്കവാറും ആറെണ്ണം കൂടിച്ചേര്‍ന്നിരിക്കുന്ന രൂപത്തിലായിരിക്കും കിട്ടുക.

ഇനി വട ഉണ്ടാക്കാം:

ആവശ്യമുള്ള സാധനങ്ങള്‍:

➊.

ഉരുളക്കിഴങ്ങ് രണ്ടോ മൂന്നോ

ഇഞ്ചിവെളുത്തുള്ളിപച്ചമുളക് അരച്ചത് ഒരു വലിയ സ്പൂണ്‍

അല്‍പ്പം മഞ്ഞള്‍പ്പൊടി, കായംപൊടി, ജീരകപ്പൊടി

മല്ലിയില അരിഞ്ഞത് ഒരു പിടി

ഒരു സ്പൂണ്‍ ചെറുനാരങ്ങാനീര്.

വറുക്കാനുള്ള കടുക്, എണ്ണ (വെളിച്ചെണ്ണ വേണ്ട)

പാകത്തിന് ഉപ്പ്

❷.

കടലമാവ് ഒന്ന്/ഒന്നര കപ്പ്

കുറച്ച് മഞ്ഞള്‍പ്പൊടി, മുളകുപൊടി

പാകത്തിന് ഉപ്പ്, വെള്ളം

ഒരു നുള്ള് സോഡാപ്പൊടി

കുറച്ച് മല്ലിയില അരിഞ്ഞത്.

❸.

വറുക്കാനാവശ്യമായ എണ്ണ.

ഉണ്ടാക്കുന്ന വിധം:

ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ച് ഉപ്പ് ചേര്‍ത്തുവയ്ക്കുക.

എണ്ണയില്‍ കടുക് പൊട്ടിച്ചശേഷം ഇഞ്ചിവെളുത്തുള്ളിപച്ചമുളക് അരച്ചത് ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് മഞ്ഞള്‍പ്പൊടിയും ജീരകപ്പൊടിയും കായവും ചേര്‍ത്ത് യോജിപ്പിച്ചശേഷം വാങ്ങുക. ഈ കൂട്ട് ഉരുളക്കിഴങ്ങും മല്ലിയിലയും നാരങ്ങാനീരും ചേര്‍ത്ത് കൈകൊണ്ട് കുഴച്ച് യോജിപ്പിക്കുക. ഇത് ചെറിയ ഉരുളകളായി എടുത്ത് കയ്യില്‍വച്ച് ഒന്നമര്‍ത്തി വടയുടെ ഷേപ്പിലാക്കി വയ്ക്കുക.

കടലമാവ് പാകത്തിന് വെള്ളവും മറ്റു ചേരുവകളും ചേര്‍ത്ത് നല്ല കട്ടിയില്‍ കലക്കിവയ്ക്കുക.

ഉരുളക്കിഴങ്ങ് മിശ്രിതം ഓരോന്നെടുത്ത് മാവില്‍ മുക്കി ചൂടായ എണ്ണയില്‍ വറുത്തെടുക്കുക. വട തയ്യാറായി. ബട്ടാട്ട വട എന്നാണിതിന് പറയുന്നത്.

ഇനി, പാവ് എടുത്ത്, കഴിയുന്നതും അറ്റം വിട്ടുപോരാത്ത രീതിയില്‍ കുറുകെ രണ്ടായി മുറിക്കുക.

ഒരു ദോശക്കല്ലില്‍ ഒരു സ്പൂണ്‍ വെണ്ണയൊഴിച്ച് ഉരുകിപ്പരന്നു തുടങ്ങിയാല്‍ പാവിന്റെ മുറിച്ച വശം കീഴോട്ട് വരത്തക്കവിധം വെണ്ണയിലേക്ക് കമഴ്ത്തിവച്ച് വെണ്ണ മുഴുവന്‍ പാവ് കൊണ്ട് തുടച്ചെടുക്കുക. ഇങ്ങനെ ഓരോ പാവും ചെയ്‌തെടുക്കുക. (പാവിന്റെ ഉള്ളില്‍ സാധാരണ പോലെ കുറച്ചു വെണ്ണ പുരട്ടിയാലും മതി. ശരിയായ രീതി പറഞ്ഞെന്നേയുള്ളു)

ഇനി, പാവിന്റെ രണ്ടുപകുതിയിലും യഥാക്രമം മീഠാ ചട്ണി, ഗ്രീന്‍ ചട്ണി, ചട്ണിപൗഡര്‍ എന്നിവ പുരട്ടുക. അതിനുമുകളില്‍ ഒരു വട വച്ചശേഷം മറ്റേ പകുതികൊണ്ട് അടച്ച്, എല്ലാം കൂടി ചേര്‍ന്നിരിക്കാന്‍ വേണ്ടി ഒന്നമര്‍ത്തുക.

ദാ, നമ്മുടെ ഇന്ത്യന്‍ ബര്‍ഗര്‍ റെഡി! ചൂടോടെ കഴിക്കുക   https://noufalhabeeb.blogspot.com/?m=1

No comments:

Post a Comment