Thursday, January 26, 2023

കൂണ്‍ അമ്പട്ട്

കൂണിനൊപ്പം വെള്ളരിക്കയും ഉരുളക്കിഴങ്ങും; ഊണിന് തികച്ചും സ്‌പെഷ്യലാണ് 'ആളാമ്പേ അമ്പട്ട്'..

ഋതുഭേദങ്ങള്‍ക്കനുസരിച്ചു നമ്മള്‍ ആഹാരശീലത്തിലും മാറ്റം വരുത്താറുണ്ട്. അത് ആരോഗ്യത്തിനുതകുന്ന രീതിയിലും ആവാം അല്ലെങ്കില്‍ അതാത് കാലത്ത് ലഭ്യമാകുന്ന ആഹാര പദാര്‍ത്ഥങ്ങള്‍ക്കനുസരിച്ചും ആവാം. ഇത് കൂടാതെ ചില സമയങ്ങളില്‍ മാത്രം കിട്ടുന്ന പല സ്‌പെഷ്യല്‍ പഴം പച്ചക്കറികളും കാണും. ഒരു വര്‍ഷം മുഴുവനും ചിലപ്പോള്‍ നമ്മള്‍ ആ രുചി അനുഭവിക്കാന്‍ കാത്തിരിക്കും. മാമ്പഴക്കാലം, ചക്കക്കാലം എന്നൊക്കെ നമ്മള്‍ ആ സമയത്തെ വിളിക്കുന്നത് അതിനോടുള്ള പ്രിയം കൊണ്ട് തന്നെയാണ്.

ഇത്തരത്തില്‍ ഇടി വെട്ടി മഴ പെയ്തതിന്റെ പിറ്റേന്ന് വീടിനു പിന്നിലെ കുന്നിന്‍ മേലെ പോയാല്‍ പറിച്ചുകൊണ്ട് വരുന്ന മഴക്കാല സ്‌പെഷ്യലാണ് കൂണ്‍. ഇന്ന് കൂണ്‍ കൃഷി ഒക്കെ വ്യാപകമായതിനെ തുടര്‍ന്ന് മഴക്കാലമോ ഇടിമുഴക്കമോ ഒന്നുമില്ലാതെ തന്നെ നമുക്ക് കൂണ്‍ വിപണിയില്‍ ലഭ്യമാണ്. എങ്കിലും പഴയകാലത്ത് വര്‍ഷത്തില്‍ വളരെ കുറച്ച് ദിവസങ്ങള്‍ മാത്രം ഇവ പൊട്ടി മുളച്ചു വരുന്നത് കൊണ്ട് തന്നെ കൂണ്‍ വിഭവങ്ങള്‍ക്ക് വിശേഷ സ്ഥാനമായിരുന്നു.

കൊങ്കണി ഭക്ഷണരീതിയിലും കൂണ്‍ കൊണ്ടു പല വിഭവങ്ങളും ഉണ്ടാക്കും. 'ആളാമ്പേ' എന്നാണ് കൂണിനെ കൊങ്കണിയില്‍ വിളിക്കുക. അതില്‍ തന്നെ 'അമ്പട്ട്' എന്ന പേരില്‍ വിളിക്കുന്ന തേങ്ങ അരച്ചുള്ള ഒഴിച്ചു കറിയും , 'ഫണ്ണാ ഉപ്കരി' എന്ന കൂണ്‍ മുളകിട്ടതും, മല്ലിയും തേങ്ങയും ഒതുക്കി അരച്ചുള്ള കൂട്ടുകറിയായ 'ഭുത്തി', 'സുക്കെ' ഒക്കെയാണ് കൂടുതല്‍ പ്രചാരം. കൂണ്‍ കാലം തീരുമ്പോഴേക്കും ഈ രുചികളെല്ലാം യഥേഷ്ടം കൊങ്കണികള്‍ ഉണ്ടാക്കി കഴിഞ്ഞിരിക്കും.

ഇന്ന് അവയിലെ ഏറ്റവും പ്രചാരത്തിലുള്ള ഒഴിച്ചു കറിയായ 'ആളാമ്പേ അമ്പട്ട് 'അല്ലെങ്കില്‍ 'കൂണ്‍ അമ്പട്ട്' ആണ് പരിചയപ്പെടുത്തുന്നത്. കൂണിനൊപ്പം വെള്ളരിക്കയും ഉരുളക്കിഴങ്ങും ഒക്കെ ചേര്‍ക്കും. ചോറിനൊപ്പം ഏറെ രുചികരമാണീ അമ്പട്ട്. തയ്യാറാക്കി നോക്കുക.

      ആവശ്യമുള്ള സാധനങ്ങള്‍

കൂണ്‍ - 10-12 ഇടത്തരം

വെള്ളരിക്ക - 1/4 കിലോ

ഉരുളക്കിഴങ്ങ് - 1 വലുത്

സവാള - 2 ഇടത്തരം

തേങ്ങ -1 കപ്പ്

വറ്റല്‍ മുളക് - 10-12 എണ്ണം

വാളന്‍ പുളി - ഒരു കുഞ്ഞ് നെല്ലിക്ക വലുപ്പത്തില്‍

ഉപ്പ് -ആവശ്യത്തിന്

വെളിച്ചെണ്ണ - 2-3 ടീസ്പൂണ്‍

       തയ്യാറാക്കുന്ന വിധം

കൂണ്‍ കഴുകി വൃത്തിയാക്കി രണ്ടായി പകുത്തു അരിയുക. വെള്ളരിക്കയും ഉരുളക്കിഴങ്ങും ഒരു സവാളയും ചെറു ചതുര കഷ്ണങ്ങള്‍ ആക്കുക.

വെള്ളരിക്കയും ഉരുളക്കിഴങ്ങും സവാളയും ഒരല്പം മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് ഒന്നര കപ്പ് വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. കഷ്ണങ്ങള്‍ പാതി വേവാകുമ്പോള്‍ കൂണ്‍ ചേര്‍ക്കാം.

അതേ നേരം, വറ്റല്‍ മുളക് ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കി ചെറുതീയില്‍ നന്നായി മൂപ്പിച്ച് വറുത്തെടുക്കുക. ഈ മുളകും തേങ്ങയും പുളിയും ചേര്‍ത്ത് വളരെ നന്നായി അരച്ചെടുക്കുക. കഷ്ണങ്ങള്‍ വെന്തു പാകമാകുമ്പോള്‍ അരപ്പ് ചേര്‍ത്ത് തിളപ്പിക്കുക. ഒഴിച്ചു കറിയുടെ അയവില്‍ വെള്ളം ആവശ്യമെങ്കില്‍ ചേര്‍ത്ത് നന്നായി തിളപ്പിച്ച് ചാറ് ഒരല്‍പ്പം കുറുകി വരുമ്പോള്‍ വാങ്ങി വെയ്ക്കുക.

ഇനി താളിപ്പ് തയ്യാറാക്കാം. ഒരു കുഞ്ഞു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി ബാക്കിയുള്ള മറ്റേ സവാള വളരെ പൊടിയായി അരിഞ്ഞത് ചേര്‍ത്ത് ചെറുതീയില്‍ വറുക്കുക. സവാള നന്നായി വഴന്ന് ചുവന്നു വരുമ്പോള്‍ കറിയുടെ മീതെ താളിച്ചൊഴിക്കുക. കൂണ്‍ അമ്പട്ട് തയ്യാര്‍.

ശ്രദ്ധിക്കുക: ഇതില്‍ കടുകോ കറിവേപ്പിലയോ ഒന്നും താളിക്കുമ്പോള്‍ ചേര്‍ക്കരുത്.  https://noufalhabeeb.blogspot.com/?m=1

No comments:

Post a Comment