Wednesday, April 7, 2021

ബ്രഡ്‌ സ്നാക്ക്

ഇന്ന് നമുക്ക് ബ്രെഡ് കൊണ്ട് വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന ഒരു  പലഹാരം ഉണ്ടാക്കി നോക്കാം.  വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉള്ള കുറച്ച്‌ ചേരുവകൾ മതി ഇത്‌ ഉണ്ടാക്കാൻ.

                     ചേരുവകൾ

ബ്രെഡ് - 6 എണ്ണം

എണ്ണ - 1 ടേബിൾസ്പൂൺ

നല്ല ജീരകം / പെരുംജീരകം - 1/4 ടീസ്പൂൺ

സവാള - 1 കൊത്തി അരിഞ്ഞത്

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 3/4 ടീസ്പൂൺ

പച്ചമുളക് - 2 എണ്ണം കൊത്തി അരിഞ്ഞത്

കാരറ്റ്, ഗ്രീൻ പീസ് - 1/4 കപ്പ്‌ ( ബീൻസും  ഉപയോഗിക്കാം )

ഉരുളകിഴങ്ങ് - 2 എണ്ണം വേവിച്ച് ഉടച്ചത്

മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ

ഗരം മസാല പൊടി - 1/4 ടീസ്പൂൺ

കുരുമുളക് പൊടി - 1/4 ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

മല്ലിയില - ആവശ്യത്തിന്

                 ഉണ്ടാക്കുന്ന വിധം

പാൻ വെച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ചു കൊടുക്കുക.

എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് നല്ല ജീരകം / പെരുഞ്ചീരകം ഇട്ടു കൊടുക്കുക. ഇനി അതിലേക്ക് സവാളയും പച്ചമുളകും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് വഴറ്റുക.

ഇനി ഇതിലേക്ക് ക്യാരറ്റ്, ഗ്രീൻപീസ് എന്നിവ ചേർത്ത് വഴറ്റുക.

ക്യാരറ്റ്, ഗ്രീൻപീസ് എന്നിവ വെന്തുകഴിയുമ്പോൾ അതിലേക്ക് മസാലപ്പൊടികൾ ചേർത്ത് കൊടുക്കാം.

മഞ്ഞൾപ്പൊടിയും ഗരംമസാലപ്പൊടിയും കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റിയെടുക്കുക.

ഇനി ഇതിലേക്ക് വേവിച്ച്‌ വെച്ചിട്ടുള്ള ഉരുളക്കിഴങ്ങ് കൂടെ ചേർത്ത് ഇളക്കി യോജിപ്പിച്ച് എടുക്കുക.

ഉരുളക്കിഴങ്ങിന് വലിയ കട്ടകൾ  ഉണ്ടെങ്കിൽ ഉടച്ചു കൊടുക്കുക. എല്ലാം നന്നായി യോജിപ്പിച്ച് കിട്ടുമ്പോൾ തീ കെടുത്താം. നമ്മുടെ ഫില്ലിംഗ് റെഡി.

ഇനി ബ്രെഡ് എടുത്ത് അതിന്റെ നാല് വശത്തുള്ള ബ്രൗൺ കളർ ഉള്ള ഭാഗം മുറിച്ചു മാറ്റുക.

എന്നിട്ട് ഒരു ചപ്പാത്തി കോൽ ഉപയോഗിച്ച് ഓരോ ബ്രെഡും നല്ല പോലെ പരത്തിയെടുക്കുക.

ഇനി ഒരു ബ്രെഡിന്റെ മുകൾഭാഗത്ത് ആയിട്ട് നമ്മൾ ഉണ്ടാക്കി വെച്ചിട്ടുള്ള ഫില്ലിംഗ് ചേർത്ത്, അതിന്റെ മുകളിൽ പരത്തി എടുത്ത വേറെ ബ്ബ്രെഡ് വെച്ച്, കൈവിരലിൽ വെള്ളമുപയോഗിച്ച് നന്നായിട്ട് ബ്രെഡിന്റെ 4 ഭാഗവും ഒട്ടിച്ചു കൊടുക്കുക.

ഒരു പാനിൽ എണ്ണ ഒഴിച്ച് അത് നല്ലപോലെ ചൂടാക്കുമ്പോൾ, റെഡിയാക്കി വെച്ചിട്ടുള്ള ബ്രെഡ് അതിലേക്കിട്ട് തിരിച്ചും മറിച്ചുമിട്ട് നല്ലപോലെ മൊരിച്ചെടുക്കുക.

അങ്ങനെ നമ്മുടെ ബ്രഡ് സ്നാക്സ് റെഡി.

എണ്ണയുടെ ചൂട് കൂടാനും പാടില്ല കുറയാനും പാടില്ല. (എണ്ണയുടെ ചൂട് കുറവാണെങ്കിൽ,ബ്രെഡ് എണ്ണം മൊത്തം വലിച്ചെടുക്കും. എണ്ണയുടെ ചൂട് കൂടുതലാണെങ്കിൽ, ബ്രെഡ് പെട്ടെന്ന് കരിഞ്ഞുപോകും.)

No comments:

Post a Comment