Tuesday, October 31, 2023

സ്വീറ്റ്‌ ബനാന ഇഡലി

ഇന്ന് അൽപ്പം വ്യത്യസ്തമായ ഒരു ഇഡലി  തയ്യാറാക്കി നോക്കാം. ഇതിൽ നാം ശർക്കരയും  പഴവും കൂടി ചേർക്കുന്നത്‌ കൊണ്ട്‌  കഴിക്കാൻ പ്രത്യേകിച്ച്‌ ഒഴിച്ചു കറി അല്ലെങ്കിൽ ചമ്മന്തിയുടെ ആവശ്യം ഇല്ല..


  ചേരുവകൾ

പച്ചരി/ഉണക്കലരി       -  1കപ്പ്_
(തലേദിവസം വെള്ളത്തിലിട്ട് കുതിർത്ത് വയ്ക്കുക / 5 മണിക്കൂർ മുമ്പ്‌ എങ്കിലും )

നന്നായി പഴുത്ത നേന്ത്രപ്പഴം - 2 എണ്ണം

ശർക്കര - 3  ചെറിയ കട്ട (ബ്ലോക്ക്‌ )

എള്ള്‌  -  2 ടീസ്പൂൺ

   ഉണ്ടാക്കുന്നവിധം

നേന്ത്രപ്പഴം ചെറുകഷ്ണങ്ങളായി മുറിച്ചെടുത്തു മിക്സിയിൽ നല്ലപോലെ അരച്ചെടുക്കുക.

ശർക്കര ഉരുക്കിയെടുക്കുക.

കുതിർത്തു വച്ച അരി 1/4 ഗ്ലാസ്സ്  വെള്ളത്തിൽ അരച്ചെടുക്കുക.

അതിനു ശേഷം എല്ലാ ചേരുവകളും മിക്സ്‌ ചെയ്ത് നന്നായി യോജിപ്പിക്കുക.

സാധാരണയായി ഇഡലി മാവ്  കുറേ സമയം റെസ്റ്റ്‌ ചെയ്യാൻ വക്കുമല്ലൊ.....ബനാന ഇഡലിക്ക് അതിന്റെ  ആവശ്യമില്ല. അല്ലാതെ തന്നെ ഉണ്ടാക്കിയെടുക്കാം.
             
ഇഡലി ചെമ്പിൽ ആവശ്യത്തിന്  വെള്ളം ഒഴിച്ച് ചൂടാക്കുക.

അതിനു ശേഷം ഇഡലി തട്ടിൽ എണ്ണ പുരട്ടുക. ( ഇഡലി ഒട്ടിപ്പിടിക്കാതിരിക്കാനാണു ഇങ്ങനെ ചെയ്യുന്നത്.)

എന്നിട്ട് തട്ടിലേക്ക് കുറേശ്ശേ മാവ് ഒഴിച്ചു കൊടുക്കുക.എന്നിട്ട്  തീ മീഡിയം ഫ്ലെയിമിൽ ആക്കി വക്കുക.

ഇനി ഇഡലിചെമ്പു അടച്ചു വയ്ക്കുക. ഒരു 10 മിനിറ്റ് കഴിയുമ്പോൾ തുറന്നു നോക്കുക.

ബനാന ഇഡലി റെഡിയായിട്ടുണ്ടാകും.

ഇനി തീ ഓഫ്‌ ചെയ്ത്‌  ഇഡലി തട്ട്  ഇഡലി ചെമ്പിൽ നിന്നും പുറത്തെടുത്തു വയ്ക്കുക. ഉടനെ  തന്നെ ഇഡലി അടർത്തിയെടുക്കരുത്. പെട്ടെന്നെടുത്താൽ പൊട്ടി പോവും..

അല്പം വെള്ളം തളിച്ചു തണുത്തു കഴിഞ്ഞാൽ എടുക്കാവുന്നതാണ്. ഇപ്പോൾ  ബനാന ഇഡലി എല്ലാവർക്കും കഴിക്കാവുന്നതാണ്.
https://t.me/+jP-zSuZYWDYzN2I0

Monday, October 30, 2023

ബീഫ് ഫ്രൈ

തട്ടുകട രുചിയില്‍  ബീഫ് ഫ്രൈ തയ്യാറാക്കാം

എത്രയൊക്കെ വീട്ടിലെ രുചിയെക്കുറിച്ച് പറഞ്ഞാലും തട്ടുകടയിലെ ഭക്ഷണങ്ങള്‍ക്ക് പ്രത്യേകരുചിയാണ്. തട്ടുകടയിലെ ബീഫിന് ചിക്കനും ആരാധകരും അത്രതന്നെയുണ്ട്. എന്നാല്‍ ഇനി തട്ടുകടയിലെ രുചിയില്‍ ഇനി വീട്ടിലും ബീഫ് തയ്യാറാക്കാം. ഇനി ഈ റെസിപ്പി പരീക്ഷിക്കാം.

   ചേരുവകള്‍

ബീഫ്: 500 ഗ്രാം

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 20 ഗ്രാം

പെരുംജീരകം: 5 ഗ്രാം

പെരുംജീരക പൊടി: 10 ഗ്രാം

ഗരം മസാല പൊടി: 15 ഗ്രാം

കുരുമുളക് പൊടി: 15 ഗ്രാം

മല്ലിപൊടി: 10 ഗ്രാം

വറ്റല്‍മുളക്: 10 എണ്ണം

ഉപ്പ്: ആവിശ്യത്തിന്

മുളക് പൊടി: 10 ഗ്രാം

വിനാഗിരി: 15 മില്ലി

വെളിച്ചെണ്ണ: 100 മില്ലി

കടുക്: 5 ഗ്രാം

സവാള: 50 ഗ്രാം

മഞ്ഞള്‍പൊടി: 5 ഗ്രാം

    പാചകരീതി

1) ചെറുതായി അരിഞ്ഞ ബീഫ് മഞ്ഞള്‍പൊടി, ഉപ്പ്, മുളക് പൊടി, മല്ലിപൊടി, വിനാഗിരി എന്നിവ ഉപയോഗിച്ച് നന്നായി മാരിനേറ്റ് ചെയ്ത് കുക്കറില്‍ ചെറുതീയില്‍ 4 വിസില്‍ വരെ വേവിക്കുക.

2) ഉരുളിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് പെരുംജീരകവും, വറ്റല്‍ മുളകും സ്ലൈസ് ചെയ്ത സവാളയും ഇട്ട് നന്നായി വരട്ടുക.

3) ബോയില്‍ ചെയ്ത ബീഫ് ഇട്ട് നന്നായി ഇളക്കി കുരുമുളക് പോടി, പെരുംജീരക പൊടി, ഗരം മസാല എന്നിവ ഇട്ട് 20 മിനിറ്റ് ചെറുതീയില്‍ കുക്ക് ചെയുക.

4) ബീഫ് നന്നായി വരട്ടി കറുത്ത നിറം ആകുമ്പോള്‍ കറിവേപ്പില ഇട്ട് മിക്‌സ് ചെയ്ത് എടുക്കാം.
https://t.me/+jP-zSuZYWDYzN2I0

Sunday, October 29, 2023

മുട്ട ബോണ്ട

ഇന്ന് നമുക്ക് മുട്ട ബോണ്ട തയ്യാറാക്കി നോക്കാം. മുട്ട കൊണ്ടു വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാവുന്ന ഒരു നാലുമണി പലഹാരം ആണ് ഇത്.

      ചേരുവകൾ

മുട്ട - 5 എണ്ണം

കടലമാവ് - 1 കപ്പ്

അരിപൊടി - 4 ടേബിൾസ്പൂൺ

മുളകുപൊടി - 1 ടേബിൾസ്പൂൺ

മഞ്ഞൾപൊടി - 1/2 ടീസ്‌പൂൺ

കായംപൊടി - 1/4 ടീസ്പൂൺ

ജീരകപൊടി - 1/2 ടീസ്പൂൺ

ഉള്ളി - 1 എണ്ണം

ഇഞ്ചി ചതച്ചത് - 1 ടേബിൾസ്പൂൺ

വെളുത്തുള്ളി ചതച്ചത് - 1 ടേബിൾസ്പൂൺ

കറിവേപ്പില അരിഞ്ഞത് - 1 ടേബിൾസ്പൂൺ

ഉരുളകിഴങ്ങ് - 1 ( വേവിച്ചത് )

പച്ചമുളക് - 2 എണ്ണം

      തയാറാക്കുന്ന വിധം

മുട്ട പുഴുങ്ങി എടുത്തു മുറിച്ചു വെള്ളയും മഞ്ഞയും വേർതിരിച്ചു എടുക്കണം.

ഇനി ഒരു പാനിൽ ഒരു ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്കു ഉള്ളി അരിഞ്ഞതും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും കറിവേപ്പിലയും ഇട്ട് ഒന്ന് വഴറ്റി അതിലേക്ക് വേവിച്ച ഉരുളക്കിഴങ്ങും മുട്ടയുടെ മഞ്ഞയും ആവിശ്യത്തിന് ഉപ്പും ഇട്ട് ഇളക്കി വാങ്ങി വെക്കാം.

ഇത് തണുത്തതിന് ശേഷം മുറിച്ചു വെച്ചിരിക്കുന്ന മുട്ടയുടെ പകുതിയിൽ വെച്ച് ഒരു ബോൾ പോലെ ഉരുട്ടി വെക്കാം.

മാവ് തയാർ ചെയ്യാൻ ഒരു ബൗളിൽ കടലമാവ് , അരിപൊടി ,മുളകുപൊടി, മഞ്ഞപൊടി,
കായപൊടി,ജീരകപൊടി , ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നല്ലത് പോലെ മിക്സ് ചെയ്തു പേസ്റ്റ് പരുവത്തിൽ ആക്കണം.

ഇനി ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മുട്ട ബോണ്ട മാവിൽ മുക്കി എണ്ണയിൽ ഇട്ട്  ഫ്രൈ ചെയ്തു എടുക്കാം.
https://t.me/+jP-zSuZYWDYzN2I0

Friday, October 27, 2023

ബട്ടര്‍ കുക്കീസ്

പലര്‍ക്കും കുക്കീസ് വളരെ ഇഷ്ടമായിരിക്കും. എന്നാല്‍ ചിലരെങ്കിലും ഇതില്‍ മുട്ട ചേര്‍ക്കുന്നത് കൊണ്ട് വേണ്ട എന്നോ അല്ലെങ്കില്‍ താല്‍പ്പര്യമില്ല എന്നോ പറയുന്നു. ചിലര്‍ക്ക് മുട്ടയുടെ രുചി ഒരു വലിയ പ്രശ്‌നം തന്നെയായിരിക്കും. എന്നാല്‍ ചില അവസരങ്ങളില്‍ ഇവര്‍ക്കും കാണില്ലേ കുക്കീസ് കഴിക്കണം എന്ന് ആഗ്രഹം. കടയില്‍ നിന്ന് വാങ്ങിയതില്‍ മുട്ട ചേര്‍ത്തിട്ടുണ്ടാവും എന്നത് കൊണ്ട് തന്നെ പലരും ആഗ്രഹം മനസ്സിലൊതുക്കുന്നു. എന്നാല്‍ ഇനി നല്ല അടിപൊളി കുക്കീസ് നമുക്ക് വീട്ടില്‍ അല്‍പം സമയം ചിലവിട്ട് തയ്യാറാക്കിയാലോ? ഇതിലാകട്ടെ മുട്ടയുടെ രുചിയും ഇല്ല, തയ്യാറാക്കാന്‍ ഓവനും വേണ്ട. ഓവനില്ലാതെ നല്ല സൂപ്പര്‍ ടേസ്റ്റില്‍ നമുക്ക് കുക്കീസ് തയ്യാറാക്കാം. കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടത് ആയത് കൊണ്ട് തന്നെ അല്‍പം കൂടുതല്‍ തയ്യാറാക്കി  സൂക്ഷിച്ചോളൂ. അപ്പോള്‍ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

        ആവശ്യമുള്ള ചേരുവകൾ

മൈദ - 100 ഗ്രാം

കോണ്‍ഫ്‌ളവര്‍ - 20 ഗ്രാം

ഉപ്പ് - പാകത്തിന്

വെണ്ണ - നൂറ് ഗ്രാം (ഉപ്പ് ചേര്‍ക്കാത്തത്)

വനില എസ്സന്‍സ് - 1 ടീസ്പൂണ്‍

പഞ്ചസാര പൊടിച്ചത് - 50 ഗ്രാം

പാല്‍ -1 ടേബിള്‍ സ്പൂണ്‍

ചൊക്ലേറ്റ് ചിപ്‌സ് - പാകത്തിന്

         തയ്യാറാക്കുന്ന വിധം

കുക്കീസ് തയ്യാറാക്കുന്നതിന്   ആദ്യം അടി കുഴിയുള്ള ഒരു പാത്രം എടുക്കുക. 

അതിന് ഉള്ളിലേക്ക് ഒരു ചെറിയ സ്റ്റാന്റ് ഇറക്കി വെക്കുക. അല്ലെങ്കില്‍ ചെറിയ ചോറ് പാത്രത്തിന്റെ അടപ്പ് പാത്രത്തിലേക്ക് ഇറക്കി വെച്ചാല്‍ മീഡിയം ഫ്‌ളെയിമില്‍ ഇട്ട് പാത്രം പ്രീഹീറ്റ് ചെയ്ത് എടുക്കേണ്ടതാണ്.

അതിന് ശേഷം കുക്കീസ് ബേക്ക് ചെയ്യുന്നതിന് വേണ്ടി രണ്ട് ട്രേ എടുക്കാവുന്നതാണ്.

ഈ ട്രേയിലേക്ക് അല്‍പം എണ്ണ തേച്ച് പിടിപ്പിക്കണം.

പിന്നീട് വെണ്ണ നല്ലതുപോലെ മിക്‌സ് ചെയ്ത് സോഫ്റ്റ് ആക്കി എടുക്കണം.

ഇതിലേക്ക് വനില എസ്സന്‍സ് ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഇത് മിക്‌സ് ആയി കഴിഞ്ഞാല്‍ പൊടിച്ച് വെച്ചിരിക്കുന്ന പഞ്ചസാര അല്‍പ്പാല്‍പമായി ചേര്‍ത്ത് കൊടുക്കാം. 

ഇത് വെണ്ണയില്‍ മിക്‌സ് ചെയ്ത ശേഷം ഇതിലേക്ക് പാല്‍ ചേര്‍ക്കുക. 

ഇതെല്ലാം നല്ലതുപോലെ മിക്‌സ് ചെയ്യണം.

ഇതിലേക്ക് നമ്മള്‍ മാറ്റി വെച്ചിരിക്കുന്ന മൈദയും കോണ്‍ഫ്‌ളവറും ഉള്ള മിശ്രിതം നല്ലതുപോലെ ചേര്‍ത്ത് കൊടുക്കണം.

ഒരിക്കലും കൈ വെച്ച് കുഴക്കരുത്. സ്പാറ്റുല ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

ശേഷം ഒരു പൈപ്പിംഗ് ബാഗ് എടുത്ത് ഇതിലേക്ക് കുഴച്ച് വെച്ചിരിക്കുന്ന മാവ് ഇതിലേക്ക് ആക്കി ബേക്കിംഗ് ട്രേക്ക് മുകളിലേക്ക് ഇഷ്ടമുള്ള ആകൃതിയില്‍ ആക്കി കൊടുക്കാം.

നിങ്ങള്‍ക്ക് വേണമെങ്കില്‍ കുക്കീസിന് മുകളില്‍ ചോക്ലേറ്റ് ചിപ്‌സ് വെക്കാവുന്നതാണ്. 

ശേഷം നമ്മള്‍ പ്രിഹീറ്റ് ചെയ്ത് വെച്ചിരിക്കുന്ന പാത്രത്തിലേക്ക് ഇറക്കി വെക്കുക. 

ഏകദേശം 20 മിനിറ്റോളം ഇത് തയ്യാറാക്കുന്നതിന് സമയം വേണം. തീ കുറച്ച് വെച്ച് വേണം കുക്കീസ് ബേക്ക് ചെയ്ത് എടുക്കുന്നതിന്.

തണുത്തതിന് ശേഷം നിങ്ങള്‍ക്ക് ഇത് കഴിക്കാവുന്നതാണ്. ശ്രദ്ധിക്കേണ്ടത് തണുത്തതിന് ശേഷം മാത്രമേ ഇത് ട്രേയില്‍ നിന്ന് മാറ്റാന്‍ പാടുള്ളൂ.

അപ്പോള്‍  നമ്മുടെ  ഓവനില്ലാതെ മുട്ട ചേര്‍ക്കാതെ ഒരു അടിപൊളി കുക്കീസ് റെഡി.

https://t.me/+jP-zSuZYWDYzN2I0

Thursday, October 26, 2023

ദഹി ചിക്കന്‍

ചിക്കന്‍ പല തരത്തിലും തയ്യാറാക്കാം. തൈരില്‍ തയ്യാറാക്കുന്ന ഒന്നാണ് ദഹി ചിക്കന്‍.ഇന്ന് നമുക്ക്‌ ദഹി ചിക്കന്‍ എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,...

       ചേരുവകൾ

ചിക്കന്‍ - അരക്കിലോ

തൈര് - രണ്ടര കപ്പ്

സവാള - 2 എണ്ണം

വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂണ്‍

മുളകുപൊടി - അര ടീസ്പൂണ്‍

ഗരം മസാല - അര ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍

ജീരകപ്പൊടി -1 ടീസ്പൂണ്‍

പച്ചമുളക് - 2 എണ്ണം

തക്കാളി -2 എണ്ണം

മല്ലിയില - ആവശ്യത്തിന്‌

ഉപ്പ് - ആവശ്യത്തിന്‌

ഓയില്‍ - ആവശ്യത്തിന്‌

     തയ്യാറാക്കുന്ന വിധം

തൈരില്‍ ജീരകപ്പൊടി, വെളുത്തുള്ളി പേസ്റ്റ്, ഗരം മസാല, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ കലര്‍ത്തി വക്കുക.

ഇതില്‍ ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കി വക്കണം.

പച്ചമുളക് അരിഞ്ഞു ചേര്‍ക്കണം. ഇത് അര മണിക്കൂര്‍ വക്കുക.

ഒരു പാനില്‍ ഓയില്‍ ചൂടാക്കുക. ഇതിലേക്ക് സവാള അരിഞ്ഞതു ചേര്‍ത്തു വഴറ്റണം. പിന്നീട് തക്കാളി ചേര്‍ത്തിളക്കുക.

ഇതിലേക്ക് ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കി ഇളക്കുക. ചിക്കന്‍ നല്ലപോലെ വെന്ത് ചാറ് കുറുകിക്കഴിയുമ്പോള്‍ വാങ്ങി വക്കാം. മല്ലിയില ചേര്‍ത്തിളക്കുക.
https://t.me/+jP-zSuZYWDYzN2I0

Wednesday, October 25, 2023

ജിലേബി

നല്ല മധുരം ഇഷ്ടപ്പെടുന്നവർക്ക്‌  ഉള്ള ഒരു റെസിപ്പി ആണ്‌ രുചികരമായ ജിലേബി

ഉഴുന്ന് - 1 ഗ്ലാസ്‌

പഞ്ചസാര - 2 ഗ്ലാസ്‌

കോണ്‍ഫ്ലോര്‍- 3 ടേബിൾ സ്പൂണ്‍

വെള്ളം - 1/2 - 3/4 ഗ്ലാസ്‌

ചെറുനാരങ്ങ - 1

കളര്‍ ഒരു നുള്ള്

ഡാൽഡ - വറുക്കാൻ ആവശ്യമുള്ളത്

ഒരു പ്ലാസ്റ്റിക്‌ കവർ

ഉഴുന്ന് 2 മണിക്കൂർ കുതിർത്ത് മിക്സിയിൽ അല്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക . അരച്ചെടുത്ത മാവിൽ കോണ്‍ഫ്ലോറും ഒരുനുള്ളു കളർ അല്പം വെള്ളത്തിൽ കലർത്തിയതും ചേർത്ത് നന്നായി ഇളക്കി വെക്കുക . ഒരു അടി കട്ടിയുള്ള ചീനച്ചട്ടിയിൽ പഞ്ചസാരയും വെള്ളവും എടുത്തു തിളപ്പിച്ച്‌ ചെറുതായി ഒട്ടുന്ന പരുവത്തിൽ പാനി ഉണ്ടാക്കുക. അതിലേക്കു 1 നാരങ്ങ പിഴിഞ്ഞ് ഒഴിച്ച് തീ കെടുത്തുക ( പാനി കട്ടയായി പോകാതിരിക്കാനാണ്‌ നാരങ്ങ നീര് ചേര്ക്കുന്നത് ). അടിപരന്ന ഒരു പാനിൽ ഡാൽഡ ചൂടാക്കുക . ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക , തീ sim ൽ ആയിരിക്കണം . മുഴുവൻ ജിലേബിയും ഉണ്ടാക്കി തീരുന്ന വരെ തീ കൂട്ടാനേ പാടില്ല . ഇനി പ്ലാസ്റ്റിക്‌ കവറിന്റെ ഒരു മൂല കത്രികകൊണ്ട് മുറിച്ചു ചെറിയ ദ്വാരം ഉണ്ടാക്കി മാവ് കവറിൽ ഒഴിച്ച് ചൂടായ ഡാൽഡയിലേക്ക് ഇഷ്ടമുള്ള ആകൃതിയിൽ പിഴിയുക. നന്നായി വറുത്തെടുത്ത ജിലേബി നേരെ പാനിയിൽ മുക്കി ഒരു തവി കൊണ്ട് കുറച്ചു സമയം മുക്കിപ്പിടിക്കുക. ഇനി പ്ലേറ്റിലേക്ക് മാറ്റാം . കുറെ മണിക്കൂറുകൾ ഇരുന്നാലെ ജിലെബിക്ക് മാർദവം വരൂ. അതുകൊണ്ട് ജിലേബി ഉണ്ടാക്കിയിട്ട് പിറ്റേദിവസം കഴിക്കാം.
https://t.me/+jP-zSuZYWDYzN2I0

Tuesday, October 24, 2023

സ്റ്റഫ്ഡ് പൊട്ടറ്റോ പാറ്റീസ്

ആരോഗ്യം നൽകുന്നതും എളുപ്പത്തിൽ ഉണ്ടാക്കാവുന്നതുമായ വിഭവമാണിത്. വേവിച്ചുടച്ച ഉരുളകിഴങ്ങിൽ മസാല ചേർത്ത ഗ്രീൻപീസ് നിറച്ചു തയാറാക്കാം. മൃദുലവും സ്വാദിഷ്ടവുമായ ഈ പാറ്റീസ് വെജിറ്റേറിയൻ ബർഗറിലും ഫില്ലിംഗ് ആയി ഉപയോഗിക്കാം.


ചേരുവകൾ

പാറ്റീസിന് വേണ്ട ചേരുവകൾ

വേവിച്ചു ഉടച്ച ഉരുളക്കിഴങ്ങ്‌ - 2 കപ്പ്‌

കോൺ ഫ്ലോർ - 1 ടേബിൾ സ്പൂൺ

പച്ചമുളക് - 1 ടീ സ്പൂൺ

ഉപ്പ് - ആവശ്യത്തിന്

  ഫില്ലിംഗ്

എണ്ണ - 2 ടീ സ്പൂൺ

ജീരകം - 1/2 ടീ സ്പൂൺ

ഗ്രീൻ പീസ് - 1/2 കപ്പ്‌

ഇഞ്ചി പച്ചമുളക് ചതച്ചത് - 1 ടീ സ്പൂൺ

നാരങ്ങ പിഴിഞ്ഞത് - 1/2 നാരങ്ങ

മല്ലിയില - ആവശ്യത്തിന്

ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം

വേവിച്ച് ഉടച്ച ഉരുളക്കിഴങ്ങ്‌, കോൺ ഫ്ലോർ,
പച്ചമുളക്, ഉപ്പ് എന്നിവ നന്നായി
ഉരുളകളാക്കി വെക്കുക.

സ്റ്റഫിങ്

`
ഒരു പാനിൽ എണ്ണ ചൂടാക്കി ജീരകം ഇട്ട് പൊട്ടിക്കുക. തീ കുറച്ച് ഇഞ്ചിയും പച്ചമുളകും ചതച്ചു ചേർക്കുക.

പച്ച മണം മാറുന്ന വരെ ഇളക്കുക. അതിനു ശേഷം ഗ്രീൻ പീസ് ചേർക്കുക.

ഉപ്പും നാരങ്ങ നീരും, മല്ലിയിലയും ചേർക്കുക. നന്നായി യോജിപ്പിക്കുക.

ഉരുളകളാക്കി വെച്ച ഉരുളക്കിഴങ്ങ്‌ കൈയ്യിൽ വെച്ച്  അമർത്തുക.

അതിന്റെ നടുവിൽ ഗ്രീൻ പീസ് മിശ്രിതം വെച്ച് ചുറ്റുമുള്ള ഭാഗങ്ങൾ നടുവിലേക്ക് കൊണ്ടുവന്ന് വീണ്ടും ഉരുളകളാക്കുക.

കൈയ്യിൽ വെച്ച് വീണ്ടും ഒന്ന് അമർത്തി പാനിൽ കുറച്ച് എണ്ണ തൂകി മൊരിച്ചെടുക്കുക.
https://t.me/+jP-zSuZYWDYzN2I0

Monday, October 23, 2023

പപ്പായ ഹല്‍വ

വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം പപ്പായ ഹല്‍വ

പലഹാരങ്ങള്‍ വീട്ടിലുണ്ടാക്കാന്‍ പലര്‍ക്കും മടിയാണ്. അപ്പോള്‍ പിന്നെ ഹല്‍വയുണ്ടാക്കുന്നതിനെ കുറിച്ചൊന്നും ചിന്തിക്കുകയേ വേണ്ട. പക്ഷേ, ഇതാ ഈസിയായി വീട്ടില്‍ തയ്യാറാക്കാവുന്ന ഒരു ഹല്‍വ പരിചയപ്പെടാം. പപ്പായ ഹല്‍വ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

    ചേരുവകള്‍

നന്നായി പഴുത്ത പപ്പായ – 1 എണ്ണം

പാല്‍ – 1/2 കപ്പ്

പഞ്ചസാര – 1 കപ്പ്

നെയ്യ് – 1/2 കപ്പ്

അണ്ടിപ്പരിപ്പ് – 10 എണ്ണം

റവ – 4 ടീ സ്പൂണ്‍

ഏലയ്ക്കാപ്പൊടി – 1 ടീസ്പൂണ്‍

   തയ്യാറാക്കുന്ന വിധം

പപ്പായ കുരുവും തൊലിയും നീക്കി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ഇത് വെള്ളം ചേര്‍ക്കാതെ നന്നായി മിക്‌സിയില്‍ അരച്ചെടുക്കുക. അണ്ടിപ്പരിപ്പ് നെയ്യില്‍ നല്ലതുപോലെ വറുത്തെടുക്കുക. ഇതിലേക്ക് റവ ഇട്ട് നന്നായി ഇളക്കി കൊണ്ടിരിക്കുക.

റവ മൂത്ത് വരുമ്പോള്‍ അരച്ച് എടുത്ത പപ്പായ ഇട്ട് ഇളക്കുക. ഇതിലേക്ക് പാല്‍ ഒഴിക്കുക. പഞ്ചസാര ചേര്‍ത്ത് ചെറു തീയില്‍ ഇളക്കി കൊണ്ടിരിക്കുക. കുറുകി വരുബോള്‍ വാങ്ങി മുകളില്‍ ഏലയ്ക്കാപ്പൊടി വിതറുക. ശേഷം ഒരു ട്രേയില്‍ എണ്ണയോ നെയ്യോ പുരട്ടി തയ്യാറാക്കിയ ഹല്‍വ നിരത്തുക. നന്നായി തണുത്ത ശേഷം മുറിച്ച് എടുക്കാം.
https://t.me/+jP-zSuZYWDYzN2I0

Sunday, October 22, 2023

കോക്കനട്ട് ഹല്‍വ

വളരെ എളുപ്പത്തിൽ തയ്യാറാക്കാം കോക്കനട്ട് ഹല്‍വ

മധുരം ഇഷ്ടമില്ലാത്തവര്‍ അധികം ഉണ്ടാകില്ല. മധുരപ്രിയര്‍ക്കിടയില്‍ ഏറെ ആരാധകരുള്ള ഒരു വിഭവമാണ് ഹല്‍വ. നാവില്‍ വെള്ളമൂറുന്ന പല ഹല്‍വകളും നാം കഴിച്ചിട്ടുണ്ട്. എന്നാല്‍, നിങ്ങള്‍ കോക്കനട്ട് ഹല്‍വ കഴിച്ചിട്ടുണ്ടോ? ഒന്ന് തയ്യാറാക്കി നോക്കൂ….

   ചേരുവകള്‍

തേങ്ങ (ചിരകിയത്)- 2 കപ്പ്

പച്ചരി- 1/2 കപ്പ്

പഞ്ചസാര- 1/2 കപ്പ്

നെയ്യ്- 3 ടീസ്പൂണ്‍

ഏലയ്ക്കാപ്പൊടി- 1/4 ടീസ്പൂണ്‍

അണ്ടിപ്പരിപ്പ്- 10 എണ്ണം

ഉണക്കമുന്തിരി- 10 എണ്ണം

   തയ്യാറാക്കുന്ന വിധം

അരി രണ്ടോ മൂന്നോ മണിക്കൂര്‍ വെള്ളത്തില്‍ ഇട്ട് നന്നായി കുതിര്‍ത്ത് എടുക്കുക. ശേഷം അരിയും തേങ്ങയും കുറച്ച് വെള്ളവും ചേര്‍ത്ത് നന്നായി അരയ്ക്കാം. പഞ്ചസാര ആവശ്യത്തിനു വെള്ളം ചേര്‍ത്ത് ഒരു നോണ്‍സ്റ്റിക്ക് പാനില്‍ നന്നായി ചൂടാക്കുക. പഞ്ചസാര നൂല്‍പ്പരുവമാകുമ്പോള്‍ അരി അരച്ചതും ഏലക്ക പൊടിച്ചതും ചേര്‍ത്ത് ഇളക്കുക.

പാനിന്റെ വശങ്ങളില്‍ അരി വേറിടുന്നതു വരെ ഇളക്കണം. ഇത് നെയ്യ് ചേര്‍ത്ത് നന്നായി ഇളക്കിയതിന് ശേഷം തീ ഓഫ് ചെയ്യുക. നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേര്‍ത്ത് അലങ്കരിക്കാം.
https://t.me/+jP-zSuZYWDYzN2I0

Saturday, October 21, 2023

നവം

നവരാത്രിക്ക് ഭക്ഷണങ്ങള്‍ക്ക് ചില  പ്രത്യേകതകളുണ്ട്.നമുക്കിന്ന് ഒരു സ്പെഷ്യൽ നവരാത്രി വിഭവം തയ്യാറാക്കിനോക്കാം. 'നവ' എന്നാണ് ഇതിന്റെ പേര്. ഓട്സ്,അവല്‍, ശര്‍ക്കര, ഈന്തപ്പഴം എന്നിവയെല്ലാംചേര്‍ത്തൊരു സ്പെഷ്യല്‍ വിഭവം.

     വേണ്ട ചേരുവകൾ

അവല്‍ - 1 കപ്പ്‌

ഓട്സ് - 1/2 കപ്പ്‌

ശര്‍ക്കര -1/2 കപ്പ്‌

തേങ്ങ ചിരകിയത് -1/4 കപ്പ്‌

പഴം -1 എണ്ണം

ഈന്തപഴം -4 എണ്ണം

അണ്ടിപരിപ്പ് - 1/8 കപ്പ്‌

ഉണക്ക മുന്തിരി -1/8 കപ്പ്‌

എള്ള് - 2 ടീസ്പൂണ്‍

നെയ്യ് -1 ടീസ്പൂണ്‍

വെള്ളം -1/4 കപ്പ്‌

ചുക്കു പൊടിച്ചത് /ഏലക്കായ പൊടിച്ചത് - 1/2 ടീസ്പൂണ്‍

   ഉണ്ടാക്കുന്ന വിധം

ഒരു പാനിലേക്ക് അവലും ഓട്സും ഇട്ടു ഒന്ന് ചൂടാക്കി എടുക്കുക.
ഒന്ന് ക്രിസ്പ്പി ആയി വരുമ്പോള്‍ അതിലേക്കു അണ്ടിപരിപ്പും എള്ളും കൂടി ചേര്‍ത്തു രണ്ടു മിനിറ്റു ചെറുതീയില്‍ വറുക്കുക.ശേഷം മാറ്റി വക്കുക.
ഒരു പാനില്‍ ശര്‍ക്കര കുറച്ചു വെള്ളവും ചേര്‍ത്തു ഉരുക്കുക.
ഒരു ടീസ്പൂണ്‍ നെയ്യ് കൂടി ചേര്‍ത്ത് ഇളക്കുക.
ശര്‍ക്കര ഉരുകി പാവാകുമ്പോള്‍ വറുത്തു വച്ച അവലും ഓട്സും ചേര്‍ന്ന മിക്സ്‌ ഇട്ടു നന്നായി ഇളക്കി ചേര്‍ക്കുക.
അതിലേക്കു മുറിച്ച്‌ വച്ച ഈന്തപ്പഴവും പഴവും ഉണക്ക മുന്തിരിയും തേങ്ങയും ചേര്‍ത്ത് ഇളക്കുക.
ചുക്കുപൊടിയോ ഏലക്കായ പൊടിച്ചതോ കൂടി ചേര്‍ത്തു കൊടുക്കുക. നവം റെഡി..
https://t.me/+jP-zSuZYWDYzN2I0

Friday, October 20, 2023

നെയ്‌ പായസം

നെയ്പായസം

       ( നവരാത്രി സ്പെഷ്യൽ )

നവരാത്രി സ്പെഷ്യൽ  നെയ്‌ പായസം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

      ചേരുവകൾ

പായസം അരി (ഉണങ്ങലരി ) -- 1 കപ്പ്

ശർക്കര – 500 ഗ്രാം

നാളികേരം ചിരകിയത് -- 1 കപ്പ്

നെയ്യ് -- 3 ടേബിൾസ്പൂൺ

ഏലക്കായ പൊടി - ആവശ്യത്തിന്‌

നാളികേരക്കൊത്ത്  - ആവശ്യത്തിന്‌

   തയ്യാറാക്കുന്ന വിധം

ശർക്കര ഒന്നര കപ്പ് വെള്ളം ചേർത്ത് പാനി ആക്കി അരിച്ചു വക്കുക .ഒരു കുക്കറിൽ  അരിയും മൂന്നര കപ്പ് വെള്ളവും ചേർത്ത് വേവിക്കാൻ വെക്കാം .

കുക്കറിൽ മൂന്ന് വിസിൽ വന്നാൽ സ്റ്റൗ ഓഫ് ചെയ്യാം.കുക്കറിലെ പ്രഷർ മുഴുവനും പോയി കഴിഞ്ഞാൽ കുക്കർ തുറന്നു വേവിച്ച അരി ഒരു ഉരുളിയിലേക്കു മാറ്റാം .

വേവിച്ച അരിയിലേക്കു ശർക്കര കൂടി ചേർത്ത് നന്നായി ഇളക്കി കൊടുക്കാം .

ശർക്കര പാനി അരിയുമായി നന്നായി യോജിച്ചു ഒന്ന് തിളച്ചു വന്നാൽ ഒരു ടേബിൾസ്പൂൺ നെയ് ചേർത്തു കൊടുക്കാം .

പായസം ഒന്ന് കുറുതായി വന്നാൽ നാളികേരം ചിരകിയത് ചേർത്ത്  നന്നായി ഇളക്കി കൊടുക്കാം

പായസം റെഡി ആയാൽ വീണ്ടും ഒരു ടേബിൾസ്പൂൺ നെയ്യും ആവശ്യത്തിന് ഏലക്കായ പൊടിയും ചേർത്ത് മിക്സ് ചെയ്തു പായസം സ്റ്റൗവിൽ നിന്നും മാറ്റാം.

ഒരു ചെറിയ പാൻ ചൂടാക്കി കുറച്ചു നെയ് ഒഴിച്ച ശേഷം തേങ്ങാ കൊത്തു ചേർത്ത് വറുത്തു പായസത്തിൽ ചേർത്തു കൊടുക്കാം.

അപ്പോൾ നമ്മുടെ ടേസ്റ്റി നെയ്യ് പായസം തയ്യാർ.
https://t.me/+jP-zSuZYWDYzN2I0

Thursday, October 19, 2023

ചെമ്മീന്‍ ഉന്നക്കായ

നാലുമണി പലഹാരമായി തയ്യാറാക്കാം ചെമ്മീന്‍ ഉന്നക്കായ

നമ്മളില്‍ പലരും ആദ്യമായി കേള്‍ക്കുന്ന ഒരു വിഭവമായിരിക്കും ചെമ്മീന്‍ ഉന്നക്കായ. അതിനാല്‍ തന്നെ പലര്‍ക്കും ഇത് എങ്ങനെയാകും തയാറാക്കുക എന്നും അറിയില്ല. കുട്ടികള്‍ സ്‌കൂളില്‍ നിന്നും ക്ഷീണിച്ച് വരുമ്പോള്‍ ചായയ്‌ക്കൊപ്പം അവര്‍ക്ക് നല്‍കാവുന്ന ഏറ്റവും രുചിയൂറിയ ഒരു വിഭവവം കൂടിയാണ് ചെമ്മീന്‍ ഉന്നക്കായ. വളരെ കുറഞ്ഞ സമയം കൊണ്ട് ചെമ്മീന്‍ ഉന്നക്കായ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

    ചേരുവകള്‍

ചെമ്മീന്‍ – 1 കിലോ

കുരുമുളക്, മഞ്ഞള്‍, ഉപ്പ്, ഒരു സവാള പൊടിയായി അരിഞ്ഞതും ചേര്‍ത്ത് ഒരു മണിക്കൂര്‍ വെക്കുക.

പുഴുങ്ങലരി – 1 കപ്പ്

ജീരകശാല അരി -3/4 കപ്പ്

തേങ്ങ – 1 മുറി

സവാള – 1

പച്ചമുളക് – 2

ഇഞ്ചി – ചെറിയ കഷ്ണം

കറിവേപ്പില – 2 തണ്ട്

ഉപ്പ് – ആവശ്യത്തിന്

   തയ്യാറാക്കുന്ന വിധം

അരി കുതിര്‍ത്ത ശേഷം ബാക്കി ചേരുവകള്‍ ചേര്‍ത്ത് അരച്ചെടുക്കുക. അരച്ചെടുത്ത മാവ് കൈ കൊണ്ട് പരത്തി അകത്ത് ചെമ്മീന്‍ പുരട്ടി വെച്ചത് വെച്ച് ഉന്നക്കായ ഷേപ്പില്‍ ഉരുട്ടി ആവിയില്‍ വേവിച്ചെടുക്കണം. ഇനി കുറച്ച് മുളക്, മഞ്ഞള്‍, കോണ്‍ഫ്‌ളവര്‍, ഉപ്പ് കറിവേപ്പ്, രണ്ട് അല്ലി വെളുത്തുള്ളി ചതച്ചത് ചേര്‍ത്ത് നന്നായി കലക്കിയതില്‍ അപ്പം മുക്കി ചൂടായ എണ്ണയില്‍ പൊരിച്ചെടുക്കുക.
https://t.me/+jP-zSuZYWDYzN2I0

Tuesday, October 17, 2023

ബനാന ഇടിയപ്പം

ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ബനാന ഇടിയപ്പം

മലയാളികളുടെ  പതിവ് പ്രഭാതഭക്ഷണങ്ങളിലൊന്നാണ് ഇടിയപ്പം. സാധാരണ ഇടിയപ്പം കഴിച്ച് മടുത്തെങ്കിൽ ഇനി വളരെ വ്യത്യസ്തമായ ബനാന ഇടിയപ്പം ഒന്നു ട്രൈ ചെയ്ത് നോക്കൂ.

ആവശ്യമായ സാധനങ്ങൾ

ഏത്തപ്പഴം- 3 എണ്ണം

അരിപ്പൊടി വറുത്തത്-ഒരു ഗ്ലാസ്

നെയ്യ്-ഒരു ടീസ്പൂണ്‍

പഞ്ചസാര-2 ടേബിള്‍ സ്പൂണ്‍

ഉപ്പ്-ഒരു നുള്ള്

തേങ്ങ-ഒരു മുറി ചിരകിയത്

ഏലയ്ക്കാപ്പൊടി-ഒരു ടീസ്പൂണ്‍

ജീരകം പൊടിച്ചത്-ഒരു ടീസ്പൂണ്‍

പഞ്ചസാര-4 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഏത്തപ്പഴം മിക്‌സിയില്‍ അടിച്ചെടുക്കുക. ഏത്തപ്പഴം ഒഴികെ ബാക്കി ചേരുവകളെല്ലാം കൂടി തിളച്ച വെള്ളത്തില്‍ കുഴച്ചെടുക്കുക. ഇനി അതിലേക്ക് ഏത്തപ്പഴം അടിച്ചതും കൂടി ചേര്‍ത്ത് നന്നായി കുഴച്ചുവെയ്ക്കുക.

തേങ്ങ, ഏലയ്ക്കാപ്പൊടി, ജീരകം പൊടിച്ചത്, പഞ്ചസാര എന്നീ ചേരുവകള്‍ എല്ലാം കൂടി യോജിപ്പിച്ചുവെയ്ക്കുക. മാവ് ഇടിയപ്പത്തിന്റെ അച്ചിലാക്കി വാഴയിലയില്‍ കുറച്ച് ചുറ്റിച്ചിടുക. ഇതിന്റെ മുകളിലായി തേങ്ങാക്കൂട്ട് നിരത്തുക. വീണ്ടും മാവ് ചുറ്റിച്ചിടുക. ശേഷം അപ്പച്ചെമ്പില്‍ വെച്ച് ആവിയില്‍ വേവിച്ചെടുക്കുക. കുട്ടികള്‍ക്കിഷ്ടപ്പെടുന്ന നല്ല സ്വാദുള്ള നാലുമണിപ്പലഹാരമായോ ബ്രേക്ക്ഫാസ്റ്റായോ ഇത് കഴിക്കാം.
https://t.me/+jP-zSuZYWDYzN2I0

ബേസണ്‍ ലഡ്ഡു

നവരാത്രി ആഘോഷങ്ങള്‍ക്ക് മധുരം പകരാന്‍ ബേസണ്‍ ലഡ്ഡു. കടലമാവ് പ്രധാന ചേരുവയായി എത്തുന്ന ഈ ലഡ്ഡു രുചിയിലെന്ന പോലെ ഗുണത്തിലും മുന്നിലാണ്.

നവരാത്രി ആഘോഷങ്ങൾക്കായി ഒരുങ്ങിയിരിക്കുകയാണ് നാടും നഗരവും. ഒൻപത് ദിവസം നീളുന്ന വ്രതം നവരാത്രി ആഘോഷങ്ങളിൽ പ്രധാനമാണ്. ഇയൊരവസരത്തിൽ തയ്യാറാക്കുന്ന ലഡ്ഡു പരിചയപ്പെടാം. കടലമാവ് പ്രധാന ചേരുവയായി എത്തുന്ന ഈ ലഡ്ഡു രുചിയിലെന്ന പോലെ ഗുണത്തിലും മുന്നിലാണ്.

ആവശ്യമുള്ള സാധനങ്ങൾ

കടലമാവ് - രണ്ട് കപ്പ്


നെയ്യ് - അര കപ്പ്

പഞ്ചസാര(പൊടിച്ചത്) - മുക്കാൽ കപ്പ്

ഏലക്ക(പൊടിച്ചത്) -കാൽ ടീസ്പൂൺ

ബദാം, പിസ്ത(ചെറിയ കഷ്ണങ്ങളാക്കി
മുറിച്ചത്) -അലങ്കരിക്കാൻ ആവശ്യത്തിന്

   തയ്യാറാക്കുന്ന വിധം

ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി കഴിയുമ്പോൾ നെയ്യ് അതിലേക്ക് ഒഴിച്ച് നന്നായി ഉരുക്കിയെടുക്കുക. ഇതിലേക്ക് കടലമാവ് മുഴുനും ഇട്ട് ചെറുതീയിൽ നന്നായി വറുത്തെടുക്കുക. ചെറിയ ബ്രൗൺ നിറമാകുമ്പോൾ തീ കെടുത്തി മാവ് അടുപ്പിൽ നിന്ന് ഇറക്കിവക്കാം. ഇത് നന്നായി തണുത്ത് വരുന്നത് വരെ കാത്തിരിക്കണം. നന്നായി തണുത്തില്ലെങ്കിൽ പഞ്ചസാര ചേർക്കുമ്പോൾ ജലാംശം ഉണ്ടായേക്കും.

നന്നായി തണുത്ത മാവിലേക്ക് പഞ്ചസാര പൊടിച്ചതും ഏലക്കയും ചേർത്ത് നന്നായി ഇളക്കി ചേർക്കുക. ഇവ രണ്ടും നന്നായി കൂടിച്ചേരുന്നത് വരെ മാവ് കുഴച്ചെടുക്കാം. ശേഷം മാവിൽ നിന്ന് കുറെശ്ശെ എടുത്ത് ഉരുളകളാക്കി മാറ്റാം. നല്ല ആകൃതിയാകുന്നത് വരെ കൈവെള്ളയിലിട്ട് ഒരുട്ടിയെടുക്കണം. കൂടുതൽ സമയം ഇപ്രകാരം ചെയ്യുന്നത് പ്രതലം മൃദുവാക്കും. അവസാനമായി ഓരോ ലഡ്ഡുവിന്റെ മുകളിലും സ്വൽപം ബദാമും പാസ്തയും ചെറിയ നുറുക്കിയത് വെച്ച് കൊടുക്കാം. ഇനി വിളമ്പാം.
https://t.me/+jP-zSuZYWDYzN2I0

Monday, October 16, 2023

ശർക്കരപ്പുട്ട്‌

( നവരാത്രി സ്പെഷ്യൽ )
വ്യത്യസ്ത രുചികളില്‍ വ്യത്യസ്ത ചേരുവകള്‍ കൊണ്ട് പുട്ട് തയാറാക്കാവുന്നതാണ്. കുട്ടികള്‍ക്ക് ഏറെ ഇഷ്ടമാകുന്ന ഒരു പുട്ടാണ് ശര്‍ക്കര പുട്ട്. ഈ പുട്ടിന് പ്രത്യേകിച്ചു കറികളുടെ ഒന്നും ആവശ്യമില്ല. വെറുതെ കഴിക്കാനും പഴം ചേര്‍ത്ത് കഴിക്കാനും നല്ല രുചിയാണ്. ഇതൊരു നവരാത്രി സ്പെഷ്യല്‍‌ വിഭവമാണെന്ന് തന്നെ പറയാം. ഈ നവരാത്രിക്ക് കുട്ടികള്‍ക്ക് തയ്യാറാക്കി കൊടുക്കാം സ്പെഷ്യല്‍ ശര്‍ക്കര പുട്ട്..

      വേണ്ട ചേരുവകൾ

പുട്ട് പൊടി  - 1 കപ്പ്

മഞ്ഞള്‍ പൊടി -  1/2 സ്പൂണ്‍

ഉപ്പ് - 1 സ്പൂണ്‍

ശര്‍ക്കര - 200 ഗ്രാം

ഏലക്ക - 1/2 സ്പൂണ്‍

തേങ്ങ ചിരകിയത് - 1 കപ്പ്

നെയ്യ് - 1 സ്പൂണ്‍

      തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് പുട്ട് പൊടി ചേര്‍ത്ത് അതിലേക്ക് മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത വെള്ളം ഒഴിച്ച്‌ കുഴക്കുക. ശേഷം സാധാരണ പുട്ട് തയ്യാറാകുന്ന പോലെ പുട്ട് കുറ്റിയില്‍ മാവ് നിറച്ചു ആവിയില്‍ വേവിച്ചു എടുക്കുക. ശേഷം ഒരു ചീന ചട്ടി വച്ചു ചൂടാകുമ്പോള്‍ അതിലേക്ക് ശര്‍ക്കരയും കുറച്ചു വെള്ളവും ചേര്‍ത്ത് നന്നായി അലിയിച്ചു അതിലേക്ക് ഏലക്ക പൊടിയും ചേര്‍ത്ത് തയ്യാറാക്കി വച്ചിട്ടുള്ള പുട്ടും ചേര്‍ത്ത് കൊടുക്കുക. ശേഷം അല്‍പം നെയ്യും ചേര്‍ത്ത് എല്ലാം നന്നായി കുഴച്ചു യോജിപ്പിച്ചു എടുക്കുക. നല്ല പാകത്തിന് ആയി കഴിയുമ്പോള്‍ അതിലേക്ക് അണ്ടി പരിപ്പും, മുന്തിരിയും നെയ്യില്‍ വെറുത്ത് ചേര്‍ത്ത്‌ കൊടുക്കാം.
https://t.me/+jP-zSuZYWDYzN2I0

Friday, October 13, 2023

മാന്തൾ വേണ്ടക്ക കറി

ചില ഫ്യൂഷൻ കറികൾക്കാണ് അപാര രുചിയാണ്. വെറൈറ്റി രുചിയുള്ള ഒരു ഫ്യൂഷൻ കറി പരിചയപ്പെടുത്താം. മാന്തളും വെണ്ടക്കയുമാണ് ഈ ഫ്യൂഷൻ കറിയിലെ താരങ്ങൾ.

        ചേരുവകൾ

മാന്തൾ - 250 ഗ്രാം

വെണ്ടക്ക - 200 ഗ്രാം

ഉലുവ - 1 ടീസ്പൂൺ

ഇഞ്ചി - അര കഷ്ണം

വെളുത്തുള്ളി - 5 അല്ലി

പച്ചമുളക്:- 3 എണ്ണം

സവാള - 1 എണ്ണം

തക്കാളി - 1 എണ്ണം

മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ

മുളകുപൊടി - 1 ടീസ്പൂൺ

മല്ലിപ്പൊടി - 1 ടീസ്പൂൺ

കുരുമുളകുപൊടി - മുക്കാൽ ടീസ്പൂൺ

പുളി വെള്ളം- ആവശ്യത്തിന്

തേങ്ങാപ്പാൽ - 1 തേങ്ങയുടേത്

ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്

   തയ്യാറാക്കുന്ന വിധം

കറി തയ്യാറാക്കാനായി ഒരു മൺചട്ടി എടുക്കുക. ചട്ടി ചൂടാക്കി വെണ്ടക്ക വഴറ്റിയെടുക്കുക.

ശേഷം ചട്ടിയിൽ ഉലുവ, ഇഞ്ചി, വെളുത്തുള്ളി എന്നിവ വഴറ്റുക.

ഇതിലേക്ക് പച്ചമുളക്, സവാള, ഉപ്പ്, കറിവേപ്പില എന്നിവ ചേർത്തിളക്കി നന്നായി വഴന്നു വരുന്നതുവരെ മൂടി വച്ച് വേവിക്കുക.

തക്കാളി ചേർക്കുക.

അതിനുശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർക്കുക.

ഇതിലേക്ക് ആവശ്യത്തിന് പുളി വെള്ളം ഒഴിക്കുക.

വെണ്ട കൂടി ചേർത്ത് വേവിക്കുക.

തേങ്ങാപ്പാൽ ചേർക്കുക.

ഇതിലേക്ക് മാന്തൾ കൂടി നന്നായി വേവിക്കുക.

വെന്തു കഴിയുമ്പോൾ വെളിച്ചെണ്ണ തൂവി ഇളക്കി ഇറക്കി വക്കാം`

https://t.me/+jP-zSuZYWDYzN2I0

Thursday, October 12, 2023

ഉളളിവട

ഏറ്റവും എളുപ്പം തയ്യാറാക്കാവുന്ന നാല് മണിപ്പലഹാരമാണ ഉളളിവട. എല്ലാത്തിലുമുപരി ആസ്വദിച്ച് കഴിക്കാന്‍ പറ്റുന്ന പലഹാരമാണ്‌ ഇത്. സാധാരണ ഉള്ളി വട തയ്യാറാക്കാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ ഇന്ന് അല്‍പം വ്യത്യസ്തമായ ഉള്ളിവട  എങ്ങനെ തയ്യാറാക്കാം എന്ന്  നോക്കാം.

         ചേരുവകൾ

കടലമാവ്- 2 കപ്പ്

അരിപ്പൊടി- 2 ടേബിള്‍ സ്പൂണ്‍

സവോള- 3 എണ്ണം

കാരറ്റ്- അരക്കപ്പ്

കിസ്മിസ്- കാല്‍കപ്പ്

ഇഞ്ചി- 1 കഷ്ണം

പച്ചമുളക്-3 എണ്ണം

കറിവേപ്പില- 2 തണ്ട്

വെള്ളം- ആവശ്യത്തിന്

ഉപ്പ്- 1 ടീസ്പൂണ്‍

എണ്ണ- വറുക്കാൻ ആവശ്യമായത്‌

        തയ്യാറാക്കുന്ന വിധം

സവാള കനം കുറച്ച് മുറിച്ചെടുക്കുക. ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും കാരറ്റും ചെറുതായി അരിയുക. ഇതിലേക്ക് കിസ്മിസ് കൂടി ചേര്‍ത്ത് നല്ലതു പോലെ യോജിപ്പിക്കുക.

അതിനു ശേഷം കടലമാവും വെള്ളവും ചേര്‍ത്ത് നല്ലതു പോലെ യോജിപ്പിക്കുക.

കട്ടിയായി കുഴച്ചെടുത്ത ശേഷം എണ്ണ നല്ലതു പോലെ ചൂടാക്കി തീ കുറച്ച് അതിലേക്ക് വട പരുവത്തില്‍ ഇട്ട് വറുത്തെടുക്കാം.

വട ബ്രൗണ്‍ നിറമാകുമ്പോള്‍ കോരി മാറ്റാം. ചൂടോടെ തന്നെ കഴിക്കാവുന്നതാണ്.

https://t.me/+jP-zSuZYWDYzN2I0

Wednesday, October 11, 2023

നീല ചായ

വ്യത്യസ്തമായതും എന്നാൽ ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതുമായ ഒരു ചായ ആയാലൊ ഇന്ന്. നമുക്കിന്ന് ശംഘുപുഷ്പം ചേർത്ത്‌ നീലയാക്കിയ ചായ തയ്യാറാക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം.

          ചേരുവകൾ

വെള്ളം                  - 2 ഗ്ലാസ്‌

ശംഖുപുഷ്പം     - 10 എണ്ണം

ഏലക്ക.               - 2 എണ്ണം

ഇഞ്ചി ചതച്ചത്   - 1 സ്പൂൺ

തുളസിയില.        - 5 ഇല

പഞ്ചസാര.          - 1 സ്പൂൺ

         തയ്യാറാക്കുന്ന വിധം

സാധാരണ ചായ തയ്യാറാക്കുന്നത്‌ പോലെ ആദ്യം വെള്ളം ചൂട്‌ ആക്കിയതിന്‌ ശേഷം ശംഘുപുഷ്പം, ഇഞ്ചി, ഏലക്ക, തുളസിയില എന്നിവയിട്ട്‌ തിളപ്പിക്കുക.

ശേഷം താഴെ ഇറക്കി ഒന്ന് അരിപ്പയിൽ ഇട്ട്‌ അരിച്ചെടുക്കുക .

ഇനി പഞ്ചസാര ചേർത്ത്‌ കൊടുക്കാം. പഞ്ചസാര ഇഷ്ടമില്ലാത്തവർക്ക് ,തണുന്നതിന് ശേഷം തേൻ ചേർക്കാം .
https://t.me/+jP-zSuZYWDYzN2I0

Tuesday, October 10, 2023

എഗ്ഗ് സാന്‍വിച്ച്

വീട്ടിൽ ഈസിയായി തയ്യാറാക്കാം എഗ്ഗ് സാന്‍വിച്ച്

കുട്ടികളെ ഭക്ഷണം കഴിപ്പിക്കുക എന്നതാണ് പല അമ്മമാരും നേരിടുന്ന വെല്ലുവിളി. ബ്രേക്ക്ഫാസ്റ്റിന് എന്നും ഒരേ വിഭവങ്ങള്‍ തന്നെയായാല്‍ ആര്‍ക്കും മടുപ്പ് തോന്നും. എന്നാല്‍, കുട്ടികള്‍ക്ക് പ്രഭാതത്തില്‍ നല്‍കാവുന്ന ഒരു മികച്ച ഭക്ഷണമാണ് സാന്‍വിച്ച്. ഇടനേരങ്ങളില്‍ കഴിക്കാനായും കുട്ടികള്‍ക്ക് സാന്‍വിച്ച് തയ്യാറാക്കി നല്‍കാം. പച്ചക്കറികളും മുട്ടയും വെണ്ണയുമൊക്കെ ചേരുന്നതിനാല്‍ ഇത് പോഷക സമൃദ്ധവുമാണ്. ഇതാ ഈസിയായി തയ്യാറാക്കാന്‍ കഴിയുന്ന എഗ്ഗ് സാന്‍വിച്ച്.

    ചേരുവകള്‍

റൊട്ടി (സ്ലൈസ് ചെയ്ത് ചുറ്റുമുള്ള ബ്രൗണ്‍ ഭാഗം മാറ്റിയത്) – ഒന്ന്

മുട്ട – രണ്ട്

പച്ചമുളക് ചെറുതായി അരിഞ്ഞത്- 2 എണ്ണം

സവാള കൊത്തിയരിഞ്ഞത് – കാല്‍ കപ്പ്

ഇഞ്ചി (കൊത്തിയരിഞ്ഞത്) – 1/2 ടീസ്പൂണ്‍

കുരുമുളക് പൊടി – 1/2 ടീസ്പൂണ്‍

ഉപ്പ് – പാകത്തിന്

പാല്‍ – ഒരു ടീസ്പൂണ്‍

വെണ്ണ – ഒരു ടീസ്പൂണ്‍

എണ്ണ – ഒരു ടേബിള്‍ സ്പൂണ്‍

മല്ലിയില അരിഞ്ഞത് – ഒരു ടേബിള്‍ സ്പൂണ്‍

    തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ എണ്ണയൊഴിച്ച് ചൂടായ ശേഷം ഇതിലേക്ക് പച്ചമുളക്, സവാള, ഇഞ്ചി എന്നിവ വഴറ്റുക. ഇതിലേക്ക് ഉപ്പും കുരുമുളക് പൊടിയും ചേര്‍ക്കുക. ശേഷം മുട്ട പൊട്ടിച്ചൊഴിച്ച് ചിക്കിയെടുക്കുക. ഈ സമയത്ത് പാലും വെണ്ണയും മല്ലിയിലയും ചേര്‍ക്കുക.

മുട്ട അയഞ്ഞ പരുവത്തില്‍ ചിക്കിയെടുത്ത് ഒരു കഷണം റൊട്ടിയില്‍ നിറയ്ക്കുക. മറ്റൊരു കഷണം കൊണ്ട് ഇത് ഒട്ടിക്കുക. ഇങ്ങനെ ആവശ്യമുള്ളവ തയ്യാറാക്കി എടുക്കുക. റൊട്ടി സ്ലൈസുകളില്‍ ലേശം വെണ്ണ പുരട്ടിയാല്‍ ചേരുവ പൊഴിഞ്ഞ് പോകില്ല.
https://t.me/+jP-zSuZYWDYzN2I0

Monday, October 9, 2023

റൈസ് റോള്‍സ്

ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം റൈസ് റോള്‍സ്

ബ്രേക്ക്ഫാസ്റ്റിന് അനുയോജ്യമായതാണ് റൈസ് റോള്‍സ്. ഉണ്ടാക്കാന്‍ എളുപ്പമാണെന്നതാണ് ഇതിന്റെ മുഖ്യ സവിശേഷത.

  ആവശ്യമായ സാധനങ്ങള്‍

ഇടിയപ്പത്തിന്റെ പൊടി – ഒന്നര കപ്പ്

മൈദ – ഒന്നര കപ്പ്

ഉപ്പ് – ആവശ്യത്തിന്

കോഴിമുട്ട് – മൂന്ന്

വെള്ളം – മൂന്ന് കപ്പ്

നെയ്യ് – ആവശ്യത്തിന്

   തയ്യാറാക്കുന്ന വിധം

മാവുകള്‍ അരിച്ചത് ഒരു കുഴിഞ്ഞ പാത്രത്തിലിടുക. ഉപ്പും വെള്ളവും മുട്ടയും ചേര്‍ത്ത് നന്നായി അടിക്കുക. മാവ് മൃദുവാകണം. ഫ്രൈയിങ് പാനില്‍ നെയ്യ് ചേര്‍ത്ത് മാവ് ഒഴിച്ച് കനംകുറച്ച് നിരത്തി അടച്ചു ചുടുക. അരികുകള്‍ വിട്ടു വരുമ്പോള്‍ അകത്തു നിറയ്ക്കാനുള്ളത് ചേര്‍ത്ത് റോള്‍ ചെയ്‌തെടുക്കുക.

   അകത്ത് നിറയ്ക്കാനുള്ളത്

ഇറച്ചി വേവിച്ച് പൊടിച്ചതോ പച്ചക്കറികള്‍ പുഴുങ്ങി പൊടിച്ചതോ, നാരങ്ങാനീരും ഉപ്പും ആവശ്യത്തിന് ചേര്‍ത്ത് ഉപയോഗിക്കാം. റോള്‍സ് ഉപയോഗിക്കുമ്പോള്‍ തേങ്ങാ, പച്ചമുളക്, ചുമന്നുള്ളി, ഉപ്പ് എന്നിവ ചേര്‍ത്ത് അരച്ച ചമ്മന്തിയുടെ കൂടെ ഉപയോഗിക്കാം.
https://t.me/+jP-zSuZYWDYzN2I0

Saturday, October 7, 2023

സോയ ചങ്ക്സ്

വളരെ എളുപ്പത്തിൽ സോയ ചങ്ക്സ് വീട്ടിൽ തയ്യാറാക്കാം

പോഷകങ്ങളാല്‍ സമ്പന്നമാണ് സോയ. ഇടക്കാലത്ത് കേരളത്തില്‍ പ്രചാരത്തില്‍ വന്ന വിഭവമാണ് സോയാ ചങ്ക്സ്. സസ്യഭുക്കുകള്‍ക്ക് ലഭിക്കാതെ പോകുന്ന എല്ലാ പോഷകങ്ങളുടെയും ന്യൂനതകൾ പരിഹരിക്കാന്‍ സോയ ചങ്ക്സിന് സാധിക്കും. ഇറച്ചി വിഭവങ്ങള്‍ നല്‍കുന്ന അതേ അളവിലുള്ള പോഷകങ്ങള്‍ ഇതിലൂടെ ലഭിക്കുന്നു.

പ്രോട്ടീനുകളാലും കാര്‍ബോഹൈഡ്രേറ്റ്സിനാലും സമ്പന്നമാണ് സോയ ചങ്ക്സ്. എന്നാല്‍, കലോറിയില്‍ കുറവും. ഇത് കൂടാതെ, ഇരുമ്പ്, കാല്‍സ്യം തുടങ്ങിവയും ധാരാളമുണ്ട്.

സോയ കൊണ്ട് ഉണ്ടാക്കുന്ന ഒരു വിഭവം പരിചയപ്പെടാം

സോയ ആദ്യം ചൂടു വെള്ളത്തില്‍ കുതിര്‍ക്കുക. 5 മിനിട്ടിനു ശേഷം നന്നായി വെള്ളം കളഞ്ഞെടുക്കുക. 2 സവാള നന്നായി വഴറ്റുക. ഇതില്‍ തക്കാളിയും ചേര്‍ത്ത് ബ്രൗണ്‍ നിറമാകുന്നത് വരെ ഇളക്കുക. സോയയില്‍ മസാല, മുളകു പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് 15 മിനിട്ട് അടച്ച് വെയ്ക്കുക.

ചപ്പാത്തിയുടെ കൂടെ ഉപയോഗിക്കാം.
https://t.me/+jP-zSuZYWDYzN2I0

അവൽ ഉണ്ട

ഇന്ന് നമുക്ക്‌ അവലും പഴവും ശർക്കരയും  മറ്റും ഉപയോഗിച്ച്‌ വീട്ടിൽ തന്നെ നല്ല ഹെൽത്തി ആയതും രുചികരം ആയതുമായ ഒരു പലഹാരം (അവൽ ഉണ്ട ) ഉണ്ടാക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം.

         ചേരുവകൾ

അവൽ  - 1 കപ്പ്‌

ഏത്തപ്പഴം  - 2 എണ്ണം

ശർക്കര  - 50 ഗ്രാം

വെള്ളം - 1/4 കപ്പ്‌

തേങ്ങ ചിരകിയത്  - 4 ടേബിൾ സ്പൂൺ
 
നെയ്യ് - 1.5 ടേബിൾ സ്പൂൺ

         ഉണ്ടാക്കുന്ന വിധം

1. ആദ്യം ശർക്കര വെള്ളത്തിൽ ഉരുക്കി എടുത്തു മാറ്റി വക്കുക

2. അവൽ 1 മിനിറ്റ് വറുത്തെടുത്തിനു ശേഷം മിക്സിയിൽ പൊടിച്ചെടുത്തു മാറ്റി വക്കുക

3. ഒരു പാനിൽ നെയ്യ് ഒഴിച്ച് അതിലേക്കു ചെറുതായി അരിഞ്ഞ പഴം കൂടെ ചേർത്ത് നന്നായിട്ട് വഴറ്റുക

4. പഴം വഴന്നു വരുമ്പോൾ അതിലേക്കു തേങ്ങാ കൂടെ ചേർത്ത് വഴറ്റാം . തേങ്ങ ചേർക്കണം എന്ന് നിർബന്ധം ഇല്ല്യ

5. ഇനി ഇതിലേക്ക് പൊടിച്ച അവൽ കൂടെ കൂടെ ചേർത്ത് ഇളക്കുക

6. അവസാനം ശർക്കര പാനിയും ഒഴിച്ച് ഇളക്കി യോജിപ്പിക്കുക

7. ശർക്കര മുഴുവൻ അവലിൽ പിടിച്ചു എല്ലാം നല്ലവണ്ണം യോജിച്ചു കഴിയുമ്പോൾ ഫ്ലെയിം ഓഫ് ചെയ്യാം

8. ഇനി ഇത് ചെറുതായി തണുക്കുമ്പോൾ ആവശ്യമെങ്കിൽ ലേശം നെയ്യ് കൂടി ചേർത്ത് ഉരുട്ടി എടുക്കുക.
സ്വാദിഷ്ടമായ അവൽ ഉണ്ട റെഡി !!!
https://t.me/+jP-zSuZYWDYzN2I0

Friday, October 6, 2023

കോളിഫ്ലവർ മസാല

കോളിഫ്ലവർ മുഖ്യഘടകമായി നാം പല വിഭവങ്ങളും ഉണ്ടാക്കാറുണ്ട്‌..   കോളി ഫ്ലവർ ഫ്രൈ, ചില്ലി ഗോപി, ഗോപി മഞ്ചൂരിയൻ  അങ്ങനെ പലതും....ഇന്ന് നാം തയ്യാറാക്കുന്നത്‌ രുചികരമായ കോളിഫ്ലവർ മസാലയാണ്‌. ഇത്‌ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

        ആവശ്യമായ ചേരുവകൾ

കോളിഫ്ലവർ - 1 വലുത്

വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ

സവാള - 2 വലുത്

ഇഞ്ചി പച്ചമുളക് വെളുത്തുള്ളി  ചതച്ചത്  -2 ടേബിൾസ്പൂൺ

മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ

മുളക്പൊടി -1 ടേബിൾസ്പൂൺ

മല്ലിപൊടി  -2 ടേബിൾസ്പൂൺ

ഗരംമസാല  1/2 ടേബിൾസ്പൂൺ

വെജിറ്റബിൾ മസാല / ചിക്കൻ / മീറ്റ് മസാല - 1/2 ടേബിൾസ്പൂൺ

കാപ്സികം  - വലുത് 1

നെയ്യ് - 2 ടേബിൾസ്പൂൺ

കുരുമുളക്പൊടി -2 ടീസ്പൂൺ

മല്ലിയില

        തയ്യാറാക്കുന്ന വിധം

വെളിച്ചെണ്ണ ഒഴിച്ചു സവാള ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് വഴറ്റുക.

നന്നായി കഴുകി ചൂടുവെള്ളത്തിൽ ഇട്ടു വച്ച കോളിഫ്ലവർ ചേർക്കുക.

2 മിനിറ്റിനു ശേഷം പൊടികളും കൂടെ ചേർത്ത് നന്നായി വഴറ്റുക.

കാപ്സികം ചേർത്ത് 2ടേബിൾസ്പൂൺ നെയ്യും കുരുമുളക് പൊടിയും കൂടെ ചേർത്ത് വെള്ളം ഒഴിക്കാതെ 10 മിനിറ്റു ചെറിയ തീയിൽ വേവിച്ചെടുക്കാം.

നല്ല രുചികരമായ കോളിഫ്ലവർ മസാല റെഡി ആയി .
https://t.me/+jP-zSuZYWDYzN2I0

Thursday, October 5, 2023

പാലപ്പം

നല്ല മയമുള്ള പാലപ്പം

ഏവർക്കും പാലപ്പം പ്രിയപ്പെട്ട ഒന്നാണ്. വളരെ രുചികരമായ രീതിയിൽ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

   അവശ്യസാധനങ്ങൾ

പച്ചരി – 1 ഗ്ലാസ്

റവ – 2 ടേബിള്‍സ്പൂണ്‍

തേങ്ങ തിരുമ്മിയത്‌ – അര മുറി തേങ്ങയുടെ
തേങ്ങ വെള്ളം – കാല്‍ ഗ്ലാസ്‌

പഞ്ചസാര – 1 ടി സ്പൂണ്‍

ഉപ്പ് – പാകത്തിന്

    തയ്യാറാക്കുന്ന വിധം

1)പച്ചരി വെള്ളത്തില്‍ ഇട്ട് 6 – 8 മണിക്കൂര്‍ കുതുര്‍ക്കാന്‍ വെക്കുക .
2) അരി അരക്കുന്നതിനു മുന്‍പ് റവ വെള്ളം ചേര്‍ത്ത് കുറുക്കി എടുക്കുക .തണുക്കാന്‍ അനുവദിക്കുക .
3)അരി കഴുകി തേങ്ങയും റവ കുറുക്കിയതും തേങ്ങ വെള്ളവും പഞ്ചസാരയും ചേര്‍ത്ത് നന്നായി അരച്ച് എടുക്കുക .
4)വെള്ളം അധികം ആകരുത് .
5)ഇതു ഒരു രാത്രി മുഴുവന്‍ പുളിക്കാന്‍ വെക്കണം
6) പിറ്റേന്ന് ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് അപ്പച്ചട്ടിയില്‍ പലപ്പമായി ഉണ്ടാക്കി എടുക്കുക .അപ്പച്ചട്ടി ചൂടാകുമ്പോള്‍ ഒരു തവി മാവു ഒഴിച്ച് അപ്പച്ചട്ടി ഒരു വട്ടം ചുറ്റിച്ചു അടച്ചു വേവാന്‍ വെക്കുക .നടുക്ക് ഭാഗം നന്നായി വെന്തു കഴിയുമ്പോള്‍ ചട്ടിയില്‍ നിന്നും മാറ്റുക .പാലപ്പം തയ്യാര്‍ .
https://t.me/+jP-zSuZYWDYzN2I0

Wednesday, October 4, 2023

ബനാന ബോള്‍

നാലുമണി പലഹാരമായി തയ്യാറാക്കാം പഴം കൊണ്ട് അടിപൊളി ബനാന ബോള്‍

നാലുമണി ചായ മിക്കവര്‍ക്കും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. നാലുമണി പലഹാരമായി പഴം കൊണ്ടുണ്ടാക്കാവുന്ന ഒരു അടിപൊളി വിഭവമാണ് ബനാന ബോള്‍. തേങ്ങയും അരിയും ശര്‍ക്കരയുമെല്ലാം ചേര്‍ന്ന ഈ രുചികരമായ വിഭവം കുട്ടികള്‍ക്കു നല്‍കാന്‍ പറ്റിയ നല്ലൊരു നാലുമണിപ്പലഹാരം കൂടിയാണ്. ബനാന ബോള്‍ എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം.

     ചേരുവകള്‍

പഴം-1

പച്ചരി- അര കപ്പ്

ചൗവ്വരി- അര ടേബിള്‍ സ്പൂണ്‍

ഉഴുന്നുപരിപ്പ്- അര ടേബിള്‍ സ്പൂണ്‍

തേങ്ങ – കാല്‍ കപ്പ്

ശര്‍ക്കര – അരക്കപ്പ്

ഉലുവ – അര ടീസ്പൂണ്‍

കശുവണ്ടി – 2 ടേബിള്‍ സ്പൂണ്‍

ഉണക്കമുന്തിരി- 2 ടേബിള്‍ സ്പൂണ്‍

ഏലയ്ക്കാപ്പൊടി- അര ടീസ്പൂണ്‍

തേങ്ങാക്കൊത്തു നെയ്യില്‍ വറുത്തത്- 1 ടേബിള്‍ സ്പൂണ്‍

നെയ്യ് – 2 ടേബിള്‍ സ്പൂണ്‍

എണ്ണ – 1 ടേബിള്‍ സ്പൂണ്‍

ഉപ്പ് – ഒരു നുള്ള്

       തയ്യാറാക്കുന്ന വിധം

പച്ചരി, ചൗവ്വരി, ഉലുവ എന്നിവ വെള്ളത്തിലിട്ടു കുതിര്‍ക്കുക. ഇത് നല്ലപോലെ അരച്ചെടുത്ത് 4 മുതല്‍ 5 വരെ മണിക്കൂര്‍ വയ്ക്കുക. മാവ് പുളിക്കാനാണിത്. തേങ്ങ വെള്ളം ചേര്‍ത്തരച്ച് മാവില്‍ ചേര്‍ത്തിളക്കണം. ശര്‍ക്കര പൊടിച്ചതും പഴം ചെറുതായി നുറുക്കിയതും ഉപ്പും ഉണക്കമുന്തിരിയും കശുവണ്ടിപ്പരിപ്പും എലയ്ക്കാപ്പൊടിയും ചേര്‍ത്തിളക്കുക. നല്ലപോലെ ഇളക്കി ഉണ്ണിയപ്പത്തിന്റെ മാവു പരുവത്തിലാക്കണം. ചീനച്ചട്ടില്‍ എണ്ണയും നെയ്യും ഒഴിച്ചു ചൂടാക്കി ഇതൊഴിച്ച് ഇരുവശവും വേവിച്ചെടുക്കുക.
https://t.me/+jP-zSuZYWDYzN2I0

Tuesday, October 3, 2023

ലൈം ജ്യൂസ്        ( ലെയേഡ്‌ )

കഴിഞ്ഞ ദിവസം നമ്മൾ 'ഡാൽഗോണ കോഫി' തയ്യാറാക്കി .  അതിൽ തണുത്ത ഐസ്‌ ക്യൂബ്‌ ഇട്ട പാലിന്‌ മുകളിൽ കോഫി പൗഡറും പഞ്ചസാരയും അരച്ച്‌ ചേർക്കുകയായിരുന്നു..  കാഴ്ച്ചയിൽ രണ്ട്‌ ലെയർ ആയി കാണും.  ഏതാണ്ട്‌ അത്‌ പോലെ ഇന്ന് നമുക്ക്‌ നാരങ്ങ വെള്ളം  (ലൈം ജ്യൂസ്‌ ) തയ്യാറാക്കിയാലൊ. നാം ഇവിടെ ലെയർ ഉണ്ടാക്കാനായി ബീറ്റ്‌ട്രൂട്ട്‌  ആണ്‌ ഉപയോഗിക്കുന്നത്‌...

         ചേരുവകൾ

ചെറു നാരങ്ങ - 2 എണ്ണം

പഞ്ചസാര- 5 ടേബിൾ സ്പൂൺ

ഉപ്പ് - ഒരു നുള്ള്

തണുത്ത വെള്ളം -  4 ഗ്ലാസ്

ബീറ്റ്റൂട്ട്  - ചെറിയ കഷ്ണം

         തയ്യാറാക്കുന്ന വിധം

ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തു അതിൽ നിന്ന് ജ്യൂസ് എടുത്തു വയ്ക്കുക.

നാരങ്ങ പിഴിഞ്ഞ് , അതിലേക്ക് പഞ്ചസാരയും,  ഉപ്പും,തണുത്ത വെള്ളവും നന്നായി മിക്സ്‌ ചെയ്തു  നീളമുള്ള  ഗ്ലാസ്‌ലേക്ക് ഒഴിച്ച്,  മുകളിലായി ബീറ്റ്റൂട്ട് ജ്യൂസ്‌  ഒഴിക്കുക.
ലെയേഡ്‌ ലൈം ജ്യൂസ്‌ റെഡി.
https://t.me/+jP-zSuZYWDYzN2I0

Sunday, October 1, 2023

കോഫീ മിൽക്ക്‌ ഷേക്ക്‌


ഇന്ന് കോഫീ ഡേ ആണല്ലൊ .... അപ്പൊ കോഫി റെസിപ്പി തന്നെ ആവാം.

കൊഫീ മിൽക്ക്‌ ഷേക്ക്‌ തയ്യാറാക്കുന്ന വിധം എങ്ങനെ ആണെന്ന് നോക്കാം .  ബ്രൂവ്ഡ്‌ കോഫീ തണുത്ത പാലിൽ വാനില ഐസ്ക്രീമും ചോക്കലേറ്റ്‌ സിറപ്പും ചേർത്ത്‌ അടിച്ചെടുത്താണ്‌ ഇത്‌ തയ്യാറാക്കുന്നത്‌.

      ചേരുവകൾ

1, ബ്രൂവ്ഡ്‌ കോഫി അല്ലെങ്കിൽ അര ടീസ്പൂൺ ഇൻസ്റ്റന്റ്‌ കോഫി പൗഡർ - കാൽ കപ്പ്‌

2, തണുത്ത പാൽ - അര കപ്പ്‌

3, വാനില ഐസ്ക്രീം -  അര കപ്പ്‌ അല്ലെങ്കിൽ 3 സ്കൂപ്പ്സ്‌

4, ചോക്കലേറ്റ്‌ സിറപ്പ്‌ - അര ടേബിൾ സ്പൂൺ  ( അല്ലെങ്കിൽ അര ടേബിൾ സ്പൂൺ കൊക്കൊ പൗഡർ )

5 പഞ്ചസാര - 2-3 ടീസ്പൂൺ

     തയ്യാറാക്കുന്ന വിധം

▪️ ബ്രൂവ്ഡ്‌ കോഫി ഇല്ലെങ്കിൽ അര ടീസ്പൂൺ ഇൻസ്റ്റന്റ്‌ കോഫി കാൽ കപ്പ്‌ ചൂടുവെള്ളത്തിൽ ഇട്ട്‌ പൗഡർ അലിയുന്നത്‌ വരെ ലയിപ്പിച്ച ശേഷം തണുപ്പിക്കുക.

▪️ ഇനി ഈ തണുത്ത ബ്രൂവ്ഡ്‌ കോഫി മിക്സിയുടെ ഒരു ബ്ലെൻഡർ ജാറിൽ ഒഴിക്കുക.

▪️ അതിലേക്ക്‌ പാൽ ഒഴിക്കു

▪️ അതിലേക്ക്‌ വാനില ഐസ്ക്രീം ഇടുക

▪️ അതിലേക്ക്‌ ചോക്കലേറ്റ്‌ സിറപ്പൊ അല്ലെങ്കിൽ കൊക്കൊ പൗഡറോ ഇടുക

▪️ പഞ്ചസാര ഇടുക

▪️ ഇനി എല്ലാം കൂടി നന്നായി അടിച്ച്‌ എടുത്ത്‌ ഗ്ലാസിലേക്ക്‌ പകർത്തുക. ഗ്ലാസിന്‌ മുകളിൽ ഐസ്ക്രീമൊ , ചോക്കലേറ്റ്‌ സിറപ്പൊ ഒഴിച്ച്‌ അലങ്കരിക്കുക.

▪️കോഫീ മിൽക്ക്‌ ഷേക്ക്‌ റെഡി!!
https://t.me/+jP-zSuZYWDYzN2I0