Friday, October 27, 2023

ബട്ടര്‍ കുക്കീസ്

പലര്‍ക്കും കുക്കീസ് വളരെ ഇഷ്ടമായിരിക്കും. എന്നാല്‍ ചിലരെങ്കിലും ഇതില്‍ മുട്ട ചേര്‍ക്കുന്നത് കൊണ്ട് വേണ്ട എന്നോ അല്ലെങ്കില്‍ താല്‍പ്പര്യമില്ല എന്നോ പറയുന്നു. ചിലര്‍ക്ക് മുട്ടയുടെ രുചി ഒരു വലിയ പ്രശ്‌നം തന്നെയായിരിക്കും. എന്നാല്‍ ചില അവസരങ്ങളില്‍ ഇവര്‍ക്കും കാണില്ലേ കുക്കീസ് കഴിക്കണം എന്ന് ആഗ്രഹം. കടയില്‍ നിന്ന് വാങ്ങിയതില്‍ മുട്ട ചേര്‍ത്തിട്ടുണ്ടാവും എന്നത് കൊണ്ട് തന്നെ പലരും ആഗ്രഹം മനസ്സിലൊതുക്കുന്നു. എന്നാല്‍ ഇനി നല്ല അടിപൊളി കുക്കീസ് നമുക്ക് വീട്ടില്‍ അല്‍പം സമയം ചിലവിട്ട് തയ്യാറാക്കിയാലോ? ഇതിലാകട്ടെ മുട്ടയുടെ രുചിയും ഇല്ല, തയ്യാറാക്കാന്‍ ഓവനും വേണ്ട. ഓവനില്ലാതെ നല്ല സൂപ്പര്‍ ടേസ്റ്റില്‍ നമുക്ക് കുക്കീസ് തയ്യാറാക്കാം. കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടത് ആയത് കൊണ്ട് തന്നെ അല്‍പം കൂടുതല്‍ തയ്യാറാക്കി  സൂക്ഷിച്ചോളൂ. അപ്പോള്‍ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

        ആവശ്യമുള്ള ചേരുവകൾ

മൈദ - 100 ഗ്രാം

കോണ്‍ഫ്‌ളവര്‍ - 20 ഗ്രാം

ഉപ്പ് - പാകത്തിന്

വെണ്ണ - നൂറ് ഗ്രാം (ഉപ്പ് ചേര്‍ക്കാത്തത്)

വനില എസ്സന്‍സ് - 1 ടീസ്പൂണ്‍

പഞ്ചസാര പൊടിച്ചത് - 50 ഗ്രാം

പാല്‍ -1 ടേബിള്‍ സ്പൂണ്‍

ചൊക്ലേറ്റ് ചിപ്‌സ് - പാകത്തിന്

         തയ്യാറാക്കുന്ന വിധം

കുക്കീസ് തയ്യാറാക്കുന്നതിന്   ആദ്യം അടി കുഴിയുള്ള ഒരു പാത്രം എടുക്കുക. 

അതിന് ഉള്ളിലേക്ക് ഒരു ചെറിയ സ്റ്റാന്റ് ഇറക്കി വെക്കുക. അല്ലെങ്കില്‍ ചെറിയ ചോറ് പാത്രത്തിന്റെ അടപ്പ് പാത്രത്തിലേക്ക് ഇറക്കി വെച്ചാല്‍ മീഡിയം ഫ്‌ളെയിമില്‍ ഇട്ട് പാത്രം പ്രീഹീറ്റ് ചെയ്ത് എടുക്കേണ്ടതാണ്.

അതിന് ശേഷം കുക്കീസ് ബേക്ക് ചെയ്യുന്നതിന് വേണ്ടി രണ്ട് ട്രേ എടുക്കാവുന്നതാണ്.

ഈ ട്രേയിലേക്ക് അല്‍പം എണ്ണ തേച്ച് പിടിപ്പിക്കണം.

പിന്നീട് വെണ്ണ നല്ലതുപോലെ മിക്‌സ് ചെയ്ത് സോഫ്റ്റ് ആക്കി എടുക്കണം.

ഇതിലേക്ക് വനില എസ്സന്‍സ് ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഇത് മിക്‌സ് ആയി കഴിഞ്ഞാല്‍ പൊടിച്ച് വെച്ചിരിക്കുന്ന പഞ്ചസാര അല്‍പ്പാല്‍പമായി ചേര്‍ത്ത് കൊടുക്കാം. 

ഇത് വെണ്ണയില്‍ മിക്‌സ് ചെയ്ത ശേഷം ഇതിലേക്ക് പാല്‍ ചേര്‍ക്കുക. 

ഇതെല്ലാം നല്ലതുപോലെ മിക്‌സ് ചെയ്യണം.

ഇതിലേക്ക് നമ്മള്‍ മാറ്റി വെച്ചിരിക്കുന്ന മൈദയും കോണ്‍ഫ്‌ളവറും ഉള്ള മിശ്രിതം നല്ലതുപോലെ ചേര്‍ത്ത് കൊടുക്കണം.

ഒരിക്കലും കൈ വെച്ച് കുഴക്കരുത്. സ്പാറ്റുല ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

ശേഷം ഒരു പൈപ്പിംഗ് ബാഗ് എടുത്ത് ഇതിലേക്ക് കുഴച്ച് വെച്ചിരിക്കുന്ന മാവ് ഇതിലേക്ക് ആക്കി ബേക്കിംഗ് ട്രേക്ക് മുകളിലേക്ക് ഇഷ്ടമുള്ള ആകൃതിയില്‍ ആക്കി കൊടുക്കാം.

നിങ്ങള്‍ക്ക് വേണമെങ്കില്‍ കുക്കീസിന് മുകളില്‍ ചോക്ലേറ്റ് ചിപ്‌സ് വെക്കാവുന്നതാണ്. 

ശേഷം നമ്മള്‍ പ്രിഹീറ്റ് ചെയ്ത് വെച്ചിരിക്കുന്ന പാത്രത്തിലേക്ക് ഇറക്കി വെക്കുക. 

ഏകദേശം 20 മിനിറ്റോളം ഇത് തയ്യാറാക്കുന്നതിന് സമയം വേണം. തീ കുറച്ച് വെച്ച് വേണം കുക്കീസ് ബേക്ക് ചെയ്ത് എടുക്കുന്നതിന്.

തണുത്തതിന് ശേഷം നിങ്ങള്‍ക്ക് ഇത് കഴിക്കാവുന്നതാണ്. ശ്രദ്ധിക്കേണ്ടത് തണുത്തതിന് ശേഷം മാത്രമേ ഇത് ട്രേയില്‍ നിന്ന് മാറ്റാന്‍ പാടുള്ളൂ.

അപ്പോള്‍  നമ്മുടെ  ഓവനില്ലാതെ മുട്ട ചേര്‍ക്കാതെ ഒരു അടിപൊളി കുക്കീസ് റെഡി.

https://t.me/+jP-zSuZYWDYzN2I0

No comments:

Post a Comment