Wednesday, December 1, 2010

പാദരക്ഷ കരുതലോടെ

ഫാഷന്‍ ഭ്രമം മൂലം ഹൈഹീല്‍ഡ് ചെരുപ്പുകള്‍ ഉപയോഗിക്കുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കാം. വസ്ത്രങ്ങള്‍ കഴുകി ഉപയോഗിക്കുന്നതുപോലെ എല്ലാദിവസവും ചെരുപ്പും വൃത്തിയാക്കേണ്ടതാണ്

പാദരക്ഷ എന്നതിനപ്പുറം, വസ്ത്രധാരണത്തിലെ സ്റ്റൈലിന്റെയും ഫാഷന്റെയും കൂടി ഭാഗമാണ്് ചെരിപ്പ്. എന്നാല്‍ ഫാഷനു വേണ്ടി വാങ്ങുന്ന പല ചെരിപ്പുകളും ആരോഗ്യത്തിന് അത്ര നന്നല്ല എന്നതാണ് വസ്തുത. ചെരിപ്പിന്റെ കാര്യത്തില്‍ ഫാഷനൊപ്പം ആരോഗ്യത്തെ കൂടി പരിഗണിക്കേണ്ടതാണ്. ഫാഷന്റെ ഭാഗമായി ഹീലിന് ഉയരം കൂടിയ ചെരിപ്പുകള്‍ പലരും തിരഞ്ഞെടുക്കാറുണ്ട്. എന്നാല്‍ ഇത് പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. ചെരിപ്പ് തിരഞ്ഞെടുക്കുമ്പോള്‍ കാലിന്റെ സുഖത്തിനും സുരക്ഷക്കുമാണ് പരമാവധി പ്രാധാന്യം നല്‍കേണ്ടത്.

ചെരിപ്പ് ഉണ്ടാക്കിയിരിക്കുന്ന പദാര്‍ഥം, ചെരിപ്പിന്റെ ഭാരം, മൃദുത്വം തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം. മടമ്പ് ഉയര്‍ന്ന ചെരിപ്പുകള്‍ സ്‌ത്രൈണതയെ നന്നായി പ്രദര്‍ശിപ്പിക്കുന്നതിനാലാണ് സ്ത്രീകള്‍ പലപ്പോഴും ഹൈഹീലിനോട് താല്‍പ്പര്യം കാണിക്കുന്നത്. ഉപ്പൂറ്റി ഉയര്‍ന്ന ചെരിപ്പ് ധരിക്കുമ്പോള്‍ നിതംബം പിന്നിലേക്ക് അലപം കൂടി തള്ളി നില്‍ക്കും. അതിനെ ബാലന്‍സ് ചെയ്യാനായി ശരീരം അല്പം മുന്നോട്ട് വളഞ്ഞ് നില്‍ക്കും. ഇങ്ങനെ സ്‌ത്രൈണവടിവുകള്‍ സ്വാഭാവികമെന്നോണം കൂടുതല്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു. എന്നാല്‍ ഈ ഫാഷന്‍ ഭ്രമം മൂലം നടുവേദന, കാലുവേദന തുടങ്ങിയ അസ്വസ്ഥതകള്‍ ഉണ്ടാകുന്നത് സര്‍വസാധാരണമാണ്. നിത്യോപയോഗത്തിനുള്ള ചെരിപ്പുകള്‍ ഒരിക്കലും ഹൈഹീല്‍ഡ് ആയിരിക്കരുത്. ശരീരവടിവ് പ്രദര്‍ശിപ്പിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഫാഷന്‍ ഷോകള്‍, വിരുന്നു സല്‍ക്കാരങ്ങള്‍ തുടങ്ങിയവയ്‌ക്കൊക്കെ പോകുമ്പോള്‍ മാത്രം ഉപയോഗിക്കാനായി ഇത്തരം ചെരിപ്പുകള്‍ മാറ്റി വെക്കാവുന്നതാണ്.

> ചെരിപ്പ് കാലിന് പൂര്‍ണ സംരക്ഷണം നല്‍കുന്നതായിരിക്കണം. പാദം പൂര്‍ണമായി ഉള്ളിലായിരിക്കും വിധമുള്ള ചെരിപ്പുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

> പിന്നില്‍ കെട്ടുള്ള തരം ചെരിപ്പുകള്‍ ഉപയോഗിക്കുന്നതാണ് പലപ്പോഴും കൂടുതല്‍ ഗുണകരം.

> പ്ലാസ്റ്റിക് ചെരിപ്പുകള്‍ വാങ്ങുമ്പോള്‍ വളരെയധികം സൂക്ഷിക്കണം. പലപ്പോഴും ഗുണംകുറഞ്ഞ പ്ലാസ്റ്റിക്കു കൊണ്ടാണ് ചെരിപ്പുകള്‍ ഉണ്ടാക്കാറുള്ളത്. കുറഞ്ഞയിനം പ്ലാസ്റ്റിക് ചെരിപ്പുകള്‍ ഉപയോഗിക്കുന്നത് കാലിന്റെ ആരോഗ്യത്തെ ഗൗരവമായി ബാധിക്കാം.

> ഒറ്റ അച്ചിലുണ്ടാക്കിയതു പോലുള്ള പ്ലാസ്റ്റിക് ഷൂസുകള്‍ പലപ്പോഴും അത്ര നല്ലതാവാറില്ല.

> പ്രമേഹമുള്ളവര്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ചെരിപ്പുകള്‍ ഉപയോഗിക്കണം. വള്ളിച്ചെരിപ്പുകളെക്കാള്‍ പാദം മൊത്തത്തില്‍ മൂടുന്ന തരം ചെരിപ്പുകളാണ് പ്രമേഹക്കാര്‍ക്ക് നല്ലത്.

> കൃത്യമായ അളവുള്ള ചെരിപ്പ് തിരഞ്ഞെടുക്കണം. ഉപോയഗിക്കാനുള്ള ആള്‍ നേരിട്ടു പോയി ധരിച്ചു നോക്കിയേ ചെരിപ്പു വാങ്ങാവൂ. അളവു പറഞ്ഞ് വാങ്ങുന്ന രീതി നന്നല്ല. പല കമ്പനിയുടെ അളവുകള്‍ തമ്മില്‍ വ്യത്യാസമുണ്ടാവാം. ഒരുകമ്പനിയുടം തന്നെ പല മോഡലുകള്‍ തമ്മിലും അളവില്‍ വ്യത്യാസം വരാം.

> ദൃഢത കൂടിയ ചെരിപ്പുകള്‍ പലപ്പോഴും കാലിലുരഞ്ഞ് അസ്വസ്ഥതയോ പൊട്ടലോ ഉണ്ടാക്കാറുണ്ട്. അതിനാല്‍ മൃദുവായ ചെരിപ്പുകള്‍ മാത്രം ഉപയോഗിക്കുക.

> മഴക്കാലത്തെ ഉപയോഗത്തിനായി വില കുറഞ്ഞ ചെരിപ്പുകള്‍ മാര്‍ക്കറ്റില്‍ വ്യാപകമായി എത്തിച്ചേരാറുണ്ട്. അവയുടെ ഗുണം വിലയെക്കാള്‍ വളരെ വളരെ കുറവായിരിക്കുമെന്ന് ഓര്‍ക്കുക. മഴക്കാലത്തേക്ക് മൃദുവായ റബ്ബര്‍ ചെരിപ്പുകളോ മറ്റോ തിരഞ്ഞെടുക്കുക.

> ഷൂ ഉപയോഗിക്കുമ്പോള്‍ എപ്പോഴും സോക്‌സ് ധരിക്കുക. സോക്‌സ് ഇല്ലാതെ പ്ലാസ്റ്റിക് ഷൂ ഉപയോഗിക്കരുത്.

> എപ്പോഴും കോട്ടണ്‍ സോക്‌സ് മാത്രം ധരിക്കുക. ഒരു സോക്‌സ് ഒരു ദിവസമേ ഉപയോഗിക്കാവൂ.

> നനഞ്ഞ സോക്‌സ്, ചെരിപ്പ് തുടങ്ങിയവ ധരിക്കരുത്. അവ അഴിച്ചു വെച്ച് ഉണങ്ങിയ ശേഷമേ ഉപയോഗിക്കാവൂ.

> ഷൂ വാങ്ങുമ്പോള്‍ സോക്‌സ് കൂടി ഉപയോഗിക്കുമ്പോഴും മുറുക്കമുണ്ടാകാത്തത്ര വലിപ്പമുളളത് തിരഞ്ഞെടുക്കണം.

> ഷൂവിനുള്ളില്‍ കാല്‍ വിരലുകള്‍ സ്വതന്ത്രമായി ചുഴറ്റാന്‍ തക്ക ഇടം ഉണ്ടായിരിക്കണം.

> പുതിയ ചെരിപ്പ് വാങ്ങിയാല്‍ അന്നു തന്നെ അത് ധരിച്ചു തുടങ്ങാതെ ഏതാനും ദിവസം കുറച്ചു മണിക്കൂറുകള്‍ വീതം ധരിച്ച് പതുക്കെ കാലിനോട് ഇണങ്ങിയ ശേഷം മാത്രം പതിവുപയോഗത്തിനെടുക്കുക.

> വസ്ത്രങ്ങള്‍ എന്നും കഴുകിയുണക്കി തേച്ച് ഉപയോഗിക്കുന്നവരും ചെരിപ്പിന്റെ കാര്യത്തില്‍ ഒരു ശ്രദ്ധയും നല്‍കാറില്ല. ചെരിപ്പിന്റെ വൃത്തി കാലിന്റെ ആരോഗ്യകാര്യത്തില്‍ ഏറെ പ്രധാനമാണെന്നത് മറക്കാതിരിക്കുക. ചെരിപ്പ് പതിവായി വൃത്തിയാക്കിത്തന്നെ ഉപയോഗിക്കുക

No comments:

Post a Comment