Monday, December 27, 2010
പെണ്‍കുട്ടികളെ കണ്ടെത്താനല്ല ഫേസ്ബുക്ക് തുടങ്ങിയത്
സോഷ്യല്‍ നെറ്റ്‌വര്‍ക്ക്” എന്ന സിനിമയ്ക്കെതിരെ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സൂക്കര്‍ബെര്‍ഗ് രംഗത്തെത്തി. ഫേസ്ബുക്കിന്‍റെ ഉല്‍ഭവത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സിനിമയില്‍ പെണ്‍കുട്ടികളെ സ്വന്തമാക്കാനാണ് സൂക്കര്‍ബെര്‍ഗ് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റ് തുടങ്ങിയതെന്ന രീതിയിലുള്ള ചിത്രീകരണങ്ങളാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.
ഗേള്‍ഫ്രണ്ട് ഉപേക്ഷിച്ച് പോയതിനാലാണ് മറ്റ് പെണ്‍കുട്ടികളെ കണ്ടെത്തുന്നതിന് സൂക്കര്‍ബെര്‍ഗ് ഫേസ്ബുക്ക് പോലൊരു കമ്പനിക്ക് രൂപം കൊടുത്തതെന്നാണ് സിനിമയില്‍ പരാമര്‍ശിക്കുന്നത്. എന്നാല്‍, സൂക്കര്‍ബെര്‍ഗ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.
“സിനിമയില്‍ എന്തെല്ലാം ശരിയാണ് എന്തെല്ലാം തെറ്റാണ് എന്ന് കണ്ടെത്തുക രസകരമാണ്. മാര്‍ക്ക് സൂക്കര്‍ബര്‍ഗിനെ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ധരിച്ചിരിക്കുന്ന ടി-ഷര്‍ട്ടുകള്‍ കൃത്യമാണ്. അത്തരം ടി-ഷര്‍ട്ടുകള്‍ എനിക്കുണ്ടായിരുന്നു എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്“ - സൂക്കര്‍ബര്‍ഗ് പറഞ്ഞു.
“ചെരിപ്പുകളും കൃത്യമാണ്. എന്നാല്‍, ഞാന്‍ പറഞ്ഞുവരുന്നത് അടിസ്ഥാനപരമായ കാര്യങ്ങള്‍ സിനിമയില്‍ കാണിച്ചിരിക്കുന്നത് തെറ്റാണ്. പെണ്‍കുട്ടികളെ ലഭിക്കും എന്നത് മാത്രമാണ് ഫേസ്ബുക്ക് തുടങ്ങാനുള്ള പ്രേരണയെന്ന് തോന്നിപ്പിക്കുകയാണ് സിനിമയില്‍ ചെയ്യുന്നത്. എന്നാല്‍ ഫേസ്ബുക്ക് തുടങ്ങുന്നതിന് മുമ്പ് തന്നെ ഞാന്‍ എന്‍റെ ഗേള്‍ഫ്രണ്ടുമായി ഡേറ്റിംഗ് നടത്തിക്കൊണ്ടിരിക്കുന്നുണ്ടെന്ന കാര്യം അവര്‍ പൂര്‍ണമായും തിരസ്കരിച്ചു” - സിബിഎസ് ഷോയില്‍ പങ്കെടുത്തുകൊണ്ട് സൂക്കര്‍ബെര്‍ഗ് പറഞ്ഞു.
സൂക്കര്‍ബര്‍ഗും ഇരട്ട സഹോദരന്‍മാരായ ടെയ്‌ലറും കാമറോണും തമ്മിലുള്ള തര്‍ക്കവും സിനിമയില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റ് എന്നത് ഈ സഹോദരന്‍മാരുടെ ആശയമായിരുന്നെന്നും ഇത് സ്വന്തമാക്കുന്നതിനായി സൂക്കര്‍ബര്‍ഗ് അവര്‍ക്ക് 65 മില്യണ്‍ ഡോളര്‍ നല്‍കിയതായും പറയപ്പെടുന്നുണ്ട്.
ടെയ്‌ലര്‍-കാമറോണ്‍ സഹോദരന്‍മാരുമായുള്ള തര്‍ക്കം ഫേസ്ബുക്കിന്‍റെ ചരിത്രത്തിലെ വലിയൊരു ഭാഗമായി കാണിക്കാനാണ് സിനിമയില്‍ ശ്രമിച്ചതെന്നും സത്യത്തില്‍ രണ്ടാഴ്ചയില്‍ കുറവ് മാത്രം സമയമാണ് ഈ പ്രശ്നം ഒതുക്കിത്തീര്‍ക്കാന്‍ എടുത്തതെന്നും സൂക്കര്‍ബെര്‍ഗ് പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment