Monday, December 27, 2010

അസിനേപ്പോലെ അമല



മലയാളത്തില്‍ സത്യന്‍ അന്തിക്കാട്‌ കൈപിടിച്ചുയര്‍ത്തിയിട്ടും ശ്രദ്ധിക്കപ്പെടാതെ തമിഴിലൂടെ തെന്നിന്ത്യയുടെ നമ്പര്‍ വണ്‍ നായികയായി മാറുകയും അവിടെനിന്നു ഹിന്ദിയില്‍ എത്തി തിളങ്ങുകയും ചെയ്‌ത ചരിത്രമാണ്‌ അസിന്‍േ്‌റത്‌.
മലയാളത്തില്‍ നിന്ന്‌ തന്നെ അസിനൊരു പിന്‍ഗാമി വന്നിരിക്കുകയാണ്‌. മൈന എന്ന ചിത്രത്തിലൂടെ കോളിവുഡില്‍ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞ അമലാ പോള്‍ കൈനിറയെ ചിത്രങ്ങളുമായി തമിഴക സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്‌. ഒടുവിലിതാ ഈ യുവനായിക അഭിനയിച്ച ചിത്രം ഹിന്ദിയിലേയ്‌ക്കും റീമേക്ക്‌ ചെയ്യുന്നു.
അമലയുടെ കരിയറില്‍ വഴിത്തിരിവായ മൈനയാണ്‌ ബോളിവുഡില്‍ ഒരുക്കുന്നത്‌. പ്രഭു സോളമന്‍ സംവിധാനം ചെയ്‌ത ഈ സിനിമ തമിഴില്‍ തരംഗം സൃഷ്‌ടിച്ച്‌ മുന്നേറുകയാണ്‌. ബാല്യകാല സുഹൃത്തുക്കള്‍ പിന്നീട്‌ പ്രണയത്തിലാവുകയും അവരുടെ ബന്ധത്തിന്‌ നേരിടേണ്ടിവരുന്ന പ്രതിബന്ധങ്ങളുടെയും കഥയാണ്‌ മൈന. ഏഴുകോടി രൂപ ചെലവില്‍ നിര്‍മ്മിച്ച മൈന തിയേറ്ററുകളില്‍ നിന്ന്‌ മാത്രം ഇതിനകം 17 കോടി രൂപ നേടിക്കഴിഞ്ഞു. വിദര്‍ത്ഥ്‌ ആയിരുന്നു ചിത്രത്തില്‍ അമലയുടെ ജോഡി.
സിനിമ ഹിന്ദിയിലേക്ക്‌ റീമേക്ക്‌ ചെയ്യുമ്പോള്‍ അവിടുത്തെ യുവതാരങ്ങളെ അഭിനയിപ്പിക്കാനാണ്‌ സംവിധായകന്‍ തീരുമാനിച്ചിരിക്കുന്നത്‌. ഹിന്ദി പതിപ്പില്‍ അഭിനയിക്കുന്നില്ലെങ്കിലും താന്‍ ജീവന്‍ കൊടുത്ത കഥാപാത്രം ഹിന്ദി സംസാരിക്കുമ്പോള്‍ അമലയ്‌ക്ക് അഭിമാനിക്കാം. ഇപ്പോള്‍ തന്നെ ഹിന്ദിയില്‍ നിന്നും ഈ നടിയ്‌ക്ക് ഓഫറുകള്‍ വരുന്നുണ്ട്‌. വൈകാതെ തന്നെ ഹിന്ദിയില്‍ തുടക്കം കുറിക്കാന്‍ ഈ മലയാളി നായികയ്‌ക്ക് കഴിഞ്ഞേക്കാം. അടുത്തവര്‍ഷം ജൂണില്‍ മൈനയുടെ ഹിന്ദി റീമേക്കിന്റെ ചിത്രീകരണം ആരംഭിക്കും.
കോളിവുഡിലെ ഏറ്റവും വിലയേറിയ തമന്നയുടെ റോള്‍ അടുത്തിടെ അമലയ്‌ക്ക് ലഭിച്ചിരുന്നു. തമിഴിലെ പ്രമുഖ സംവിധായകനായ ലിംഗുസ്വാമിയുടെ പുതിയ ചിത്രത്തില്‍ ആര്യയുടെ നായികയായാണ്‌ അമല കരാര്‍ ഒപ്പിട്ടത്‌. നേരത്തെ ഈ റോളിലേയ്‌ക്ക് തമന്നയെയാണ്‌ നിശ്‌ചയിച്ചത്‌. ഈ ചിത്രത്തില്‍ രണ്ടു നായകന്‍മാരും രണ്ടു നായികമാരും ആണ്‌ ഉള്ളത്‌. മാധവനും സമീര റെഡ്‌ഡിയുമാണ്‌ മറ്റേ ജോഡി.
അടുത്തിടെ വിക്രമിന്റെ നായികയാവാന്‍ ഈ മലയാളി നടിയ്‌ക്ക് ക്ഷണം ലഭിച്ചിരുന്നു. മദ്രാസ്‌ പട്ടണം എന്ന സൂപ്പര്‍ഹിറ്റിനുശേഷം സംവിധായകന്‍ വിജയ്‌ ഒരുക്കുന്ന ദൈവമകന്‍ എന്ന ചിത്രത്തിലാണ്‌ അമല വിക്രമിനോപ്പം അഭിനയിക്കുന്നത്‌.
നേരത്തെ മീര ജാസ്‌മിനെയാണ്‌ ഈ റോളിലേക്ക്‌ പരിഗണിച്ചിരുന്നത്‌. എന്നാല്‍ മൈനയിലെ പ്രകടനം അമലയ്‌ക്ക് ഗുണമാകുകയായിരുന്നു. ദൈവമകനില്‍ വിക്രമിന്റെ ഭാര്യയുടെ വേഷമാണ്‌ അമലയ്‌ക്ക്.
ആദ്യം അനഘ എന്നപേരിലാണ്‌ അമല തമിഴില്‍ അറിയപ്പെട്ടിരുന്നത്‌. ആദ്യ തമിഴ്‌ ചിത്രമായ വീരസകേരനില്‍ അമല പോള്‍ സ്വന്തം പേരിലാണ്‌ അഭിനയിച്ചത്‌. എന്നാല്‍ ആ സിനിമ വിജയം നേടിയില്ല. അതുകൊണ്ട്‌ രണ്ടാമത്തെ ചിത്രമായ സിന്ധു സാമവേലിയിലെത്തിയപ്പോള്‍ ഭാഗ്യം വരാന്‍ സംവിധായകന്‍ സാമിയാണ്‌ അമലയെ അനഘയാക്കിയത്‌.
എന്നാല്‍ സിന്ധു സാമവേലി പ്രമേയം കൊണ്ട്‌ വിവാദം സൃഷ്‌ടിച്ചു. ഭര്‍ത്താവിന്റെ പിതാവിനോട്‌ പ്രണയം തോന്നുന്ന യുവതിയുടെ വേഷമാണ്‌ അനഘ ഇതില്‍ ചെയ്‌തത്‌. ഇതിന്റെ പേരില്‍ നടിയ്‌ക്ക് ഫോണിലൂടെ ഭീഷണികള്‍ പോലും വന്നു.
കൂടാതെ ഗോസിപ്പുകോളങ്ങളിലെല്ലാം ഇക്കാര്യം അച്ചടിച്ച്‌ വരുകയും ചെയ്‌തു. അങ്ങനെ തന്റെ പുതിയ പേര്‌ രാശിയില്ലെന്ന്‌ കണ്ട്‌ അമല വീണ്ടും അമലയായി. അത്‌ ഏതായാലും ലക്ഷ്യം കണ്ടു. മലയാളി നടി ഒര്‍ജിനല്‍ പേരില്‍ തുടര്‍ന്ന്‌ അഭിനയിച്ച മൈന എന്ന ചിത്രം നല്ല അഭിപ്രായം നേടി.
ദീപാവലിക്ക്‌ റീലീസ്‌ ചെയ്‌ത ഈ ചിത്രം നിരൂപകകര്‍ക്കിടയിലും ശ്രദ്ധ നേടിക്കഴിഞ്ഞു. ഈ ചിത്രത്തിന്റെ ബലത്തിലാണ്‌ അമലയ്‌ക്ക് ഇപ്പോള്‍ വന്‍ ഓഫറുകള്‍ വന്നുകൊണ്ടിരിക്കുന്നത്‌.

No comments:

Post a Comment