Monday, December 27, 2010
യെവന്‍ പൂച്ചയല്ല കെട്ടാ.. പുല്യാണ്... പൂച്ച 'പുലിക്കുട്ട'നായ കഥ
ലണ്ടന്‍: ഷാരോണിന്റെയും ഫില്‍ വൈറ്റിന്റെയും പ്രിയപ്പെട്ട പൂച്ച ഇപ്പോള്‍ ഡെവനില്‍ ഹീറോയാണ്. അടുത്തള്ള സ്ഥലങ്ങളില്‍നിന്നു നിരവധി പേരാണു പെപ്പറെന്ന പൂച്ചയെ കാണാന്‍ ഇവരുടെ വീട്ടിലെത്തുന്നത്. നമ്മളില്‍ മിക്കവര്‍ക്കും പൂച്ചയെ വീട്ടില്‍ വളര്‍ത്തുന്നത് ഇഷ്ടമല്ല. എന്നാല്‍ ഷാരോണിന്റെ കുടുംബത്തിന്റെ രക്ഷകനായതു വളര്‍ത്തുപൂച്ചയാണ്. ഒരു വന്‍തീപിടിത്തത്തില്‍നിന്ന് ഉടമസ്ഥന്റെ വീടിനെ രക്ഷിച്ചതോടെയാണു പെപ്പര്‍ ഹീറോ ആയത്. തക്കസമയത്തു പെപ്പര്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചില്ലായിരുന്നെങ്കില്‍ ഷാരോണിന്റെയും ഫില്ലിന്റെയും വീടു പൂര്‍ണമായി കത്തിയെരിഞ്ഞു ചാമ്പലാകുമായിരുന്നു. ഒപ്പം പെപ്പറും.
ഡെവനിലെ ടോര്‍ബെ ആശുപത്രിയില്‍ റേഡിയോളജിസ്റ്റായ ഫില്ലും ഭാര്യ ഷാരോണും ക്രിസ്മസ് ഷോപ്പിംഗിനു പോയപ്പോഴാണു വീട്ടില്‍ തീപിടിത്തമുണ്ടായത്. ഉടന്‍ തന്നെ ഉണര്‍ന്നു പ്രവര്‍ത്തിച്ച അഞ്ചുവയസുകാരനായ പെപ്പര്‍ വീടിന്റെ ജനാല തുറന്നു പുറത്തുചാടി. ജനാലയിലൂടെ പുക പുറത്തേക്കുവരുന്നതു കണ്ട് അയല്‍വാസികള്‍ അഗ്നിശമനസേനാംഗങ്ങളെ വിവരമറിയിച്ചു. ഉടന്‍ തന്നെ അവരെത്തി തീ കെടുത്തി.
ജനാലയുടെ കുറ്റി തുറക്കാന്‍ പെപ്പര്‍ നേരത്തേ തന്നെ പഠിച്ചിരുന്നു. അടുക്കളയിലെ തട്ടില്‍ കയറി നഖം കൊണ്ടു ലോക്ക് നീക്കിയാണ് പെപ്പര്‍ ജനല്‍ തുറക്കുന്നത്. മിക്ക രാത്രികളിലും ഇത്തരത്തില്‍ പുറത്തു പോകുന്ന പെപ്പര്‍ ഒന്നു ചുറ്റിയടിച്ച ശേഷം അതിലൂടെത്തന്നെ തിരികെയെത്തും. എന്തായാലും ഈ വിദ്യ പഠിച്ചതു പെപ്പറിയും ഉടമസ്ഥര്‍ക്കും തുണയായി. ഒരു ഡിന്നര്‍ പാര്‍ട്ടിയില്‍ വച്ചാണ് പെപ്പര്‍ ആദ്യമായി ഈ വിദ്യ കാണിച്ചത്. അന്നു വീട്ടില്‍ കൂടിയവരെല്ലാം കൈയടിച്ചു പ്രോത്സാഹിപ്പിച്ചതോടെ പെപ്പര്‍ ആവേശഭരിതനായിരുന്നുവെന്നു ഷാരോണ്‍ പറഞ്ഞു. പിന്നീടു പെപ്പറിതു സ്ഥിരമാക്കുകയായിരുന്നു. വീടിനുള്ളില്‍നിന്നു പുറത്തുപോകാന്‍ സ്വന്തമായി മാര്‍ഗങ്ങള്‍ കണ്ടുപിടിക്കുന്ന പെപ്പര്‍ കഴിഞ്ഞ മാസം മുതല്‍ താഴത്തെ നിലയിലെ ജനാലയുടെ ലോഹലിവര്‍ പാദംകൊണ്ട് 90 ഡിഗ്രിമാറ്റി അതുവഴിയാണു പുറത്തുകടക്കുന്നത്.
ശനിയാഴ്ച വൈകിട്ടു നാലു മണിക്കാണു വീട്ടില്‍ തീ പടര്‍ന്നത്. മൈക്രോവേവില്‍ സാധനം വച്ച് പത്തുമിനിറ്റ് ടൈമറില്‍ ഇട്ടശേഷം ഷോപ്പിംഗിനു പോയതാണു തീ പടരാന്‍ കാരണം. തൊട്ടടുത്തു താമസിക്കുന്ന ഭര്‍തൃസഹോദരിയാണു തന്നെ വിവരമറിയിച്ചതെന്നു ഷാരോണ്‍ പറഞ്ഞു. വീട്ടില്‍നിന്നു പുക ഉയരുന്നുണ്ടെന്നും ഫയര്‍ഫോഴ്‌സ് എത്തിയിട്ടുണ്ടെന്നും പെട്ടെന്നു വീട്ടിലെത്തണമെന്നും അവര്‍ പറഞ്ഞു. അതുകൊണ്ട് 350000 രൂപയുടെ വീടു കത്തിയമര്‍ന്നില്ല. അയല്‍ക്കാര്‍ പുക അവഗണിച്ചിരുന്നുവെങ്കില്‍ തങ്ങള്‍ ഏറെ നഷ്ടമുണ്ടാകുമായിരുന്നുവെന്ന് അവര്‍ പറഞ്ഞു. അടുക്കളയ്ക്കു മാത്രമാണു കേടുപാടുണ്ടായത്. എന്തായാലും അയല്‍ക്കാര്‍ക്കും തങ്ങളുടെ പ്രിയപ്പെട്ട പെപ്പറിനും നന്ദി പറയുകയാണ് ദമ്പതികള്‍.
Subscribe to:
Post Comments (Atom)
No comments:
Post a Comment