ഇന്നത്തെ പാചകത്തിൽ നാം ഇന്ന് തയ്യാറാക്കുന്നത് ഇറച്ചി പത്തിരിയാണ് . എങ്ങനെയാണ് അത് തയ്യാറാക്കുന്നത് എന്ന് നോക്കാം
രുചികരമായ ഇറച്ചിപ്പത്തിരി തയ്യാറാക്കാം
മൈദമാവും ഗോതമ്പുമവുമാണ് നമുക്കിവിടെ ആവശ്യം. മൈദ ശരീരത്തിന് അത്ര നല്ലതല്ലാന്ന് എല്ലാവര്‍ക്കുമറിയാമല്ലൊ. രുചി കൂടുതല്‍ വേണമെങ്കില്‍ മൈദ ചേര്‍ത്തോളൂ... കുട്ടികള്‍ക്കു വേണ്ടി ഉണ്ടാക്കുമ്പോള്‍ ഗോതമ്പ് മാത്രം മതി. അവരുടെയെങ്കിലും ആരോഗ്യം നമുക്ക് കുട്ടിക്കാലത്ത് തന്നെ ശ്രദ്ധിക്കാം. അവര്‍ ആ ടേസ്റ്റ് അങ്ങ് ശീലിക്കട്ടെ!! അപ്പോള്‍ കാര്യത്തിലേക്ക് കടക്കാം.
ആവശ്യമായ ചേരുവകള്‍
1) മൈദമാവ് - അര കപ്പ്
2) ഗോതമ്പ് മാവ് - അര കപ്പ്
3) ഉപ്പ് - ആവശ്യത്തിന്
4) വെള്ളം - ആവശ്യത്തിന്
ഫില്ലിങ്ങിന് ആവശ്യമായ ചേരുവകള്‍
1) സവാള കൊത്തിയരിഞ്ഞത് - ഒരെണ്ണം വലുത്
2 ) ഇഞ്ചി പച്ചമുളക് പേസ്റ്റ് - ഒരു ടേബിള്‍ സ്പൂണ്‍
3) മഞ്ഞള്‍ പൊടി - ഒരു നുള്ള്
4 ) മുളക് പൊടി - ഒരു ടീസ്പൂണ്‍
5 ) മല്ലിപൊടി - ഒരു ടേബിള്‍ സ്പൂണ്‍
6 ) ഗരം മസാല പൊടി - ഒരു ടീസ്പൂണ്‍
7) എണ്ണ - രണ്ട് ടേബിള്‍ സ്പൂണ്‍
8 ) മല്ലിയില, കറിവേപ്പില - ആവശ്യത്തിന്
9) ചിക്കന്‍, ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് കുക്കറില്‍ രണ്ടു വിസില്‍ വേവിച്ച് പിച്ചിയെടുത്തത് - ആവശ്യത്തിന്.(ചിക്കന്‍ കൂടുതല്‍ ചേര്‍ത്താല്‍ ടേസ്റ്റ് കൂടും. അവരവരുടെ യുക്തിക്കനുസരിച്ച് ചേര്‍ക്കുക)
ഉണ്ടാക്കുന്ന വിധം
അപ്പോള്‍ ചേരുവകള്‍ എല്ലാം റെഡിയാണ്. നമുക്ക് തയ്യാറാക്കി തുടങ്ങാം...
ആദ്യം മാവ് കുഴച്ച് മാറ്റിവെയ്ക്കാം. ഉപ്പ്, ആവശ്യത്തിന് വെള്ളം ചേര്‍ത്ത് മൈദയും ഗോതമ്പും ഒന്നിച്ചാക്കി കുഴയ്ക്കുക. കുഴയ്ക്കുമ്പോള്‍ ഒരു ടീസ്പൂണ്‍ എണ്ണ കൂടി ചേര്‍ത്ത് കൊടുക്കുക. ചപ്പാത്തി പരുവത്തില്‍ നല്ല മയത്തില്‍ മാവ് കുഴച്ച് ഒരു പത്രം കൊണ്ട് മൂടിവെയ്ക്കുക.
ഇനി ഫില്ലിങ്ങ് തയ്യാറാക്കാം. ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ഇഞ്ചി പച്ചമുളക് പേസ്റ്റ് ചേര്‍ക്കുക. പച്ചമണം മാറുമ്പോള്‍ സവാളയും ആവശ്യത്തിന് ഉപ്പും ചേര്‍ക്കാം. സവാള ഒന്ന് വാടി വരുമ്പോള്‍ മഞ്ഞള്‍ പൊടി, മുളക് പൊടി, മല്ലിപ്പൊടി, ഗരം മസാല പൊടി ചേര്‍ത്തിളക്കുക.വെളളം ചേര്‍ക്കരുത്. തീ കുറച്ച് വെച്ചാല്‍ മതിയാകും. അഥവാ നല്ല ഡ്രൈ ആണെന്ന് തോന്നിയാല്‍ ഒരു സ്പൂണ്‍ വെള്ളം ചേര്‍ക്കാം. വേവിച്ച് വെച്ചിട്ടുള്ള ചിക്കന്‍ ചേര്‍ത്ത് യോജിപ്പിക്കാം. ഉപ്പ് പാകമാണോന്ന് നോക്കണം. അവസാനമായി മല്ലിയില, കറിവേപ്പില പൊടിയായി അരിഞ്ഞത് ചേര്‍ത്തിളക്കി യോജിപ്പിക്കുക. അപ്പോള്‍ ഫില്ലിങ്ങ് റെഡിയായിട്ടുണ്ട് കേട്ടോ.
ഇനി പത്തിരി ഉണ്ടാക്കാം... മാവ് ഉരുളകളാക്കി ചപ്പാത്തിക്ക് പരത്തുന്നതുപോലെ ഇടത്തരം വലുപ്പത്തില്‍ പരത്തുക. നല്ല റൗണ്ട് ഷെയ്പ്പ് കിട്ടാനായി ഏതെങ്കിലും പാത്രത്തിന്റെ അടപ്പ് കൊണ്ട് കട്ട് ചെയ്യാം. ആദ്യം രണ്ട് എണ്ണം പരത്തി വെയ്ക്കുക. ഒന്നിന്റെ നടുക്കായി ഇറച്ചി കൂട്ട് പരത്തി വെയ്ക്കുക. വശങ്ങളില്‍ ഇത്തിരി സ്ഥലം വിട്ടേക്കാം. രണ്ടാമത്തെ പത്തിരി മുകളില്‍ വെച്ച് വശങ്ങള്‍ പരസ്പരം അമര്‍ത്തി കൊടുക്കുക. അതിന് ശേഷം വശങ്ങള്‍ കയര്‍പിരിക്കുന്ന പോലെ ഷെയ്പില്‍ ആക്കുക.
ഇനി ചൂടായ എണ്ണയിലേക്ക് പത്തിരി ഇടാം. ആദ്യം തീ കൂട്ടി വെയ്ക്കുക. എണ്ണ നല്ല ചൂടായതിന് ശേഷമേ ഇറച്ചി പത്തിരി ഇടാന്‍ പാടുള്ളു. പത്തിരി ഇട്ടതിന് ശേഷം തീ കുറയ്ക്കുക. ഒരു സൈഡ് വെന്ത് കഴിയുമ്പോള്‍ മറിച്ചിടുക. ചൂടോടെ ടൊമാറ്റോസോസും കൂട്ടി കഴിച്ചോളൂ.
Ok
ReplyDelete