Thursday, December 29, 2022

പാവയ്ക്ക നൊൺച്ചെ

സ്വല്‍പം അച്ചാറില്ലാതെ മലയാളിക്കെന്ത് ഊണ്; തയ്യാറാക്കാം കൊങ്കിണി സ്റ്റൈല്‍ 'നൊണ്‍ച്ചെ'.

ചോറിനോപ്പവും ഇഡ്ഡലിക്കും ദോശയ്ക്കും കൂടെ ഇത് വിളമ്പാവുന്നതാണ്.

        പാവയ്ക്ക നൊൺച്ചെ

അച്ചാറുകള്‍ ഏതൊരു ഊണിന്റേം മാറ്റ് കൂട്ടും. അതിപ്പോ വെജിറ്റേറിയന്‍ ആണെങ്കിലും നോണ്‍ വെജിറ്റേറിയന്‍ ആണെങ്കിലും, ഒരു മൂലേല്‍ ഒരിത്തിരി അച്ചാര്‍ അത് മിക്കവര്‍ക്കും നിര്‍ബന്ധമാണ്. കൊങ്കണി ഭക്ഷണ ശീലങ്ങളിലും അച്ചാര്‍ ഒരു പ്രധാന ഘടകമാണ്.

വര്‍ഷങ്ങള്‍ കേടു കൂടാതെ ഭരണിയില്‍ വിലസി നില്‍ക്കുന്ന മാങ്ങാ അച്ചാറുകള്‍ എന്നും അടുക്കളയില്‍ കാണും. ചെറുനാരങ്ങ ആണെങ്കില്‍ അച്ചാറിനു വേണ്ടി മാത്രമായി വാങ്ങി അച്ചാറിട്ന്നതിനു പുറമെ, നാരങ്ങ വെള്ളം ഉണ്ടാക്കുന്നതിനായി പിഴിഞ്ഞ തൊണ്ടുകള്‍ പോലും ഉപ്പിലിട്ടു വെച് ശേഷം അച്ചാറിടും. വടുകപ്പുളിയും ഇലുമ്പന്‍ പുളിയുമൊക്കെ അതാത് സീസണില്‍ കുപ്പികളില്‍ ചുവന്നു തുടുത്തു നില്‍ക്കും. എന്തിനേറെ, ചക്കകാലത്ത് ഇടി ചക്ക പോലും 'കട്ഗി അട്‌ഗൈ ' എന്നാ പേരില്‍ മാങ്ങാ ചേര്‍ത്ത് അച്ചാറിടും."

ഇപ്പൊ 'ഇന്‍സ്റ്റന്റ് ' യുഗത്തിലാണല്ലോ നമ്മള്‍. അപ്പോപ്പിന്നെ അച്ചാറിലും നമ്മള്‍ 'ഇന്‍സ്റ്റന്റ് ' ആയല്ലേ പറ്റുള്ളൂ. ഇത്തരം വിഭവങ്ങള്‍ കൊങ്കണി വിശേഷ ദിവസങ്ങളില്‍ മിക്കവാറും അച്ചാറിന് പകരമായോ കൂടെയോ വിളമ്പുന്നതാണ്. പേര് അച്ചാര്‍ എന്ന് തന്നെയാണെങ്കിലും സാധാരണ അച്ചാറുകളെ പോലെ ഇവ കേടു കൂടാതെ സൂക്ഷിക്കാന്‍ പറ്റാവുന്നവയല്ല. എങ്കിലും രണ്ടും മൂന്നും ദിവസങ്ങളൊക്കെ ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കാം. എരിവുള്ള ഒരു കറി എന്ന് വിളിക്കുന്നതായിരിക്കും ഉത്തമം.

ഇന്ന് പരിചയപെടുത്തുന്നത് പാവയ്ക്ക കൊണ്ടുള്ള 'നൊണ്‍ച്ചെ' അല്ലെങ്കില്‍ പാവയ്ക്ക അച്ചാര്‍. ഇതേ രീതിയില്‍ ചേന, ഉരുളക്കിഴങ്ങ്, കൂര്‍ക്ക കൊണ്ടൊക്കെ അച്ചാര്‍ ഉണ്ടാക്കുന്നതാണ്. ചോറിനോപ്പവും ഇഡ്ഡലിക്കും ദോശയ്ക്കും കൂടെ ഇത് വിളമ്പാവുന്നതാണ്.

        ആവശ്യമുള്ള സാധനങ്ങള്‍

പാവയ്ക്ക -1 ഇടത്തരം

വറ്റല്‍മുളക് -15- 20 എണ്ണം

വാളന്‍ പുളി -ഒരു ചെറുനെല്ലിക്ക വലുപ്പത്തില്‍

കടുക് - 2 ടീസ്പൂണ്‍

കായപ്പൊടി -1 ടീസ്പൂണ്‍

കറിവേപ്പില -2 കതിര്‍പ്പ്

വെളിച്ചെണ്ണ 2-3 ടീസ്പൂണ്‍

റിഫൈന്‍ഡ് ഓയില്‍ - വറുത്ത് കോരാനായി

ഉപ്പ് ആവശ്യത്തിന്

"പാവയ്ക്ക നേരിയതായി മുറിച്ചു ഉപ്പ് പുരട്ടി അരമണിക്കൂറോളം വയ്ക്കുക .

ശേഷം നന്നായി പിഴിഞ്ഞ് ചീനച്ചട്ടിയില്‍ ചൂടായ ഓയിലില്‍ വറുത്തു കോരുക. നല്ല ബ്രൗണ്‍ നിറത്തില്‍ മൊരിഞ്ഞു കിട്ടണം. ഇതേ സമയം വേറൊരു ചെറുപാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കി അതില്‍ വറ്റല്‍മുളക് ചെറുതീയില്‍ ചുവക്കെ വറുത്തു മാറ്റി വെയ്ക്കുക. ഇതേ എണ്ണയിലേക്ക് 1 ടീസ്പൂണ്‍ കടുകും, കായപ്പൊടിയും മൂപ്പിച്ചെടുക്കുക.

വറ്റല്‍മുളകും പുളിയും ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നന്നായി മഷിപോലെ അരച്ചെടുക്കുക. അവസാനം കടുകും കായവും ചേര്‍ത്ത് ഏതാനും സെക്കന്‍ഡുകള്‍ മാത്രം അരയ്ക്കുക. ഈ അരപ്പ് ഒരു കപ്പോളം വെള്ളം ചേര്‍ത്ത് ഒരു നുള്ള് ഉപ്പുമിട്ട് നന്നായി തിളപ്പിക്കുക. ഗ്രേവി ഇത്തിരി അയഞ്ഞു തന്നെ കിടന്നോട്ടെ. കുഴപ്പമില്ല. തിളച്ചു വരുമ്പോള്‍ തീ കുറച്ചു അഞ്ചു മിനിട്ടോളം ചെറുതീയിലിട്ട് തിളപ്പിച്ച് ശേഷം വാങ്ങി വെയ്ക്കുക. ഇതില്‍ 1 ടീസ്പൂണ്‍ കടുകും കറിവേപ്പിലയും താളിച്ചു ചേര്‍ക്കാം.

ഈ ഗ്രേവി ചൂടാറിയതിനു ശേഷം മാത്രം ഇതിലേക്ക് വറുത്തു വെച്ച പാവയ്ക്ക ചേര്‍ക്കുക. 'പാവയ്ക്ക നൊണ്‍ച്ചെ' തയ്യാര്‍.   https://noufalhabeeb.blogspot.com/?m=1

No comments:

Post a Comment