Friday, December 30, 2022

പുട്ട്

നല്ല മൃദുവായ പുട്ട് തയ്യാറാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

പുട്ട് തയ്യാറാക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഘടകമാണ് വെള്ളം ചേര്‍ക്കുന്നത്.

"ഏറെ ആരോഗ്യപ്രദമായ പ്രാതലുകളിലൊന്നാണ് പുട്ട്. നോണ്‍ വെജ്, വെജ് കറികള്‍ക്കൊപ്പം കഴിക്കാമെന്നതും ഈ കേരളവിഭവത്തിന് പ്രിയമേറ്റുന്നു. എന്നാല്‍, പതു പതുത്ത മൃദുവായ പുട്ട് തയ്യാറാക്കുന്നത് പലര്‍ക്കും ശ്രമകരമായ ജോലിയാണ്.

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നല്ല മൃദുവായ പുട്ട് തയ്യാറാക്കാന്‍ കഴിയും. പൊടി കുഴയ്ക്കുമ്പോള്‍ വെള്ളം ചേര്‍ക്കുന്നത് മുതല്‍ അരിപ്പൊടിയുടെ ഗുണമേന്മ വരെ ഇതില്‍ ചില ഘടകങ്ങളാണ്. മൃദുവായ പുട്ട് തയ്യാറാക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ പരിചയപ്പെടാം.

      വെള്ളം കുറച്ചായി ചേര്‍ക്കാം"

"പുട്ട് തയ്യാറാക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഘടകമാണ് വെള്ളം ചേര്‍ക്കുന്നത്. വെള്ളത്തിന്റെ അളവ് കൂടിയാലും കുറഞ്ഞാലും അത് കട്ടകെട്ടിപ്പോകാന്‍ കാരണമാകും. അതിനാല്‍ വെള്ളം ചേര്‍ക്കുമ്പോള്‍ ആവശ്യാനുസരണം കുറേശ്ശെയായി ചേര്‍ത്ത് കൊടുക്കാം. ആദ്യമേ ധാരാളം വെള്ളം ചേര്‍ക്കാതെ, പൊടി നനയുന്നതിന് അനുസരിച്ച് മാത്രം പടി പടിയായി ചേര്‍ത്ത് കൊടുക്കാം.

      പൊടിയുടെ ഗുണമേന്മ

വീട്ടിലുണ്ടാക്കുന്ന പുട്ടിന്റെ ഗുണമേന്മ നിര്‍ണയിക്കുന്നതില്‍ പ്രധാനപ്പെട്ട ഘടകമാണ് പുട്ടുപൊടിയുടെ ഗുണമേന്മ. നല്ല അരി പൊടിച്ചെടുത്ത് പുട്ടുപൊടി തയ്യാറാക്കാന്‍ ശ്രദ്ധിക്കണം. പുട്ടുപൊടി നേര്‍ത്ത് പോകാതെ സ്വല്‍പം തരിയിട്ട് തയ്യാറാക്കുന്നതാണ് നല്ലത്. അരിപ്പൊടി വറുത്തെടുക്കുന്നതും മൃദുവായ പുട്ട് തയ്യാറാക്കുന്നതിന് സഹായിക്കും.

         പൊടി കട്ടകെട്ടാതെ നോക്കാം

വെള്ളവും തേങ്ങയും ചേര്‍ക്കുമ്പോള്‍ ചിലപ്പോള്‍ പൊടി കട്ടകെട്ടിപ്പോകാന്‍ സാധ്യതയുണ്ട്. പുട്ടുകുറ്റിയില്‍ പൊടി ഇടുന്നതിന് മുമ്പായി പൊടിയിലെ കട്ടകള്‍ ഉടച്ച് ചേര്‍ക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ പുട്ട് തയ്യാറാക്കി കഴിയുമ്പോള്‍ പുട്ടിന്റെ മൃദുത്വം നഷ്ടപ്പെടാന്‍ കാരണമാകും.

       പുട്ടുകുറ്റി ഉപയോഗിക്കാം

പരമ്പരാഗത ശൈലിയിലുള്ള പുട്ട് കുറ്റിയില്‍ പുട്ട് തയ്യാറാക്കുന്നതാണ് ഏറ്റവും അനുയോജ്യം. പുട്ട് മൃദുവായി ലഭിക്കുന്നതിനും രുചി വര്‍ധിപ്പിക്കുന്നതിനും ഇത് സഹായിക്കും. മുള, അലൂമിനിയം, സ്റ്റീല്‍ എന്നിവയിലെല്ലാം നിര്‍മിച്ച പുട്ടുകുറ്റികള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഇനി പുട്ട് കുറ്റി ലഭ്യമല്ലെങ്കില്‍ അപ്പച്ചെമ്പില്‍ വൃത്തിയുള്ള കോട്ടണ്‍ തുണി വിരിച്ച് അതിനുമുകളില്‍ മാവ് ഇട്ട് പുട്ട് തയ്യാറാക്കാം.

     ആവശ്യത്തിന് മാത്രം ആവി കയറ്റാം

"പൊടി പുട്ടുകുറ്റിയില്‍ ഇട്ട് കഴിഞ്ഞാല്‍ ആവശ്യത്തിന് മാത്രം ആവി കയറ്റാം. കൂടുതല്‍ സമയം ആവി കയറ്റുന്നത് പൊടിയിലെ ജലാംശം നഷ്ടപ്പെടാനും പുട്ടിന്റെ മൃദുത്വം ഇല്ലാതാകാനും കാരണമാകും. അത് പോലെ ആവി കയറ്റുന്ന സമയം കുറഞ്ഞ് പോകാതിരിക്കാനും ശ്രദ്ധിക്കണം. കുറച്ച് സമയം മാത്രം ആവി കയറ്റുന്നത് പുട്ട് വേവാതിരിക്കാന്‍ കാരണമാകും."

No comments:

Post a Comment