Tuesday, December 31, 2019

ചിക്കൻ ടിക്ക പിസ്സ


പിസ്സ ബേസിന് വേണ്ട ചേരുവകൾ

മൈദ - 1 1/2 കപ്പ്
പഞ്ചസാര - 1 ടേബിൾസ്പൂൺ
യീസ്റ്റ് - 3/4 ടേബിള്‍സ്പൂൺ
വെള്ളം - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
ഒലിവ് ഓയിൽ - 1 ടേബിള്‍സ്പൂൺ

തയ്യാറാക്കുന്ന വിധം

കുറച്ച് വെള്ളത്തിൽ യീസ്റ്റ്, പഞ്ചസാര ചേര്‍ത്ത് മിക്സ് ചെയ്ത് വയ്ക്കുക. മാവ് കുഴക്കാനുള്ള പാത്രത്തിൽ മൈദ ഇട്ട ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പ്,ഒലീവ് ഓയിൽ ചേർത്ത് നന്നായി മിക്സാക്കുക.ഇതിലേക്ക് തയ്യാറാക്കി വെച്ച ഈസ്റ്റ് വെള്ളം ചേര്‍ത്ത് ചപ്പാത്തിക്ക് കുഴക്കുന്ന പോലെ നല്ല മയത്തിൽ കുഴച്ചെടുക്കുക.മാവിന് മുകളിൽ കുറച്ച് ഒലീവ് ഓയിൽ തടവി കവർ ചെയ്ത് 2 മണിക്കൂർ പൊങ്ങാൻ വെക്കുക.

ചിക്കൻ ടിക്കയ്ക്ക് വേണ്ട ചേരുവകൾ

ചിക്കൻ - 250 ഗ്രാം
മുളകുപൊടി - 1 ടീസ്പൂൺ
ഗരംമസാലപൊടി - 1/2 ടീസ്പൂൺ
തൈര് - 2 ടേബിൾ സ്പൂൺ
ഇഞ്ചി - 1/2 ടീസ്പൂൺ
വെളുത്തുള്ളി - 1/2 ടീസ്പൂൺ
ലെമൺ ജൂസ് - 1/2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചിക്കനിൽ മുളകുപൊടി, ,ഗരംമസാലപൊടി ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,നാരങ്ങാ നീര് ,ഉപ്പ് ,തൈര് എല്ലാം പുരട്ടി 1/2 മണിക്കൂർ വയ്ക്കുക. അതിന് ശേഷം ഒരു പാനിൽ ആവശ്യത്തിന് ഓയിൽ ഒഴിച്ച് ചിക്കൻ ഫ്രൈ ചെയ്യുക.ചിക്കൻ ടിക്ക റെഡി.

പിസ്സ സോസിന് വേണ്ട ചേരുവകൾ

ടൊമാറ്റോ പ്യൂരി - 1/2 കപ്പ്
ഒറിഗാനോ - 1 ടീസ്പൂൺ
സവാള - 1 മീഡിയം
വെളുത്തുള്ളി - 1/2 ടീസ്പൂൺ
ചില്ലി ഫ്ളേക്സ് - 1/2 ടീസ്പൂൺ
ഒലീവ് ഓയിൽ - 1 ടേബിൾസ്പൂൺ
മൊസറെല്ല ചീസ് - 2 ടേബിൾസ്പൂൺ
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

 പാൻ ചൂടാക്കി ഒലീവ് ഓയിൽ ഒഴിച്ച് സവാള, വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തിളക്കിയ ശേഷം ചില്ലി ഫ്ളേക്സ് ചേർക്കുക. ശേഷം ടൊമാറ്റോ പ്യൂരി, ഒറിഗാനോ ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് പാത്രം അടച്ചു വെച്ച് 5 മിനിറ്റ് വേവിക്കുക. എണ്ണ തെളിഞ്ഞു വരുമ്പോൾ ചീസ് ചേർക്കുക .ചീസ് മെൽറ്റായാൽ തീ ഓഫ് ചെയ്യുക .പിസ സോസ് റെഡി

ടോപ്പിങ്ങിന് വേണ്ട ചേരുവകൾ

കാപ്സിക്കം - ആവശ്യത്തിന് (ഗ്രീൻ, യെല്ലോ, റെഡ് )
ബ്ലാക്ക് ഒലീവ്സ് - ആവശ്യത്തിന്
മൊസറെല്ല ചീസ് - ആവശ്യത്തിന്
സവാള - ആവശ്യത്തിന്

പിസ തയ്യാറാക്കുന്ന വിധം

പിസ്സ പാനിൽ മാവ് കൈ കൊണ്ട് പരത്തുക.പിസ്സ സോസ് ഇട്ടു കൊടുക്കുക. ശേഷം സോസിന് മുകളിൽ ചീസിടുക. അതിനു മുകളിലായി വെജിറ്റബിൾസ് ,തയ്യാറാക്കി വെച്ച ചിക്കൻ മിൻസ് ചെയ്ത് ഇട്ടു കൊടുക്കുക. വീണ്ടും മുകളിൽ വീണ്ടും കുറച്ച് ചീസ് ഇട്ട് കൊടുക്കാം.200 ഡിഗ്രിയിൽ 20- 25 മിനിറ്റ് വരെ കുക്ക് ചെയ്യുക.ചൂടോടെ വിളമ്പുക.

Monday, December 30, 2019

ചിക്കൻ ടിക്ക‬‬‬‬‬‬‬‬‬‬‬ ( KERALA STYLE )



ചിക്കൻ ടിക്ക പുറത്തു നിന്ന് വാങ്ങി എല്ലാരും കഴിച്ചിട്ടുണ്ടാവും. ..എന്നാലിത് വീട്ടിൽ തന്നെ ഈസിയായി ഉണ്ടാക്കി നോക്കിയാലോ. . നമുക്കിത് ഓവനിലും പാനിലും ഗ്രിൽ ചെയ്തെടുക്കാം. 

 
 ടിക്കക്ക് രണ്ടു മാരിനേഷൻ ഉണ്ട് . കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും ചിക്കൻ marinate ചെയ്തു ഫ്രിഡ്ജിൽ വെക്കുക (freeze ചെയ്യരുത് ).  

ആദ്യത്തെ മാരിനേഷനു വേണ്ട ചേരുവകൾ:

 ചിക്കൻ എല്ലില്ലാതെ എടുത്തു ക്യൂബ്സ് ആയി മുറിച്ചത്. ..200 ഗ്രാം 
ഇഞ്ചി വെളുത്തുളളി പേസ്റ്റ്. ..1ടേ സ്പൂൺ 
കാശ്മീരി മുളകുപൊടി.. രണ്ട് ടീസ്പൂൺ 
മഞൾ പൊടി. ..അര ടീസ്പൂൺ
തൈര് .....അര കപ്പ്
നാരങ്ങ നീര്. .1 ടേ സ്പൂൺ 
ഉപ്പ്. ..പാകത്തിന് 

        ആദ്യം ചിക്കനിൽ ഉപ്പും മുളകും മഞ്ഞളും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും തൈരും നാരങ്ങാ നീരും ചേർത്ത് നന്നായി യോജിപ്പിച്ചു 3 to 4 മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക. അതിനു ശേഷം രണ്ടാമത്തെ മാരിനേഷനു ബാക്കിയുള്ള ചേരുവകൾ തയാറാക്കുക 
                             
സവാള വലിയ ക്യൂബ്സ് ആയി മുറിച്ചു അടർത്തിയെടുത്തത്. ...1 കപ്പ്
പച്ച,മഞ്ഞ,ചുവപ്പ് കളർ കാപ്സിക്കം. ..അര കപ്പ് വീതം 
കസൂരി മേത്തി. ..ഒരു സ്പൂൺ
മല്ലിപ്പൊടി. ..ഒരു സ്പൂൺ 
നല്ല ജീരകം പൊടിച്ചത്... അര ടീസ്പൂൺ 
ഗരം മസാല പൊടി ...ഒരു സ്പൂൺ 
ഒലിവ് ഓയിൽ ....ഒരു ടേ സ്പൂൺ 

ചിക്കൻ പുറത്തെടുത്ത് ബാക്കി എല്ലാം
ചേർത്ത് വീണ്ടും 30 minute മാറ്റിവെക്കുക.
                        
Skewer sticks 15 മിനിറ്റു വെളളത്തിൽ മുക്കി വെക്കുക. .

 പിന്നെ Skewer ഇൽ ചിക്കൻ,സവാള,കാപ്സിക്കം ഓരോന്നായി ഇടവിട്ട് കോർത്ത് വെക്കുക. ..പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 20 മിനിറ്റു ഗ്രിൽ ചെയ്തെടുക്കുക .. 10 മിനിറ്റ് കഴിഞ്ഞാൽ തിരിച്ചു വെച്ച് ഓയിൽ ബ്രഷ് ചെയ്ത് കൊടുക്കണം. ...
ഇതേ പോലെ പാനിലും ചെയ്തെടുക്കാം. ..
നല്ല ടേസ്റ്റി ചിക്കൻ ടിക്ക റെഡി.

Sunday, December 29, 2019

കപ്പ ബിരിയാണി


വായിൽ വെള്ളമൂറുന്നുണ്ടോ ??

മലയോര മേഖലയുടെ തനത് വിഭവമാണ് കപ്പ ബിരിയാണി. കല്യാണം, വീടുകൂടല്‍, പള്ളിപരിപാടികള്‍ അങ്ങനെ ആഘോഷം ഏതായാലും തലേദിവസം രാത്രിയില്‍ കപ്പ ബിരിയാണി തീന്മേശയിലെത്തും. തനി നാടന്‍ ചേരുവകള്‍ ചേർത്തു ണ്ടാക്കുന്ന കപ്പ ബിരിയാണി സ്വാദിന്റെ കാര്യത്തില്‍ മുന്നിട്ടു നില്ക്കു മെന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലും കപ്പ , കപ്പയും ഇറച്ചിയും എന്നീ പേരുകളിലും അറിയപ്പെടുന്നു. വേവിച്ച കപ്പയോടൊപ്പം ഇറച്ചി ചേർത്തുണ്ടാക്കുന്ന ഈ വിഭവം പോത്തിറച്ചിയോടൊപ്പമാണു തയാറാക്കാറുള്ളത്

കപ്പ ബിരിയാണി

കപ്പ - ഒരു കിലോ
ബീഫ് എല്ലോടു കൂടിയത് - ഒരു കിലോ (വാരിയെല്ലാണ് ഇതിന് ഏറെ ഉത്തമം. )
ഇഞ്ചി ചതച്ചത് - 1 കഷണം
വെളുത്തുള്ളി ചതച്ചത് – 1 തുടം / കുടം
സവാള വലുത് - 2 എണ്ണം
ചുവന്നുള്ളി – 5–6 എണ്ണം
മല്ലിപ്പൊടി – 2 ടേബിള്‍ സ്പൂണ്‍
മുളകുപൊടി - 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്പ്പൊിടി – 1/2 ടീസ്പൂണ്‍
മീറ്റ് മസാലപ്പൊടി - 2 ടേബിള്‍ സ്പൂണ്‍
കുരുമുളക് - 1 ടീസ്പൂണ്‍
ഗരം മസാല പൊടിച്ചത് - 1 ടീസ്പൂണ്‍
ഉപ്പ്, കറിവേപ്പില,വെളിച്ചണ്ണ , കടുക് - പാകത്തിന്

തയ്യാറാക്കുന്ന വിധം

ബീഫ് കഴുകി പാകത്തിന് ഉപ്പു, 1/2 ടേബിള്‍ സ്പൂണ്‍ മുളക് പൊടി , 1 ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടി , അര ടീസ്പൂണ്‍ കുരുമുളക് പൊടി , 1/4 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി, അര ടീസ്പൂണ്‍ ഗരം മസാല എന്നിവ തിരുമ്മി അര മണിക്കൂര്‍ വെക്കുക.

അതിനു ശേഷം 20 മിനുട്ട് മീഡിയം തീയില്‍ കുക്കറില്‍ വെള്ളം ചേർക്കാതെ വേവിക്കുക.

ഇനി കപ്പ നുറുക്കി ഉപ്പിട്ട് പകുതി വേവിച്ചെടുക്കുക. ശേഷം വെള്ളം ഊറ്റിക്കളഞ്ഞു വെക്കുക.

ഫ്രയിംഗ് പാനില്‍ ആവശ്യത്തിനു എണ്ണ ചൂടാക്കി സവോള , വെളുത്തുള്ളി , കറിവേപ്പില, ഇഞ്ചി ചതച്ചത് എന്നിവ വഴറ്റി ബാക്കിയിരിക്കുന്ന മസാലകള്‍ എല്ലാം ചേർത്തു നന്നായി മൂപ്പിച്ചെടുക്കുക.

വേവിച്ചു വെച്ചിരിക്കുന്ന ബീഫും , വഴറ്റി വെച്ചിരിക്കുന്ന മസാലക്കൂട്ടും കപ്പയിലേക്ക് ചേർത്തു നന്നായി ഇളക്കി ചെറു തീയില്‍ 15-20 മിനുട്ട് മൂടി വെച്ച് വേവിക്കുക. ബീഫിന്‍റെ നെയ്യും, എല്ലിലെ മജ്ജയും ഉരുകി കപ്പയില്‍ ചേരണം. അതാണ്‌ രുചി.

ഒരു ഫ്രയിംഗ് പാനില്‍ ആവശ്യത്തിനു എണ്ണ ചൂടാക്കി കടുക് , കറിവേപ്പില, ചുവന്നുള്ളി എന്നിവ താളിച്ച്‌ കപ്പയിലേക്ക് ചേർത്തു നന്നായി ഇളക്കി കൂട്ടി കുഴച്ചെടുക്കുക.

നല്ല വാസനയോടു കൂടിയ കപ്പ ബിരിയാണി റെഡി . വാഴയില കിട്ടുമെങ്കില്‍ ചൂടോടെ അതില്‍ വിളമ്പി കട്ടന്‍ ചായയുടെ കൂടെ കഴിക്കാം.

NB:- പല സ്ഥലങ്ങളിലും പല രീതിയില്‍ ആണ് ഉണ്ടാക്കുന്നത്‌ ...ഇത് ഒരു രീതി മാത്രം

Saturday, December 28, 2019

കൂട്ടു പായസം


ചേരുവകൾ

നുറുക്ക് ഗോതമ്പ് 100 g
ചെറുപയർ പരിപ്പ് 100 g
ഉണക്കലരി 100 g
അവൽ 100 g (ചുവന്ന അവൽ )
നെയ് 50 g
ശർക്കര പാനിയാക്കി അരിച്ചത് മധുരത്തിന് ആവശ്യമായത്
തേങ്ങാപ്പാൽ (ഒന്നാം പാൽ ) 1 കപ്പ്
പശുവിൻ പാൽ ഒരു ലിറ്റർ കാച്ചിയത് ( ചൂട് പാൽ )
തേങ്ങാ കൊത്ത്, ഉണക്കമുന്തിരി ,കശുവണ്ടി നെയ്യിൽ വറുത്തത് 50 g
ഏലക്കാ പൊടിച്ചത് 2 tspn
ചുക്ക് പൊടിച്ചത് 1/2 ടി സ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാൻ വച്ച് ചൂടാകുമ്പോൾ അവൽ, ചെറുപയർ പരിപ്പ് വെവ്വേറേയായി ഒരു 2,3മിനിറ്റ് വ്റുത്ത് മാറ്റി വയ്ക്കുക ,ഒരു ഉരുളി വച്ച് 1/2 ലിറ്റർ വെള്ളം വച്ച് ആദ്യം അരി കഴുകി ഇടുക അരി ഒരു മുക്കാൽ വേകാമ്പുഴേക്കും നുറുക്ക് ഗോതമ്പും ,ചെറുപയർ പരിപ്പും കഴുകി ഇട്ടു ചെറുതീയിൽ വേവിക്കുക.ഇതിന്റെയും പകുതി വേകാമ്പുഴേക്കും അവൽ വറുത്ത് വച്ചത് ഇടുക (വെള്ളം പോരാങ്കിൽ അല്പം ചൂട് വെള്ളം ഒഴിക്കാം) വെന്ത് വെള്ളം വറ്റി തുടങ്ങുമ്പോൾ ശർക്കര പാനിയും ,നെയ്യും ചേർത്ത് ചെറുതീയിൽ ഒരു പത്ത് മിനിറ്റ് കൈ വിടാതെ ഇളക്കുക .കൂടെ കുറേേശ്ശയായി ചൂട് പാൽ ഒഴിച്ച് കൊടുക്കാം. പായസ്സം കുറുകി തുടങ്ങുമ്പോൾ തേങ്ങാപ്പാലും എലക്കാ പൊടിയും,ചുക്ക് പ്പൊടിയും ഇട്ട് ഇളക്കി തീ ഓഫ് ചെയിത ശേഷം കശുവണ്ടി,ഉണക്കമുന്തിരി, തേങ്ങാകൊത്ത് വറുത്തതും ഇട്ട് കൊടുക്കാം

Thursday, December 26, 2019

ചിക്കൻ ചെട്ടിനാട്



ആവശ്യമായ സാധനങ്ങൾ:

ചിക്കൻ – അര കിലോ
എണ്ണ – 75 മില്ലി
സവാള – 150 gm
തക്കാളി – 100 gm
കറുകപ്പട്ട – 2 gm
ഗ്രാമ്പു – 2 gm
ഏലക്ക – 2 gm
ജീരകം – 5 gm
കറിവേപ്പില – 2 gm
മഞ്ഞൾപൊടി – 2 gm
ഉപ്പ് – ആവശ്യത്തിനു
കൊത്തമല്ലി ഇല (coriander leaves) – 25 gm

പേസ്റ്റ് ഉണ്ടാക്കാൻ:

സവാള – 100 gm
ഇഞ്ചി – 50 gm
വെളുത്തുള്ളി – 50 gm
പെരുംജീരകം – 50 gm
ജീരകം – 20 gm
കുരുമുളക് – 25 gm
ചുവന്ന മുളക് – 10 gm
തേങ്ങ വറുത്തു എടുത്തത് 100 gm

പാകം ചെയ്യുന്ന വിധം:

പേസ്റ്റ് ഉണ്ടാക്കാനുള്ള ചേരുവകൾ അരക്കുക. ചിക്കൻ കഷണങ്ങളാക്കി അതിൽ പേസ്റ്റ് പുരട്ടുക. തക്കാളിയും മല്ലിയിലയും സവാളയും അരിയുക.
എണ്ണ ചൂടാക്കി അതിൽ കറുകപ്പട്ട, ഏലക്ക , ഗ്രാമ്പു, ജീരകം എന്നിവ ഇട്ടു ഇളക്കുക.

അതിലേക്കി സവാളയും കറിവേപ്പിലയും ചേർക്കുക, സവാള ഗോൾഡൻ കളർ ആകുന്ന വരെ ഇളക്കുക. അതിലേക്കു തക്കാളി ചേർത്ത് 5 മിനിറ്റ് ഇളക്കുക.

പുരട്ടി വച്ച ചിക്കൻ കഷണങ്ങളും മഞ്ഞൾപൊടിയും ചേർക്കുക. ഏകദേശം 10 മിനിറ്റോളം ഇളക്കുക. ഇടയ്ക്കിടെ ആവശ്യത്തിനുള്ള വെള്ളം ചേർക്കുക
ആവശ്യത്തിനു ഉപ്പു ചേർത്ത് മൂടി വച്ച് വേവിക്കുക. രുചിയനുസരിച്ചു കൂടുതൽ മുളകുപൊടിയോ കുരുമുളകോ ചേർക്കാം. തയ്യാറായതിനു ശേഷം മുകളിൽ മല്ലിയില വിതറി അലങ്കരിക്കാം.

Wednesday, December 25, 2019

പാഷന്‍ഫ്രൂട്ട് പുഡിങ്


ചേരുവകള്‍

വെണ്ണ- 60 ഗ്രാം
പഞ്ചസാര- 3/4 കപ്പ്
മുട്ട- 2 എണ്ണം
ചെറുനാരങ്ങാനീര്- 2 ടേബിള്‍ സ്പൂണ്‍
പാഷന്‍ഫ്രൂട്ട് പള്‍പ്പ്- 1/2 കപ്പ്
പാല്‍- 1 കപ്പ്
മൈദ- 1/4 കപ്പ്
ചെറുനാരങ്ങയുടെ തൊലി (ഗ്രേറ്റ് ചെയ്തത്)- 1 നാരങ്ങയുടെ

തയ്യാറാക്കുന്ന വിധം

വെണ്ണയും പഞ്ചസാരയും ഒരു പാത്രത്തിലെടുത്ത നന്നായി അടിച്ചതിന് ശേഷം ഒരു മുട്ടയുടെ മഞ്ഞ ചേര്‍ത്ത് വീണ്ടും നന്നായി അടിച്ചെടുക്കുക. രണ്ടാമത്തെ മുട്ടയുടെ മഞ്ഞയും ഇതിലേക്ക് ചേര്‍ത്ത് വീണ്ടും നന്നായി യോജിപ്പിക്കുക.
ചെറുനാരങ്ങയുടെ തൊലി, നാരങ്ങാ ജ്യൂസ്, പാഷന്‍ ഫ്രൂട്ട്, പാല്‍, മൈദ എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. 180 ഡിഗ്രി സെല്‍ഷ്യസില്‍ ഓവന്‍ ചൂടാക്കി വെയ്ക്കണം. ഒരു പാത്രത്തില്‍ വെണ്ണ പുരട്ടി മിശ്രിതം അതിലേക്ക് പകര്‍ന്നതിന് ശേഷം ഓവനില്‍ 45 മിനിറ്റ് വേവിക്കുക. വെന്തതിന് ശേഷം പുറത്തെടുത്ത് ഐസിങ് വെച്ച് അലങ്കരിച്ചതിന് ശേഷം വിളമ്പാം.

Tuesday, December 24, 2019

പൈനാപ്പിള്‍ കേക്ക്


ചേരുവകൾ

പൈനാപ്പിള്‍ പൊടിയായി അരിഞ്ഞത് - ഒരു കപ്പ്
മൈദ - 800 ഗ്രാം
മഞ്ഞ ഫുഡ് കളര്‍ - ഒരു നുള്ള്
ബേക്കിങ് പൗഡര്‍ - ഒരു നുള്ള്
അണ്ടിപ്പരിപ്പ് പൊട്ട് - കാല്‍ക്കപ്പ്
ബദാം അരിഞ്ഞത് - പത്തെണ്ണം
കോഴിമുട്ട - മൂന്നെണ്ണം
വെണ്ണ - 400 ഗ്രാം
പഞ്ചസാര - 250 ഗ്രാം
നെയ്യ് - 50 മില്ലി

തയ്യാറാക്കുന്നവിധം

പൈനാപ്പിള്‍ പൊടിയായി അരിഞ്ഞത്‌ നെയ്യ് ചേര്‍ത്ത് ചെറിയ ചീനച്ചട്ടിയില്‍ വറുത്തെടുക്കുക. മൈദപ്പൊടി, ബേക്കിങ് പൗഡര്‍ എന്നിവ നന്നായി മിക്‌സാക്കി കുഴച്ചുവെക്കുക. കോഴിമുട്ടയില്‍ പഞ്ചസാര നന്നായിഅടിച്ച് പതപ്പിക്കുക. അതിലേക്ക് വെണ്ണ, പൈനാപ്പിള്‍ എസന്‍സ്, അണ്ടിപ്പരിപ്പ് പൊട്ട്, ബദാം അരിഞ്ഞത് എന്നിവയും വറുത്തു വെച്ച പെനാപ്പിളും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തതിനു ശേഷം ബട്ടര്‍പേപ്പര്‍ വിരിച്ച ബേക്കിങ് പാത്രത്തില്‍ പകര്‍ന്ന് ബേക്കിങ് തട്ട് ഓവനില്‍ വെച്ച് 170 ഡിഗ്രി ചൂടില്‍ 50 മിനിറ്റ് വേവിക്കുക. പൈനാപ്പിള്‍ കേക്ക് റെഡിയായി.

Monday, December 23, 2019

പഴ കേക്ക്


നേന്ത്ര പഴം -2
മുട്ട -3
പഞ്ചസാര - 2 Spn
ഏലക്ക -4
അണ്ടി പരിപ്പ്
മുന്തിരി
നെയ്യ് -2tsp

തയ്യാറാകുന്ന വിധം :
നേന്ത്ര പഴം ചെറുതായി അരിഞ്ഞത് നെയ്യിൽ വഴറ്റി എടുക്കുക. ശേഷം അത് ചൂടാറാൻ വെക്കുക. ആ സമയത്തു മുട്ടയും ഏലക്കായും പഞ്ചസാരയും മിക്സിയിൽ അടിച്ചെടുക്കുക. ഇത് ചൂടാറിയ പഴത്തിലേക്ക് ഒഴിക്കുക. ചൂട് ഇല്ലെന്നു ഉറപ്പ് വരുത്തണം ഇല്ലെങ്കിൽ മുട്ട വേവും. ഈ കൂട്ട് നന്നായി മിക്സ്‌ ചെയുക. ഒരു പാൻ അടുപ്പിൽ വെച്ചു നെയ്യ് ഒഴിച്ച് അണ്ടിപരിപ്പും മുന്തിരിയും വറുത്തെടുക്കുക. ഇത് മാറ്റിവെക്കുക. ഇനി ആ പാനിലേക്ക് തയ്യാറാക്കി വെച്ച പഴത്തിന്റെ മിക്സ്‌ ഒഴിക്കുക മേലെ വറുത്ത വെച്ച അണ്ടിപരിപ്പും മുന്തിരിയും വിതറുക. ഒരു അടപ്പ് വെച്ച് ചെറിയ തീയിൽ 10mint വേവിക്കുക

Sunday, December 22, 2019

ഫിഷ് മോളി


ആവശ്യമുള്ള സാധനങ്ങള്‍

1 കഷണം മീന്‍ 500 ഗ്രാം(അയ്ക്കൂറ, ആവോലി, നെയ്മീന്‍ തുടങ്ങി എന്തെങ്കിലും ആവാം)
2 സവോള അരിഞ്ഞത് -2
3 തക്കാളി - 3എണ്ണം
4 പച്ചമുളക് - 5എണ്ണം
5 ഇഞ്ചി - ചെറിയ കഷണം(ചതച്ചത്)
6 വെളുത്തുള്ളി - 4അല്ലി(ചതച്ചത്)
7 ഉണക്ക മുളക്- 3(വറുത്ത് പൊടിക്കുക)
8 തേങ്ങാപ്പാല്‍- 2കപ്പ് തേങ്ങയില്‍ നിന്നുള്ളത്
9 വിനാഗിരി -1 ടേബിള്‍ സ്പൂണ്‍
10 കശുവണ്ടിപ്പരിപ്പ് - 5എണ്ണം(അരച്ചത്)
11 മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
12 കറിവേപ്പില- ആവശ്യത്തിന്
13 ഉപ്പ് - പാകത്തിന്
14 ഓയില്‍- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മീന്‍ വൃത്തിയാക്കി മുറിച്ച് വെള്ളം വാര്‍ത്ത് വയ്ക്കുക. ചുവട് കട്ടിയുള്ള പാത്രത്തില്‍ എണ്ണ നന്നായി തിളയ്ക്കുമ്പോള്‍ അതിലേയ്ക്ക് സവാളയിട്ട് വഴറ്റുക. ഇതിനൊപ്പം വെളുത്തുള്ള ചതച്ചതും ചേര്‍ക്കുക. നന്നായി വഴന്നുവന്നാല്‍ പച്ചമുളക് കീറയിത് ഇട്ട് ഇളക്കുക. പിന്നാലെ തക്കാളി മുറിച്ചതും ഇടുക(തക്കാളി മുഴുവന്‍ ഇടാതെ ഒന്നിന്റെ പകുതി മാറ്റിവയ്ക്കുക).

ഇതിലേയ്ക്ക് മുളക് പൊടിയും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്തിളക്കുക. ഇവയുടെ പച്ചമണം മാറി കുറുകുമ്പോള്‍ ഇതിലേയ്ക്ക് തേങ്ങാപ്പാലും അരച്ചുവച്ച് കശുവണ്ടിപ്പരിപ്പും ചേര്‍ത്തിളക്കുക, ഒപ്പം വിനാഗിരിയും ചേര്‍ക്കുക. ഇത് നന്നായി തിളയ്ക്കാന്‍ വിടുക. ഇവ നന്നായി തിളച്ച് രുചിവരുമ്പോള്‍ വൃത്തിയാക്കിവച്ചിരിക്കുന്ന മീന്‍ ചേര്‍ത്ത് ഇളക്കി വീടും തിളപ്പിക്കുക.

തീ കുറച്ച് പാത്രം അടച്ചുവച്ച് വേവിയ്ക്കുക. ചാറ് നന്നായി കുറുകി മീന്‍ വേവുന്നതുവരെ ഇങ്ങനെ തിളപ്പിക്കണം. ചാറ് വല്ലാതെ കുറുകിയിരിക്കുന്നുവെങ്കില്‍ അല്‍പം വെള്ളം ചേര്‍ത്ത് പാകത്തിന് അയവു വരുത്താം. നന്നായി തിളച്ചുവരുമ്പോള്‍ നേരത്തേ മാറ്റിവച്ച കഷണം തക്കാളി ചെറുതായി നുറുക്കി ചേര്‍ത്ത് ഒന്നുകൂടി തിളപ്പിക്കുക മീന്‍ വെന്തുകഴിഞ്ഞുവെന്ന് ഉറപ്പായാല്‍ കറിവേപ്പില ചേര്‍ത്ത് ഇറക്കി വയ്ക്കുക

ചോറ് പത്തിരി എന്നിവയ്‌ക്കൊപ്പമെല്ലാം ഫിഷ് മോളി കഴിയ്ക്കാം, തക്കാളി അരിഞ്ഞ് ചേര്‍ക്കുന്നതിന് പകരം മിക്‌സിയില്‍ നന്നായി അടിച്ചെടുത്ത് ചേര്‍ത്താലും നല്ല രുചിയുണ്ടാകും. ഈ കറിയില്‍ പുളി ചേര്‍ക്കുന്നില്ല, തക്കാളിയുടെ പുളി മാത്രമാണ് ഉപയോഗിക്കുന്നത്. തേങ്ങാപ്പാലിന് പകരം തേങ്ങാ അരച്ചത് ചേര്‍ത്തും കറി ഉണ്ടാക്കി പരീക്ഷിക്കാവുന്നതാണ്.

Saturday, December 21, 2019

കരിമീന്‍ പൊള്ളിച്ചത്


ആവശ്യമായ സാധനങ്ങള്‍

കരിമീന്ഃ വലുത്2, ചെറുത് 3
ഇഞ്ചി, വെളുത്തുള്ളി ഃ 1 ടേബിള്‍ സ്പൂണ്‍ (ചെറുതായി അരിഞ്ഞത്)
പച്ചമുളക്ഃ 5 എണ്ണം
ചെറിയ ഉള്ളി ഃ 2 1/2 കപ്പ്
കാശ്മീരി മുളകുപൊടി ഃ 1 ടീസ്പൂണ്‍
മഞ്ഞള്പൊമടി ഃ 1/2 ടീസ്പൂണ്‍
കുരുമുളകുപൊടി ഃ 1/2 ടീസ്പൂണ്‍
തക്കാളി ഃ 2 എണ്ണം
കറിവേപ്പില ഃ 3 എണ്ണം
കടുക് ഃ 1 ടീസ്പൂണ്‍
വാഴയില ഃ മീന്‍ പൊതിയാന്‍
വെളിച്ചെണ്ണ ഃ ആവശ്യത്തിന്
ഉപ്പ് ഃ ആവശ്യത്തിന്

മാരിനേഷന് ഃ

കാശ്മീരി മുളകുപൊടി ഃ 1 ടീസ്പൂണ്‍
മഞ്ഞള്പൊമടി ഃ 1/2 ടീസ്പൂണ്‍
കുരുമുളകുപൊടി ഃ 1/2 ടീസ്പൂണ്‍
ഉപ്പ് ഃ ആവശ്യ/ിന്
ചെറുനാരങ്ങ നീര് ഃ 1 1/2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധംഃ

മീന്‍ വ്യത്തിയാക്കി കഴുകിയതിനു ശേഷം ഇരുവശവും വരയുക. മാരിനേഷനായി തയ്യാറാക്കി വച്ചിരിക്കുന്നവയെല്ലാം കൂടി പേസ്ററ് പരുവത്തിലാക്കി മീനില്‍ പുരട്ടി ഒരു മണിക്കൂര്‍ നേരം ഫ്രിഡ്ജില്‍ വയ്ക്കുക. ഒരു മണിക്കൂറിനുശേഷം മീന്‍ പുറത്തെടുത്ത് നോണ്സ്റ റിക് പാനില്‍ അല്പം വെളിച്ചെണ്ണയൊഴിച്ച് പാതി വേവില്‍ വറുത്തു മാററി വയ്ക്കുക.
ഇനി മീനിലേയ്ക്കുള്ള മസാല തയ്യാറാക്കുന്നതിനായി പാനില്‍ എണ്ണയൊഴിച്ച് ആദ്യം കടുക് പൊട്ടിയ്ക്കണം. കറിവേപ്പില ഇട്ടശേഷം ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത്, പച്ചമുളക്, ചെറിയ ഉള്ളി എന്നിവ വഴററണം. ഉള്ളി വഴന്നു വരുമ്പോള്‍ തീകുറച്ചതിനുശേഷം കാശ്മീരി മുളകുപൊടി,മഞ്ഞള്പൊളടി,കുരുമുളകുപൊടി എന്നിവ ചേര്ക്കേണം. അതിനുശേഷം അരിഞ്ഞു വച്ചിരിയ്ക്കുന്ന തക്കാളിയും പാകത്തിന് ഉപ്പും ചേര്ക്കുഎക. തക്കാളി നന്നായി വാടിയ ശേഷം തീ അണച്ച് മസാല മാററി വയ്ക്കുക.
വാഴയില ആവശ്യമുള്ള വലുപ്പത്തില്‍ കീറിയെടുത്ത് ചെറുതീയുടെ മുകളില്‍ കാണിച്ച് വാട്ടിയെടുക്കുക.മീന്‍ പൊതിയുമ്പോള്‍ കീറിപോകാതിരിയ്ക്കാനാണിത്. വാഴയില നിവര്ത്തി വച്ച് നടുവിലായി അല്പം മസാല വെയ്ക്കുക അതിനുമുകളിലായി വറുത്തു വച്ചിരിയ്ക്കുന്ന കരിമീന്‍ വയ്ക്കുക. മീനിനു മുകളില്‍ വീണ്ടും കുറച്ചു മസാല വയ്ക്കുക. അതിനുശേഷം വാഴയിലപൊതിഞ്ഞ് കെട്ടിവയ്ക്കുക. വലിയ പാന്‍ വച്ച് ചൂടാകുമ്പോള്‍ 2 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. പൊതിഞ്ഞു വച്ചിരിയ്ക്കുന്ന കരിമീന്‍ പാനില്‍ വച്ച് ഓരോ വശവും 10 മിനിററു വീതം അടച്ചു വച്ചു വേവിയ്ക്കുക.
20 മിനിററിനുശേഷം തീ അണച്ച് മീന്‍ ചൂടോടെ അലങ്കരിച്ച് വിളമ്പാം 

Friday, December 20, 2019

കരിമീന്‍ മപ്പാസ്‌


ആവശ്യമുള്ള സാധനങ്ങള്‍:

കരിമീന്‍ - 1/2 കിലോ
വെളിച്ചെണ്ണ - 2 സ്പൂണ്‍
കടുക് - 1/2 ടീസ്പൂണ്‍
ഉലുവ - രണ്ട് നുള്ള്
സവാള - കാല്‍ കപ്പ്
പച്ചമുളക് - രണ്ട്
ഇഞ്ചി - ഒരു ടീസ്പൂണ്‍
വെളുത്തുള്ളിയല്ലി - പതിനഞ്ച്
മല്ലിപ്പൊടി - 1സ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
മഞ്ഞള്‍ പൊടി- അര ടീസ്പൂണ്‍
വെള്ളം- ഒരു കപ്പ്
കൊടമ്പുളി നാലു കഷ്ണം
കറിവേപ്പില - ഒരു കതിര്‍പ്പ്
പൊടിയുപ്പ്- പാകത്തിന്
പശുവിന്‍ പാല്‍ - അര കപ്പ്
മൈദ - ഒരു ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം:

മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍ പൊടി എന്നിവ കുതിര്‍ത്തു വയ്ക്കുക. മൈദ പാലില്‍ കലക്കി വയ്ക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കടുകും ഉലുവായും ഇട്ട് പൊട്ടിയ ശേഷം പച്ചമസാലകള്‍ വഴറ്റുക. ഇതില്‍ കുതിര്‍ത്തു വച്ചിരിക്കുന്ന പൊടികള്‍ ചേര്‍ത്ത് ചെറുതീയില്‍ വഴറ്റണം. ഒരു കപ്പു വെള്ളവും കൊടമ്പുളിയും ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ മീനും കറിവേപ്പിലയും ചേര്‍ത്ത് ഒന്ന് തിളച്ചാലുടന്‍ പാകത്തിന് ഉപ്പ് ചേര്‍ക്കുക.മീനിന്റെ ചാറ് മുക്കാലും വറ്റുമ്പോള്‍ തീ കുറച്ച് മൈദ പാലില്‍ കലക്കിയത് കറിയില്‍ ഒഴിച്ച് പാത്രം ചുറ്റിച്ച് വയ്ക്കുക. ചാറ് ഇടത്തരം അയവില്‍ ആകുമ്പോള്‍ വാങ്ങി ചൂടോടെ ഉപയോഗിക്കാവുന്നതാണ്.

Thursday, December 19, 2019

സ്രാവ് വറുത്തരച്ച കറി


ആവശ്യമുള്ള സാധനങ്ങള്‍:

1. ദശ കട്ടിയുള്ള മീന്‍തെരച്ചി/തെരണ്ടി / സ്രാവ് - അര കിലോ (കഷണങ്ങളാക്കിയത്)
2. തേങ്ങ ചിരകിയത് - രണ്ട് കപ്പ്
3. ചെറിയ ഉള്ളി - അഞ്ച് എണ്ണം (നീളത്തില്‍ അരിഞ്ഞത്)
4. മുളക്‌പൊടി - മൂന്ന് ടീസ്പൂണ്‍
5. മല്ലിപ്പൊടി - അഞ്ച് ടീസ്പൂണ്‍
6. മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
7. ഉലുവപൊടി - അര ടീസ്പൂണ്‍
8. പുളി - ഒരു നെല്ലിക്ക വലുപ്പത്തില്‍
9. വെളിച്ചെണ്ണ - ഒന്നര ടീസ്പൂണ്‍
10. കടുക് - അര ടീസ്പൂണ്‍
11. ചെറിയ ഉള്ളി - രണ്ട് എണ്ണം
12. കറിവേപ്പില - രണ്ട് തണ്ട്
13. തക്കാളി - ഒരെണ്ണം

തയ്യാറാക്കുന്ന വിധം:

തേങ്ങ നല്ല ബ്രൗണ്‍ നിറത്തില്‍ വറുക്കുക. നിറം മാറിത്തുടങ്ങുമ്പോള്‍ അര ടീസ്പൂണ്‍ എണ്ണയും ചെറിയ ഉള്ളി അരിഞ്ഞതും ചേര്‍ത്ത് വീണ്ടും വറുത്ത് മൂപ്പിക്കുക. അടുപ്പില്‍നിന്നും വാങ്ങാറാകുമ്പോള്‍ മുളക്‌പൊടി, മല്ലിപൊടി, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് തീ കെടുത്തിയശേഷം വഴറ്റി മൂപ്പിക്കുക. ഈ വറുത്ത തേങ്ങാകൂട്ട് ഒട്ടുംതന്നെ വെള്ളം ചേര്‍ക്കാതെ മഷിപോലെ അരച്ചെടുക്കുക. ഈ കൂട്ടില്‍ ഒന്നര കപ്പ് വെള്ളവും പാകത്തിന് ഉപ്പും അര ടീസ്പൂണ്‍ ഉലുവ പൊടിയും കറിവേപ്പിലയും ചേര്‍ത്ത് കലക്കി ഒരു മീന്‍ചട്ടിയില്‍ തിളപ്പിക്കുക. തിള വന്നു തുടങ്ങുമ്പോള്‍ മീന്‍ കഷണങ്ങളും തക്കാളികഷ്ണങ്ങളും കൂടി ചേര്‍ത്ത് ചെറു തീയില്‍ വേവിക്കുക. മീന്‍ കഷണങ്ങള്‍ വെന്ത് ചാറു കുറുകി എണ്ണ തെളഞ്ഞിരിക്കുന്ന പാകത്തിന് അടുപ്പില്‍നിന്നും മാറ്റുക.

Wednesday, December 18, 2019

 ചിക്കൻ പെരളൻ | Chicken Peralan


ക്രിസ്മസ് സ്പെഷ്യൽ ചിക്കൻ പെരളൻ | Chicken Peralan

ആവശ്യമുള്ള സാധനങ്ങൾ

ചിക്കൻ- ഒരു കിലോ
സവാള -നാലെണ്ണം
തക്കാളി പേസ്റ്റ് – ഒരുകപ്പ്
പച്ചമുളക്പേസ്റ്റ് -2 ടേബിൾസ്പൂൺ
ഇഞ്ചി പേസ്റ്റ് -2 ടേബിൾസ്പൂൺ
വെളുത്തുള്ളി പേസ്റ്റ് -2 ടേബിൾസ്പൂൺ
മുളകുപൊടി-1 ടേബിൾസ്പൂൺ
കുരുമുളകുപൊടി-1 ടേബിൾസ്പൂൺ
മഞ്ഞൾ പൊടി -1/ 2 ടേബിൾസ്പൂൺ
മല്ലിപൊടി -1 ടേബിൾസ്പൂൺ
ഗരം മസാല -1 ടേബിൾസ്പൂൺ

പാകം ചെയ്യുന്ന വിധം

ചിക്കൻ വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കുക. ചട്ടി ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് സവാള , പച്ചമുളക്പേസ്റ്റ്, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് എന്നിവ വഴറ്റുക. ശേഷം മുളകുപൊടി, കുരുമുളകുപൊടി, മഞ്ഞൾ പൊടി , മല്ലിപൊടി , ഗരം മസാല എന്നിവയും വഴറ്റുക. അതിലേക്കു തക്കാളിപേസ്റ്റ് ചേർത്ത് എണ്ണ തെളിയും വരെ നന്നായി വഴറ്റുക. പാകത്തിന് ഉപ്പ് ചേർക്കുക. ചിക്കൻ ഇട്ട് നന്നായി മിക്സ് ചെയ്യുക. അല്പം വെള്ളം ഒഴിച്ച് മൂടി വച്ച് വേവിച്ചെടുക്കുക. ചാറ് നന്നായി വറ്റിച്ചെടുക്കുക. വെന്തുകഴിഞ്ഞു കറിവേപ്പില ചേർത്ത് ഉപയോഗിക്കാം

Tuesday, December 17, 2019

ക്രിസ്മസ് കേക്ക്


ചേരുവകള്‍:
മൈദ - ഒരു കിലോ
വെണ്ണ - 300 ഗ്രാം
മുട്ട - 4 എണ്ണം
പഞ്ചസാര - ഒന്നരക്കിലോ
ജാതിക്ക - ഒരെണ്ണം
കരയാമ്പൂ - 4 എണ്ണം
ഏലക്കായ് - 6 എണ്ണം
ബ്രാണ്ടി - അരക്കപ്പ്
ഓറഞ്ച് തൊലി - ഒരു ടേബിള്‍സ്പൂണ്‍ (അരിഞ്ഞത്)
പനിനീര്‍ - 2 ടീസ്പൂണ്‍
ബദാം അരിഞ്ഞത് - 100 ഗ്രാം
അണ്ടിപ്പരിപ്പ് (അരിഞ്ഞത്) - 100ഗ്രാം
കിസ്മിസ് - 100 ഗ്രാം
തയ്യാറാക്കുന്ന വിധംകോഴിമുട്ടയുടെ മഞ്ഞ, വെണ്ണ, പഞ്ചസാര, എന്നിവ ചേര്‍ത്ത് നന്നായി അടിച്ച് പതപ്പിച്ചെടുക്കുക, ജാതിക്ക, കറാമ്പൂ, ഏലക്കായ, ബദാം, അണ്ടിപ്പരിപ്പ്, മൈദ, പനിനീര്‍, ബ്രാണ്ടി എന്നിവ ചേര്‍ത്തിളക്കി വെക്കുക. പഞ്ചസാര പാവുകാച്ചിയതില്‍ ഓറഞ്ച് തൊലി നെയ്യില്‍ വാട്ടിയെടുത്തതും കോഴിമുട്ടയുടെ വെള്ളയും ചേര്‍ത്ത് കുഴമ്പുപരുവത്തിലാക്കി കുറഞ്ഞത് 12 മണിക്കൂര്‍ അടച്ചുവെച്ച് സൂക്ഷിക്കുക. അതിന്‌ശേഷം പുറത്തെടുത്ത് നെയ്യ് പുരട്ടിയ കേക്ക് പാത്രത്തില്‍ പകുതിയൊഴിച്ച് 250 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ ഓവനില്‍ 40 മിനിറ്റ് ബേക്ക് ചെയ്യുക. കോഴിമുട്ട, വെണ്ണ, പഞ്ചസാര എന്നിവ ചേര്‍ത്ത് ഐസിങ് ഉണ്ടാക്കി ഐസിങ് ചെയ്തും അല്ലാതെയും ക്രിസ്മസ് കേക്ക് ഉപയോഗിക്കാം.

Monday, December 16, 2019

ആപ്പിള്‍ ഹണി കേക്ക്



ഈ ക്രിസ്തുമസിന്‌ നമുക്ക്‌ ഒരു ആപ്പിൾ ഹണി കേക്ക്‌ വീട്ടിൽ ഉണ്ടാക്കി നോക്കാം


ആവശ്യമായ സാധനങ്ങൾ


ആപ്പിള്‍ ചെറുതായി അരിഞ്ഞത്-2 കപ്പ്

മുട്ട-3

ബട്ടര്‍-1 കപ്പ്

പഞ്ചസാര-1 കപ്പ്

മൈദ-1 കപ്പ്

വാനില എസന്‍സ്-3-4 ഡ്രോപ്‌സ്

തേന്‍-4 ടേബിള്‍ സ്പൂണ്‍

ബേക്കിംഗ് സോഡ-അര ടീസ്പൂണ്‍

ആല്‍മണ്ട് പൗഡര്‍-1 കപ്പ്

ഉണ്ടാക്കുന്നവിധം

ഒരു ബൗളില്‍ പഞ്ചസാര, മുട്ട, ബട്ടര്‍, വാനില എസന്‍സ് എന്നിവ ചേര്‍ത്ത് നല്ലപോലെ ഇളക്കി കലര്‍ത്തുക. ഇതിലേയ്ക്ക് മൈദ ചേര്‍്ത്തിളക്കണം. പിന്നീട് ആല്‍മണ്ട് പൗഡര്‍, തേന്‍, ബേക്കിംഗ് സോഡ എന്നിവയും ചേര്‍ത്തിളക്കുക. ഇവ എല്ലാം ചേര്‍ത്ത് നല്ലപോലെ ഇളക്കിക്കൂട്ടുക. ഇതിലേയ്ക്ക് ആപ്പിള്‍ നുറുക്കിയതു ചേര്‍ക്കണം. ചുവടല്‍പ്പം കട്ടിയുള്ള പാത്രത്തില്‍ ബട്ടര്‍ പുരട്ടുക. ഇതിലേയ്ക്ക് കേക്ക് മിശ്രിതം ഒഴിയ്ക്കണം. ഒവന്‍ 350 ഡിഗ്രിയില്‍ പ്രീഹീറ്റ് ചെയ്യണം. ഇതില്‍ കേക്ക് മിശ്രിതം വച്ച് 40 മിനിറ്റു ബേക്ക് ചെയ്യണം. പ്രഷര്‍ കുക്കറിലാണ് തയ്യാറാക്കുന്നതെങ്കില്‍ വെള്ളത്തില്‍ അല്‍പം ഉപ്പു ചേര്‍ത്ത് ഇതിനു മുകളില്‍ മിശ്രിതമൊഴിച്ച പാത്രം വയ്ക്കുക. വിസിലിടാതെ അര മണിക്കൂര്‍ വേവിയ്ക്കുക. കേക്കു വെന്തു കഴിഞ്ഞാല്‍ തണുത്ത ശേഷം ഉപയോഗിയ്ക്കാം

Sunday, December 15, 2019

കായി പോള


 ( ഏത്തപഴം മറിച്ചത് )

ആവശ്യമുള്ള ചേരുവകൾ

ഏത്തപഴ
4 മുട്ട
4 പഞ്ചസാര
3 ടീ സ്പൂൺ ഏലക്കായ
2 അണ്ടി പരിപ്പ്
മുന്തിരി
ആവശ്യത്തിന് നെയ്യ്

പചകം ചെയുന്ന വിധം

ഏത്തപഴം ചെറുതായി നുറുക്കി നെയ്യിൽ ബ്രൌൺ നിറമാകുന്നത് വരെ വറുക്കുക. വറുത്തത് മറ്റി വെച്ച്. അ നെയ്യിൽ തന്നെ അണ്ടി പരിപ്പ് മുന്തിരി വറുത്ത് മറ്റി വെക്കുക... മുട്ടയും പഞ്ചസാര ഏലക്കായ സ്പൂൺ കൊണ്ട് അടിച്ചു ഒരു പാത്രത്തിൽ ഒഴിക്കുക. അതിലേക്ക് വറുത്ത് വച്ച് പഴം അണ്ടി പരിപ്പ് മുന്തിരിയും ചേർത്ത് നന്നായി ഇളക്കുക ശേഷം കുഴിയുളള ഒരു പാനിൽ കുറച്ച് നെയ്യ് ഒഴിച്ച് മിക്സ് ചെയ്ത കൂട്ട് ഒഴിക്കുക..ചെറിയ തീയ്യിൽ 10 മിനിറ്റ് വേവിക്കുക കായ് പോള റെഡ്ഡി 

Saturday, December 14, 2019

കശുവണ്ടി ചമ്മന്തി

 
കശുവണ്ടി - 25
ചെറിയ ഉള്ളി 8-10 എണ്ണം
വാളൻപുളി ചെറിയ പീസ്
ഉണക്കമുളക് - 5
കാശ്മീരി ചില്ലി പൗഡർ ഒരു ടീസ്പൂൺ
ഉപ്പ് വെളിച്ചെണ്ണ ആവശ്യത്തിന്

ചട്ടി ചൂടാക്കി കശുവണ്ടി എണ്ണയൊന്നും ഒഴിക്കാതെ കളർ മാറി ഗോൾഡൻ കളർ ആകുന്നതുവരെ ചൂടാക്കുക ശേഷം അതിലേയ്ക്ക് ഉണക്കമുള്കും ചേർത്തിളക്കി ചൂടാക്കുക. ഇതിന്റെ ചൂട് കുറഞ്ഞ ശേഷം ഉള്ളിയും പുളിയും മുളകുപൊടിയും ഉപ്പും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിച്ച് മിക്സ് ചെയ്യുക. ചമ്മന്തി റെഡി.

Friday, December 13, 2019

ആലപ്പി ഫിഷ്‌ കറി 


(Alleppey Fish Curry)
മീൻ - 1/2 കിലോ
മാങ്ങാ - 1
ചുമന്നുള്ളി - 12
ഇഞ്ചി - 1 ടേബിൾ സ്പൂൺ
പച്ച മുളക് - 2
തക്കാളി - 1
മഞ്ഞൾ പൊടി - 1/2 ടീ സ്പൂൺ
കാശ്മീരി മുളക് പൊടി - 2 ടീ സ്പൂൺ
തേങ്ങ പാൽ - 1.5 കപ്പ്‌
മൺചട്ടിയിൽ എണ്ണ ചൂടാക്കി കടുക് പൊട്ടുമ്പോൾ,ഉള്ളി ,ഇഞ്ചി,പച്ച മുളക് ,കറി വേപ്പില വഴറ്റുക.മഞ്ഞൾ, മുളക് പൊടികൾ ചേർത്ത് ഇളക്കുക.തക്കാളി കഷണങ്ങൾ ചേർക്കുക. ആവശ്യത്തിനു ഉപ്പും, തേങ്ങ പാലും ചേർക്കുക.തിളച്ചു തുടങ്ങുമ്പോൾ മാങ്ങയും,മീൻ കഷണങ്ങളും ചേർക്കുക.അടച്ചു വച്ച് 10 മിനിറ്റ് വേവിക്കുക.കുറച്ചു വെളിച്ചെണ്ണയും, കറി വേപ്പിലയും ചേർത്ത് ഓഫ്‌ ചെയ്യുക

Thursday, December 12, 2019

കേരള മുട്ട റോസ്റ്റ്


ചേരുവകൾ:~

പുഴുങ്ങിയ മുട്ട..5
സവാള..4
തക്കാളി..1
Ginger garlic paste..2 tbsp
കറിവേപ്പില
പച്ചമുളക്..2
കാശ്മീരീ മുളകുപൊടി..1 1/2 tbsp
മല്ലിപൊടി ..1 tbsp
മഞ്ഞൾപൊടി ..1/2 tsp
കുരുമുളക് പൊടി..1/2 tsp
ജീരകപ്പൊടി..1..tsp
Garam masala 1 tsp
ചൂട് വെള്ളം..1..കപ്പ്

പാൻ ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ചേർത്ത് നന്നായി വഴറ്റി അതിലേക്കു പച്ചമുളക് അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് പച്ചമണം മാറുമ്പോൾ , കനം കുറച്ചു നീളത്തിൽ അരിഞ്ഞു വച്ചിരിക്കുന്ന സവോളയും കുറച്ചു ഉപ്പും ചേർത്തിളക്കി കുറച്ചു നേരം മൂടി വയ്ക്കുക. പെട്ടന്ന് തന്നെ സവാള വെന്തു ഉടഞ്ഞു കിട്ടാനാണ് ഇത് ചെയ്യുന്നേ.

 നന്നായി സവോള വഴന്നു കഴിയുമ്പോൾ അതിലേക്കു പൊടികൾ ഓരോന്നായി ചേർത്തിളക്കുക. തീ കുറച്ചു വച്ച് നന്നായി റോസ്റ്റ് ചെയ്യുക. മുട്ട റോസ്റ്റിൽ പെരുംജീരകവും കുരുമുളകും ആണ് ടേസ്റ്റ് കൂട്ടുന്നത്.

പൊടികൾ നന്നായി മൂത്തു വരുമ്പോൾ കരിയുമെന്നു സംശയം ഉണ്ടെങ്കിൽ കുറച്ചു ചൂട് വെള്ളം ഒന്നോ രണ്ടോ ടേബിൾസ്പൂൺ ചേർത്ത് നന്നായി റോസ്റ്റ് ചെയ്യുക.

ഇനി അതിലേക്കു പൊടിയായി അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ചേർത്ത് നന്നായി ഇളക്കുക. അടച്ചു വെച്ച് വേവിക്കുക. തക്കാളി വെന്തുടഞ്ഞു എണ്ണ തെളിയുമ്പോൾ അതിലേക്കു ഒരു കപ്പു തിളച്ച വെള്ളം ചേർത്തി ളക്കി വേവിക്കുക. തീ മീഡിയം മതി. കുറഞ്ഞ തീയിൽ ഇരുന്നു വെന്തു വരുമ്പോൾ ആണ് മുട്ട റോസ്റ്റ് ടേസ്റ്റ് ആകുന്നതു.
ഒന്ന് കുറുകി വരുമ്പോൾ കുറച്ചു ഗരം മസാലയും ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്തിളക്കുക.

ഇനി പുഴുങ്ങി വച്ചിരിക്കുന്ന മുട്ട ചേർക്കുക.

മുട്ട ചേർത്ത് ഒരു അഞ്ചു മിനിറ്റ് കൂടി റോസ്റ്റ് ചെയ്തിട്ട് വാങ്ങി വെക്കുക. അപ്പത്തിൻെറയൊ ,ഇടിയപ്പത്തിൻെറയൊ പെറോട്ടയുടെയൊ കൂടെ കഴിക്കാൻ സൂപ്പർ.

Wednesday, December 11, 2019

ചേനത്തണ്ട്-ചെറുപയർ തോരൻ


ഇന്ന് ഒരു നാടന്‍ വിഭവമാണ്. ...

ചേനത്തണ്ട്-ചെറുപയർ തോരൻ

ചേനയുടെ ചെടി കണ്ടിട്ടില്ലേ? ഇളം‌പച്ച നിറത്തിലുള്ള, അവിടവിടെ പാണ്ടുകളോടുകൂടിയ, മാംസളമായ തണ്ടാണതിന്. അഗ്രഭാഗത്തുള്ള കിളുന്ത് തണ്ട് മുറിച്ചെടുത്താൽ ഒരു തോരനുള്ള വകുപ്പായി. ഒന്നു പരീക്ഷിച്ചു നോക്കൂ...

ആവശ്യമുള്ള സാധനങ്ങൾ:

ചേനത്തണ്ട് - ഒന്ന്
ചെറുപയർ - ഒരുപിടി
മഞ്ഞൾപ്പൊടി
തേങ്ങ ചിരകിയത് - അവശ്യത്തിന്
ജീരകം - അര സ്പൂൺ
കാന്താരിമുളക്/പച്ചമുളക് - ആവശ്യത്തിന്
വറുത്തിടാനുള്ള കടുക്, മുളക്, കറിവേപ്പില,വെളിച്ചെണ്ണ

ഉണ്ടാക്കുന്ന വിധം:

ചേനയേപ്പോലെതന്നെ ചേനത്തണ്ടും നല്ല ചൊറിച്ചുണ്ടാക്കുന്നതാണ്, ജാഗ്രതൈ! കയ്യിൽ കുറച്ച് വെളിച്ചെണ്ണ പുരട്ടിയശേഷം കൈകാര്യം ചെയ്താൽ ചൊറിച്ചിൽ കുറയും.

ചേനത്തണ്ട് തൊലി ചീന്തിയെടുക്കുക. തൊലി ചീന്തിക്കഴിഞ്ഞാൽ തണ്ടിന് നല്ല വഴുവഴുപ്പുണ്ടാവും. വെള്ളത്തിലിട്ട് നന്നായി കഴുകിയെടുത്താൽ വഴുവഴുപ്പ് പോയിക്കിട്ടും. അതിനുശേഷം ചെറുതായി അരിഞ്ഞെടുക്കുക.

ചെറുപയർ വെള്ളമൊഴിച്ച് കുക്കറിൽ വേവിച്ചെടുക്കുക. വല്ലാതെ വെന്തുകുഴയരുത്.

തേങ്ങയും കാന്താരിമുളകും ജീരകവും കൂടി ചതച്ചുവയ്ക്കുക. (നിങ്ങളുടെ അഭിരുചി അനുസരിച്ച് കുറച്ചു ചുവന്നുള്ളിയോ, വെളുത്തുള്ളിയോ, ഇഞ്ചിയോ ഒക്കെ ചേർക്കാം)

ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകും മുളകും കറിവേപ്പിലയും വറുത്തശേഷം അരിഞ്ഞുവച്ചിരിക്കുന്ന ചേനത്തണ്ട് ചേർത്ത് ഇളക്കുക. അല്പം മഞ്ഞൾപ്പൊടിയും പാകത്തിന് ഉപ്പും ചേർത്ത് ചെറുതീയിൽ കുറച്ചുനേരം അടച്ചുവയ്ക്കുക (വെള്ളമൊഴിക്കേണ്ട ആവശ്യമില്ല). അതിനുശേഷം ചെറുപയർ വേവിച്ചതും ചതച്ചുവച്ചിരിക്കുന്ന തേങ്ങാമിശ്രിതവും ചേർത്ത് നന്നായി ഇളക്കി ചെറുതീയിൽ കുറച്ചുനേരം കൂടി വച്ചശേഷം വാങ്ങാം.

ചേനത്തണ്ട് തോരനിതാ, ഒരുങ്ങിക്കഴിഞ്ഞു! കഞ്ഞിയ്ക്കും ചോറിനുമൊക്കെ പറ്റിയതാണ്. ധാരാളം കഴിച്ചോളൂ.....ആരോഗ്യത്തിന് ഒരു ഹാനിയും വരുത്തില്ല....

Tuesday, December 10, 2019

കല്ലുമ്മക്കായ റോസ്റ്റ്‌


വളരെ രുചികരമായ വിഭവം ആണ്‌ കല്ലുമ്മക്കായ.. ഇന്ന് കാല്ലുമ്മക്കായയെ കുറിച്ച്‌ അറിയാം . ഒപ്പം കല്ലുമ്മക്കായ റോസ്റ്റ്‌ ചെയ്യുന്ന വിധവും .._

കടലിൽ പാറകെട്ടുകളിൽ ഒട്ടിപ്പിടിച്ചു വളരുന്ന കടൽ ജീവിയാണ് കല്ലുമ്മക്കായ അഥവാ കടുക്ക അഥവാ ഞവുണിക്ക. കക്കയുടെ വർഗത്തിലുള്ള കട്ടിയുള്ള പുറംതോടുള്ള മത്സ്യം (shell fish). കക്ക പോലെ തന്നെ ഇതും ഭക്ഷ്യയോഗ്യമായ ഒരു ജീവിയാണ്. ഇതിന്റെ തോടിന് പൊതുവെ നീല, പച്ചയും കറുപ്പും കലർന്ന നിറമാണ്. കേരളത്തിലെ മലബാർ തീരത്തു കൂടുതലായി കാണപ്പെടുന്നു. ഇന്ന് കേരളത്തിന്റെ തീരപ്രദേശത്ത് ഒട്ടുമിക്ക സ്ഥലങ്ങളിലും കല്ലുമ്മക്കായ കൃഷി ചെയ്തു വരുന്നുണ്ട്. മൈടിളിടെ (Mytilidae) എന്ന ജൈവ കുടുംബത്തിലെ അംഗമാണ് ഇവ. ഇതിൽ ഏകദേശം 32 അംഗങ്ങൾ ഉണ്ട്._

മലബാറിൽ കല്ലുമ്മക്കായയ്ക്ക് കടുക്ക എന്നും പേരുണ്ട് . കോഴിക്കോട് ജില്ലയിൽ പയ്യോളിക്കും, തിക്കോടിക്കും ഇടയ്ക്ക് നാലഞ്ചു കിലോമീറ്റർ പടിഞ്ഞാറ് കടലിൽ സ്ഥിതി ചെയ്യുന്ന വെള്ളിയാൻകല്ലിലും അനുബന്ധ പാറകളിലും പണ്ട് ഇവ ധാരാളമായി വളർന്നിരുന്നു._ ഇക്കാലത്ത് പരിസ്ഥിതി ആഘാതവും കടൽജല മലിനീകരണവും കൊണ്ടാവാം വിളവു വളരെ കുറവാണ് ._ _അതുപോലെ പണ്ടുള്ളത്ര രുചിയുണ്ടോ എന്നു സംശയം ._ _ഇവിടെക്കൂടാതെ വടക്കേ മലബാറിൽ കണ്ണൂരും മംഗലാപുരത്തും ഇവ വളരുന്നുണ്ട്. കേരളത്തിൽ മിക്ക ജില്ലകളിലും വളരുന്നു.

_ഭക്ഷണത്തിനായി പൊതുവേ മൂന്നിനം കല്ലുമ്മക്കായകളാണ് ഉപയോഗിക്കാറുള്ളത്. പച്ച പുറം തോടുള്ളത് (Green Mussels, ശാസ്ത്രീയനാമം - Perna viridis), തവിട്ടുനിറമുള്ള പുറം തോടുള്ളത് (Brown Mussels, ശാസ്ത്രീയനാമം -Perna indica), നീല പുറംതോടുള്ളത് (Blue Mussels, ശാസ്ത്രീയനാമം -Mytilus edulis) എന്നിവയാണവ._

വാസസ്ഥാനം

കല്ലുമ്മേക്കായ ലോകത്തിന്റെ പലസ്ഥലങ്ങളിലായി കാണപ്പെടുന്നു. പാറക്കെട്ടുകളിലും, പരുത്ത പ്രതലത്തിലും മറ്റും പുറംതോടിന്റെ അടിഭാഗത്തുള്ള നാരുപോലെയുള്ള വസ്തു കൊണ്ട് ഒട്ടിപിടിച്ചു കിടക്കുന്നു. കല്ലുമ്മേക്കായയുടെ അടിഭാഗത്തുള്ള ബ്യ്സ്സൽ (byssal) എന്ന ഗ്രന്ഥി ഉത്പാദിപ്പിക്കുന്നതാണ് ഈ നാരുകൾ.

ബാഹ്യ ഘടന

ത്രികോണ ആകൃതിയും എന്നാൽ ഒരു വശം വളഞതുമായ പുറംതോടാണ് കല്ലുമ്മേക്കായക്കുള്ളത്. ഇത് മിനുസമായതും വളരെ മനോഹരമായ നേർത്ത വരകളോടു കൂടിയതുമാണ്. വെള്ളത്തിന്റെ ഏറ്റകുറച്ചിൽ അനുസരിച്ച് ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് ചലിക്കാനുള്ള കഴിവ് ഇതിനുണ്ട്.

പ്രത്യുൽപാദനം

കല്ലുമ്മേക്കായയിൽ ആൺ പെൺ വർഗ്ഗങ്ങൾ ഉണ്ട്. പുരുഷബീജം, അണ്ഡം ഇവ പ്രായമായി കഴിഞ്ഞാൽ അത് ബീജസംയോഗത്തിനായി വെള്ളത്തിലേക്ക് സ്രവിക്കുന്നു. പതിനായിരക്കണക്കിനു പുരുഷബീജം, അണ്ഡം ഉണ്ടെങ്കിലും അവയിൽ 1% മാത്രമേ പ്രായപൂർത്തിയായ കല്ലുമ്മേക്കായ ആവാറുള്ളൂ.

ഉപയോഗങ്ങൾ

കല്ലുമ്മേക്കായ ലോകമെമ്പാടും ഭക്ഷണമായി ഉപയോഗിച്ചുവരുന്നു. ഇതിൽ ധാരാളം കാൽഷ്യം അടങ്ങിയിട്ടുണ്ട്. കല്ലുമ്മേക്കായ നിറച്ചത് (അരി ഉപയോഗിച്ചുള്ളത്) മലബാർ പ്രദേശത്ത് വളരെ പ്രസിദ്ധമാൺ. അമിതമായ ഉപയോഗം കാരണം ഇന്ന് കല്ലുമ്മേക്കായയുടെ അളവ് കടലിൽ കുറഞ്ഞു വരികയാണ്‌.

ഇനി നമുക്ക്‌ ഇന്ന് കല്ലുമ്മക്കായ റോസ്റ്റ്‌ എങ്ങനെ പാചകം ചെയ്യാം എന്ന് നോക്കാം


കല്ലുമ്മക്കായ റോസ്റ്റ്


ആവശ്യമുള്ള സാധനങ്ങള്‍

കല്ലുമ്മക്കായ- അരക്കിലോ

മഞ്ഞള്‍പ്പൊടി- അരടേബിള്‍ സ്പൂണ്‍

കുരുമുളക് പൊടി- 2 ടേബിള്‍ സ്പൂണ്‍

ഗരം മസാല- 2 ടേബിള്‍ സ്പൂണ്‍

ഇഞ്ചി ചതച്ചത്- ചെറിയ കഷ്ണം

ചുവന്നുള്ളി അരിഞ്ഞത്- 4 എണ്ണ

വെളുത്തുള്ളി ചതച്ചത്- 6 എണ്ണം

പച്ചമുളക്- രണ്ടെണ്ണം

കറിവേപ്പില

കുരുുളക്

കടുക്

എണ്ണ

തയ്യാറാക്കുന്ന വിധം

കല്ലുമ്മക്കായ നല്ലതു പോലെ കഴുകി വൃത്തിയാക്കി ഉപ്പും ചുവന്നുള്ളിയും വെളുത്തുള്ളിയും ഇഞ്ചിയും മുളക് പൊടിയും മഞ്ഞള്‍പ്പൊടിയും അല്‍പം ഗരം മസാലയും ചേര്‍ത്ത് പാകത്തിന് ഉപ്പിട്ട് നല്ലതു പോലെ വേവിയ്ക്കാം.
കല്ലുമ്മക്കായ വേവാന്‍ 15 മിനിട്ട് മതി. ഇത് വേവുമ്പോഴേക്കും അതിലുള്ള വെള്ളം വറ്റിപ്പോകും. ശേഷം ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിയ്ക്കാം._ _ഇതിലേക്ക് ഉള്ളി അരിഞ്ഞതും തേങ്ങാക്കൊത്തും പച്ചമുളകും കറിവേപ്പിലയും കുരുമുളകും കൂടിയിട്ട് വഴറ്റുക._
പിന്നീട് വേവിച്ച് വെച്ചിരിയ്ക്കുന്ന കല്ലുമ്മക്കായ കറി ചേര്‍ത്ത് വെള്ളം ഇല്ലാതെ റോസ്റ്റ് ആക്കി എടുക്കുക.

Monday, December 9, 2019

Dal tadka


സ്പെഷ്യൽ ദാൽ റെസിപ്പി ആണ്‌ തയ്യാറാക്കുന്നത് .ചപ്പാത്തിയുടെയും കുബ്ബൂസ്‌ ,നാനിന്റെ കൂടെയൊക്കെ കഴിക്കാൻ പറ്റിയ നോർത്ത് ഇന്ത്യൻ ഫേമസ് ആയിട്ടുള്ള ഈ ഒരു ഗ്രേവി എങ്ങനെയാണു ഉണ്ടാക്കുന്നതെന്ന് നോക്കാം .

തയ്യാറാക്കുന്ന വിധം :-

ആദ്യം ഒരു പ്രഷർ കുക്കറിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ/oil/നെയ്യ് ഒഴിച്ചു ചൂടാവുമ്പോൾ 7-8 അല്ലി വെളുത്തുള്ളി ഒന്ന് നുറുക്കിയത് ചേർക്കുക ,ഇതിലേക്ക് 2 പച്ചമുളകും ഒരു ടീസ്പൂൺ ഇഞ്ചി ചതച്ചതും കൂടെ ചേർത്തു വഴറ്റുക .ശേഷം ഒരു ഉള്ളി ചെറുതായി നുറുക്കിയതും ആവശ്യത്തിന് ഉപ്പും കൂടെ ചേർത്തു വഴന്നു വരുമ്പോൾ തക്കാളി ചേർക്കുക .2മിനിറ്റ് വഴറ്റി ഇതിലേക്ക് 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടിയും നന്നായി കഴുകി ഊറ്റിയെടുത്ത കുതിർത്ത ഒന്നരക്കപ്പ് തുവരപ്പരിപ്പും ചേർക്കുക .ശേഷം മുങ്ങിനിൽക്കാൻ പാകത്തിന് വെള്ളമൊഴിച്ചു 3 വിസിൽ വരുന്ന വരെ വേവിക്കുക .ആവി പോയതിനു ശേഷം പ്രഷർ കുക്കർ ഓപ്പണാക്കി നന്നായൊന്നിളക്കിക്കൊടുക്കുക
മറ്റൊരു പാനിൽ 2 ടേബിൾസ്പൂൺ നെയ്യൊഴിച്ചു ചൂടാവുമ്പോൾ അതിലേക്ക് 1/4 ടീസ്പൂൺ ചെറിയജീരകം,2 അല്ലി വെളുത്തുള്ളി നുറുക്കിയത് ,1/4 ടീസ്പൂൺ കായം ,4 വറ്റൽമുളക് ,എന്നിവ ചേർത്തു പൊട്ടിക്കുക .ഇതിലേക്ക് അവസാനം 1/2 ടീസ്പൂൺ മുളക്പൊടി കൂടെ ചേർത്തു ദാൽ ഗ്രേവിയിലേക്ക് വറവിടുക .സൂപ്പർ ഈസി ദാൽ തട്ക തയ്യാർ .

Sunday, December 8, 2019

അവിയൽ


വെള്ളരിക്ക -ഒരുകപ്പ്
ചേന- കാല്‍ക്കപ്പ്
പടവലങ്ങ -കാൽകപ്പ്
ഏത്തക്കായ- കാല്‍ക്കപ്പ്
മുരിങ്ങക്കായ- കാല്‍ക്കപ്പ്
വഴുതനങ്ങ- കാല്‍ക്കപ്പ്
വേപ്പില-
തേങ്ങ -രണ്ടു കപ്പ്‌. (കഷ്ണത്തിൽ പാതി തേങ്ങ എന്ന് ആണ് പറയുന്നത്. )
ജീരകം- 2 നുള്ള്
ഉപ്പ്- പാകത്തിന്
മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
പച്ചമുളക്- 4 എണ്ണം
പുളിക്കു വേണ്ടി മാങ്ങായോ, പുളിച്ച തൈര്, വാളൻപുളി പിഴിഞ്ഞ വെള്ളം ഏതെങ്കിലും ഒന്ന്
വെളിച്ചെണ്ണ- 4 ടേബിൾസ്പൂൺ

(പച്ചക്കറികൾ നമുക്ക് എന്ത് വേണം എങ്കിലും ചേർക്കാം.പയർ, ബീൻസ്, കാരറ്റ്, അങ്ങനെ )

തയ്യാറാക്കുന്ന വിധം:

പച്ചക്കറികൾ കുറച്ചു വെള്ളം ചേര്‍ത്ത് വേവിക്കാൻ വെയ്ക്കുക. അതിലേക്ക് ഉപ്പും ചേ‍ര്‍ക്കുക. മൂടി വെച്ച് വേവിക്കാം. തേങ്ങ,കുറച്ചു കറിവേപ്പില , മഞ്ഞൾപ്പൊടി, ജീരകം,പച്ചമുളക് എന്നിവ 4-5 ടേബിൾസ്പൂൺ വെള്ളം ചേര്‍ത്ത് മിക്സിയിൽ ഒന്ന് ചതച്ചു എടുക്കുക . വെള്ളം ചേ‍ര്‍ക്കേണ്ട ആവശ്യമില്ല.

പച്ചക്കറി വെന്തു മുക്കാൽ വേവ് ആകുമ്പോൾ തന്നെ വാളൻപുളി വെള്ളത്തിൽ പിഴിഞ്ഞതോ പുളിയുള്ള തൈരോ, പച്ച മാങ്ങാ അറിഞ്ഞതോ ചേര്‍ക്കാം. നന്നായി ഇളക്കി യോജിപ്പിക്കുക..അതിലേയ്ക്ക് ചതച്ചു വെച്ചിരിക്കുന്ന തേങ്ങ കുട്ടു ചേർത്ത് stove ഓഫ് ചെയ്തു ബാക്കി വേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്ത് വാങ്ങി അടച്ചു വെക്കാം.

Saturday, December 7, 2019

chicken sandwich


sandwich Bun - 10
ചിക്കൻ - അര കിലോ ( മുളക് പൊടി ,മഞ്ഞൾ പൊടി,കുരുമുളക് പൊടി,ഉപ്പ് ഇവ പുരട്ടി പൊരിച്ചെട്ടത്ത്പിച്ചി എടുത്ത് ടോമാറ്റോ കച്ചപ്പ് പുരട്ടി എടുക്കുക
ഒരു പാനിൽ എണ്ണ ഒഴിച്ച് 2സവാള ,ഉപ്പ് ചേർത്ത് നന്നായി വയറ്റുക ഇതിലേക്ക് 3 സ്പൂൺ ഇഞ്ചി,വെളുത്തുള്ളി ,മുളക് പേസ്റ്റ് ചേർത്ത് പച്ച മണo മാറുoവരേ വയറ്റുക്കുക .ശേഷം ഇതിലേക്ക് ഇത്തിരി മഞ്ഞൾ പൊടി ,മസാല പൊടി ,കാൽ സ്പൂൺ കുരുമുളക് പൊടി എന്നിവ ചേർത്ത് ഇളക്കുക .ശേഷം ചിക്കനും മല്ലി ഇലയും ചേർത്ത് മാറ്റി വെക്കുക..
ബൺ മുകൾ ഭാഗം കത്തി കൊണ്ട് കീറി മസാല ഫിൽ ചെയ്ത് മുകളിൽ ഒരുപീസ് കാബ്സികം വെക്കുക..
1 മുട്ട ഒരു പിഞ്ച് ഉപ്പ് ചേർത്ത് നന്നായി സ്സൂൺ കൊണ്ട് അടിച്ചെടിക്കുക .ശേഷം ഒരോ ബന്നിലും മുട്ട കൂട്ട് തേച്ച് കൊടുക്കുകഒരു പാനിൽ 2 സ്പൂൺ നെയ്യ ഒഴിച്ച് ബൺ ഫ്രൈ ചെയ്തെടുക്കുക

Friday, December 6, 2019

ചിക്കൻ മജ്ബൂസ്


ചിക്കൻ - 1 കിലോ
ഉള്ളി - 3
തക്കാളി - 2
പച്ചമുളക് - 3
ഇഞ്ചി, വെളുത്തുള്ളി - 3 ടേസ് പൂൺ
പട്ട-2,
 ഗ്രാമ്പൂ - 2
 ഏല്ക്ക - 4
ചിക്കൻ സ്റ്റാക്ക് -1
മഞ്ഞൾ പൊടി- 1/2 ടേസ്പൂൺ
കുരുമുളകുപൊടി - 1 1/2 ടേസ് പൂൺ
മജ്ബൂസ് മസാല- 3 ടേസ്പൂൺ
ഉണക്ക നാരങ്ങ - 2 എണ്ണം
ഗരം മസാല - 1/2 ടേസ്പൂൺ
ടൊമാറ്റോ പേസ്റ്റ് - 1 ടേസ്പൂൺ
പച്ചമുളക് - 5
മല്ലിയില -
ബസ് മതി റൈസ് - 3 കപ്പ് (കുറച്ച് സമയം വെള്ളത്തിൽ കുതിർത്ത് വെക്കണം )
ഓയിൽ - 3 സ്പൂൺ

തയ്യാറാക്കുന്നത്

ഒരു പാനിൽ ഓയിൽ ഒഴിച്ച്, കറുവാപട്ട, ഗ്രാമ്പൂ, ഏലക്ക ചേർക്കുക. ഉള്ളി, ചിക്കൻ സ്റ്റോക്ക്, വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി, ഉപ്പ്, എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഉണക്ക നാരങ്ങ, തക്കാളി ചേർക്കുക.റ്റുമാറ്റോ പേസ്റ്റ് ,ഗരം മസാല, മഞ്ഞൾപ്പൊടി, ചിക്കൻ ചേർക്കുക. മജ്ബൂസ് പൗഡർ ചേർത്ത് മിക്സ് ചെയ്യുക. കാൽ കപ്പ് വെള്ളം ചേർത്ത് അടച്ചു വെച്ച് വേവിക്കുക. ചിക്കൻ പകുതി വേവ് ആവുമ്പോൾ എടുത്ത് മാറ്റി വെക്കുക. ശേഷം കഴുകി വെച്ച ബസ് മതി റൈസ് ചേർക്കുക ഇളക്കി 2 മിനിറ്റ് അടച്ചു വെക്കുക. ശേഷംനാലര കപ്പ്തിളച്ച വെള്ളം ഒഴിച്ചു കൊടുക്കുക.( ഒരു കപ്പ് ന്ന് ഒന്നര കപ്പ്വെള്ളം) .ചോറ് പാകമായാൽ ഇളക്കി കൊടുത്തു മല്ലിയിലയും, പച്ചമുളകും ചേർക്കുക .ഒരു പാനിൽ നേരത്തെ മാറ്റി വെച്ച ചിക്കൻ ഫ്രൈ ചെയ്ത് ചോറിന് മുകളിൽ നിരത്തുക: ശേഷം 20 മിനിറ്റ് ചെറിയ തീയൽ ദം വെക്കുക........

Thursday, December 5, 2019

ചിക്കൻ ഡ്രൈ റോസ്റ്റ്



ചിക്കൻ: 1 kg ( ഞാൻ എടുത്തത്ബോൺലെസ്സ് പീസ് ആണ് )
സവാള : 2
പച്ചമുളക് : 2
ഇഞ്ചി : 1 വലിയ കഷ്ണം
വെളുത്തുള്ളി: 8 അല്ലി
തക്കാളി : 1 വലുത്
മുളക് പൊടി : 1.5 ടേബിൾ സ്പൂൺ
മല്ലി പൊടി : 1 ടി സ്‌പൂൺ
മഞ്ഞൾ പൊടി : 1/2 ടി സ്‌പൂൺ
ചിക്കൻ മസാല പൊടി : 1 ടി സ്‌പൂൺ
ഗരം മസാല പൊടി : 1/2 ടീ സ്‌പൂൺ
കുരുമുളക് പൊടി : 1 ടി സ്‌പൂൺ
പെരുംജീരകം : 1/2 ടി സ്‌പൂൺ
വെളിച്ചെണ്ണ : 3 ടേബിൾ സ്പൂൺ
മല്ലി ഇല
കറിവേപ്പില
തേങ്ങാക്കൊത്ത്‌
ഉപ്പ്‌

ചിക്കൻ ചെറിയ കഷ്ണം ആയി മുറിച്ച് കഴുകി വൃത്തിയാക്കി ഒരൽപം ഉപ്പും, കുറച്ചു മുളക് പൊടിയും കുറച്ചു മഞ്ഞൾ പൊടിയും ചേർത്ത് മാരിനേറ്റു ചെയ്തു കുറച്ചു സമയം വെക്കുക
വെളിച്ചെണ്ണ ചൂടാക്കി പെരും ജീരകം ഇട്ട് ശേഷം വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് ചേർത്ത് വഴറ്റുക.
സവാള അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റി മുളക് പൊടി, മഞ്ഞൾ പൊടി, ചിക്കൻ മസാല പൊടി, ഗരം മസാല പൊടി എന്നിവ ചേർത്ത് മസാലയുടെ പച്ച മണം മാറും വരെ വഴറ്റുക.
ശേഷം ചിക്കൻ, തക്കാളി അരിഞ്ഞത് ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായി ഇളക്കി ചെറിയ തീയിൽ മൂടി വെച്ച് വേവിക്കുക
തേങ്ങാക്കൊത്ത്‌ ചേർക്കുക. തേങ്ങാക്കൊത്ത്‌ എണ്ണയിൽ വറുത്തും ചേർക്കാം.
ചിക്കൻ വെന്തു ചാറു കുറുകി വരുമ്പോൾ മല്ലി ഇല , കറിവേപ്പില കുരുമുളക് പൊടി എന്നിവ ചേർത്തിളക്കുക.
ശേഷം ചെറിയ തീയിൽ ഇട്ട് ഡ്രൈ ആവുന്നത് വരെ വരട്ടുക. ഒരു നോൺ സ്റ്റിക് പാനിൽ ചെയ്യുന്നതാണ് നല്ലത്.
ചൂടോടെ സെർവ് ചെയ്യുക.

Wednesday, December 4, 2019

പാലട പായസം


ഭൂരിഭാഗം മലയാളികളുടെയും ഇഷ്ടപെട്ട പായസം ആണ് പാലട പായസം;

പാലട പ്രഥമൻ അല്ല പാലട പായസം; പ്രഥമൻ ഇപ്പോഴും ശർക്കരയും തേങ്ങാപ്പാലും ചേർത്ത് ചെയ്യുന്നതും പായസം ഇപ്പോഴും പഞ്ചസാരയും പശുവിന്പാലും ചേർത്ത് ചെയ്യുന്നതും ആണ്..

ഏറ്റവും കുറച്ചു ചേരുവകകൾ ഉള്ളതും എന്നാൽ ഏറ്റവും കൂടുതൽ സമയം ആവശ്യമുള്ളതും ആയ ഒരു പായസം ആണ് പാലട പായസം

ചേരുവകകൾ: (1 ലിറ്റർ പായസത്തിനു)

1 ) നല്ല പശുവിൻ പാൽ - ഒന്നേകാൽ ലിറ്റർ
2 ) വെള്ളം - അര ലിറ്റർ
3 ) പഞ്ചസാര - മുക്കാൽ കപ്പ് (മധുരം അനുസരിച്ചു; ഇത് അത്യാവശ്യം മധുരം ഉണ്ട്)
4 ) ഉപ്പു - ഒരു നുള്ളു
5 ) ഉപ്പില്ലാത്ത ബട്ടർ - 50 ഗ്രാം
6 ) അരിമാവ് കൊണ്ടുള്ള അടയുടെ ചെറിയ നുറുക്ക് - 75 ഗ്രാം

തയ്യാറാക്കുന്ന വിധം:

1 ) പാൽ കുറുക്കിയെടുക്കൽ ആണ് പ്രധാന പണി; അതിനായി നല്ല കുഴിയുള്ള അടി കട്ടിയുള്ള ഒരു പാത്രമെടുത്തു (കുക്കർ ആയാലും മതി) അതിലേക്കു പാലും വെള്ളവും ഒഴിച്ച് തിളച്ചു വരുമ്പോൾ തീ വളരെ ചെറിയതു ആക്കിയ ശേഷം നന്നായി ഇളക്കി പത അടക്കിയ ശേഷം ചെറിയ ബബിൾസ് വരുമ്പോൾ ടൈറ്റ് ആയി മൂടി കൊണ്ട് അടച്ചു ഒരു മണിക്കൂർ വയ്ക്കുക; (വളരെ ചെറിയ തീയിൽ ആയിരിക്കണം ഇല്ലെങ്കിൽ തിളച്ചു പുറത്തു പോകും; കുക്കറിൽ ആണെങ്കിൽ വിസിൽ ഇടരുത്) ഇങ്ങനെ ചെയ്യുമ്പോൾ പാൽ വെന്തു പിങ്ക് നിറമാകും; പിങ്ക് നിറമായില്ലെങ്കിൽ 15 മിനിറ്റ് കൂടി വയ്ക്കുക;
2 ) ഇനി തുറന്നു മീഡിയം തീയിൽ തിളപ്പിച്ച് ഒന്നേകാൽ ലിറ്റർ ആക്കിയെടുക്കുക; മുകളിൽ പാട വരുമ്പോൾ അത് എടുത്തു കളയണം ഇടയ്ക്കു; അത് ശ്രദ്ധിക്കണം..
3 ) പാല് വേവുന്ന നേരത്തു കുറച്ചധികം വെള്ളം തിളപ്പിച്ച് അതിലേക്കു അട ഇട്ടു വേവിക്കുക; കയ്യിൽ എടുത്തു വിരൽകൊണ്ട് അമർത്തുമ്പോൾ ഉടയുന്ന പരുവം വരുമ്പോൾ അട ഊറ്റിയെടുത്തു തണുത്ത വെള്ളം കൊണ്ട് കഴുകി വയ്ക്കുക; (തണുത്ത വെള്ളം കൊണ്ട് കഴികിയില്ലെങ്കിൽ വേവ് കൂടും; ഒട്ടി പിടിക്കും)
4 ) ഒന്നേകാൽ ലിറ്റർ ആയി പിങ്ക് നിറത്തിൽ കുറുകിയിരിക്കുന്ന പാലിലേക്കു മധുരം അനുസരിച്ചു പഞ്ചസാര ചേർക്കുക; പഞ്ചസാര അലിയുന്ന നേരത്തു ഒരു പാനിൽ ബട്ടർ ഒഴിച്ച് അതിലേക്കു (നെയ്യ് വേണമെങ്കിലും ഒഴിക്കാം എന്നാൽ നെയ്യുടെ മണത്തേക്കാൾ ബട്ടറിന്റെ മണമാണ് പാല്പായസത്തിനു കൂടുതൽ നല്ലതു ) വേവിച്ച അട ഇട്ടു അഞ്ചു മിനിറ്റ് ഒന്ന് വഴറ്റുക;
5 ) ഈ വഴറ്റിയ അട ബട്ടറോട് കൂടെ വെന്തു കുറുകി വരുന്ന പാലിലേക്കു ഇട്ടു നന്നായി ഇളക്കി കൊടുത്തു മീഡിയം തീയിൽ വേവിക്കുക; അര മണിക്കൂർ ചെറിയ തീയിൽ വേവട്ടെ... ഇപ്പോൾ ഒന്നുകൂടി കുറുകി ഒരു ലിറ്റർ ആയി വരും... ഒരു നുള്ളു ഉപ്പു ചേർത്ത് ഇളക്കി തീ ഓഫ് ചെയ്താൽ സ്വാദിഷ്ടമായ പാലട പായസം റെഡി..

ശ്രദ്ധിക്കുക; - പാലടപ്പായസത്തിൽ മണത്തിനായി ഒന്നും ചേർക്കേണ്ടതില്ല; ഏലയ്ക്കയോ ചുക്കോ ജീരകമോ ഒന്നും തന്നെ ചേർക്കേണ്ടതില്ല.. പാലിന്റെ മണം തന്നെയാണ് അതിനു വേണ്ടത്; മാത്രമല്ല അണ്ടിപ്പരിപ്പോ മുന്തിരിയോ ഒന്നും തന്നെ വറുത്തു ഇടേണ്ടതുമില്ല..

Tuesday, December 3, 2019

ചിക്കൻ മന്തി (chicken mandhi)



മസാലപ്പൊടികളൊന്നും ചേർക്കാതെ റെസ്റ്റോറെന്റിൽ കിട്ടുന്ന അതെ ടേസ്റ്റിൽ നമ്മുക്കു വളരെ ഈസിയായി വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന അടിപൊളി മന്തിയാണിത്. ഈ റെസിപി ഒരു tv cookeryshowil നിന്നും കിട്ടിയതാണ്.

ചിക്കൻ-1 kg
മന്തി റൈസ് -1 kg
പട്ട-2 പീസ്
ഗ്രാമ്പു-5
ഏലക്ക-5
Magicube-4 ക്യൂബ്
ചെറിയ ജീരകം-1tbsp
കുരുമുളക്-2 tbsp
ഫുഡ് കളർ- red n yellow(optional)
ഉപ്പ്
Sunflower ഓയിൽ-200 ml

   റൈസ് നന്നായി കഴുകി ഒരു മണിക്കൂർ വെള്ളത്തിൽ ഇട്ട് വെക്കുക.കഴുകി വൃത്തിയാക്കിയ ചിക്കനിലെ വെള്ളം നന്നായി തുടച്ച ശേഷം ഫോർക് കൊണ്ട് എല്ലായിടത്തും കുത്തുക.മസാല ഉള്ളിലേക്കു പിടിക്കാൻ വേണ്ടിയാണിത്. ഇനി
മന്തി ഉണ്ടാകുന്ന പത്രത്തിലേക് ചിക്കൻ ഇട്ട് അതിലേക് പട്ട,ഗ്രാമ്പു,ഏലക്ക,കുരുമുളക്,ചെറിയ ജീരകം,മാഗി ക്യൂബ് ,കളർ,ഓയിൽ എന്നിവ ഇട്ട് നന്നായി മിക്സ് ചെയ്യുക.മാഗി ക്യൂബ് കൈ കൊണ്ട് നന്നായി ഉടച്ച് ഇടുക.ഇതിലേക് ഉപ്പ് ഇടേണ്ട ആവശ്യമില്ല.മാഗി ക്യൂബിൽ ഉപ്പ് ഉണ്ട്. ചിക്കൻ ഒന്നിന് മേലെ ഒന്ന് വരാത്ത വിധം നിരത്തി വെക്കുക. ഇത് അര മണികൂറോ ഒരു മണികൂരോ മാറ്റി വെക്കുക.
 ഒരു വലിയ പാത്രത്തിൽ കുറച്ച് അധികം വെള്ളം വെക്കുക.തിളച്ചു വരുമ്പോൾ കുതിർത്തി വെച്ച അരി വെള്ളം വാർത്ത ശേഷം ഇടുക.പാകത്തിന് ഉപ്പും 2 സ്പൂണ് ഓയിലും ചേർക്കുക.അരി മുക്കാൽ വേവ് ആകുമ്പോൾ ഊറ്റി വെക്കുക.ഊറ്റി വെച്ച അരി തുറന്ന് ഇടരുത്.ഒരു പാത്രത്തിൽ ഇട്ട് അടച്ചു വെക്കുക. ഇനി ചിക്കൻ 5 മിനിട്ട് ഹൈ ഫ്ളൈമിൽ ഒന്ന് വേവിച്ചെടുക്കുക.2 മിനിറ്റ് ആയാൽ ഒന്ന് മറിച്ചിടുക. ബാക്കി മൂന്ന് മിനിറ്റ് കൂടി ഹൈ ഫ്ളൈമിൽ വെച്ച ശേഷം തീ ഏറ്റവും ചെറിയ തീയിൽ ആക്കുക. ഇനി ഇതിലേക് വേവിച്ച റൈസ് ഇടുക. റൈസിന്റെ മേലെ അഞ്ചോ ആറോ പച്ചമുളക് താഴെ ഭാഗം ഒന്ന് കീറിയത് കുത്തിവെക്കുക. എന്നിട്ട് മൂടി വെച്ച് ഒരു മണികൂർ വേവിക്കുക. ഏറ്റവും ചെറിയ തീയിൽ ആയിരിക്കാൻ ശ്രെദ്ധിക്കണം. നല്ല അടിപൊളി മന്തി റെഡി.

Monday, December 2, 2019

ഫ്രൂട്ട് പായസം


ആപ്പിൾ പൊടിയായി അരിഞ്ഞത് അരക്കപ്പ്,
പൈനാപ്പിൾ പൊടിയായി അരിഞ്ഞത് കാൽ കപ്പ്,
പഴുത്ത പപ്പായ അരിഞ്ഞത് അരക്കപ്പ്,
അരക്കപ്പ് മാതളനാരങ്ങ അല്ലി,
ഈന്തപ്പഴം പൊടിയായി അരിഞ്ഞത് കാൽ കപ്പ്,
പച്ചമുന്തിരി വട്ടത്തിൽ അരിഞ്ഞത് കാൽ കപ്പ്,
ഏത്തപ്പഴം പൊടിയായി അരിഞ്ഞത് കാൽ കപ്പ്,
സ്ട്രോബെറി പൊടിയായി അരിഞ്ഞത് കാൽ കപ്പ് എന്നിവ യോജിപ്പിച്ചു വയ്ക്കുക. ഇതിലേക്ക് മാമ്പഴം ചുരണ്ടിയത് ഒരു വലിയ സ്പൂൺ ചേർക്കുക. മൂന്നു കപ്പ് തേങ്ങാപ്പാലിൽ മൂന്നു റോബസ്റ്റ പഴം ചേർത്തു മിക്സിയിൽ അടിക്കണം. ഇത് പഴക്കൂട്ടിൽ ചേർത്ത് കാൽ കപ്പ് തേനും മൂന്നു വലിയ സ്പൂൺ കശുവണ്ടിപ്പരിപ്പും രണ്ടു വലിയ സ്പൂൺ കിസ്മിസും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ഒരു മണിക്കൂർ ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചു വിളമ്പാം.

Sunday, December 1, 2019

റോബസ്റ്റ പഴം പായസം


റോബസ്റ്റ പഴം പായസം(Robesta Banana Gheer)
വെജിറ്റേറിയന്‍

പഴം മേടിച്ചിട്ട് ആരും കഴിക്കുന്നില്ലെ ഇതുപൊലെ ഒരു പായസം ഉണ്ടാക്കി കൊടുത്ത് നോക്കു,പഴം വിരോധികളായ കുഞുങ്ങൾ പോലും സന്തോഷത്തൊടെ കഴിക്കും.പ്രതീക്ഷിച്ച് ഇരിക്കാതെ ഗസ്റ്റ് വന്നാലും വളരെ പെട്ടെന്ന് ഈ പായസം ഉണ്ടാക്കി കൊടുക്കാവുന്നതാണു
Ingredients
റോബസ്റ്റ പഴം - 3 (കുറച്ച് പഴുത്ത പഴമാണു നല്ലത്)
പാൽ -1/2 ലിറ്റർ
പഞ്ചസാര -പാകത്തിനു
നെയ്യ് -6 റ്റീസ്പൂൺ
ഏലക്കാപൊടി -1/4 റ്റീസ്പൂൺ
കശുവണ്ടിപരിപ്പ്,കിസ്മിസ്സ് - കുറച്ച്
ഉപ്പ് -1 നുള്ള്
Method
Step 1
പഴം തൊലി കളഞ്ഞ് കൈ കൊണ്ട് ഉടച്ച് വക്കുക.ചെറിയ കഷണങ്ങൾ അവിടെ ഇവിടെയായി ഉണ്ടാകുന്ന രീതിയിൽ ഉടക്കണം,അപ്പൊൾ പായസത്തിൽ അത് കടിക്കാൻ കിട്ടും

Step 2
പാനിൽ പകുതി നെയ്യ് ഒഴിച്ച് ചൂടാക്കി ഉടച്ച പഴം ഇട്ട് നന്നായി വരട്ടി എടുക്കുക.

Step 3
പായസം ഉണ്ടാക്കാനുള്ള പാത്രം അടുപ്പത് വച്ച് പാൽ ഒഴിച്ച് ചൂടാക്കുക.ഇളക്കി കൊടുത്ത് കൊണ്ട് ഇരിക്കണം.

Step 4
പാൽ ചൂടായി കഴിയുമ്പോൾ പഞ്ചസാര ചേർത് ഇളക്കുക.പഞ്ചസാര അലിഞ്ഞ് കഴിഞ്ഞ് വരട്ടി വച്ച പഴം ചേർത്ത് ഇളക്കുക.തുടരെ ഇളക്കി കൊണ്ടിരിക്കണം.മിൽക്ക് മേഡ്, താല്പര്യമുള്ളവർക്ക് കുറച്ച് ചേർക്കാം.

Step 5
പായസം പാകത്തിനു കുറുകി കഴിഞ്ഞ് ഏലക്കാപൊടി ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാം.1 നുള്ള് ഉപ്പ് കൂടി ചേർക്കാം.ഇത് പായസതിന്റെ സ്വാദ് ക്രമീകരിക്കും.

Step 6
ബാക്കിയുള്ള നെയ്യിൽ കശുവണ്ടിപരിപ്പ്, കിസ്മിസ്സ് ഇവ മൂപ്പിച്ച് ആ നെയ്യൊടു കൂടി തന്നെ പായസതിലെക്ക് ചേർത്ത് ഇളക്കി ഉപയോഗിക്കാം.ഇത് ചൂടൊടെയൊ, ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് ഫ്രോസൻ ഡെസർട്ട് ആയിട്ടൊ കഴിക്കാം.2 രീതിയിലും രുചികരമാണു.