ഭൂരിഭാഗം മലയാളികളുടെയും ഇഷ്ടപെട്ട പായസം ആണ് പാലട പായസം;
പാലട പ്രഥമൻ അല്ല പാലട പായസം; പ്രഥമൻ ഇപ്പോഴും ശർക്കരയും തേങ്ങാപ്പാലും ചേർത്ത് ചെയ്യുന്നതും പായസം ഇപ്പോഴും പഞ്ചസാരയും പശുവിന്പാലും ചേർത്ത് ചെയ്യുന്നതും ആണ്..
ഏറ്റവും കുറച്ചു ചേരുവകകൾ ഉള്ളതും എന്നാൽ ഏറ്റവും കൂടുതൽ സമയം ആവശ്യമുള്ളതും ആയ ഒരു പായസം ആണ് പാലട പായസം
ചേരുവകകൾ: (1 ലിറ്റർ പായസത്തിനു)
1 ) നല്ല പശുവിൻ പാൽ - ഒന്നേകാൽ ലിറ്റർ
2 ) വെള്ളം - അര ലിറ്റർ
3 ) പഞ്ചസാര - മുക്കാൽ കപ്പ് (മധുരം അനുസരിച്ചു; ഇത് അത്യാവശ്യം മധുരം ഉണ്ട്)
4 ) ഉപ്പു - ഒരു നുള്ളു
5 ) ഉപ്പില്ലാത്ത ബട്ടർ - 50 ഗ്രാം
6 ) അരിമാവ് കൊണ്ടുള്ള അടയുടെ ചെറിയ നുറുക്ക് - 75 ഗ്രാം
തയ്യാറാക്കുന്ന വിധം:
1 ) പാൽ കുറുക്കിയെടുക്കൽ ആണ് പ്രധാന പണി; അതിനായി നല്ല കുഴിയുള്ള അടി കട്ടിയുള്ള ഒരു പാത്രമെടുത്തു (കുക്കർ ആയാലും മതി) അതിലേക്കു പാലും വെള്ളവും ഒഴിച്ച് തിളച്ചു വരുമ്പോൾ തീ വളരെ ചെറിയതു ആക്കിയ ശേഷം നന്നായി ഇളക്കി പത അടക്കിയ ശേഷം ചെറിയ ബബിൾസ് വരുമ്പോൾ ടൈറ്റ് ആയി മൂടി കൊണ്ട് അടച്ചു ഒരു മണിക്കൂർ വയ്ക്കുക; (വളരെ ചെറിയ തീയിൽ ആയിരിക്കണം ഇല്ലെങ്കിൽ തിളച്ചു പുറത്തു പോകും; കുക്കറിൽ ആണെങ്കിൽ വിസിൽ ഇടരുത്) ഇങ്ങനെ ചെയ്യുമ്പോൾ പാൽ വെന്തു പിങ്ക് നിറമാകും; പിങ്ക് നിറമായില്ലെങ്കിൽ 15 മിനിറ്റ് കൂടി വയ്ക്കുക;
2 ) ഇനി തുറന്നു മീഡിയം തീയിൽ തിളപ്പിച്ച് ഒന്നേകാൽ ലിറ്റർ ആക്കിയെടുക്കുക; മുകളിൽ പാട വരുമ്പോൾ അത് എടുത്തു കളയണം ഇടയ്ക്കു; അത് ശ്രദ്ധിക്കണം..
3 ) പാല് വേവുന്ന നേരത്തു കുറച്ചധികം വെള്ളം തിളപ്പിച്ച് അതിലേക്കു അട ഇട്ടു വേവിക്കുക; കയ്യിൽ എടുത്തു വിരൽകൊണ്ട് അമർത്തുമ്പോൾ ഉടയുന്ന പരുവം വരുമ്പോൾ അട ഊറ്റിയെടുത്തു തണുത്ത വെള്ളം കൊണ്ട് കഴുകി വയ്ക്കുക; (തണുത്ത വെള്ളം കൊണ്ട് കഴികിയില്ലെങ്കിൽ വേവ് കൂടും; ഒട്ടി പിടിക്കും)
4 ) ഒന്നേകാൽ ലിറ്റർ ആയി പിങ്ക് നിറത്തിൽ കുറുകിയിരിക്കുന്ന പാലിലേക്കു മധുരം അനുസരിച്ചു പഞ്ചസാര ചേർക്കുക; പഞ്ചസാര അലിയുന്ന നേരത്തു ഒരു പാനിൽ ബട്ടർ ഒഴിച്ച് അതിലേക്കു (നെയ്യ് വേണമെങ്കിലും ഒഴിക്കാം എന്നാൽ നെയ്യുടെ മണത്തേക്കാൾ ബട്ടറിന്റെ മണമാണ് പാല്പായസത്തിനു കൂടുതൽ നല്ലതു ) വേവിച്ച അട ഇട്ടു അഞ്ചു മിനിറ്റ് ഒന്ന് വഴറ്റുക;
5 ) ഈ വഴറ്റിയ അട ബട്ടറോട് കൂടെ വെന്തു കുറുകി വരുന്ന പാലിലേക്കു ഇട്ടു നന്നായി ഇളക്കി കൊടുത്തു മീഡിയം തീയിൽ വേവിക്കുക; അര മണിക്കൂർ ചെറിയ തീയിൽ വേവട്ടെ... ഇപ്പോൾ ഒന്നുകൂടി കുറുകി ഒരു ലിറ്റർ ആയി വരും... ഒരു നുള്ളു ഉപ്പു ചേർത്ത് ഇളക്കി തീ ഓഫ് ചെയ്താൽ സ്വാദിഷ്ടമായ പാലട പായസം റെഡി..
ശ്രദ്ധിക്കുക; - പാലടപ്പായസത്തിൽ മണത്തിനായി ഒന്നും ചേർക്കേണ്ടതില്ല; ഏലയ്ക്കയോ ചുക്കോ ജീരകമോ ഒന്നും തന്നെ ചേർക്കേണ്ടതില്ല.. പാലിന്റെ മണം തന്നെയാണ് അതിനു വേണ്ടത്; മാത്രമല്ല അണ്ടിപ്പരിപ്പോ മുന്തിരിയോ ഒന്നും തന്നെ വറുത്തു ഇടേണ്ടതുമില്ല..
No comments:
Post a Comment