ഇന്ന് ഒരു നാടന്‍ വിഭവമാണ്. ...
ചേനത്തണ്ട്-ചെറുപയർ തോരൻ
ചേനയുടെ ചെടി കണ്ടിട്ടില്ലേ? ഇളംപച്ച നിറത്തിലുള്ള, അവിടവിടെ പാണ്ടുകളോടുകൂടിയ, മാംസളമായ തണ്ടാണതിന്. അഗ്രഭാഗത്തുള്ള കിളുന്ത് തണ്ട് മുറിച്ചെടുത്താൽ ഒരു തോരനുള്ള വകുപ്പായി. ഒന്നു പരീക്ഷിച്ചു നോക്കൂ...
ആവശ്യമുള്ള സാധനങ്ങൾ:
ചേനത്തണ്ട് - ഒന്ന്
ചെറുപയർ - ഒരുപിടി
മഞ്ഞൾപ്പൊടി
തേങ്ങ ചിരകിയത് - അവശ്യത്തിന്
ജീരകം - അര സ്പൂൺ
കാന്താരിമുളക്/പച്ചമുളക് - ആവശ്യത്തിന്
വറുത്തിടാനുള്ള കടുക്, മുളക്, കറിവേപ്പില,വെളിച്ചെണ്ണ
ഉണ്ടാക്കുന്ന വിധം:
ചേനയേപ്പോലെതന്നെ ചേനത്തണ്ടും നല്ല ചൊറിച്ചുണ്ടാക്കുന്നതാണ്, ജാഗ്രതൈ! കയ്യിൽ കുറച്ച് വെളിച്ചെണ്ണ പുരട്ടിയശേഷം കൈകാര്യം ചെയ്താൽ ചൊറിച്ചിൽ കുറയും.
ചേനത്തണ്ട് തൊലി ചീന്തിയെടുക്കുക. തൊലി ചീന്തിക്കഴിഞ്ഞാൽ തണ്ടിന് നല്ല വഴുവഴുപ്പുണ്ടാവും. വെള്ളത്തിലിട്ട് നന്നായി കഴുകിയെടുത്താൽ വഴുവഴുപ്പ് പോയിക്കിട്ടും. അതിനുശേഷം ചെറുതായി അരിഞ്ഞെടുക്കുക.
ചെറുപയർ വെള്ളമൊഴിച്ച് കുക്കറിൽ വേവിച്ചെടുക്കുക. വല്ലാതെ വെന്തുകുഴയരുത്.
തേങ്ങയും കാന്താരിമുളകും ജീരകവും കൂടി ചതച്ചുവയ്ക്കുക. (നിങ്ങളുടെ അഭിരുചി അനുസരിച്ച് കുറച്ചു ചുവന്നുള്ളിയോ, വെളുത്തുള്ളിയോ, ഇഞ്ചിയോ ഒക്കെ ചേർക്കാം)
ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകും മുളകും കറിവേപ്പിലയും വറുത്തശേഷം അരിഞ്ഞുവച്ചിരിക്കുന്ന ചേനത്തണ്ട് ചേർത്ത് ഇളക്കുക. അല്പം മഞ്ഞൾപ്പൊടിയും പാകത്തിന് ഉപ്പും ചേർത്ത് ചെറുതീയിൽ കുറച്ചുനേരം അടച്ചുവയ്ക്കുക (വെള്ളമൊഴിക്കേണ്ട ആവശ്യമില്ല). അതിനുശേഷം ചെറുപയർ വേവിച്ചതും ചതച്ചുവച്ചിരിക്കുന്ന തേങ്ങാമിശ്രിതവും ചേർത്ത് നന്നായി ഇളക്കി ചെറുതീയിൽ കുറച്ചുനേരം കൂടി വച്ചശേഷം വാങ്ങാം.
ചേനത്തണ്ട് തോരനിതാ, ഒരുങ്ങിക്കഴിഞ്ഞു! കഞ്ഞിയ്ക്കും ചോറിനുമൊക്കെ പറ്റിയതാണ്. ധാരാളം കഴിച്ചോളൂ.....ആരോഗ്യത്തിന് ഒരു ഹാനിയും വരുത്തില്ല....
No comments:
Post a Comment