ലോ കാർബ് ഹൈ ഫാറ്റ് ( LCHF ) ഡയറ്റ് അല്ലെങ്കിൽ കീറ്റോ ഡയറ്റിനെ കുറിച്ച് കേൾക്കാത്തവർ ഇന്ന് കുറവായിരിക്കും.വളരെ ചുരുങ്ങിയ ഒരു കാലം കൊണ്ടാണ് ഈ ഭക്ഷണരീതി ലോകത്തു പ്രചരിച്ചത്. വാർത്താമാധ്യമങ്ങളിൽ വളരെയൊന്നും സ്ഥാനം പിടിച്ചിട്ടില്ലെങ്കിലും നവമാധ്യമങ്ങളായ ഫേസ് ബുക്ക്,ടെലിഗ്രാം,വാട്സാപ്പ് തുടങ്ങിയവയിലൂടെ ഇന്ന് ജനങ്ങൾക്ക് വളരെ സുപരിചിതമാണ് ഈ ഡയറ്റ്. പ്രമേഹം,പൊണ്ണത്തടി തുടങ്ങി ഒരിക്കലും പൂർണമായ രോഗമുക്തി ഉണ്ടാവില്ലെന്ന് കരുതിയിരുന്ന പല രോഗങ്ങളും ഇന്ന് ഈ ഭക്ഷണരീതിയിലൂടെ സുഖപ്പെട്ടു കൊണ്ടിരിക്കയാണ്.
എന്താണ് കീറ്റോ ഡയറ്റ്?
നമ്മുടെ ശരീരം പ്രധാനമായും രണ്ടു ഇന്ധനങ്ങളെയാണ് ഊർജ്ജത്തിന് വേണ്ടി ഉപയോഗിക്കുന്നത് . ഒന്ന് അന്നജങ്ങളിൽ നിന്ന് ലഭിക്കുന്ന ഗ്ളൂക്കോസ്. മറ്റൊന്ന് കൊഴുപ്പ്. സാധാരണയായി നാം ധാന്യങ്ങൾ, കിഴങ്ങുകൾ, പഴങ്ങൾ, പഞ്ചസാര തുടങ്ങിയ അന്നജ സമ്പുഷ്ടമായ ഭക്ഷണങ്ങളാണ് ഊർജ്ജത്തിനായി ഉപയോഗിക്കുന്നത്. എന്നാൽ കീറ്റോ അല്ലെങ്കിൽ LCHF ഡയറ്റിൽ അന്നജങ്ങൾ തീരെ കുറഞ്ഞ ഭക്ഷണ പദാർത്ഥങ്ങളാണ് നാം കഴിക്കുന്നത്. വെണ്ണ, നെയ്യ്, ഒലിവോയിൽ, വെളിച്ചെണ്ണ, മാംസം, മൽസ്യം, മുട്ട, അണ്ടിവർഗങ്ങൾ, പച്ചക്കറികൾ എന്നിവ.
നമ്മുടെ ഭക്ഷണത്തിൽ നിന്ന് അന്നജങ്ങളെ ഒഴിവാക്കുമ്പോൾ കരൾ കൊഴുപ്പിൽ നിന്ന് കീറ്റോണുകളെ ഉല്പാദിപ്പിക്കുന്നു. ഈ കീറ്റോണുകളാണ് ഗ്ലുക്കോസിന് പകരം ശരീരം ഉപയോഗിക്കുന്ന ഊർജം. നമ്മുടെ തലച്ചോറിനടക്കം ഉപയോഗിക്കാവുന്ന ഗ്ലുക്കോസിനേക്കാൾ ഉത്തമമായ ഇന്ധനമാണ് കീറ്റോൺ.
ഇങ്ങനെ കീറ്റോൺ ഉല്പാദിപ്പിക്കുന്ന ഭക്ഷണരീതിക്കാണ് കീറ്റോ ഡയറ്റ് എന്ന് പറയുന്നത്. ഇതിൽ അന്നജം വളരെ കുറവും കൊഴുപ്പു കൂടുതലുമാണ്. അതിനാൽ ലോ കാർബ് ഹൈ ഫാറ്റ് എന്നും അറിയപ്പെടുന്നു. വളരെ സൂക്ഷ്മമായി പറഞ്ഞാൽ LCHF നേക്കാൾ അന്നജം കുറഞ്ഞ ഭക്ഷണരീതിയാണ് കീറ്റോ. ദിവസത്തിൽ 20 ഗ്രാമിൽ കുറഞ്ഞ അന്നജങ്ങൾ മാത്രമേ കീറ്റോ ഡയറ്റിൽ അനുവദനീയമായുള്ളൂ.
കീറ്റോ ഡയറ്റ് എന്നത് അടുത്ത കാലത്തു മാത്രമാണ് ഇത്ര പരിചിതമായത് എങ്കിലും അന്നജങ്ങൾ കുറച്ച ഭക്ഷണരീതികൾ ലോകത്ത് വളരെ മുൻപ് തന്നെ പ്രചരിക്കപ്പെട്ടിട്ടുണ്ട്. ബാൻറിങ് ഡയറ്റ്, പാലിയോ ഡയറ്റ്, ആട് കിൻസ് ഡയറ്റ് എന്നീ പേരുകളിൽ.
നമ്മുടെ പൂർവ പിതാക്കൾ ജീവിച്ചിരുന്ന ശിലായുഗത്തിൽ പഞ്ചസാരയോ ശുദ്ധീകരിച്ച അന്നജങ്ങളോ ഭക്ഷിച്ചിരുന്നില്ല. മനുഷ്യചരിത്രത്തിൽ ധാന്യങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടു വളരെ ചുരുങ്ങിയ കാലമേ ആയിട്ടുള്ളു. അഞ്ചു ലക്ഷത്തിലേറെ കൊല്ലം മുൻപ് മനുഷ്യൻ ഭൂമിയിൽ വസിക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ ധാന്യങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയിട്ട് പതിനായിരം വർഷങ്ങളെ ആയിട്ടുള്ളൂ. നമ്മുടെ ജീനുകളൊന്നും ഇപ്പോഴും ധാന്യങ്ങളോട് പൊരുത്തപ്പെട്ടിട്ടില്ല എന്ന് സാരം. എന്നാൽ ശുദ്ധീകരിച്ച അന്നജങ്ങളും പഞ്ചസാരയും ഉപയോഗിക്കാൻ തുടങ്ങിയിട്ട് 200 വർഷങ്ങളെ ആയിട്ടുള്ളു.
അതിനാൽ തന്നെ നമ്മുടെ പൂർവികർ ഭക്ഷിച്ചിരുന്ന കൊഴുപ്പും മാംസവും തന്നെയാണ് നമ്മുടെ ശരീരത്തിന് പഥ്യം.
എന്തിനാണ് ഈ ഭക്ഷണരീതി?
ഈ ഭക്ഷണ രീതി കാരണം ശരീരത്തിൽ അടിഞ്ഞു കൂടിയ ദുർമേദസ്സ് ഇല്ലാതാവുന്നു, പ്രമേഹം പോലുള്ള രോഗങ്ങൾ സുഖപ്പെടുന്നു, നീർക്കെട്ട് കാരണം രക്തക്കുഴലുകളിൽ ഉണ്ടാവുന്ന തടസ്സങ്ങൾ നീങ്ങുന്നു, ഭക്ഷണത്തോടുള്ള ആർത്തിയും അമിതവിശപ്പും ഇല്ലാതാവുന്നു. സർവോപരി നമ്മുടെ ഊർജവും ഉന്മേഷവും വർധിക്കുന്നു.
ഇടക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നൽ ഇല്ലാതാവുന്നു. ഭക്ഷണത്തിലെ കലോറികൾ എണ്ണിക്കണക്കാക്കേണ്ടതില്ല. വിശപ്പ് മാറുവോളം ഭക്ഷണം കഴിക്കാം. അതും ഏറ്റവും പോഷകസമൃദ്ധമായ ഭക്ഷണം തന്നെ.
കഠിനമായ വ്യായാമമുറകളൊന്നും തന്നെ ഇല്ലാതെ ശരീരഭാരം കുറക്കാം. വ്യായാമം ചെയ്യുന്നവർക്ക് ചെയ്യാമെന്ന് മാത്രം. വ്യായാമം കാരണം ശരീരഭാരം കുറക്കാൻ സാധിക്കുമെന്നത് ഒരു മിഥ്യാധാരണയാണ്.
ഭക്ഷണത്തിൽ നിന്ന് അന്നജങ്ങൾ കുറക്കുന്നതു മൂലം ശരീരത്തിന് ഇൻസുലിൻ്റെ ആവശ്യം കുറയുന്നു. രക്തത്തിലെ അമിതമായ ഇൻസുലിൻ നീർക്കെട്ട് അഥവാ inflammation വർധിപ്പിക്കുന്നത് മൂലം രക്തക്കുഴലുകളിൽ തടസ്സം നേരിടുന്നു. കീറ്റോ ഡയറ്റുകാരണം ഈ തടസ്സങ്ങൾ നീങ്ങുകയും ഹൃദ്രോഗം, സ്ട്രോക്ക്, വൃക്ക രോഗങ്ങൾ എന്നിവക്കുള്ള സാധ്യത കുറയുകയും ചെയ്യുന്നു .
അമിതമായ നീർക്കെട്ട് മൂലമുണ്ടാകുന്ന മറ്റനവധി രോഗങ്ങൾക്കും കീറ്റോ ഒരു പരിഹാരമാണ്.
എങ്ങിനെയാണ് കീറ്റോ ഡയറ്റ് ചെയ്യുന്നത്?
കഴിക്കാൻ പറ്റാത്തവ
വളരെ ലളിതമാണ് ഈ ഡയറ്റ്. ഭക്ഷണത്തിലെ അന്നജങ്ങൾ ഒഴിവാക്കുക. അത്ര തന്നെ.
അരി, ഗോതമ്പു, രാഗി, ഓട്സ് തുടങ്ങിയ ധാന്യങ്ങൾ, കപ്പ, ഉരുള കിഴങ്ങ്, മധുരക്കിഴങ്ങു, ബീറ്റ്റൂട്ട് തുടങ്ങിയ കിഴങ്ങു വർഗങ്ങൾ, മധുരമുള്ള പഴങ്ങൾ, പഞ്ചസാര തുടങ്ങിയവ ഉപയോഗിച്ചുണ്ടാക്കുന്ന മുഴുവൻ ഭക്ഷണങ്ങളും ഒഴിവാക്കുക.
ശുദ്ധമായ, പ്രകൃതിദത്തമായ കൊഴുപ്പുകളും മിതമായ അളവിൽ മാംസ്യവും കഴിക്കുക. വെണ്ണ, നെയ്യ്, വെളിച്ചെണ്ണ, ഒലിവോയിൽ ഇവ കഴിക്കുക. ബീഫ്, മട്ടൺ, മീൻ, മുട്ട ഇവ കഴിക്കാം. നാടൻ കോഴി കഴിക്കാം.
കഴിക്കാൻ പറ്റുന്നവ
കടല,പയർ വർഗങ്ങളല്ലാത്ത പച്ചക്കറികളും അണ്ടിവർഗ്ഗത്തിൽ പെട്ട ബദാം,വാൽ നട്ട് തുടങ്ങിയവ കഴിക്കാം.
നമുക്ക് ഇന്ന് കീറ്റൊ ഭക്ഷണ രീതി പ്രകാരമുള്ള ഒരു വിഭവം തയ്യാറാക്കി നോക്കാം 'കോളിഫ്ലവർ എഗ്ഗ് ഫ്രൈഡ് റൈസ്.
കോളിഫ്ലവർ എഗ്ഗ് ഫ്രൈഡ് റൈസ്
ഇനി നമുക്ക് ടേസ്റ്റി ഫുഡ് കഴിച്ചു കൊണ്ട് തന്നെ തടി കുറക്കാം . അരിക്ക് പകരം കോളിഫ്ളവർ ഉപയോഗിച്ചാണ് ഈ റെസിപ്പി നാം തയ്യാറാക്കുന്നത്.
ഇത് തയ്യാറാക്കുന്ന വിധം എങ്ങനെ എന്ന് നോക്കാം.. https://noufalhabeeb.blogspot.com/?m=1
ചേരുവകൾ
കോളിഫ്ളവർ - 200 ഗ്രാം
വെളുത്തുള്ളി - 3 അല്ലി
സ്പ്രിംഗ് ഓണിയൻ - 5 ടീസ്പൂൺ
സെലറി - 2 ടീസ്പൂൺ
കാപ്സിക്കം - 2 ടീസ്പൂൺ
ഒലിവ് ഓയിൽ - 3-4 ടീസ്പൂൺ
മുട്ട - 2 എണ്ണം
കുരുമുളക് - 1 ടീസ്പൂൺ
ഉപ്പ് - 1/2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
നന്നായി അരിഞ്ഞ കോളിഫ്‌ളവർ 2 മുട്ടയും ആവശ്യത്തിന് ഉപ്പും കുരുമുളകും ചേർത്ത് ഇളക്കി യോജിപ്പിക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി ചതച്ച വെളുത്തുള്ളി ചേർത്ത് ഇതിലേക്ക് കോളിഫ്ലവറും മുട്ടയും ചേർന്ന മിശ്രിതം ചേർത്ത് കോളിഫ്ളവർ വേവുന്ന വരെ വഴറ്റുക (4-5 മിനിറ്റ്).
ഇനി ഇതിലേക്ക് 1 ടീസ്പൂൺ എണ്ണയും ചതച്ച വെളുത്തുള്ളിയും ചേർത്ത് വഴറ്റുക.
ശേഷം അതിലേക്ക് സ്പ്രിംഗ് ഓണിയൻ , സെലറി, കാപ്സിക്കം എന്നിവ ചേർത്ത് നന്നായി ഇളക്കുക .
നിങ്ങളുടെ ടേസ്റ്റ് അനുസരിച്ച് ഉപ്പും കുരുമുളകും ക്രമീകരിക്കുക.
രുചിയുള്ള കോളിഫ്ലവർ എഗ്ഗ് ഫ്രൈഡ് റൈസ് തയ്യാറാണ് .
ഡയറ്റ് ചെയ്യുന്നവർക്ക് മാത്രമല്ല ... എല്ലാർക്കും പരീക്ഷിക്കാവുന്ന നല്ല രുചിയുള്ള ഒരു റെസിപ്പി ആണ് ...
https://noufalhabeeb.blogspot.com/?m=1