Wednesday, May 12, 2021

കിഴി ബിരിയാണി


ഇന്ന് നമുക്ക്‌ പെരുന്നാൾ സ്പെഷ്യൽ കിഴി ബിരിയാണി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം

ഹോട്ടലിൽ മാത്രമല്ല ഒന്നു ശ്രമിച്ചാൽ വീട്ടിലും ഉണ്ടാക്കാവുന്ന ഒന്നാണ് കിഴി ബിരിയാണി. ഇതാ വീട്ടിൽ വെച്ചു തയ്യാറാക്കാവുന്ന കിഴി ബിരിയാണിയുടെ റെസിപ്പി    https://noufalhabeeb.blogspot.com/?m=1

                 ചേരുവകൾ

1. ചിക്കൻ - 12 കഷ്ണം

2. ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് - 1 കപ്പ്

3. സവാള കനം കുറച്ച് അരിഞ്ഞത് - ഒന്ന് വലുത്

4. തക്കാളി - രണ്ട് എണ്ണം

5. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 2 ടേബിൾസ്പൂൺ

6. കാന്താരി മുളക്/പച്ചമുളക് - അഞ്ചെണ്ണം

7. കട്ടിയുള്ള തേങ്ങാപ്പാൽ - ഒരു കപ്പ്

8. മഞ്ഞൾപ്പൊടി - അര ടീസ്പൂൺ

9. കുരുമുളകുപൊടി - 1 ടീസ്പൂൺ

10. കശ്മീരി മുളകുപൊടി - 1 ടീസ്പൂൺ

11. ഗരംമസാല - 1 ടീസ്പൂൺ

12. ചെറുനാരങ്ങ - ഒന്ന്

              ചോറിന്

13. കൈമ അരി - അര കിലോ

14. പട്ട, ഗ്രാമ്പു, തക്കോലം, ഏലക്ക - നാല് വീതം

15. ഇഞ്ചി, പച്ചമുളക് ചെറുതായി അരിഞ്ഞത് - 2 ടീസ്പൂൺ

16. സവാള നീളത്തിൽ കനം കുറച്ചു അരിഞ്ഞത് - ഒന്ന് വലുത്

17. അണ്ടിപ്പരിപ്പ്, കിസ്മിസ്, നെയ്യ്, സൺഫ്ലവർ ഓയിൽ, കറിവേപ്പില, മല്ലിയില, റോസ് വാട്ടർ, വാഴയില - ആവശ്യത്തിന്

                തയ്യാറാക്കുന്ന വിധം

ചൂടായ പാനിലേക്ക് എണ്ണ ഒഴിച്ച് ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് ഇട്ട് ബ്രൗൺ നിറമാകുന്നതു വരെ വഴറ്റുക. അതിലേക്ക് ചെറിയ ഉള്ളി അരിഞ്ഞതും സവാള അരിഞ്ഞതും കാന്താരി മുളക് അരിഞ്ഞതും ചേർത്ത് വഴറ്റുക. പാകത്തിന് ഉപ്പ് ചേർക്കുക. നന്നായി വഴന്നാൽ മഞ്ഞൾപ്പൊടി, കശ്മീരി മുളകുപൊടി, കുരുമുളകുപൊടി, ഗരംമസാല എന്നിവ ചേർത്ത് നന്നായി വഴറ്റുക. അതിനുശേഷം തേങ്ങാപ്പാൽ ഒഴിക്കുക. നന്നായി കുറുകുമ്പോൾ അതിലേക്ക് ചിക്കൻ കഷ്ണങ്ങൾ ഇടുക. തിളയ്ക്കുമ്പോൾ തക്കാളി ക്യൂബ് ആയി അരിഞ്ഞത് ചേർക്കുക, കുറച്ചു നാരങ്ങാ നീരും ചേർക്കുക. ചിക്കൻ വെന്തു കഴിയുമ്പോൾ തുറന്നുവെച്ച് വറ്റിക്കുക. ഒരുവിധം വറ്റിയ ശേഷം ചെറിയ തീയിൽ മൂടിവയ്ക്കുക. നന്നായി എണ്ണ തെളിയുന്നത് വരെ വച്ച ശേഷം ഇറക്കുന്നതിനു മുമ്പ് മല്ലിയില ചേർക്കുക.

             ഇനി റൈസ് തയാറാക്കാം

അരിഞ്ഞ ഇഞ്ചിയും പച്ചമുളകും പട്ട, ഗ്രാമ്പു, തക്കോലം, ഏലക്ക എന്നിവയും എടുത്ത് വൃത്തിയുള്ള ഒരു കോട്ടൺ തുണിയിൽ കിഴികെട്ടുക. ഒരു ഗ്ലാസ് അരിക്ക് രണ്ടു ഗ്ലാസ് വെള്ളം എന്ന കണക്കിൽ വെള്ളം അടുപ്പിൽ വെച്ച് കിഴിയും ഇട്ട് തിളയ്ക്കാൻ വയ്ക്കുക. വെള്ളം തിളയ്ക്കുമ്പോഴേക്കും സവാള വറുത്തു കോരാം. വറുക്കാൻ ആവശ്യമുള്ള എണ്ണയിൽ പകുതി നെയ്യും പകുതി സൺഫ്ലവർ ഓയിലും എടുക്കുക. അണ്ടിപ്പരിപ്പും കിസ്മിസും കറിവേപ്പിലയും വറുത്തു കോരുക. പിന്നെ സവാള നല്ല ബ്രൗൺ നിറമാവുന്നത് വരെ വറുത്ത് കോരുക. ഇനി ആ എണ്ണ മാറ്റി പാത്രത്തിൽ അൽപ്പം പുതിയ നെയ്യ് ചേർത്ത് കഴുകി വാർത്തുവച്ച അരി ചേർക്കുക. മൂന്ന്-നാല് മിനിറ്റ് നന്നായി ഇളക്കുക. അപ്പോഴേക്കും വെള്ളം തിളച്ചിട്ടുണ്ടാവും. ആ വെള്ളം കിഴിയടക്കം അരിയിലേക്ക് ഒഴിക്കുക. പാകത്തിന് ഉപ്പും ചേർക്കാം.

തിളച്ച ശേഷം ചെറിയ തീയിൽ ചോറ് വറ്റിച്ചെടുക്കുക. ചൂടായ ദോശക്കല്ലിൽ ആ പാത്രം കുറച്ചുസമയം വയ്ക്കുക. എന്നിട്ട് മസാലക്കിഴി എടുത്തു മാറ്റാം. വലിയ കിഴി ഉണ്ടാക്കി ബിരിയാണി ദം ആക്കാം. വാട്ടിയ വാഴയില എടുത്ത് അതിൽ കുറച്ചു റൈസ് ഇടുക. അതിനു മീതെ മസാല പിന്നെ റൈസ് അതിനു മുകളിൽ വറുത്തുവച്ച സവാള, കറിവേപ്പില, അണ്ടിപ്പരിപ്പ്, കിസ്മിസ് എന്നിവ ഇടുക. അരിഞ്ഞ മല്ലിയില, ഒരു ടീസ്പൂൺ റോസ് വാട്ടർ, ഒരു ടീസ്പൂൺ നെയ്യും കൂടി ചേർത്ത് വാഴയില കിഴി കെട്ടുന്നതു പോലെ കെട്ടുക. നാല് കിഴി ഉണ്ടാവും. ഓരോ പോർഷൻ റൈസ് ആണ് ഓരോ കിഴി. അപ്പച്ചെമ്പിൽ വച്ച് 20 മിനിറ്റ് ആവി കയറ്റിയാൽ കിഴി ബിരിയാണി റെഡി.     https://noufalhabeeb.blogspot.com/?m=1

No comments:

Post a Comment