നാടന്‍ ചിക്കന്‍ പിരട്ട് ഉണ്ടാക്കാം
തിരുവനന്തപുരത്ത് പൊതുവെ കാണപ്പെടുന്ന ചിക്കന്‍ വിഭവമാണിത്. നാടന്‍ കോഴി ഉപയോഗിച്ച് ഉണ്ടാക്കുന്ന പിരട്ട് കഴിക്കാന്‍ മറ്റു സ്ഥലങ്ങളില്‍നിന്നുപോലും തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ ഭക്ഷണപ്രിയര്‍ എത്താറുണ്ട്. എങ്ങനെയാണ് നാടന്‍ ചിക്കന്‍ പിരട്ട് ഉണ്ടാക്കുന്നതെന്ന് നോക്കാം
ചേരുവകള്‍
നാടന്‍ കോഴി ചെറിയ കഷ്ണങ്ങളാക്കിയത് – ഒരു കിലോ
മുളക് പൊടി – മൂന്ന് ടീ സ്‌പൂണ്‍
മഞ്ഞള്‍ പൊടി – ഒരു ടീ സ്‌പൂണ്‍
മല്ലിപ്പൊടി – രണ്ടു ടീസ്പൂണ്‍
ഗരം മസാല പൊടി- ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
ഉണങ്ങിയ പുതീനയില – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചെറിയ കഷ്ണങ്ങളാക്കിയ നാടന്‍ കോഴിയില്‍ മുളകുപൊടി, മഞ്ഞപ്പൊടി, മല്ലിപ്പൊടി, ഗരം മസാല പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കി 15 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കണം. ഫ്രിഡ്ജില്‍ വെക്കുന്നതിന് മുമ്പ് കുറച്ച് നാരങ്ങാനീര് പിഴിഞ്ഞൊഴിക്കുന്നത് നല്ലതാണ്. പൊടികള്‍ എല്ലാം പകുതിയേ ചേര്‍ക്കാവു. ബാക്കി പകുതി പിന്നെ ഉപയോഗിക്കാനുള്ളതാണ്.
വലിയൊരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക. അതിലേക്കു പുതീന ഇലയും കറിവേപ്പിലയും ഇടണം. ഇതിലേക്ക് ഫ്രിഡ്ജില്‍നിന്നെടുത്ത ചിക്കന്‍ കഷ്ണങ്ങള്‍ ഇടാം. നല്ലതുപോലെ തീ കൂട്ടിവെച്ച് ഇളക്കി വേവിക്കാം. ഇടയ്‌ക്കു അടച്ചുവെക്കണം. അഞ്ചു മിനിട്ട് തോറും മൂടി മാറ്റി തീ കൂട്ടി ഇളക്കണം. മൂടിവെക്കുമ്പോള്‍ തീ കുറയ്‌ക്കണം. അങ്ങനെ കോഴി മുക്കാല്‍ ഭാഗം വെന്തു വരുമ്പോള്‍, മറ്റൊരു ചെറിയ ചട്ടിയില്‍ എണ്ണ ഒഴിച്ചു കടുക് പൊട്ടിച്ച്, ബാക്കിയുള്ള പൊടികള്‍(ഉപ്പ് ഒഴികെ) ചേര്‍ത്തു കരിഞ്ഞു പോകാതെ മൂപ്പിക്കുക. അതിനുശേഷം തീയണച്ചു ആ എണ്ണ കോഴി കഷ്ണങ്ങള്‍ ഇരിക്കുന്ന ചട്ടിയിലേക്ക് ഒഴിച്ചു വീണ്ടും നന്നായി ഇളക്കണം.
നല്ല റെഡ് ബ്രൗണ്‍ നിറം ആകുന്നതുവരെ ഇളക്കണം. ഒരഞ്ചു മിനിട്ട് കൂടി മൂടി വച്ച് പിന്നേം മൂടി തുറന്നു നന്നായി ഇളക്കി തീയണച്ചശേഷം ഒരു 10 മിനിട്ട് മൂടി വച്ച ശേഷം സെര്‍വ് ചെയ്യാം. ചിക്കന്‍ വേവിക്കുമ്പോള്‍ ഇടയ്‌ക്കിടെ ഇളക്കുക്കൊടുക്കുന്നതുകൊണ്ടാണ് അതിനെ പിരട്ട് എന്നു വിളിക്കുന്നത്. ഇഞ്ചി, വെളുത്തുള്ളി, തക്കാളി, പച്ചമുളക് എന്നിവ ഉപയോഗിക്കുന്നില്ല എന്നതാണ് പിരട്ടിന്റെ പ്രത്യേകത. നാടന്‍ കോഴി ലഭിക്കാത്തവര്‍ ബ്രോയ്‌ലര്‍ ചിക്കന്‍ ഉപയോഗിച്ചു ഉണ്ടാക്കുക. അപ്പോള്‍ വേവ് കുറവായിരിക്കും. അതിനനുസരിച്ച് തയ്യാറാക്കുക. അത്യാവശ്യം എരിവുള്ള, നല്ല സ്വാദുള്ള വിഭവമാണ് നാടന്‍ ചിക്കന്‍ പിരട്ട്. https://noufalhabeeb.blogspot.com/?m=1