Wednesday, March 31, 2021

വെട്ടു കേക്ക്

ഗോതമ്പുപൊടി കൊണ്ട് വെട്ടു കേക്ക്. ചായക്കടകളിലെ പലഹാരത്തിന് രുചി വീട്ടിൽ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ പലരും.രുചിയിൽ മുമ്പിൽ നിൽക്കുന്ന ചായക്കട പലഹാരമായ വെട്ടുകേക്ക് ഗോതമ്പ് പൊടി ഉപയോഗിച്ച് വീട്ടിൽ എങ്ങനെ തയ്യാറാക്കാമെന്നു പരിചയപ്പെടാം.

                    ചേരുവകൾ

ഗോതമ്പുപൊടി - 2 കപ്പ് 

മൈദ - 3 ടേബിൾസ്പൂൺ 

റവ - 1/4 കപ്പ് 

സോഡാപ്പൊടി - 1/2 ടീസ്പൂൺ 

ഉപ്പ് ആവശ്യത്തിന്

ഏലക്ക - 4 എണ്ണം 

മുട്ട - 2 എണ്ണം 

തൈര് - 1 ടേബിൾസ്പൂൺ 

പഞ്ചസാര - 1/2 കപ്പ് 

നെയ്യ് - 1 ടേബിൾസ്പൂൺ 

വെളിച്ചെണ്ണ വറുക്കാൻ ആവശ്യത്തിന്

                    തയ്യാറാക്കുന്ന വിധം

ഏലക്ക, തൈര്, പഞ്ചസാര, മുട്ട ഇവയെല്ലാംകൂടി മിക്സിൽ നല്ലതുപോലെ അടിച്ചെടുക്കുക.

ഗോതമ്പുപൊടി, മൈദ, ഉപ്പ് , സോഡാ പൊടി  എന്നിവ നല്ലതുപോലെ മിക്സ് ചെയ്ത, ശേഷം അടിച്ച മുട്ടയുടെ കൂട്ടും കൂടി ചേർത്ത് കുഴച്ചെടുത്ത് ശേഷം ഒരു മണിക്കൂർ അടച്ചു  വെക്കുക.

ഒരു മണിക്കൂറിനുശേഷം മാവ്  നീളത്തിൽ ഉരുട്ടിയെടുത്ത് കത്തി ഉപയോഗിച്ച് കഷണങ്ങളായി മുറിച്ച ശേഷം എതിർവശങ്ങളിൽ ഒരറ്റത്തു നിന്ന്   മറ്റേ അറ്റത്തേക്ക്  മുക്കാൽ ഭാഗം മുറിക്കുക.

ചൂടായ വെളിച്ചെണ്ണയിൽ വെട്ടുകേക്ക് വറുത്തു കോരി എടുക്കുക.

ചൂട് ചായയ്ക്കൊപ്പം വെട്ടുകേക്ക് കഴിക്കാവുന്നതാണ്.

Tuesday, March 30, 2021

ചിക്കൻ ചീസി ഫിംഗേഴ്സ്

ഇന്ന് നമുക്ക്‌ ചിക്കൻ ചീസി ഫിംഗേഴ്സ്‌ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.... കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ്‌ ഇത്‌.  പാർട്ടി വേളകളിലും മറ്റും തുടക്കത്തിൽ ഉപയോഗിക്കാവുന്ന ഒരു വിഭവം ആണിത്‌

                      ചേരുവകൾ

1. ചിക്കൻ - 250gm (എല്ലില്ലാത്തത്)

2. കശ്മീരി മുളകു പൊടി - 2tsp

3. ഒറീഗാനോ - 1tsp

4. കുരുമുളക് പൊടി - അര tsp

5. വെളുത്തുള്ളി പേസ്റ്റ് - 1tsp

6. ഉപ്പു - പാകത്തിന്

7. ചീസ് - അര കപ്പ് ( ഏതു ചീസ് വേണമെങ്കിലും ആവാം)

 8. മുട്ട - 2 എണ്ണം

9. മൈദ - 1 കപ്പ്

10. ബ്രെഡ് ക്രംസ് ( ബ്രെഡ്/ റസ്ക് പൊടിച്ചത്) -1 കപ്പ്

11. ഓയിൽ - പൊരിക്കാൻ ആവശ്യത്തിനു

                തയ്യാറാക്കുന്ന വിധം

1. കഴുകി വൃത്തിയാക്കിയ എല്ലില്ലാത്ത ചിക്കൻ നല്ല പോലെ വെള്ളം വാർന്ന ശേഷം മിക്സിയുടെ ചെറിയ ജാറിൽ ഇട്ട്‌ മിൻസ്‌ ചെയ്തെടുക്കുക._


2. ഈ ചിക്കനിലോട്ടു പൊടികൾ എല്ലാം ഇട്ടു നല്ലപോലെ മിക്സ് ചെയ്യണം.

3. ശേഷം  ഫ്രീസറിൽ വെച്ച ചീസ് ഈ ചിക്കൻ കൂട്ടിലേക്ക്‌ ഗ്രേറ്റ് ചെയ്തു ചേർത്തു വീണ്ടും നല്ലപോലെ മിക്സ് ചെയ്യണം.

4. ഈ ചിക്കൻ കൂട്ടിൽ നിന്നും ഓരോ കുഞ്ഞു ബോൾസ് എടുത്തു ഉരുട്ടി ഒരു പരന്ന പ്രതലത്തിൽ വെച്ചു  ഫിംഗേഴ്‌സിന്റെ  ആകൃതിയിൽ കൈ വെച്ചു റോൾ ചെയ്തെടുക്കണം. അങ്ങനെ ഈ മിശ്രിതം തീരുന്ന വരെ ചെയ്തു വെക്കണം.

5. 2 മുട്ടയും നല്ലപോലെ ബീറ്റ് ചെയ്തു വെക്കണം മൈദയും റസ്ക് പൊടിച്ചതും ഓരോ പരന്ന പത്രത്തിൽ നിരത്തി വെക്കണം.

6. ശേഷം ഓരോ ചിക്കൻ ഫിംഗേഴ്‌സും എടുത്തു മൈദയിൽ പൊതിഞ്ഞു, മുട്ട ബീറ്റ് ചെയ്തതിൽ മുക്കി, ലാസ്റ്റ് റസ്ക് പൊടിച്ചതിലും പൊതിഞ്ഞു മാറ്റി വെക്കുക.

7. ഇങ്ങനെ ചെയ്ത എല്ലാ ചിക്കൻ ഫിംഗേഴ്‌സും മിനിമം 2 മണിക്കൂർ  ഫ്രീസറിൽ  റെസ്റ്റ് ചെയ്യാൻ വെക്കണം. ഇത് മാക്സിമം 1 മാസം വരെ ഫ്രീസറിൽ സൂക്ഷിക്കാം.

8. 2 മണിക്കൂർ കഴിഞ്ഞു ചൂടായൽ എണ്ണയിൽ ശാലോ ഫ്രൈ ചെയ്തെടുക്കാം. മീഡിയം ഫ്ലയിമിൽ  തിരിച്ചും മറിച്ചും ഇട്ടു മൊരിച്ചെടുക്കണം.

9. ടേസ്റ്റി ആയിട്ടുള്ള ചിക്കൻ ചീസി ഫിൻഗേഴ്‌സ് റെഡി ആയി. ഇത് നമുക്ക് സോസ് കൂട്ടി കഴിക്കാം.

പാർട്ടി ടൈമിൽ ഒരു സ്റ്റാർട്ടർ ആയി ഉപയോഗിക്കാം. ഇത് നമുക്ക് വീട്ടിൽ  സാധാരണ  ഉപയോഗിക്കുന്ന മസാല പൊടികൾ വെച്ചും ട്രൈ ചെയ്യാവുന്നതാണ്. ഒരിഗാനോ ഇല്ലെങ്ങിൽ ഒരല്പം നാരങ്ങാ നീര് ചേർത്താലും മതിയാവും. പിന്നെ ചിക്കൻ ഫിൻഗേഴ്‌സ് മിശ്രിതം തകയ്യാറാകുമ്പോൾ ഒട്ടും വെള്ളത്തിന്റെ അംശം ഉണ്ടാവാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചാൽ മാത്രം മതി.

Monday, March 29, 2021

ഫ്രഞ്ച്‌ ടോസ്റ്റ്

ഇന്ന് നമുക്ക്‌ വളരെ എളുപ്പത്തിൽ ഫ്രഞ്ച്‌ ടോസ്റ്റ്‌ ( ബ്രഡ്‌ ടോസ്റ്റ്‌ എന്നും പറയും ) എങ്ങനെ രുചികരമായ രീതിയിൽ തയ്യാറാക്കാം എന്ന് നോക്കാം.

                  ചേരുവകൾ

ബ്രഡ്‌ : 10 പീസ്‌

മുട്ട : 2 എണ്ണം

പഞ്ചസാര : കാൽ കപ്പ്‌

ഏലക്ക : 8 എണ്ണം

പാൽ : അര കപ്പ്‌

നെയ്യ്‌ : ആവശ്യത്തിന്‌

              തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ രണ്ട് മുട്ട പൊട്ടിച്ചൊഴിച്ച് അടിച്ചെടുക്കുക.

ശേഷം ഇതിലേക്ക് കാൽ കപ്പ് പഞ്ചസാരയും 8 ഏലക്കയും കൂടി പൊടിച്ചതും അരക്കപ്പ്  പാലും കൂടി ഒഴിച്ച് നല്ലപോലെ ഒന്ന് മിക്സ് ആക്കി എടുക്കുക.

ഇനി   ബ്രെഡ് മുകളിൽ പറഞ്ഞ ചേരുവയിൽ മുക്കിയതിന്‌ ശേഷം ഗ്യാസ് ലോ ഫ്ലെയിമിൽ  ഇട്ട്  ആവശ്യത്തിന്‌ നെയ്യ്‌ ഒഴിച്ച്‌ രണ്ട്‌ വശവും ഒന്ന് ചെറുതായി പൊള്ളിച്ച്‌ എടുക്കുക.

നമ്മുടെ ബ്രഡ് ടോസ്റ്റ് അഥവാ ഫ്രഞ്ച് ടോസ്റ്റ് റെഡി.

Sunday, March 28, 2021

അവലുണ്ട

ഇന്ന് നമുക്ക്‌ അവിൽ ഉപയോഗിച്ച്‌ നല്ല രുചികരമായ അവിലുണ്ട വീട്ടിൽ തന്നെ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം..

                       ചേരുവകൾ

അവൽ - 3/4 കപ്പ്‌

നിലക്കടല / കപ്പലണ്ടി - 1 കപ്പ്‌

ശർക്കര - 1/2 തൊട്ട് 3/4 കപ്പ്‌ വരെ ( മധുരം അനുസരിച്ച് )

തേങ്ങ - 1/2 കപ്പ്‌

ഏലക്ക പൊടി - ആവശ്യത്തിന്

                     ഉണ്ടാക്കുന്ന വിധം

ആദ്യം തന്നെ വറുക്കാത്ത കപ്പലണ്ടി ആണ് എടുത്തതെങ്കിൽ അത് വറുത്തെടുക്കണം. അതിനു വേണ്ടി ഒരു ചട്ടിയിൽ ഇട്ടു ചെറു തീയിൽ വേണം വറുത്തെടുക്കാൻ. അതിനു ശേഷം തൊലി കളഞ്ഞു മാറ്റി വക്കാം.

ഇനി അവലും ചെറിയ തീയിൽ ഇട്ടു നല്ല കറമുറ ആവുന്ന വരെ വറുത്തെടുക്കാം.

ഇനി വറുത്തെടുത്ത കപ്പലണ്ടി മിക്സിയുടെ ചെറിയ ജാറിലോട്ട് ഇട്ടു ഒന്ന് പൊടിച്ചെടുക്കുക. ശേഷം അവലും പൊടിച്ചെടുക്കുക.

ഇനി ശർക്കരയും തേങ്ങയും നല്ല പോലെ തിരുമ്മി കട്ടയൊന്നും ഇല്ല്യാത്ത വിധം തിരുമ്മി എടുക്കാം.വേണമെങ്കിൽ മിക്സി ഉപയോഗിച്ച് യോജിപ്പിച്ചെടുക്കാം.

ഇനി പൊടിച്ചെടുത്ത കപ്പലണ്ടിയും, അവലും, തേങ്ങയും, ശർക്കരയും, ഏലക്കപൊടിയും ചേർത്ത് നല്ലപോലെ കുഴച്ച് ഉരുട്ടി എടുക്കാം സ്വാദിഷ്ടമായ അവലുണ്ട റെഡി

Saturday, March 27, 2021

പച്ച മാങ്ങാ ഹൽവ

അൽപ്പം പുളിയും നല്ല മധുരവും ഉള്ള സൂപ്പർ ഹൽവ..   പച്ച മാങ്ങാ ഹൽവ 

               ചേരുവകൾ 

1.മാങ്ങാ(പുളികുറഞ്ഞത് ) : 2 കപ്പ്‌ 

2.പഞ്ചസാര        :1കപ്പ്‌ 

3.ഉപ്പ്                     :1 പിഞ്ച് 

4.കോൺഫ്ലോർ  :2 ടേബിൾ സ്പൂൺ 

5.പാൽ                  :2ടേബിൾ സ്പൂൺ 

6.നെയ്യ്                  :4 ടേബിൾ സ്പൂൺ 

7.ഏലക്ക              :4 എണ്ണം 

8.ഫുഡ്‌ കളർ       :1തുള്ളി 

                    തയ്യാറാക്കുന്ന വിധം :

പാൻ ചൂടാക്കി പഞ്ചസാര, അൽപ്പം വെള്ളം ചേർത്ത് പാനിയാക്കണം. ശേഷം പച്ചമാങ്ങ  ഗ്രേറ്റ് ചെയ്തത് ചേർത്ത് കൊടുക്കാം... ഉപ്പ് ചേർത്ത് നല്ലപോലെ വേവിക്കുക .. നെയ്യ് കുറച്ചു വീതം ഒഴിക്കാം... കുറുകി വരുമ്പോൾ കോൺഫ്ലോർ പാലിൽ  കലക്കി അരിച്ചെടുത്തു കുറേശെ ആയി കട്ടയില്ലാതെ ചേർത്ത് കൊടുക്കാം.ഇനി ഏലക്കാപൊടിയും ഫുഡ്‌ കളറും കൂടി ചേർത്ത്  .കൈവിടാതെ ഇളക്കണം..  നന്നായി വറ്റി ഗ്ലാസ്സി പോലെ ആവും... ഇനി നെയ്യിൽ വറുത്തു എടുത്ത നട്സും ചേർക്കാം, പാത്രത്തിൽ തീരെ ഒട്ടിപ്പിടിക്കാത്ത  പോലെ ആകുമ്പോൾ നെയ്യ് പുരട്ടിയ പാത്രത്തിലേക്ക്  മാറ്റാം... തണുത്ത ശേഷം ഉപയോഗിക്കാം....

Friday, March 26, 2021

ചിക്കൻ കട്‌ലറ്റ്‌

ഇന്ന് നമുക്ക്‌ ചിക്കൻ കട്ട്‌ലറ്റ്‌ ഉണ്ടാക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം.

                      ചേരുവകൾ

 ചിക്കൻ -  250 ഗ്രാം

മഞ്ഞൾപ്പൊടി - അര ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

മുളകുപൊടി - അര ടീസ്പൂൺ

കുരുമുളകുപൊടി - അര ടീസ്പൂൺ

ഇഞ്ചി വെളുത്തുള്ളി - അര ടീസ്പൂൺ

വലിയ ജീരകം - കാൽ ടീസ്പൂൺ

പച്ചമുളക്  - 1 ചെറുതായി അരിഞ്ഞത്

മല്ലിയില -  മൂന്ന് ടീസ്പൂൺ

സവാള - രണ്ടെണ്ണം

ഉരുളക്കിഴങ്ങ് - രണ്ടെണ്ണം

ഓയിൽ - രണ്ട് ടേബിൾ സ്പൂൺ

മുട്ടയുടെ വെള്ള - ഒന്ന്

ബ്രഡ്ക്രബ്സ് - ആവശ്യത്തിന്

            തയ്യാറാക്കുന്ന വിധം

ചിക്കനിലേക്ക് മഞ്ഞൾപ്പൊടി, ഉപ്പ്,  മുളകുപൊടി,  കുരുമുളകുപൊടി,  ഇഞ്ചി,  വെളുത്തുള്ളി , കാൽ കപ്പ് വെള്ളം എന്നിവ ചേർത്ത് വേവിച്ചെടുക്കുക .

ചിക്കനിൽ  ഉള്ള വെള്ളം മുഴുവനായും വറ്റിച്ചെടുക്കണം. അതിനുശേഷം വേവിച്ചെടുത്ത ചിക്കൻ ചൂടാറിയതിനു ശേഷം മിക്സിയിൽ ഇട്ട് ചെറുതായി ഒന്ന് പൊടിച്ച് മാറ്റിവയ്ക്കാം.

     ഇനി ഇതിലേക്കുള്ള മസാല റെഡിയാക്കാം.

ഒരു പാനിൽ 2 ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക.

ഇതിലേക്ക് വലിയ ജീരകവും ഇഞ്ചിയും ,വെളുത്തുള്ളിയും,  പച്ചമുളകും ചേർത്ത് വഴറ്റി എടുക്കുക.

അതിനുശേഷം രണ്ട് മീഡിയം വലിപ്പത്തിലുള്ള സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക.

ഇതിലേക്ക് പൊടിച്ചു വെച്ചിട്ടുള്ള ചിക്കനും ഉരുളക്കിഴങ്ങും ചേർത്ത് നല്ലപോലെ മിക്സ് ആക്കുക.

ഒരു മിനിറ്റോളം കഴിയുമ്പോൾ മല്ലിയില മുകളിൽ ആയി ചേർത്ത് കൊടുത്ത്‌ നല്ലപോലെ മിക്സ് ആക്കി മാറ്റി വയ്ക്കുക.

ചൂടാക്കിയതിനു ശേഷം കുറച്ച് എടുത്ത് കയ്യിൽ വെച്ച് ഉരുട്ടി കട്ലൈറ്റ് ഷേപ്പിൽ ഉണ്ടാക്കിയെടുക്കാം.

ഇനി ഓരോന്ന് മുട്ടയുടെ വെള്ളയിൽ മുക്കി അത്‌ ബ്രഡ്‌ ക്രമ്പ്സിൽ  മുക്കി 10മിനിറ്റ് ഫ്രിഡ്ജിൽ വെച്ചതിനു ശേഷം ഫ്രൈ  ചെയ്ത്‌ എടുക്കാം.

Thursday, March 25, 2021

ചിക്കന്‍ ചീസ് ബോള്‍

നാല് മണിയ്ക്ക് എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ചിക്കന്‍ ചീസ് ബോള്‍ തയ്യാറാക്കാം

കുട്ടികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെടുന്നവിഭവമാണ് ചിക്കന്‍ ചീസ് ബോള്‍. വൈകുന്നേരം ചായയ്‌ക്കൊപ്പവും അല്ലാതെയും കഴിക്കാവുന്ന ഒരു വിഭവമാണ് ചിക്കന്‍ ചീസ് ബോള്‍. അടിപൊളി ചിക്കന്‍ ചീസ് ബോള്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ഉരുളക്കിഴങ്ങ് അരക്കിലോ

കോഴിയിറച്ചി അരക്കിലോ

മുട്ടയുടെ വെള്ള 4 എണ്ണം

വെളുത്തുള്ളി 3 അല്ലി

ചീസ് ക്യൂബ്..ആവശ്യത്തിന്

ജീരകം ഒരു ടീസ്പൂണ്‍

വെണ്ണ ഒരു ടീസ്പൂണ്‍

ബ്രഡ് പൊടിച്ചത് ആവശ്യത്തിന്

കുരുമുളക് പൊടി ആവശ്യത്തിന്

               തയ്യാറാക്കുന്ന വിധം

ആദ്യം കോഴിയിറച്ചിയും ഉപ്പും കുരുമുളകും ചേര്‍ത്ത് വേവിച്ച്‌ മാറ്റി വയ്ക്കാം. അതിനു ശേഷം ഉരുളക്കിഴങ്ങ് പുഴുങ്ങിയെടുക്കാം.

വേവിച്ച്‌ വച്ചിരിക്കുന്ന കോഴിയിറച്ചിയിലേക്ക് ഈ വേവിച്ച്‌ വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് പൊടിച്ച്‌ ചേര്‍ക്കാം. ഇതിന് ശേഷം ചീനച്ചട്ടിയില്‍ വെണ്ണയൊഴിച്ച്‌ കുരുമുളകും ജീരകവും മൂപ്പിച്ചെടുക്കാം.

ഉരുളക്കിഴങ്ങ് ചേര്‍ത്ത് കുഴച്ച്‌ വച്ചിരിക്കുന്ന കോഴിയിറച്ചി ചീനച്ചട്ടിയിലിട്ട് അല്‍പം ഇളക്കിയ ശേഷം വാങ്ങി വയ്ക്കാം. പിന്നീട് ഇത് ചൂടാറിയ ശേഷം ഇത് കൈയ്യിലെടുത്ത് ബോള്‍ രൂപത്തില്‍ കൈയ്യില്‍ വച്ച്‌ പരത്താം. അതിനകത്തേക്ക് അല്‍പം ചീസ് വച്ച്‌ വീണ്ടും ഉരുട്ടിയെടുക്കാം.

ഉരുട്ടിയെടുത്ത ഉരുള മുട്ടയുടെ വെള്ളയില്‍ മുക്കി ബ്രഡ് പൊടിയില്‍ ഉരുട്ടിയെടുത്ത് എണ്ണയില്‍ വറുത്ത് എടുക്കുക. ബ്രൗണ്‍ നിറമാകുമ്ബോള്‍ ഇത് എണ്ണയില്‍ നിന്ന് കോരിയെടുക്കാം. ചീസ് ബോള്‍ തയ്യാറായി…

Wednesday, March 24, 2021

അവൽ മിൽക്ക്

ഇന്ന് നമുക്ക്‌ അവിൽ മിൽക്ക്‌ ഉണ്ടാക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം.

മലബാറിൽ പലഭാഗങ്ങളിലും കാണുന്ന ഒരു പാനീയമാണ് അവൽ മിൽക്ക് അല്ലെങ്കിൽ അവിൽ മിൽക്ക്. സാധാരണ, വീടുകളിൽ ഇതുണ്ടാക്കാറില്ല. ഏകദേശം അവൽ പ്രഥമനോട് സാമ്യം തോന്നുന്ന ഈ വിഭവം ചെറുനഗരങ്ങളിലും വഴിയോരങ്ങളിലും കൂൾബാറുകളിലും വ്യാപകമായി കാണാവുന്നതാണ്. അരി ഇടിച്ചുണ്ടാക്കുന്ന കട്ടി കൂടിയ ചുവന്ന അവലാണ് ഇതിനായി ഉപയോഗിക്കുന്നത്.

                         ചേരുവകൾ

ഒരു ഗ്ലാസ് പാൽ

ചെറുപഴം 3-4 എണ്ണം

3, 4 ടീസ്‌പൂൺ അവൽ

വെള്ളം കാൽ ഗ്ലാസ്

ഒരല്പം ഏലക്ക (ഒന്നോ രണ്ടോ മതിയാവും) ചതച്ചെടുത്തത്

കുറച്ച് ഉണക്ക മുന്തിരി

ആവശ്യത്തിന് പഞ്ചസാര

വറുത്ത തൊലികളഞ്ഞ കടലമണികൾ

                        ഉണ്ടാക്കേണ്ട വിധം

പഴങ്ങൾ തൊലി കളഞ്ഞ് മിക്സിയിൽ ഇട്ട് തണുത്ത പാലും (വെള്ളം വേണമെങ്കിൽ വെള്ളവും) പഞ്ചസാരയും ചേർത്ത് ഒന്നു അടിച്ചെടുക്കുക.

അതിലേക്ക് ബാക്കിയുള്ള അവൽ, ഏലക്ക, മുന്തിരി ഒക്കെ ചേർത്ത് ഒന്നുകൂടി ഒന്ന് അടിച്ചെടുക്കുക.

അവൽ അധികം പൊടിഞ്ഞ് പോവാത്ത രീതിയിൽ വേണം മിക്സിയിൽ അടിക്കാൻ. ചെറിയ പീടികകളിൽ പഴം ഗ്ലാസിലിട്ട് മരക്കഷണം കൊണ്ട് ഉടച്ചാണ് അവിൽ മിൽക്ക് തയ്യാറാക്കാറ്.

സ്പെഷ്യൽ അവിൽ മിൽക്ക്

ഐസ്ക്രീമും  ചെറിപ്പഴവും മറ്റു അലങ്കാരങ്ങളും ചെയ്ത് തയ്യാറാക്കുന്നതാണ് സ്പെഷ്യൽ അവിൽ മിൽക്ക്.

Tuesday, March 23, 2021

രസമലായി

നമുക്കിന്ന്  അൽപ്പം മധുരം ആയാലൊ ? ഇന്ന് നമുക്ക്‌ രസമലായി ഉണ്ടാക്കുന്നത്‌  എങ്ങനെ എന്ന്നോക്കാം.

                        ചേരുവകൾ

പാല്‍ -1 ലിറ്റര്‍

ബേക്കിങ്ങ് പൌഡര്‍ -1 ടീസ്പൂണ്‍

റോസ് വാട്ടര്‍ -1 ടീസ്പൂണ്‍

ചെറുതായി അരിഞ്ഞ ബദാം പരിപ്പ് -2 ടീസ്പൂണ്‍

പാല്‍പ്പൊടി -1 കപ്പ്

പഞ്ചസാര -മുക്കാല്‍ കപ്പ്

 മുട്ടയുടെ വെള്ള -1 എണ്ണം

 ഏലക്കാപ്പൊടി -4 എണ്ണത്തിന്റെ

കുങ്കുമപ്പൂവ് -1 നുള്ള്

                    പാകം ചെയ്യുന്ന വിധം

പാല്‍പ്പൊടി,മുട്ടവെള്ള,ബേക്കിങ്ങ് പൌഡര്‍ ഇവ യോജിപ്പിച്ച് ചെറിയ ഉരുളകളാക്കി വെയ്ക്കുക.

പാലും പഞ്ചസാരയും കൂടി അടുപ്പില്‍ വെച്ച് ഇളക്കുക.

ഇതില്‍ ഉരുളകള്‍ ഇട്ട് ഇരട്ടിയാകുമ്പോള്‍ ഏലക്കാപ്പൊടിയും റോസ് വാട്ടറും ചേര്‍ത്ത് വാങ്ങുക.

ഇത് പാത്രത്തിലാക്കി മുകളില്‍ ബദാം പരിപ്പും കുങ്കുമ പ്പൂവും വിതറി തണുക്കുമ്പോള്‍ ഉപയോഗിക്കാം.

Monday, March 22, 2021

നുറുക്കു ഗോതമ്പ്‌ ഉപ്പുമാവ്

ഇന്ന് നമുക്ക്‌ നുറുക്കു ഗോതമ്പു കൊണ്ട് നല്ല രുചികരമായ ഉപ്പുമാവ്‌ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

                  ചേരുവകൾ

നുറുക്ക് ഗോതമ്പ് - 1 കപ്പ്‌

വെള്ളം - 1 & 1/2 കപ്പ്‌

ഉള്ളി - 1/2 കപ്പ്‌

കാരറ്റ് - 1/2 കപ്പ്‌

ഗ്രീൻ പീസ്‌  - 1/2 കപ്പ്‌

പച്ചമുളക് - 1 എണ്ണം

ഇഞ്ചി - 1 ഇഞ്ച്‌ നീളം വരുന്നത്‌

കറിവേപ്പില - ആവശ്യത്തിന്‌

മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ

കടുക് - 1/4 ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്‌

ഓയിൽ - ആവശ്യത്തിന്‌

                  തയ്യാറാക്കുന്ന വിധം

ഗോതമ്പ് നന്നായി കഴുകിയതിനു ശേഷം വെള്ളവും ഉപ്പും ചേർത്ത് മിക്സ്‌ ചെയ്ത് കുക്കറിൽ മീഡിയം ഫ്ലയിമിൽ 2 വിസിൽ അടിപ്പിക്കുക.

ശേഷം പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക പൊട്ടിച്ച് , ഇഞ്ചി, പച്ചമുളക് ,കറിവേപ്പില , ഉള്ളി എന്നിവ ചേർത്ത് വഴറ്റുക.

ശേഷം ഉപ്പ്‌ , മഞ്ഞൾപ്പൊടി , കാരറ്റ്, ഗ്രീൻ പീസ്‌ എന്നിവ ചേർത്ത് വഴറ്റി .... വേവിച്ച നുറുക്കു ഗോതമ്പും ചേർത്ത് മിക്സ്‌ ചെയ്യുക.

ഉപ്പുമാവ് റെഡി

Sunday, March 21, 2021

മലബാർ ഫിഷ്‌ ദം ബിരിയാണി

                 ചോറിന് വേണ്ട ചേരുവകൾ

1 കിലോ അരി (4 വലിയ ഗ്ലാസ് )

8 ഗ്ലാസ് തിളച്ച വെള്ളം

ചെറുനാരങ്ങ നീര് 2 ടേബിൾ സ്പൂൺ

ഉപ്പ്

പട്ട ഒരു മീഡിയം പീസ്, 4 ഗ്രാമ്പു, 4 ഏലക്കായ ,

ഒരു  സവാള  നേരിയതായി നീളത്തിൽ അരിഞ്ഞത്.

2 ടേബിൾ സ്പൂൺ നെയ്യ്

2 ടേബിൾ സ്പൂൺ ഓയിൽ

അരി നന്നായി കഴുകി അരിപ്പയിൽ ഇട്ട് വെള്ളം പോകാൻ വെക്കുക.

ചുവട് കട്ടിയുള്ള ഒരു ചെമ്പ് അടുപ്പിൽ വെച്ച് അതിലേക്ക് നെയ്യും ഓയിലും ഒഴിച്ച് പട്ട ഗ്രാമ്പു ഏലക്കായ ഇട്ട് മൂത്ത് വരുംമ്പോൾ സവാള ചേർത്ത് വഴറ്റി ശേഷം അരി ഇടുക. നന്നായി വറുത്ത മണം വരുംമ്പോൾ ( അരി ചുവന്ന് പോകാതെ നോക്കണം) തിളച്ച വെള്ളം ഒഴിക്കുക. അതിലേക്ക് ഉപ്പ് നാരങ്ങനീര് ഇവ ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്ത് ചെറിയ തീയിൽ ചെമ്പ് അടച്ച് വെച്ച് വേവിക്കുക. 2 മിനുട്ടിന് ശേഷം അടപ്പ് തുറന്ന് മറിച്ചിട്ടശേഷം വീണ്ടും അടച്ച് വെച്ച് വേവിക്കുക. ചോറ് റെഡി,

               മസാല ഉണ്ടാക്കുന്ന വിധം

ആവോലി മീൻ 1 കിലോ (കഷ്ണം മീൻ ഏത് വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.)

ഒരു ചെറു നാരങ്ങയുടെ നീര്

ഒന്നര ടേബിൾ സ്പൂൺ മുളക് പൊടി

അര ടീസ്പൂൺ മഞ്ഞൾ പൊടി

ഉപ്പ്

കറിവേപ്പില

ഇവയെല്ലാം ചേർത്ത് മീന് നന്നായി മാറിനേറ്റ് ചെയ്ത്  ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് 2 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് മീൻ ചെറുതായൊന്ന് മൊരിച്ചെടുക്കുക.

           മസാലക്ക്  വേണ്ട മറ്റു ചേരുവകൾ

ഉള്ളി ഇടത്തരം വലിപ്പമുള്ളത് 7 എണ്ണം നീളത്തിൽ അരിഞ്ഞത്

വെളുത്തുള്ളി ഒരു കൂട്

ഇഞ്ചി 2 വലിയ പീസ് 

പച്ചമുളക് 10 എണ്ണം ഇവ മൂന്നും കൂടി മിക്സിയിൽ ചതച്ച് വെക്കുക

തക്കാളി 5 എണ്ണം നീളത്തിൽ അരിഞ്ഞത്

കറിവേപ്പില

മല്ലിയില ഒരു  കപ്പ്

2 ടേബിൾ സ്പൂൺ ഓയിൽ

ഗരം മസാല പൊടി

ഉപ്പ്

ഒരു ചെമ്പിൽ ഓയിൽ ഒഴിച്ച്    (മീൻ പൊരിച്ച ബാക്കിയുള്ള ഓയിൽ കൂടി ഇതിൽ ചേർത്ത് കൊടുക്കാം )  ഉള്ളി ഇട്ട് അൽപം ഉപ്പും ചേർത്ത് നന്നായി വഴറ്റുക. ശേഷം ചതച്ച് വെച്ച കൂട്ട് ചേർത്ത് പച്ച മണം മാറി വരുംമ്പോൾ  തക്കാളി, കറിവേപ്പില, അര കപ്പ് മല്ലിയില, ഗരം മസാല പൊടി ഇവയെല്ലാം ചേർത്ത് നന്നായി വഴറ്റുക.

മസാല വാടി കുഴഞ്ഞ പരിവമാവുംമ്പോൾ പൊരിച്ച് വെച്ച മീൻ കൂടി ചേർത്ത് അടച്ച്  വെക്കുക. 

( മസാല ഉണ്ടാക്കുംമ്പോൾ ചോറ് ഉണ്ടാക്കിയ ചെമ്പിനെക്കാൾ അൽപം കൂടി വലിപ്പമുള്ള ചെമ്പായാൽ ദം ഇടാൻ എളുപ്പമാകും )

           ദം  ചെയ്യാൻ വേണ്ട ചേരുവകൾ

1 ഉള്ളി വളരെ നേർമയായി നീളത്തിൽ അരിഞ്ഞത്.

അണ്ടിപ്പരിപ്പ്

മുന്തിരി (കിസ്മിസ് )

നെയ്യ്

ഒരു പാനിൽ നെയ്യൊഴിച്ച് ഉള്ളി ഇട്ട് ഗോൾഡൻ കളറായി വറുത്തെടുക്കുക.

ശേഷം അണ്ടിപ്പരിപ്പും മുന്തിരിയും വറത്തെടുക്കുക.

2ചെറു നാരങ്ങയുടെ നീര് ഒരൽപം മഞ്ഞൾ ചേർത്ത് കലക്കി വെക്കുക.

                 ഇനി ദം ചെയ്യുന്ന രീതി

മസാല ഉണ്ടാക്കിയ ചെമ്പിൽ മസാലയുടെ മുകളിലായി അൽപം ചോറിട്ട് നാരങ്ങ നീര്  കുറച്ച് ഒഴിച്ച്  പൊരിച്ച് വെച്ച ഉള്ളി അണ്ടിപ്പരിപ്പ് കിസ്മിസ് ഇവയിൽ നിന്നും കുറച്ച് നേരത്തെ എടുത്ത് വെച്ച അര കപ്പ് മല്ലിയിലയിൽ നിന്നും അൽപം   ഇവയെല്ലാം ഇട്ട് വീണ്ടും ചോറ് ഇട്ട് ആദ്യം ചെയ്ത പോലെ എല്ലാ സാധനങ്ങളും അൽപം ഇട്ട് ഇങ്ങനെ ചോറ് തീരുന്നത് വരെ ലെയറായി ചെയ്ത് ചെമ്പ് അടച്ച് വെച്ച് വളരെ ചെറിയ തീയിൽ 20 മിനുട്ട് വെച്ച്  ശേഷം തീ ഓഫ് ചെയ്യുക.

                   സെർവ് ചെയ്യുന്ന രീതി

 അടപ്പ് തുറന്ന് ചോറ് മുഴുവനായി കോരി മറ്റൊരു പാത്രത്തിലേക്കിട്ട് മികസ് ചെയ്ത് സെർവിങ്ങ് പ്ലേറ്റിലേക്ക് മാറ്റുക. മീൻ പൊടിഞ്ഞ് പോകാതെ മസാല കോരി മറ്റൊരു സെർവിങ് പ്ലേറ്റിലേക്ക് മാറ്റുക. മുകളിൽ അൽപം കൂടി മല്ലിയിലയും ചേർക്കാം.  രുചിയുള്ള ബിരിയാണി റെഡി

Saturday, March 20, 2021

ഗോബി 65

ഗോബി അഥവാ കോളിഫ്ലവർ പലതരം വിഭവങ്ങളുണ്ടാക്കാവുന്ന ഒന്നാണ്‌. ഗോബി 65 ,ഒരു ഡ്രൈ വിഭവമാണ്‌. ഒരു ചൈനീസ്‌ വിഭവമാണിത്‌. ഗോബി 65 എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ

                       ചേരുവകൾ

കോളിഫ്‌ളവര്‍ - കഷ്‌ണങ്ങളാക്കി മുറിച്ചത്‌

തൈര്‌ -100എംഎല്‍

ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ്‌-2 ടീസ്‌പൂണ്‍

കോണ്‍ഫ്‌ളോര്‍ - 2 ടേബിള്‍ സ്‌പൂണ്‍

ഗരം മസാല പൗഡര്‍ - 1 ടേബിള്‍ സ്‌പൂണ്‍

മുളകുപൊടി -1 ടീസ്‌പൂണ്‍

കുരുമുളകുപൊടി - അര ടീസ്‌പൂണ്‍

ഉപ്പ്‌ എണ്ണ

                തയ്യാറാക്കുന്നവിധം

കോളിഫ്‌ളര്‍ വെള്ളത്തിലിട്ടു പകുതി വേവിയ്‌ക്കുക.

കോണ്‍ഫ്‌ളോര്‍, തൈര്‌, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്‌, മുളകുപൊടി, ഗരം മസാല പൗഡര്‍, കുരുമുളകുപൊടി എന്നിവ കലര്‍ത്തുക. ഇത്‌ പാകത്തിനു വെള്ളമൊഴിച്ചു മിശ്രിതമാക്കണം.

കോളിഫ്‌ളവര്‍ ഇതില്‍ മുക്കി വറുത്തെടുക്കുക. ഇതില്‍ സെലറി, മല്ലിയില എന്നിവ ചേര്‍ക്കാം.

Friday, March 19, 2021

ഈസി മിൽക്ക് പുഡിങ്

ഇന്ന് നമുക്ക്‌ വളരെ എളുപ്പത്തിൽ 4 ചേരുവകൾ മാത്രം ഉപയോഗിച്ച്‌  വീട്ടിൽ തന്നെ മിൽക്ക്‌ പുഡിംഗ്‌ തയ്യാറാക്കുന്നത്‌ എങ്ങനെ ആണെന്ന് നോക്കാം.

                   ചേരുവകകൾ

പാൽ -2 കപ്പ്‌

കോൺ ഫ്ളർ - 4 ടേബിൾസ്പൂൺ

പഞ്ചസാര - അര കപ്പ്‌

വാനില എസ്സെൻസ് - അര ടീസ്പൂൺ

                    ഉണ്ടാക്കുന്ന വിധം

നാല് ടേബിൾ സ്പൂൺ കോൺഫ്ലവർ  കാൽ കപ്പ് വെള്ളത്തിൽ കലക്കി വക്കുക.

അടികട്ടി ഉള്ള ഒരു പാൻ അടുപ്പിൽ വച്ചു രണ്ടു കപ്പ് പാൽ തിളപ്പിക്കുക. ഒപ്പം  പഞ്ചസാര കൂടി ചേർക്കുക.

ഇതിലേക്ക് കലക്കി വച്ചിരിക്കുന്ന കോൺഫ്ലവർ  ആഡ് ചെയ്യുക....ഗ്യാസ് ലോ ഫ്ലെയിമിൽ ആക്കി വക്കുക.  ഇളക്കി കൊണ്ട് ഇരിക്കുക.

കട്ടി ആയിവരുമ്പോൾ വാനില  കൂടി ആഡ് ചെയ്യുക..  ഇനി ഗ്യാസ് ഓഫ് ചെയ്യാം..

ബട്ടർ തടവിയ  ഒരു പ്ലേറ്റിലേക്ക്‌ മാറ്റി   ചെറി വച്ച് അലങ്കരിക്കാം.

ഫ്രിഡ്ജിൽ വച്ച്‌ 2 മണിക്കൂർ കഴിഞ്ഞു തണുത്തതിന്‌  ശേഷം കട്ട്‌ ചെയ്തു കഴിക്കാം.

         സൂപ്പർ  ടേസ്റ്റ് ആണ്..

Thursday, March 18, 2021

തേങ്ങാപ്പാല്‍ ചേര്‍ത്ത മുട്ട ബിരിയാണി

                   ആവശ്യമുള്ള സാധനങ്ങള്‍

മുട്ട-3

ബിരിയാണി അരി-2 കപ്പ്

സവാള-3

തക്കാളി-1

തേങ്ങാപ്പാല്‍-അര കപ്പ്

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍

പച്ചമുളക്-3

മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍

മുളകുപൊടി-അര ടീസ്പൂണ്‍

മല്ലിപൊടി-അര ടീസ്പൂണ്‍

ബിരിയാണി മസാല-1 ടീസ്പൂണ്‍

വയനയില-1

ഏലയ്ക്ക-2

ഗ്രാമ്പൂ-2

പട്ട-1

മല്ലിയില-ഒരു പിടി

പുതിനയില -ഒരു പിടി

ചെറുനാരങ്ങാനീര്

നെയ്യ്

                    അലങ്കരിയ്ക്കാന്‍

സവാള, മുന്തിരി, കശുവണ്ടിപ്പരിപ്പു നെയ്യില്‍ മൂപ്പിച്ചത്

                  തയ്യാറാക്കുന്ന വിധം

മുട്ട പുഴുങ്ങി വയ്ക്കുക. ബിരിയാണി അരി കഴുകി ഗ്രാമ്പൂ, വയനയില, ഏലയ്ക്ക, പട്ട എന്നിവയും പാകത്തിന് വെള്ളവും ചേര്‍ത്ത് ബിരിയാണിപ്പരുവത്തില്‍ വേവിയ്ക്കുക. നാലു കപ്പ് വെള്ളം മതിയാകും. തക്കാളി അരച്ചു പേസ്റ്റാക്കുക. മല്ലിയില, പുതിന എന്നിവ ഒരുമിച്ചരച്ചു പേസ്റ്റാക്കണം. ഒരു പാനില്‍ നെയ്യു ചൂടാക്കുക. ഇതില്‍ സവാളയിട്ടു വഴറ്റണം. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ചേര്‍ത്തിളക്കണം. പച്ചമുളക് ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് തക്കാളി, പുതിന-മല്ലിയില പേസ്റ്റുകള്‍ ചേര്‍ത്തിളക്കുക. മസാലപ്പൊടികള്‍ ചേര്‍ത്തു നല്ലപോലെ വഴറ്റണം. പുഴുങ്ങിയ മുട്ട ഇതിലേയ്ക്കു ചേര്‍ത്തിളക്കുക. ഒരു പ്രഷര്‍ കുക്കറിലോ ചുവടു കട്ടിയുള്ള പാത്രത്തിലോ അല്‍പം നെയ്യൊഴിയ്ക്കുക. ഇതിനു മീതേ വേവിച്ച ചോറു നിരത്തുക. ഇതിനു മുകളില്‍ അല്‍പം മുട്ടക്കൂട്ടും നിരത്തുക. ഇതേ രീതിയില്‍ ചോറും മുട്ടക്കൂട്ടും നിരത്തി മുകളില്‍ തേങ്ങാപ്പാല്‍ ഒഴിച്ച് അല്‍പനേരം അടച്ചു വച്ചു കുറഞ്ഞ ചൂടില്‍ വേവിയ്ക്കുക. വാങ്ങിയ ശേഷം വറുത്തു വച്ച സവാള, മുന്തിരി, കശുവണ്ടിപ്പരിപ്പ് എന്നിവ ചേര്‍ക്കുക.

Wednesday, March 17, 2021

ഗോതമ്പ്‌ പൊറോട്ട

ഇപ്പോ ആളുകൾക്ക്‌ മൈദ പൊറോട്ടയെക്കാൾ ഗോതമ്പ്‌ പൊറോട്ട ആണ്‌ ആരോഗ്യകരമായ കാരണങ്ങളാൽ പ്രിയം.  ഇത്‌ നമുക്ക്‌ ഇടക്ക്‌ വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കിയാലൊ....

           പൊറോട്ട തയ്യാറാക്കുന്നവിധം

         ആവശ്യം ഉള്ള സാധനങ്ങൾ

ഗോതമ്പ് പൊടി -2 കപ്പ്

മുട്ട -1

പഞ്ചാസാര -അര  ടീസ്പൂൻ

ഓയില്‍

ഉപ്പ് -ആവശ്യത്തിന്

          പാകം ചെയ്യുന്ന വിധം

ഗോതമ്പുപൊടി ,മുട്ട ,2ടീസ്പൂണ്‍ ഓയില്‍ ,ഉപ്പ്,പഞ്ചസാര എന്നിവ മിക്സ് ചെയ്ത് ,ആവശ്യത്തിന് വെള്ളം  ചേർത്ത് നന്നായി കുഴക്കുക. ചപ്പാത്തിക്ക് കുഴക്കുന്നതുപോലെ  മാർദ്ദവമായി  കുഴക്കുക .കുഴച്ച മാവ് നനഞ്ഞ കോട്ടണ്‍ തുണി കൊണ്ട് കവര്‍ ചെയ്ത് രണ്ട് മണിക്കൂര്‍ വെക്കുക...

രണ്ട് മണിക്കൂറിന് ശേഷം  മാവ് ചെറിയ ഉരുളകളാക്കി എടുത്ത് ചപ്പാത്തി പരത്തുന്നത് പോലെ ഗോതമ്പ് പൊടി തൂവി പരത്തുക. പരമാവധി കനം കുറച്ച് പരത്തുക..

പരത്തിയത്തിനുശേഷം  ചപ്പാത്തിയുടെ മുകളിൽ എണ്ണ പുരട്ടുക തുടർന്ന് അതിന് മുകളിലായി ഒരുപോലെ ഗോതമ്പുപൊടി തൂവുക.

സാരിഞൊറിയുന്നത് പോലെ ഞൊറിഞ്ഞ് എടുക്കുക .എന്നിട്ട് ഒരറ്റത്തുനിന്നും മെല്ലെ മെല്ലെ മറ്റേ അറ്റം വരെ വലിച്ചു നീട്ടുക .തുടർന്ന് നീട്ടി നാട പോലെ ആക്കിയ മാവ് ചക്രം പോലെ ചുരുട്ടുക .അറ്റം ഞെക്കി ഒട്ടിച്ച് വെക്കുക ... എല്ലാ ഉരുളയും ഇതുപോലെ ചുരുട്ടി കഴിഞ്ഞാൽ ആദ്യത്തേത് എടുത്ത് പരത്തി തുടങ്ങാം. വീണ്ടും ചപ്പാത്തി പരതുന്നതുപോലെ വീണ്ടും പരത്തി എടുക്കുക .പരത്താൻ ഒരല്പം എണ്ണ ഉപയോഗിക്കുക .പരത്തിയ പൊറോട്ട എണ്ണ പുരട്ടി ചുട്ടു എടുക്കുക .എല്ലാ പൊറോട്ടയും ചുട്ടെടുത്തതിനു ശേഷം  ഒന്നിന് മുകളിൽ ഒന്നായി അടുക്കി വെക്കുക . ചൂടോടു കൂടി  രണ്ടു വശത്തു നിന്നും ഒരേ സമയം പ്രസ്സ് ചെയ്തു കൊടുക്കുക.പൊറോട്ടയുടെ ലയെർ വേർപെട്ടു കിട്ടുന്നതിന് വേണ്ടിയാണ്  ഇങ്ങിനെ ചെയ്യുന്നത് ... മുട്ട നിര്‍ബദ്ധമില്ല..

Tuesday, March 16, 2021

പൊറോട്ട ഗ്രേവി

ഹോട്ടലുകളിൽ കയറി പൊറോട്ട കഴിച്ചാൽ അതിനൊപ്പം പല ഹോട്ടലുകാരും കൊടുക്കുന്ന ഗ്രേവി കഴിച്ചിട്ടില്ലേ ? എന്താ ടേസ്റ്റ്‌ അല്ലെ ? രണ്ട്‌ പൊറോട്ട കൂടി കഴിക്കാൻ തോന്നും ..

എന്നാൽ അതേ ഗ്രേവി നമുക്ക്‌ സ്വന്തമായി വീട്ടിൽ തന്നെ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം .

                വേണ്ട ചേരുവകൾ

സവാള - 1 എണ്ണം

തക്കാളി - 1 എണ്ണം

തേങ്ങാ - 1/2 കപ്പ്‌ അരിഞ്ഞത്‌

മഞ്ഞൾപൊടി - 1/2 ടീസ്പൂൺ

മല്ലിപൊടി - 1 ടീസ്പൂൺ

മുളകുപൊടി - 2 ടീസ്പൂൺ

ഗരം മസാല - 1 ടീസ്പൂൺ

പെരുംജീരകം - 1/2 ടീസ്പൂൺ

അണ്ടിപ്പരിപ്പ് - 1 എണ്ണം

bay leaf

പട്ട , ഗ്രാമ്പു - ആവശ്യത്തിന്‌

ഉപ്പു - ആവശ്യത്തിന്‌

എണ്ണ - ആവശ്യത്തിന്‌

                 തയ്യാറാക്കുന്ന വിധം

ഒരു കുക്കറിൽ എണ്ണ ചൂടാക്കി bay leaf , പട്ട , ഗ്രാമ്പു എന്നിവ ഇടുക .

എന്നിട്ടു ഒരു സവാള നീളത്തിൽ അരിഞ്ഞതും കൂടി ഇട്ടു നന്നായി വഴറ്റുക

ഒരു പച്ചമുളക് ഇട്ടു വഴറ്റുക

ആവശ്യത്തിന് ഉപ്പും ഇട്ടു വഴറ്റുക .

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ടു നന്നായി വഴറ്റുക.

ഒരു തക്കാളി അരിഞ്ഞതും കൂടി ഇട്ടു വഴറ്റുക

തക്കാളി ഒന്ന് ഉടഞ്ഞാൽ അതിലേക്കു മഞ്ഞൾപൊടി,മല്ലിപൊടി,മുളകുപൊടി,ഗരം മസാല എന്നിവ ഇട്ടു പൊടിയുടെ പച്ച മണം പോവുന്നത് വരെ വഴറ്റുക .

എണ്ണ തെളിഞ്ഞു വരണം

എന്നിട്ടു അതിലേക്കു തേങ്ങാ , പെരുംജീരകം,അണ്ടിപ്പരിപ്പ് എന്നിവ ചേർത്തരച്ച പേസ്റ്റ് ഇടുക

ഒന്ന് വഴറ്റിയതിനു ശേഷം 2 കപ്പ് വെള്ളം ഒഴിക്കുക

അരിഞ്ഞ മല്ലി ഇല, പുതിന കൂടി ചേർത്ത് കുക്കർ അടച്ചു 3 വിസിൽ  വെക്കുക.

അടിപൊളി പൊറോട്ട ഗ്രേവി റെഡി

Monday, March 15, 2021

കോഴി കറി(pepper chicken)

കുരുമുളക് ചതച്ച് ചേര്‍ത്ത കേരള സ്റ്റൈൽ കോഴി കറി(pepper chicken)

                   ചേരുവകൾ 

കോഴിയിറച്ചി – 1 കിലോ

കുരുമുളക് തരു തരിപ്പായി ചതച്ച്‌ എടുത്തത്‌(പൊടിക്കരുത് ) – 2 ടേബിള്‍സ്പൂണ്‍

നാരങ്ങ നീര് – രണ്ട് ടി സ്പൂണ്‍

സവാള – 3,നീളത്തില്‍ കനം കുറച്ച് അരിഞ്ഞത്

തക്കാളി – 1 ,നീളത്തില്‍ അരിഞ്ഞത്‌

പച്ചമുളക് – 2 , നീളത്തില്‍ അരിഞ്ഞത്‌

ഇഞ്ചി – ഒരു ചെറിയ കഷണം ചതച്ചെടുത്തത്‌

വെളുത്തുള്ളി – 5 അല്ലി ചതച്ചെടുത്തത്‌

കറിവേപ്പില – രണ്ട് തണ്ട്

മഞ്ഞള്‍പ്പൊടി – അര ടി സ്പൂണ്‍

ഗരംമസാല / ചിക്കന്‍ മസാല – ഒരു ടി സ്പൂണ്‍

മല്ലി പൊടി – രണ്ട് ടി സ്പൂണ്‍

പെരുംജീരകം പൊടിച്ചത് – കാല്‍ ടി സ്പൂണ്‍

എണ്ണ – 4 ടേബിള്‍സ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്‌

                   തയ്യാറാക്കുന്ന വിധം

കോഴിയിറച്ചി ചെറിയ കഷണങ്ങള്‍ ആക്കി നന്നായി കഴുകി വൃത്തിയാക്കി എടുക്കുക .

ഈ കഷണങ്ങളിലേക്ക് ചതച്ച് എടുത്ത കുരുമുളകും ,മഞ്ഞള്‍പ്പൊടിയും നാരങ്ങ നീര് ചേര്‍ത്ത് നന്നായി തേച്ചു പിടുപ്പിക്കുക .അര മണിക്കൂര്‍ ഇത് റെഫ്രിജരെട്ടറില്‍ വെക്കുക . ഒരു പാനില്‍ എണ്ണ ചൂടാകി ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുക .കറിവേപ്പില ചേര്‍ക്കുക .ഇതിലേക്ക് അരിഞ്ഞെടുത്ത സവാള കൂടി ചേര്‍ത്ത് വഴറ്റുക .കുറച്ച് ഉപ്പ് ചേര്‍ത്താല്‍ സവാള പെട്ടന്ന് വഴന്നു കിട്ടും. സവാളയുടെ നിറം ബ്രൌണ്‍ നിറമായി മാറി തുടങ്ങുമ്പോള്‍ തീ കുറച്ചു ഗരംമസാലയും മല്ലിപൊടിയും പെരുംജീരകവും ചേര്‍ത്ത് വഴറ്റുക . പച്ചമണം മാറുമ്പോള്‍ മാറ്റി വെച്ചിരിക്കുന്ന കോഴിയിറച്ചി ചേര്‍ക്കുക .

തക്കാളിയും പച്ചമുളകും ചേര്‍ക്കുക .

നന്നായി കുറച്ചു നേരം ഇളക്കുക .മസാല ചിക്കന്‍ കഷണങ്ങളില്‍ നന്നായി ആവരണം ചെയ്തന്നു ഉറപ്പായ ശേഷം അര കപ്പ്‌ വെള്ളം ചേര്‍ത്ത് അടച്ച് വെച്ച് വേവിക്കുക .ഇടക്ക് ഇളക്കാന്‍ മറക്കരുത് വെള്ളം ആവശ്യത്തിന് ഉണ്ടന്ന് ഉറപ്പുവരുത്തുക .

ഇറച്ചി നന്നായി വെന്തു കഴിയുമ്പോള്‍ അടപ്പ് മാറ്റി കുറച്ചു നേരം കൂടി ഇളക്കി വേവിക്കുക .അടിക്കു പിടിച്ചു കരിയാന്‍ ഇടയാവരുത് .ചാറു കുറുകുമ്പോള്‍ തീ അണക്കുക . സ്വാദിഷ്ടമായ ഈ പെപ്പെര്‍ ചിക്കന്‍ ചപ്പാത്തി ,അപ്പം ,ചോറ് ഇവയുടെ കൂടെ വളരെ നല്ലതാണ്.....


Sunday, March 14, 2021

ഉന്നക്കായ

ഉന്നക്കായ ഉണ്ടാക്കുന്ന വിധം പലർക്കും അറിയാവുന്ന സംഗതി ആണ്‌. നേരത്തെ ഇവിടെയും അയച്ചിട്ടുമുണ്ട്‌... എങ്കിലും ഒരിക്കൽ കൂടി കിടക്കട്ടെ...

             ആവശ്യമുള്ള സാധനങ്ങള്‍

പഴുത്ത നേന്ത്രപ്പഴം -ഒരു കിലോ

തേങ്ങ ചിരകിയത് -ഒരു മുറി

കോഴിമുട്ടയുടെ വെള്ള – നാല് എണ്ണം,

നെയ്യ് – നാലു ടീസ്പൂണ്‍,

ഏലക്ക പൊടിച്ചത് – ഒരു ടീസ്പൂണ്‍,

പഞ്ചസാര – 200 ഗ്രാം,

അണ്ടിപ്പരിപ്പ് വറുത്ത് -100 ഗ്രാം

കിസ്മിസ് ചൂടാക്കിയത് – 100 ഗ്രാം

എണ്ണ -500 ഗ്രാം

റൊട്ടിപ്പൊടി -ആവശ്യത്തിന്

            തയാറാക്കുന്ന വിധം

കുക്കറില്‍ പഴം തൊലിയോടെ പുഴുങ്ങിയെടുക്കുക.

ചൂടാറും മുന്‍പേ ഈ പഴം മിക്സിയില്‍ വെള്ളം ചേര്‍ക്കാതെ അരയ്ച്ചുവയ്ക്കണം.

എന്നിട്ട് തേങ്ങ ചിരകിയതും ഏലക്ക പൊടിച്ചതും അണ്ടിപ്പരിപ്പ് വറുത്തതും കിസ്മിസ് ചൂടാക്കിയതും ഒരു പാത്രത്തില്‍ ഇളക്കിവെയ്ക്കുക.

അരച്ചു വച്ചിരിക്കുന്ന പഴം ചെറിയ ഉരുളയാക്കി കൈവെള്ളയിലിട്ടു പരത്തുക.

ഇതില്‍ ഇളക്കി വച്ചിരിക്കുന്ന കൂട്ട് ഒരു ടീസ്പൂണ്‍ വീതം ചേര്‍ത്ത് ഉന്നക്കായ ആകൃതിയില്‍ ഉരുട്ടി എടുക്കുക.

ഇതു കോഴിമുട്ടയുടെ വെള്ളയിലും റൊട്ടി പൊടിയിലും മുക്കണം.

ഫ്രൈപാനില്‍ നെയ്യ് ഒഴിച്ച് ചൂടാക്കി ഇതില്‍ ഉരുളകള്‍ ഇട്ടു പൊരിച്ചെടുക്കാം.

http://noufalhabeeb.blogspot.com/?m=1

Saturday, March 13, 2021

പാലേക്കപ്പം

             ഒരു പൊന്നാനി സ്പെഷ്യൽ 

1-ഒരു കപ്പ് അരിപൊടി  പത്തിരിക്കു കുഴക്കുന്നത് പോലെ കുഴച്ചു കൈകൊണ്ട് പിടിയാക്കുക(ചിത്രത്തിൽ കാണുന്ന ഷൈപ്പിൽ)

2-ഈ പിടി ഇഡ്ഡലി പാത്രത്തിൽ വെച്ച് steam ചെയ്തെടുക്കു.. 

3-ഒരു തേങ്ങയുടെ പാൽ മുന്ന്  കപ്പ്‌ എടുത്തു പാനിൽ എടുത്തു ചെറു തീയിൽ വെച്ചു ചൂടാക്കുക..

(തേങ്ങ മിക്സിയിൽ അരച്ചും  ചേർക്കാം)

ഇതിലേക്ക് ആവശ്യമുള്ള ഷുഗർ ചേർത്തു നല്ലത് പോലെ ഇളക്കി കൊണ്ടിരിക്കുക.. 

ശേഷം ഷൈപ്പ് ആക്കി വെച്ച പിടി ഇതിൽ ഇട്ടു യോജിപ്പിക്കുക... 

ഒരു വലിയ നേന്ത്രപ്പഴം ചെറുതാക്കി അരിഞ്ഞതും ചേർത്തു അഞ്ചു മിനിറ്റ് ചെറിയ തിയ്യിൽ വേവിക്കുക.. 

കുറച്ചു ഏലക്ക പൊടി ചേർത്തു സെർവ് ചെയ്യുക..

http://noufalhabeeb.blogspot.com/?m=1

Friday, March 12, 2021

പുഡ്ഡിങ്

ലെബനീസ് സെബോളിന പുഡ്ഡിങ്

            ആവശ്യമുള്ള ചേരുവകൾ

1) റവ -1/2 കപ്പ്

2) പശുവിൻ പാൽ -3 കപ്പ്

3) റോസ് വാട്ടർ. -1/2 ടേബിൾ സ്പൂൺ

4) കണ്ടൻസ്ഡ് മിൽക്ക്. - 5 ടേബിൾ സ്പൂൺ

ഒരു പാൻ അടുപ്പിൽ വച്ച് റോസ് വാട്ടർ ഒഴികെയുള്ള ചേരുവകൾ മിക്സാക്കി നല്ല കട്ടിയാകുന്ന വരെ കുറുക്കുക. നന്നായി കുറുകിയാൽ റോസ് വാട്ടർ മിക്സ് ചെയ്യുക. ഇത് പുഡ്ഡിങ് ബൗളിലേക്കൊഴിച്ച് രണ്ടോ മൂന്നോ മണിക്കൂർ ഫ്രിഡ്ജിൽ സെറ്റാവാൻ വയ്ക്കുക.

               ടോപ്പിങ്ങിന്

5) വിപ്പിങ് ക്രീം -1/2 കപ്പ്

6) ഫ്രഷ് ക്രീം -1 കപ്പ്

7) ഐസിങ് ഷുഗർ /പഞ്ചസാര - 1 ടേബിൾ സ്പൂൺ

8) കണ്ടൻസ്ഡ് മിൽക്ക് - 4 ടേബിൾ സ്പൂൺ

ഫ്രഷ് ക്രീമും കണ്ടൻസ്ഡ് മിൽക്കും ബീറ്റ് ചെയ്തു വയ്ക്കുക. വിപ്പിങ് ക്രീമും ഐസിങ് ഷുഗറും നന്നായി ബീറ്റ് ചെയ്ത് അതിലേക്ക് ഫ്രഷ് ക്രീം മിക്സ് ചെയ്യുക. സെറ്റായ റവ പുഡ്ഡിങ്ങിനു മുകളിൽ ഒഴിച്ചശേഷം, പൊടിച്ച് വച്ച പിസ്ത, കാരമലൈസ്ഡ് കാഷ്യു എന്നിവ പൊടിച്ചത് വച്ച് ഡെക്കറേറ്റ് ചെയ്ത് ഒരു മണിക്കൂർ സെറ്റ് ചെയ്തു ഉപയോഗിക്കാം.

റെസിപ്പി: http://noufalhabeeb.blogspot.com/?m=1

Thursday, March 11, 2021

മുട്ട അട

ഇന്ന് നമുക്ക്‌ ഒരു അടിപൊളി പലഹാരം ഉണ്ടാക്കി നോക്കാം .ഗോതമ്പ്‌ പൊടിയും റവയും കൊണ്ട് പലഹാരം ഉണ്ടാക്കി നോക്കിയിട്ടുണ്ടോ?? മുട്ട അട പൊരിച്ചത്‌...

ഗോതമ്പ്‌ പൊടിയും , റവപൊടിയും, മുട്ടയും  ഉപയോഗിച്ചാണ്‌ ഇത്‌ ഉണ്ടാക്കുന്നത് 


                  ചേരുവകൾ

ഗോതമ്പപൊടി - 1 കപ്പ്‌

റവ - 1/2 കപ്പ്‌

ഉപ്പ് - ആവശ്യത്തിന്

ഓയിൽ - 1/2 കപ്പ്‌

ഇളംചൂടുവെള്ളം - ആവശ്യത്തിന്

                മസാല

ഓയിൽ - 2 1/2 ടേബിൾ സ്പൂൺ

മുട്ട പുഴുങ്ങിയത് - 4 എണ്ണം

സവാള - 3 ( ഇടത്തരം )

ഇഞ്ചി വെളുത്തുള്ളി മുളക് പേസ്റ്റ് - 1 1/2 ടേബിൾ സ്പൂൺ

കുരുമുളക്പൊടി - 1 ടീസ്പൂൺ

മഞ്ഞൾപൊടി - 1/2 ടീസ്പൂൺ

ഗരം മസാല - 1/2 ടീസ്പൂൺ

മുളക്പൊടി - 3/4 ടീസ്പൂൺ

മല്ലിയില, കറിവേപ്പില - ആവശ്യത്തിന്

ഉപ്പ് - ആവശ്യത്തിന്

                   ഉണ്ടാക്കുന്ന വിധം

1.ഒരു ബൗളിലേക് ഗോതമ്പ് പൊടി, റവ, ഓയിൽ, ഉപ്പ് എന്നിവ ചേർത്ത് മിക്സ്‌ ചെയ്യുക

2.ഇളം ചൂട് വെള്ളം ചേർത്ത് കുഴച്ചെടുക്കുക.

3.മാവിന് മുകളിൽ അല്പം എണ്ണ തടവി 15 മിനിറ്റ് മാറ്റി വെക്കുക.

4.ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് ചേർത്ത് വഴറ്റുക

5.പിന്നെ സവാള ചേർക്കുക, നന്നായി വഴന്ന് വരാൻ അല്പം ഉപ്പ് ചേർത്തിളക്കുക.

6.വഴന്ന് വന്ന സവാളയിലോട്ട് കുരുമുളക് പൊടി, മഞ്ഞൾ പൊടി, മുളക്പൊടി, ഗരം മസാല ചേർത്ത് ഇളക്കുക

7.ആവശ്യത്തിന് ഉപ്പും ചേർക്കുക_

8.മസാലയുടെ പച്ചമണം മാറിയാൽ കറിവേപ്പിലയും മല്ലിയിലയും ചേർക്കുക

   മസാല റെഡി

9.കുഴച്ച്‌ വെച്ച മാവിൽ നിന്ന് ഒരു ഉരുള എടുത്ത് പരത്തുക

10.അതിലേക് മസാല ഇട്ട് അതിന് മുകളിൽ പുഴുങ്ങിയ മുട്ട നാല് ആയി    മുറിച്ച്‌  അതിലൊന്നും വെക്കുക

11.എന്നിട്ട് ചിത്രത്തിൽ കാണുന്ന  പോലെ മടക്കി വെക്കുക

12.ഒരു പാനിൽ എണ്ണ ചൂടാക്കി അതിൽ വറുത്ത്‌  കോരാം

സ്വാദിഷ്ടമായ മുട്ട അട പൊരിച്ചത് റെഡി.

Wednesday, March 10, 2021

ബ്ലൂബെറി മഫിന്‍സ്

എളുപ്പത്തില്‍ തയ്യാറാക്കാം ബ്ലൂബെറി മഫിന്‍സ്

ഇടനേരത്ത് ചായകുടിക്കുമ്ബോള്‍ എണ്ണപ്പലഹാരങ്ങള്‍ ഒഴിവാക്കാം. പകരം എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ബ്ലൂബെറി മഫിന്‍സ് ആയാലോ?

                ചേരുവകള്‍

മൈദ- ഒന്നരക്കപ്പ്

ബേക്കിങ് പൗഡര്‍- അര ടീസ്പൂണ്‍

ഫ്രഷ് ബ്ലൂബെറീസ്- 1 കപ്പ്

പഞ്ചസാര- 1 കപ്പ്

തൈര്- 1 കപ്പ്

ഒലിവ് ഓയില്‍- 1 കപ്പ്

കൊക്കോ പൗഡര്‍- 1 ടേബിള്‍സ്പൂണ്‍

വിപ്ഡ് ക്രീം- ഫ്രോസ്റ്റിങ്ങിന് ആവശ്യമായത്

                തയ്യാറാക്കുന്ന വിധം:

ഓവന്‍ 180 ഡിഗ്രിയില്‍ 10 മിനിറ്റ് പ്രീഹീറ്റ് ചെയ്യുക. മൈദ, കൊക്കോപ്പൊടി, ബേക്കിങ് പൗഡര്‍ എന്നിവ ഒരു ബൗളില്‍ യോജിപ്പിക്കുക.

അതിലേക്ക് തൈര്, പഞ്ചസാര, ഒലിവ് ഓയില്‍ എന്നിവ മിക്‌സ് ചെയ്തത് ചേര്‍ക്കുക. നന്നായി ഇളക്കിച്ചേര്‍ക്കുക. ശേഷം, ബ്ലൂബെറീസ് ചേര്‍ത്ത് ഒരു തവികൊണ്ട് ഫോള്‍ഡ് ചെയ്ത് യോജിപ്പിക്കുക. മഫിന്‍ ട്രേസില്‍ മുക്കാല്‍ ഭാഗം വീതം ഒഴിച്ച്‌ 10 മിനിറ്റ് ബേക്ക് ചെയ്‌തെടുക്കാം. വിപ്ഡ് ക്രീം പഴങ്ങള്‍ വെച്ച്‌ അലങ്കരിച്ച്‌ സെര്‍വ് ചെയ്യാം

Tuesday, March 9, 2021

മീൻ വറ്റിച്ചത്



പെട്ടെന്ന് തയ്യാറാക്കാവുന്നതും നല്ല ടേസ്റ്റിയുമായ മീൻ വറ്റിച്ചത് ഒന്നു  ചെയ്തു നോക്കൂ... 


മൺചട്ടിയിൽ..  ചെറിയുള്ളി .. തക്കാളി... പച്ചമുളക്.. കറിവേപ്പില.. മുളക്പൊടി.. മഞ്ഞൾപൊടി  .. ഉപ്പ്.. അല്പം ഉലുവ... പുളി... അല്പം വെളിച്ചെണ്ണ    എല്ലാം കൂടി കൈകൊണ്ട് നല്ലതുപോലെ  കുഴച്ചു മിക്സ് ചെയ്യുക.. 

ഇതിലേക്ക്  മീൻ ചേർത്ത്  കൈകൊണ്ട്  ഇളക്കി  അമർത്തി വെയ്ക്കുക ... മീഡിയം ഫ്ളയിം ൽ വെച്ച്  വേവിച്ചെടുക്കുക... 

Monday, March 8, 2021

ചില്ലി ചിക്കൻ

വളരെ എളുപ്പത്തിൽ ചില്ലി ചിക്കൻ ഉണ്ടാക്കുന്ന വിധം.


കാപ്സികം മൂന്ന്എണ്ണം,

സവാള മൂന്ന് എണ്ണം,

മുട്ട മൂന്ന് എണ്ണം,

കോണ്‍ഫ്ലോര്‍ അഞ്ചു ടി സ്പൂണ്‍,

തക്കാളി സോസ് അമ്പതു മില്ലി,

സോയ സോസ് നൂറു മില്ലി,

ചില്ലി സോസ് ആവശ്യത്തിന്,

ചിക്കന്‍ വളരെ ചെറുതായി നുറുക്കിയത് അരകിലോ,

ഫുഡ്‌ കളര്‍ ചുമപ്പ്,

മൈദാ മാവ്.

                   ഉണ്ടാക്കുന്ന വിധം

കാപ്സികം ,സവാള എന്നിവ തുല്യ വലിപ്പത്തില്‍ മുറിക്കുക, ചതുരത്തില്‍ആയാല്‍ വളരെ നന്ന് സവാള പാളികളായി പൊളിച്ചാല്‍ വളരെ എളുപ്പത്തില്‍ നല്ല ആകൃതിയില്‍ കട്ട്‌ ചെയ്ത് എടുക്കാം

അതിനു ശേഷം ഒരു ചെറിയ പാത്രത്തില്‍ മുട്ടകള്‍ പൊട്ടിച്ചു കോണ്‍ ഫ്ലോറും മൈദയും ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്യുക

ചുമന്ന കളര്‍ചേര്‍ത്ത്അതിനകത്ത് ചെറുതായി നുറുക്കിയ ചിക്കെന്‍ കഷണങ്ങള്‍ ഇട്ടു വയ്കുക

കുറച്ചു സമയത്തിന് ശേഷം മുക്കിവെച്ച ചിക്കന്‍ തിളച്ച എണ്ണയില്‍ വറുത്തു കോരി മാറ്റി വെക്കുക

അതിനു ശേഷം മുറിച്ചു വച്ച കാപ്സികം ഒരു ഫ്രയിംഗ് പാനില്‍ കുറച്ചു എന്നയെടുത്തു വഴറ്റി എടുക്കുക കാപ്സികം ചെറുതായി ഒന്ന് വാടുക മാത്രമേ ചെയ്യാവൂ

അതിനു ശേഷം സവാളയും ഇത് പോലെതന്നെ വഴറ്റി എടുക്കുക

ഇനി വലിയ ഒരു പാത്രത്തില്‍ നാനൂറു മില്ലി വെള്ളമെടുത്തു അതില്‍ അഞ്ചു ടേബിള്‍ സ്പൂണ്‍ കോണ്‍ ഫ്ലോര്‍ ചേര്‍ത്ത് തീയില്‍ വച്ചു ഇളക്കി ക്കൊണ്ടിരിക്കുക അത് ചെറുതായി കുറുകാന്‍ തുടങ്ങുമ്പോള്‍ വറുത്തു മാറ്റി വച്ചിരിക്കുന്ന ചിക്കെന്‍ അതിലേക്കു ഇടുക ശേഷം മാറ്റി വച്ചിരുക്കുന്ന കാപ്സിക്കവും സവാളയും അതില്‍ ചേര്‍ത്ത് മെല്ലെ ഇളക്കുക

ഇനി ഇതിനകത്ത് ചില്ലി സോസ് ,സോയ സോസ് ,തക്കാളി സോസ് എന്നിവ ചേര്‍ത്ത് ഒന്നുകൂടി മിക്സ്‌ ചെയ്യുക ,ഉപ്പു പോരെങ്ങില്‍ ആവശ്യത്തിന് ഉപ്പ് ചേര്ക്ക 

Sunday, March 7, 2021

കുന്തൽ തേങ്ങാപാൽ മസാല

കുന്തൽ തേങ്ങാപാൽ മസാലകഴിച്ചിട്ടുണ്ടോ.. ഇല്ലങ്കിൽ ഒന്ന് ഉണ്ടാക്കി നോക്കാം.. വെറൈറ്റി  വേണ്ടവർക്ക്‌ പരീക്ഷിക്കാം...

എങ്ങനെ ആണ്‌ ഇത്‌ തയ്യാർ ആക്കുന്നത്‌ എന്ന് നോക്കാം.

                  ചേരുവകൾ

കൂന്തൽ - 250 ഗ്രാം

തേങ്ങാ തിരുമിയത് - 1/2 മുറി

കൊച്ചുഉള്ളി - 15 എണ്ണം

പച്ചമുളക് - 3 എണ്ണം

ഇഞ്ചി - 5 എണ്ണം

വെളുത്തു ഉള്ളി -  ചെറിയ പീസ്

തക്കാളി - 2 എണ്ണം

കറിവേപ്പില - കുറച്ച്‌

വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ

മുളക്പൊടി - 2 ടേബിൾ സ്പൂൺ

മഞ്ഞൾപൊടി - 1/4 ടീസ്പൂൺ

ഗരം മസാല - 1/2 ടീസ്പൂൺ

ഉപ്പ് - കുറച്ച്‌

കടുക് - 1/4 ടീസ്പൂൺ

വറ്റൽമുളക്. - 2 എണ്ണം

            തയ്യാർ ആക്കുന്ന വിധം

തേങ്ങായും ഒരു ഗ്ലാസ് വെള്ളവും മിക്സിയിൽ അടിച്ച് തേങ്ങാപാൽ പിഴിഞ്ഞ് അരിച്ച് എടുക്കുക....

പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ..... വെളുത്തു ഉളളി , പച്ചമുളക് , ഇഞ്ചി ,  കൊച്ചുഉളളി ഇവ ചതച്ചത് ഉപ്പ് ചേർത്ത് വഴറ്റുക....

അതിലേക്ക് തക്കാളി ചേർത്ത് വീണ്ടും നന്നായി  വഴറ്റുക....

മുളക് പൊടി ചേർത്ത് പച്ചമണം മാറുമ്പോൾ അത് ചട്ടിയിൽ ഇട്ട് കറിവേപ്പിലയും മഞ്ഞൾ പൊടിയും ചേർത്ത് നേരത്തേ എടുത്ത തേങ്ങാപാലും ഒരു ഗ്ലാസ് വെള്ളവും ചേർത്ത് തിളപ്പിക്കുക

അതിലേക്ക് കൂന്തൽ ചേർത്ത് പിന്നാലെ ഗരംമസാലയും ചേർത്ത് തിളപ്പിച്ച് കുറുകി വരുമ്പോൾ വാങ്ങി വക്കുക.

പിന്നെ ഒരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച്‌ കടുക്‌ , മുളക്‌ , കറിവേപ്പില ഇവ ഇട്ട്‌ താളിച്ച ശേഷം കൂന്തലിൽ ചേർക്കുക.

Saturday, March 6, 2021

പനീർ ബർഫി

Noufalhabeeb


ഇന്ത്യയിൽ നിന്നുള്ള ഒരു മധുരപലഹാരമാണ് ബർഫി. സാധാരണ കണ്ടുവരുന്ന ബർഫി കട്ടിപാലും പഞ്ചസാരയും ചേർത്ത് ഉണ്ടാക്കുന്നതാണ്. പാലിൽ പഞ്ചസാര ചേർത്ത് കട്ടിയാകുന്ന വരെ പാകം ചെയ്തിട്ടാണ് ഇത് ഉണ്ടാക്കുന്നത്. രൂപസാദൃശ്യം മൂലം, മഞ്ഞുകട്ടി എന്നർത്ഥമുള്ള ബർഫ് എന്ന ഹിന്ദി പദത്തിൽ നിന്നാണ്‌ ബർഫി എന്ന പേരുണ്ടായത്.


ബർഫി പലതരം സ്വാദുകളിൽ ലഭ്യമാണ്. കശുവണ്ടി പരിപ്പിന്റെയും, മാങ്ങയുടെയും , പിസ്തയുടെയും രുചിയിൽ ഇത് ലഭ്യമാണ്. ഇതിന് പനീറിന്റെ ആകൃതിയുള്ളതുകൊണ്ട് ഇതിനെ ചിലപ്പോൾ ഇന്ത്യൻ ചീസ് എന്ന പേരിലും അറിയപ്പെടാറുണ്ട്.

                  തരങ്ങൾ

കേസരി പേഡ

കാജു ബർഫി

അണ്ടിപ്പരിപ്പ് ചേർത്ത ബർഫി

പിസ്ത ബർഫി

ദൂദ് പേഡ

ചോക്കളേറ്റ് ബർഫി

ബദാം പാക്

വാൽനട്ട് ബർഫി

ഇന്ന് നമുക്ക്‌ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പനീർ ഉപയോഗിച്ച്‌ കൊണ്ടുള്ള  പനീർ ബർഫി എങ്ങനെ തയ്യാർ ആക്കാം എന്ന് നോക്കാം.

              ചേരുവകൾ

1. പനീർ  -  500ഗ്രാം

2. പാൽ    -  3/4 കപ്പ്‌

3. നെയ്യ്   -  1ടീസ്പൂൺ

4. കണ്ടെൻസ്ഡ് മിൽക്ക്  -  1 1/2 കപ്പ്‌

5. പാൽപ്പൊടി - 1/2 കപ്പ്‌

6. കൊക്കോ പൌഡർ  -  4 ടീസ്പൂൺ

                ഉണ്ടാക്കുന്ന വിധം

പനീറും പാലും നന്നായി മിക്സിയിൽ അരച്ചെടുക്കുക.

ഒരു പാനിൽ നെയ്യ് ഒഴിച്ച് അതിലേക്കു അരച്ചുവെച്ചിരിക്കുന്ന മിശ്രിതം ചേർത്ത് നന്നായി ഇളക്കുക.

അതിലേക്കു കണ്ടെൻസ്ഡ് മിൽക്കും പാൽപ്പൊടിയും ചേർത്ത് നന്നായി വറ്റിവരുന്ന വരെ ഇളക്കികൊണ്ടിരിക്കുക.

ഈ മിശ്രിതം രണ്ടായി ഭാഗിച്ചശേഷം ഒരു സെറ്റ് മാറ്റി മറ്റേ സെറ്റിൽ കൊക്കോ പൌഡർ ഇട്ടു നന്നായി ഇളക്കുക.

സെറ്റ് ചെയ്യാനുള്ള പാത്രത്തിൽ അൽപ്പം നെയ്യ് തടവിയിട്ടു ആദ്യത്തെ ലയർ നന്നായി നിരത്തിയശേഷം രണ്ടാമത്തേത്‌ അതിനു മുകളിൽ നിരത്തുക.

അതിനു മുകളിൽ  അരിഞ്ഞുവെച്ചിരിക്കുന്ന പിസ്ത ഇടുക. 2 മണിക്കൂർ കഴിഞ്ഞു മുറിച്ചെടുക്കാം.

Friday, March 5, 2021

ക്രീമി ബ്രെഡ്‌ പിസ്സ

ഇന്ന് നമുക്ക്‌ പിസ്സ ഉണ്ടാക്കുന്നത്‌ എങ്ങെനെ എന്ന് നോക്കാം ... ഒരു ഇറ്റാലിയൻ വിഭവം ആണ്‌ പിസ്സ.

     ആവശ്യമുള്ള ചേരുവകൾ

                  പിസ്സ ബേസിന്

1) ബ്രെഡ് - 4 എണ്ണം

2) മുട്ട - 4 എണ്ണം

3) കുരുമുളക് പൊടി. -3/4 ടീസ്പൂൺ

4) ഉപ്പ് -ആവശ്യത്തിന്

ഒരു മിക്സിയിൽ ഈ ചേരുവകൾ എല്ലാം നന്നായി അടിച്ചു വെക്കുക.

          വൈറ്റ് സോസ് ഉണ്ടാക്കാൻ

1) ബട്ടർ -1ടേബിൾ സ്പൂൺ

2)പാൽ -1ഗ്ലാസ്‌

3) മൈദ -2 ടീസ്പൂൺ

4) കുരുമുളക് പൊടി - 1/2 ടീസ്പൂൺ

5) ഉപ്പ് - ആവശ്യത്തിന്

ഒരു പാനിൽ ബട്ടറിട്ട് ചൂടായാൽ മൈദയിട്ട് ഇളക്കി പച്ചമണം മാറിയാൽ പാലൊഴിച്ച് കൈയെടുക്കാതെ ഇളക്കി കുറുകി വരുമ്പോൾ കുരുമുളക് പൊടിയും ഉപ്പും ചേർത്ത് തീ ഓഫാക്കുക.

                     ടോപ്പിംഗിന്

1) ബോൺലെസ്സ് ചിക്കൻ. -250ഗ്രാം

2) സവാള ചെറുതായരിഞ്ഞത് -1എണ്ണം

3) കാരറ്റ് അരിഞ്ഞത്  - 1ന്റെ പകുതി

4) കാപ്സികം അരിഞ്ഞത് - 1ന്റെ പകുതി

5) ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത്  - 1ടീസ്പൂൺ

6) റെഡ് ചില്ലി സോസ്  - 1ടേബിൾ സ്പൂൺ (നിർബന്ധമില്ല)

7) മുളകുപൊടി. -1ടീസ്പൂൺ

8) മഞ്ഞൾ പൊടി - 1/2ടീസ്പൂൺ

9) ഉപ്പ് - ആവശ്യത്തിന്

10) ഓയിൽ - 2ടേബിൾ സ്പൂൺ

ചിക്കനിൽ മുളകുപൊടി , മഞ്ഞൾ പൊടി ,ഉപ്പ് പുരട്ടി പാനിൽ ഓയിലൊഴിച്ച് ഫ്രൈ ചെയ്യുക.അതിലേക്ക് ഇഞ്ചി വെളുത്തുള്ളി അരിഞ്ഞതും സവാളയും കാരറ്റും കാപ്സികവും ചേർത്ത് വഴറ്റുക അതിലേക്ക് ഉപ്പും സോസും ചേർത്ത് തീ ഓഫാക്കുക.

                 തയ്യാറാക്കുന്ന വിധം

പാനിൽ നെയ്യ് തടവി ബ്രഡും മുട്ടയും മിക്സ്‌ ആക്കിയത്‌ ഒഴിച്ച്‌  ചെറിയ തീയിൽ അടച്ച് ഒരു മിനിറ്റ് വേവിച്ച് തീ ഓഫാക്കുക.

ചിക്കൻ ടോപ്പിംഗ് മുകളിൽ നിരത്തി വൈറ്റ് സോസ് മുകളിൽ ഒഴിച്ച് റ്റുമാറ്റൊ സോസ് ഇട്ട് കൊടുത്തു അടുപ്പിൽ വെച്ച് ചെറിയ തീയിൽ 15 തൊട്ടു 20 മിനിറ്റ് വേവിക്കുക.

Thursday, March 4, 2021

ബോർബോൺ ബിസ്‌ക്കറ്റ്


ഇന്ന്  ബോർബോൺ ബിസ്‌ക്കറ്റ് നിർമ്മിക്കുന്നത്‌ എങ്ങനെയെന്ന് നോക്കാം.

കുട്ടികൾക്കായി  വീട്ടിൽ തന്ന തയ്യാറാക്കാവുന്ന ബോർബോൺ ക്രീം ബിസ്‌ക്കറ്റ് ആണ്‌ നാം ഇന്ന് ഉണ്ടാക്കുന്നത്‌.

             ചേരുവകൾ

മൈദാ -  ഒന്നര  കപ്പ്

വെണ്ണ - അര കപ്പ്

പൊടിച്ച പഞ്ചസാര -  മുക്കാൽ കപ്പ്

ബേക്കിംഗ് പൌഡർ -  ഒന്നേകാൽ ടീസ്പൂൺ

കോകോ പൊടി - നാല് ടേബിൾസ്പൂൺ

പാൽ - ആവശ്യത്തിന്

                  തയ്യാറാക്കുന്ന വിധം

മൈദയും ബേക്കിങ് പൌഡർ,കോകോ പൌഡർ എന്നിവ അരിച്ചെടുക്കുക.

ഒരു ബൗളിൽ വെണ്ണയും പൊടിച്ച പഞ്ചസാരയും ബീറ്റ ചെയ്യുക ഇതിലേക്ക് മൈദാ മിക്സ് കുറേശ്ശേ ചേർത്ത് മിക്സ് ചെയ്യുക ആവശ്യത്തിന് പാലും ചേർത്ത് മിക്സ് ചെയ്തു നല്ല സോഫ്റ്റ് ആക്കി എടുക്കുക.

10 മിനിറ്റ് കഴിഞ്ഞു ഒരു ബട്ടർ പേപ്പറിൽ പരത്തി ചെറുതാക്കി ബിസ്‌ക്കറ്റ് വലുപ്പത്തിൽ മുറിച്ചെടുത്തു മുകളിൽ ടൂത് പിക് കൊണ്ട് ചെറിയ ഹോൾസ്  ഇട്ടു കുറച്ചു പഞ്ചസാരയും ഇടുക.

180 ഡിഗ്രിയിൽ   പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 15 മിനിറ്റ് ബെയ്ക്ക് ചെയ്തെടുക്കുക.

             ക്രീമിനുള്ള ചേരുവകൾ

വെണ്ണ - കാൽ കപ്പ്

 ഐസിങ് ഷുഗർ -   ഒരു കപ്പ്

കോകോ പൊടി - മൂന്ന് ടേബിൾസ്പൂൺ

 പാൽ - ആവശ്യത്തിന്

          ക്രീം തയ്യാറാക്കുന്ന വിധം

വെണ്ണയും ഐസിങ് ഷുഗറും ബീറ്റ ചെയ്തു കോകോ പൊടിയും പാലും ചേർത്ത് മിക്സ് ചെയ്തു ക്രീം തയ്യാറാക്കുക._

_ഒരു ബിസ്‌ക്കറ്റിൽ ഒരു സ്പൂൺ ക്രീം പുരട്ടി മറ്റൊരു ബിസ്‌ക്കറ്റ് ചേർത്ത് വെക്കുക.


അടിപൊളി ബിസ്കറ്റ്‌ റെഡി

Tuesday, March 2, 2021

പാൽ കേക്ക്‌

_

ഇന്ന് ഗോതമ്പു പൊടി കൊണ്ട്  പാൽ കേക്ക്  തയ്യാറാക്കുന്ന വിധം നോക്കാം.

_*ചേരുവകൾ*_

_ഗോതമ്പുപൊടി - 1 കപ്പ്‌_

_മുട്ട - 1എണ്ണം_

_പഞ്ചസാര - 1/2 കപ്പ്‌ + 2 1/2 ടേബിൾ സ്പൂൺ_

_പാൽ - 2 ടേബിൾ സ്പൂൺ_

_ഏലയ്ക്കാപൊടി - 1/4 ടീസ്പൂൺ_

_ബേക്കിംഗ്‌ സോഡ  - 1/4 ടീസ്പൂൺ_

_വെള്ളം - 1 കപ്പ്‌_

_നെയ്യ് - 2 ടേബിൾ സ്പൂൺ_

_ഓയിൽ - ആവശ്യത്തിന്‌_

_ഉപ്പ് - ആവശ്യത്തിന്‌_

_*തയ്യാറാക്കുന്ന വിധം*_

_ഒരു പാത്രത്തിലേക്ക് മുട്ട, പഞ്ചസാര ഉപ്പ്, നെയ്യ്, ഏലയ്ക്കാപൊടി, ബേക്കിംഗ്‌ സോഡ എന്നിവ നന്നായി മിക്സ്‌ ചെയ്യുക._

_ശേഷം ഗോതമ്പു പൊടിയുo ആവശ്യത്തിന് ചൂടു പാലും ചേർത്ത് ചപ്പാത്തി മാവിന്റെ പരുവത്തിൽ നന്നായി കുഴച്ചെടുക്കുക._

_ശേഷം കട്ടിയിൽ പരത്തിയ ശേഷം കട്ട്‌ ചെയ്ത്‌ ചൂടായ എണ്ണയിലിട്ട് ഗോൾഡൺ ബ്രൗൺ നിറം ആകുന്നതു വരെ ഫ്രൈ ചെയ്യുക._

_ശേഷം പാനിലേക്ക് 1/2 കപ്പ്‌ പഞ്ചസാരയും 1 കപ്പ്‌ വെള്ളവും ചേർത്ത് തിളപ്പിച്ച് ലായനി തയ്യാറാക്കുക._

_ഫ്രൈ ചെയ്തു വെച്ച പാൽകേക്ക് ചൂടായ ലായനിയിലിട്ട് 2 മണിക്കൂർ നേരം വയ്ക്കുക._

_*പാൽകേക്ക് റെഡി ........*_