Sunday, March 21, 2021

മലബാർ ഫിഷ്‌ ദം ബിരിയാണി

                 ചോറിന് വേണ്ട ചേരുവകൾ

1 കിലോ അരി (4 വലിയ ഗ്ലാസ് )

8 ഗ്ലാസ് തിളച്ച വെള്ളം

ചെറുനാരങ്ങ നീര് 2 ടേബിൾ സ്പൂൺ

ഉപ്പ്

പട്ട ഒരു മീഡിയം പീസ്, 4 ഗ്രാമ്പു, 4 ഏലക്കായ ,

ഒരു  സവാള  നേരിയതായി നീളത്തിൽ അരിഞ്ഞത്.

2 ടേബിൾ സ്പൂൺ നെയ്യ്

2 ടേബിൾ സ്പൂൺ ഓയിൽ

അരി നന്നായി കഴുകി അരിപ്പയിൽ ഇട്ട് വെള്ളം പോകാൻ വെക്കുക.

ചുവട് കട്ടിയുള്ള ഒരു ചെമ്പ് അടുപ്പിൽ വെച്ച് അതിലേക്ക് നെയ്യും ഓയിലും ഒഴിച്ച് പട്ട ഗ്രാമ്പു ഏലക്കായ ഇട്ട് മൂത്ത് വരുംമ്പോൾ സവാള ചേർത്ത് വഴറ്റി ശേഷം അരി ഇടുക. നന്നായി വറുത്ത മണം വരുംമ്പോൾ ( അരി ചുവന്ന് പോകാതെ നോക്കണം) തിളച്ച വെള്ളം ഒഴിക്കുക. അതിലേക്ക് ഉപ്പ് നാരങ്ങനീര് ഇവ ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്ത് ചെറിയ തീയിൽ ചെമ്പ് അടച്ച് വെച്ച് വേവിക്കുക. 2 മിനുട്ടിന് ശേഷം അടപ്പ് തുറന്ന് മറിച്ചിട്ടശേഷം വീണ്ടും അടച്ച് വെച്ച് വേവിക്കുക. ചോറ് റെഡി,

               മസാല ഉണ്ടാക്കുന്ന വിധം

ആവോലി മീൻ 1 കിലോ (കഷ്ണം മീൻ ഏത് വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.)

ഒരു ചെറു നാരങ്ങയുടെ നീര്

ഒന്നര ടേബിൾ സ്പൂൺ മുളക് പൊടി

അര ടീസ്പൂൺ മഞ്ഞൾ പൊടി

ഉപ്പ്

കറിവേപ്പില

ഇവയെല്ലാം ചേർത്ത് മീന് നന്നായി മാറിനേറ്റ് ചെയ്ത്  ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് 2 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് മീൻ ചെറുതായൊന്ന് മൊരിച്ചെടുക്കുക.

           മസാലക്ക്  വേണ്ട മറ്റു ചേരുവകൾ

ഉള്ളി ഇടത്തരം വലിപ്പമുള്ളത് 7 എണ്ണം നീളത്തിൽ അരിഞ്ഞത്

വെളുത്തുള്ളി ഒരു കൂട്

ഇഞ്ചി 2 വലിയ പീസ് 

പച്ചമുളക് 10 എണ്ണം ഇവ മൂന്നും കൂടി മിക്സിയിൽ ചതച്ച് വെക്കുക

തക്കാളി 5 എണ്ണം നീളത്തിൽ അരിഞ്ഞത്

കറിവേപ്പില

മല്ലിയില ഒരു  കപ്പ്

2 ടേബിൾ സ്പൂൺ ഓയിൽ

ഗരം മസാല പൊടി

ഉപ്പ്

ഒരു ചെമ്പിൽ ഓയിൽ ഒഴിച്ച്    (മീൻ പൊരിച്ച ബാക്കിയുള്ള ഓയിൽ കൂടി ഇതിൽ ചേർത്ത് കൊടുക്കാം )  ഉള്ളി ഇട്ട് അൽപം ഉപ്പും ചേർത്ത് നന്നായി വഴറ്റുക. ശേഷം ചതച്ച് വെച്ച കൂട്ട് ചേർത്ത് പച്ച മണം മാറി വരുംമ്പോൾ  തക്കാളി, കറിവേപ്പില, അര കപ്പ് മല്ലിയില, ഗരം മസാല പൊടി ഇവയെല്ലാം ചേർത്ത് നന്നായി വഴറ്റുക.

മസാല വാടി കുഴഞ്ഞ പരിവമാവുംമ്പോൾ പൊരിച്ച് വെച്ച മീൻ കൂടി ചേർത്ത് അടച്ച്  വെക്കുക. 

( മസാല ഉണ്ടാക്കുംമ്പോൾ ചോറ് ഉണ്ടാക്കിയ ചെമ്പിനെക്കാൾ അൽപം കൂടി വലിപ്പമുള്ള ചെമ്പായാൽ ദം ഇടാൻ എളുപ്പമാകും )

           ദം  ചെയ്യാൻ വേണ്ട ചേരുവകൾ

1 ഉള്ളി വളരെ നേർമയായി നീളത്തിൽ അരിഞ്ഞത്.

അണ്ടിപ്പരിപ്പ്

മുന്തിരി (കിസ്മിസ് )

നെയ്യ്

ഒരു പാനിൽ നെയ്യൊഴിച്ച് ഉള്ളി ഇട്ട് ഗോൾഡൻ കളറായി വറുത്തെടുക്കുക.

ശേഷം അണ്ടിപ്പരിപ്പും മുന്തിരിയും വറത്തെടുക്കുക.

2ചെറു നാരങ്ങയുടെ നീര് ഒരൽപം മഞ്ഞൾ ചേർത്ത് കലക്കി വെക്കുക.

                 ഇനി ദം ചെയ്യുന്ന രീതി

മസാല ഉണ്ടാക്കിയ ചെമ്പിൽ മസാലയുടെ മുകളിലായി അൽപം ചോറിട്ട് നാരങ്ങ നീര്  കുറച്ച് ഒഴിച്ച്  പൊരിച്ച് വെച്ച ഉള്ളി അണ്ടിപ്പരിപ്പ് കിസ്മിസ് ഇവയിൽ നിന്നും കുറച്ച് നേരത്തെ എടുത്ത് വെച്ച അര കപ്പ് മല്ലിയിലയിൽ നിന്നും അൽപം   ഇവയെല്ലാം ഇട്ട് വീണ്ടും ചോറ് ഇട്ട് ആദ്യം ചെയ്ത പോലെ എല്ലാ സാധനങ്ങളും അൽപം ഇട്ട് ഇങ്ങനെ ചോറ് തീരുന്നത് വരെ ലെയറായി ചെയ്ത് ചെമ്പ് അടച്ച് വെച്ച് വളരെ ചെറിയ തീയിൽ 20 മിനുട്ട് വെച്ച്  ശേഷം തീ ഓഫ് ചെയ്യുക.

                   സെർവ് ചെയ്യുന്ന രീതി

 അടപ്പ് തുറന്ന് ചോറ് മുഴുവനായി കോരി മറ്റൊരു പാത്രത്തിലേക്കിട്ട് മികസ് ചെയ്ത് സെർവിങ്ങ് പ്ലേറ്റിലേക്ക് മാറ്റുക. മീൻ പൊടിഞ്ഞ് പോകാതെ മസാല കോരി മറ്റൊരു സെർവിങ് പ്ലേറ്റിലേക്ക് മാറ്റുക. മുകളിൽ അൽപം കൂടി മല്ലിയിലയും ചേർക്കാം.  രുചിയുള്ള ബിരിയാണി റെഡി

No comments:

Post a Comment