Sunday, October 6, 2019

കൂട്ടുകറി


കൂട്ടുകറി (01) കായ+ചേന+കടല
എരിശ്ശേരി, വരുത്തേരിശ്ശേരി, കൂട്ടുകറി. ഇവ മൂന്നും ഒരേ ഗണത്തിൽ പെടുത്താവുന്ന കറികൾ. സാദാരണ സദ്യകളിൽ ഇതിലെ ഏതെങ്കിലും ഒന്നേ തെയ്യാറാക്കുക ഉള്ളൂ. എന്നാൽ ഈ കറികൾ മൂന്നും വിളമ്പുന്ന ഒരേ ഒരു സദ്യയേ കേരളത്തിലുള്ളൂ. ആറന്മുള വല്ല സദ്യ ആണ് ആ സദ്യ.

ഇത് മൂന്നും മൂന്നു തരം കറികൾ ആണ്, അതിനാൽ തന്നെ മൂന്നും മൂന്നു രീതിയില് ആണ് ഉണ്ടാക്കുക. പക്ഷെ പലയിടത്തും ഈ കൂട്ടുകറിയും വരുത്തേറിശ്ശേരിയും ഒരേ പോലെ തെയ്യാറാക്കുന്നതും കാണാം. പ്രധാന വ്യത്യാസങ്ങൾ ഇവയാണ്.
വറുത്തെരിശ്ശേരിയിൽ പച്ചതേങ്ങാ ജീരകവും പച്ചമുളകും ചേർത്തു അരച്ച് ചേർക്കാറുണ്ട്. കൂട്ടുകറിയിൽ അതില്ല.
വറുത്തെറിശ്ശേരിയിൽ കുരുമുളക് ചേർക്കില്ല, കൂട്ടു കറിയിൽ കുരുമുളക് ചേർക്കും.
ഇവ രണ്ടും ആണ് പ്രധാന വ്യത്യാസങ്ങൾ.

കൂട്ടു കറികളിൽ ഏറ്റവും കൂടുതൽ സദ്യക്ക് വിളമ്പാറ്‌ കടലയും കായയും ചേനയും ചേർത്തു ഉണ്ടാക്കുന്ന കൂട്ടു കറി ആണ്. കുറച്ചു കടല വേവിച്ചതും, കുറെ കായയും ചേനയും കുരുമുളകും ചേർത്തു വേവിച്ചു അവസാനം ഒത്തിരി തേങ്ങാ വറുത്തതും ചേർത്തു ഒന്ന് മൂപ്പിച്ചെടുത്താൽ കൂട്ട് കറിയായി.

#ചേരുവകൾ
കടല : 1/2 കപ്പ്
കായ : 1 കപ്പ്
ചേന : 1 കപ്പ്
കുരുമുളക് : 1 ടേബിൾസ്പൂൺ
മഞ്ഞൾപൊടി : 1/2 ടീസ്പൂൺ
ജീരകം വറുത്തത് : 1 ടേബിൾസ്പൂൺ
ഉണക്ക മുളക് : 14 എണ്ണം
ശർക്കര : 1/2ടേബിൾസ്പൂൺ
നെയ് : 1 ടേബിൾസ്പൂൺ
വെളിച്ചെണ്ണ : 1/4 കപ്പ്
കടുക് : 1 ടീസ്പൂൺ
തേങ്ങാ ചിരകിയത് : 2 കപ്പ്
കറിവേപ്പില : 2 തണ്ട്
വെള്ളം : 2 കപ്പ്
ഉപ്പ് : 1 ടേബിൾസ്പൂൺ

കടല തലേ ദിവസം വെള്ളത്തിൽ ഇട്ടു വച്ചിട്ട് അടുത്ത ദിവസം കുക്കെറിൽ നാലോ അഞ്ചോ വിസിൽ കൊടുത്ത് വേവിക്കുക. കായയും, ചേനയും കടലയുടെ വലുപ്പത്തിൽ അരിഞ്ഞു വെയ്ക്കുക.

കുരുമുളകും, ജീരകവും, 10 എണ്ണം ഉണക്ക മുളകും ഒരു ടീസ്പൂൺ വെളിച്ചെണ്ണയിൽ ഒന്ന് വറുത്തു അരച്ചെടുക്കുക.

വേവിച്ച കടലയും, അരിഞ്ഞു വച്ച കായ, ചേന ഉപ്പും മഞ്ഞളും, വെള്ളവും ചേർത്തു വേവിക്കുക. തിളക്കുമ്പോൾ അരച്ച മസാല, (കുരുമുളക്, ജീരകം, ഉണക്ക മുളക്) ചേർത്തു കൂടെ ശർക്കരയും നെയ്യും ചേർത്തു വേവിക്കുക. നന്നായി വെന്തു കുറുകി വരുമ്പോൾ തേങ്ങാ വറുത്തത് ചേർക്കണം.

ഒരു പാനിൽ എന്ന ചൂടാക്കി കടുക് പൊട്ടിച്ചു അതിലേക്കു ഉടനെ തേങ്ങയും, കറിവേപ്പിലയും ചേർത്തു വറുത്തു നന്നായി ബ്രൗൺ കളർ ആകുമ്പോൾ ഇറക്കിവച്ച വേവിച്ച കായ/ചേന/കടല കൂട്ടിലേക്ക്‌ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ഇപ്പോൾ കറി കുറച്ചു കട്ടിയായിട്ടുണ്ടാകും. അപ്പോൾ ഇറക്കാം അല്ലെങ്കിൽ കുറച്ചു കൂടെ ഡ്രൈ ആക്കിയും എടുക്കാം.

ധാരാളം എണ്ണയും, തേങ്ങായും വേണ്ടതാണ് ഈ കറിക്ക്. അത് കുറക്കരുത്. കുറച്ചാൽ രുചി മാറും. ഇതാണ് സദ്യക്ക് ചെയ്യുന്ന രീതി. വീട്ടിൽ ചെയ്യുമ്പോൾ ഇതെല്ലാം കുറച്ചു കുറക്കാം.

പച്ചക്കറികൾ വേവിക്കുമ്പോൾ തേങ്ങയും ജീരകവും അരച്ചതും ചേർക്കുന്ന രീതി ചില യിടങ്ങളിൽ കാണാം. അങ്ങിനെ ചെയ്‌താൽ എരിശ്ശേരിയുടെ രുചിയാകും മുന്നിൽ നിൽക്കുക. അങ്ങിനെ ആണ് വരുത്തേരിശ്ശേരി തെയ്യാറാക്കുന്നത്.

എരിശ്ശേരിയും, വരുത്തേറിശ്ശേരിയും, കൂട്ട് കറിയും ഒരേ കുടുംബക്കാർ ആണെങ്കിലും പാചകം മൂന്നും മൂന്നാണ്. എരിശ്ശേരിയിൽ അവസാനം കുറച്ചു തേങ്ങാ കൊത്ത് വറുത്തിടും. വരുത്തേറിശ്ശേരിയിൽ എരിശ്ശേരിപോലെ വച്ചിട്ട് കുറെ അധികം തേങ്ങാ ഉഴുന്നും കൂടെ വറുത്തിടും. കൂട്ട് കറിയിൽ പച്ചക്കറി വേവിക്കുമ്പോൾ തേങ്ങായും ജീരകവും അരച്ച് ചേർക്കില്ല. അങ്ങിനെ ചേർത്താൽ അത് വരുത്തേറിശ്ശേരി ആണ്. ഇനി നാ ലാമത് പച്ചേരിശ്ശേരി ഉണ്ട്, അതിൽ അവസാനത്തെ തേങ്ങാ വറുത്തിടുന്ന പണി ഇല്ല. ബാക്കി എല്ലാം എരിശ്ശേരി പോലെതന്നെ

No comments:

Post a Comment