സാമ്പാറോ ,ഇതു ആർക്കാ ഉണ്ടാക്കാൻ അറിയാത്തെ,എന്നല്ലെ? എന്നാൽ ഉണ്ടാക്കാൻ അറിയാത്തവർ ഉണ്ടെട്ടൊ,മലയാളപാചകത്തിൽ ഒരുപാട് പേർ മെസ്സെജ് അയ്ക്കാറുണ്ട് സാമ്പാർ ഉണ്ടാക്കുന്നെ പറഞു തരുമൊന്ന് ചോദിച്ച്.ഇവിടെ സാമ്പാർ റെസിപ്പികൾ കുറെ ഉണ്ടെങ്കിലും അതെല്ലാം മറ്റൊന്നിന്റെ കൂടെയൊ, അല്ലെങ്കിൽ ഉള്ളി സാമ്പാറിന്റെയോ ഒക്കെ റെസിപ്പി ആയിട്ട് ആണു ഉള്ളത്, എന്നാൽ ഞാൻ കരുതി എന്തായാലും വിഷു അല്ലെ വരുന്നത് അപ്പൊ സാമ്പാറിന്റെ ഒരു റെസിപ്പി ആയികോട്ടെ എന്നു, എന്നാൽ തുടങ്ങാം. സാധാരണ സാമ്പാറുണ്ടാക്കാൻ ഉപയോഗിക്കുന്നെ പച്ചകറികൾ ഉരുളകിഴങ്ങ്,വെള്ളരി,ക്യാരറ്റ്,തക്കാളി,മുരിങ്ങക്ക,പടവലങ്ങ,പച്ചകായ,സവാള,ചെറിയുള്ളി,വെണ്ടക്ക,മത്തങ്ങ,ചേന തുടങ്ങിയവയൊക്കെ ആണു.ഞാൻ ഈ പറഞവയിൽ എല്ലാം എടുത്തിട്ട് ഇല്ല,കയ്യിൽ ഉണ്ടായിരുന്നവ എടുത്തു.പിന്നെ ചിലരു സാമ്പാറിനു സാമ്പാർ പൊടി ഒഴികെ വേറെ ഒരു മസാല യും ഉപയോഗിക്കാറില്ല,എന്നാൽ ഞാൻ സാധാരണ മറ്റു പൊടികളും ചെറിയ അളവിൽ സാമ്പാർ പൊടിയുടെ കൂടെ ചേർക്കാറുണ്ട്. ഇനി സാമ്പാർ പലവിധത്തിൽ വക്കാം,തേങ്ങ വറുത്തരച്ച്,പൊടികൾ മാത്രം വറുത്ത് അരച്ച്,പൊടികൾ ചൂടാക്കി ചേർത്ത്, സാധാരണ പൊടികൾ പച്ചക്ക് ചേർത്ത് അങ്ങനെ പലവിധത്തിൽ ... ഞാനിവിടെ ഒരു സാധാരണ സാമ്പാർ ആണു ഉണ്ടാക്കിയേക്കുന്നെ,ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാവുന്ന രുചികരമായ ഒരു സാമ്പാർ. ഒരു കാര്യം കൂടി ഞാൻ സാമ്പാർ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് ചെറുപയർ പരിപ്പ് ആണു, സാമ്പാർ പരിപ്പിനേക്കാളും എനിക്കു രുചി തോന്നിയത് ഇത് ഉപയോഗിച്ച് ചെയ്തപ്പോഴാണു.ചെറുപയർ പരിപ്പ് ഉപയോഗിച്ച് സാമ്പാർ ഉണ്ടാക്കീട്ട് ഇല്ലാത്തവർ ഒന്ന് ഉണ്ടാക്കി നോക്കൂ,OK ,അപ്പൊ നമ്മുക്ക് തുടങ്ങാം.
Ingredients
സാമ്പാർ പരിപ്പ് ( ചെറുപയർ പരിപ്പ്)-2 പിടി
വെള്ളരിക്ക കഷണങ്ങളാക്കിയത് -1 ടീകപ്പ്
ഉരുളകിഴങ്ങ് -2 മീഡിയം വലുപ്പം
ക്യാരറ്റ് -1 ചെറുത്
വെണ്ടക്ക -3-4
മുരിങ്ങക്ക -7-8 കഷണം
തക്കാളി -2
സവാള -1
ചെറിയുള്ളി -6
വാളൻ പുളി - ഒരു ചെറിയ കഷണം 1/2 കപ്പ് വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞ് എടുത്ത് വക്കുക.ഇത് ഒഴിവാക്കണമെങ്കിൽ തക്കാളി കൂടുതൽ ചേർക്കുക
കായപൊടി -1/4 റ്റീസ്പൂൺ
മുളക്പൊടി -1 റ്റീസ്പൂൺ
മഞൾപൊടി -1/4 റ്റീസ്പൂൺ
മല്ലിപൊടി -1 റ്റീസ്പൂൺ
ഉലുവാപൊടി -3 നുള്ള് ( ഈ പൊടികൾ ചേർക്കെണ്ടെങ്കിൽ സാമ്പാർപൊടി കൂടുതൽ ചേർത്താൽ മതിയാകും)
സാമ്പാർ പൊടി -3-4 റ്റീസ്പൂൺ
മല്ലിയില അരിഞത് -3 റ്റീസ്പൂൺ
ഉപ്പ്,എണ്ണ,കടുക് -പാകത്തിനു
ഉഴുന്ന് പരിപ്പ് -1 റ്റീസ്പൂൺ
കറിവേപ്പില -1 തണ്ട്
വറ്റൽമുളക് -2
Method
Step 1
പരിപ്പ് ലേശം ഉപ്പ്,മഞൾപൊടി ഇവ ചേർത്ത് പാകത്തിനു വെള്ളവും ചേർത്ത് വേവിക്കാൻ വക്കുക.പരിപ്പ് പകുതി വേവാകുമ്പോൾ അരിഞ് വച്ചിരിക്കുന്ന പച്ചകറികൾ ചേർക്കുക. തക്കാളിയും, വെണ്ടക്കയും വേറെ വഴറ്റി ഒടുവിൽ ചേർത്താൽ സ്വാദ് കൂടും.
Step 2
ഞാൻ സാധാരണ എല്ലാം കൂടെ ഒരുമിച്ച് പരിപ്പിന്റെ കൂടെ കുക്കറിൽ ആണു വേവിക്കാറു,വേറെ വേറെ വേവിക്കാറില്ല.മഞൾ പൊടി പാകത്തിനു ഉപ്പ് ഇവ ചേർത്ത് വേവിച്ച് എടുക്കുക.
Step 3
ശെഷം മുളകുപൊടി,മല്ലിപൊടി, ഇവ ചേർത്തിളക്കി ചൂടായി പച്ചമണം മാറി വരുമ്പോൾ പുളി വെള്ളം ചേർത്ത് കൊടുക്കുക.ശേഷം സാമ്പാർ പൊടി ചേർത്തിളക്കി ചൂടാക്കുക .
Step 4
ഒന്ന് ചൂടായി ചെറുതായി തിള വരുമ്പോൾ ഉലുവാപൊടി, കായ പൊടി ഇവ ചേർത്തിളക്കി ചെറിയ തിള വന്ന ശേഷം തീ ഓഫ് ചെയ്യാം.ശെഷം മല്ലിയില വിതറാം. (തക്കാളിയും വെണ്ടക്കയും ഒടുവിൽ ചേർക്കുന്നവർക്ക് അങ്ങനെ ചെയ്യാം .അവ 2 ഉം ഒന്നു വഴറ്റിയൊ അല്ലാതെയോ ചേർക്കാം.)
Step 5
ഇനി പാനിൽ എണ്ണ ചൂടാക്കി കടുക്, വറ്റൽമുളക്,കറിവേപ്പില,ഉഴുന്നു പരിപ്പ്, ചെറിയുള്ളി അരിഞത് ഇവ താളിച്ച് സാമ്പാറിലേക്ക് ചേർത് ഇളക്കി ഉപയോഗിക്കാം. നല്ല രുചിയൂറുന്ന അടിപൊളി സാമ്പാർ തയ്യാർ. അറിയാത്തവർ ഉണ്ടാക്കി നോക്കണെട്ടൊ...OK
No comments:
Post a Comment