Wednesday, January 8, 2020

മീൻ മാങ്ങാ തേങ്ങാഅരച്ച് വച്ചത്


കുറച്ചു ചാറുള്ള കറിയാണ്. ഒരു രണ്ടു മണിക്കൂർ കഴിയുമ്പോൾ നന്നായി കുറുകി കിട്ടും.

ചേരുവകൾ

അയല/നെയ്മീൻ : 400 ഗ്രാം
ചെറിയുള്ളി : 15 എണ്ണം, അരിഞ്ഞത്
ഇഞ്ചി : ഒരു ടേബിൾസ്പൂൺ അരിഞ്ഞത്
വെളുത്തുള്ളി : ഒരു ടേബിൾസ്പൂൺ അരിഞ്ഞത്

തേങ്ങാ പീര : ഒരു കപ്പ്
മുളകുപൊടി : ഒരു ടേബിൾസ്പൂൺ
മഞ്ഞൾ പൊടി : കാൽ ടീസ്പൂൺ
മല്ലിപൊടി : ഒരു ടീസ്പൂൺ

പച്ചമാങ്ങാ : ഒരെണ്ണം, നീളത്തിൽ അരിഞ്ഞത്
കാശ്മീരി മുളകുപൊടി : ഒരു ടീസ്പൂൺ
മഞ്ഞൾ പൊടി : കാൽ ടീസ്പൂൺ
പച്ചമുളക് : 3-4 എണ്ണം ചെറുത്
തേങ്ങാപാൽ : അര കപ്പ് (കുറുകിയത്)
വെളിച്ചെണ്ണ : മൂന്നു ടേബിൾസ്പൂൺ
കറിവേപ്പില : ഒരു തണ്ട്
ഉപ്പ് : ഒരു ടീസ്പൂൺ
വെള്ളം : രണ്ടു കപ്പ്
കറിച്ചട്ടി : ഒന്ന്

പാചകം

കറിചട്ടിയിൽ തന്നെ ഈ കറി വെയ്ക്കണം. നോൺ സ്റ്റിക് പാത്രത്തിൽ ആണ് ഈ കറി വയ്ക്കുന്നതെങ്കിൽ വെള്ളം കാൽ കപ്പു കുറച്ചോളൂ.

ചെറിയുള്ളി തോൽ കളഞ്ഞു നീളത്തിൽ അരിഞ്ഞു വയ്ക്കുക. ഒരിഞ്ചു കഷ്ണം ഇഞ്ചി എടുത്തു ചെറുതായി അരിഞ്ഞു വയ്ക്കുക. വെളുത്തുള്ളി സൂക്ഷിക്കുക, ഇവിടെ ഗൾഫിൽ കിട്ടുന്ന വെളുത്തുള്ളി ആണെങ്കിൽ മൂന്നു വലുത് എടുക്കുക, നാട്ടിലെ ആണെങ്കിൽ ആറോ എട്ടോ എണ്ണം എടുത്തു ചെറുതായി അരിയുക. പച്ചമുളക് നീളത്തിൽ അരിഞ്ഞു വയ്ക്കുക. മാങ്ങാ നീളത്തിലോ വട്ടത്തിലോ അരിഞ്ഞു വയ്ക്കുക. തേങ്ങായും, ഒരു ടേബിൾസ്പൂൺ മുളകുപൊടിയും, ഒരു ടീസ്പൂൺ മല്ലിപൊടിയും, കാൽ ടീസ്പൂൺ മഞ്ഞളും ചേർത്തു നല്ല മയത്തിൽ അരച്ചെടുക്കുക.

ഇനി കറി വയ്ക്കാൻ തുടങ്ങാം
സ്റ്റോവ് ഓൺ ആക്കുക. ചട്ടി വയ്ക്കുക. ചട്ടി ചൂടാകുമ്പോൾ രണ്ടു ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്കു ആദ്യം ഇഞ്ചിയും, വെളുത്തുള്ളിയും, ചേർത്തു വയറ്റി മൂത്തു വരുമ്പോൾ അരിഞ്ഞുവെച്ച ചെറിയുള്ളി ചേർക്കുക.

ചെറിയുള്ളി നന്നായി വെന്തു സോഫ്റ്റ് ആകണം. ഇനി തീ കുറച്ചു വയ്ക്കുക. ഇപ്പോൾ അതിലേക്കു അരച്ച കൂട്ട് ചേർത്തു നന്നായി വഴറ്റുക. കുറുകി വരുമ്പോൾ പച്ചമുളകും ചേർത്തു വഴറ്റുക. അതിലേക്കു ഒന്നര കപ്പു വെള്ളം ചേർക്കുക. തിളപ്പിക്കുക. തിളച്ചു വരുമ്പോൾ ബാക്കി മുളകുപൊടിയും മഞ്ഞൾപൊടിയും, ചേർത്തു നന്നായി ഇളക്കി ചേർക്കുക.

ഇനി അതിലേക്കു മീൻ ചേർക്കുക. കൂടെ ഉപ്പും ചേർക്കാം. തീ കുറച്ചു വച്ചു വേവിക്കുക. വെള്ളം തിളച്ചു ചാർ കാൽ ഭാഗം വരെ കുറയുമ്പോൾ തേങ്ങാ പൽ ചേർക്കുക. തേങ്ങാ പാൽ ചേർത്തു കുറച്ചു കഴിയുമ്പോൾ എന്ന തെളിയും. കറി കുറച്ചു ചുവന്നു വരും. അപ്പോൾ വേപ്പിലയും ബാക്കി വച്ച ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണയും ചേർത്തു ഉപ്പും നോക്കി ഇറക്കുക.

ചൂട് കുറയും തോറും ചാറ് കുറുകും. തണുത്തു കഴിയുമ്പോൾ നല്ല കുറുകിയ ചാറോടു കൂടിയ നല്ല രുചിയും അതുപോലെ എരിവും ഉള്ള നല്ല സ്വാദിഷ്ടമായ മീൻ കറി തെയ്യാർ. 

No comments:

Post a Comment