ഉത്തര മലബാറിൽ ഉണ്ടാക്കപ്പെടുന്ന മധുര പലഹാരമാണ് കലത്തപ്പം. അരിപ്പൊടി, ശർക്കര, ചുവന്നുള്ളി, തേങ്ങ എന്നിവയാണ് കലത്തപ്പത്തിന്റെ ചേരുവകൾ. ശർക്കര ഉരുക്കി അരിപ്പൊടിയിൽ ചേർത്ത് അത് വേവിച്ചെടുത്താണ് കലത്തപ്പം ഉണ്ടാക്കുന്നത്. രുചിക്കായി ചുവന്നുള്ളിയും തേങ്ങയും വഴറ്റി ചേർക്കുകയും ചെയ്യാറുണ്ട്.
ചേരുവകൾ
പച്ചരി - 2 കപ്പ്
ശർക്കര - 3 വലിയ കട്ട
തേങ്ങ - 1
ചെറിയ ഉള്ളി - 1/2 കപ്പ്
ചെറിയ ജീരകം - ഒരു ടീസ്പൂൺ
അണ്ടിപ്പരിപ്പ്+ മുന്തിരി - 1/4 കപ്പ്
ബേക്കിങ്ങ് സോഡ - കാൽ ടീസ്പൂൺ
ചോറ് - 1/2 കപ്പ്
തയ്യാറാക്കുന്ന വിധം
പച്ചരി മൂന്ന് മണിക്കൂറോളം വെള്ളത്തിൽ കുതിർത്ത് വെച്ചതിനു ശേഷം ഊറ്റിയെടുക്കുക. ഇതിലേക്ക് ഒരു മുറി തേങ്ങ ചിരവിയതും ചെറിയ ജീരകവും ചോറും അല്പം വെള്ളവും ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക.ഇഡ്ഡലി മാവിന്റെ പാകത്തിൽ അരച്ചെടുക്കണം.അതിന് ശേഷം ഈ മാവ് പാത്രത്തിലെടുത്ത് വെയ്ക്കുക.ശർക്കര കട്ടിയുള്ള പാനിയാക്കി അത് ഈ മാവിലേക്ക് ഒഴിക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും സോഡാപ്പൊടിയും ചേർത്ത് നന്നായി ഇളക്കി അരമണിക്കൂർ മാറ്റിവെയ്ക്കുക.തേങ്ങ ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക.ഇത് എണ്ണയിൽ ബ്രൌൺ നിറമാകുന്നത് വരെ വറുത്ത് കോരിവെയ്ക്കുക. ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ഈ എണ്ണയിൽത്തന്നെ ബ്രൌൺ നിറമാകുന്നത് വരെ മൂപ്പിച്ചെടുത്ത് മാറ്റിവെയ്ക്കുക. അണ്ടിപ്പരിപ്പും മുന്തിരിയും ഈ എണ്ണയിൽത്തന്നെ വറുത്ത് കോരി വെയ്ക്കുക.വറുത്ത ഈ ചേരുവകളെല്ലാം മാവിലേക്കിട്ട് നന്നായി ഇളയ്ക്കുക.ഒരു നോൺസ്റ്റിക്ക് പാൻ ചൂടാക്കി വറുത്ത എണ്ണ അതിലെക്കൊഴിച്ച് ചൂടാകുമ്പോൾ മാവ് കോരി അതിലെക്കൊഴിക്കുക.തീയല്പം കുറച്ച് മൂടിവെയ്ക്കുക.ചപ്പാത്തിക്കല്ല് നന്നായി ചൂടാക്കിയതിന് ശേഷം പാൻ അതിനു മുകളിൽ വെയ്ക്കുക. 15-20 മിനിറ്റിന് ശേഷം മൂടി തുറന്ന് അപ്പം പൂർണ്ണമായി വെന്തിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം പാത്രത്തിലേക്ക് മാറ്റുക.
No comments:
Post a Comment